“പെങ്ങളുടെ വിവാഹം കഴിഞ്ഞേ എനിക്ക് ഒരു ജീവിതത്തെ കുറിച്ച് ചിന്തിക്കാൻ കഴിയൂ. ചിലപ്പോൾ നീ ഒരുപാട് കാത്തിരിക്കേണ്ടി വരും.

രചന :- Jishanth Konolil‎

“പെങ്ങളുടെ വിവാഹം കഴിഞ്ഞേ എനിക്ക് ഒരു ജീവിതത്തെ കുറിച്ച് ചിന്തിക്കാൻ കഴിയൂ. ചിലപ്പോൾ നീ ഒരുപാട് കാത്തിരിക്കേണ്ടി വരും. അതിലും നല്ലത് നീ ഈ വിവാഹത്തിന് സമ്മതിക്കുന്നതല്ലേ…?”

ഒരുപാട് ആലോചിച്ചെടുത്ത തീരുമാനങ്ങൾ എന്നെന്നേക്കുമായി മാറ്റേണ്ടി വന്നപ്പോൾ അറിയാതെ കണ്ണു നിറഞ്ഞുപോയി. വിശ്വാസവും സ്നേഹവും കാണിച്ച മനസ്സുകൊണ്ടുതന്നെ അവളെ ഇത്രമേൽ വേദനിപ്പിക്കേണ്ടി വരുമെന്ന് വിചാരിച്ചതല്ല. ഇന്നോളമുള്ള ജീവിതത്തിലെ ഏറ്റവും വലിയ തെറ്റും അതിലേറെ വേദനയുമനുഭവിച്ച നിമിഷങ്ങൾ. എല്ലാം മറക്കണം………. മറക്കാൻ കഴിയില്ല എന്നറിയാം എന്നാലും……!

ഒറ്റ ശ്വാസത്തിൽ എനിക്ക് പറയാണുള്ളതൊക്കെയും പറഞ്ഞു തീർത്തപ്പോൾ നിശബ്ദമായ നിറഞ്ഞ കണ്ണുകളുമായി അവൾ എല്ലാം കേട്ടുകൊണ്ടിരുന്നു.

തിരിച്ചൊന്നും പറയാതെ അവൾ നടന്നകന്നപ്പോൾ ഉള്ളിൽ ഭയമായിരുന്നു. അരുതാത്തത് എന്തെങ്കിലും കാണിക്കുമോ എന്ന ഭയം. അന്ന് കിടന്നിട്ട്‌ ഉറക്കം വന്നില്ല…… പിറ്റേന്ന് രാവിലെ അവളുടെ കൂട്ടുകാരിയുംഇത് ബന്ധുവുമായ സൗമ്യയെ കണ്ടു കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞപ്പഴാണ് സമാധാനമായത്.

അവളെ വേണ്ടാത്ത ഒരുത്തനെ അവൾക്ക് വേണ്ടത്രേ. കേട്ടപ്പോൾ വലിയ വിശമമൊന്നും തോന്നിയില്ല. അവൾ വെറുക്കുന്നല്ലേ ഉള്ളു സാരമില്ല, നാളെ എല്ലാം മറന്ന് പുതിയൊരു ജീവിതത്തിലേക്ക് കടക്കുമ്പോൾ അവക്ക് എല്ലാം മറക്കാൻ കഴിയുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.

കേട്ടത് വച്ച് നോക്കുമ്പോൾ വന്ന ആലോചന തെറ്റില്ല. അവർക്ക് മാളുവിനെ അത്രക്ക് ബോധിക്കുകയും ചെയിതു. ചെക്കന് നല്ല ജോലിയും ചുറ്റുപാടും ഒക്കെയുണ്ട്. കാണാനും കൊള്ളാം.

വിവാഹത്തിന് ക്ഷണ മുണ്ടായിരുന്നെങ്കിലും ഞാൻ പോയില്ല. അവസാനമായി ഒന്നു കണണമെന്നുണ്ടായിരുന്നു അവൾ കാണാതെ ആ വേഷത്തിൽ. അതിനുവേണ്ടി കൂട്ടുകാരന്റെ വണ്ടിക്കുള്ളിൽ ഗ്ലാസ് പൊക്കി കാത്തിരുന്നു. അന്ന് അവസാനമായി ഞാൻ കണ്ണുനിറയെ കണ്ടു. പിന്നീട് കാണാതിരിക്കാനുള്ള പ്രാർത്ഥനയായിരുന്നു എല്ലാം ഒന്നു മറക്കാനുള്ള ശ്രമം. പക്ഷെ മരവിച്ച മനസ്സിൽ ഉറങ്ങാത്ത ഓർമകൾ ഉണർന്നിരിപ്പുണ്ടായിരുന്നു. കാലം വളരെ വേഗം കടന്നുപോയി. പെങ്ങളുടെ വിവാഹ ശേഷം തീർത്തും ഒറ്റപ്പെട്ട അവസ്ഥയായി. പിന്നീട് ഒരു വിവാഹത്തെ കുറിച്ച് ചിന്തിച്ചില്ല.ചിന്തിച്ചിട്ടു കാര്യമില്ല എന്നറിയാമായിരുന്നു.കാലത്തിനൊപ്പം പ്രായവും അതിക്രമിച്ചിരുന്നു.

വർഷങ്ങൾക്ക് ശേഷം അവളെ വീണ്ടും ബസ്സിൽ വെച്ചു കാണാൻ തുടങ്ങി. ആ പഴയ രൂപം തന്നെ മാറിയിരിക്കുന്നു. കൂടെ ചിലപ്പോഴൊക്കെ അവളുടെ കുഞ്ഞും ഉണ്ടാവാറുണ്ട്. പിന്നീട് സ്ഥിരമായി കാണാൻ തുടങ്ങിയപ്പോൾ ഒന്നു സംസാരിക്കണമെന്ന് തോന്നി. അന്ന് അവളുടെ കൂടെ ജംഗ്ഷനിൽ ബസ്സ് ഇറങ്ങി നടക്കവേ പിറകിൽ നിന്ന് എന്റെ വിളി കേട്ട് അവൾ തിരിഞ്ഞു നോക്കി. ഒരുപാട് കാലത്തിന് ശേഷം വീണ്ടും അവൾ എന്നെ കണ്ടപ്പോൾ ഒന്നു ചിരിച്ചു. അതേ…. അവൾക്ക് എന്നോടുള്ള ദേഷ്യമെല്ലാം മാറിയിരിക്കുന്നു.നല്ല സുഹൃത്തുക്കളെ പോലെ ഞങ്ങൾ സംസാരിച്ചു. ഒടുവിൽ അവളുടെ ജീവിതത്തിലെ ദുരന്തം കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. വിവാഹം കഴിഞ്ഞ് അധികം വൈകാതെ ചെക്കന്റെ സ്വഭാവഗുണം കൊണ്ട് അവർക്ക് പരസ്പരം പിരിയേണ്ടി വന്നിരുന്നു. അവളെ ഒരുപാട് വേദനിപ്പിച്ചു ഒക്കത്തൊരു കുഞ്ഞിനെയും സമ്മാനിച്ചു കടന്നു കളഞ്ഞവന്റെ അന്നത്തെ ആ ചിരിച്ച മുഖം ഇപ്പോഴും എന്റെ മനസ്സിലുണ്ട്. ഒരു വാക്കുകൊണ്ട് ആശ്വസിപ്പിക്കാവുന്നതല്ല ഇന്ന് അവളുടെ വേദനകൾ.

അന്ന് അവളുടെ അച്ഛൻ വന്ന് പറഞ്ഞത് ഞാൻ ഇന്നും ഓർക്കുന്നു……..’ അവൾക്ക് വേണ്ട സൗഭാഗ്യങ്ങൾ ഒന്നും കൊടുക്കുവാൻ നിനക്ക് സാധിക്കില്ല. അവളുടെ ഭാവി നീയായിട്ട് തകർക്കരുത്.അതല്ല അവൾ നിന്റെ കൂടെ ഇറങ്ങി വരികയാണെങ്കിൽ എന്റെ ശവം നിങ്ങൾ കാണേണ്ടി വരും,

അന്ന് അയാളുടെ വാക്കുകൾ കേട്ട് ഞാനായിട്ട് ജീവിതത്തിൽ നിന്നും അവളെ പടിയിറക്കി വിട്ടപ്പോൾ നഷ്ടങ്ങൾ എനിക്കുമാത്രമായിരുന്നു. പക്ഷേ ഇന്ന് അവൾക്ക് നഷ്ടമായത് അവളുടെ ജീവിതം കൂടിയാണ്.

സൗഭാഗ്യങ്ങളില്ലാത്ത ജീവിതത്തിലേക്ക് വീണ്ടും തിരികെ വിളിക്കണമെന്നുണ്ട്. അവളറിയാതെ പോയ ഈ തേപ്പുകാരന്…………………

രചന :- Jishanth Konolil‎

🔚

Leave a Reply

Your email address will not be published. Required fields are marked *