കല്ലുകൊണ്ടൊരു പെണ്ണ്…

രചന: ദിപി ഡിജു

‘അഹങ്കാരിയാണ്… കെട്ടിച്ചു വിട്ടതല്ലേ അവളെ… താലിയും പൊട്ടിച്ചെറിഞ്ഞിട്ടു ഇപ്പോള്‍ അവളുടെ നടപ്പ്… ഇറുകിയ ജീന്‍സും ടോപ്പും ഇട്ടുള്ള അവളുടെ നില്‍പ്പ്… ഹും… എപ്പോള്‍ നോക്കിയാലും ഫേസ്ബുക്കില്‍ ഒക്കെ ആക്ടീവ് ആയി കാണാം… പെണ്ണുങ്ങള്‍ ആയാല്‍ അടങ്ങി ഒതുങ്ങി ജീവിക്കണം…’

ഫേസ്ബുക്കില്‍ കണ്ട ശ്യാമയുടെ ഫോട്ടോ നോക്കി മഹിമയുടെ അമ്മ രോഷം കൊള്ളുകയായിരുന്നു.

‘എന്‍റെ പൊന്നമ്മേ… അവള്‍ എങ്ങനെയെങ്കിലും ജീവിക്കട്ടെ… അമ്മയ്ക്ക് ഇപ്പോള്‍ അവള്‍ എങ്ങനെയുള്ള ഡ്രസ്സ് ഇട്ടാല്‍ എന്താ…???’

വീര്‍ത്ത് ഉന്തിയ നിറവയര്‍ താങ്ങി പിടിച്ചു കൊണ്ട് അമ്മയുടെ അടുത്തു വന്നിരുന്നു കൊണ്ട് മഹിമ അവരോടു തട്ടി കയറി.

‘ഓ… കൂട്ടുകാരിയെ പറ്റി പറയുന്നതൊന്നും അവള്‍ക്കു സഹിക്കില്ലല്ലോ… ഇങ്ങനെ ഒരെണ്ണത്തിനെ അല്ലാതെ വേറെ ഒന്നിനേയും കിട്ടിയില്ലല്ലോ നിനക്ക് കൂട്ടുകാരി ആയിട്ടു… കെട്ടിയോനെയും കളഞ്ഞ് തോന്നുന്ന മാതിരി ജീവിക്കുന്ന ഇവളുമാരൊക്കെയാണ് പെണ്‍വര്‍ഗ്ഗത്തിനു ശാപം…’

‘ദേ… അമ്മേ… കുറെ കൂടി പോകുന്നുണ്ട് ഈ പറയുന്നതൊക്കെ… ഞാന്‍ പ്രസവത്തിനു വന്നതാണെന്നു വല്ല ഓര്‍മ്മയും ഉണ്ടോ…??? എത്ര വര്‍ഷം കാത്തിരുന്നിട്ടാണ് ഞങ്ങള്‍ക്ക് ഇങ്ങനെ ഒരു ഭാഗ്യം കിട്ടിയത്…. ഇങ്ങനെ ദുഷിപ്പു പറയുന്നതു എന്‍റെ കുഞ്ഞു കേള്‍ക്കേണ്ട…’

മഹിമ കെറുവിച്ചു കൊണ്ടു എഴുന്നേറ്റു പോയി മുറിയില്‍ കയറി കതകടച്ചു.

ഷെല്‍ഫില്‍ വച്ചിരുന്ന ആല്‍ബം എടുത്തു മറിച്ചു നോക്കി ഒരു പഴയ ഫോട്ടോ കണ്ടു പിടിച്ചു.

മാവിനു മേലില്‍ കയറി നിന്നു മാങ്ങ പറിച്ചു താഴെ നില്‍ക്കുന്ന മഹിമയ്ക്ക് എറിഞ്ഞു കൊടുക്കുന്ന ശ്യാമ. അവളുടെ ചേട്ടനായ മഹേഷ് പകര്‍ത്തിയതായിരുന്നു ആ ഫോട്ടോ.

കുറുമ്പുകള്‍ കാട്ടി എന്നും മഹിമയുടെ കൂടെ നടന്നിരുന്ന ശ്യാമയെ മഹേഷേട്ടനു ഇഷ്ടമായിരുന്നു. തന്‍റെ ഒപ്പം കൂട്ടണമെന്നും ആഗ്രഹിച്ചിരുന്നു. എന്നാല്‍ അവള്‍ക്ക് ഏട്ടന്‍ എന്നും ഒരു കൂടപിറപ്പ് മാത്രം ആയിരുന്നു. അന്നും മഹിമയുടെ അമ്മയ്ക്ക് അവളെ ഇഷ്ടമായിരുന്നില്ല.

‘പെണ്‍കുട്ട്യോളായാല്‍ കുറച്ചൊക്കെ അടക്കവും ഒതുക്കവും ഒക്കെ വേണം… ഇനി അവളെ കണ്ടു പഠിക്കാനാണോ… നീ കൂടെ കൊണ്ട് നടക്കുന്നത്…???’

അമ്മയുടെ സ്ഥിരം പല്ലവി പക്ഷേ ആ കൂട്ടുകാരികളുടെ ഇഴയടുപ്പം കുറച്ചിരുന്നില്ല. കാരണം മഹിമയ്ക്ക് അവളുടെ കൂട്ടുകാരിയെ അറിയാമായിരുന്നു.

ഈ കുറുമ്പുകളില്‍ അവള്‍ ഒളിപ്പിച്ചു വച്ചിരുന്ന സങ്കടക്കടല്‍ അവളുടെ മുന്നില്‍ മാത്രമേ ആര്‍ത്തിരമ്പിയിരുന്നുള്ളൂ.

രണ്ടാനമ്മയില്‍ നിന്നും അവള്‍ അനുഭവിച്ചിരുന്ന ക്രൂരതകള്‍ ശ്യാമ പങ്കുവച്ചിരുന്നത് മഹിമയോടായിരുന്നു.

മദ്യത്തിന്‍റെ ലഹരിയില്‍ പലപ്പോഴും തന്‍റെ മകളെപോലും തിരിച്ചറിയാത്ത അച്ഛനെ പേടിച്ച് ശ്യാമ കഴിച്ചു കൂട്ടിയ രാത്രികളെ കുറിച്ചും മഹിമ മാത്രമേ അറിഞ്ഞിരുന്നുള്ളൂ.

പഠിക്കാന്‍ കഴിവുണ്ടായിട്ടും പ്ളസ്സ് ടൂവിനപ്പുറം അവള്‍ക്ക് പഠനം നിഷേധിക്കപ്പെട്ടു.

അടുത്തുള്ള ഒരു കടയില്‍ സെയില്‍സ് ഗേള്‍ ആയി പോയിരുന്ന അവള്‍ക്ക് കിട്ടുന്ന ശമ്പളവും അവളുടെ അച്ഛനാണ് വാങ്ങി കൊണ്ടു പോകുമായിരുന്നത്.

അവളുടെ രണ്ടാനമ്മയുടെ ബന്ധത്തിലുള്ള ഒരാളെ കൊണ്ട് അവളെ വിവാഹം കഴിപ്പിച്ചു. ഏതു നേരവും മദ്യവും മയക്കുമരുന്നിനും അടിമയായിരുന്ന അയാളുടെ രതി വൈകൃത്യങ്ങള്‍ക്കും ശാരീരിക പീഡനങ്ങള്‍ക്കും അവള്‍ ഇരയായി കൊണ്ടിരുന്നു. ആരോടും പരാതി പറയാതെ ഒരുപാടു നാള്‍ അതു സഹിക്കുക മാത്രമായിരുന്നു അവള്‍ക്കു മുന്നിലുള്ള മാര്‍ഗ്ഗം.

ഒരു ദിവസം കുടിച്ചു ബോധം ഇല്ലാതെ വന്നു ശ്യാമയെ അയാള്‍ തൊഴിച്ചത് അടിവയറ്റില്‍ ആയിരുന്നു. ഒരു കുഞ്ഞു ജീവന്‍ ഉടലെടുത്തിരുന്നത് രക്തവര്‍ണ്ണത്താല്‍ അവളില്‍ നിന്ന് അകന്നു പോയി. അവള്‍ വേദനയാല്‍ പുളയുമ്പോളും മദ്യത്തിന്‍റെ ആലസ്യത്തില്‍ അയാള്‍ മയങ്ങുകയായിരുന്നു.

നിണമണിഞ്ഞ കാലടികളോടെ ജീവന്‍ പിളരുന്ന വേദനയില്‍ അവള്‍ സ്വയം ആശുപത്രിയില്‍ എങ്ങനെയോ എത്തിപ്പെട്ടു. ഡോക്ടറുടെ നാവില്‍ നിന്ന് ഇനി ഒരിക്കലും തനിക്കു ഒരു അമ്മയാകാന്‍ സാധിക്കില്ല എന്നവള്‍ ഞെട്ടലോടെ കേട്ടിരുന്നു.

അന്നു പൊട്ടിച്ചെറിഞ്ഞു ഇറങ്ങിയതാണ് ശ്യാമ ആ താലി…!!!

പിന്നീട് ഒരു യുദ്ധം ആയിരുന്നു. അവളോടു തന്നെ. രാവിലെ ജോലിക്കു പോയി. ഇവണിങ്ങ് ക്ളാസ്സുകള്‍ വഴി അവള്‍ ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിഗ്രിയും പോസ്റ്റ്ഗ്രാജ്വേഷനും ചെയ്തു.

തുണിക്കടകളില്‍ നിന്നും, തയ്യല്‍ നടത്തിയും കിട്ടിയ അനുഭവത്തില്‍ നിന്ന് ഒരു കടമുറി വാടകയ്ക്ക് എടുത്തു സ്വന്തമായി ഒരു ബൂട്ടിക്ക് തുടങ്ങി. അവളുടെ വ്യത്യസ്തമായ ഡിസൈനുകള്‍ക്ക് ചുരുങ്ങിയ കാലം കൊണ്ട് പ്രിയം ഏറി വന്നു. കടയുടെ വലിപ്പം കൂടി കൂടി വന്നു. ശ്യാമാസ് ബൂട്ടിക്ക് ആ നാട്ടിലെ സ്ത്രീകളുടെ വസ്ത്രസങ്കല്‍പ്പം ആയി മാറി. പല വസ്ത്രങ്ങള്‍ക്കും അവള്‍ തന്നെ മോഡലും ആയി.

ഇതിനിടയില്‍ കഷ്ടപ്പാടില്‍ ആയിരുന്ന അവളുടെ അച്ഛനേയും രണ്ടാനമ്മയേയും അവള്‍ വാങ്ങിയ വീട്ടില്‍ കൊണ്ടു വന്നു താമസിപ്പിച്ചു. അവരുടെ മകളുടെ, അതായത് ശ്യാമയുടെ ഏക സഹോദരിയുടെ വിവാഹം ആര്‍ഭാടമായി തന്നെ നടത്തി കൊടുത്തു.

ഇടയ്ക്ക് ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് ശ്യാമ യാത്രകള്‍ ചെയ്തു. അത് അവളുടെ സന്തോഷം ആയിരുന്നു. തിങ്ങി നിറയുന്ന ഗഥകാലസ്മരണകളെ മണ്ണിട്ടു മൂടി മനസ്സു തണുപ്പിക്കാന്‍ അവള്‍ കണ്ടെത്തിയ മാര്‍ഗ്ഗങ്ങള്‍.

‘ബഹുമാനം മാത്രമേ തോന്നിയിട്ടുള്ളൂ ഈ കൂട്ടുകാരിയോട്…. സ്വയം എരിഞ്ഞടങ്ങാതെ ഒരു പോരാളിയായി ജീവിതം തിരിച്ചു പിടിച്ച എന്‍റെ ശ്യാമയോട്…’

മഹിമ ആ ഫോട്ടോ നെഞ്ചോടു ചേര്‍ത്തു വച്ചു.

അപ്പോഴും അമ്മയുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കുന്നുണ്ടായിരുന്നു.

‘എന്തു പറയാനാണ് ഗൗരിയേടത്തിയേ… ഇങ്ങനെ ഓരോ എണ്ണം ഉണ്ട്… ഒറ്റയ്ക്ക് ഊരു തെണ്ടി നടന്ന് നമ്മളെ പോലുള്ള പെണ്ണുങ്ങളുടെ പേരു കളയാന്‍… ഇവളൊക്കെ പെണ്ണാണോ…??? അഹങ്കാരം തലയ്ക്ക് പിടിച്ചിട്ടാ… അല്ലാതെന്താ…???’

രചന: ദിപി ഡിജു

Leave a Reply

Your email address will not be published. Required fields are marked *