കട്ട ലോക്കൽ

രചന :- പ്രവീൺ ചന്ദ്രൻ..

എസിയുടെ കടുത്ത തണുപ്പിനിടയിലും വിയർക്കുന്നുണ്ടോന്നൊരു സംശയം എന്നെ അലട്ടാൻ തുടങ്ങി.. മാനേജറിന്റെ കൂടെ അബുദാബിയിലെ ഇന്ത്യൻ വുമൺസ് അസോസിയേഷന്റെ ന്യൂയർ പാർട്ടിക്ക് പോയതായിരുന്നു ഞാൻ…

മാനേജറല്ലേ വിളിച്ചാ പോകാതിരിക്കാൻ പറ്റോ?. . സ്യൂട്ട് വലിച്ചു കയറ്റി ടൈയും ഇട്ട് എയറും പിടിച്ച് അങ്ങനെ നിൽക്കുമ്പോഴും എന്റെ മനസ്സിൽ റൂമിലെ നമ്മുടെ സ്വന്തം ചങ്കുകളായിരുന്നു… എന്നോടൊപ്പം ന്യൂയർ ആഘോഷിക്കാനായി കാത്തിരിക്കുകയാണ് അവർ..

സമയം പതിനൊന്ന്മണി കഴിഞ്ഞു.. ദാ വരുന്നു റൂമിലെ ഒരു ചങ്കിന്റെ കോൾ..

“നാലാമത്തെ പെഗ്ഗിൽ ഐസ് ക്യൂബ് വീഴുമ്പോഴേക്കും ഞാനവിടെ എത്തിയിരിക്കും” എന്ന ലാലേട്ടന്റെ ഡയലോഗും കാച്ചി ഞാൻ ആമയെപോലെ വീണ്ടും കോട്ടിനുളളിലേക്ക് വലിഞ്ഞു…

അവിടെ വരുന്നവരൊക്കെ നല്ല ഹൈ ക്ലാസ്സ് ആൾക്കാർ.. നമ്മടെപ്പോലെ ലോ ക്ലാസ്സിന് ഒട്ടും ചേരാത്ത സ്ഥലം.. പലരും ചിരിക്കുന്നു പോലുമില്ല.. മുഖത്ത് ചായം പൂശി ഇറുകിയ ഗൗണുകളും വലിച്ചു കേറ്റി ചില കൊച്ചമ്മമാർ നടക്കുന്നുണ്ട്.. ചിലർ ഡാൻസെന്ന് പറഞ്ഞ് എന്തോ കോപ്രായങ്ങൾ കാട്ടുന്നു..

ഭക്ഷണം കഴിക്കാൻ കത്തിയും കോലുമെടുത്ത് സ്റ്റാൻഡേർഡിന് കോട്ടം തട്ടാത്ത രീതിയിൽ എന്തോ കഴിക്കുന്നു… പാവം ഡി.ജെ ചേട്ടൻ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നുണ്ട്..

എന്റെ വീർപ്പുമുട്ടൽ കൂടി കൂടി വന്നു..

സമയം പതിനൊന്നര..

ദൈവമേ ഇതെന്ത് ന്യൂയർ .. ഇനിയും ഇവിടെ നിന്നാൽ എന്റെ വ്യക്തിത്ത്വം തന്നെ ഇല്ലാതാവുമെന്ന് എനിക്ക് തോന്നി..

പിന്നെ ഒന്നും നോക്കിയില്ല.. “സാർ ഞാൻ മൂത്ത്രമൊഴിച്ചിട്ടിപ്പം വരാം” എന്നും പറഞ്ഞ് പതുക്കെ അവിടന്ന് മുങ്ങി…

റോഡിലാണെങ്കിൽ നല്ല ട്രാഫിക്കും… ചങ്കുകളുടെ കോളുകൾ വന്നുകൊണ്ടേയിരുന്നു.. അല്ലേലും നമ്മളെപ്പോലെയുളള പ്രവാസികൾക്ക് ആകെ കിട്ടുന്ന ചില ആഘോഷനിമിഷങ്ങളാണ് ഇതൊക്കെ…

അങ്ങനെ ഒരുവിധം തിക്കിതിരക്കി പന്ത്രണ്ടാവാൻ അഞ്ച്മിനിട്ടുളളപ്പോ ഞാനെന്റെ റൂമിലേക്കെത്തി..

എന്നെക്കണ്ടതും നല്ല ലോക്കൽ ഭാഷയിൽ കുറച്ച് ചീത്ത വിളിക്കാനും അവർ മറന്നില്ല..

അത് സ്നേഹംകൊണ്ടാട്ടോ..

കോട്ടും സൂട്ടും വലിച്ചെറിഞ്ഞ് നമ്മടെ നാടൻ ലുങ്കിയുമെടുത്ത് നല്ല നാടൻ ഡൻസും പാട്ടു കളുമായി ന്യൂയറിനെ വരവേറ്റപ്പോൾ ശരീരത്തോടൊപ്പം എന്റെ മനസ്സും കുളിർത്തു…

അല്ലേലും നുമ്മ ലോക്കൽസിന്റെ ആഘോഷ ത്തേക്കാൾ വലുതായെന്തുണ്ട്… ഇവിടെ ആരും എയർ പിടിക്കുന്നില്ല.. ആർക്കും കത്തിയും കോലും വേണ്ട.. ഭക്ഷണം തിന്നാൻ ഒരു പ്ലേറ്റ് തന്നെ ധാരാളം.. ഇവിടെ ആർക്കും മാനേഴ്സ് നോക്കണ്ട.. ഞങ്ങൾ പരസ്പരം കെട്ടിപിടിക്കും ഉമ്മവയ്ക്കും.. ഇവിടെ ഉളളത് നല്ല ചങ്ക് പറിഞ്ഞ സ്നേഹം മാത്രം..

എല്ലാ ചങ്ക്കൾക്കും പുതുവത്സരാശംസകൾ..

രചന :- പ്രവീൺ ചന്ദ്രൻ..

Leave a Reply

Your email address will not be published. Required fields are marked *