വെളുത്ത രാവ്

രചന :- സൈനു ഓമി……..

രാത്രി ഏറെ വൈകി വീട്ടിലേക്ക് കയറി വന്ന് കോളിങ്ങ് ബല്ല് മുഴക്കിയപ്പോഴേക്കും ഉടനെ വാതിൽ തുറന്നു..

“കരിമ്പോത്ത് ഉറങ്ങിയിട്ടില്ല…”

മദ്യലഹരിയിൽ കലിപ്പ് കയറി വന്നു.. ഇനി അവൾക്ക് പലതും ചിണുങ്ങാനുണ്ടാവും.. ഇരുമ്പുകഷ്ണങ്ങൾ തമ്മിലുരയുന്ന പോലുള്ള അവളുടെ ശബ്ദം കേൾക്കുന്നത് തന്നെ ഈറയാണ്..

“നിന്നെ നിന്റെ തന്ത തിരിച്ചെടുക്കുമോ…? തന്നതിന്റെ നാലിരട്ടി തിരികെ കൊടുക്കാം.. ”

ഒരു വർഷം മുന്നേ ചെറുതെങ്കിലും ഒരു പണക്കാരനായി ജീവിക്കാനുള്ള ആഗ്രഹം കൊണ്ട് തല വച്ചു കൊടുത്തതാണ് മനു. അന്ന് മുതൽ ആതിര അവന് ഒരു ഭാരമായി.. കൂടെ കൂടി…

ചെറിയ ശബളത്തിന് ടൗണിലെ ജ്വല്ലറിയിൽ ജോലി ചെയ്ത് കൊണ്ടിരിക്കേ.. ഷോപ്പും കൂറേ പണവും കാറുമൊക്കെ ലഭിക്കുമെന്നായപ്പോൾ സുന്ദരനും സൽസ്വഭാവിയുമായ ഒത്തിരി ബാധ്യതകൾക്കിടയിൽ ജീവിക്കുന്ന ചെറുപ്പക്കാരൻ മുതലാളിയുടെ മകളെ കെട്ടാമെന്ന് സമ്മതിച്ചു..

പെണ്ണുകാണലിന്റെ ദിവസം എല്ലാം ആദ്യമേ തീരുമാനിച്ചത് കൊണ്ടോ.. മനസ്സിലെ മുൻധാരണ കൊണ്ടോ.. അവൾ ദേഹമാകെ പൗഡറും മറ്റും വാരിത്തേച്ചത് കെണ്ടോ… മനുവിന് ആതിരയുടെ സൗന്ദര്യം മനസ്സിലാക്കാൻ കഴിഞ്ഞില്ല.

മണിയറയിൽ അവളുടെ തനിസ്വരൂപം കണ്ട് അവന് ഓക്കാനം വന്നു.. കൂടെ പോത്ത് അമറുന്ന പോലെയുള്ള ശബ്ദവുമായപ്പോൾ അവൻ മുഖം തിരിച്ചു കളഞ്ഞു.. ഒരു മീറ്റർ മുന്നിലേക്കും പിന്നിലേക്കും മുഴച്ചു നിൽക്കുന്ന ചന്തിയും വയറുമായി കുറുത്ത് ചീർത്ത് ചക്കക്കുരു പോലുള്ള തടിയൻ മുതലാളിയുടെ പ്രൊഡക്ട് ആണെങ്കിലും ഇത്രക്ക് പ്രതീക്ഷിച്ചിരുന്നില്ല…

സഹിക്കുകയല്ലാതെ രക്ഷയില്ല… സ്വന്തമായി കയ്യിൽ വന്ന ജ്വല്ലറിയും ലക്ഷങ്ങൾ വരുന്ന ബാങ്ക് ബാലൻസും ആഗ്നംബര കാറുമൊന്നും കൈവിട്ടു കളയാൻ വയ്യ…

“ഏട്ടൻ… കഴിക്ക്ണില്ലേ.. ”

റൂമിലേക്ക് കയറുന്ന മനുവിന്റെ കാതിൽ ഭീകര ശബ്ദം തുളച്ചു കയറി..

“എനിക്ക് വേണ്ട ടീ… നീ ഒലത്തിയത്..”

അതും പറഞ്ഞ് അവൻ വാഴ വെട്ടിയിട്ട പോലെ മെത്തയിലേക്ക് മറിഞ്ഞു… കണ്ണുകളിറുക്കിയടച്ചു കിടന്നു.. പുറത്ത് ലൈറ്റ് ഓഫായി.. ഇരുട്ടിലൂടെ അതിനേക്കാൾ ഇരുണ്ട രൂപം മെല്ലെ വന്ന് അടുത്ത് കിടക്കുന്നത് അവൻ അസഹ്യമായി നോക്കി… കൂടെ കൂട്ടി പുറത്തിറങ്ങാൻ പറ്റിയതെങ്കിലും ആയിരുന്നെങ്കിൽ….,,,

കല്യാണം കഴിഞ്ഞതിൽ പിന്നെ മനുവിന്റെ കഠിന പരിശ്രമം കൊണ്ട് അവനു സ്വന്തമായ ബിസിനസ്സ് ലോകം വളർന്നു പന്തലിച്ചു.. ഒരു വർഷം കൊണ്ട് പത്തിരട്ടിയായി വർദ്ധിച്ചു.. ഓരോ ദിവസം കൂടും തോറും തന്റെ വിരൂപിയായ ഭാര്യ മനുമുതലാളിക്ക് അരോചകമായി അനുഭവപ്പെട്ടു… അവൻ വീട്ടിൽ പോവാൽ വൈകിത്തുടങ്ങി.. അർദ്ധരാത്രി വരെ ക്ലമ്പുകളിലും ബാറുകളിലും ഇരുന്ന് കൂട്ടുകാരോടൊന്നിച്ച് കുടിച്ചു കൂത്താടി.. ശരീരത്തിന്റെ ചൂടു തീർക്കാൻ കുങ്കുമ നിറമുള്ള യുവതികളെ കണ്ടെത്തി… തനിക്കു വേണ്ടാത്ത സ്നേഹം തുറന്നു പിടിച്ചു പിന്നിൽ വരുന്ന ഭാര്യയൊത്തുള്ള നിമിഷങ്ങൾ അവന് അത്യതികം അസഹ്യമായി… വീട് നരകതുല്യമായി…

മെത്തിയിലടുത്ത് കിടക്കുന്ന സത്വം ഇളകിയും,ചെരിഞ്ഞും, മറിഞ്ഞും അസ്വസ്ഥത കാണിക്കുന്നുണ്ട്.. ഒന്നും കഴിച്ചു കാണില്ല.. അതിന് താനെന്ത് വേണം.. താൻ കഴിച്ചില്ലെന്ന് കരുതി കഴിക്കാതിരിക്കണോ.. പട്ടിണി കിടന്നോട്ടെ… ഉറക്കം വരുന്നതേയില്ല… കണ്ണടച്ചു കിടക്കാൻ തുടങ്ങിയിട്ട് മണിക്കുറുകളായി…

ഇടക്കെപ്പഴോ.. കണ്ണുകൾ പാതിയടഞ്ഞു വരുമ്പോഴാണ് ഉള്ളംകയ്യിൽ ഒരു തണുപ്പനുഭവപ്പെട്ടത്.. ഞെട്ടിയുണർന്ന് കൈ തട്ടി മാറ്റി…

അവൾ പൂർവ്വാധികം ശക്തിയോടെ അവനെ കോർത്തു പിടിച്ച് വരിഞ്ഞു മുറുക്കി.. ചേരയുടെ വായിൽ പെട്ട തവളക്കുഞ്ഞിനെ പോലെ മനു ഞരങ്ങി.. ഇവൾ എന്തിനുള്ള പുറപ്പാടാണാവോ…

“ഏട്ടാ… ഞാൻ പറയുന്നത് നിങ്ങൾ കേട്ടേ പറ്റൂ…

നിങ്ങൾ ചോദിച്ചില്ലേ. എന്റെ അച്ഛൻ എന്നെ തിരിച്ചെടുക്കുമോ… എന്ന്…? ഏട്ടൻ വിഷമിക്കണ്ട.. അച്ഛനല്ല എന്നെ ഈ രൂപത്തിൽ സൃഷ്ടിച്ചവൻ തന്നെ എന്നെ തിരിച്ചെടുക്കാൻ പോവുന്നു…

പകരം ഏട്ടൻ ഒന്നും തിരികെ കൊടുക്കണ്ട… ആരും ഏട്ടനെ കുറ്റപ്പെടുത്തില്ല… അച്ഛന്റെ ഏക മകളായ ഞാൻ പോയാൽ പിന്നെ അച്ഛന്റെ അറ്റമില്ലാത്ത സ്വത്തിന്റെ അവകാശിയും നിങ്ങളാണ്.. ഏട്ടന് ഇഷ്ടമുള്ളവരുടെ കൂടെ കോടീശ്വരനായി ജീവിക്കാം.. ”

അവളുടെ വാക്കുകൾ ഹൃദയത്തിന്റെ ഏതോ നിർമ്മലമായ കോണിൽ ചെന്നു തട്ടി.. അവിടെ ആ വാക്കുകളുടെ മൂർച്ഛയാൽ മുറിവേറ്റ് രക്തമൊഴുകി..

“ആതിരാ… നീ…. എന്താ പറഞ്ഞത്.. ”

” അതേ… ഏട്ടാ.. ഞാനൊരു മാരക രോഗിയാണ്.. ഒരോ ദിവസവും എന്റെ കരൾ ദ്രവിച്ചു കൊണ്ടിരിക്കുകയാണ്.. ”

“എന്തു കൊണ്ടെന്നോടിതു വരെ നീ പഞ്ഞില്ല…”

“ഏട്ടൻ സംസാരിക്കാൻ അനുവദിക്കണ്ടേ…

നോക്കേട്ടാ.. അവിടെ തിളങ്ങി നിൽക്കുന്ന പൂർണ്ണചന്ദ്രനെ കണ്ടോ…”

കർട്ടനുയർത്തി വച്ച ജനലിനു നേരെ ചൂണ്ടി ആതിര തുടർന്നു…

“ഒരു രാത്രി…, ഒരേയൊരു രാത്രി ഏട്ടനെ എനിക്ക് വേണം.. ഈ നിലാവുള്ള രാത്രി എന്റെ ഇഷ്ട്ടം പോലെ ഏട്ടൻ എന്നോടു പെരുമാറണം… എനിക്കു വേണ്ടി സ്നേഹം അഭിനയിക്കണം”

രാത്രി ബീച്ചിനോരത്തെ റോഡിൽ മനുവിന്റെ കാറ് സൈഡായി… ആതിര അവന്റെ കൈ പിടിച്ച് പാർക്കിലൂടെ തിരമാലകൾ അടിച്ചു കയറുന്ന മണൽത്തിട്ടയിലേക്ക് നടന്നു.. മുട്ടറ്റം വെള്ളത്തിലറങ്ങി നിന്ന് മനുവിനെ ചേർത്ത് പിടിച്ച് പൂർണ്ണചന്ദ്രനെ നോക്കി അവൾ നിശബ്ദമായി പാട്ടു പാടി.. തിരയിറങ്ങിയ പഞ്ചസാര മണലിൽ മലർന്നു കിടക്കുന്ന മനുവിന്റെ വയറിൽ തല വച്ച് കിടന്ന് ആതിര കൊച്ചു കുട്ടിയെ പോലെ സംസാരിച്ചു… അടിച്ചു കയറുന്ന തിരകൾ പതിയെ ശക്തി കുറഞ്ഞ് അവരെ മൃദുവായി മുത്തം വച്ച് ഇറങ്ങിപ്പോയി…

സമയം ഇഴഞ്ഞു നീങ്ങി.. ഇടക്കെപ്പഴോ.. ആതിരയുടെ മുടിയിഴകളിലൂടെ മനുവിന്റെ നീണ്ട വിരലുകൾ ചലിക്കാൻ തുടങ്ങി… സ്വയം മറന്ന് സംസാരിക്കുന്ന ആതിരയിലേക്ക്‌ മനു അറിയാതെ ലയിക്കാൻ തുടങ്ങി…

സമയം പുലരാറായിരിക്കുന്നു.. അതിരയുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ച് മനു നടന്നു… ” പെണ്ണേ നിന്റെ ഹൃദയത്തിന് ഇത്രയും സൗദര്യമുണ്ടായിരുന്നോ… ” ഈ രാവിന് പോലും എന്തൊരു വെളുപ്പാണിന്ന്..! അവന് വീട്ടിലെത്താൻ ധൃതിയായി…

നീല വെളിച്ചം പൊഴിക്കുന്ന മുറിയിൽ പ്രണയാർദ്രമായ മനസ്സോടെ മനു ആദ്യമായി ആതിരയെന്ന പൂമൊട്ടിന്റെ നറുമണം നുകർന്നു.. ഉറക്കമില്ലാത്ത സുന്ദരമായൊരു രാത്രിയുടെ ആലസ്യത്തിൽ കിടക്കുന്ന മനുവിനെ തട്ടിവിളിച്ചു കൊണ്ട് ചായയുമായി വന്ന ആതിര പറഞ്ഞു..

“ഏട്ടാ… ഇന്നാണ് ഹോസ്പിറ്റലിൽ അഡ്മിറ്റാവാൻ പോവേണ്ടത്…”

ഹോ….,,, ഇത്ര കാലമായിട്ടും ഞാൻ നിന്നെ മനസ്സിലാക്കിയില്ലല്ലോ… പെണ്ണേ… സൗദര്യമെന്തന്നറിയാത്ത അഹങ്കാരിക്ക് ദൈവം തന്ന ശിഷ.. നിന്നെ ഞാനാർക്കും വിട്ടു കൊടുക്കില്ല പെണ്ണേ..

“മനൂ… ആതിരയുടെ സ്ഥിതി മെച്ചപ്പെടുന്നുണ്ട്… അവൾ തിരിച്ചു വരാൻ പറ്റാത്ത വിധം അകലെയെത്തിയിരുന്നു.. ഇനിയും ഒന്നും പറയാറായിട്ടില്ല… എന്തോ മഹാത്ഭുതം അവളിൽ സംഭവിച്ചിരിക്കുന്നു.. നല്ല പരിചരണവും സ്നേഹവും നൽകൂ… നമുക്ക് ശ്രമിക്കാം മനൂ… ”

ഡോക്ടറുടെ വാക്കുകൾ മനുവിന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.. ഇരുപത്തിനാലു മണിക്കൂറും അവൻ ആതിരയുടെ അരികിലുണ്ട്.. അവളുടെ മുടിയിഴകൾ തലോടിയും.. ഇരു കൈകളും കയ്യാൽ പുണർന്ന് ചേർത്തു പിടിച്ചും നിറഞ്ഞ സ്നേഹം നൽകുന്നുണ്ട്.. മാലാഘമാർ ഇഞ്ചക്ട് ചെയ്ത് പോയ സ്ഥലങ്ങളിൽ തിരുമ്മിക്കൊടുക്കുന്നുണ്ട്…

” ഡോക്ടർ പറഞ്ഞ അത്ഭുതം മറ്റൊന്നുമല്ല മോളേ.. എന്റെ സ്നേഹമാണ്… ഒന്നെഴുന്നേറ്റു വാ… നീ കാണാൻ പോവുന്നേയുള്ളൂ മനുവിന്റെ സ്നേഹം എന്താണെന്ന്…”

മനു ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.. തമാശ പറഞ്ഞ് അവളെ കുടുകുടെ ചിരിപ്പിച്ചു. അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു സ്നേഹചുംബനം നൽകി..

“ഒരു പുരുഷൻ നേടുന്നതിൽ വച്ചേറ്റവും പുണ്യമായ ഇഹലോക സമ്പത്ത് നല്ല ഭാര്യയാണ് പോലും..” മനം നിറയെ പ്രതീക്ഷയോടെ… അവൾ തിരിച്ചു വരാതിരിക്കില്ലെന്ന വിശ്വാസത്തോടെ.. മനു രാത്രിയിൽ പോലും ഉറക്കമൊഴിച്ച് ആതിരക്ക് കൂട്ടിരുന്നു..

* * *

രചന :- സൈനു ഓമി……..

Leave a Reply

Your email address will not be published. Required fields are marked *