അവളുടെ മൂക്ക്

രചന :- P Sudhi‎….

മനുവും രേണുവും കോളേജിൽ ഒരുമിച്ചാണ് പഠിച്ചത്. വർഷങ്ങളായി രേണുവാണ് മനുവിന്റെ മനസ്സു മുഴുവൻ. ഇന്ന് പഠനം കഴിഞ്ഞ് മനുവിനു ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റ് ആയി ജോലി ഉണ്ട്… ആ ഒരു ഉറപ്പിലാണ് സാമ്പത്തികമായി തന്നേക്കാൾ ഉയർന്ന രേണുവിനെ മനു പ്രപോസ് ചെയ്തത്….

” രേണൂ… ഞാൻ അന്നു പറഞ്ഞ കാര്യത്തിന് താൻ മറുപടി ഒന്നും തന്നില്ല… ഞാൻ സീരിയസ് ആയി പറഞ്ഞ താ… എന്നെ പറ്റി എല്ലാം ഞാൻ തന്നോടു പറഞ്ഞതല്ലേ.അഭിപ്രായം എന്താണെങ്കിലും മടിക്കാതെ പറഞ്ഞോളൂ ”

“മനു… അത്…”

“തന്റെ അത്ര പണവും തറവാട്ടു മഹിമയും ഒന്നും എനിക്കില്ല. എന്നാലും തന്നെ എനിക്ക് അത്രയ്ക്ക് ഇഷ്ടാണ്. വേറൊരു പെണ്ണിനോടും എനിക്കിങ്ങനെ തോന്നിയിട്ടില്ല”

“മനു പറയുന്നത് എനിക്ക് മനസിലാവുന്നുണ്ട്… എനിക്ക് മനുവിനോട് ഇഷ്ടക്കുറവൊന്നും ഇല്ല.പിന്നെ എനിക്ക് ഇപ്പൊ ആലോചനകളൊക്കെ വരുന്നുണ്ട്.. ഞാൻ വീട്ടിൽ ഒന്നു സംസാരിക്കട്ടെ… രണ്ടു ദിവസം കഴിഞ്ഞ് ഞാൻ പറയാം ”

“ശെരി… ”

അങ്ങനെ രണ്ടു ദിവസത്തിനു ശേഷം

“മനൂ ഞാൻ വീട്ടിൽ സംസാരിച്ചു.മനു ഞായറാഴ്ച വീട്ടിലേക്കു വരൂ…”

“ശെരി രേണു… താങ്ക് യു.. ഞാൻ അമ്മയുമായി വീട്ടിലേക്ക് വരാം… അമ്മയെ പറ്റി ഞാൻ പറഞ്ഞിട്ടുണ്ടല്ലോ…”

“അതിപ്പൊ വേണ്ട ആദ്യം മനു മാത്രം വാ…”

“ശെരി രേണു…ബൈ”

മോഹിച്ച പെണ്ണിൽ നിന്നും കേട്ട മറുപടി മനുവിനെ വളരെ സന്തോഷവാനാക്കിയിരുന്നു…..

വൈകിട്ട് മനുവിന്റെ വീട്ടിൽ.

“അമ്മേ…. ഞാൻ പറഞ്ഞില്ലാരുന്നോ…രേണുനെ പറ്റി, അവൾ വീട്ടിൽ ചെന്നു സംസാരിക്കാൻ പറഞ്ഞു… ഈ ഞായറാഴ്ച ”

” നന്നായി… നിനക്ക് ആ കുട്ടിയെ അത്രയ്ക്കിഷ്ടാണെന്ന് എനിക്കറിയാം…അല്ലേലും എന്റെ മോനെ ആർക്കാ ഇഷ്ടപ്പെടാത്തത്… നമുക്ക് പണത്തിനിത്തിരി കുറവുണ്ടെന്നതു ഒഴിച്ചാൽ എന്റെ മോൻ യോഗ്യനാണ്… എല്ലാ അർഥത്തിലും… ”

അങ്ങനെ ഞായറാഴ്ച മനു രേണുവിന്റെ വീട്ടിലെത്തി. വീട്ടുകാരോട് സംസാരിച്ചു.മനുവിന്റെ സ്വഭാവവും പെരുമാറ്റവും എല്ലാവർക്കും ഇഷ്ടമായി… അവിടുന്ന് യാത്ര പറഞ്ഞ് ഇറങ്ങാൻ നേരം….

“മനൂ എനിക്കു തനിച്ച് ഒരല്പം സംസാരിക്കാനുണ്ട്.”

“എന്താ രേണൂ…. ”

“മനുവിന്റെ അമ്മ പല വീടുകളിലും വീട്ടു ജോലിക്ക് പോകുന്നുണ്ട് അല്ലെ ”

” ഉണ്ട്… പോവണ്ടാന്നു പറഞ്ഞാ അമ്മ സമ്മതിക്കില്ലാന്നേ… പാവം എത്ര നാളായി കഷ്ടപ്പെടുന്നു…. ഞാൻ പറഞ്ഞിട്ടുള്ളതാണല്ലോ…”

” ഉം.. പിന്നെ കല്യാണം കഴിഞ്ഞാ ഇവിടുത്തെ ബിസിനസ് ഒക്കെ നോക്കി നമുക്ക് ഇവിടെ നിൽക്കാം ”

” അപ്പൊ എന്റെ അമ്മ ?”

“അമ്മ അവിടെ വീട്ടിൽ നിൽക്കട്ടെ… മനു ഒന്നും വിചാരിക്കുത് എന്റെ ഹസ്ബന്റിന്റെ അമ്മ ഈ വീട്ടു ജോലിക്കാരിയാണെന്നൊക്കെ പറയുന്നത് എനിക്കിത്തിരി കുറച്ചിലാണ്.. വേണേൽ മാസാമാസം ഒരു തുക നമുക്ക് മനൂന്റെ അമ്മയ്ക്ക് അയച്ചു കൊടുക്കാം…”

” അതിന്റെയൊന്നും ആവശ്യം വരുമെന്നു തോന്നുന്നില്ല രേണു… ”

“അതെന്താ?”

“നിന്നെ കെട്ടിയാലല്ലേ അതിന്റെയൊക്കെ ആവശ്യം ഉള്ളൂ…. നിന്നെ എനിക്കു ഇനി വേണ്ട…”

രേണു അമ്പരന്നു

“നിനക്കറിയോ രേണൂ… ഞാൻ ചെറിയ കുട്ടിയായിരിക്കുമ്പോ മരിച്ചതാ എന്റെ അച്ഛൻ. വേറൊരു കല്യാണം പോലും കഴിക്കാതെ എനിക്കു വേണ്ടിയാ എന്റെ അമ്മ ജീവിച്ചേ… അച്ഛന്റ മരണം മുതൽ തുടങ്ങീതാ എന്റെ അമ്മയുടെ കഷ്ടപ്പാട്.. നീ പറഞ്ഞതു ശെരിയാ കണ്ട വീട്ടിൽ തറ തുടച്ചും തുണി അലക്കീം പാത്രം കഴുകീം ഒക്കെയാ എന്നെ അമ്മ ഈ നിലയിൽ ആക്കിയത്. അതു പറയാൻ എനിക്ക് നാണക്കേടും ഇല്ല… ആ അമ്മയെ മാറ്റി നിർത്തി കിട്ടുന്ന ഒരു സൗഭാഗ്യോം എനിക്കു വേണ്ട.. അതിപ്പൊ നീ യാലും… ഗുഡ് ബൈ..”

ദേഷ്യത്തോടെ മനു അവിടുന്നിറങ്ങി.. തന്റെ വീട്ടിലെത്തി… മനുവിന്റെ വരവും കാത്ത് അമ്മ വരാന്തയിൽ തന്നെ ഉണ്ടായിരുന്നു.

” പോയിട്ട് എന്തായടാ?”

” അതു ശെരിയാവില്ല അമ്മേ…”

“അതെന്താടാ.. നിനക്കമുള ഭയങ്കര ഇഷ്ടാരുന്നല്ലോ അവളെ… എന്താ പറ്റിയേ?”

” അതേയ് അവളുടെ മൂക്കു കാണാൻ ഒരു ഭംഗിയുമില്ലമ്മേ…ഞാനിപ്പോഴാ നല്ലോണം ശ്രദ്ധിച്ചത്..”

അമ്പരന്നു നിന്ന തന്റെ അമ്മയെ ചേർത്തു പിടിച്ച് വീടിനകത്തേക്ക് കേറുമ്പോഴും മനുവിനു ഉറപ്പായിരുന്നു സത്യം അറിഞ്ഞാൽ അമ്മ എന്തു ത്യാഗം സഹിച്ചും ഈ വിവാഹം നടത്തുമെന്ന്…\\

( എല്ലാ അമ്മമാർക്കും അമ്മമാരെ ജീവനു തുല്യം സ്നേഹിക്കുന്നവർക്കും വേണ്ടി സമർപ്പിക്കുന്നു…)

രചന :- P Sudhi‎….

Leave a Reply

Your email address will not be published. Required fields are marked *