ചാരുലതയുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് ശ്യാം അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു.

രചന: Gayathri Vasudev

ചാരു

മുന്നിലെ കാഴ്ച കണ്ട് ഒരു നിമിഷം വിറങ്ങലിച്ചു നിന്നു പോയി ചാരുലത. താഴെ വീണുപോകാതിരിക്കാൻ ഭിത്തിയിൽ മുറുകെ പിടിക്കുമ്പോഴും ഇതൊന്നും സത്യമാവാതിരുന്നെങ്കിൽ എന്നാശിച്ചു അവൾ. നിശ്ചലമായ് പോയ കാലുകളെ വലിച്ചെടുത്ത് മുറിയിലേക്ക് എങ്ങനെയോ എത്തിപ്പെട്ടതും ചാരുലത കട്ടിലിലേക്ക് ചാഞ്ഞു. ഒരു പേമാരി പോലെ അവളുടെ കണ്ണുകൾ പെയ്തു തുടങ്ങി ഇടതടവില്ലാതെ..

അപ്പോഴും കണ്ണുകളിൽ ആ കാഴ്ച നിറഞ്ഞ് നിന്നു, തന്റെ ശ്യാമേട്ടനും ലയയും, അത് ഓർക്കാൻ കൂടി ശക്തിയില്ലാതെ അവൾ കണ്ണുകൾ ഇറുക്കിയടച്ചു. പതിയെ എഴുന്നേറ്റവൾ കണ്ണാടിക്ക് മുന്നിൽ വന്നു നിന്നു , തന്റെ പ്രതിരൂപം കണ്ടവൾക്ക് തന്നോട് തന്നെ പുച്ഛം തോന്നി.

“ഇനിയും നീ എന്തിനാ ശ്യാമേട്ടനു ഭാരമായ് ഇവിടെ നിൽക്കുന്നത് ? ഒഴിഞ്ഞു പൊയ്ക്കൂടെ എന്നന്നേക്കുമായി?”

സ്വയം പറഞ്ഞു കൊണ്ടവൾ ബ്ളേഡ് കൈത്തണ്ടയിലേക്ക് ചേർത്ത് വച്ചു. അപ്പോഴാണ് ഒരു പേപ്പർ പറന്നു വന്നു അവളുടെ കാലുകളിൽ തട്ടി നിന്നത്. ചാരുലത കുനിഞ്ഞു ആ പേപ്പർ എടുത്ത് നിവർത്തി നോക്കി. ചാരുലത ശ്യാമപ്രസാദ് പ്രഗ്നൻസി ടെസ്റ്റ് പോസിറ്റീവ് എന്ന് വായിച്ചതും കൈയിലിരുന്ന ബ്ളേഡ് തനിയെ താഴേക്ക് വീണു. ഒരു കൈകൊണ്ട് തന്റെ വയറിൽ ചേർത്ത് പിടിച്ചവൾ വീണ്ടും കണ്ണാടിയിലേക്ക് നോക്കി.

പെട്ടെന്ന് വാതിൽ തുറന്നു ശ്യാമപ്രസാദ് മുറിക്കുള്ളിലേക്ക് കടന്നു വന്നതും ചാരുലത പാടുപെട്ടു പുഞ്ചിരിക്കാൻ ശ്രമിച്ചു. ചാരുലതയുടെ മുഖത്തെ വല്ലായ്മ കണ്ടതും ശ്യാമപ്രസാദ് അവളുടെ അടുത്തേക്ക് വന്നു തോളിൽ കൈവച്ചു.

” എന്താ ചാരൂ തനിക്ക് വയ്യേ? എന്താ മുഖം ഒക്കെ വല്ലാതെ?”

” ഒന്നൂല്ല ശ്യാമേട്ടാ ഒരു തലവേദന , ഓഫീസിൽ നല്ല സ്ട്രെസ് ഉണ്ട്. അതിന്റെയാവും.”

മനസ്സിൽ വന്ന കള്ളം ചാരു എങ്ങനെയോ പറഞ്ഞൊപ്പിച്ചു. ചാരുലതയുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് ശ്യാം അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു. കൈയിലിരുന്ന ലാബ് റിപ്പോർട്ട് ചുരുട്ടി കൂട്ടിക്കൊണ്ടു അവൾ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി. ഇത് നമ്മൾ രണ്ടാളും ഒരുമിച്ചുള്ള അവസാന നിമിഷങ്ങൾ ആണെന്ന് അവളുടെ മനസ് പറഞ്ഞു കൊണ്ടേ ഇരുന്നു. അവളെ തന്നിൽ നിന്നും അടർത്തി മാറ്റി ശ്യാം പറഞ്ഞു” താൻ കിടന്നോ , അടുക്കളയിൽ കയറണ്ട. ലയക്ക് മസാല ദോശ വേണമെന്ന് പറഞ്ഞു ഞാൻ പുറത്ത് പോയിട്ട് വരാം”

യാന്ത്രികമായി തലയാട്ടിക്കൊണ്ടവൾ ശ്യാമിനെ യാത്രയാക്കി. ബുള്ളറ്റിൽ ശ്യാം ഗേറ്റ് കടന്നതും ചാരു തിരിച്ചു മുറിയിലെത്തി ഉറ്റ സുഹൃത്തായ റീനയെ വിളിച്ചു…

റീന ഫോണെടുത്തതും ഏങ്ങലടിക്കുന്ന ചാരുവിന്റെ ശബ്ദമാണ് കേട്ടത്.

“എന്താ ചാരൂ എന്തിനാ കരയുന്നത്? നീ ഗർഭിണി ആണെന്ന് ശ്യാമിനോട് പറഞ്ഞില്ലേ?”

അപ്പോഴും മറുപടി പറയാതെ ചാരു കരഞ്ഞ് കൊണ്ടേ ഇരുന്നു.

” ചാരൂ മോളേ എന്താടാ പ്രോബ്ലം? ”

” എന്നോട് ഒന്നും ചോദിക്കല്ലേ റീന. എനിക്ക് ഇനിയും ഇവിടെ നിൽക്കാൻ വയ്യ. ശ്യാമേട്ടൻ എന്നെ ചതിക്കുകയായിരുന്നു. ഞാൻ ഒരുപാട് വിശ്വസിച്ചിട്ടും സ്നേഹിച്ചിട്ടും ശ്യാമേട്ടനു ഞാൻ ആരുമല്ല.. എന്നോട് ഒരു അകൽച്ച വന്നത് പോലെ തോന്നിയിരുന്നെങ്കിലും അത് ലയയോടുള്ള അടുപ്പം കൊണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.. ഒരുപക്ഷേ ഇനിയും ഞാനിവിടെ നിന്നാൽ എന്റെ കുഞ്ഞിനോടും ഏട്ടൻ അകൽച്ച കാണിക്കും അതെനിക്ക് സഹിക്കാനാവില്ല”

” ചാരൂ റിലാക്സ് .. നീയിങ്ങനെ കരഞ്ഞ് ഒന്നും വരുത്തി വെയ്ക്കല്ലേ..”

” എനിക്ക് ഇവിടെ പറ്റണില്ല റീന.”

” ചാരൂ നീയിങ്ങോട്ട് വാ. നമുക്ക് ഒന്നിച്ച് എന്റെ നാട്ടിലേക്ക് പോകാം. ”

അത്യാവശ്യം വേണ്ട സാധനങ്ങൾ മാത്രമെടുത്ത് ചാരു ആ വീട് വിട്ടിറങ്ങി. തിരിഞ്ഞ് നോക്കി കണ്ണുകൾ തുടച്ചു അവൾ നടന്നകന്നു. ശ്യാം അവളെ അന്വേഷിക്കാനുള്ള എല്ലാ പഴുതുകളും അടച്ചായിരുന്നു അവളുടെ പടിയിറക്കം. തിരിച്ചു വീട്ടിലെത്തിയ ശ്യാമിനു കാണാൻ കഴിഞ്ഞത് ഒരു കുറിപ്പായിരുന്നു.

” ശ്യാമേട്ടാ ഞാൻ പോവുകയാണ് ഇനിയും ഞാനിവിടെ നിൽക്കുന്നതിൽ അർത്ഥമില്ല. ഏട്ടൻ സന്തോഷമായിരിക്കണം എപ്പോഴും. എന്നെ അന്വേഷിച്ചു വരരുത്. “കത്ത് വായിച്ചതും ശ്യാം തളർന്നു നിലത്തേക്കിരുന്നു. ചാരുവിനെ അന്വേഷിച്ചു ഒരുപാട് അലഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം.

മൂന്ന് മാസങ്ങൾക്ക് ശേഷം റീനയുടെ വീട്..

പുൽത്തകിടിയിലെ ഊഞ്ഞാലിൽ എന്തോ ആലോചിച്ചു ഇരിക്കുന്ന ചാരുലതയുടെ അടുത്തേക്ക് വന്നു ചാരൂ എന്ന് വിളിച്ചതും അവൾ ഞെട്ടി റീനയെ നോക്കി.

” ചാരൂ ഇനിയും എത്ര നാൾ നീ തുടരും ഈ അജ്ഞാതവാസം ? ”

” അറിയില്ല”

” ചാരൂ നീ ഇനിയെങ്കിലും എന്നോട് പറ എന്താ സംഭവിച്ചത്​എന്ന്? ചാരു പതിയെ എഴുന്നേറ്റ് ആ ലോണിലൂടെ നടന്നു.

” റീനാ നിനക്കറിയാല്ലോ വിവാഹം കഴിഞ്ഞ് ഏഴു വർഷമായിട്ടും ഞങ്ങൾക്കൊരു കുഞ്ഞിനെ ദൈവം തന്നില്ല. പ്രോബ്ലം എനിക്കാണെന്നറിഞ്ഞിട്ടും ഒരിക്കൽ പോലും കുറ്റപ്പെടുത്താതെ എനിക്ക് തണലാവുകയായിരുന്നു ശ്യാമേട്ടൻ” പിന്നെന്താ സംഭവിച്ചത്?”

” അങ്ങനെ ഇരിക്കെ ഒരു ദിവസം ഒരു സുഹൃത്ത് വഴിയാണ് വാടക ഗർഭപാത്രം എന്ന ഓപ്ഷനെ കുറിച്ച് ഞാൻ അറിയുന്നത്. ഇതറിഞ്ഞതേ ശ്യാമേട്ടൻ ഒരുപാട് എതിർത്തെങ്കിലും ഒടുവിൽ എന്റെ വാശിക്ക് സമ്മതം മൂളി. പറ്റിയ പെൺകുട്ടിയെ കണ്ടുപിടിച്ചതുമെല്ലാം ഞാനായിരുന്നു. ഒടുവിൽ അവളെ വീട്ടിലേക്ക് കൊണ്ടുവന്ന ദിവസമാണ് ഞാനറിയുന്നത് ലയ ശ്യാമേട്ടന്റെ പൂർവകാമുകി ആയിരുന്നു എന്ന്. ശ്യാമേട്ടനും അതൊരു ഷോക്കായിരുന്നു. ജാതിയുടേയും പണത്തിന്റെയും പേരിൽ ഏട്ടന്റെ അച്ഛൻ അവരെ തമ്മിൽ അകറ്റിയതായിരുന്നു. എങ്കിലും ലയയെ വീട്ടിൽ നിർത്തുന്നതിനോട് എനിക്ക് പൂർണ്ണ യോജിപ്പായിരുന്നു. എന്റെ ഭർത്താവിനെ എനിക്ക് എന്നേക്കാൾ വിശ്വാസവുമായിരുന്നു.. പക്ഷേ ആ നശിച്ച ദിവസം എന്റെ എല്ലാ വിശ്വാസങ്ങ്ളും തകർന്നടിഞ്ഞു. ഞാൻ ഗർഭിണിയാണെന്ന് അറിഞ്ഞ നിമിഷം വീട്ടിലേക്ക് പാഞ്ഞ ഞാൻ കണ്ടത് ലയയുടെ എട്ട് മാസം വളർച്ചയുള്ള വയറിൽ തലവെച്ച് ഇരിക്കുന്ന ഏട്ടനേയും ഏട്ടന്റെ മുടിയിൽ തഴുകി കൊണ്ടിരിക്കുന്ന ലയയേയും..”

ഏങ്ങലടിച്ച് കൊണ്ട് ചാരു റീനയെ കെട്ടിപ്പിടിച്ചു. അവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാതെ റീന കണ്ണുകൾ തുടച്ചു.. ഒരാഴ്ചക്ക് ശേഷം വാതിലിൽ നിർത്താതെയുള്ള മുട്ട് കേട്ടാണ് ചാരു വാതിൽ തുറന്നത്. പുറത്ത് നിൽക്കുന്ന ശ്യാമിനെ കണ്ടതും ചാരു ഒന്ന് പകച്ചു.

” ഏട്ടൻ എന്താ ഇവിടെ?”

എന്ന് ചോദിച്ചതും ചെകിടത്ത് ഒരു അടിയായിരുന്നു മറുപടി. കണ്ണിൽ നിന്നും വെള്ളം വരുമ്പോഴും താൻ അത് അർഹിക്കുന്നു എന്നവൾക്ക് തോന്നി. മുഖത്ത് ഒരു പുഞ്ചിരി വിടർത്തി അവൾ ചോദിച്ചു” ലയയും കുഞ്ഞും എവിടെ?? കാണാൻ കൊതിയാവുന്നു.. സുഖമായിരിക്കുന്നോ രണ്ടാളും??

ചാരുവിനെ തറപ്പിച്ചു നോക്കിയിട്ട് ശ്യാം പറഞ്ഞു

“അവളുടെ കാര്യം അന്വേഷിക്കൽ അല്ല എന്റെ ജോലി. പറഞ്ഞ കാശ് കൊടുത്തു പിന്നെ ഞാൻ അന്വേഷിച്ചില്ല. പിന്നെ കുഞ്ഞ് …. അതിനെ അവൾ കൊണ്ടുപോയി . അവളും ഭർത്താവും കുറേയായി ഒരു കുഞ്ഞിനായി കാത്തിരുന്നു പോലും. അവൾ പ്രസവിച്ച കുഞ്ഞല്ലേ വളർത്തിക്കോട്ടെ എന്ന് ചോദിച്ചു ഞാൻ സമ്മതിച്ചു.”

” ഭർത്താവോ?” ചാരു ഞെട്ടലോടെ ചോദിച്ചു.. ” ”

അതേ നമ്മളിൽ നിന്നവളത് മറച്ച് വെച്ചതായിരുന്നു. അയാളുടെ ഏക സഹോദരിയുടെ ചികിത്സക്കുള്ള പണത്തിന് വേണ്ടിയാണ് അവളിതിന് തയ്യാറായതെന്ന്. പിന്നെ നീ കൂടെ ഇല്ലാതെ എനിക്കെന്തിനാ കുഞ്ഞ്? അതുകൊണ്ട് അവൾ കൊണ്ടുപോയി കുഞ്ഞിനെ.”

” ശ്യാമേട്ടൻ എങ്ങനെ ഇവിടെത്തി?”

” റീന വിളിച്ചിരുന്നു. എല്ലാം പറഞ്ഞു. ചാരൂ നീ ധരിച്ച് വെച്ചത് പോലെ ഒന്നുമല്ല കാര്യങ്ങൾ.. കുഞ്ഞിന്റെ അനക്കം കേൾക്കാൻ അവൾ തന്നെയാണ് എന്നോട് പറഞ്ഞത്.. നമ്മുടെ കുഞ്ഞിന്റെ അനക്കം അറിയണമെന്ന് തോന്നിപ്പോയി ഒരു നിമിഷം. അതിൽ മറ്റൊന്നും ഞാൻ വിചാരിച്ചിട്ടില്ല. ഈ താലി നിന്റെ കഴുത്തിൽ കെട്ടിയ അന്ന് മുതൽ നീ മാത്രമേ എന്റെ മനസിൽ ഉള്ളൂ.. സത്യം”

ചാരു ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടതും ശ്യാമിന്റെ മനസിടിഞ്ഞു.

” ഇനിയും നിനക്ക് വിശ്വാസമില്ലേ ചാരൂ എന്നെ? എന്തെങ്കിലും ഒന്ന് പറ ചാരൂ?”

ഒന്നിനും മറുപടി പറയാതെ നിൽക്കുന്ന ചാരുവിനെ നോക്കി ശ്യാം തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയെങ്കിലും ചാരു ആ കൈകളിൽ പിടുത്തമിട്ടു. ശ്യാമിന്റെ കൈയെടുത്ത് തന്റെ വയറിൽ ചേർത്ത് വച്ചു അവൾ ചോദിച്ചു”എന്നേയും മോനേയും കൂടെ​ കൊണ്ട് പോകുന്നില്ലേ? ”

അപ്പോഴാണ് ശ്യാം അവളുടെ വീർത്തു തുടങ്ങിയ വയർ ശ്രദ്ധിക്കുന്നത്. നിറകണ്ണുകളോടെ അവൻ അവളെ ചേർത്ത് പിടിച്ചു.. ശേഷം അവളുടെ വയറിൽ ചുംബിച്ചു. ചാരു അവന്റെ നെറുകയിൽ തഴുകിക്കൊണ്ടേയിരുന്നു. വാതിലിന് മറവിൽ നിന്ന് റീന ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ട് കണ്ണുകൾ തുടച്ചു.

സ്നേഹത്തോടെ ഗായു 💛

രചന: Gayathri Vasudev

Leave a Reply

Your email address will not be published. Required fields are marked *