വീട്…

രചന: മിനി ജോർജ്

കല്യാണം കഴിഞ്ഞിട്ട് മാസം മൂന്നായി.ഇതുവരെ ഒരു സിനിമക്കു കൊണ്ടുപോവുകയോ, എവിടേക്കെങ്കിലും ഒന്ന് ടൂർ കൊണ്ടുപോകുകയോ ഒന്നും ചെയ്തിട്ടില്ല. എന്തിനു നേരെ ചൊവ്വേ ഒന്ന് മിണ്ടീട്ടുണ്ടോ, ഇല്ല. വല്ലാത്ത കഷ്ടം തന്നെ. ഇങ്ങേരെ ഇവിടെ ഇനിം നിർത്തിയാൽ ശെരിയാവില്ല. വീട്ടുകാര് പറയുന്നതിന് അപ്പുറം കേൾക്കാത്ത മനുഷ്യൻ.

എന്നാൽ വീട്ടിലുള്ളവർ ഒന്ന് പറയണ്ടേ… അതുമില്ല. ” ഹോ തോറ്റു”. എങ്ങനേലും ഇവിടുന്നു ഒന്ന് മാറി താമസിക്കണം. അല്ലാതെ ഒരു രക്ഷേം ഇല്ല. തന്തേം തള്ളേം രാവിലെ തന്നെ ഇറങ്ങും, പശുവിനേം കൊണ്ട്. പിന്നെ ഉച്ചക്കെ വരൂ. പുറത്തെ തൊടീലെ കൃഷിയൊക്കെ കഴിഞാണു വരവ്. ഒരു അനിയനുള്ളത്, അലൂമിനിയം ഫാബ്രിക്കേഷൻ എന്നും പറഞ്ഞു ഒരു പോക്കാ, ഇങ്ങേരു തുണിക്കടയിലേക്കും, അപ്പൊ തൊട്ട് തൊടങ്ങായി പണികള് അടിക്കലും കോരലും കൂട്ടാൻ വപ്പും തുണി തിരുമ്പലും, ഹോ പറയണ്ട.

പഠിക്കാൻ വിട്ടപ്പോൾ ചൊവ്വിനു പഠിച്ച മതിയാരുന്നു. അന്നൊക്കെ കൂട്ടുകൂടി ഉഴപ്പി. അതിന്റെ ആണിപ്പോൾ അനുഭവിക്കുന്നെ. ഇല്ലേൽ വല്ല ജോലിക്കും പോകാരുന്നു. ഇതിപ്പോ ഇതിനുള്ളില്…. ദൈവമേ… ഇപ്പൊ വരും അനിയൻ ഉച്ച ഊണിനു, “ചേച്ചീ, ചോറെടുത്തെ ഇന്ന് മീനില്ലേ? വറക്കാരുന്നില്ലേ, ഒരു മൊട്ട പൊരിക്കാവോ ” എന്നൊക്കെ ചോദിച്ചു. ദേഷ്യം കേറിയിങ് വരും, പിന്നെ ക്ഷമിക്കുക തന്നെ.

അതൊക്കെ പോട്ടെ കെട്ടിച്ചു വിട്ട പെങ്ങളുടെ മൂന്ന് മക്കളുണ്ട്. തല്ലിക്കളഞാൽ പോകില്ല. എപ്പോഴും വരവ് തന്നെ. ഇപ്പൊ സ്കൂളും ഇല്ല. ഇതിങ്ങനെ വിട്ടാൽ പറ്റില്ല, എന്തേലും ചെയ്തു വേറെ മാറിത്താമസിക്കണം. എത്രേം വേഗം. …എങ്ങനെ പോകും, ആലോചിച്ചിട്ട് ഒരു എത്തും പിടീം കിട്ടിയില്ല.

അവൾ അങ്ങനെ പലതും ആലോചിച്ചു കൂട്ടുന്നതിനിടയിൽ അനിയന്റെ ഒച്ച കേട്ടു. “ഒഹ്ഹ്ഹ് ആ ചെക്കൻ വലിഞ്ഞു കേറി വരുന്നുണ്ട്. “ചേച്ചി, ചോറെടുത്തുവക്ക്, വേഗം പോണം വർക്ക്‌ തീർക്കാനുണ്ട് ” പൊങ്ങി വന്ന ദേഷ്യം കടിച്ചമർത്തി അവൾ അടുക്കളയിലേക്കു പോയി.

ചോറു വിളമ്പുന്നതിനിടയിലും അവൾ വിടാതെ ആലോചിച്ചു കൊണ്ടിരുന്നു, എങ്ങനെ ഇവിടുന്നു പോകാം?? പെട്ടന്ന് ഒരു ബുദ്ധി തോന്നി, ഇവനെ വച്ചു ഒരു കളി കളിച്ചാലോ? എത്ര വലിയ അനിയനായാലും, ആണുങ്ങൾക്ക് സ്വന്തം ഭാര്യേടെ പിന്നാലെ നടക്കുന്നതു അത്രക് പിടിക്കില്ല, അത് തന്നെ ശെരിയാക്കിത്തരാം……

…… രാത്രി ഉറക്കത്തിലേക്കു വീഴാൻ പോയ ഭർത്താവിനെ തോണ്ടിക്കൊണ്ടു കാര്യം എടുത്തിട്ടു.”അതേയ് ഞാൻ കുറച്ചു നാളായി പറയാൻ വിചാരിക്കുന്നു, നിങ്ങളുടെ അനിയൻ ആളത്ര ശെരിയല്ല, എപ്പോ നോക്കിയാലും പിന്നാലെന്ന് മാറില്ല, ഇങ്ങനെ ഉണ്ടോ ഒരു മനുഷ്യൻ . ഇന്നാള് ഞാൻ കുളിമുറീന്ന് ഇറങ്ങി വരുമ്പോൾ അവനവിടെ പതുങ്ങി നിൽക്കുന്നു. ” ഭർത്താവിന്റെ ഉറക്കം പോയി സമാധാനോം പോയി. അവൾ അഞ്ചാറു ദിവസം ഇത് തന്നെ അങ്ങോട്ട്‌ പറഞ്ഞോണ്ടിരുന്നപ്പോൾ പാവം ഭാര്യയേം കൂട്ടി വേറെ താമസിക്കാൻ തന്നെ അയാൾ തീരുമാനിച്ചു. അച്ഛനും അമ്മേം ആദ്യം സമ്മതിച്ചില്ല. പിന്നെ എന്തോ “എന്നാ ശെരി നിന്റെ ഇഷ്ടം പോലെ ” എന്ന് പറഞ്ഞൊഴിഞ്ഞു, അമ്മ.

വീട് ഒരെണ്ണം ഒപ്പിച്ചെടുക്കാൻ ഇത്തിരി ബുദ്ധിമുട്ടിയെങ്കിലും ഭാര്യേടെ മുഖത്തെ തെളിച്ചത്തിൽ അതെല്ലാം ഭർത്താവ് മറന്നു പോയി. അങ്ങനെ വീട്ടിലേക്കു വേണ്ടതെല്ലാം വാങ്ങി, ചോറും കറിയും വച്ചു സന്തോഷത്തോടെ ഒന്നാം ദിവസം തീരാറായി. കഴുകി വച്ച പാത്രങ്ങൾ കിടക്കുന്നതിനുമുന്പ് ഒതുക്കിവെക്കാൻ നോക്കിയപ്പോൾ വാങ്ങിച്ച സ്റ്റാൻഡ് ഒഉറപ്പിച്ചിട്ടില്ല. കയ്യോടെ ചെയ്തില്ലേൽ രാവിലെ അയാൾ. ജോലിക്കങ്ങു പോകും. നാളെ മുതൽ കിട്ടാൻ പോകുന്ന സ്വാതന്ത്ര്യം അവളെ തെല്ലൊന്നുമല്ല മോഹിപ്പിച്ചത്. ” “ഇതൊന്നു ഉറപ്പിച്ചു തരാവോ” പാതിമയക്കത്തിൽ അയാൾ ഭാര്യയുടെ ശബ്ദം കേട്ടു. ഉറക്കച്ചടവോടെ ആടിയാടി വന്നു അയാൾ സ്റ്റൂളിന്മേൽ കേറി, ഭാര്യ കൊടുത്ത സ്റ്റാൻഡ് പൊക്കിയെടുത്തു. ഒരു നിമിഷം അതാ കിടക്കുന്നു, സ്റ്റൂളും സ്റ്റാൻഡും അയാളും…. അവൾ പേടിച്ചുപോയി. കരഞ്ഞു കൊണ്ട് പൊക്കിയെടുക്കാൻ നോക്കി. എവിടെ….? വലിയ വായിലെ നിലവിളിച്ചിട്ടെന്തു കാര്യം… ഒന്ന് പൊക്കാൻ പോലും വയ്യ. അയാൾ കരയാൻ

തുടങ്ങി.അവൾ എന്ത് ചെയ്യണം എന്ന് അറിയാതെ വിഷമിച്ചു. പെട്ടന്ന് അവൾക്കു വീട് ഓർമ വന്നു. അവൾ വേഗം അയാളുടെ അനിയന് ഫോൺ ചെയ്തു. 5മിനുട്ട് കഴിഞ്ഞില്ല അതിനു മുൻപ് അനിയൻ എത്തി. രണ്ടാളും കൂടി അയാളെ പൊക്കിയെടുത്തു ആസ്പത്രിയിൽ കൊണ്ടുപോയി. കുറെ ടെസ്റ്റുകൾക്കു ശേഷം ഡോക്ടർ പറഞ്ഞു ഇടുപ്പെല്ലിന് പൊട്ടലുണ്ട്, ആറു മാസം എങ്കിലും റസ്റ്റ്‌ വേണം. കുറെ മരുന്നുകളും ബെൽറ്റും ഒക്കെ എഴുതി അയാളേം കൊണ്ട് അവർ വണ്ടിയിൽ കയറി. തിരിച്ചു വരുമ്പോൾ അനിയൻ പറഞ്ഞു.

ചേച്ചി ചേട്ടന് അവിടെ കൊണ്ടോയി ഒറ്റക്ക് എന്ത് ചെയ്യാനാ . നമുക്ക് വീട്ടില് പോകാം. അവൾ ഒന്നും പറഞ്ഞില്ല. വീട്ടിൽ എത്തിയപ്പോൾ അച്ഛനും അമ്മയും ഓടി വന്നു. അമ്മ കരയാൻ തുടങ്ങി. കൂടെ കരയുമ്പോൾ അച്ഛനും അനിയനും സമാധാനിപ്പിച്ചു.”സാരമില്ല കുട്ടി, ഇനി അവിടെ പോയി ഒറ്റക്കിരിക്കണ്ട, ഇവന് ജോലിക്കു പോകാൻ പറ്റുന്ന വരെ ഇവിടെ കഴിഞ്ഞാൽ മതി.ഇവിടെ ഞങ്ങളൊക്കെ ഉണ്ടലോ” അവൾ അപ്പോഴും എന്തിനെന്നറിയാതെ കരഞ്ഞു കൊണ്ടേ ഇരുന്നു.

രചന: മിനി ജോർജ്

Leave a Reply

Your email address will not be published. Required fields are marked *