ഞെട്ടിതിരിഞ്ഞവൾ ചാടി എഴുന്നേറ്റ് പോകാനായുമ്പോൾ ആണ് ദേഹത്തുനിന്നും മാറി കിടക്കുന്ന ദാവണി തുമ്പവൾ ശ്രെദ്ധിച്ചത്…

രചന: Anusha Sukumaran

എന്നെന്നും കണ്ണേട്ടന്റെ…

സൂര്യരശ്മികൾ ഓരോന്നായി മണ്ണിലേക്ക് അരിച്ചിറങ്ങാൻ സമയമാകുന്നതേ ഉണ്ടാ യിരുന്നുള്ളു. നേരം വെളുത്തെന്ന സൂചന നൽകിയ കോഴികളുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് മീനാക്ഷി ചാടി എഴുന്നേറ്റത്.

ജനലിൽ തൂങ്ങിയാടിയ കർട്ടൻ വകഞ്ഞു മാറ്റി പുറത്തേക്കവൾ ദൃഷ്ടി പായിച്ചു. ഏറുകണക്കെ പച്ചപരവതാനി വിരിച്ച് കാറ്റിന്റെ താളത്തിനൊപ്പം നൃത്തം വക്കുന്ന നെൽപ്പാടങ്ങൾ. ഓരോ നെൽകതിരിനും ദാഹമകറ്റാൻ നുരക്കുത്തി ഒഴുകുന്ന തോട്. ദൂരെ കാണാമറയത്ത് പാടങ്ങൾക്കപ്പുറം തലയെടുപ്പോടെ ഉയർന്നുനിൽക്കുന്ന ശിവകാവ്.. ശിവഭഗവാന്റെ സാന്നിധ്യം ഗ്രാമം മുഴുവൻ പ്രതിഭലിക്കുന്ന ശിവസ്തുതികൾ അതോടൊപ്പം തന്നെ പുള്ളുവൻ പാട്ടിന്റെ ഈണവും കാതിനെ ഈറനണിയിപ്പിക്കുന്നു. ശിവസ്തുതിയിൽ മയങ്ങി തന്റെ ഇഷ്ട ദൈവത്തെ മനസ്സിൽ പ്രാർത്ഥിച്ചു ഇരിക്കുമ്പോഴാണ് അഞ്ചുമണി ആയതിന്റെ സൂചന അലാറം ഓർമിപ്പിച്ചത്. ഞെട്ടിതിരിഞ്ഞവൾ ചാടി എഴുന്നേറ്റ് പോകാനായുമ്പോൾ ആണ് ദേഹത്തുനിന്നും മാറി കിടക്കുന്ന ദാവണി തുമ്പവൾ ശ്രെദ്ധിച്ചത്.

അതെല്ലാം നടന്നു കൊണ്ടവൾ നേരെയിട്ടു. അഴിഞ്ഞുലഞ്ഞ കാർകൂന്തൽ ഒരുമിച്ചെടുത് കെട്ടി. ഒരു തരി സ്വർണം പോലും സ്വന്തമായിട്ടില്ലാത്ത മീനാക്ഷിക്ക് ആകെ ഉണ്ടെന്നു പറയാൻ പണ്ടെപ്പഴോ ഓട്ട അടയാതിരിക്കാൻ അമ്മ വാങ്ങി കൊടുത്ത പത്തുരൂപയുടെ രണ്ടു കമ്മൽ മുട്ടുകൾ മാത്രമായിരുന്നു. തൊട്ടടുത്ത് ക്ഷേത്രമുള്ളതിനാൽ പൂജിച്ച ചന്ദനവും അവളുടെ മുഖത്തെ ഭംഗി കൂട്ടാൻ സഹായിച്ചിരുന്നു. ഉറക്കചടവോടെ മീനാക്ഷി അടുക്കളയിലേക്കു നടന്നു, വാതിൽ തുറന്നവൾ പുറത്തേക്കിറങ്ങി.

മനസ്സിനെപോലും കുളിരണിയിപ്പിക്കുന്ന നനുത്ത തണുപ്പ് അവളുടെ ശരീരത്തിലൂടെ കയറിയിറങ്ങി പോയി. അമ്മിക്കല്ലിനടുത്ത് തലേന്ന് താൻ തന്നെ പിടിച്ചു വച്ച മങ്കലത്തിലെ വെള്ളം കയ്യ്കുമ്പിളിൽ നിറച്ച് മുഖത്തേക്ക് വീശിയൊഴിച്ചു. തലേന്ന് കുളി കഴിഞ്ഞപ്പോൾ തൊട്ട ചന്ദനത്തിന്റെ അവശേഷിപ്പ് നനവിലൂടെ പടർന്നു തുടങ്ങിയിരുന്നു. കയ്യും കാലും ശുദ്ധിയാക്കി വീണ്ടും അടുക്കളയിലേക്കു തന്നെ തിരികെപോയി. തലേന്ന് രാത്രിയിലെ തന്റെ ജോലികളെല്ലാം അവസാനിച്ചത് പത്തരയോട് അടുത്തപ്പോഴാണ്.

എന്നാൽ അത് കഴിഞ്ഞിട്ടും അടുക്കളയിൽ ആരോ കയറിയതിന്റെ ലക്ഷണം വലിച്ചു വാരി ഇട്ടിരിക്കുന്ന പാത്രങ്ങളും നിലത്ത് ചിതറി കിടക്കുന്ന ചോറും കണ്ടപ്പോൾ മീനാക്ഷിക് മനസ്സിലായി. ആ സമയത്ത് അങ്ങനൊക്കെ കാണിച്ചിടണമെങ്കിൽ അത് അമ്മാവനാണെന്നു തന്നെ തോന്നി. എല്ലാ ദിവസങ്ങളിലും അങ്ങനെ തന്നെയാണ്, എല്ലാവരും കിടന്നു കഴിയുമ്പോൾ പാതിരാത്രി വീട്ടിലേക്ക് കയറി വരും, പോരാത്തതിന് കൂട്ടുകാരോടൊപ്പം കൂടി എല്ലാ ഷാപ്പുകളും കയറിയിറങ്ങി മദ്യപിച്ച് ലക്ക്കെട്ട അവസ്‌ഥയിലായിരിക്കും വീട്ടിലെത്തുക. അമ്മായി പലപ്പോഴും അതിനെ എതിർക്കുകയും ശകാരിക്കുകയും ചെയ്‌തെങ്കിലും ഒരു ഭലവും ഉണ്ടായില്ലെന്ന് മാത്രമല്ല അമ്മായിയെ ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. കൂടാതെ അടുക്കളയിലെ മൺചട്ടികളുടെ എണ്ണം കുറഞ്ഞു വരികയും ചെയ്യുന്നത് കൊണ്ട് ആ മോഹം അപ്പാടെ ഉപേക്ഷിച്ചു. എത്ര സമയം വൈകിയിടായാലും വീട്ടിൽ എത്തുമെന്ന് ഉറപ്പുള്ളത്കൊണ്ട് മുൻവശത്തെ വാതിൽ അടക്കാറില്ല.

മീനാക്ഷി നിലത്ത് തൂളി കിടന്ന ചോറുപറ്റുകൾ കുറ്റിചൂലുകൊണ്ട് അടിച്ചുവാരി പാളയിലേക് കയറ്റി, തൊടിയിലെ ഒരു മൂലയിൽ കൊണ്ടിട്ടു. നേരം പുലർന്നാൽ അലഞ്ഞുതിരിയുന്ന കോഴികൾക് ഒരു തീറ്റയായി. സ്‌ഥാനം തെറ്റി കിടന്ന പാത്രങ്ങളെല്ലാം അതാത്സ്‌ഥാനത്ത്‌ വച്ച് കഞ്ഞിക്കുള്ള വെള്ളമെടുത്ത് അടപ്പതുവച്ചു., തീ കത്തിച്ചു. അമ്മായിയുടെയും അമ്മാവന്റെയും മകനും തന്റെ മുറച്ചെറുക്കനുമായ ശ്രീഹരിക് 8 മണിക്ക് കോളേജിൽ പോകാനുള്ളത് കൊണ്ട് എല്ലാ പണികളും നേരത്തെ തീർക്കണം. കറിക്കുള്ള സാധനങ്ങൾ വാങ്ങണമെന്ന് തലേന്ന് അമ്മായി അമ്മാവനോട് പറയുന്നത് കേട്ടിരുന്നു. പക്ഷെ അവിടെങ്ങും കാണാത്തതിനാൽ മുൻവശത്തെ വാതിൽ തുറന്നവൾ പുറത്തേക്കിറങ്ങി.

ഇറയത്തായി നാല് പാടും ചിതറിക്കിടക്കുന്ന പച്ചക്കറികളെല്ലാം മീനാക്ഷി തന്റെ ദാവണി തുമ്പിൽ പെറുക്കിയിട്ട് കത്തിയും പാത്രവുമായി അടുക്കള വശത്തെ തിണ്ണയിൽ പോയിരുന്നു അരിയാൻ തുടങ്ങി. നേരം അപ്പോഴേക്കും പര പരാന്നു വെളുക്കാൻ തുടങ്ങിയിരുന്നു. തൊടിയുടെ ഒരു മൂലയിൽ ആരും കാണാതെ താൻ നട്ട അരളി പൂതെന്ന് അതിന്റെ ഗന്ധം നാസികയിലേക്കു തുളഞ്ഞു കയറിയപ്പോൾ മനസ്സിലായി. ആദ്യമായി പൂവിട്ട തന്റെ അരളിയെ കാണാൻ കൊതിയായെങ്കിലും മണിക്കൂറുകൾ താൻ അതിന്റെ ഭംഗി ആസ്വദിച്ചു പോകുമെന്ന് അറിയാവുന്നത്കൊണ്ട് അവൾ അതിനു തുനിഞ്ഞില്ല. ഈ ചെറിയ കുടിലിലെ തന്റെ ജോലികൾക്ക് എന്തെങ്കിലും കോട്ടം സംഭവിച്ചാൽ മുത്തശ്ശി ഒഴികെ ബാക്കി എല്ലാവരും തന്നെ കുറ്റപ്പെടുത്തുമെന്ന് അവൾക് നന്നായിട്ടറിയാമായിരുന്നു.

കറിക്കുള്ള കഷ്ണങ്ങളെല്ലാം അരിഞ്ഞു വേണ്ട പൊടികളെല്ലാം ചേർത്ത് അടപ്പതുവച്ചു. ഉണ്ടായിരുന്ന അല്ലറ ചില്ലറ പണികളെല്ലാം തീർക്കുമ്പോഴാണ്‌ തലേന്ന് താൻ പുളിക്കാൻ വച്ച മാവിന്റെ കാര്യം ഓർത്തത്. ആ ഓർമയിൽ ചെന്ന് പാത്രം നോക്കിയപ്പോൾ പുളിച്ച് പൊന്തിചാടാൻ ഒരുങ്ങിനിൽക്കുകയായിരുന്നു മാവ്. വേഗം തന്നെ കൈൽഎടുത്ത് ഇളക്കി, തിളച്ചു മറിഞ്ഞ കറിച്ചട്ടി എടുത്തുമാറ്റി അപ്പച്ചട്ടിയിൽ ഓരോന്നായി അപ്പം ഉണ്ടാകാൻ തുടങ്ങിയിരുന്നു….

അപ്പോഴാണ് ഉറക്കത്തിൽ നിന്നും കോട്ടവായിട്ടു കൊണ്ട് അമ്മായി വരുന്നത്. അപ്പോഴേക്കും അവളുടെ മനസ്സിൽ തീ പാറാൻ തുടങ്ങിയിരുന്നു.

എടീ…… മീനാക്ഷീ…… എനിക്കൊരു കട്ടനെടുത്തെ…. അമ്മായി കട്ടൻ എടുക്കാൻ പറഞ്ഞപ്പോഴാണ് അതിന്റെ കാര്യം താൻ മറന്നലോ എന്നോർത്ത്. ഇനി വയ്കാനാണെങ്കിലും അടുപ്പിൽ ആയതുകൊണ്ട് തിളക്കാൻ സമയമേറെ എടുക്കും. പേടികൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ മീനാക്ഷി തരിച്ചു നിന്നു. തന്റെ മറുപടി ഒന്നും കേൾകാത്തത്കൊണ്ടാകും ഇട്ടിരുന്ന നൈറ്റി എളിക്ക് കുത്തി അമ്മായി തന്റെ അടുത്തേക് നീങ്ങിയത്.

എന്താടി നാശം പിടിച്ചവളെ നി കേട്ടില്ലേ ഞാൻ പറഞ്ഞത്? കട്ടനെവിടെ…..? അത്… അമ്മായി….. കട്ടൻ…… ഉണ്ടാക്കിയില്ലാരിക്കും…… അമ്മായി ചോദിച്ചു അറിയാം…. നി ഉണ്ടാക്കി കാണില്ലെന്ന്…. 5മണി ആയപ്പോ നി എഴുന്നേറ്റതല്ലേ? എന്നിട്ട് ഇത്രേം നേരം നി ഇവിടെ എന്തെടുക്കുവാരുന്നു നാശം കെട്ടവളേ…??

അത് അമ്മായി ഞാൻ.. ഞാൻ….. മറന്നു…. നിർത്തടി… മറന്നുപോലും…. മൂന്നുനേരവും സമയാസമയത്തിനു വയറുനിറക്കാൻ നി മറക്കാറില്ലാലോ?? മൂന്നു നേരവും വെട്ടിവിഴുങ്ങാൻ ആഹാരം തന്നതും കിടക്കാൻ ഒരു മുറി തന്നതും നിന്നോടും നിന്റെ തള്ളയോടുമുള്ള സ്നേഹം കൊണ്ടൊന്നുമല്ല…… വെറും ഔദാര്യം മാത്രമാണ്………. അതുകൊണ്ട് തന്നെ ഈ വീട്ടിലെ എല്ലാ ജോലികളും ചെയ്തുതീർക്കാനുള്ള കടമ നിനക്കുണ്ട്. ഇവിടെ നി ഞങ്ങളുടെ ചിലവിനു കഴിയുന്ന കാലം വരെ…..

എന്താ.. എന്താ ഇവിടെ ഒരു ഒച്ചപ്പാട്?????? ഓ ദാ വന്നല്ലോ പുന്നാര മുത്തശ്ശി.. ദേ തള്ളേ നിങ്ങളോട് പല പ്രാവിശ്യം ഞങ്ങൾ പറഞ്ഞതാണ് ഈ നാശത്തിനെ എവിടെയെങ്കിലും കൊണ്ട് കളയാൻ. സ്വന്തം മക്കടെ കാര്യം നോക്കാൻ നേരമില്ല തള്ളക്ക് അപ്പോഴാ വല്ലടത്തു നിന്നും വലിഞ്ഞു കേറി വന്ന ഇവളെ.

എല്ലാം കേട്ട് മനസ്സ് മരവിച്ച് നിന്ന മീനാക്ഷിക് ഒന്നും തിരിച്ചു പറയാൻ ആവുമായിരുന്ന്നില്ല. കണ്ണുനീർ അവളുടെ കവിൾതടത്തെ നനച്ചുകൊണ്ടിരുന്നു.

നിർത്തടി നിന്റെ അധിക പ്രസംഗം. ഇവള് വല്ലടത് നിന്നും കേറി വന്നതല്ല, നിന്റെ കെട്ടിയോന്റെ പെങ്ങടെ മോളാ ഇവള്. ശ്രീഹരിയുടെ പ്രായം തന്നെ അല്ലെ മീനാക്ഷിക്കും ഉള്ളു…… പിന്നെ ഇന്ന് ഇവള് ഇവിടെ നില്കുന്നുണ്ടെങ്കിൽ അതിന്റെ ഏക കാരണം നിന്റെ കെട്ടിയോൻ തന്നെയാ.

ഇവളിവിടെ കേറി വന്ന നാൾ മുതൽ നേരം വെളുക്കുന്നതിന് മുന്നേ എഴുന്നേറ്റ് അന്തിയാവണ വരെ ഒരു മിനിറ്റു പോലും ഇരിക്കാൻ സമയം കൊടുക്കാതെ ഈ വീട്ടിലെ സർവത്ര ജോലിയും ചെയ്തു നിന്നെയൊക്കെ തീറ്റി പോറ്റുന്ന ഈ കുഞ്ഞിനെയല്ലേ നി നാശം കെട്ടവൾ എന്ന് വിളിച്ചത്. ചെയ്യുന്ന ജോലിക് ഒരു കണക്ക് പോലും പറയാത്ത ഇവളെ നിനക്ക് ഇങ്ങനൊക്കെ എങ്ങനെ പറയാൻ തോന്നുന്നു?? അധ്വാനിക്കാതെ വെറുതെ കുത്തിഇരുന്ന് സമയാസമയത്തിന് ഇവൾ വച്ചു നീട്ടുന്ന ഭക്ഷണം വാങ്ങി കഴിക്കുന്ന നിനക്കൊന്നും ഇവൾ കഴിക്കുന്ന ഓരോ ധാന്യത്തിന്റെയും വില പറയാൻ അവകാശമില്ല………

അമ്മായിയുടെ ഓരോ വാക്കുകളും അവരുടെ മനസ്സിനെ കുത്തി മുറിവേൽപ്പിക്കുന്നുണ്ടെന്നു അവരുടെ തന്നോടുള്ള നോട്ടത്തിൽ നിന്നും മീനാക്ഷിക് മനസ്സിലായി. മുത്തശ്ശി അത്രയും പറഞ്ഞതിലല്ല തന്നോടുള്ള വാശിക്ക് മാത്രമാണ് അവരകത്തേക്കു കയറി പോയത്. മുത്തശ്ശി തന്റെ ദേഷ്യമെല്ലാം കടിച്ചമർത്തി തൊടിയിലേക്കിറങ്ങി. അതും നോക്കി മീനാക്ഷിയും നിന്നു.

എന്തിനാണ് ശിവനെ എനികിങ്ങാനൊരു ജീവിതം? എന്റെ അമ്മയെ കൊണ്ടുപോയപ്പോൾ എന്നേം കൂടെ കൊണ്ടുപോകരുന്നില്ലേ?? എന്റെ ഈ അവസ്‌ഥക്ക് കാരണം അമ്മാവൻ മാത്രമാണ്. കൂട്ടുക്കൂടി നടന്നിരുന്ന കാലത്ത് കൂട്ടുകാരനൊരു മോഹം തന്റെ ഉറ്റ ചങ്ങാതിയുടെ പെങ്ങളെ വിവാഹം കഴിക്കണമെന്ന്. അങ്ങനെ ചങ്ങാതിയുടെ നല്ല ഗുണങ്ങൾ മാത്രം പറഞ്ഞ് വിശ്വസിപ്പിച്ചെടുത്തു എന്റെ അമ്മയെ. ആദ്യമാദ്യം ഓക്കേ നല്ല രീതിയിൽ പോയ ജീവിതം ദിവസങ്ങൾ കഴിയുന്തോറും വഷളായി വരികയായിരുന്നു. മദ്യപിച്ചു എന്തിന് സ്വന്തം മകളെ പോലും അയാൾ ഉപദ്രവിക്കുമായിരുന്നു.

ആകെയുള്ള ഒരു മകളെ നന്നായി നോക്കാൻ വേണ്ടി ഉള്ള വീടുകളെല്ലാം കയറിയിറങ്ങി വീട്ടുജോലി ചെയ്തു കാശ് സമ്പാതിക്കുകയായിരുന്നു എന്റെ അമ്മ. എത്ര ഉപദ്രവകാരി ആണെങ്കിലും തന്റെ ഭർത്താവിനോട് ഏതൊരു ഭാര്യക്കും ഒരംശമെങ്കിലും സ്നേഹം കാണും എന്നാൽ സ്വന്തം ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നറിയുന്ന ഒരു ഭാര്യക്ക് അത് താങ്ങാവുന്നതിനുമപ്പുറമായിരിക്കും.

ആ വാർത്തയറിഞ്ഞ അമ്മ ആ നിമിഷം സത്യാവസ്ഥക്കായി ഓടിയെത്തുകയായിരുന്നു. എന്നാൽ പുഴയോരത്തു വച്ചു നടന്ന വിചാരണക്കിടയിൽ ഒടുക്കം അയാളെന്റെ അമ്മയെ പുഴയിൽ ചവിട്ടിത്താഴ്ത്തി. അന്നുമുതൽ ഈ മുത്തശ്ശിയുണ്ട് ഈ അനാഥക്. സ്വന്തം പെങ്ങളുടെ ചോരയാണെന്ന പരിഗണന പോലും അമ്മായിയും അമ്മാവനും തന്നിട്ടില്ല ഇതുവരെ. തനിക്ക് കേറി ചെല്ലാൻ വേറെ ഒരിടവുമില്ല.

ഈ വീട്ടിൽ നിന്നും പുറത്തിറങ്ങുന്ന നിമിഷത്തിനായി ചിലപ്പോൾ കഴുകൻ പതിയിരിക്കുന്നുണ്ടാകാം കൊത്തിവലിക്കാൻ. ഓർമയുടെ താളുകൾ ഓരോന്നായി മറിക്കുമ്പോഴാണ് അടുപ്പത്തു വച്ച ചായയുടെ വെള്ളം തിളക്കുന്നത് കണ്ടത്. ചായപ്പൊടി എടുത്തു തിളച്ചുപൊന്തിയ വെള്ളത്തിലേക്കിട്ടു ഇറക്കിവച്ചു. അപ്പഴേക്കും സമയം 7:45ആയിരുന്നു. ശ്രീഹരിക് കോളേജിൽ കൊണ്ടുപോകാനുള്ള ചോറ്റുപാത്രത്തിൽ ചോറും കറിയും നിറച്ച് കുപ്പിയിലേക്ക് പകർത്തിയ വെള്ളവുമെടുത്തു മേശമേൽ വച്ചു.

രാവിലത്തെ അങ്കലാപ്പെല്ലാം കഴിഞ്ഞപ്പോഴേക്കും 12 നോട് അടുത്തിരുന്നു. നിരന്തരമായ കാലുവേദനക്ക് മരുന്നിനായി ആയുർവേദം വരെ പോയിരിക്കുകയായിരുന്നു മുത്തശ്ശി, ജോലികഴിഞ്ഞ് അമ്മാവനും, അമ്മായിയും ആറു മണിക്കേ തിരിച്ചെത്തുകയുള്ളൂ. മുൻപ് വശത്തെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് മീനാക്ഷി അങ്ങോട്ടേക്ക് ചെല്ലുന്നത്. പതിവില്ലാതെ ഈ സമയത്ത് ശ്രീഹരിയെ കണ്ട ഭയപ്പാടിൽ മീനാക്ഷി ആരാഞ്ഞു?? ഇന്നെന്താ ശ്രീയേട്ടൻ നേരത്തെ വന്നേ?? ഇന്ന് കോളേജിൽ സ്ട്രൈക്ക് ആണ്. അതുകൊണ്ട് നേരത്തെ പോന്നു….

തൊട്ടും തൊടാതെയുമുള്ള ശ്രീഹരിയുടെ മറുപടിയിൽ നിന്നും മീനാക്ഷിക് നേരിയ ഭയം ഉടലെടുത്തു. മറുപടിയായി മൂളികൊണ്ട് അടുക്കളയിലേക്കുതന്നെ തിരിച്ചു. പെട്ടെന്നാണ് തന്റെ കയ്യിൽ ഒരു പിടിത്തം വീണത്. ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ ശ്രീഹരി തന്നെത്തന്നെ നോക്കി നില്കുന്നു. ഒന്ന് ഒച്ചവെച്ചാൽ പോലും ആരും വിളികേൾക്കാൻ പറ്റാത്ത ഒതുങ്ങിയ വീടാണിത്.ഒന്ന് ഒച്ച വക്കാൻ പോലും അവളുടെ മനസ്സ് ഭയപ്പെട്ടിരുന്നു.

എന്താ ശ്രീഹരി…… നി കയ്യിന്നു വിട്ടേ….. അവന്റെ പിടിത്തം മുറുകുന്തോറും അവന്റെ കാലുകൾ തന്നിലേക്ക് അടുക്കുന്നതും പരിഭ്രാന്തിയോടെ അവളറിഞ്ഞു.

എന്നെ അനുസരിച്ചാൽ നിനക്ക് കൊള്ളാം. നിന്നെ ഇവിടെ ചെല്ലും ചിലവും തന്ന് നിർത്തിയിട്ടുണ്ടെങ്കിൽ അതിന് പ്രതിഫലമായി ഇങ്ങനെ ചില സഹായങ്ങളും നീ നൽകണം. ശ്രീഹരിക്ക് തന്നോടുള്ള പെരുമാറ്റത്തിൽ നിന്നും പലപ്പോഴായി പല സംശയങ്ങളും ഉടലെടുത്തുട്ടുണ്ടെങ്കിലും പക്ഷെ അതൊന്നും ആരോടും പറഞ്ഞിരുന്നില്ല, തനിക്ക് തോന്നിയ വിവരക്കേടായെ കണ്ടിട്ടുള്ളു ഇത്രയും നാളും, ഇതിപ്പോൾ, കയ്യും കാലും തളരുന്നതായി മീനാക്ഷിക്ക് തോന്നി.

തന്നിലേക്കാവൻ നടന്നടുക്കുന്ന ഓരോ നിമിഷവും വറ്റാത്ത ദാഹമായിരുന്നവന്റെ മനസ്സുനിറയെ. സ്വന്തം ജീവിതം അടിയറവു വച്ച ഇവർക്ക്മുന്നിൽ ഒരിക്കലും തന്റെ ശരീരം വിട്ടുകൊടുക്കില്ലെന്ന ഉറച്ചവിശ്വാസത്തോടെ തന്റെമേൽ ഇരുന്ന ശ്രീഹരിയുടെ കയ്കളെ തട്ടിമാറ്റി തൊടിയിലേക്കവൾ ഓടി. പാടവരമ്പത്തൂടെ ലക്ഷ്യമില്ലാതെ ഉരുണ്ടുകൂടിയ കണ്ണുനീരിനെപോലും തുടച്ചുമാറ്റാൻ സാവകാശം കൊടുക്കാതെ, തന്നെ കാത്തിരിക്കുന്ന കഴുകൻ കണ്ണുകൾക്ക് ദാഹമകറ്റാൻ അവസരം കൊടുക്കില്ലെന്ന ഉറച്ച വിശ്വാസത്തോടെ തന്റെ അമ്മ അലിഞ്ഞുചേർന്ന ആ പുഴ ലക്ഷ്യമാക്കി അവളുടെ കാലുകൾ ചലിക്കുകയായിരുന്നു.

ഓടുന്ന വേഗതയിൽ മുന്നിൽ കണ്ട പാറക്കല്ലിൽ തട്ടി മീനാക്ഷി ചതുപ്പിലേക്കുരുണ്ടു വീണു. ചെളിയിൽ മുങ്ങി താണ തന്റെ കാലുകളെ വേർപ്പെടുത്താനായില്ലവൾക്. പെട്ടെന്ന് തന്നെ പരിചിതമാമെന്നു തോന്നിക്കുന്ന രണ്ടുകയ്യ്കൾ അവളിലേക്കു വന്ന് പൊക്കിയെടുത്തു, അവന്റെ നെഞ്ചോട് ചേർത്തു. ഹൃദയ താളം ഉയരുന്നതിനൊപ്പം തന്നെ തലപൊക്കി നോക്കിയ മാത്രയിൽ പരിചയമെന്നു തോന്നിയ ആ മുഖം ഓർമയിലൂടെ മിന്നി മാഞ്ഞു.

കുട്ടിക്കാലത്ത് തന്റെ കയ്യ്കൾ സുരക്ഷിതമായിരുന്ന ആ കയ്യ്കളിൽ ഇപ്പോൾ താനും സുരക്ഷിതയായിരിക്കുന്നു. തന്റെ അവസ്‌ഥയും ത്യാഗവും കാണുമ്പോൾ മുത്തശ്ശി ഇടക്കിടെ പറയാറുണ്ടായിരുന്നു കുട്ടിക്കാലത്തെ വഴികളിൽ എവിടെയോ വച്ചു നഷ്ടപ്പെട്ടു പോയ തന്റെ കണ്ണേട്ടന്റെ തിരിച്ചുവരവ്, ആ കയ്യ്കൾ ഒരു സുരക്ഷാകവചമായി എന്നിലേക്കെത്തുന്ന നാൾ ഈ യാതനയിൽ നിന്നും പുതിയൊരു ജീവിതത്തിലേക്ക് ചവിട്ടിക്കയറാം ആരുടെയും അനുവാദമില്ലാതെ.

ആ കവചങ്ങളിലാണ് താനിപ്പോൾ, ഇനിയുള്ള കാലം കണ്ണന്റെ രാധയെന്ന അർത്ഥവത്തോടു കൂടി ഈ മീനാക്ഷി ജീവിക്കും, എനിക്കായി സൃഷ്‌ടിച്ച ഈ തണൽ എന്നിൽ ഉള്ളിടത്തോളം കാലം വരെ. അപ്പോഴും മീനാക്ഷിയുടെ കയ്യ്കൾ കണ്ണേട്ടന്റെ നെഞ്ചിൽ സുരക്ഷിതമായിരുന്നു 💞💞

ശുഭം 💕💕💕

രചന: Anusha Sukumaran

Leave a Reply

Your email address will not be published. Required fields are marked *