അവിടെ ജോലി ചെയ്യുന്ന ഒരു പെൺകുട്ടിയെ എനിക്ക് പരിചയമുണ്ട്. അവള് അൽപം മനുഷ്യപ്പെറ്റുള്ളവൾ ആണ്….

രചന: മഴയെ പ്രണയിച്ചവൾ

ഫോണിലെ അലാറം മുഴങ്ങുന്നത് കേട്ട് സൂരജ് ഉണർന്നു. കൃത്യം ഏഴ് മണിക്ക് തന്നെ അലാറം അടിച്ചിട്ടുണ്ട്. ഏഴ് മണിക്ക് ഉണരാം എന്ന് കരുതി ആണ് ഇന്നലെ അലാറം വെച്ചത്. പക്ഷേ പുലർച്ചെ തന്നെ വന്നെത്തിയ മഴ അവന്റെ ആ തീരുമാനത്തെ തിരുത്തി കളഞ്ഞു. ഈ മഴയത്ത് എന്തായാലും ഇത്ര നേരത്തെ എണീക്കേണ്ട എന്ന് അവൻ വെച്ചു. മഴ നൽകിയ തണുപ്പും കൊണ്ട് പുതച്ചു മൂടി കിടന്നുറങ്ങുമ്പോൾ കിട്ടുന്ന സുഖം ഒഴിവാക്കാൻ അവൻ തയ്യാറായില്ല.

അവൻ അലാറം ഓഫാക്കി ഒന്പത് മണിക്ക് ആക്കി വെച്ചു. പക്ഷേ ഉണർന്നപ്പോൾ ഒമ്പതരയും കഴിഞ്ഞിരുന്നു.കുളിച്ച് ഭക്ഷണം കഴിക്കലും കഴിഞ്ഞ് അവൻ ഹോട്ടലിൽ നിന്നും പോകുവാൻ ഒരുങ്ങി.

” സാർ , ടാക്സി റെഡിയായിട്ടുണ്ട് ” ഹോട്ടൽ ബോയ് പറഞ്ഞു

” വളരെ നന്ദി ”

ഹോട്ടലിനു പുറത്തേക്കു ചെന്നു ടാക്സിയിലേക്കു കയറി

” എവിടേക്കാണ് സാർ പോകേണ്ടത് ” മധ്യവയസ്കനായ ആ ടാക്സി ഡ്രൈവർ ചോദിച്ചു.

” അമ്മക്കിളി കൂട്ടിലേക്ക് ” സൂരജ് പറഞ്ഞു.

” അത് രണ്ട് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച ഒരു വൃദ്ധസദനം അല്ലേ “. ഡ്രൈവർ ചോദിച്ചു.

” അത് ഒരു വൃദ്ധസദനം ആണ്. പക്ഷേ എപ്പോൾ മുതൽ ആണ് തുടങ്ങിയത് എന്ന് അറിയില്ല എത്ര സമയം പിടിക്കും അവിടേക്കെത്താൻ ”

“ഒരുമണിക്കൂർ എടുക്കും സാർ ”

മ്മ്… ഒന്ന് മൂളികൊണ്ടു അവൻ സീറ്റ് ബെൽറ്റിട്ടു പുറകിലേക്ക് ചാരിയിരുന്നു..

‘ അമ്മക്കിളിക്കൂട് ‘ കേൾക്കുമ്പോൾ തന്നെ എത്ര രസകരമാണ് അല്ലേ സാർ. ആ കെട്ടിടത്തിന്റെ പകിട്ടും പത്രാസുമൊക്കെ കാണാനും നല്ല രസമാണ്. പക്ഷേ അവിടത്തെ അന്തേവാസികളുടെ ജീവിതം അത്ര രസകരമല്ല എന്നതാണ് വാസ്തവം. അവിടെ മാതാപിതാക്കളെ കൊണ്ടെത്തിക്കണമെങ്കിൽ ചില്ലറ കാശൊന്നും അല്ലേ കെട്ടിവെയ്ക്കേണ്ടത്. അവിടെ ജോലി ചെയ്യുന്ന ഒരു പെൺകുട്ടിയെ എനിക്ക് പരിചയമുണ്ട്. അവള് അൽപം മനുഷ്യപ്പെറ്റുള്ളവൾ ആണ്. അവൾ എന്നോട് പലതും പറയാറുണ്ട് . അവിടെയുള്ള കിടപ്പ് രോഗികളുടെ അവസ്ഥ മഹാ കഷ്ടമാണത്രേ. പത്തായിരം അന്തേവാസികൾ ഉള്ള ആ സ്ഥാപനത്തിൽ ആവശ്യത്തിന് ജോലിക്കാർ ഉണ്ടെങ്കിലും മനുഷ്യപ്പെറ്റുള്ളവർ മൂന്നോ നാലോ പേർ മാത്രം. എന്തൊരു കഷ്ട്ടമാണ് , അല്ലേ സാർ ”

അപ്പോഴാണ് അയാൾ ഒരു കാര്യം ഓർത്തത്. വെല്ലപ്പോഴും ആണെങ്കിൽ പോലും മൂന്നാല് പ്രാവശ്യം ആയി അവിടേക്ക് ചെല്ലണം എന്നും പറഞ്ഞ് തനിക്ക് ഫോൺകോളുകൾ വരുന്നു. ഒരുപക്ഷേ തന്നെ വിളിച്ചത് ഇയാൾ പറയുന്ന ആ മനുഷ്യപെറ്റുള്ള സ്റ്റാഫുകൾ ആയിരിക്കണം. അവസാനത്തെ ഫോൺകോളിൽ താൻ വരാമെന്ന് സമ്മതിച്ചപ്പോൾ വിളിച്ച സ്റ്റാഫിന് സംശയം ഉണ്ടായിരുന്നു പറ്റിക്കുകയാണോ എന്ന്. ” വെറുതെ പറയുകയാണോ? ” എന്നുള്ള ആ സ്റ്റാഫിന്റെ ചോദ്യത്തിന്

” ഞാൻ എപ്പോഴെങ്കിലും നിങ്ങളോട് വരാമെന്ന് പറഞ്ഞ് വരാതെ ഇരുന്നിട്ടുണ്ടോ. ഇതിന് മുമ്പും ഞാൻ വരാതെ ഇരുന്നത് വരാൻ കഴിയില്ല എന്ന് തുറന്ന് പറഞ്ഞിട്ട് തന്നെ അല്ലേ. പക്ഷേ ഇപ്പോൾ ഞാൻ പറയുന്നത് വരാം എന്ന് തന്നെയാണ്. എനിക്ക് ഇപ്പോഴാണ് സമയവും കിട്ടിയത്. ഇന്നേക്ക് മൂന്നാം നാൾ ഞാൻ അവിടെ എത്തിയിരിക്കും ” എന്ന് സൂരജ് മറുപടി കൊടുക്കുകയും ചെയ്തു.

സൂരജിന്റെ കണ്ണുകൾ പെട്ടെന്ന് നിറഞ്ഞൊഴുകി. അത് ഡ്രൈവർ കാണാതെ ഇരുന്ന് തുടച്ച് കളയാൻ അയാൾ പ്രത്യേകം ശ്രദ്ധിച്ചു. തന്റെ അനുസരണയില്ലാതെ നിറഞ്ഞൊഴുകിയ ആ കണ്ണുനീരിനോട് സുരജിന് വല്ലാത്ത ദേഷ്യം തോന്നി. തന്റെ ശബ്ദത്തിന്റെ ഇടർച്ച മാറ്റിയതിന് ശേഷം അയാൾ ഡ്രൈവറോട് പറഞ്ഞു ,

“അവിടേക്ക് ഒരു മണിക്കൂർ നേരത്തെ യാത്ര ഉണ്ടെന്നലേ പറഞ്ഞത് . ഞാൻ ഒന്ന് ഉറങ്ങട്ടേ. സ്ഥലം എത്തുന്പോൾ എന്നെ വിളിച്ചാൽ മതി. ”

” ഓ.. ശരി സാർ. ഉറങ്ങിക്കോളു. സ്ഥലം എത്തുന്പോൾ ഞാൻ ഉണർത്തിക്കോളാം”

യഥാർത്ഥത്തിൽ ഉറങ്ങുകയായിരുന്നില്ല സൂരജിന്റെ ഉദ്ദേശ്യം. ആ ഡ്രൈവറുടെ വർത്തമാനത്തിൽ നിന്നും ഒരു രക്ഷപ്പെടൽ. കാരണം അയാളുടെ സംസാരം എന്തൊക്കെയോ കൊണ്ടോ സൂരജിനെ അലോസരപ്പെടുത്തി. അയാൾ കണ്ണുകൾ അടച്ച് സീറ്റിൽ ചാരി ഇരുന്ന് പലതും ഓർക്കാൻ തുടങ്ങി. ആ ഓർമകളിൽ അധികവും നിറഞ്ഞ് നിന്നിരുന്നത് ഒരു പത്ത് വയസ്കാരനായ ബാലനായിരുന്നു.” കണ്ണൻ” എന്നായിരുന്നു അവനെ അവന്റെ വീട്ടുകാർ വിളിച്ചിരുന്നത്.

കണ്ണന് ഓർമ്മവെച്ച നാൾമുതൽക്കേ മാതാപിതാക്കൾ അവന് ആരായിരുന്നു. മാതാപിതാക്കൾക്ക് അവൻ ആരായിരുന്നു. ആരും ആയിരുന്നില്ല എന്ന് തന്നെ പറയേണ്ടി വരും. എൽകെജി മുതലേ സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്ന അവനെ കാത്തിരുന്നത് വീട്ടിലെ വേലകാരുടെ സ്നേഹവും ശാസനയും ആയിരുന്നു. പക്ഷേ അവൻ അവന്റെ പാരന്റ്സിൽ നിന്നും എത്രമാത്രം അകന്നാണ് ജീവിക്കുന്നത് എന്ന് മനസിലാക്കിയത് മറ്റു കുട്ടികൾ അവരുടെ മാതാപിതാക്കളെ കുറിച്ച് പറയുമ്പോൾ ആയിരുന്നു.

തന്റെ കൂട്ടുകാരന്റെ അമ്മ അവനെ കൂട്ടാതെ അമ്മവീട്ടിൽ പോയെന്നും പറഞ്ഞ് ഉച്ച ഭക്ഷണം പോലും മുഴുവനും കൊണ്ടുപോയി കളയുകയും അന്ന് അവൻ വീട്ടിൽ ഉണ്ടാക്കിയ ബഹളങ്ങളെ കുറിച്ചുമൊക്കെ കൂട്ടുകാരൻ പറഞ്ഞപ്പോൾ അവൻ ചിന്തിച്ചത് എന്തിനാണ് ഇങ്ങനെ ബഹളം വെയ്ക്കുന്നത് അമ്മയില്ലെങ്കിൽ എന്താണ് ഭക്ഷണം എടുത്ത് തരാനും മറ്റ് എന്ത് ആവശ്യങ്ങൾക്ക് വേണ്ടിയും അച്ഛനില്ലേ. ഇനി അച്ഛൻ ഇല്ലെങ്കിൽ തന്നേയും എന്താ , തന്റെ വീട്ടിൽ ഉള്ളത് പോലെ വേലക്കാർ കാണുമല്ലോ. പിന്നെ എന്തിനാണ് അമ്മതന്നെ വേണമെന്ന് വാശിപ്പിടിക്കുന്നത് എന്നായിരുന്നു.

തന്റെ മറ്റൊരു സുഹൃത്ത് പനി പിടിച്ചു കിടപ്പിലായപ്പോൾ അടുക്കള പണി പോലും ചെയ്യിക്കാൻ അനുവദിക്കാതെ എങ്ങും വിടാതെ തന്റെ അമ്മയെ തനിക്കൊപ്പം പിടിച്ചു കിടത്തി അമ്മയുടെ ചൂട് പറ്റി കിടന്ന കാര്യം പറയുമ്പോൾ കണ്ണൻ ഓർത്തത് , തനിക്ക് പനി പിടിച്ചു കിടന്നപ്പോഴുള്ള അവസ്ഥയെ കുറിച്ച് ആയിരുന്നു. പനിയുടെ കുളിരിൽ താനും ആഗ്രഹിച്ചിരുന്നില്ലേ ഒരുപാട് സ്നേഹത്തോടെ തന്നെ കെട്ടിപ്പിടിച്ചു കിടക്കാനും മുടിയിൽ തലോടാനും ഒരാൾ ഉണ്ടായിരുന്നു എങ്കിൽ എന്ന്. ഇങ്ങനെയൊക്കെ മാതാപിതാക്കൾ ചെയ്യുമോ എന്ന കാര്യം അവന് വലിയ അദ്ഭുതം ആയിരുന്നു.

എങ്കിലും തനിക്ക് പനിയും മറ്റ് അസുഖങ്ങളും പിടിക്കുമ്പോൾ തന്റെ വീട്ടിലെ വേലക്കാർ എത്ര നന്നായി ആണ് തന്നെ നോക്കുന്നത് എന്ന് കണ്ണൻ ചിന്തിക്കാറുണ്ട്.

മരുന്നോ ഭക്ഷണമോ കൊടുക്കാൻ വൈകിയെന്നാൽ അവർ വെപ്രാളത്തോടെ അടുക്കം പറയുന്നത് അവൻ കേൾക്കാറുണ്ട്.

” അയ്യോ ആ കുട്ടിക്ക് ഭക്ഷണം കൊടുത്തൊ മരുന്ന് കൊടുത്തോ. ഇല്ലെങ്കിൽ മാടത്തിന്റേയും സാറിന്റേയും കൈയിൽ നിന്നും നല്ലത് കിട്ടിയത് തന്നെ”. കണ്ണൻ ആരെയെങ്കിലും ശരിക്കും സ്നേഹിച്ചിട്ടുണ്ടോ എന്ന് സൂരജിന് സംശയമാണ്. അതുകൊണ്ട് ആണല്ലോ അഡ്വക്കേറ്റ് ആയ സ്വന്തം ഡാഡിയുടെ കേസുകളിലെ നിരന്തരമായ പരാജയങ്ങൾ മൂലം ഉണ്ടാവുന്ന വിഷമതകളോ കേസുകളുടെ വിജയം മൂലം ഉണ്ടാവുന്ന സന്തോഷമോ അവനെ ബാധിക്കാതെ ഇരുന്നതും , ഒരിക്കൽ അവന്റെ മമ്മി ആക്സിഡന്റ് ആയി ഹോസ്പിറ്റലിൽ കിടന്നപ്പോഴുള്ള ദിനങ്ങൾ അവന് അൽപം പോലും വേദനിപ്പിക്കാതെ ഇരുന്നതും . എന്നാൽ തങ്ങളുടെ സുഖവും ദുഖവും മകനെ ബാധിക്കാതെ ഇരുക്കുന്നതൊന്നും ആ മാതാപിതാക്കൾക്ക് ഒരു പ്രശ്നമേ അല്ലായിരുന്നു. കാരണം ” അവൻ കുട്ടിയല്ലേ , അവന് ഒന്നും അറിയില്ലാല്ലോ , അവന് ഒന്നും അറിയില്ല” .

അവന് ഒന്നിനോടും സ്നേഹമില്ലായിരുന്നെങ്കിൽ പിന്നെ എന്തിനാണ് അവൻ ബോർഡിങ്ങിൽ പോവാൻ വിസമ്മതിച്ചത്. അവനെ മാതാപിതാക്കളുടെ അടുത്ത് പിടിച്ചു നിർത്താൻ മാത്രം എന്താണ് അവിടെ ഉണ്ടായിരുന്നത്. താൻ ബോർഡിങ്ങിൽ പോവില്ലെന്ന് എന്തിനാണ് അവൻ കരഞ്ഞു പറഞ്ഞത്. ഒരുപക്ഷേ പാരന്റ്സിന്റെ പ്രസന്റ്സ് എങ്കിലും അവൻ ആഗ്രഹിച്ചിരുന്നുവോ. അറിയില്ല, ഒന്നും അറിയില്ല.

വിവരവും വിദ്യാഭ്യാസവും ഒരുപാട് കൂടിയ കണ്ണന്റെ മമ്മീക്ക് ജോലിചെയ്യുക എന്നുള്ളത് ഒരു വലിയ ആവേശം ആയിരുന്നു. ഒട്ടുമിക്ക ഭർത്താക്കന്മാർക്കും ഉള്ളത് പോലെ ” പോസസീവ് ” എന്നൊരു സാധനം ഇല്ലാത്ത മനുഷ്യൻ ആയിരുന്നു കണ്ണന്റെ ഡാഡി. അതുകൊണ്ടൊക്കെ തന്നെയാണ് താൻ അയാളെ വിവാഹം കഴിച്ചതെന്ന് തന്റെ ദാമ്പത്യ ജീവിതത്തെ അസൂയയോടെ നോക്കി കാണുന്ന മറ്റ് സ്ത്രീകളോട് അവർ പറയാറുണ്ട്.

അല്ലെങ്കിൽ തന്നെ സ്ത്രീ സമത്വത്തെ അംഗീകരിക്കുന്ന ഫെമിനിസത്തെ പ്രോത്സാഹിപ്പിക്കുന്ന ആണുങ്ങളെ ഏത് പെണ്ണാണ് ആഗ്രഹിക്കാതെ ഇരിക്കുന്നത്, അല്ലേ.

പക്ഷേ ജോലിയിൽ നന്നായി ശോഭിച്ചിരുന്നതിന്റെ ഫലമായി ഭാര്യയ്ക്ക് കിട്ടിയ പ്രമോഷനിൽ മനസ് തുറന്നു സന്തോഷിക്കാൻ മാത്രം ആ ഭർത്താവിന് കഴിഞ്ഞില്ല. കാരണം പ്രമോഷനോടൊപ്പം ട്രാൻസ്ഫറും കിട്ടിയിരുന്നു. പക്ഷേ എന്ത്കൊണ്ടോ തന്റെ താൽപര്യമില്ലായമ തുറന്ന് സമ്മതിക്കാൻ അദ്ദേഹം മടിച്ചു. എല്ലാ കാര്യത്തിലും മൗനമായാണ് കണ്ണന്റെ അച്ഛൻ പ്രതികരിച്ചത്. എന്നാൽ ഭർത്താവിന്റെ താൽപര്യം ഇല്ലായ്മയേക്കാൾ കണ്ണന്റെ അമ്മയെ വേദനിപ്പിച്ചത് കണ്ണനെ എന്ത് ചെയ്യും എന്ന ചിന്തയായിരുന്നു. അതിന് അമ്മതന്നെ ഒരു ഉപായവും കണ്ടെത്തി. കണ്ണനെ ബോർഡിങ്ങിൽ ആക്കുക എന്ന് .

എന്തിനാവും കണ്ണന്റെ മമ്മിയുടെ സ്ഥലമാറ്റം കണ്ണന്റെ പപ്പയ്ക്ക് ഇഷ്ടമാവാതെ ഇരുന്നത് എന്ന് സൂരജ് ചിന്തിച്ചു. ആ സ്ത്രീയുടെ സൗന്ദര്യം ഒരു നേരവും പോലും കാണാതെ ഇരിക്കാൻ കഴിയാത്തതിനാലോ അതൊ അവരുടെ പ്രസന്റ്സ് നഷ്ട്ടമാക്കാനുള്ള പ്രയാസം കൊണ്ടോ.

അവരുടെ സാന്നിധ്യം മിസ് ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് തന്നെ ആയിരിക്കണമെന്ന് സൂരജ് നിശ്ചയിച്ചു. കണ്ണന്റെ മമ്മിയെ കുറിച്ചോർക്കുമ്പോൾ അവരുടെ സൗന്ദര്യത്തെ കുറിച്ച് ആയിരിക്കും സൂരജിന്റെ ഓർമയിൽ തങ്ങി നിൽക്കുക.സത്യത്തിൽ ഈ ലോകം ചുറ്റി അലഞ്ഞിട്ടും അവരുടെ സൗന്ദര്യം പോലെ വേറെ ഒരു സ്ത്രീയുടേയും സൗന്ദര്യം തന്നെ എന്തുകൊണ്ട് ആകർഷിച്ചിട്ടില്ല എന്ന് സൂരജ് കണ്ണന്റെ മമ്മി. അവരുടെ സ്ഥിരമായ വേഷം ജീൻസും ലോങ്ങോ ഹാഫോ ആയ ടോപ്പും ആയിരുന്നു. അവരുടെ ആ മെലിഞ്ഞ ശരീരത്തിന് അതായിരുന്നു അനുയോജ്യവും. സ്കെൽറ്റായ മുടി ഈർക്കിലി പിന്നി ബട്ടർ ഫ്ലൈ ക്ലിപ്പ് കുത്തി ചെറുതായി കണ്ണെഴുതി ലൈറ്റായി ചുണ്ടിൽ ചായം തേച്ച് നടക്കുന്ന അവരുടെ സൗന്ദര്യം പോലെ എന്ത് കൊണ്ട് തന്നെ മറ്റൊരു സൗന്ദര്യവും ആകർഷിച്ചില്ല എന്ന് സൂരജ് ചിന്തിച്ചു.

മകന്റേയും ഭർത്താവിന്റേയും താൽപര്യമില്ലായ്മ കാരണം അവർക്ക് പ്രമോഷൻ വേണ്ടെന്ന് വെയ്ക്കേണ്ടി വന്നു. പക്ഷേ അത് അവളെ ഒരു തികഞ്ഞ വിഷാദ രോഗി ആക്കിമാറ്റി. അവൾക്ക് ഒന്നിനോടും ഒരു താൽപര്യവും ഉണ്ടായിരുന്നില്ല. അവരുടെ ആ അവസ്ഥ ഇഷ്ടപ്പെടാൻ കഴിയാത്ത ആ ഭർത്താവ് തന്നെ മുൻകൈയെടുത് കണ്ണനെ ബോർഡിങ്ങിൽ ആക്കി.

” മമ്മി വേണമെങ്കിൽ എവിടെയ്ക്കെന്നാൽ വെച്ചാൽ പൊയ്ക്കോട്ടേ. ഞാൻ ഇവിടെ നിന്നോളാം . ഇവിടെ സെർവെന്റ്സിലെ .”

എന്നൊക്കെ കണ്ണൻ പറഞ്ഞു നോക്കിയെങ്കിലും അതൊന്നും ഡാഡി ചെവികൊണ്ടതുമില്ല. അങ്ങനെ പത്താമത്തെ വയസിൽ കണ്ണൻ ബോർഡിങ്ങിലേക്ക് പറിച്ചു നടപ്പെട്ടു. പിന്നെ ഇടയ്ക്ക് വേക്കേഷനിൽ വരുമ്പോൾ അവർ മകനോടൊപ്പം യാത്രകൾ നടത്താറുണ്ടെങ്കിലും അവരോട് ഒപ്പമുള യാത്രകളിൽ അവൻ വിരക്തി കാണിക്കാൻ തുടങ്ങി. ആ പാരന്റ്സ് കണ്ണനെ കുറിച്ച് ഒരു കാര്യം കണ്ടെത്തി തങ്ങളുടെ മകന് യാത്രകൾ ഇഷ്ട്ടമല്ലെന്ന്.

അവന് പതിനേഴ് വയസ് കഴിഞ്ഞപ്പോൾ അവന്റെ ഡാഡി ഒരു ആക്സിഡന്റിൽ മരണപ്പെട്ടു. ആ മരണം അവനെ ഒരുപാട് ഭയപ്പെടുത്തിയിരുന്നു. വെറും പതിനേഴ് വയസ് ഉള്ള താൻ ഇനി എങ്ങനെ ജീവിക്കും എന്നായിരുന്നു അവന്റെ സങ്കടം. അല്ലേ , അങ്ങനെ തന്നെയല്ലെ എന്ന് സൂരജ് പലവട്ടം ചിന്തിച്ചു. അവന്റെ ഭയത്തിനും സങ്കടത്തിനും മറ്റൊരു കാരണമുണ്ടായിരുന്നില്ല. ജന്മം നൽകിയവൻ മരണപ്പെടുമ്പോൾ മകന് ഉണ്ടാവുന ദുഃഖം ആയിരുന്നില്ല അവന്. തന്റെ വിദ്യാഭ്യാസത്തിനും മറ്റ് ചിലവുകൾകുമുള്ള പണം എങ്ങനെ കിട്ടും എന്നൊരു ഉൽകണ്ഠ മാത്രമായിരുന്നു അവന്. അവൻ ഒരിക്കൽ പോലും മമ്മിയൊട് പണം ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നില്ല. പണം മാത്രമല്ല ഒന്നും തന്നെ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നില്ല.

അച്ഛന്റെ മരണശേഷം ഒരു മാസം കഴിഞ്ഞ് അവന്റെ മമ്മി തന്നെയാണ് അവനോട് പറഞ്ഞത് ഡാഡിയുടെ വിയോഗത്തിൽ ഇനിയും വിഷമിച്ചിരിക്കരുത് എന്നും ബോർഡിങ്ങിലേക്ക് തിരികെ പോയി പഠനം പൂർത്തിയാക്കണമെന്നും. തന്റെ ഇനിയുള്ള ജീവിതത്തിൽ മമ്മയുടെ പണം ആവശ്യമാണെന്ന് നന്നായി അറിയാവുന്ന ആ മകൻ മമ്മയോട് വലിയ അകൽച്ച ഒന്നും കാണിച്ചില്ല. എങ്കിലേ പണം ചോദിക്കാനുള്ള സ്വാതന്ത്ര്യവും ധൈര്യവും തനിക്ക് ഉണ്ടാവുള്ളു എന്ന് അവന് അറിയാമായിരുന്നു.

പ്രീഡിഗ്രി കഴിഞ്ഞപ്പോൾ ആ അമ്മ ഇനി കോളേജിലേക്ക് വീട്ടിൽ നിന്നും പോയാൽ മതിയെന്നും ഡാഡി പോയതിന് ശേഷം മമ്മിക്ക് ഇനി ആരുമില്ലെന്നും മകനെ എന്നും കണ്ടോട് ഇരികണമെന്നും ആവശ്യപ്പെട്ടപ്പോൾ എഞ്ചിനീയറിംഗ് എടുത്ത് എഞ്ചിനീയർ ആയിതീരണമെന്നും ഹോസ്റ്റലിൽ നിൽക്കലലാതെ വീട്ടിൽ നിന്നുമുള്ള പോയ് വരവ് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും പറഞ്ഞ് അവൻ ഹോസ്റ്റലിൽ തന്നെ നിന്ന് പഠിച്ചു. പഠനം കഴിഞ്ഞ് ജോലി ആയപ്പോൾ ജോലി കിട്ടിയിരിക്കുന്നത് ദൂരെ സ്ഥലങ്ങളിൽ ആണെന്നും വീടിന് അടുത്ത് ശ്രമികാമെന്നും പറഞ്ഞ് അവൻ ശ്രമിച്ചത് വിദേശത്തേക്ക് ആയിരുന്നു. പിന്നെ ഒരു മടങ്ങി വരവ് ഉണ്ടായിട്ടില്ല നാട്ടിലേക്ക്.

“സാർ.. സ്ഥലമെത്തി ഇതാണ് സാർ പറഞ്ഞ അമ്മക്കിളികൂട്… ”

ടാക്സിയുടെ പുറകിലത്തെ സീറ്റിൽ ചെറുമയക്കത്തിലായിരുന്ന സൂരജ് പതുക്കെ കണ്ണുകൾ തുറന്നു പുറത്തേക്കു നോക്കി..

ഒരു രാജകീയമായ ഹോട്ടലിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു ആ വൃദ്ധസദനം. പേരിനൊപ്പം മാത്രമേ “കൂട് ” ഉള്ളല്ലോ എന്ന് അവൻ മനസ്സിൽ ചിന്തിച്ചു..

“സാർ വെയിറ്റ് ചെയ്യണോ..? ”

“വേണ്ട… കുറച്ചു സമയം ഇവിടെ ചിലവഴികണം.. എത്രയായി ചാർജ്ജ്..?

“സാർ 900 രൂപ.. ”

സൂരജ് പഴ്സ് തുറന്നു അഞ്ഞൂറിന്റെ രണ്ടു നോട്ടുകൾ ഡ്രൈവർക്കു നേരെ നേരെ നീട്ടി.. പൈസ വാങ്ങിയശേഷം ചില്ലറക്കായി തപ്പിത്തിരയുന്നുണ്ടായിരുന്നു.

“ബാക്കി വച്ചോളു.. “സൂരജ് അത് പറഞ്ഞു തീരുന്നതിനു മുൻപേ.. തുറന്ന പേഴ്‌സ് അയാൾ ഷർട്ടിന്റെ പോക്കറ്റിലേക്ക് വച്ചിരുന്നു… സൂരജിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു നന്ദിയും പറഞ്ഞു അയാൾ കാറ് പുറത്തേക്കെടുത്തു..

സൂരജ് നേരെ രാജകീയമായ ആ കെട്ടിടത്തിന്റെ റിസപ്‌ഷനിലേക്കു കയറിച്ചെന്നു.. അവിടെ ഇരുന്ന കുറച്ചു പ്രായം തോന്നിക്കുന്ന സ്ത്രീ ഒരുപുഞ്ചിരി പോലും സമ്മാനിക്കാതെ വന്നകാര്യം തിരക്കി..

സൂരജിന്റെ ആവശ്യം അറിഞ്ഞപ്പോൾ തന്നെ അവർ ഫോൺ വിളിച്ചു ആരോടോ ചെറിയ ശബ്ദത്തിൽ എന്തൊ സംസാരിച്ചു.കുറച്ചു നിമിഷങ്ങൾക്കകം ഏകദേശം ഇരുപത്തഞ്ചു വയസ്സ് തോന്നിക്കുന്ന ഒരുപെൺകുട്ടി അവിടേക്കു കടന്നു വന്നു..

“എന്താന്ന് മാഡം.. അവൾ സൂരജിന്റെ മുഖത്തേക്കൊന്നു പാളി നോക്കികൊണ്ട്‌ അവരോടു ചോദിച്ചു..

“പത്മശ്രീ ഇവർക്ക് റും നമ്പർ ഫോർട്ടി കാണിച്ചു കൊടുക്കൂ.”

അവൾ സൂരജിന്റെ മുഖത്തേക്ക് രൂക്ഷ ഭാവത്തിൽ ഒന്ന് നോക്കി.. അവളുടെ കണ്ണുകളിൽ നീരസവും പുച്ഛവും ഒരുപോലെ വരുന്നത് സൂരജ് ശ്രദ്ധിച്ചിരുന്നു.

“വരു… ”

അവൾ മറ്റൊന്നും പറയാതെ പിന്തിരിഞ്ഞു നടക്കാൻ തുടങ്ങി. അവളുടെ പിന്നാലെ സൂരജും നടന്നു . നടത്തതിനിടയിൽ അവൾ സൂരജിനോട് പറഞ്ഞു ,

” എന്റെ മൊബൈൽ നമ്പർ നിങ്ങളുടെ കയ്യിൽ സേവ്ട് ആണ് , അല്ലേ. ”

“മേടത്തിന്റെ നമ്പർ എന്റെ കൈയിൽ എങ്ങനെ കിട്ടാനാണ്. ? ” സൂരജ് ചോദിച്ചു

” അതുകൊണ്ട് ആണല്ലോ എന്റെ ആദ്യത്തെ കോളിന് ശേഷം പിന്നെ എന്റെ നമ്പർ കണ്ടാൽ നിങ്ങൾ എടുക്കാതെ ഇരിക്കുകയായിരുന്നത്. പിന്നെ ഞാൻ നാലാം പ്രാവശ്യം നമ്പർ മാറ്റി വിളിച്ചപ്പോഴായിരുന്നു നിങ്ങൾ വീണ്ടും എന്റെ കോൾ അറ്റെന്റ് ചെയ്തത്. നിങ്ങളുടെ അമ്മ കുറച്ച് നാൾക്ക് മുൻപ് ഒന്ന് വീണ് കാലിന് പരിക്ക് പറ്റിയിരുന്നു. അതുകൊണ്ടൊക്കെ തന്നെയാണ് തനിക്ക് ഇഷ്ട്ടമില്ലെന്ന് അറിയാമായിരുന്നിട്ടും തന്നെ ഞാൻ ഇടയ്ക്ക് വിളിച്ചു ഇവിടെ വരണമെന്നും പറഞ്ഞ് ശല്യം ചെയ്തത്.”

സൂരജ് യാതൊരു ഭാവഭേദവും ഇല്ലാതെ അലസമായി ചോദിച്ചു,

” മമ്മയ്ക്ക് ഇപ്പോൾ എങ്ങനെയുണ്ട് ” ?

” ഇപ്പോൾ കുഴപ്പമൊന്നുമില്ല. നടക്കാൻ കഴിയുന്നുണ്ട് ”

അവന്റെ കൂസലില്ലായ്മ പത്മശ്രീയെ ചൊടിപ്പിച്ചു.അവൾ സൂരജിനോട് പറഞ്ഞു ,

” എടോ , താൻ എന്തൊരു മനുഷ്യനാണ്.തന്നെയൊക്കെ കഷ്ടപ്പെട്ട് വളർത്തി നല്ല വിദ്യാഭ്യാസം നൽകി ഇത്രയൊക്കെ ആക്കിയില്ലേ. അതിന് താൻ അമ്മയ്ക്ക് കൊടുത്ത സമ്മാനമാണോ ഈ ജീവിതം. അവർ തന്നിൽ നിന്നും ഒന്നും തന്നെ ആഗ്രഹിക്കുന്നില്ല. തന്റെ സാമീപ്യം മാത്രമാണ് അവർ ആഗ്രഹിക്കുന്നത്. ”

സൂരജിൽ നിന്നും ഒന്നല്ലെങ്കിൽ കുറ്റബോധത്തോടെയുള്ള ചൂളി കൊണ്ടുള്ള നിൽപ് അല്ലെങ്കിൽ വെറുമൊരു ജോലിക്കാരിയായ തനിക്ക് ഇതൊക്കെ അറിയേണ്ട കാര്യമില്ല എന്നും പറഞ്ഞു തുടങ്ങുന്ന ശകാരം അതല്ലെങ്കിൽ ഇവിടെ വരുന്നവരോടൊക്കെ ഇങ്ങനെയാണൊ പെരുമാറുന്നത് , മാനേജറെ അറിയിക്കട്ടെ എന്നുള്ള ഭീഷണി ഇതൊക്കെ പ്രതീക്ഷിച്ചു നിൽക്കുന്ന പത്മശ്രീയുടെ നടത്തത്തെ തടഞ്ഞ് മുന്നിൽ കയറി നിന്നു കൊണ്ട് സൂരജ് വിടർന്ന ചിരിയോടെ പ്രസന്നവദനനായ് കൈകൾ രണ്ടും മുന്നിൽ കെട്ടി തമാശ രൂപേണ പറഞ്ഞു ,

” ഒരിക്കലും ഇല്ല മേടം. കണ്ണന്റെ അമ്മ കണ്ണന്റെ പ്രസന്റ്സ് ഇല്ല എന്ന കാരണത്താൽ ഒരിക്കലും വിഷമിക്കില്ല. അങ്ങനെ അല്ലായിരുന്നെങ്കിൽ അവനൊപ്പം എന്നും അവർ ഉണ്ടായേനേ. പിന്നെ കണ്ണൻ അവരെ കാണാൻ വരാത്തത് ജോലി തിരക്ക് കാരണമാ. അതൊക്കെ അവന്റെ മമ്മയ്ക്ക് നന്നായി മനസിലാക്കാൻ കഴിയും. കാരണം ജോലി തിരക്ക് മൂലം മക്കളെ നോക്കാനുള്ള ബുദ്ധിമുട്ട് ഒരുപാട് മനസിലാക്കിയവരാണ് കണ്ണന്റെ പപ്പയും മമ്മയും അതുകൊണ്ട് തന്നെ മകന്റെ ജോലി തിരക്കിനെ കുറിച്ച് അവർക്ക് നന്നായി അറിയാം. ആരാരുമില്ലാതെ ബോർഡിംഗ് സ്കൂളിൽ എങ്ങനെ മര്യാദകാരനായി ജീവിക്കണമെന്ന് പഠിപ്പിച്ച കണ്ണന്റെ മമയ്ക്ക് നന്നായി അറിയാം ഇവിടെ എങ്ങനെ ജീവിക്കണം എന്ന്. ”

എന്ത് പറയണം എന്നറിയാതെ അവൾ നിന്നുപോയി.. ഒരുപക്ഷേ ഇവിടെയുള്ള മാതാപിതാക്കളുടെ മക്കളിൽ കുറച്ച് പേർക്ക് എങ്കിലും ഇതുപോലെ അവഗണിക്കപ്പെട്ട ഒരു ബാല്യം ഉണ്ടാവുമോ, എന്ന് അവൾ ചിന്തിച്ചു.

“താൻ എന്തിനാണ് അവരെ കണ്ണന്റെ മമ്മ കണ്ണന്റെ മമ്മ എന്ന് വിളിക്കുന്നത്. താൻ അല്ലേ അവരുടെ മകൻ കണ്ണൻ. എങ്കിൽ താൻ പോയി കണ്ണനെ വിളിച്ചോണ്ട് വാ. അവർക്ക് കാണേണ്ടത് കണ്ണനെയാണ് ”

അവൻ അതിന് മറുപടി നൽകാതെ അവളെ അവഗണിച്ച് അൽപം വേഗതയിൽ നടന്നു. റൂം കാണിച്ചു കൊടുക്കേണ്ട ചുമതല തനിക്ക് ആയത് കൊണ്ട് അവൾ അവനേക്കാൾ വേഗതയിൽ നടന്നു അവന്റെ മുന്നിൽ കയറി നടക്കാൻ തുടങ്ങി.

അങ്ങനെ തന്നെ ഒരാൾ വിളിച്ചിട്ട് എത്രയോ വർഷങ്ങൾ കഴിഞ്ഞു. തന്റെ ആ ചെല്ല പേര് താൻ തന്നെ ഏതാണ്ട് മറന്നിരിക്കുകയാണെന്ന് സൂരജ് ചിന്തിച്ചു.

അവർ അകത്തേക്ക് കടന്നു ചെന്നപ്പോൾ ആ സ്ത്രീ കട്ടിലിൽ ചാരി വെച്ചിരുന്ന അറ്റം വളഞ്ഞ വടി എടുത്തു കട്ടിലിൽ നിന്നും എഴുന്നേറ്റു നിന്നു. പ്രായം ഇത്രയൊക്കെ ആയിട്ടും അവരുടെ സൗന്ദര്യത്തിന് ഒരു കുറവും ഇല്ലല്ലോ എന്ന് സൂരജ് ചിന്തിച്ചു. ലൈറ്റ് പിങ്കിൽ ചെറിയ വെള്ള പൂക്കള്ളുള്ള മുട്ടറ്റം നീണ്ടുകിടക്കുന്ന ഒരു ഫ്രോക്കായിരുന്നു അവർ ധരിച്ചിരുന്നത്. കഴുത്തിൽ കുഞ്ഞ് നക്ഷത്ര ആകൃതിയിലുള്ള ലോക്കറ്റ് കോർത്ത നൂല് മാല. അവർ പണ്ടും അതുപോലത്തെ മാലകൾ ആണ് ധരിക്കാറുള്ളത്. നക്ഷത്രത്തിന്റേയോ പൂക്കളുടേയോ മറ്റ് എന്തെങ്കിലും ഭംഗിയാർന്ന ആകൃതിയിലുള്ള ലോക്കറ്റ് കോർത്ത ഇറക്കം കുറഞ്ഞ നൂല് മാല. അല്ലാതെ താലി ധരിക്കാറേ ഇല്ലായിരുന്നു. അഴിഞ്ഞ് കിടന്ന ഇറക്കം കുറഞ്ഞ കോലൻ മുടിയിൽ നരകൾ ബാധിച്ചിരുന്നുവെങ്കിലും അതിനൊന്നും അവരുടെ സൗന്ദര്യം കുറയ്ക്കാൻ കഴിഞ്ഞിട്ടേയില്ലലോ എന്ന് അവൻ ചിന്തിച്ചു.

ആളെ കണ്ടപ്പോൾ ആ സ്ത്രീയുടെ കണ്ണുകൾ വിടർന്നു. വിടർന്ന കണ്ണുകൾ നിറഞ്ഞൊഴുകുകയും ചെയ്തു. ചുണ്ടിൽ വിടർന്ന ചിരിയോടെ അവർ വിളിച്ചു ” മോനേ കണ്ണാ ”

” കണ്ണൻ മരിച്ചു പോയി. ഇനി അവൻ ഒരിക്കലും തിരിച്ചു വരില്ല ” എന്ന് പറയാൻ തോന്നി സുരജിന്. പക്ഷേ അവൻ അങ്ങനെ എന്തുകൊണ്ടോ പറഞ്ഞില്ല. മമ്മയെ കുറച്ച് നേരം അങ്ങനെ നോക്കി നിന്നിട്ട് സൂരജ് റൂമിലുണ്ടായിരുന്ന ഒരു കസേരയിൽ ഇരുന്നിട്ട് കട്ടിൽ ചൂണ്ടി പറഞ്ഞു

” അവിടെ ഇരിക്കൂ മമ്മ. നമുക്ക് ഇരുന്ന് സംസാരിക്കാം. ”

ആ സ്ത്രീ അവനിൽ നിന്നും കണ്ണെടുക്കാതെ തന്നെ പിന്നോട്ട് നടന്ന് കട്ടിലിൽ ഇരുന്നു.

അവൻ കാലിന്മേൽ കാല് കയറ്റി വെച്ച് കൈമുട്ടുകൾ രണ്ടും കസേരകൈയിൽ ഊന്നി വലിയ ലോഹ്യത്തോടെ പറഞ്ഞു

” പിന്നെ എന്തൊക്കെയുണ്ട് മമ്മാ വിശേഷങ്ങൾ. മരുന്നും ഭക്ഷണവുമൊക്ക സമയാസമയങ്ങളിൽ കഴിക്കണംട്ടോ. ”

അവർ ഇടറിയ ശബ്ദത്തിൽ ചോദിച്ചു,

” മോനേ , നിനക്ക് സുഖാണോ”

അവൻ പുഞ്ചിരിയോടെ പറഞ്ഞു,

” എനിക്ക് സുഖാണ് മമ്മാ. കുറച്ച് നാളുകൾ ആയി ലീവിന് ഇവിടെ വന്നിട്ട്. ഇന്ത്യയിൽ പലയിടത്തും ആയിട്ട് ചുറ്റി കറങ്ങുകയായിരുന്നു ഇതുവരെ. പിന്നെ ഇവിടെ നിന്നും വരണമെന്നും പറഞ്ഞ് ഇടയ്ക്ക് കോൾ വരും. ഓരോ തിരക്ക് ആയിരിക്കും എനിക്ക് അപ്പോഴൊക്കെ. ഇപ്പോഴാണ് സമയമൊക്കെ ഒന്ന് ഒത്ത് വന്നത് ” .

” മോനേ നിനക്ക് നാട്ടിൽ നിന്നും തന്നെ ജോലി നോക്കിക്കൂടെ ”

” മമ്മാ എന്താണ് ഈ പറയുന്നത്. ഇവിടെ നിന്നും കിട്ടുന്നതിന്റെ എത്ര ഇരട്ടി ശമ്പളം ആണ് വിദേശത്തും നിന്നും കിട്ടുന്നത്. ഇപ്പോഴല്ലേ മമ്മാ ശരിക്കും സമ്പാദിക്കാൻ കഴിയുള്ളു. മമ്മയെ പോലെ ഈ മോനും ജോലി ചെയ്യുക എന്നത് വലിയ ആവേശമാണ്. ആ ആവേശം കാരണമല്ലേ ഈ വയസ് കാലത്ത് പോലും മകനായ എന്റെ പോലും സാമ്പത്തിക സഹായം ഇല്ലാതെ മമ്മയ്ക്ക് ജീവിക്കാൻ സാധിക്കുന്നത്. ”

പിന്നെ മമ്മയൊന്നും പറഞ്ഞില്ല. അത് അവർക്ക് ഇടയിൽ മൗനം സൃഷ്ടിച്ചു. അവൻ ആ മൗനത്തെ ഇഷ്ടപ്പെട്ടിരുന്നില്ല. എത്രയും പെട്ടെന്ന് അവന് അവിടെ നിന്നും ഒന്ന് പോയാൽ മതിയെന്നേ ഉണ്ടായിരുന്നുള്ളൂ.

മൗനത്തെ ഭേദിച്ച് ആ മമ്മാ നിറഞ്ഞ കണ്ണുകളോടെ ഇടറിയ ശബ്ദത്തിൽ നിസ്സഹായതയോടെ പറഞ്ഞു ,

” മോനേ എനിക്ക് നിന്നെ എപ്പോഴും കണ്ടുകൊണ്ട് ഇരിക്കണം”

ഒരു വലിയ തമാശ കേട്ട മട്ടിൽ അവൻ ഒന്ന് ചിരിച്ചു. ആ ചിരിയോടെ അവൻ പറഞ്ഞു ,

” മമ്മാ , മമ്മയ്ക്ക് ഒരു കാര്യം അറിയുവോ , മമ്മയുടെ ജോലി തിരക്ക് കാരണം എന്നെ ബോർഡിങ്ങിലാക്കിയപ്പോൾ എനിക്ക് എത്രയോ പ്രാവശ്യം തോന്നിയിട്ടുണ്ടെന്ന് അറിയൊ ഡാഡിയേയും മമ്മയേയുമൊക്കെ എപ്പോഴും കണ്ടോണ്ടിരിക്കാൻ. പക്ഷേ അതൊക്കെ വെറും തോന്നലുകൾ അല്ലേ മമ്മാ. എന്നിട്ടോ എനിക്ക് എന്ത് പറ്റി. ഞാൻ എല്ലാത്തിനോടും പൊരുത്തപ്പെട്ടില്ലേ. അതുപോലെ മമ്മയും പൊരുത്തപ്പെട്ടോളും. എല്ലാം മമ്മയുടെ വെറും തോന്നലുകൾ ആണന്നേ , വെറും തോന്നലുകൾ ”

” മോനേ , നിനക്ക് വയസ് മുപ്പതോളം ആയില്ലേ. നീ ഇതുവരെയും എന്തേ വിവാഹമൊന്നും നോക്കുന്നില്ല. നിന്റെ കുഞ്ഞിനെ എടുക്കാൻ ഈ മമ്മ എന്തോരം ആഗ്രഹിക്കുന്നെന്നോ ”

സൂരജ് പുഞ്ചിരിയോടെ പറഞ്ഞു,

” മമ്മാ , ഞാൻ കേട്ടിട്ടുണ്ട് , ഇരുപത്തെട്ടു വയസ് കഴിഞ്ഞിട്ടും വിവാഹം കഴിക്കാതെ ഇരുന്ന മമ്മയോട് അതിനെ കുറിച്ച് ചോദിക്കുന്നവരോട് മമ്മ പറയുമായിരുന്നു എന്ന് ‘ ഹൃദയം കീഴടക്കുന്നവൻ വരട്ടേ, അപ്പോൾ നോക്കാം ‘ എന്ന് . എനിക്കും മമ്മയോട് അതുതന്നെയാണ് പറയാൻ ഉള്ളത് എന്റേയും ഹൃദയം കീഴടക്കുന്ന ഒരുത്തി വരട്ടേ. അപ്പോൾ നോക്കാം. അപ്പോൾ ഞാൻ തീർച്ചയായും അവളേയും കൂട്ടി മമ്മയ്ക്കരിക്കിൽ വരും.

താൻ ഏതാണ്ട് പത്ത് മിനിറ്റിലധികം മമ്മ യ്ക്കൊപ്പം ചിലവഴിച്ചു എന്ന് തോന്നിയ സൂരജ് പറഞ്ഞു ,

” മമ്മാ , എന്റെ ലീവ് തീർന്നിരിക്കുകയാണ്. നാളത്തെ മോർണിങ്ങ് ഫ്ലൈറ്റിന് തിരികെ ദുബായിലേക്ക് പോകണം എനിക്ക്. ഞാൻ പോകട്ടെ മമ്മാ ”

എന്നും പറഞ്ഞ് അയാൾ എഴുന്നേറ്റു അടഞ്ഞ് കിടന്ന ഡോറിന്റെ ഹാന്റീലിൽ പിടിച്ചതും എന്തോ പറയാൻ മറന്ന് പോയത് ഓർമ വന്നത് പോലെ അയാൾ നിന്നു. ഹാന്റലിൽ നിന്നും കൈയെടുത്തിട്ട് രണ്ടടി മൂന്നോട്ട് നീങ്ങിയിട്ട് പറഞ്ഞു ,

” മമ്മാ, എനിക്ക് സമയം ഉള്ളത് പോലെ തീർച്ചയായും ഞാൻ മമ്മയെ കാണാൻ വന്നിരിക്കും. അതുകൊണ്ട് മമ്മാ ഇനി ഫോൺ ചെയ്യാനൊന്നും ശ്രമിക്കേണ്ടതില്ല. എന്തിനാണ് മമ്മാ ഇവിടത്തെ സ്റ്റാഫുകളെയൊക്കെ ഫോൺ ചെയ്യിപ്പിച്ചു വെറുതെ ബുദ്ധിമുട്ടിപ്പിക്കുന്നത്.

ശരി മമ്മാ , ബായ് , സീയൂ ”

എന്നും പറഞ്ഞ് അയാൾ ധൃതിയിൽ നടന്നു. തനിക്ക് ഇത്രയും നേരത്തെ തന്നെ അവിടെ നിന്നും പോകാൻ കഴിയുമായിരുന്നെന്ന് കരുതിയിരുന്നുവെങ്കിൽ ഒരിക്കലും ടാക്സിയെ മടക്കി അയയ്ക്കില്ലായിരുന്നു. അത് വലിയ അബദ്ധമായി പോയെന്ന് അയാൾ മനസ്സിലോർത്തു. ടാക്സി കിട്ടാൻ ശ്രമിച്ചെങ്കിലും പെട്ടെന്ന് കിട്ടിയത് ഓട്ടോ ആയിരുന്നു. അവൻ അതിൽ കയറി ഹോട്ടലിലേക്ക് പോകാൻ ഒരുങ്ങി. പോകും നേരം പത്മശ്രീ അവിടെയുള്ള ഒരു സ്റ്റാഫുമായി സംസാരിച്ചു നിൽക്കുകയായിരുന്നു. അവനെ കണ്ടപ്പോൾ അവൾ ഒന്ന് പുഞ്ചിരിച്ചു. അവൻ തിരിച്ചും. അവളുടെ ആ പുഞ്ചിരി അവൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. തിരികെയുള്ള യാത്രയിൽ കണ്ണനായിട്ടുള്ള തന്റെ ലൈഫിനെ കുറിച്ച് ഓർക്കാതെ ഇരിക്കാൻ അയാൾ പ്രത്യേകം ശ്രദ്ധിച്ചു.

തിരികെ ഹോട്ടലിൽ എത്തിയപ്പോൾ യാത്രക്ഷീണം കൊണ്ടും നാളെ കാലത്തെ എയർപോർട്ടിൽ എത്താൻ നേരത്തേ ഉറങ്ങേണ്ടതുകൊണ്ടും അവൻ വന്നപാടെ കിടന്നുറങ്ങി. ഉറക്കത്തിൽ അവൻ കണ്ടു ഒരു സുന്ദരിയായ മാലാഖയ്ക്ക് ചുറ്റും ഒരുപാട് കുഞ്ഞുങ്ങൾ ഇരിക്കുന്നു. കുഞ്ഞുങ്ങളെ ജീവനായ അവൻ അവയ്ക്കരികിൽ ഓടിയെത്തിയപ്പോഴാണ് അതിശയിപ്പിക്കുന്ന ഒരു കാര്യം അവൻ ശ്രദ്ധിച്ചത്. ആ കുഞ്ഞുങ്ങൾക്കെല്ലാം തന്റെ മുഖചായയായിരുന്നു. പിന്നെ ആ മാലാഖ തന്റെ മമ്മയേക്കാൾ എത്രയോ സുന്ദരി ആണെന്ന് അവൻ ഓർത്തു. മമ്മയുടെ സൗന്ദര്യം ഒന്നും തന്നെ അല്ലെന്ന് അവന് തോന്നി. എന്തുകൊണ്ടാണ് ഭൂമിയിൽ ഇത്രയും സുന്ദരികൾ ഉണ്ടാവാത്തത് എന്നോർത്ത് അവൻ അതിശയിച്ചു നിൽക്കേ, അവൻ മറ്റൊരു കാര്യം ചിന്തിച്ചു. ഈ സുന്ദരിയെ തനിക്ക് മുന്പ് എവിടെയൊ കണ്ട് പരിചയം ഉണ്ടല്ലോ എന്ന്.

പെട്ടെന്നായിരുന്നു ഒരു ശബ്ദം അവന്റെ കാതുകളിലേക്ക് തുളഞ്ഞെത്തിയത്. പിറ്റേന്നും അലാറം തന്റെ ജോലി കൃത്യമായി നിർവഹിച്ചു. തലേതിനേക്കാളും ഇടിയോട് കൂടിയ മഴയായിരുന്നു അന്നുണ്ടായിരുന്നത്. പക്ഷേ ആ മഴയുടെ തണുപ്പോ കുളിരൊ ഒന്നും കഴിഞ്ഞ ദിവസത്തെ പോലെ അവനെ വീണ്ടും കിടന്ന് ഉറക്കാൻ പ്രേരിപ്പിച്ചില്ല. താൻ കണ്ടുകൊണ്ടിരുന്ന സ്വപ്നത്തെ കുറിച്ച് അധികം ആലോചിച്ചു കൊണ്ടിരിക്കാനോ അവൻ തയ്യാറായില്ല. അവൻ അതിരാവിലെ തന്നെ കുളിച്ച് റെഡിയായി. എയർപോർട്ടിൽ എത്തി ഫ്ലൈറ്റിൽ കയറി. സുന്ദരി ആയ എയർഹോസ്റ്റസിന്റെ കോഫി വേണോ എന്ന ആവശ്യം അവൻ സ്നേഹപൂർവം നിരസിച്ചു.

അവൻ ചിന്തിക്കുകയായിരുന്നു. തനിക്ക് ഒരു കൂട്ടിനെ പറ്റി. എന്തുകൊണ്ടാണ് തന്റെ ജീവിതത്തിൽ ഒരു പ്രണയം പോലും ഉണ്ടാവാതെ ഇരുന്നത്. പ്രണയം പോയിട്ട് ഒരു സുഹൃത്ത് ബന്ധം പോലും തനിക്ക് ഉണ്ടാവാതെ ഇരുന്നത് എന്ത്കൊണ്ട്. ബോർഡിങ്ങ് സ്കൂളിലും ഹോസ്റ്റലിലുമൊക്കെ കൂട്ടുകൂടാൻ വന്നവരെയൊക്കെ താൻ എന്ത് കൊണ്ടാണ് സ്വീകരിക്കാതെ ഇരുന്നത്. തനിക്ക് ഇങ്ങോട്ട് പ്രപ്പോസലായി വന്ന പെൺകുട്ടികളിൽ പോലും താൻ ആകൃഷ്ടനാവാതെ ഇരുന്നത് എന്ത് കൊണ്ടാണ്.

മമ്മ അവന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞപ്പോൾ ആയിരുന്നു അവൻ ശരിക്കും ഇതിനെയൊക്കെ കുറിച്ച് ചിന്തിക്കുന്നത് പോലും.

ഒരു പുരുഷൻ ഒരു സ്ത്രീയിൽ നിന്നും ആഗ്രഹിക്കുന്നത് അമ്മയുടെ സ്നേഹം ആണ്. അത് അമ്മയ്ക്ക് പുറമേ ഭാര്യ ആയാലും പെങ്ങൾ ആയാലും കാമുകി ആയാലും സുഹൃത്ത് ആയാലും. ഒരു അമ്മയുടെ സ്നേഹം ആണ് ഒരു പുരുഷൻ ആവശ്യപ്പെടുന്നത്. എന്നാൽ അത് തനിക്ക് കിട്ടേണ്ട ആളിൽ നിന്നും കിട്ടിയിട്ടില്ല. ഒരാളിൽ നിന്നും കിട്ടിയിട്ടില്ല. ഇനി തനിക്ക് ആ സ്നേഹം നൽകാൻ ആരെങ്കിലും തയ്യാറാകുമോ എന്നും അറിയില്ല.

അവൻ മടക്കയാത്രയിൽ ഒരു ദൃഢനിശ്ചയം എടുത്തു . താൻ ഈ ഭൂമി വിട്ട് പോകും നേരം ഈ ഭൂമിയിൽ തനിക്ക് ഒരു സ്വർഗ്ഗം പണികഴിപ്പിക്കണം. മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട ആരോരും ഇല്ലാത്ത കുഞ്ഞുങ്ങൾക്കായ് ഒരു സ്വർഗ്ഗം . അവരെ നോക്കാൻ മനുഷ്യപ്പെറ്റുള്ള കുറച്ച് മാലാഖമാരും. അവൻ പിന്നെ പുഞ്ചിരിയോടെ മനസ്സിലോർത്തു , തന്റെ ആ സ്വർഗത്തിലേക്ക് താൻ ക്ഷണിച്ചാൽ അവൾ വരുമോ. താൻ സ്വപ്നത്തിൽ കണ്ട ആ മാലാഖയെ , പത്മശ്രീയെ. ഇഷ്ടപ്പെട്ടവർ ലൈക്ക് കമന്റ് ചെയ്യൂ…

ശുഭം

രചന: മഴയെ പ്രണയിച്ചവൾ

Leave a Reply

Your email address will not be published. Required fields are marked *