സൂര്യ ഗായത്രി…

രചന: മയിൽ‌പീലി

വന്ന അതിഥികൾക്ക് മുന്നിൽ ചായ കൊടുത്തശേഷം ഗായത്രി അമ്മയുടെ അടുത്ത് പോയി നിന്നു.

ഇന്ന് ഗായത്രിയുടെ പെണ്ണുകാണൽ ചടങ്ങാണ്…..

അവളെ കണ്ട് ഇഷ്ടപ്പെട്ടു വന്ന ആലോചനയാണ് ഹരിപ്രസാദിന്റേത്…. രണ്ടുപേർക്കും തമ്മിൽ അറിയാം. രണ്ടുപേരും ഡോക്ടർ ആണ്. ഒരേ ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നു. ഗായത്രി അവിടെ ജോയിൻ ചെയ്തിട്ട് ആറുമാസം ആകുന്നെയുള്ളൂ. അങ്ങനെ ആണ് തമ്മിൽ പരിചയം. അവളോട്‌ ഇഷ്ടം പറഞ്ഞു. അത് വീട്ടിൽ വന്ന് ആലോചിക്കാൻ പറഞ്ഞു. അങ്ങനെ ആണ് ഈ പെണ്ണുകാണാൻ ചടങ്ങ്.

ഗായത്രിയുടെ അമ്മയാണ് സൂര്യ… രണ്ടുപേരെയും കണ്ടാൽ അമ്മയും മോളുമാണെന്ന് പറയില്ല. അവരുടെ പെരുമാറ്റവും അങ്ങനെ ആണ്. സൂര്യക്ക് നാല്പത്തിയഞ്ചു വയസ്‌ ഉണ്ട്. പക്ഷേ… മുപ്പതു മുപ്പത്തിരണ്ട് അത്രയേ പറയുകയുള്ളൂ. ഗായത്രിക്ക് ഇരുപത്തിയഞ്ചു വയസായി. രണ്ടുപേരും സുന്ദരികൾ ആണ്…. സൂര്യ ഗവണ്മെന്റ് ഹോസ്പിറ്റലിൽ നഴ്‌സ്‌ ആണ്.

കുട്ടികൾക്ക് പരസ്പരം ഇഷ്ടമായ സ്ഥിതിക് നമുക്ക് ഇനി ബാക്കി കാര്യങ്ങൾ ചടങ്ങുകളായി തന്നെ പോകാം. ഹരിപ്രസാദിന്റെ അച്ഛനാണ് അങ്ങനെ പറഞ്ഞത്….

എനിക്ക് വിവാഹം നടത്തുന്നതിന് സമ്മതകുറവൊന്നും ഇല്ല. പക്ഷേ ഞങ്ങളുടെ ഭാഗത്ത്‌ നിന്നു ബന്ധുക്കൾ എന്നുപറഞ്ഞു വരാനൊന്നും ആരുമില്ല. അതിനാൽ ചടങ്ങുകൾ എന്ന് പറഞ്ഞു ഒന്നും വേണ്ട എന്നാണ് എന്റെ അഭിപ്രായം. നേരെ വിവാഹത്തിന് ഒരു ഡേറ്റ് ഫിക്സ് ചെയ്താൽ മതി. എന്റെ കുറച്ചു പരിചയക്കാരും സുഹൃത്തുക്കളും മാത്രമേ ഉണ്ടാകൂ….

അതെന്താ…. ബന്ധുക്കൾ ഇല്ലാത്തതു. അച്ഛൻ അല്ലെ ഇല്ലാതെയുള്ളു. നിങ്ങടെ രണ്ടുപേരുടെയും വീട്ടുകാർ ഇല്ലേ. അവരെ കൂട്ടി ഒരു ദിവസം വീട്ടിലോട്ട് വന്നോളൂ… ബാക്കിയൊക്കെ എന്നിട്ട് തീരുമാനിക്കാം….

എനിക്ക് നിങ്ങളോടു പറയാൻ ഒന്നേയുള്ളു…. എന്റെ മോളുടെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാൻ ആണ്. ആ ഞാൻ ആണ് നിങ്ങളോടു സംസാരിക്കുന്നതു. ഇനി എന്ത് വേണമോ നിങ്ങൾക്കു തീരുമാനിക്കാം.

നല്ലൊരു കുടുംബത്തിൽ നിന്നും ഒരുപെൺകുട്ടിയെ മകന്റെ ഭാര്യ ആക്കണമെന്നാണ് ആഗ്രഹം. ഒരുപാട് ബന്ധുബലം ഉള്ള ഒരു കുടുംബം ആണ് ഉദ്ദേശിച്ചേ. അതുകൊണ്ട് നമുക്ക് ഒന്നുകൂടി ആലോചിക്കണം…

മതി…. നിങ്ങൾ നന്നായി ആലോചിച്ചു ഒരു മറുപടി പറഞ്ഞാൽ മതി. ഞാനും മോളും മാത്രമേ ഉള്ളു.

അങ്ങനെ വന്നവർ പോയി…..

ഗായത്രി അമ്മയുടെ തോളിൽ ചാരികിടന്നു. അമ്മ വിഷമിക്കേണ്ട… അവർക്ക് താല്പര്യം കാണില്ല… പൊയ്ക്കോട്ടേ… ആൾക്കാർ ഇല്ലാത്തവർക്കും ഇവിടെ ജീവിക്കണ്ടേ അല്ലേ… അമ്മേ….

സൂര്യ നോക്കുമ്പോൾ ഗായത്രിയുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്… മോൾക്ക്‌ വിഷമമായി അല്ലെ…. ഹരിപ്രസാദിനെ ഇഷ്ടമായിരുന്നു അല്ലെ….

അങ്ങനെ ഒന്നും ഇല്ലമ്മേ…. അസ്ഥി പിടിച്ച പ്രണയം ഒന്നും അല്ലല്ലോ ഇഷ്ടം പറഞ്ഞു. ആലോചിക്കാൻ പറഞ്ഞു അത്രയല്ലേ ഉള്ളു….

മ്മ്മ്… മോൾ വിഷമിക്കേണ്ട…. നമുക്ക് ആൾക്കാർ ഇല്ലാതെ പോയി ഇനി ഇവർക്ക് വേണ്ടി ഇല്ലാത്ത ആളുകളെ കൊണ്ടുവരാൻ പറ്റുമോ….

എന്നാലും അമ്മേ ഞാൻ ചോദിക്കട്ടെ അമ്മയുടെയും അച്ഛന്റെയും ആളുകൾ ഉണ്ടല്ലോ.. അവർക്ക് എന്താ നമ്മളെ വേണ്ടാത്തത്…

അത്…. നമ്മളെ വേണ്ടാത്തവരെ എന്തിനാ മോളെ നമുക്ക് മോൾക്ക്‌ അമ്മയുണ്ടല്ലോ അത് പോരെ….

അമ്മ ഒരിക്കൽ പോലും ആരെക്കുറിച്ചും പറഞ്ഞിട്ടില്ല ഞാനും അമ്മക്ക് വിഷമമാകേണ്ടന്നു കരുതി ഒന്നും ചോദിച്ചിട്ടില്ല… ഇനി അമ്മക്ക് എന്നോട് പറഞ്ഞുകൂടേ… അച്ഛന് എന്താ പറ്റിയത്…. അമ്മയുടെയും അച്ഛന്റെയും വിവാഹം എങ്ങനെ സംഭവിച്ചു.. . നിങ്ങൾ എല്ലാപേരെയും ഉപേക്ഷിച്ചു പോയത് ആണോ…..

മോളോട് അമ്മ പറഞ്ഞിയിട്ടില്ലേ ഇത്തരം ചോദ്യങ്ങൾ ഒന്നും വേണ്ടാന്ന്…. ഞാൻ മാത്രമേ നിനക്കുള്ളു

അമ്മേ…. ഞാൻ ഇന്ന് കുഞ്ഞു കുട്ടിയല്ല… കാര്യങ്ങൾ മനസിലാകുന്ന പ്രായം ആയില്ലേ അമ്മയെന്താ എന്നിൽ നിന്നും ഒളിക്കുന്നത്. ഇന്നുവരെ അച്ഛന്റെ ഒരു ഫോട്ടോ പോലും എന്നെ കാണിച്ചിട്ടില്ല…

ഗായി നീ മിണ്ടാതെ ഇരുന്നേ… എനിക്ക് ദേഷ്യം ആകുന്നുണ്ട് ഇനി മേലാൽ നീ എന്നോട് ഇതിനെ കുറിച്ച് ഒന്നും ചോദിക്കരുത്….

അമ്മേ…..ആദ്യമായിട്ടല്ല ഞാൻഅച്ഛനെയും ബന്ധുക്കളെയും ഒക്കെ കുറിച്ച് മറ്റുള്ളവർ ചോദിക്കുമ്പോൾ തലകുനിച്ചു നിൽക്കേണ്ടി വന്നിട്ടുള്ളതു…. ശീലം ആണ്…. എന്നാലും അമ്മക്ക് എന്നോട് പറയാമല്ലോ….. .

എന്നോട് ഒന്നും ചോദിക്കരുത്…. ഈ വിവാഹം മുടങ്ങിയാലും നീ വിഷമിക്കുകയൊന്നും വേണ്ട… നല്ല ആലോചനകൾ ഇനിയും വരും….

എനിക്ക് വിവാഹമേ വേണ്ടമ്മേ… എന്നും ഞാൻ ഈ പേരിൽ മറ്റുള്ളവരുടെ മുന്നിൽ തലകുനിക്കേണ്ടി വരുകയേ ഉള്ളു.

ഗായി…. മോളെ നീ വിഷമിക്കാതെ…

എനിക്ക് വിഷമം അല്ല ദേഷ്യമാണ് വരുന്നേ…. അമ്മക്ക് ഒന്നും തോന്നരുത്…. ശരിക്കും അമ്മേ എനിക്ക് അച്ഛനുണ്ടോ…. അമ്മയുടെ വിവാഹം കഴിഞ്ഞതാണോ… അതോ…. ആരെങ്കിലും പ്രേമോപഹാരമായി തന്നതാണോ എന്നെ….

സൂര്യ ദേഷ്യത്തോടെ ഗായത്രിയെ നോക്കി….

എന്നോളം വളർന്ന എന്റെ മോളെ ഞാൻ എങ്ങനെ ആണ് തല്ലുന്നേ…. പക്ഷേ… മേലാൽ നീ ഇത്തരത്തിൽ എന്നെ ശല്യം ചെയ്താൽ പിന്നെ നിനക്ക് അമ്മയും ഉണ്ടാകില്ല പറഞ്ഞേക്കാം….

സൂര്യ റൂമിൽ കയറി കിടന്നു. ഗായത്രി ഓരോന്ന് ആലോചിച്ചു കൊണ്ടേയിരുന്നു

എന്തായാലും എന്റെ അച്ഛനെ കുറിച്ച് കണ്ട് പിടിച്ചേ പറ്റു…. അമ്മ എന്തൊക്കയോ മറയ്ക്കുന്നുണ്ട്… ഞാനിപ്പോൾ കുഞ്ഞു കുട്ടിയല്ല…. എല്ലാം അറിയണം എനിക്ക്…

ആരോടാണ് ചോദിക്കുക… അമ്മയുടെ ഏറ്റവും അടുത്ത കൂട്ടുകാരി ആണ് ശുഭയാന്റി…. ആന്റിയോട്‌ ചോദിച്ചാൽ അപ്പോൾ തന്നെ അമ്മയുടെ ചെവിയിൽ എത്തും. ആദ്യം അമ്മയെ കുറിച്ച് അറിയാം… ബാക്കിയൊക്കെ വഴിയേ കണ്ടു പിടിക്കാം പക്ഷേ അമ്മയുടെ കുടുംബം എവിടെ ആയിരിക്കാം…

അമ്മയുടെ സർട്ടിഫിക്കറ്റിൽ വീടിന്റെ അഡ്രസ് ഉണ്ടാകുമായിരിക്കും… എങ്ങനെ എങ്കിലും സർട്ടിഫിക്കറ്റ് നോക്കി കണ്ടു പിടിക്കണം…

അമ്മ ഡ്യൂട്ടിക്ക് പോകുന്ന ദിവസം നോക്കാം….

അങ്ങനെ തീരുമാനിച്ചാണ് ഗായത്രി സൂര്യയുടെ അടുത്ത് പോയത്. അമ്മയുടെ പിണക്കം മാറ്റാനായി അവൾ കൂടി അടുത്തുപോയി കിടന്നു.

എനിക്ക് വിശക്കുന്നമ്മേ…. ഉച്ചക്ക് ഇന്ന് എന്താ സ്പെഷ്യൽ…. കുറേ നാളിനു ശേഷമല്ലേ അമ്മേ നമ്മൾ ഇന്ന് ഒരുമിച്ചു വീട്ടിൽ ഉച്ചഭക്ഷണം കഴിക്കുന്നേ…. മിക്കവാറും നമ്മുടെ ഡ്യൂട്ടി കാരണം നമുക്ക് ഒന്നിച്ചിരിക്കാൻ പറ്റില്ലാലോ…. വന്നേ…. എനിക്കിന്ന് വയറുനിറച്ചു കഴിക്കണം

ഗായത്രിയുടെ വിശപ്പു കേട്ടപ്പോൾ സൂര്യ എഴുന്നേറ്റു.

പിന്നെ രണ്ടുപേരും പിണക്കം മറന്നുപോയി…. ചോറും കറികളുമൊക്കെ രണ്ടുപേരുമായി ഉണ്ടാക്കി.

പിന്നെ അവരുടേതായ ലോകത്ത് പോയി ആ അമ്മയും മകളും.

പിറ്റേന്ന് ഹോസ്പിറ്റലിൽ പോയപ്പോൾ ഡോക്ടർ ഹരിപ്രസാദിനെ കണ്ടു. ആൾക്ക് ഒരു ചമ്മൽ ഉള്ളത് പോലെ തോന്നി…. ഗായത്രി എന്നത്തേയും പോലെ ഗുഡ് മോർണിംഗ് പറഞ്ഞുകൊണ്ട് അടുത്ത് പോയി.

ഗായത്രി വിഷമം ഒന്നും തോന്നേണ്ട കേട്ടോ ഞാൻ അച്ഛനെ പറഞ്ഞു സമ്മതിപ്പിക്കുന്നുണ്ട്. കുറച്ചു ദിവസം ക്ഷമിക്കണം… പെട്ടന്ന് പറഞ്ഞു മനസിലാക്കിക്കാൻ പാടാണ്‌ അച്ഛന്റെ വിചാരം ഒരുപാട് ആളുകൾ ഉള്ള കുടുംബത്തിലാണ് സ്നേഹം ഉള്ളത് എന്നാണ്… അതാണ് എല്ലാപേരെയും കാണണം എന്നൊക്കെ പറഞ്ഞേ…. അമ്മക്ക് തന്നെ ഒത്തിരി ഇഷ്ടായി….

ഹരി എനിക്ക് വേണ്ടി ബുദ്ധിമുട്ടണമെന്നില്ല അച്ഛന് ഇഷ്ടമുള്ള ഒരു ബന്ധം തന്നെ നടക്കട്ടെ….

അങ്ങനെ പിന്മാറാൻ അല്ല ഞാൻ തന്നെ ഇഷ്ടപെട്ടത്….. തനിക്കും എന്നെ ഇഷ്ടമെന്ന് കരുതുന്നു…

ഇഷ്ടക്കേടൊന്നും ഇല്ലെടോ… പിന്നെ തന്നെ കെട്ടു എന്ന് വാശിയൊന്നും ഇല്ല.

എന്നാൽ കാണാം…. എനിക്ക് ഒരു വാശി ഉണ്ട്… ആദ്യമായ് ഇഷ്ടം തോന്നിയതും പെണ്ണുകണ്ടതും തന്നെ ആണ്… ആ ആളെ തന്നെ കെട്ടണം എന്ന ഒരു വാശി…. കൂടെ നിൽക്കില്ലേ….

ഗായത്രി ഒരു പുഞ്ചിരിയിൽ മറുപടി ഒതുക്കി നടന്നു പോയി…

ദിവസങ്ങൾ പോകുന്നു…. അഡ്രസ്സും നോക്കി നടന്നിട്ട് കിട്ടുന്നില്ല… അമ്മയുടെ സർട്ടിഫിക്കറ്റ് ഒന്നും കാണുന്നില്ല. ചിലപ്പോൾ ഹോസ്പിറ്റലിൽ ആയിരിക്കും. ഇനി എന്ത് ചെയ്യും….

പെട്ടന്ന് ഓർത്തു…. താൻ ജനിച്ച ഹോസ്പിറ്റലിൽ ആണ് അമ്മ ആദ്യമായി ജോലിക്ക് കയറിയത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്…. താൻ ഏത് ഹോസ്പിറ്റലിൽ ആണ് ജനിച്ചത് എന്ന് നോക്കിയാൽ മതിയല്ലോ…. അപ്പോൾ എന്റെ ജനന സർട്ടിഫിക്കറ്റ് നോക്കിയാൽ ഹോസ്പിറ്റൽ അറിയാമല്ലോ…. അതിൽ ഒരു വീടിന്റെ അഡ്രസ് ഉണ്ട്. പക്ഷേ അമ്മയെയും എന്നെയും കുറിച്ച് ആ ഹോസ്പിറ്റലിൽ നിന്ന് തന്നെ അന്വേഷിച്ചു തുടങ്ങാം…. അങ്ങനെ അവൾ ഓടി പോയി ജനനസർട്ടിഫിക്കറ്റ് എടുത്തു നോക്കി. അതിൽ പരിചിതമല്ലാത്ത ഒരു ഹോസ്പിറ്റലിന്റെ പേര് കണ്ടു. പക്ഷേ തിരുവനന്തപുരം ആണ്…. സാരമില്ല തന്റെ കൂടെ പഠിച്ചവർ ഉണ്ടവിടെ…..

അമ്മയോട് എന്തേലും ആവശ്യം പറഞ്ഞു ഒറ്റക്ക് പോകണം… വിടുമോ എന്നറിയില്ല….

ഒന്ന് ശ്രമിക്കാം…. അങ്ങനെ അവൾ തിരുവനന്തപുരത്തുള്ള സ്വപ്ന എന്ന കൂട്ടുകാരിയെ വിളിച്ചു.

ഗായത്രി വിളിച്ചപ്പോൾ അവൾക്കു സന്തോഷമായി… നിന്നെ വിളിക്കാൻ ഇരിക്കുകയായിരുന്നു എന്റെ എൻഗേജ്മെന്റ് ആണ് അടുത്ത ആഴ്ച നീ വരണം. വരുമ്പോൾ രണ്ടുദിവസം നിൽക്കാൻ കണക്കാക്കി ലീവ് എടുത്തു വന്നോ. എന്റെ നാടൊക്കെ ഒന്നു കണ്ട് പോകാം….

ഗായത്രിക്ക് ഒരുപാട് സന്തോഷമായി… അമ്മയോട് കള്ളം പറയേണ്ടല്ലോ… അമ്മക്ക് സ്വപ്നയെ അറിയാം… അവൾ എന്റെ കൂടെ വീട്ടിൽ വന്ന് നിന്നിട്ടും ഉള്ളതാണ്….

അങ്ങനെ രണ്ടു ലക്ഷ്യവുമായി ഗായത്രി അമ്മയുടെ അനുവാദത്തോടെ തിരുവനന്തപുരത്തേക്ക് തിരിച്ചു….

സ്വപ്നയുടെ എൻഗേജ്മെന്റിനു ഒരുവിധം ഫ്രണ്ട്സ് ഒക്കെ വന്നിരുന്നു. എല്ലാപേരും വൈകുന്നേരത്തോടെ തിരിച്ചു പോയി.

ഗായത്രി സ്വപ്നയോട് പറഞ്ഞു തനിക്ക് പോകേണ്ട ഹോസ്പിറ്റലിനെ കുറിച്ച്. അത് ഇവിടെ അടുത്താണല്ലോ നിനക്ക് എന്താ അവിടെ കാര്യം….

അത് ഞാൻ വർക്ക് ചെയുന്ന ഹോസ്പിറ്റലിൽ ഒരു സിസ്റ്റർ പറഞ്ഞിരുന്നു ഞാൻ Tvm വരുമ്പോൾ ആ ഹോസ്പിറ്റൽ പോയി ഒരു കാര്യം അന്വേഷിക്കാൻ. അല്പം സ്വകാര്യം ആണ് സ്വപ്‍ന.

ആയിക്കോട്ടെ…. പക്ഷേ അത് അത്ര നല്ല സൗകര്യങ്ങൾ ഒന്നുമുള്ള ഹോസ്പിറ്റൽ അല്ല. പണ്ടൊക്കെ നമ്പർ ഒൺ ആയിരുന്നു. ഇപ്പോൾ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലൊക്കെ വന്നപ്പോൾ അത് ക്ഷയിച്ചു പോയി. ഇപ്പോൾ പാവങ്ങളുടെ പ്രൈവറ്റ് ഹോസ്പിറ്റൽ ആണ്.

മ്മ്മ് എനിക്ക് അവിടെ പോകാനുള്ള സൗകര്യം നീ ചെയ്തു തരണം….

ഞാൻ കൂടെ വരാം…

വേണ്ട സ്വപ്ന… ഞാൻ പറഞ്ഞില്ലേ ഒരു രഹസ്യമാണെന്ന്

മ്മ്മ്… അവിടെ എന്റെ ഒരു ഫ്രണ്ട് വർക്ക് ചെയ്യുന്നുണ്ട്. ഞാൻ വിളിച്ചു പറയാം നിനക്ക് വേണ്ട സഹായങ്ങൾ ചെയ്യാൻ…. നീ പേടിക്കേണ്ട ഞാൻ അന്വേഷിക്കുകയും ഇല്ല അവൻ എന്നോട് പറയുകയും ഇല്ല നീ അവിടെ പോയത് എന്തിനാണെന്ന്… പിന്നെ ഡ്രൈവറെ കൂട്ടി വിടാം. നീ കാറിൽ പോയ്‌ വന്നാൽ മതി. പരിചയമില്ലാത്ത സ്ഥലം അല്ലെ…

മ്മ്മ്…. താങ്ക്സ് ഡിയർ …

പിറ്റേന്ന് രാവിലെ ഗായത്രി ആ ഹോസ്പിറ്റലിൽ എത്തി.

സ്വപ്‍ന പറഞ്ഞത് പോലെ തന്നെയാണ്…. കാണുമ്പോഴേ പഴമ വിളിച്ചോതുന്ന ഒരു ഹോസ്പിറ്റൽ.

റിസപ്ഷനിൽ ചെന്ന് ഡോക്ടർ അജിത് ഉണ്ടോ എന്ന് ചോദിച്ചു… കുറച്ചു കഴിഞ്ഞതും ഒരു നഴ്‌സ്‌ വന്നു കൂട്ടികൊണ്ട് പോയി… Dr അജിത് എന്ന നെയിം ബോർഡിന്റെ അവിടെ ആക്കിയിട്ടു അകത്തേക്ക് കയറിക്കോളാൻ പറഞ്ഞിട്ട് നഴ്‌സ്‌ പോയി.

ഡോറിൽ പതുക്കെ തട്ടി… അകത്ത്‌ കയറാനുള്ള അനുവാദം കിട്ടി…

ഡോക്ടർ ഞാൻ സ്വപ്നയുടെ frnd ആണ്… Dr ഗായത്രി…

ങ്ഹാ… സ്വപ്ന പറഞ്ഞിരുന്നു.. വേണ്ട സഹായങ്ങൾ ചെയ്യണം എന്ന്.

എനിക്ക് 25 വർഷം മുന്നേ ഉള്ള ഒരു സ്റ്റാഫിനെ കുറിച്ചാണ് അറിയേണ്ടത്…… അത്രയും വർഷങ്ങൾ ആയി ഇവിടെ വർക്ക് ചെയ്യുന്ന ആരേലും ഉണ്ടോ ഡോക്ടർ….

രണ്ട് സ്റ്റാഫ് വർഷങ്ങൾ ആയി ഉള്ളവർ ആണ്. അവരോടു ചോദിച്ചു നോക്കു. ഞാൻ അവരെ വിളിപ്പിക്കാം…

മ്മ്മ്… ok ഡോക്ടർ

കുറച്ചുനേരം രണ്ടുപേരുമായി സംസാരിച്ചിരുന്നു…

അപ്പോഴേക്കും രണ്ടുപേർ റൂമിൽ വന്നു. അവർക്ക് അൻപതു വയസ്സിനു മുകളിൽ പ്രായം ഉണ്ട്.

ഇത് സുധയും ജലജയും… രണ്ടുപേരെയും പണ്ട് ഇവിടെ തന്നെ നഴ്സിംഗ് പഠിപ്പിച്ചു കൊടുത്തു ജോലിക്ക് എടുത്തതാണ്… സർട്ടിഫിക്കറ്റ് ഇല്ലാത്തതു കൊണ്ട് രണ്ടുപേരും ഇവിടെ ഉണ്ട് ഇപ്പോഴും.. നല്ല എക്സ്പീരിയൻസ് ഉള്ള നഴ്‌സ്‌ മാരാണ്…

ഗായത്രി രണ്ടുപേരെയും നോക്കി ചിരിച്ചുകൊണ്ട് തൊഴുതു….

ഇത് ഡോക്ടർ ഗായത്രി ആണ്. ഇവർക്ക് കുറച്ചു വർഷം മുൻപുള്ള കാര്യങ്ങൾ അറിയാനായി ആണ് വന്നത് … നിങ്ങളെ കൊണ്ടു ചെയ്യാൻ പറ്റുന്ന സഹായം ചെയ്യണം… മാനേജ്മെന്റ് ഒന്നും അറിഞ്ഞിട്ടില്ല….

ശരി ഡോക്ടർ… ഞങ്ങൾക്ക് അറിയുന്ന കാര്യങ്ങൾ പറഞ്ഞു കൊടുക്കാം….

അങ്ങനെ അവർ മൂന്നുപേരും കൂടി ഹോസ്പിറ്റലിന്റെ ആളൊഴിഞ്ഞ ഒരു സ്ഥലത്തേക്ക് നടന്നു.

അവിടെ ഒരിടത്തു ഇരുന്നു… മാഡത്തിന് ആരെ കുറിച്ചാണ് അറിയാൻ ഉള്ളത്.

എന്നെ ഗായത്രി എന്ന് വിളിച്ചാൽ മതി… നമുക്ക് ഒരു അകലം ഇല്ലാതെ സംസാരിക്കണം…. അതാണ് അങ്ങനെ പറഞ്ഞത്. അത് 25 വർഷം മുന്നേ ഉള്ള ഒരു സൂര്യ എന്ന നഴ്സിനെ കുറിച്ചാണ്….

സൂര്യയേയോ….. രണ്ടുപേരും അന്തംവിട്ടപോലെ ചോദിച്ചു…

എന്താ അറിയില്ലേ….

അത്…. അറിയാം….. പക്ഷേ…. ഇപ്പോൾ എവിടെയാണെന്നോ എങ്ങനെ ആണെന്നോ അറിയില്ല…

ഇപ്പോൾ അവർ എറണാകുളത്തു ഒരു ഗവണ്മെന്റ് ഹോസ്പിറ്റലിൽ നഴ്‌സ്‌ ആണ്. ഞാനും അവരും ഒന്നിച്ചാണ് വർക്ക് ചെയ്യുന്നത് അവരുടെ മോൾക്ക്‌ വേണ്ടിയാണു ഞാൻ ഇപ്പോൾ ഇവിടെ വന്നതും….

സൂര്യക്ക് ഗവണ്മെന്റ് ഹോസ്പിറ്റലിൽ കിട്ടിയെന്ന് പറഞ്ഞാണ് ഇവിടെ നിന്ന് പോയത് …. നല്ല മനസായിരുന്നു ശരിക്കും മാലാഖ… പാവം…. ഭർത്താവ്‌ കുട്ടികൾ ഒക്കെ ആയി അവൾ സന്തോഷത്തോടെ ആണോ മോളെ….

അതേ ആന്റി… ഒരു മോൾ മാത്രമേ ഉള്ളു… മോൾ ഡോക്ടർ ആണ്.

അത്രയും വലിയ മോൾ ആയോ…. ഇവിടെ നിന്ന് പോകുമ്പോൾ വിവാഹം ഒന്നും കഴിഞ്ഞില്ല കേട്ടോ…. എന്റെ ഓർമ ശരിയാണെങ്കിൽ ഒരു 24 വർഷം ആകുമായിരിക്കും….

ഇവിടെ നിന്ന് പോകുന്നത് വരെയുള്ള സൂര്യയെ കുറിച്ച് എനിക്ക് പറഞ്ഞു തരാമോ…

അങ്ങനെ പറയാൻ ആയി…..

ഒന്ന് വിശദമായി പറയാമോ ആന്റി…..

അയ്യോ ഞങ്ങൾ പറഞ്ഞാൽ പിന്നെ അത് പ്രശ്നം ഒന്നും ആകില്ലേ…. സൂര്യയുടെ ജീവിതത്തിൽ ഇനി ഒന്നും സംഭവിക്കേണ്ട അവൾ സന്തോഷത്തോടെ ജീവിക്കട്ടെ….

നിങ്ങൾ പറഞ്ഞാൽ മാത്രമേ അവരുടെ ജീവിതം സന്തോഷം ആകൂ… ഇത്രയും ദൂരം ഞാൻ വെറുതെ വരില്ലഎന്നറിയാമല്ലോ….

മോളെ… അജിത് ഡോക്ടർ പറഞ്ഞിട്ടാണ് ഞങ്ങൾ എല്ലാം പറയുന്നത്. കാരണം നമ്മളെ ഈ ഹോസ്പിറ്റലിൽ പരിഗണിക്കുന്നത് ഡോക്ടർ മാത്രം ആണ്. ബാക്കിയുള്ളവർക്കൊക്കെ നമ്മളെ പുച്ഛം ആണ്. അവരെ പോലെ പരിഷ്‌കാരം ഒന്നും ഇല്ലാത്ത നഴ്‌സ്‌ മാരല്ലേ നമ്മൾ.

അതുകൊണ്ട് നിങ്ങൾ ധൈര്യമായി പറഞ്ഞോ…. ഒന്നും ആർക്കും സംഭവിക്കില്ല….

വർഷങ്ങൾക്കു മുൻപുള്ള സൂര്യയെ കുറിച്ച് അവർ പറയാൻ തുടങ്ങി….

ഒരുദിവസം 9 മണിക്കാണ് ആദ്യമായ് അമ്മയുടെ ഒപ്പം ഇവിടെ വരുന്നേ. പുതിയ സ്റ്റാഫ്‌ ആണെന്ന് പറഞ്ഞു.

എല്ലാപേരെയും നോക്കി പുഞ്ചിരിച്ചുകൊണ്ടു പരിചയപെട്ടു… പഠിച്ചു കഴിഞ്ഞതേ ഉള്ളു. ആദ്യമായ് ജോലിക്ക് കയറുന്നതാണ്…

എല്ലാത്തിനും പേടിയുള്ള സ്വഭാവം ആണ്… പക്ഷേ…..രോഗികളോടൊക്കെ ഭയങ്കര സഹതാപം ആണ്. അവരോടു ഒരുപാട് സ്‌നേഹത്തോടെ മാത്രമേ പെരുമാറൂ…

വന്ന് ഒരാഴ്ച കൊണ്ടു സ്ഥിരം വരുന്ന രോഗികളുടെ ഒക്കെ കാര്യങ്ങൾ അവൾ പഠിച്ചു. ഡെയിലി ഇൻജെക്ഷൻ എടുക്കാനും ഡ്രസിങ് ചെയ്യാനുമൊക്കെ വരുന്ന കുറേ പ്രായമുള്ളവർ ഉണ്ട്. എല്ലാപേരുടെയും പ്രിയപ്പെട്ടവൾ ആയിരുന്നു സൂര്യ. അവൾക്ക് ഭയങ്കര കൈപ്പുണ്യം ആണെന്നും മുറിവിൽ അവൾ തൊട്ടാൽ പെട്ടന്ന് ഭേദമാകും… ഇൻജെക്ഷൻ എടുത്താൽ വേദനിക്കില്ല ഇതൊക്കെ അവളുടെ മേന്മകളായ് എല്ലാപേരും പറയാൻ തുടങ്ങി. ഞങ്ങൾക്ക് ശരിക്കും അവളോട്‌ ദേഷ്യം തോന്നിത്തുടങ്ങി. എന്നാൽ തിരക്ക് വന്നാൽ പെട്ടന്ന് ടെൻഷൻ ആകും. ആൾകൂട്ടം പേടിയാണ്…. അത്രക് പാവം കുട്ടി. ഡ്യൂട്ടി ടൈം കഴിഞ്ഞാലും രോഗികൾ ഉണ്ടേൽ പോകില്ല. ഓപ്പറേഷൻ ഉണ്ടെങ്കിലോ ഡെലിവറി ഉണ്ടങ്കിലോ അത് കഴിയാൻ കാത്തു നില്കും.

അങ്ങനെയിരിക്കെ ഒരു ഡെലിവറി കേസ് വന്നു. അവർ ഡേറ്റിനും മൂന്ന് ദിവസം മുൻപേ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയി. ആ പെൺകുട്ടി ഒരു ഊമയായിരുന്നു. സൂര്യ പോയി പരിചയപെട്ടു… അതിന്റെ അമ്മയാണ് കൂടെ ഉള്ളത്. അമ്മയില്ലാത്ത സമയം സൂര്യ അതിന്റെ റൂമിൽ പോയപ്പോൾ ആണ് ആ പെൺകുട്ടി ആംഗ്യ ഭാഷയിൽ ഓരോ കാര്യങ്ങൾ പറഞ്ഞത്….

അതിന്റെ വിവാഹം കഴിഞ്ഞില്ല എന്നും ഈ കുട്ടിയെ പ്രസവിച്ചു ആർക്കോ കൊടുക്കാൻ പോകുന്നു എന്നൊക്കെ അത് പറഞ്ഞു.

അപ്പോഴേക്കും അമ്മ കയറി വന്നു. സൂര്യ ചോദിച്ചു എന്താ പ്രശ്നം. അവർ ആദ്യമൊക്കെ ഒന്നും പറഞ്ഞില്ല പിന്നെ പറഞ്ഞു അവർക്ക് 3 പെൺകുട്ടികൾ ആണെന്ന്. ഇത് മൂത്തകുട്ടി. പഠിക്കാൻ മോശമായിരുന്നു. അങ്ങനെ ഒരു വീട്ടിൽ വീടോടെ നിന്നു വീട്ടുജോലിക്കായി പറഞ്ഞു വിട്ടു. അവളുടെ കാര്യങ്ങൾ അവിടെ കഴിയും. അച്ഛൻ മരിച്ചുപോയി. ഇളയ കുട്ടികളെ പഠിപ്പിക്കണം. അങ്ങനെ അവളുടെ വരുമാനം കൂടി ആയപ്പോൾ അവർക്കു ആശ്വാസം ആയി.

ഇതിനിടയിൽ ഒരുദിവസം മോളെ കാണാൻ പോയപ്പോൾ ആണ് ആ വീട്ടുകാർ പറയുന്നത് അവൾ ഗർഭിണിയാണെന്ന്. അവൾ ആരോടും പറഞ്ഞില്ല. 6 മാസം ആയി. കാരണക്കാരൻ ആ വീട്ടിലെ മകൻ തന്നെ. വയർ കണ്ടു സംശയം തോന്നിയാണ് അവർ അവളെ കൊണ്ടു ഡോക്ടർ കാണാൻ പോയത്. ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ ആയി. ഇനി പ്രസവിച്ചു കുഞ്ഞിനെ ഏതെങ്കിലും അനാഥാലയത്തിൽ ഏൽപ്പിക്കാൻ ആണ് ഇരിക്കുന്നത്. അവർ ആണ് ചിലവെല്ലാം നോക്കുന്നത്. എനിക്ക് എന്ത് പറയാൻ പറ്റും. ആരോടും ഒന്നും പറയല്ലേ എന്നാണ് പറഞ്ഞിരിക്കുന്നത്. അതാണ് ഇവിടെ കൊണ്ടുവന്നു അഡ്മിറ്റ്‌ ആക്കിയത്. ഡോക്ടറിനോട് പറഞ്ഞിട്ടുണ്ട്. കുഞ്ഞിനെ അവളെ കാണിക്കില്ല. പ്രസവിച്ചയുടനെ കൊണ്ടുപോകാൻ ആരോ വരും എന്നാണ് പറയുന്നത്. ഒരാഴ്ച ഇവിടെ നോക്കുമെന്നു ഡോക്ടർ പറഞ്ഞു.

ഈ കഥകൾ കേട്ട് സൂര്യ ഒരുപാട് വിഷമിച്ചു. നമ്മോടൊക്കെ പറഞ്ഞ് വിഷമിക്കും ആയിരുന്നു. അങ്ങനെ ഒരുദിവസം രാവിലെ ആ കുട്ടിക്ക് പെയിൻ തുടങ്ങി. അപ്പോൾ മുതൽ സൂര്യയാണ് കൂടെ നിന്നത്. ഉച്ചക്ക് ഡെലിവറി കഴിഞ്ഞു. പെൺകുഞ്ഞാണ്‌. സൂര്യ തന്നെ കുഞ്ഞിനെ നഴ്സിംഗ് കെയർ ഒക്കെ കൊടുത്തു പൊതിഞ്ഞു കൊണ്ടു ഒരു റൂമിൽ പോയി. ആ കുഞ്ഞിനെ നോക്കാൻ ആയി വേറൊരു റൂമും എടുത്തിട്ടുണ്ടായിരുന്നു. ഞങ്ങൾ കുഞ്ഞിനെ കാണാൻ പോയപ്പോൾ ആ കുഞ്ഞിനേയും ചേർത്തു പിടിച്ചു കരഞ്ഞു കൊണ്ടിരിക്കുന്ന സൂര്യയെ ആണ്. ഇതെന്താ നീ കരയുന്നെ എന്ന് കേട്ടപ്പോൾ അവൾ പറയുകയാണ് ആ അമ്മയോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയല്ലേ സ്വന്തം കുഞ്ഞിനെ ഒന്നു കാണാൻ പോലും അനുവദിക്കാത്തത്. ഇത് കണ്ടോ എന്റെ രണ്ടുകയ്യിലും ആ കുട്ടി പ്രസവ വേദനകൊണ്ടു പിടഞ്ഞപ്പോൾ എന്നെ അള്ളിപ്പിടിച്ചു മുറിച്ചതാണ്…. ഒന്ന് വാവിട്ടു കരയാൻ പോലും പറ്റാത്ത അതിനെ കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല. ഞങ്ങൾ അവളുടെ കൈകൾ പിടിച്ചുനോക്കി. ശരിയാണ്…. അവളുടെ രണ്ടു കൈകളും രക്തം പൊടിഞ്ഞു നഖപ്പാടുകൾ ആയി കിടക്കുന്നു.

അന്ന് ഡ്യൂട്ടി കഴിഞ്ഞു അവൾ പോയില്ല. വീട്ടിൽ അടുത്ത് എവിടെയോ ഫോൺ ചെയ്തു പറഞ്ഞിട്ട് അന്ന് ആ കുഞ്ഞിനെ നോക്കി അവിടെ ഇരുന്നു. പിറ്റേന്നു രാവിലെ വീട്ടിൽ പോയി ഫ്രഷായി ഉടനെ വന്നു. ആ കുഞ്ഞിനെ ഞങ്ങളെ പോലും എടുക്കാൻ തരില്ല.

ആ പെൺകുട്ടിയെ റൂമിൽ കൊണ്ടു വന്നപ്പോൾ സൂര്യപോയി കണ്ടു. അത് കുഞ്ഞിനെ ചോദിച്ചു. സുഖമായിരിക്കുന്നു എന്ന് പറഞ്ഞു. എന്നെ കാണിക്കുമോ എന്നു ചോദിച്ചു. നീ ഡിസ്ചാർജ് ആയി പോകുംമുന്നേ കാണിക്കാം എന്ന് അവൾ വാക്ക് കൊടുത്തു.

ആ കുഞ്ഞിനെ കൊണ്ടു പോകാൻ ആരും വന്നില്ല. അവർ ഏതോ അനാഥാലയത്തിൽ പറഞ്ഞിട്ടുണ്ട് എന്നാണ് പറഞ്ഞത്. 2 ദിവസമായി സൂര്യയാണ് ആ കുഞ്ഞിനെ മൊത്തം നോക്കിയത്. അടുത്ത ദിവസം വീട്ടിൽ പോയിട്ട് വന്ന് അവൾ പറഞ്ഞു ആ കുഞ്ഞിനെ അവൾ കൊണ്ട് പോകുന്നുവെന്ന്.

അതെങ്ങനെ എന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞു വീട്ടിൽ പറഞ്ഞപ്പോൾ ആദ്യമൊക്കെ എതിർത്തുവെങ്കിലും പിന്നെ സമ്മതിച്ചു. അതുകൊണ്ട് കൊണ്ടുപോകുമെന്ന്.

എന്നിട്ട് ആ കുഞ്ഞിന്റെ അമ്മയോട് പോയി പറഞ്ഞു നിങ്ങടെ മോളെ ഞാൻ ആണ് വളർത്തുന്നത്. പേടിക്കേണ്ട അവൾ അനാഥയാകില്ല എന്ന്. കൂടാതെ ആ കുഞ്ഞിനെ ആരും കാണാതെ അതിന്റെ അമ്മക്ക് കാണിച്ചും കൊടുത്തു.

പിന്നെ അവൾ ലീവ് ആയിരുന്നു. 2 ആഴ്ചവരെ വന്നില്ല. ആ കുഞ്ഞിനൊപ്പം ആയിരുന്നു. പിന്നെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവൾക്ക് ഗവണ്മെന്റ് ഹോസ്പിറ്റലിൽ ജോലിയായി എന്ന് പറഞ്ഞു അവൾ പോയി. പിന്നെ ഒന്നും അറിയില്ല.

അപ്പോൾ ആ കുഞ്ഞിനെ സൂര്യ കൊണ്ടുപോയോ…

മ്മ്മ് ഇവിടെ നിന്ന് പോകുമ്പോൾ കൊണ്ടുപോയി. പിന്നൊന്നും പറഞ്ഞുപോലും കേട്ടിട്ടില്ല.

എന്നാൽ ഒരുപാട് സന്തോഷം ഇത്രയും വിവരങ്ങൾ തന്നതിന്.

ഞങ്ങളുടെ അന്വേഷണം സൂര്യയോടു പറയണേ മോളെ….

മ്മ്മ്… പറയാം…

അവൾ അവർക്കൊപ്പം ഒരു സെൽഫി എടുത്തു.

ഡോക്ടർ അജിത്തിനോടും യാത്ര പറഞ്ഞുകൊണ്ട് അവൾ അവിടെ നിന്നും ഇറങ്ങി.

നേരെ കൈയിലുള്ള അഡ്രസ് അന്വേഷിച്ചു പോയി. ഡ്രൈവറിനു ആ സ്ഥലവും അറിയാമായിരുന്നു.

ഒരു പഴയ ഓടിട്ട വീടിനെ അല്പം പുതുക്കി പണിതപോലെ ഒരു വീട് ആയിരുന്നു. അവൾ പോയി കാളിങ് ബെൽ അടിച്ച് കാത്തുനിന്നു.

ഒരു അമ്മൂമ്മയാണ് വന്ന് വാതിൽ തുറന്നത്.

ആരാ…. മനസിലായില്ല

ഇത് സൂര്യ എന്ന് പറയുന്ന ആളുടെ വീടല്ലേ….

സൂര്യ ഇവിടെ ഇല്ല… ആരാണ്….

സൂര്യയുടെ അമ്മയാണോ….

അതേ…

ഞാൻ…. സൂര്യയുടെ മോളാണ്….

ആ അമ്മൂമ്മ കരഞ്ഞുകൊണ്ട് വന്ന് എന്നെ പിടിച്ചു. മോൾ എങ്ങനെ ഇവിടെ വന്നു. അമ്മയെവിടെ…..

അമ്മ വന്നിട്ടില്ല…. എനിക്ക് കുറച്ച് കാര്യങ്ങൾ അറിയാൻ വേണ്ടിയാണു ഞാൻ വന്നത്.

മോൾ വന്നിരിക്കു… അവർ ഗായത്രിയെ കൂട്ടി അകത്തു കയറിയിരുന്നു.

എന്താ അറിയേണ്ടത്

അമ്മയും ഞാനും മാത്രമേ ഉള്ളു. ഞങ്ങൾക്ക് ബന്ധുക്കൾ ഒന്നും ഇല്ലാതായത് എന്താ കാര്യം .

അതൊക്കെ നിന്റെ അമ്മയുടെ എടുത്തു ചാട്ടം ആണ് മോളെ…

അമ്മ ഹോസ്പിറ്റലിൽ നിന്ന് ഒരു കുഞ്ഞിനെ കൊണ്ടു വന്നില്ലേ…. അതിനു ശേഷം എന്താ സംഭവിച്ചേ….

അവൾ എന്നോട് വന്നിട്ട് പറഞ്ഞു ഒരു കുഞ്ഞിനെ പ്രസവിച്ചു ഉപേക്ഷിക്കുന്നു അമ്മേ കണ്ടിട്ട് വിഷമം ആയി. ഞാൻ കൊണ്ടുവരട്ടെ എന്ന്…

അവൾക്ക് വിവാഹം കഴിഞ്ഞിട്ടില്ല. 21 വയസ്‌ പോലും തികഞ്ഞില്ല. ഞാൻ ചോദിച്ചു നീ എന്താ ഉദ്ദേശിക്കുന്നെ ആ കുഞ്ഞിനെ ആരു വളർത്തും…

ഞാൻ വളർത്താം അമ്മേ…

അപ്പോൾ നിന്റെ വിവാഹം…

അതിനെന്താ…. പറഞ്ഞാൽ പോരെ ഒരു കുഞ്ഞിനെ വളർത്തുന്നു എന്ന്. ഞാൻ പ്രസവിച്ചതൊന്നും അല്ലല്ലോ… പിന്നെന്താ പറഞ്ഞാൽ…

സൂര്യാ… നിനക്ക് ഭ്രാന്തായോ… അച്ഛൻ അറിയേണ്ട….

അമ്മ എങ്ങനെയെങ്കിലും ഒന്നു സമ്മതിക്കമ്മ… അവൾ എന്നോട് ഇത് തന്നെ പറഞ്ഞുകൊണ്ടിരുന്നു….

ഒട്ടും നടക്കില്ല എന്ന് ഞാൻ അറിയിച്ചു…

അപ്പോൾ പിന്നെ എന്നോട് പറഞ്ഞു അമ്മേ ഒരു രണ്ടാഴച്ചത്തേക്ക് കുഞ്ഞിനെ നോക്കാനായി ഞാൻ കൊണ്ടു വരട്ടെ. അപ്പോഴേ ആ കുഞ്ഞിനെ കൊണ്ടുപോകാനുള്ള ആൾക്കാർ വരുകയുള്ളു എന്ന്. ഒരുപാട് വാശി പിടിച്ചു അവൾ കരഞ്ഞു. അവസാനം 2 ആഴ്ചയല്ലേ എന്ന് പറഞ്ഞു ഞാൻ അച്ഛനോട് പറഞ്ഞു സമ്മതിപ്പിച്ചു. അങ്ങനെ ആ കുഞ്ഞുമായി ഇവിടെ വന്നു. ഏത് നേരവും അതിന്റെ അടുത്ത് തന്നെ.

2 ആഴ്ച കഴിഞ്ഞിട്ടും ഒരു അനക്കവും ഇല്ല. കുഞ്ഞിന്റെ കാര്യത്തിൽ. അവസാനം ഞാൻ അവളോട്‌ ചോദിച്ചു എന്താ നിന്റെ തീരുമാനം എന്ന്. അപ്പോൾ പറയുകയാണ് ഇനി ആരും കുഞ്ഞിനെ കൊണ്ടുപോകാൻ വരില്ലെന്ന്.

എനിക്ക് ദേഷ്യമായി… ഞാൻ അവളെ അടിച്ചു. വഴക്ക് പറഞ്ഞു. അച്ഛൻ വന്ന് ബാക്കി കൊടുത്തു. അവൾ ഒറ്റക്കാലിൽ നിൽപ് തുടങ്ങി. കുഞ്ഞിനെ ഉപേക്ഷിക്കില്ല. അച്ഛൻ പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി പോകാൻ.

അവൾക്ക് അതും സമ്മതം. ഇതിനിടയിൽ നാട്ടിലൊക്കെ പാട്ടായി സൂര്യ പഠിക്കാൻ പോയി വന്നതു ഗർഭിണിയായി ആണെന്ന്. നാട്ടുകാരുടെ വാ മൂടികെട്ടാൻ പറ്റുമോ…

ഇതിനിടക്ക് അവൾക്കു കോട്ടയം ഗവണ്മെന്റ് ഹോസ്പിറ്റലിൽ ജോലി കിട്ടി.

അവൾ കുഞ്ഞിനേയും കൊണ്ടു പോകുമെന്ന് പറഞ്ഞു. ഞാനും അച്ഛനും അവളോട് മിണ്ടാതെ ആയി. അതൊന്നും അവൾക്കു ഒരു വിഷമവും ഇല്ല. അത്രക് ആ കുഞ്ഞിനോട് അടുത്ത് പോയിരുന്നു അവൾ.

അങ്ങനെ കോട്ടയത്ത്‌ പോയി… അവൾ നിന്ന ഹോസ്പിറ്റലിൽ നിന്നും അവിടത്തെ ഡോക്ടർ തന്നെ ഒരാളെയും വീടും ഏർപ്പാടാക്കി കൊടുത്തു. അവൾ കുഞ്ഞിനെ ഏറ്റടുത്തതിനുള്ള സ്നേഹം ആകാം.

2 വർഷം അവൾ അവിടെ നിന്നു. ഇതിനിടയിൽ അച്ഛൻ ഒരു വിവാഹക്കാര്യം പറഞ്ഞു. അവൾക്ക് വിവാഹം വേണ്ടെന്നു ഒരേ വാശി….

അതോടെ അച്ഛൻ പറഞ്ഞു ഇങ്ങനെ ഒരു മോൾ നമുക്കില്ലെന്നു. ഇനി ഒരിക്കലും അവളെ അന്വേഷിക്കില്ല എന്നൊക്കെ.

അവൾക്കും വാശിയായിരുന്നു. അവൾ ഒരിക്കൽ പോലും നമ്മുടെ അടുത്ത് വന്നില്ല. ഒളിച്ചോട്ടം പോലെ എല്ലാപേരുമായുള്ള ബന്ധം അവൾ വേണ്ടാന്ന് വച്ചു. ട്രാൻസ്ഫർ ആയി എങ്ങോ പോയി. ആരുമായും ഒരു ബന്ധവും ഇല്ലാതെ.

അങ്ങനെ പോകുന്നു… അവൾ എവിടെ എന്നോ… എങ്ങനെ എന്നോ അറിയില്ല അപ്പോൾ വിവാഹം കഴിഞ്ഞു അല്ലെ… മോൾ മാത്രമാണോ… മറ്റേ കുട്ടി കൂടെ ഉണ്ടോ…

അമ്മൂമ്മേ…. അമ്മയുടെ വിവാഹം കഴിഞ്ഞില്ല. അമ്മ അന്ന് എടുത്തു കൊണ്ടുവന്ന കുട്ടിയാണ് ഞാൻ.

മോളെ….. അപ്പോൾ അവൾ ജീവിതം കളഞ്ഞു അല്ലെ….

മ്മ്മ്മ്…. അതേ… എനിക്കും അറിയില്ലായിരുന്നു… ഞാനും അന്വേഷിച്ചു എന്റെ അച്ഛനെയും ബന്ധുക്കളെയും ഒക്കെ… അപ്പോഴും ഒന്നും പറഞ്ഞില്ല ഞാൻ വഴക്കുണ്ടാക്കി…. അങ്ങനെ ഞാനായിട്ട് അന്വേഷണം നടത്തിയതാണ്.

അമ്മൂമ്മയോട് കുറേ സംസാരിച്ചു…

അവിടെ നിന്ന് യാത്രപറഞ്ഞിറങ്ങി…

സ്വപ്നയുടെ അടുത്തെത്തി… അന്ന് തന്നെ പോകുന്നു എന്നറിയിച്ചു… നീയെന്താ പെട്ടന്ന് പോകുന്നെ

എനിക്ക് അത്യാവശ്യം ഉണ്ട്. ഞാൻ പിന്നൊരിക്കൽ വരാം…..

എന്നാൽ ശരി… നീ പോകു.

അങ്ങനെ ഏഴുമണിക്കുള്ള ട്രെയിനിൽ ഗായത്രി പോകാൻ ഇറങ്ങി.

യാത്രയിലുടനീളം അവളുടെ മനസ്സിൽ അമ്മയായിരുന്നു.

അനാഥയാകുമായിരുന്ന എന്നെ അമ്മ ഏറ്റെടുത്തു വളർത്തി. ശരിക്കും എനിക്കൊരു ജീവിതം തന്നു. പക്ഷേ അമ്മ അനാഥയായില്ലേ…. അമ്മക്കൊരു ജീവിതം ഇല്ലാതെ പോയില്ലേ….

നാട്ടിൽ ചെന്നാൽ എല്ലാം ഒന്ന് ശരിയാക്കണം… എന്റെ വിവാഹത്തിന് മുൻപ് അമ്മയുടെ വിവാഹം നടത്തണം. അമ്മയെ ഇഷ്ടപെടുന്ന ഒരാൾ ഉണ്ട്. പലവട്ടം എന്നോടും വന്നു പറഞ്ഞു. അമ്മയെ ഒന്ന് പറഞ്ഞു മനസിലാക്കണം എന്ന് പറഞ്ഞിട്ട്. അമ്മ സമ്മതിക്കാഞ്ഞിട്ടാണ് ഞാനും താല്പര്യം എടുക്കാത്തത്… വീടിന്റെ കുറച്ച് അകലെ ഉള്ള ഒരു അധ്യാപകനാണ്… വിവാഹം കഴിഞ്ഞിട്ടില്ല…. കുടുംബപ്രാരാബ്ധങ്ങൾ ആയിരുന്നു. എല്ലാം കഴിഞ്ഞപ്പോൾ പ്രായം പോയതറിഞ്ഞില്ല. ഇനി എല്ലാപേരും അറിയട്ടെ എന്റെ അമ്മയുടെ വിവാഹം കഴിഞ്ഞിട്ടില്ലായെന്നും ഞാൻ ആണ് അനാഥയെന്നും….

ട്രെയിനിൽ ഇരിക്കെ തന്നെ ഹരിപ്രസാദ് വിളിച്ചു. Tvm എന്നാ തിരിച്ചു വരുന്നെന്നു ചോദിച്ചു കൊണ്ട്. ഞാൻ വന്നുകൊണ്ടിരിക്കുന്നു…

എനിക്ക് ഒരു സന്തോഷം അറിയിക്കാനുണ്ട്… അച്ഛൻ വിവാഹത്തിന് സമ്മതിച്ചു.

മ്മ്മ്മ്….

എന്താ ഗായത്രിക്ക് ഒരു സന്തോഷമില്ലാത്തപോലെ…

ഒന്നും ഇല്ല…. ഞാൻ ഒരു അനാഥ പെൺകുട്ടിയാണ് എന്നറിഞ്ഞാൽ ഈ വിവാഹം നടത്തുമോ….

എന്താ ഗായത്രി….

സത്യം… ഇതാണ് സത്യം…

ചുരുങ്ങിയ വാക്കുകളിൽ ഗായത്രി തന്റെ കഥകൾ ഹരിയെ അറിയിച്ചു…

അത്രയല്ലേ ഉള്ളു ഗായത്രി…. അച്ഛനോട് ഒന്നും പറയാൻ പോകേണ്ട… നമ്മുടെ വിവാഹം നടക്കട്ടെ…. അത് കഴിഞ്ഞു നമുക്ക് അമ്മയുടെ കാര്യവും നടത്താം…. താൻ അമ്മയോട് അറിഞ്ഞ കാര്യങ്ങൾ ഒന്നും ചോദിക്കേണ്ട… ആ അമ്മ ഇത്രയൊക്കെ ഉപേക്ഷിച്ചത് നിനക്ക് വേണ്ടിയാണ്. ഇത്രനാളും നീ അറിയാതെ സൂക്ഷിച്ച രഹസ്യം ആണ്. ഇനിയും നീ എല്ലാം അറിഞ്ഞു എന്ന് തോന്നിയാൽ…. അതുകൊണ്ട് നീ ഒന്നും അറിഞ്ഞിട്ടില്ല. ഞാനും താനും പിന്നെ അമ്മയെ വിവാഹം കഴിക്കാൻ പോകുന്ന ആ സാറിനോട് നമുക്ക് എല്ലാം പറയാം. നമ്മളിൽ നിന്നാൽ മതി ഈ രഹസ്യങ്ങൾ.

അമ്മയും സാറും ആയുള്ള വിവാഹം നടത്തണം അവർ അങ്ങനെ സന്തോഷിക്കട്ടെ….

അമ്മ എന്നും നിന്റെ സ്വന്തം ആണ്…. ഒരിക്കലും നീ അങ്ങനെ അല്ലാന്നു അറിഞ്ഞു എന്ന് വേണ്ട….

ഒരുപാട് സന്തോഷം ഹരി… താൻ എന്നോടൊപ്പം ഉണ്ടാകുമല്ലോ… എന്റെ അമ്മയെ മനസിലാക്കിയല്ലോ…

അങ്ങനെ ഈ യാത്രയോടെ തന്റെയും അമ്മയുടെയും ജീവിതത്തിലെ നല്ല നാളുകൾ കൂടി വരാൻ പോകുന്നതോർത്തു ഗായത്രി സന്തോഷത്തോടെ ചിരിച്ചു…..

രചന: മയിൽ‌പീലി

Leave a Reply

Your email address will not be published. Required fields are marked *