വിച്ചൂന്റെ ദേവൂട്ടി…

രചന: Gayathri Vasudev

ഈറൻ മുടി കുളിപ്പിന്നൽ പിന്നി നെറുകിൽ സിന്ദൂരവും തൊട്ട് ദേവലക്ഷ്‌മി കമിഴ്ന്നു കിടന്നുറങ്ങുന്ന വിഷ്ണുവിന്റെ അരികിലേക്ക് ചെന്നവനെ കുലുക്കി വിളിച്ചു”വിച്ചേട്ടാ എണീക്ക് ഒന്ന് എണീറ്റെ വിച്ചേട്ടാ ”

“എന്താ ദേവൂ?? ഇത്തിരൂടെ ഉറങ്ങട്ടെടി ”

” വിച്ചേട്ടാ ഒന്ന് എണീക്ക് നമ്മൾക്കു അമ്പലത്തിൽ പോകാം. പ്ലീസ് എണീറ്റ് വാ ”

” എന്റെ പൊന്നു ദേവു അല്ലേ ഞാൻ ഒന്ന് ഉറങ്ങിക്കോട്ടെടി. ആകെ നാട്ടിൽ വരുമ്പോഴല്ലേ ഇങ്ങനെ ഒന്ന് ഉറങ്ങാൻ പറ്റൂ. നീ പോയിട്ട് വാ ചെല്ല് “മനസില്ലാ മനസോടെ ദേവലക്ഷ്‌മി അമ്പലത്തിലേക്ക് ഒറ്റക്ക് നടന്നു. കണ്ണന്റെ മുന്നിൽ കൈകൂപ്പി നിന്നു നിറഞ്ഞ മനസോടെ അവൾ പ്രാർത്ഥിച്ചു.

തിരികെ വന്ന ഉടനെ ഉമ്മറത്തു ഇരിക്കുന്ന അച്ഛന് ചന്ദനം തൊട്ട് കൊടുത്ത് അവൾ നേരെ അടുക്കളയിലേക്ക് പോയ്‌. അവിടെ നിന്നിരുന്ന വിഷ്ണുവിന്റെ അമ്മ സാവിത്രിയുടെ നെറ്റിയിലും ചന്ദനം ചാർത്തി അവൾ അവരെ കെട്ടിപിടിച് ഒരുമ്മ കൊടുത്തു.

” എന്താണ് ദേവൂട്ടി നല്ല സന്തോഷത്തിലാണല്ലോ ‘”

അമ്മ അവളുടെ താടി പിടിച്ചു കൊഞ്ചിച്ചുകൊണ്ട് ചോദിച്ചു.

” അതൊക്കെ ഉണ്ട്. ഇപ്പൊ പറയില്ല. സമയം ആവട്ടെ ”

മുറിയിൽ നിന്നുള്ള വിഷ്ണുവിന്റെ വിളി കേട്ട് ദേവു ഉടൻ തന്നെ മുകളിലേക്ക് ഓടി ചെന്നു. മുടി ചീകി തിരിഞ്ഞ വിഷ്ണു കണ്ടത് അവനെ തന്നെ നോക്കി നിക്കുന്ന ദേവൂനെയാണ്.

എന്താടി ഉണ്ടക്കണ്ണി കണ്ണ് മിഴിച്ചു നിക്കുന്നെ എന്നും ചോദിച്ചു അവൻ അവളുടെ തലയിൽ ഒരു കൊട്ട് കൊടുത്തു. ഒന്നുമില്ല ന്നു ചുമൽ കൂച്ചി അവൾ ഷർട്ട്‌ന്റെ ബട്ടൺ നേരെ ഇട്ടു കൊടുത്തു.

അവൾ എന്തോ പറയാൻ തുടങ്ങിയതും അവന്റെ ഫോൺ ശബ്ദിച്ചു.

ഫോൺ കട്ട്‌ ചെയ്ത് വിഷ്ണു ദേവൂന് നേരെ തിരിഞ്ഞു

” ദേവൂ നീ പോയ്‌ കഴിക്കാൻ എടുത്ത് വെക്ക്. അത്യാവശ്യം ആയിട്ട് മിഥുന്റെ വീട് വരെ ഒന്ന് പോകണം. ”

അവൾ തലയാട്ടി താഴേക്ക് പോയ്‌. ഭക്ഷണം കഴിച്ച് വിഷ്ണു ഇറങ്ങാൻ തുടങ്ങിയതും അവൾ അവന്റെ അരികിലേക്ക് ചെന്നു.

” ഉച്ചക്ക് കഴിക്കാൻ വരില്ലേ? ”

വരാം എന്ന് പറഞ്ഞു അവളുടെ കവിളിൽ തട്ടി അവൻ മിഥുന്റെ അടുത്തേക്ക് പോയ്‌. മിഥുനും വിഷ്ണുവും ഉറ്റ കൂട്ടുകാർ ആണ്.

ഹ്മ്മ് മറന്നല്ലേ ഇന്നിങ്ങോട് വരട്ടെ ശെരിയാക്കിത്തരാം എന്നൊക്കെ പിറുപിറുത്തുകൊണ്ട് ദേവു നേരെ അടുക്കളയിലേക്ക് ചെന്നു.

” അമ്മേ ഇന്ന് ഞാൻ പായസം വെക്കട്ടെ? ”

” ഇന്നെന്താ വിശേഷം ന്നു മോള് പറഞ്ഞില്ലാലോ ”

” ഇന്ന് എന്റെ പിറന്നാളാ അമ്മേ ”

” ആഹാ ഹാപ്പി ബർത്ഡേയ് മോളെ ” അവർ അവളുടെ കവിളിൽ ചുംബിച്ചു.

“വിഷ്ണു എന്താ സമ്മാനം തന്നത്? ”

അത് കേട്ടതും ദേവുവിന്റെ മുഖം വാടി. രാവിലെ മുതൽ അവന്റെ ഒരു വിഷ് കിട്ടാൻ വേണ്ടി കാത്തിരുന്നിട്ടും അവൻ ഓർത്തില്ല എന്നുള്ളത് അവളെ നല്ലോണം വിഷമിപ്പിച്ചിരുന്നു. കല്യാണം കഴിഞ്ഞ് ഇത് ഒന്നിച്ചുള്ള ആദ്യത്തെ പിറന്നാൾ ആണ്. കഴിഞ്ഞ പിറന്നാളിന് വിഷ്ണു ജോലി സ്ഥലത്ത് ആയിരുന്നു.

മുഖത്തു ഒരു പുഞ്ചിരി വരുത്തി ദേവു പറഞ്ഞു

” വിച്ചേട്ടൻ മറന്നു ന്നു തോന്നുന്നു അമ്മേ. ഇതുവരെ വിഷ് ചെയ്തില്ല. ”

” മോൾക്ക് വിഷമായോ? അമ്മ ഇപ്പൊ തന്നെ അവനെ വിളിച്ചു പറയാം വേഗം ഒരു കേക്ക് വാങ്ങി വരാൻ ”

” വേണ്ടമ്മേ വിളിക്കല്ലേ. എന്തേലും സർപ്രൈസ് പ്ലാൻ ചെയ്തിട്ടുണ്ടാവും. അല്ലേൽ ഓർമ വരുമ്പോൾ പറയട്ടെ. ഏയ്യ് മറന്നിട്ടുണ്ടാവില്ല. ഉച്ചക്ക് വരാം ന്നു പറഞ്ഞിട്ടുണ്ട്. അപ്പൊ വിഷ് ചെയ്യാൻ ആവും “” ഒരു കാര്യം ചെയ്യാം നമുക്ക് ഒരു കുഞ്ഞു സദ്യ ഒരുക്കാം. മോള് വാ ”

ദേവുവും അമ്മയും കൂടി സദ്യക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. ഒരു മണി ആയിട്ടും വിഷ്ണുവിനെ കാണാഞ്ഞു ദേവു അച്ഛനും അമ്മയ്ക്കും ചോറ് വിളമ്പി. വഴിയിലേക്ക് നോക്കി നോക്കി ഇരുന്നു ദേവു ആകെ വലഞ്ഞു. അത് കണ്ടു സാവിത്രി അമ്മക്ക് ആകെ സങ്കടായി. അവർ ദേവുവിന്റെ അടുത്തെത്തി അവളുടെ മുടിയിലൂടെ ഒന്ന് തഴുകി.

” അവൻ അവിടുന്നു കഴിച്ചു കാണും മോള് വന്നിരുന്നു ഊണ് കഴിക്ക് ”

” വേണ്ടമ്മേ വിച്ചേട്ടൻ വരും. ഞങ്ങൾ ഒന്നിച്ചു കഴിച്ചോളാം. വല്ലപ്പോഴും അല്ലേ ഒന്നിച്ചു ഇരുന്നു കഴിക്കാൻ പറ്റൂ. “പിന്നെ ഒന്നും പറയാൻ നിക്കാതെ സാവിത്രി അകത്തേക്ക് പോയ്‌.

%%%%%%%

ഏറെ നേരത്തിനു ശേഷം ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് ദേവു മയക്കത്തിൽ നിന്നുണർന്നത്. കാൾ എടുത്തപ്പോഴേക്കും വിഷ്ണുവിന്റെ ശബ്ദം അവളുടെ കാതിൽ വീണു.

“ദേവൂ നീ വേഗം ഒരുങ്ങി മിഥുന്റെ വീട്ടിലേക്ക് വാ ”

“എന്താ വിച്ചേട്ടാ? ”

” നീ വേഗം വാ. ഒരു കാര്യമുണ്ട്. ആ പിന്നേ സാരി ഉടുത്തോ കേട്ടോ. ”

ദേവു വേഗം പോയ്‌ ഒരുങ്ങി വിഷ്ണുവിന് ഏറെ ഇഷ്ടമുള്ള മെറൂൺ കളർ സാരീ ഉടുത്തു ഇറങ്ങി.

മിഥുന്റെ വീടിന്റെ വാതിൽക്കൽ എത്തിയപ്പോഴേ വിഷ്ണു അവളുടെ കൈ പിടിച്ചു അകത്തേക്ക് കൂട്ടിക്കൊണ്ട് പോയ്‌. വിഷ്ണുവിന്റെ കൂട്ടുകാരെ എല്ലാരേം കണ്ടു ഇതെന്താ പരിപാടി എന്ന് ദേവു അന്തം വിട്ട് നിന്നു. എന്താ എന്ന് വിഷ്ണുവിനോട് ചോദിച്ചെങ്കിലും അവൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചു വെയിറ്റ് ചെയ്യാൻ പറഞ്ഞു. പെട്ടന്നാണ് മിഥുന്റെ ഭാര്യ ശ്രുതി ജോലി കഴിഞ്ഞ് വന്നു കേറിയത്.

ഡോർ തുറന്നതും കയ്യിൽ നിറയെ റോസാപ്പൂക്കൾ ഉള്ള ബൊക്കെയും ആയി മിഥുൻ അവളുടെ മുന്നിലേക്ക് കേറി നിന്നു. ഹാപ്പി ആനിവേഴ്സറി മൈ ഡിയർ ഭാര്യേ എന്ന് പറഞ്ഞു ആ പുഷ്പങ്ങൾ അവൾക് കൈമാറി. എല്ലാരേയും കണ്ടു ശ്രുതി ആകെ ഞെട്ടി നിക്കുകയായിരുന്നു. പിന്നെ കേക്ക് മുറിക്കലും സൗഹൃദം പങ്കുവെക്കലും ഒക്കെ ആയി വിഷ്ണു അവരിൽ ഒരാളായി ആഘോഷത്തിൽ എല്ലാം പങ്കുചേർന്നു. മിഥുൻ ദേവൂന്റെയും വിഷ്ണുന്റെയും അടുത്തെത്തി വിഷ്ണുവിനെ ചേർത്തുപിടിച്ചു”താങ്ക്സ് അളിയാ ശ്രുതിക്ക് ഇങ്ങനൊരു സർപ്രൈസ് കൊടുക്കാൻ ഹെല്പ് ചെയ്തതിനു ”

വിഷ്ണു ഒന്ന് ചിരിച്ചിട്ട് ദേവുവിനെ നോക്കി. അവളുടെ മുഖത്തൊരു സന്തോഷം കാണാതെ എന്താ എന്ന് വിഷ്ണു ചോദിച്ചെങ്കിലും ഒന്നുമില്ല എന്ന് പറഞ്ഞു അവൾ പുറത്തേക്ക് നടന്നു. നെഞ്ച് മുറിയുന്നൊരു വേദന തന്നെ വന്നു പൊതിയുന്നതായി തോന്നി അവൾക്ക്.

ദേവുവിന് പിന്നെന്തോ അവിടെ നിക്കാൻ തോന്നിയില്ല. തിരികെ വീട്ടിലേക്ക് പൊന്നു കട്ടിലിൽ വീണു കിടന്നവളുടെ സങ്കടങ്ങൾ ഒക്കെ തലയിണയിലേക്ക് പെയ്തിറക്കി.

രാത്രി വന്നുകേറുമ്പോൾ ദേവുവിനെ പുറത്ത് കാണാഞ്ഞു വിഷ്ണു നേരെ അടുക്കളയിലും പോയ്‌ നോക്കി. സാധാരണ താൻ ഗേറ്റിൽ എത്തുമ്പോഴേക്കും ഓടി വന്നു കയ്യിൽ തൂങ്ങുന്നവളാ. റൂമിലേക്ക് കയറിയപ്പോഴേ കണ്ടു വേഷം പോലും മാറാതെ അവൾ കിടക്കുന്നത്. അടുത്ത് ചെന്നിരുന്നു തട്ടി വിളിക്കാൻ ഒരുങ്ങുമ്പോഴാണ് പേജുകൾ മറിഞ്ഞ ഡയറി അവന്റെ കണ്ണിൽ പെട്ടത്. ഒരു കൗതുകത്തിനു വെറുതെ അവൻ തുറന്നിരുന്ന പേജിലൂടെ മിഴികൾ പായിച്ചു.

“ഇരുപത്തിമൂന്നു വർഷങ്ങൾക്ക് മുൻപ് ഞാൻ ജനിച്ച ദിവസമായിരുന്നു ഇന്ന്. ആരും ഓർക്കാത്തതിനാൽ അതൊരു സാധാരണ ദിവസം പോലെ തന്നെ കടന്നുപോയി. എന്റെ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ…….. “കണ്ണുനീർ വീണു നനഞ്ഞ ആ കടലാസ്സിൽ നിന്നു അവന്റെ കണ്ണുകൾ കലണ്ടറിലേക്ക് നീങ്ങി. കുറ്റബോധം കൊണ്ടവന്റെ നെഞ്ചും നീറി. ഞാൻ ഒന്ന് വിഷെങ്കിലും ചെയ്തിരുന്നെങ്കിൽ അവൾക്ക് ഇത്രയും സങ്കടം ആവിലായിരുന്നു രാവിലെ അമ്പലത്തിൽ പോകാൻ വിളിച്ചിട്ടും കൂടെ ചെല്ലാൻ തോന്നിയില്ലല്ലോ എന്നോർത്തു അവൻ അലിവോടെ അവളെ നോക്കി. ശേഷം പതിയെ പുറത്തേക്കിറങ്ങി പഴ്സും പോക്കറ്റിലിട്ട് .############

കാലിലെന്തോ മുറുകുന്നത് പോലെ തോന്നിയിട്ടാണ് ദേവു കണ്ണുതുറന്നത്. കണ്ണുതുറന്നതും തന്റെ കാൽച്ചുവട്ടിൽ ഇരിക്കുന്ന അവനെക്കണ്ട് അവളൊന്നു പകച്ചു.

എന്തോ ചോദിക്കാനാഞ്ഞ അവളെ തടഞ്ഞുകൊണ്ട് അവൻ അവളുടെ പാദങ്ങളിൽ ചുംബനമർപ്പിച്ചിട്ട് ചോദിച്ചു

“ഇഷ്ടായോ ന്റെ ദേവൂട്ടിക്ക് പിറന്നാൾ സമ്മാനം? ”

അപ്പോഴാണവൾ കാലിൽ ചുറ്റി കിടക്കുന്ന കറുത്ത മുത്തുകൾ പിടിപ്പിച്ച പാദസരം കാണുന്നത്. പെട്ടന്നവൾ മുഖം പൊത്തി ഏങ്ങിക്കരയാൻ തുടങ്ങി.

” ദേവൂ കരയല്ലേ സോറി ഞാൻ മറന്നു പോയിട്ടാ. സോറി ”

” വേണ്ടാ വിച്ചേട്ടൻ ഒന്നും പറയണ്ടാ. എന്റെ കാര്യല്ലേ മറന്നുള്ളു. കൂട്ടുകാരന്റെ ആനിവേഴ്സറിക്ക് സർപ്രൈസ് കൊടുക്കാൻ എല്ലാം അറിയാല്ലോ. എന്റെ കൂടെ ഒന്ന് അമ്പലത്തിൽ വരാൻ വയ്യ, ഉച്ചക്ക് ഒന്നും കഴിക്കാതെ എത്ര നേരം ഞാൻ നോക്കി ഇരുന്നൂന്നു അറിയ്യോ? ഇപ്പൊ വിഷ് ചെയ്യും ചെയ്യും ന്നു രാവിലെ തൊട്ട് നോക്കി ഇരിക്കണതാ . നാട്ടിൽ വന്നാൽ പിന്നെ ഭാര്യയെ വേണ്ടല്ലോ. എപ്പോഴും കൂട്ടുകാരുടെ ഒപ്പം. ഞാൻ ഇതുവരെ പരാതിയൊന്നും പറഞ്ഞിട്ടില്ല ഒരകല്ച്ചയും കാണിച്ചിട്ടുള്ള. അതോണ്ടല്ലേ വിച്ചേട്ടൻ എന്നോട് ഇങ്ങനെ പെരുമാറുന്നെ? “ഏങ്ങി ഏങ്ങി കരഞ്ഞവൾ ഓരോന്ന് പറയുമ്പോഴും വിഷ്ണുവിന് ഒന്നും ശബ്ദിക്കാൻ പറ്റിയില്ല. അവൾ പറയണതെല്ലാം സത്യമാണല്ലോ.

“ദേവൂ ഒന്നിങ്ങു നോക്കിക്കേ. സത്യായിട്ടും വിച്ചേട്ടൻ മറന്നു പോയിട്ടാ. മനഃപൂർവം നിന്നെ വിഷമിപ്പിക്കൂന്നു തോന്നുണ്ടോ? “ചുമലുകൾ കൂച്ചി ഇല്ലാന്നു തലയാട്ടിയ അവളെ ചേർത്ത് പിടിച്ചു നെറുകിൽ ചുംബിച്ചു വീണ്ടുമവൻ സോറി പറഞ്ഞു.

“സാരമില്ല വിച്ചേട്ടാ ”

എന്നും പറഞ്ഞവൾ ആ പാദസരത്തിൽ തഴുകി.

“ഇഷ്ടായോ ദേവൂന് ”

“മ്മ് കൊറേ ഇഷ്ടായി. താങ്ക് യൂ വിച്ചേട്ടാ ”

അവളെ ചേർത്ത് പിടിച്ചവൻ കാതുകളിൽ മൊഴിഞ്ഞു

“ഹാപ്പി ബർത്ഡേയ് പൊണ്ടാട്ടി. ഐ ലവ് യൂ ഡീ വാവേ. നീ എങ്ങനെ സഹിക്കുന്നെടീ ഈ മുരടനെ? ”

പൊട്ടിചിരിച്ചുകൊണ്ട് അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

“എനിക്കേ ഈ മുരടനെന്നു വെച്ചാൽ ഭ്രാന്താ. അസ്ഥിക്ക് പിടിച്ച പ്രേമമാ. എന്റെ ബർത്ഡേയ് മറന്നാലും സങ്കടപെടുത്തിയാലും സ്റ്റിൽ ഐ ലവ് യൂ “അവളുടെ മുഖത്തപ്പോൾ വിരിഞ്ഞ പുഞ്ചിരിക്ക് നിലാവിനേക്കാൾ ഭംഗിയുണ്ടെന്നു അവനു തോന്നിപ്പോയി. പതിയെ അവളവനെ തന്നിലേക്ക് ചേർത്തുപിടിച്ചു.

✍️ ഗായത്രി

രചന: Gayathri Vasudev

Leave a Reply

Your email address will not be published. Required fields are marked *