കട്ട തേപ്പ് ::

രചന : – നൗഫി,,

പ്രേമിച്ച പെണ്ണിന്റെ കല്യാണത്തിന് ബിരിയാണി വെക്കാൻ ബാപ്പയുടെ കൂടെ സഹായത്തിന് പോകാത്തതിന് വീട്ടിൽനിന്നും പുറത്താക്കിയതിന്റെ ദേഷ്യത്തിൽ നാടുവിട്ടു,

പരപ്പനങ്ങാടിയിൽ നിന്നും ട്രെയിൻ കയറി ഇ റോഡിൽ ചെന്നിറങ്ങിയത് ഞാൻ ഇമോൻ എന്നു വിളിക്കുന്ന എന്റെ കൂട്ടുകാരൻ (ഹാരിസ്) അവിടെയുണ്ട് എന്ന ധൈര്യത്തിലായിരുന്നു,

ട്രെയിൻ ഇറങ്ങിയ ഉടനെ അന്വേഷിച്ചത് തിരിച്ച് എപ്പോഴാണ് നാട്ടിലേക്ക് ട്രെയിൻ എന്നായിരുന്നു

(ഒരുപക്ഷേ ഇമോനെ കണ്ടില്ലെങ്കിൽ തിരിച്ചു പോരണമലോ)

അവൻ നാട്ടിലുള്ളപ്പോൾ തന്ന നമ്പറിൽ വിളിച്ചു ഭാഗ്യത്തിന് അവനെ കിട്ടി

“ഹലോ ഇമോനെ ഞാനാണ് നൗഫി ഞാനിവിടെ റെയിൽവേ സ്റ്റേഷനിൽ ഉണ്ട്”

“നീ എപ്പോ വന്നു”

“അതെല്ലാം പറയാം ആദ്യം നീ ഞാൻ എവിടെ വരണം എന്നു പറ”

“നീയൊരു കാര്യം ചെയ്യ് റെയിൽവേ സ്റ്റേഷന്റെ മുന്നിൽ ഒരു കാസിനോവ ബേക്കറി ഉണ്ട് അവിടെ നിൽക്ക് ഞാൻ ആളെ വിടാം”

അരമണിക്കൂർ ആയപ്പോഴേക്കും ഒരു കാക്ക ടി വി എസും കൊണ്ട് വന്നു ചോദിച്ചു,

” നീയാണോ നൗഫൽ ഹാരിസ് പറഞ്ഞ”

“അതെ ഞാനാണ്”

പതിനഞ്ചു മിനിറ്റ് യാത്ര ജീവിതത്തിൽ മറക്കില്ല തിരിച്ച് നാട്ടിലേക്ക് പോയാ മതിയായിരുന്നു എന്ന് തോന്നിപ്പോയി സത്യം പെറ്റ തള്ള സഹിക്കൂല്ല ടി വി എസുമായി കാക്കയുടെ ഡ്രൈവിംഗ്,

പിന്നീടാണറിഞ്ഞത് അയാളാണ് അവന്റെ മുതലാളി ഏതായാലും കൊള്ളാം മുതലാളിയും ടി വി എസ്സും,

അയാളുടെ തന്നെ ഒരു ടീ സ്റ്റാളിൽ എനിക്ക് ജോലിയും തന്നു ആദ്യം ചായഗ്ലാസ് കഴുകൽ പതിയെപ്പതിയെ ചായയും കൊണ്ട് ലൈനിൽ പോകൽ,

അത് ഞമ്മക്ക് പെരുത്തിഷ്ടായി,

(കാരണമെന്താണ് എന്നലെ നിങ്ങൾ ചിന്തിക്കുന്നത് കാരണമുണ്ട് പറയാം അതിലേക്കാണ് വരുന്നത്)

ദിവസവും ഒരു പത്തു വട്ടമെങ്കിലും ചായക്ക് വിളിക്കുന്ന ഒരു ഓഫീസുണ്ട് അടുത്ത്,

അവിടെയാണ് അവൾ ജോലി ചെയ്യുന്നത് ധനലക്ഷ്മി കറുപ്പിന് ഏഴയകാണന് അവളെ ആദ്യം കണ്ടപ്പോഴാണ് മനസ്സിലായത്,

എന്റെ പൊന്നു മിത്രങ്ങളെ അവളുടെ മുഖത്തേക്ക് അങ്ങനെ നോക്കിനിന്നാൽ പിന്നെ ചുറ്റുമുള്ളതൊന്നും നോക്കാൻ തോന്നില്ല,

അതാണ് ലൈനിൽ പോകാൻ പെരുത്തിഷ്ടം ആണെന്ന് പറഞ്ഞത്

ആദ്യമാദ്യം കുറച്ചു ജാഡ കാണിച്ചെങ്കിലും എന്റെ ആത്മാർത്ഥ പരിശ്രമംകൊണ്ട് അവൾ വീണു,

അവൾ ആദ്യമായി എന്നോട് ഒന്നു ചിരിച്ച ദിവസം ,

കല്ലായി കടവത്ത് പണ്ട് ഉദിച്ച പതിനാലാം രാവ് എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്ക് ഭാഗത്ത് ഉദിച്ച പോലെയായിരുന്നു എനിക്ക് തോന്നിയത്,

അങ്ങനെ പതിയെപ്പതിയെ അവൾ എന്നോട് അടുത്തു,

കൂടാതെ ഇമോന്റെ കട്ട സപ്പോർട്ടും

പിന്നെ പറയണോ പൂരം സിനിമക്ക് പോവൽ പാർക്കിൽ കറങ്ങാൻ പോവൽ

ആകപ്പാടെ ഒരു ഹണിമൂൺ ട്രിപ്പിന്റെ ത്രില്ല്,

ഒരാഴ്ച പണിയെടുത്ത് കിട്ടുന്ന പൈസ മുഴുവനും ഞായറാഴ്ച ഞങ്ങൾക്ക് കറങ്ങാൻ തികയില്ല എന്ന അവസ്ഥയായി,

ഇതിനിടയിൽ ഞാൻ തമിഴ് പഠിച്ചില്ലെങ്കിലും അവൾ മലയാളം നന്നായി പഠിച്ചിരുന്നു,

ഒരു വർഷം പോയത് അറിഞ്ഞില്ല

പതിവുപോലെ ഒരു ഒഴിവുദിവസം വിജയിയുടെ ഭഗവതി മൂന്നാം പ്രാവശ്യം കണ്ടുകൊണ്ട് ഇരിക്കുമ്പോൾ

( വിജയി അണ്ണന്റെ കട്ട ഫാൻസ് ആണ് ഞങ്ങൾ രണ്ടും)

“നൗഫി ഞാനൊരു കാര്യം പറയട്ട”

” എന്താണ് നിനക്ക് പതിവില്ലാത്ത ഒരു ഫോർമാലിറ്റി”

“ഇന്ന് നമ്മുടെ ലാസ്റ്റ് ദിവസമാണ് ഇനി നമുക്ക് ഒരുമിച്ച് ഇങ്ങനെ കറങ്ങാൻ പറ്റില്ല”

” അതെന്താണ് ഇപ്പോൾ ഇങ്ങനെ”

” എന്റെ ഭർത്താവ് നാളെ വരും”

ഭർത്താവോ എന്റെ കാവിലമ്മെ… എന്നൊരു വിളി തൊണ്ടയിൽ കുരുങ്ങി കിടനു,

“നീ എന്തുകൊണ്ട് ഇതുവരെ നിന്റെ കല്യാണം നടന്ന കാര്യം എന്നോട് പറഞ്ഞില്ല”

അത് ഞാൻ പറഞ്ഞിരുന്നെങ്കിൽ നീയെന്നെ ഇതുപോലെ കൊണ്ട് നടക്കുമായിരുന്നു എല്ലാ ആഴ്ചയിലും ഇങ്ങനെ സിനിമക്കും പാർക്കിലും കൊണ്ടുപോകുമായിരുനോ”

“എഡി വഞ്ചകി നീയെന്നെ ചതിക്കുകയായിരുന്നു അല്ലെ”

” ആയിരിക്കാം പക്ഷേ ഇപ്പോൾ ഞാൻ നിന്നെ രക്ഷപ്പെടുത്തുകയാണ്”

എന്റെ ഒരുവർഷത്തെ സമ്പാദ്യം മുഴുവനും കളഞ്ഞിട്ട് എന്തോന്ന് രക്ഷപ്പെടുത്തൽ നിനക്കറിയോ ഞാനെന്റെ വീട്ടിൽ നിന്നെക്കുറിച്ച് പറഞ് നമ്മുടെ വിവാഹത്തിന് സമ്മതവും വാങ്ങിയിട്ടുണ്ടായിരുന്നു അത് നിന്നോട് പറയാതിരുന്നത് അടുത്ത ആഴ്ച്ച നിന്റെ ജന്മദിനത്തിൽ പറയാം എന്നുകരുതി മാത്രമായിരുന്നു എന്നിട്ടിപ്പോൾ നീയെന്നെ”

(വെറുതെ പറഞ്ഞതാണ്)

“ഞാൻ എപ്പോഴെങ്കിലും നിന്നോടു പറഞോ നിന്നെ കല്യാണം കഴിക്കാം എന്ന്”

” ഇല്ലായിരിക്കാം പക്ഷേ ഒരു വർഷം എന്റെ കൂടെ നടന്നതും എന്റെ മനസ്സിൽ ഇല്ലാത്ത മോഹങ്ങളും എല്ലാം തന്നത് നീയല്ലേ”

“നിന്നോട് ഒരു ആർഗിമെന്റിന് ഞാനില്ല നിനക്കറിയോ എന്റെ ഭർത്താവ് ആരാണ് എന്തിനാണ് ജയിലിൽ പോയത് എന്”

“എനിക്ക് അതൊന്നു അറിയേണ്ട കാര്യമില്ല”

നീ അറിയണം അയാളൊരു ഗുണ്ടയാണ് നിന്റെ കാര്യം അറിഞ്ഞാൽ നിന്നെ കൊല്ലും അതുകൊണ്ട് നീ ഇന്ന് തന്നെ നാട്ടിൽ പോകണം”

അതും കേട്ട് അറിയാതെ സ്ക്രീനിലേക്ക് നോക്കിയ സമയത്ത് വിജയിയുടെ അനിയനെ വെട്ടിക്കൊല്ലുന്ന സീനായിരുന്നു എന്റെ നെഞ്ചിലൂടെ ഒരു വടിവാൾ പാഞ്ഞുപോയോ എന്നൊരു സംശയം,

ഞാൻ തിരിച്ചുവന്നു ഇമോനോട് നടന്നതെല്ലാം പറഞ്ഞു,

അവന്റെ അവിടെത്തെ പരിജയം വച്ച് അന്വേഷിച്ചപ്പോൾ എല്ലാം സത്യമാണ്,

ഒരു ധനലക്ഷ്മി പോയാൽ വേറെ ആയിരം ധനലക്ഷ്മിമാരെ കിട്ടും തല പോയാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ?

രാത്രി വണ്ടിക്ക് തന്നെ നമ്മള് തിരിച്ചു,

കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് എനിക്കപ്പോൾ മനസ്സിലായി,

ഞാൻ ആദ്യമെ പറഞ്ഞിലെ പ്രേമിച്ച പെണ്ണിന്റെ കല്യാണത്തിന് ബാപ്പയുടെ കൂടെ ബിരിയാണി വെക്കാൻ പോയില്ല എന്ന്,

അന്ന് ഞാൻ പോയിരുന്നെങ്കിൽ ഉസ്താദ് ഹോട്ടലിൽ തിലകൻ സാറിന്റെ അനുഭവമായിരിക്കും എനിക്കും

അവൾ എന്റെ കൂടെ ഇറങ്ങിയപ്പോരുമായിരുന്നു എന്തിനാണ് അവളെ വളർത്തി വലുതാക്കിയ അച്ഛനമ്മമാരുടെ ശാപം ഏൽക്കുന്നത്

ഇപ്പോൾ നിങ്ങൾ ചോദിക്കും പ്രേമിക്കുമ്പോൾ നിനക്കതൊന്നും ഓർമയില്ലായിരുനോ,

പ്രേമിക്കുമ്പോൾ നമ്മൾ ഒന്നു ചിന്തിക്കില്ല തലയിലാവും എന്ന് ഉറപ്പാകുമ്പോൾ മാത്രമാണ് വീട്ടുകാരെ കുറിച്ച് ചിന്തിക്കൽ

അതുകൊണ്ട് നൈസായിട്ട് ഒഴിവാക്കിയതായിരുന്നു അവളെ സുഹൃത്തുക്കളെ,

പക്ഷേ അവളുടെ സ്നേഹം സത്യം ഉള്ളതായിരുന്നു ഞാനാണ് തേച്ചത് അതിന് ദൈവം ധനലക്ഷ്മിയുടെ രൂപത്തിൽ വന്നു എന്നെയും തേച്ചു,

എന്നാലും ഞാൻ ഒരു വർഷം ചായഗ്ലാസ് കഴുകി ഉണ്ടാക്കിയ എന്റെ പൈസ..!!

രചന : – നൗഫി,,

Leave a Reply

Your email address will not be published. Required fields are marked *