ഇത് വിഷ്ണുന്റെ വീടല്ലേ …. വിഷ്ണുന് ഒരെഴുത്തുണ്ട്…

രചന : – Nijila Abhina‎

“എഴുത്തോ….. ഇക്കാലത്ത് ആരയക്കാനാ എഴുത്ത്. അതും തനിക്ക്…. ”

ഒപ്പിട്ടു കൊടുത്ത് ആ ലെറ്റർ വാങ്ങി. വിഷ്ണു കൗതുകപൂർവ്വം അതിലൂടെ കണ്ണോടിച്ചു. ഫ്രം നീലിമ….

നീലു…. അവളിങ്ങനെ ഒരെഴുത്ത്….. അവനത് പൊട്ടിച്ചു വായിച്ചു..

“എന്റെ വിഷ്ണുന്…..
നീയിപ്പോ അത്ഭുതപ്പെടുന്നുണ്ടാവും ഇല്ലേ എന്റെ എന്ന് സംബോധന ചെയ്തതിൽ…… എനിക്കങ്ങനേ വിളിക്കാനാവൂ…. കാരണം ഇത്ര നാൾ ഞാൻ ആടിത്തീർത്ത നാടകം അല്ലിത്‌. എന്റെ മനസാണ്. നീയെന്റെയാവണം എന്നാഗ്രഹിച്ച എന്റെ മനസ്….

നിനക്കൊന്നും മനസിലാവുന്നില്ലല്ലേ….. ആകില്ലെടോ.. എങ്ങനാ ഞാൻ പറയുക…….. എനിക്കിഷ്ടായിരുന്നു നിന്നെ…. എന്റെ ഓരോ നോക്കിലും വാക്കിലും എന്റെ ഇഷ്ടം ഉണ്ടായിരുന്നു. നീയത് കണ്ടില്ലെന്നു മാത്രം. അല്ല കാണാൻ ശ്രമിച്ചില്ല….. ഒരുമിച്ച് പിച്ച വെച്ചു നടന്നപ്പോൾ ഉണ്ടായിരുന്ന നിഷ്കളങ്ക സ്നേഹം എപ്പോഴാണ് നീറുന്ന പ്രണയമായതെന്നു എനിക്കറിയില്ല. പക്ഷെ നിന്റെ മനസ്സിൽ ഞാൻ വെറും കളിക്കൂട്ടുകാരി മാത്രം ആണെന്ന് ഞാനറിഞ്ഞത്‌ അനുപമയ്ക്ക് കൊടുക്കാൻ എന്നെ ഏല്പ്പിച്ച നിന്റെ പ്രണയലേഖനങ്ങളിലൂടെയാണ്.

അഞ്ചാം വയസിൽ നഷ്ടപ്പെട്ട അച്ഛന്റെയും അമ്മയുടെയും സ്നേഹം ഞാൻ അറിഞ്ഞത് നിന്റെ അച്ഛനിലൂടെയും അമ്മയിലൂടെയും ആണ്. നിന്റെ പെങ്ങളിലൂടെയാണ് സ്നേഹമൂറുന്ന ഏടത്തി എന്ന വിളി ഞാൻ കേട്ടത്…. ആ വീട്ടിലെ ആ സ്നേഹം ഞാൻ കൊതിച്ചു പോയെടാ…. അറിയാതെയേങ്കിലും. നന്ദികേടാണ് എന്നറിയാം എങ്കിലും……

മുത്തശ്ശി പറയാറുണ്ട്, അര്ഹിക്കുന്നതേ ആഗ്രഹിക്കാവൂ കുട്ടീ എന്ന്… ശരിയാ അത്… പിന്നെ നിന്റെ കല്യാണത്തിന് ഞാൻ ഉണ്ടാവില്ല. വേറൊന്നും കൊണ്ടല്ല. ഞാനേറെ സ്വപ്നം കണ്ടതാ നിന്റെ കൈ കൊണ്ടൊരു മണി ത്താലി എന്റെ കഴുത്തിൽ അണിയാൻ…നിന്റെ സ്നേഹം ഒരുതുള്ളി സിന്ദൂരമായി എന്റെ നെറ്റിയേ തഴുകാൻ…..

ഞാൻ നാളെ പോകും… ഒരുതരത്തിൽ ഒരു ഒളിച്ചോട്ടം. എല്ലാ ഓർമകളിൽ നിന്നും. ചിലപ്പോൾ ഞാൻ എന്നെങ്കിലും തിരിച്ചു വരാം വരാതിരിക്കാo……ആരോടും യാത്ര പറയുന്നില്ല.

ഇടയ്ക്ക് നീയാ ചെമ്പകച്ചോട്ടിൽ പോകണം. നമ്മളൊന്നിച്ച് കളിച്ചിരുന്ന തൊടിയിലൂടെ വെറുതെ ഒന്ന് നടക്കണം. വെറുതെ… എന്റെ ഒരാശ……അനുപമയോട് പറയണം എന്നെ വെറുക്കരുതെന്ന്.. അവൾ മനസിലാക്കിയിട്ടുണ്ട് എന്റെ മനസിലെ ഇഷ്ടം… പാവാണവൾ… നിങ്ങൾക്ക് നല്ലതേ വരൂ….
എന്ന്
നീലു…

ആ കത്ത് വിഷ്ണുവിന്റെ കയ്യിലിരുന്ന് വിറച്ചു.. അവൾ…… ഇങ്ങനെയൊരു ഇഷ്ടo….പക്ഷെ ഒരിക്കലും തനിക്കത്‌ മനസിലായില്ല. തന്റെ വീട്ടിലും എല്ലാവരും ആഗ്രഹിച്ചിരുന്നു നീലുവിനെ… അനുപമയോടുള്ള തന്റെ പ്രണയം കൊണ്ട് മാത്രമാണ് മാളു പോലും തന്നോടിത്‌ പറയാതിരുന്നത്‌…

“എന്താ മോനെ ഇങ്ങനെ നില്ക്കുന്നെ ”

“ഒന്നൂല്ലമ്മേ എനിക്ക് നീലൂനെ ഒന്ന് കാണണമാരുന്നു.ഞാനിപ്പോ വരാം ”

ദൂരെ നിന്നെ വിഷ്ണു കണ്ടിരുന്നു വീട്ടു മുറ്റത്ത് നിറയെ ആളുകൾ….

“എന്താ… എന്താ ഇവിടെ എല്ലാരും…. ”

“അത്… ആ കുട്ടിയില്ലേ. നീലിമ…. ആ കുട്ടിക്കെന്തോ ആക്സിഡന്റെന്ന്… ടൌണിൽ വെച്ച്. ഉടനെ പോയീന്നാ കേട്ടത്. ബംഗ്ലൂരിൽ എന്തോ ജോലി ശരിയായിന്ന് പറഞ്ഞു പോയതാ… പക്ഷെ കണ്ട ചിലരു പറയണേ വണ്ടിക്കു മുമ്പിൽ ചാടിയതാന്നാ…. ആർക്കറിയാ കുട്ട്യേ… ഇപ്പൊ കൊണ്ടുവരൂന്നാ കേട്ടെ…..

അവന്റെ കണ്ണിൽ ഇരുട്ട് കേറി. ഒന്നും കാണാനോ കേള്ക്കാനോ സാധിക്കുന്നില്ല. വേച്ചു വേച്ചു വീട്ടിൽ വന്ന അവൻ അമ്മയെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു..

………………

മാസങ്ങൾക്ക് ശേഷം ആ ചെമ്പകച്ചോട്ടിൽ അവളെ അടക്കിയതിനു തൊട്ടടുത്ത്‌ നിൽക്കുമ്പോൾ വിഷ്ണു അനുപമയോട് പറഞ്ഞു.

“അറിഞ്ഞിരുന്നെങ്കിൽ..പറഞ്ഞു തിരുത്തിയേനെ എന്റെ നീലുവിനെ… അങ്ങനെയെങ്കിൽ നഷ്ടാവില്ലാരുന്നു അവളെ നമുക്ക് അല്ലേ അനൂ….

“ചില ഇഷ്ടങ്ങൾ അങ്ങനെയാ വിഷ്ണു നമ്മൾക്ക് മനസിലാക്കാൻ പാടാവും “….. വാ നമുക്ക് പോകാം ഒരുപാട് നേരായില്ലേ ഇന്നിവിടെ…..

അവർ തിരിഞ്ഞ് നടന്നു. അപ്പോൾ വീശിയ കാറ്റിന് നഷ്ടസുഗന്ധങ്ങളുടെ ഗന്ധമായിരുന്നു……

(വെറുമൊരു കഥയല്ല കണ്മുന്നിൽ എരിഞ്ഞടങ്ങിയ ഒരു ജീവിതം )

രചന : – Nijila Abhina‎

Leave a Reply

Your email address will not be published. Required fields are marked *