പിന്നീട്അങ്ങോട്ട് പലപ്പോഴും ആ ചെവിക്ക് പിടിത്തത്തിൽ അവളൊന്ന് കുതറിയാലും അവനൊന്ന് കൂടി ചേർത്തു നിർത്തി…

രചന: Aashi

നോവ് ❤

“ആ….. നോവുന്നു… കുട്ടേട്ടാ……. ”

ചാരു കുട്ടന്റെ ചെവിയെമേലുള്ള പിടിത്തത്തിൽ കുതറി മാറാൻ ശ്രെമിച്ചു കൊണ്ട് പറഞ്ഞു…

ഒന്ന് തൊട്ടപ്പോഴേക്കും വന്നുല്ലോ കണ്ണീര്…. ഇതൊക്കെ ഈ കുഞ്ഞി കണ്ണിൽ എവിടണവോ ഇവൾ ഒളിപ്പിച്ചേക്കുന്നേ…

” പെണ്ണെന്നു പറഞ്ഞാലേ കള്ളികളാണ് കുട്ടാ.. ”

പ്രേമനയിരാശ്യം മൂത്തു കെട്ടുപ്രായം കഴിഞ്ഞു നിൽക്കുന്ന ഇളയ അമ്മാവൻ കുഞ്ഞുട്ടൻ ചുരുട്ട് പുറന്തള്ളുന്ന പുകമറയിൽ മറഞ്ഞിരുന്നു പിറുപിറുത്തത് അവനോർത്തു…

എത്ര ശെരിയാണ്….

പിടിവിട്ട് അരമണിക്കൂർ ആവില്യ… പെണ്ണ് സന്തതസഹചാരികൾക്കൊപ്പം കാലിൽ ചെരുപ്പ് പോലുമിടാതെ പറമ്പിൽ ഉരുതെണ്ടാനിറങ്ങി..മരത്തിൻമെല് വലിഞ്ഞു കേറവേ ശരീരത്തിൽ തൊട്ടറിഞ്ഞ ഉരച്ചിലുകൾ കാര്യമാക്കാതെ അവറ്റോൾക്കൊപ്പം തലയാട്ടി ചിരിച്ചു കൊണ്ട് കിണാരം പറയുന്നുണ്ട്…

ഇപ്പോഴവൾക്ക് നോവുന്നില്യാലോന്ന് അവനിത്തിരി അസൂയയോടെ ഓർത്തു കൊണ്ട് അവിടുന്ന് നടന്നക്കന്നു..

പിന്നീട്അങ്ങോട്ട് പലപ്പോഴും ആ ചെവിക്ക് പിടിത്തത്തിൽ അവളൊന്ന് കുതറിയാലും അവനൊന്ന് കൂടി ചേർത്തു നിർത്തി തലയ്ക്ക് ഒരു കിഴുക്ക് കൂടി കൊടുക്കുമായിരുന്നു…

“എന്റെ കുട്ടിനെ നോയ്‌ക്കോണേ കുട്ടാ അവളെ വേദനിപ്പിക്കല്ലേ… അമ്മാമ്മ അവസാനായി കൈപിടിച്ചു പറയുമ്പോഴും ഞാനവളെ എപ്പഴാ നോവിക്കണേയെന്ന ചോദ്യയിരുന്നു മനസ്സില്…

സ്കൂൾ വിട്ട് ഒരീസം അപ്രതീക്ഷിതമായി അവളുടെ മുറിയിലേക്ക് ഓടിക്കേറുമ്പോഴാണ് കട്ടിലിൽ മുട്ടുകുത്തി വയറിൽ കൈ ചേർത്ത് കുനിഞ്ഞു ഇരിക്കുന്നവളെ കണ്ടത്…

തന്റെ വരവ് പോലും അറിയാതെയുള്ള അവളുടെ ഇരിപ്പ് തെല്ലോന്ന് അമ്പരപ്പെടുത്തി…

കൈനീട്ടി വിളിക്കുന്നതിന് മുന്നേ അമ്മായിടെ നീട്ടി വിളി വന്നിരുന്നു…

അപ്പോ ബോധം വന്നവളെപോലെ അവൾ പെട്ടെന്ന് തലയുയർത്തവേ ആ കണ്ണുകളിൽ ഇരുണ്ടു കൂടി ചാലിട്ടൊഴുകുന്ന കണ്ണുനീർ കണ്ടത്…..

എന്നെ കണ്ടതും അവളൊന്ന് പതറിയോ…. കണ്ണുകൾ ഇറുക്കി തുടച്ചു കൊണ്ട് എന്നെ നോക്കി പുഞ്ചിരികുന്ന അവളെ ഞാൻ തെല്ലിട നോക്കി നിന്നു…. എനിക്ക് പരിചിതമായിരുന്ന ചാരു തന്നെയായിരുന്നു അവളപ്പോൾ ഇത്തിരി മുന്നേയുള്ളു വേദന സഹിക്കാനാവാത്തവളെ പോലെയുള്ള ഭാവം എത്ര സൂക്ഷിച്ചു നോക്കിയിട്ടും കാണാനായില്ല…

അമ്മായിടെ വിളി ഒന്ന് കൂടി ഉയർന്നു കേൾക്കവേ പതിയെ താഴേക്കിറങ്ങി…

“ചാരുട്ടിക്ക് വയ്യാണ്ടിരിക്ക…കുട്ടാ.. നീ വായോ കാപ്പി ഇട്ട് തരാം.. ”

“അവൾക്കെന്ത് പറ്റിയതാ അമ്മായി…. ”

“ഒരു ചെറിയ വയറു വേദന ”

സാധാരണരീതിയിൽ പറഞ്ഞു കൊണ്ട് അവർ പതിയെ ചിരിച്ചു കൊണ്ട് കാപ്പിയിടാനായി പോയതും അവനും പിന്നാലെ ചെന്നു….

“നമുക്ക് ആശുപത്രിയിൽ കാണിച്ചാലോ അമ്മായി… അവൾ ഞാൻ ചെന്നപ്പോൾ കരയായിരുന്നു… ”

“ഓ… അതൊന്നും വേണ്ട കുട്ടാ…. ഇതവൾക്ക് ഇടയ്ക്കിടെ വരാറുള്ളതാ…. സാരില്യാന്നേ…. ”

“എന്നാലും… ”

“പെണ്ണായി പിറന്നാൽ ഇതൊക്കെ പതിവാണ് കുട്ടിയെ… ”

കാപ്പിക്കായി പാത്രം അടുപ്പിൽ വെച്ചു കൊണ്ടവർ പറഞ്ഞതും കുട്ടന്റെ മനസ്സിൽ പലവിധ ചിന്തകൾ ഉണ്ടായി…

അതെന്താണ് പെണ്കുട്ടിയോൾക്ക് മാത്രം അങ്ങനെ….

അവള് തന്റെ പെണ്ണാണ്…. അവളുടെ സുഖത്തിലും ദുഖത്തിലും അവളുടെ കൂടെ തന്നെയുണ്ടാകേണ്ടവൻ…

അവളെയൊന്ന് കാണാൻ ആഗ്രഹം തോന്നിയെങ്കിലും അമ്മായി ഉള്ളതിനാൽ അവൻ സ്വയം പറഞ്ഞു വിലക്കി അമ്മയുടെ അടുത്തേക്ക് ചെന്നു….

തനിക്കെന്തും സ്വാതന്ത്ര്യമായി ചോദിക്കാനുള്ള അധികാരം അമ്മയോടുണ്ട്…. കാര്യങ്ങളൊക്കെ പറയുമ്പോ അമ്മയെങ്കിലും അമ്മായിയോട് പറഞ്ഞു അവളെ ആശുപത്രിയിൽ കാണിക്കുമെന്ന് വിചാരിച്ചെങ്കിലും എല്ലാം കേട്ടിരുന്നുകൊണ്ട് അമ്മയൊരു ചിരിയോടെ എന്നെ ചേർത്ത് പിടിച്ചു…

കുഞ്ഞുട്ടനമ്മാവന്റെ ഇടയ്ക്കും മുറയ്ക്കുമുള്ള പെണ്ണിനെക്കുറിച്ചുള്ള പ്രസ്താവനകൾ തികച്ചും തെറ്റാണെന്ന് പിന്നീട് അമ്മ പറഞ്ഞ കാര്യങ്ങൾ കേട്ടതോടെ എനിക്ക് മനസിലായി…

എന്റെ കുഞ്ഞിനെ ഉദരത്തിൽ ചുമക്കുവാനുള്ള പൂർണമായ തയാറെടുപ്പിന്റെ…ഫലമാണ് എന്റെ പെണ്ണ് ഇന്നനുഭവിക്കുന്ന വേദനയെന്ന് കൂടി അറിയവേ എന്നിലെ പതിനെഞ്ചുകാരന് അതുണ്ടാക്കിയ ഓളം വളരെ വലുതായിരുന്നു…. ഉള്ളിൽ വേദനയാൽ പുളഞ്ഞു കൊണ്ട് എന്നെ നോക്കി പുഞ്ചിരികുന്ന അവളുടെ മുഖം ഞാനെക്കാലത്തും ഓർത്തു വെച്ചു…

പിന്നീട് ഒരിക്കലും അവളെ വേദനിപ്പിക്കാനായി ഞാനൊരു പുൽകൊടി പോലും കയ്യിലെടുത്തില്ല…

ആ ചെവികൾ പിന്നീട് ഒരിക്കലും ചുവന്നു തുടുത്തില്ല…

കിഴുക്കുകൾക്ക് പകരം തലോടുകൾ ഏറ്റു വാങ്ങാനായി അവളായിതന്നെ എന്നോട് ചേർന്നു നിന്നു…

അടിവയറ്റിലെ വേദനകൊണ്ട് പുളയുന്ന ദിവസങ്ങളിൽ ആരും കാണാതെ ഞാനവൾക്കടുത്തെത്തി കൈകൾ കോർത്തു പിടിച്ചും ചൂട്വെള്ളം നിറച്ചത് വയറിൽ പതിയെ ചേർത്ത് വെച്ച് കൊടുത്തും നെറ്റിയിൽ സ്നേഹചുംബനങ്ങൾ പതിപ്പിച്ചും ഞാനവളുടെ കൂടെ ഇരുന്നു…

പിന്നെയുമേറെ വളർന്നു….. കോളേജിൽ കൂട്ടുകാരുടെ പ്രണയവികൃതികൾ കേട്ട് ഉളിലൊരു ചാഞ്ചല്യം അവളുടെ ചൊടികളിൽ മുത്തമിടാൻ ആഗ്രഹിച്ചപ്പോഴും ഞാനവയെ പതിയെ അതീവശ്രെദ്ധയോടെ മാത്രം സ്വന്തമാക്കി…

അവൾക്ക് നോവ് സമ്മാനിക്കരുതെന്ന ഒരേ വാശി മാത്രം…

കാലം പിന്നെയും ഓടി പോകവേ പ്രിയപ്പെട്ടവരുടെ സാനിധ്യത്തിൽ അവളുടെ സ്വന്തം കള്ളകണ്ണന്റെ നടയിൽ വെച്ച് ഞാനവളെ എന്റേതാക്കി…

ചുംബനങ്ങളും തലോടുകളും കൊണ്ട് മാത്രം ഞാനവളെ പുറമെ സ്നേഹികുമ്പോഴും ഉള്ളിൽ അവളെ എന്റെ ജീവനേക്കാൾ ഉപരി ഞാൻ സ്നേഹിച്ചിരുന്നു….

അവളോടുള്ള എന്റെ പ്രണയം സ്വാർത്ഥതയിലേക്ക് വഴി മാറുന്നത് എനിക്കറിയാൻ കഴിഞ്ഞു…പൂർണമായും എന്റെത് മാത്രമാകുവാനുള്ള അവളുടെ ആഗ്രഹം….. ഒരു കുഞ്ഞെന്ന അവളുടെ സ്വപ്നം…..ഒക്കെയും ഞാൻ മനഃപൂർവം കണ്ടില്ലെന്ന് നടിച്ചു….

കാരണം എനിക്കവളെ നോവിക്കണ്ട …

ചെറുനോവ് സമ്മാനിച്ചു കൊണ്ട് ഞാനവളെ സ്വന്തമാക്കിയിട്ടും… അവൾ അതിലിരട്ടി വേദന അനുഭവിച്ചു ലഭിക്കുന്ന ഒരു കുഞ്ഞിനെ കയ്യിലെടുത്തു ലാളിച്ചിട്ടും വേണ്ട ഞങ്ങൾക്ക് ഒരുമിച്ചു ജീവികനെന്നു ഞാൻ സ്വയം മനസിനെ പഠിപ്പിച്ചു…

എപ്പഴോ നടന്നൊരു സംഭാഷണത്തിൽ വെറുപ്പ് കലർന്ന സ്വരത്തോടെ അതവളോടും പറയവേ കണ്ണ് നിറച്ചവൾ എന്നെ തന്നെ നോക്കിയിരുന്നത് കണ്ടില്ലെന്ന് നടിച്ചു മുറിവിട്ടിറങ്ങവേ അവളുടെ ശരീരത്തെ വേദനിപ്പിക്കുന്ന നോവുകളെ അകറ്റിയ സംതൃപ്തിയിൽ മനസിനേറ്റ ആ വലിയ നോവെൻറെ കണ്ണിൽ പെട്ടില്ല….

ഒരമ്മയാവുന്നതിന്റെ സന്തോഷവും നിർവൃതിയും പറഞ്ഞുകേൾപ്പിച്ചെന്നേ മാറ്റിയെടുക്കാനവൾ ശ്രെമിക്കവേ മനസിന്റെ കോണിൽ എവിടെയോ ഒരച്ഛനാകുവാനുള്ള ആഗ്രഹവും തലപൊക്കിതുടങ്ങുന്നത് എനിക്കറിയാൻ കഴിഞ്ഞു… എങ്കിലും സ്വയം തയാറാവാൻ എനിക്ക് വലിയൊരു സമയം വേണ്ടിയിരുന്നു…

പിണക്കം ഭാവിച്ചു കുറച്ചൊന്നു അകന്നു നിന്നപ്പോഴും ഞാനെന്നും അവളിൽ അതീവശ്രെദ്ധലുവായിരുന്നു… എന്നിട്ടും എപ്പഴോ…. ഒന്ന് കണ്ണടഞ്ഞു പോയ നേരത്തിന്.… ഞാനെന്റെ ജീവിതം തന്നെ വിലകൊടുക്കേണ്ടി വന്നു….

ആശുപത്രിവരാന്തയിൽ നാല്ചെന്നായ്ക്കൾ കടിച്ചുകീറി ബാക്കിയായ അവശിഷ്ട്ടമായി ഒരു വെള്ളതുണിയിൽ ഞാനവളെ അവസാനമായി കാണവേ ഡോക്ടർ എന്റെ ചെവിയിൽ മന്ത്രിച്ചത്‌ അവളനുഭവിച്ച വേദനകളെ കുറിച്ചായിരുന്നു….

ചോര കട്ടപിടിച്ചു കറുത്തു വരണ്ട അവളുടെ ചുണ്ടുകളിൽ ഞാനൊരു ചുംബനം കൊണ്ടശ്വാസം പകരുമ്പോഴേക്കും കൂടി നിന്നവരിലാരോ എനിക്ക് പുതിയൊരു പേര് ചാർത്തി തന്നിരുന്നു…

“ഭ്രാന്തൻ ”

അതിലെനിക്ക് ലേശവും നീരസം തോന്നിയില്ല…. കാരണം ഞാൻ ഭ്രാന്തൻ തന്നെയായിരുന്നു… ആ പ്രാന്ത് എന്റെ പെണ്ണിനോട് മാത്രമായിരുന്നു…. അവൾക്കായുള്ളു എന്റെ പ്രണയം…

തറവാട്ടിൽ അവളെന്നും കിന്നാരം പറഞ്ഞു കൊണ്ട് വെള്ളമൊഴിച്ചു വളർത്തിയ മുല്ലവള്ളിക്ക് സമീപം തന്നെ അവൾ ശാന്തമായ നിദ്ര ആരംഭിച്ചപ്പോൾ തലയിൽ ചിന്തകൾ കടന്നൽ കൂട് പോലെ ഇളക്കിമറിയുന്നത് ഞാനറിഞ്ഞു…

കുട്ടൻ തന്റെ ചോര പുരണ്ട കൈകളിലേക്ക് വെറുതെ നോക്കി….

പെണ്ണിന്റെ മാസമുറയിലെത് അശുദ്ധരക്തമെന്ന് മുഖം ചുളിച്ചു പറയുന്നവരുടെ മുന്നിലേക്ക് എനിക്കിത് നീട്ടിപിടിച്ചു പറയുവാൻ തോന്നി….

അവളെ ഭോഗവസ്തുവായി മാത്രം കാണുവന്നവന്റെ സിരകളിലെ രക്തത്തെക്കാൾ അശുദ്ധിയുള്ളതായി വേറൊന്നുമില്ല…

മനസ്സ് അപ്പോഴേക്കും കെട്ട് വിട്ട പട്ടം പോലെ എങ്ങോ പോയി മറഞ്ഞിരുന്നു…

ചുണ്ട് മാത്രം ചലിച്ചുകൊണ്ടേയിരുന്നു…

എനിക്കവളെ നോവിക്കണ്ട !!!!!! 😇

രചന: Aashi

Leave a Reply

Your email address will not be published. Required fields are marked *