അതിരുവിട്ട പെൺസൗഹൃദം

രചന :- Dr. അനിത വിജയൻ.

20/04/2016 ലാണ് അഞ്ജലി എന്ന ഇരുപതുകാരിയെ അവളുടെ അച്ഛനും ചില ബന്ധുക്കളും ചേർന്ന് എന്റെ ഹോസ്പിറ്റലിൽ ചികിത്സയ്ക്കായി കൊണ്ടുവന്നത്.

പൂർണമായി മനോനില തെറ്റിയ അവൾക്ക് സ്വന്തം പേരുപോലും അറിയില്ലായിരുന്നു. മറ്റൊരു പെൺകുട്ടിയുമായുള്ള അതിരുവിട്ട സൗഹൃദമാണ് തന്റെ മകളെ ഈയവസ്ഥയിൽ എത്തിച്ചത് എന്നായിരുന്നു അച്ഛൻ പറഞ്ഞത്.

കൂട്ടുകാരിയായ ശ്രുതിയെ ചികിത്സയുടെ ഭാഗമായി ചിലത് ചോദിച്ചു മനസ്സിലാക്കാൻ പലതവണ ഫോണിൽ വിളിച്ച് വരാൻ റിക്വസ്റ്റ് ചെയ്തെങ്കിലും. അവൾ വരാൻ കൂട്ടാക്കിയില്ല.

അഞ്ജലിയെ ജീവിതത്തിലൊരിക്കലും ഇനി കാണാതിരിക്കാൻ പ്രാർത്ഥിക്കുകയാണ് എന്നതായിരുന്നു അവളുടെ മറുപടി. ഒടുവിൽ ശ്രുതിയേയും അന്വേഷിച്ച് അവളുടെ വീട്ടിൽ ചെന്നു.

ശ്രുതിയുടെ ഭർത്താവ് ആരുൺ, അഞ്ജലിയെ കുറിച്ച് വളരെ മോശമായ ചില കാര്യങ്ങളാണ് പറഞ്ഞത്. അഞ്ജലി സ്വവർഗാനുരാഗിയായ ഒരു മാനസിക രോഗിയാണ്. അവളിൽ നിന്ന് ഞാനും ശ്രുതിയും ഒരു വിധത്തിൽ രക്ഷപ്പെട്ടാണ് വിവാഹം കഴിച്ചത്. ഇനിയും അവളുടെ അടുത്തേക്ക് ഞങ്ങളെ വലിച്ചിഴക്കരുത്.

എനിക്ക് ശ്രുതിയോട് ഒന്ന് തനിച്ചു സംസാരിക്കണം. അൽപ്പം മടിയോടെയാണെങ്കിലും അരുൺ എന്റെ അഭ്യർഥന കേട്ടു.

ശ്രുതിയോട് അഞ്ജലിയുമായുള്ള സൗഹൃദത്തെപ്പറ്റി തിരക്കി…

പത്താം ക്ലാസ് തൊട്ട് ഒരുമിച്ചു പഠിച്ചവരാണ് ശ്രുതിയും അഞ്ജലിയും. വിട്ടു പിരിയാൻ പറ്റാത്ത നല്ല കൂട്ടുകാരികൾ. അതുകൊണ്ടുതന്നെ തുടർപഠനത്തിനും അവർ ഒരേ കോളേജുകൾ തിരഞ്ഞെടുത്തു.

ഹോസ്റ്റലിൽ താമസിച്ചു പഠിക്കാൻ തുടങ്ങിയ സമയത്താണ് അഞ്ജലിയുടെ അമിതമായ സംരക്ഷണം ശ്രുതിയെ വീർപ്പുമുട്ടിക്കാൻ തുടങ്ങിയത്.

ആൺകുട്ടികളുമായി സംസാരിക്കാനോ അടുത്തിടപഴകാനോ സമ്മതിക്കില്ല. ശ്രുതിയുമായി സൗഹൃദ സംഭാഷണം നടത്താൻ അധ്യാപകരെ പോലും അനുവദിക്കില്ല. കാന്റീനിൽ ആരുടെ കൂടെയും ഇരിക്കാൻ സമ്മതിക്കില്ല. ആളില്ലാത്ത ഒരു മൂലയിൽ അഞ്ജലിയുടെ കൂടെ മാത്രം ഇരിക്കാൻ ശ്രുതി നിർബന്ധിതയായിരുന്നു.

അഞ്ജലി അറിയാതെ ശ്രുതിക്ക് എവിടെയെങ്കിലും പോകാനൊ എന്തെങ്കിലും ചെയ്യാനോ പറ്റില്ല. അറിയാതെ എന്തെങ്കിലും ചെയ്താൽ തന്നെ ഒരു ദിവസം മുഴുവനും മിണ്ടാതെയും ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും അവൾ അവളെത്തന്നെ സ്വയം ശിക്ഷിക്കും.

ശ്രുതി അരുണുമായി പ്രണയത്തിലായിരുന്നു. പക്ഷേ അഞ്ജലിയുടെ സ്വഭാവം അറിയാവുന്നതിനാൽ അരുണുമായുള്ള ബന്ധം അവളെ അറിയിച്ചിരുന്നില്ല.

അഞ്ജലി എന്നും പറയും.. ശ്രുതി താൻ സ്വപ്നത്തിൽ പോലും കരുതാത്ത ഒരു സമ്മാനം നിന്റെ ജന്മദിനത്തിന് ഞാൻ നൽകുന്നുണ്ട്.. അതു കേട്ട് കേട്ട് ശരിക്കും ശ്രുതിക്ക് മടുത്തു.

ഒരിക്കൽ ഹോസ്റ്റലിൽ കാണാനെത്തിയ ശ്രുതിയുടെ അച്ഛനെ അവൾക്ക് സ്പെഷൽ ക്ലാസ് ഉള്ളതിനാൽ ഇവിടെ ഇല്ല എന്നു പറഞ്ഞ് അഞ്ജലി മടക്കിഅയച്ചു.

വീട്ടിൽ ഫോൺ ചെയ്ത സമയത്താണ് അച്ഛൻ വന്ന് മടങ്ങിയ വിവരം ശ്രുതി അറിയുന്നത്.

തനിക്കെന്താ വട്ടാണോ? നീ എന്തിനാണ് എന്റെ അച്ഛനെ മടക്കി അയച്ചത്…. ശ്രുതി അന്ന് അഞ്ജലിയോട് വളരെ ദേഷ്യത്തോടെ സംസാരിച്ചു…

ഒരു ആണിനേയും വിശ്വസിക്കാൻ കൊള്ളില്ല എന്നായിരുന്നു‌ അഞ്ജലിയുടെ മറുപടി.

അത് കേട്ടയുടൻ ശ്രുതി അഞ്ജലിയുടെ മുഖത്തടിച്ചു. ചേ… നീ എന്റെ അച്ഛനെ പറ്റി എന്താടി കരുതിയത്…

താമസം മതിയാക്കി ഇറങ്ങാൻ ഒരുങ്ങിയ ശ്രുതിയെ. കരഞ്ഞു കാലുപിടിച്ച് അഞ്ജലി പിടിച്ചുനിർത്തി.

ഒരിക്കൽ റൂം വൃത്തിയാക്കുന്ന സമയം ശ്രുതി അഞ്ജലിയുടെ ബാഗ് പരിശോധിച്ചു. അതിൽ ശ്രുതി അറിയാതെ എടുത്ത അവളുടെ ഫോട്ടോകളും അവൾ ഉപേക്ഷിച്ച പേനകൾ ടൂത്ത്ബ്രഷ് എഴുതി കീറികളഞ്ഞ പേപ്പറുകൾ പഴയ ചെരുപ്പുകൾ എന്ന് വേണ്ട പലതും ബാഗിൽ സൂക്ഷിച്ചുവെച്ചിരുന്നു.

അത് കണ്ട് ശ്രുതി ആകെ തളർന്നുപോയി. അവളാകെ അസ്വസ്ഥയായി. അഞ്ജലിക്ക് തന്നോട് സൗഹൃദമല്ല പ്രണയമാണ് എന്ന് അവൾ ധരിച്ചു. പിന്നീടുള്ള ദിവസങ്ങളിൽ അഞ്ജലിയുടെ സ്പർശനവും‌ കൂടെ ഉള്ള ഇരിപ്പും അടുത്ത് വന്ന് കിടക്കുന്നതും ഒക്കെ ശ്രുതിയെ വല്ലാതെ അലോസരപ്പെടുത്തി. പലപ്പോഴും അരികിൽ നിൽക്കാതെ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.

ഇനിയും കൂടെ താമസിക്കുന്നത് അപകടമാണ് എന്നു മനസ്സിലാക്കി. അരുണിനെ വിളിച്ചു കാര്യങ്ങൾ അറിയിച്ചു.

എത്രയും പെട്ടെന്ന് നമ്മുടെ ബന്ധം അറിയിച്ച് അഞ്ജലിയെ അകറ്റി നിർത്തുന്നതാണ് ഉത്തമം എന്ന് ആരുൺ പറഞ്ഞു.

അതിനായി അരുണും ശ്രുതിയും ചേർന്ന് ഒരു നാടകം തയ്യാറാക്കി. ഇരുവരും ഒരു കോഫി ഷോപ്പിൽ ചെന്ന്, ശ്രുതിയും ഒരു പയ്യനും കോഫി ഷോപ്പിൽ ഇരിപ്പുണ്ട് എന്ന് അഞ്ജലിയെ കോൾ ചെയ്ത് അറിയിച്ചു. അത് കേട്ട് അഞ്ജലി കോഫി ഷോപ്പിലെത്തി. അഞ്ജലി വരുന്ന സമയം അരുൺ ശ്രുതിയുടെ കയ്യിൽ മുത്തം വെച്ചു.

വലിയ ശബ്ദമുണ്ടാക്കി അഞ്ജലി അരുണിനെ തള്ളിയിട്ട് ശ്രുതിയെ ദേഹത്തോട് ചേർത്ത് പിടിച്ചു.

അഞ്ജലിയെ തട്ടിമാറ്റി വിരൽ ചൂണ്ടിക്കൊണ്ട് ശ്രുതി പറഞ്ഞു.. നിർത്ത് നിന്റെ ഈ ഭ്രാന്ത്…. എനിക്ക് വെറുപ്പാണ് നിന്നോട് അറപ്പാണ്.

അഞ്ജലിയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. കരഞ്ഞുകൊണ്ട് അവൾ ശ്രുതിയെ ചേർത്ത് പിടിച്ച് സമാധാനിപ്പിക്കാൻ ശ്രമിച്ചു.

അഞ്ജലിയെ തള്ളിമാറ്റി‌ അരുണിനോണ് ചേർന്ന് നിന്ന് ശ്രുതി പറഞ്ഞു. ച്ചേ… നിന്നെപ്പോലൊരു വൃത്തികെട്ട പെണ്ണിന്റെ കൂടെ ഇത്രയും കാലം സൗഹൃദം കൂടിയതാണ് ഞാൻ ചെയ്ത തെറ്റ്. നിന്റെ മനസ്സ് മുഴുവനും രോഗമാണ്.

സൗഹൃദത്തിന്റെ അർത്ഥമറിയാത്ത ആണിനെയും പെണ്ണിനെയും തിരിച്ചറിയാത്ത മാനസിക രോഗം…

ആ വാക്കുകൾ കേട്ട് അഞ്ജലി തളർന്നു തറയിൽ ഇരുന്നു.. പിന്നെ അവൾ ഒന്നും മിണ്ടിയില്ല, കരഞ്ഞില്ല, ചിരിച്ചില്ല. ശ്രുതിയേയും അരുണിനെയും ദയനീയമായി അവൾ നോക്കുന്നുണ്ടായിരുന്നു.

പിന്നീടൊരിക്കലും അഞ്ജലിയെപ്പറ്റി ശ്രുതിയും അരുണും അന്വേഷിച്ചിട്ടില്ല.

ശ്രുതിയുടെയും അഞ്ജലിയുടെയും സൗഹൃദത്തെക്കുറിച്ചും നടന്ന സംഭവങ്ങളെക്കുറിച്ചും കേട്ടശേഷം ഞാൻ ശ്രുതിയോട് ചോദിച്ചു..

എപ്പോഴെങ്കിലും അഞ്ജലി നിന്നോട് പ്രണയം പറഞ്ഞിട്ടുണ്ടോ?. അല്ലെങ്കിൽ ലൈംഗിക താൽപര്യവുമായി നിന്റെ അരികിൽ വന്നിട്ടുണ്ടോ? എന്റെ ആ ചോദ്യത്തിന് വിറക്കുന്ന സ്വരത്തിൽ ശ്രുതി ഇല്ല എന്നു മറുപടി പറഞ്ഞു.

തനിക്ക് അറിയാവുന്ന ഒരാളെ ഞാൻ വിളിക്കട്ടെ.. എന്റെ ആ ചോദ്യത്തിന് ആകാംക്ഷയോടെ ശ്രുതി തലയാട്ടി.

എന്റെ കൂടെ വന്ന അഞ്ജലിയുടെ അനുജത്തി അനഘയെ കാറിൽ നിന്നും ഇറക്കി ശ്രുതിക്ക് മുന്നിൽ കൊണ്ടുനിർത്തി.

അനഘയോടു ചോതിച്ചു മോളെ ചേച്ചി നിനക്ക് ജന്മദിനത്തിന് സർപ്രൈസ് ഉണ്ട് എന്നു പറഞ്ഞ് എന്താണ് സമ്മാനമായി തന്നത്..

അനഘ അല്പം മടിയോടെ പറഞ്ഞു.. എന്റെ പഴയ ചെരുപ്പ്, ഉപയോഗിച്ച് കളഞ്ഞ ടൂത്ത്ബ്രഷ്, പഠിത്തം കഴിഞ്ഞ് ഉപേക്ഷിച്ച പുസ്തകങ്ങൾ, അറിയാതെ എടുത്ത എന്റെ കുറേ ഫോട്ടോകൾ … അങ്ങനെ പലതും പേപ്പറിൽ പൊതിഞ്ഞ് പെട്ടിയിലാക്കി സമ്മാനമായി തന്നു… ശരിക്കും അതൊരു സർപ്രൈസ് ആയിരുന്നു. ഞാനെന്റെ ജീവിതത്തിൽ നിന്നും ഉപേക്ഷിച്ച വസ്തുക്കൾ വളരെ പ്രാധാന്യത്തോടെ എനിക്ക് പൊതിഞ്ഞ് സമ്മാനമായി തിരികെ കിട്ടിയപ്പോൾ ശരിക്കും അമ്പരന്നു.

അനഘയുടെ വാക്കുകൾ കേട്ട് ശ്വാസമടക്കിപ്പിടിച്ച് ശ്രുതി കരയുന്നുണ്ടായിരുന്നു.

ഞാനൊരു ന്യൂസ് പേപ്പർ ശ്രുതിക്ക് നേരെ നീട്ടി അതിൽ ഉണ്ടായിരുന്ന ഒരു ന്യൂസ് വായിച്ചു നോക്കാൻ പറഞ്ഞു. പത്തു വയസ്സു മുതൽ ആറ് കൊല്ലം ഇളയച്ചൻ ലൈഗികമായി പീടിപ്പിച്ചിരുന്ന പെൺകുട്ടിയുടെ വാർത്ത അതിൽ ഉണ്ടായിരുന്നു. അയാളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു…

ഞാൻ പറഞ്ഞു ആ വാർത്തയിൽ പറഞ്ഞിരിക്കുന്ന പെൺകുട്ടി നിന്റെ ഏറ്റവുമടുത്ത സുഹൃത്തായ അഞ്ജലിയാണ്. ശ്രുതി ഇരു കൈകളും തലമുടിയിൽ മുറുകെ പിടിച്ച് ശ്വസം കഴിക്കാനാവാതെ കണ്ണീർ ഒഴുകി…

ഞാൻ തുടർന്നു… അഞ്ജലിക്ക് പത്ത് വയസ്സുള്ളപ്പോൾ അവളെയും അനഘയേയും വിട്ട് അവരുടെ അമ്മ മരണത്തിന് കീഴടങ്ങി… കള്ളും കഞ്ചാവുമായി അധപ്പതിച്ചു ജീവിച്ചിരുന്ന ഇരുവരുടെയും അച്ഛൻ മക്കളെ തിരിഞ്ഞുനോക്കിയില്ല.

അഞ്ജലി ഇളയച്ഛന്റെ വീട്ടിലും. അനഘ അമ്മ വീട്ടിലും വളർന്നു. ഭാര്യയും മക്കളും ഉണ്ടെങ്കിലും മനസ്സിൽ നിറയെ ചെകുത്താൻ കൂടിയിരുന്ന അവളുടെ ഇളയച്ഛൻ ചെറുപ്രായത്തിൽത്തന്നെ അഞ്ജലിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി.

ഇളയച്ചനോടുള്ള വെറുപ്പും വിദ്വേഷവും മെല്ലെ പുരുഷവർഗത്തിനോട് ഒന്നടങ്കം അവൾക്കു തോന്നിത്തുടങ്ങി.

ശ്രുതി…. അഞ്ജലിക്ക് നീ ഒരു സുഹൃത്ത് മാത്രമല്ലായിരുന്നില്ല അനഘയെ പോലെ ഒരു കൂടെപ്പിറപ്പ് കൂടി ആയിരുന്നു. ഇളയച്ഛനിൽ നിന്ന് അവൾക്കുണ്ടായ ലൈംഗിക അതിക്രമം മറ്റുള്ളവരിൽ നിന്നും നിനക്കും ഉണ്ടാകുമെന്ന് അവൾ ഭയന്ന് ഇരിക്കാം. ആ ഭയമാണ് നിന്നെ പുരുഷന്മാരിൽ നിന്നും അകറ്റി നിർത്തി സംരക്ഷിക്കാൻ ശ്രമിച്ചത്.

എന്റെ വാക്കുകൾ കേട്ട് പൊട്ടിക്കരഞ്ഞു കൊണ്ട് ശ്രുതി പറഞ്ഞു.. എനിക്ക് അഞ്ജലിയെ കാണണം ഇപ്പോൾതന്നെ കാണണം…

ഹോസ്പിറ്റലിൽ ശ്രുതിയെ അഞ്ജലിക്ക് അരികിൽ എത്തിച്ചു.

ഞങ്ങൾ എത്തുന്നതിനു തൊട്ടുമുൻപ് ബഹളമുണ്ടാക്കിയതിന് തുടർന്ന് അഞ്ജലിയെ ഇഞ്ചക്ഷൻ നൽകി മയക്കി കിടത്തിയിരുന്നു.

ശ്രുതിയെ കണ്ട് അഞ്ജലി പാതി മയക്കത്തിലും ശ്രുതി ശ്രുതി എന്നും പറഞ്ഞ് കൈകളിൽ മുറുകെ പിടിക്കുന്നു ഉണ്ടായിരുന്നു. അഞ്ജലിയെ എടുത്തുപൊക്കി ശ്രുതി മാറോടു ചേർത്ത് പിടിച്ച് പൊട്ടിക്കരഞ്ഞു…

ദിവസങ്ങൾ കൊണ്ട് തന്നെ അഞ്ജലിക്ക് പഴയ മാനസിക സ്ഥിതിയിലേക്ക് മാറ്റം ഉണ്ടായി തുടങ്ങി.

മരുന്നിനും ചികിത്സയ്ക്കും രക്ഷപ്പെടുത്താൻ പറ്റാത്തത് സ്നേഹബന്ധത്തിനും സൗഹൃദത്തിനും പറ്റും എന്നു തെളിയിച്ച നിമിഷങ്ങൾ..

ആ നിമിഷങ്ങൾ നിങ്ങളുമായി പങ്കു വെക്കണമെന്ന് എനിക്ക് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു… ഞാൻ ആദ്യമായി എഴുതിയ കഥയാണ് പോരായ്മകളുണ്ടെങ്കിൽ ക്ഷമിക്കുക…. എന്റെ കഥ പറയുന്ന ശൈലി മനസ്സിലാകാതെ പോകുന്നുണ്ടെങ്കിലും അറിയിക്കുക…

സ്നേഹപൂർവ്വം

രചന :- Dr. അനിത വിജയൻ.

©TMTcreation

Leave a Reply

Your email address will not be published. Required fields are marked *