ആരുമില്ലാത്തവന് ദൈവം ഉണ്ടെന്ന് പറയും പണ്ടൊക്കെ.. ഇന്നിപ്പോ ദൈവത്തിന് പോലും ആരുടെയെങ്കിലും സഹായം വേണ്ട…

രചന: മഹാ ദേവൻ

മഴയാണ്.. തോരാതെ പെയ്യുന്ന പെരുമഴ. കൂടെ വീശിയടിക്കുന്ന കാറ്റിനൊപ്പം അകത്തേക്ക് പറന്നെത്തുന്ന മഴത്തുള്ളികൾ ദേഹത്തു വന്ന് പതിക്കുമ്പോൾ അയാൾ ഒന്ന് അനങ്ങി. പിന്നെ കോരിച്ചൊരിയുന്ന മഴയിലേക്ക് നോക്കി അതേപടി ഇരുന്നു. വയലേത്, തൊടേത് എന്നറിയാത്ത രീതിയിൽ കുത്തിയൊലിക്കുന്ന വെള്ളത്തോടൊപ്പം ഒഴുകിയത് മാസങ്ങളുടെ അദ്ധ്വാനമാണ് എന്ന് ഓർക്കുമ്പോൾ നെഞ്ച് പിടക്കുന്നുണ്ട്.

നിലം ഉഴുതു വിത്തെറിയുന്നത് മുതൽ ആ മണ്ണിനോട് മല്ലിടുന്നത് സമ്പാദ്യത്തിലേക്ക് ചേർത്തുവെക്കാൻ വല്ലതും കിട്ടുമെന്ന പ്രതീക്ഷയിൽ അല്ല. അന്നം തരുന്ന മണ്ണിന്റെ ആണിവേരറുക്കാൻ തോന്നുന്നില്ല. അതുകൊണ്ട് മാത്രം…..

നീര് വീർത്ത കാലുമായി വേച്ചു വേച്ചു നടന്ന് മണ്ണിനെ നെഞ്ചിലേക്ക് ചേർത്തുപിടിക്കിമ്പോൾ കിട്ടുന്ന ഒരു സുഖം ഉണ്ട്‌. ആ സുഖത്തോടൊപ്പം ഇറ്റു വീശുന്ന വിയർപ്പുതുള്ളികളേറ്റ് മുളച്ചുപൊന്തുന്ന തളിർനാമ്പുകൾ മനസ്സിന് നല്കുന്മ് ഒരു കുളിരുണ്ട്. എല്ലാം പോയിരിക്കുന്നു. നാളേക്ക് കരുതിവെക്കാൻ ഒന്നുമില്ലാത്ത ആ കൂരയിൽ വിറങ്ങലിച്ചിരിക്കുന്ന അയാളിൽ ഒരു ഗദ്ഗദം കൊടുമ്പിരികൊള്ളുന്നുണ്ടായിരുന്നു. ” ആരുമില്ലാത്തവന് ദൈവം ഉണ്ടെന്ന് പറയും പണ്ടൊക്കെ.. ഇന്നിപ്പോ ദൈവത്തിന് പോലും ആരുടെയെങ്കിലും സഹായം വേണ്ട അവസ്ഥ ആണ്. കലികാലം അല്ലാതെന്താ. ”

അയാൾ പതിയെ എഴുനേറ്റ് നീരുവന്ന് വീർത്ത കാലൊന്നു തടവി വെള്ളം ഇറ്റിവീഴുന്ന ചാണകം മിഴുകിയ തറയിലേക്ക് പാത്രം ഒന്നുകൂടി നീക്കിവെച്ചു. പിന്നെ അടുപ്പത് തിളയ്ക്കുന്ന കലത്തിലേക്ക് ഒന്ന് നോക്കി. റേഷനരിയുടെ മണം മൂക്കിലേക്ക് അടിച്ചുകയറിയപ്പോൾ അയാൾ പതിയെ മുഖം പിൻവലിച്ചു. പിന്നെ എരിഞ്ഞു നീറുന്ന നനഞ്ഞ വിറകിനെ ഊതിക്കത്തിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. നനഞ്ഞ പുക മുഖത്തേക്ക് അടിച്ചപ്പോൾ അയാൾ ഒന്ന് അമർത്തി ചുമച്ചു. അതോടൊപ്പം നീറ്റലേറ്റ കണ്ണുകൾ നിറഞ്ഞ് തിടങ്ങിയപ്പോൾ ഉടുമുണ്ടിൽ കണ്ണ് തുടച് ഒലിക്കാൻ തുടങ്ങിയ മൂക്ക് ആ തുമ്പിലൊന്ന് ഒപ്പിക്കൊണ്ട് അയാൾ എഴുനേറ്റു.

കഞ്ഞിക്കലത്തിൽ തിളക്കുന്നത് അവസാനത്തെ അരിമണിയാണ്.. റേഷനുണ്ട് കിട്ടാൻ. പക്ഷേ, ഈ മഴയത്തു വഴി പോലും മുടങ്ങിക്കിടക്കുമ്പോൾ എങ്ങിനെ മറുകര എത്തും ! ഒരു എത്തും പിടിയും കിട്ടുന്നില്ല. പിന്നെ അരിയുമായി തിരികെ ഒരു യാത്ര. വീട് കേറിയാൽ പറയാം എത്തി എന്ന്. അല്ലെങ്കിൽ നാളെ ഒരു വർത്തയുമാകാം.

മനസ്സിൽ ആധിയുണ്ട്. മുന്നോട്ട് എന്തെന്ന് പോലും ചിന്തിക്കാൻ കഴിയാത്ത അത്ര ആധി. അയാൾ അടുക്കളയിൽ നിന്ന് വീടിന്റ പിന്നിലേക്ക് ഇറങ്ങി കിണറിനരികിലെ കാന്താരിചെടിയിൽ നിന്ന് രണ്ടു കാ‍ന്താരി മുളക് അറുത്തെടുത്തു. അതുമായി അകത്തേക്ക് നടന്ന് ഉപ്പിലിട്ട പുളി എടുത്ത് കാന്താരിയും ചേർത്ത് അരച്ചെടുക്കുമ്പോൾ കാ‍ന്താരി പോലും കരയിക്കാൻ തുടങ്ങിയിരുന്നു.

പതിയെ ആവി പൊന്തുന്ന കഞ്ഞി തവി കൊണ്ട് പിഞ്ഞാണത്തിലേക്ക് പകർത്തുമ്പോൾ ഉപ്പിന് പകരം കണ്ണുനീരുണ്ടായിരുന്നു കഞ്ഞിക്കു സ്വാദ് കൂട്ടാൻ. കൂടെ മനസ്സിന്റെ നീറ്റൽ മറയ്ക്കാൻ കൂട്ടുചേർന്ന് നല്ല കാ‍ന്താരി മുളകും.

കഞ്ഞിക്കലത്തിൽ തട്ടുന്ന തവിയുടെ ശബ്ദം കേട്ടാവണം ഒരു ചിണുക്കത്തോടെ വാലാട്ടികൊണ്ട് ഒരു പ്രതീക്ഷയെന്നോണം അയാളെ നോക്കുന്ന പട്ടിയും.

വിശപ്പിനു മുന്നിൽ എല്ലാ ജീവനുകളും ഒരുപോലെ ആണെന്ന് അറിയുന്ന നിമിഷങ്ങൾ. ! അയാൾ കലത്തിലെ ബാക്കി കഞ്ഞി വാലാട്ടി നിൽക്കുന്നവന് നേരെ നീക്കി വെക്കുമ്പോൾ നന്ദി എന്നോണം അവൻ ഒന്നുകൂടി വാലാട്ടി. പിന്നെ ചൂടുള്ള കഞ്ഞിയിലേക്ക് നാവിട്ട് ഒന്ന് പിൻവലിച്ചു. പിന്നെയും അത് ആവർത്തിച്ചുകൊണ്ട് ശ്രദ്ധ കഞ്ഞിയിലേക്ക് മാത്രമാകുമ്പോൾ വിശപ്പിന്റ വിളിയായിരുന്നു അവിടം മുഴുവൻ.

രാത്രി ചോരാത്ത മൂല നോക്കി പഴമ്പായിലേക്ക് തല ചായ്ക്കുമ്പോൾ നാളെ എന്തെന്ന ചിന്തയായിരുന്നു അയാളിൽ. അകത്തെ നൂൽചാക്കിലേക്ക് വാല് മടക്കി ചുരുണ്ടുകൂടുന്നവനിലും ചിലപ്പോൾ ആ ചിന്ത തന്നെ ആയിരിക്കണം. നീര് വന്ന കാൽ കീറിയ പുതപ്പിനടിയിലേക്ക് വലിച്ച് തണുപ്പിനെ പ്രതിരോധിക്കാൻ ശ്രമിക്കുമ്പോൾ കാലപ്പഴക്കത്തിൽ തേങ്ങലെന്നോണം പുതപ്പ് ഒന്നുകൂടി കീറി.

എന്നിട്ടും ആ പുതപ്പിനോടുള്ള വിശ്വാസം നഷ്ടപ്പെടാതെ അതിലേക്ക് ചുരുണ്ടുകൂടുന്ന നര വീണ ശരീരം ഇടക്കൊന്ന് ഞെരുങ്ങുന്നുണ്ടായിരുന്നു. മഴ ശക്തിയാര്ജിക്കുകയാണ്.. ആരോടൊക്കെയോ കലി തീർക്കാനെന്നപോലെ. ആരോടെക്കെ എന്നല്ല.. മനുഷ്യരോടുള്ള കലി തന്നെ ആണ് മഴ തീർക്കുന്നത്. ജീവിച്ചിരിക്കുന്ന നാൾ ചെയ്യുന്ന കർമ്മങ്ങളുടെ ഫലം ! അയാൾ ഉറക്കമായെന്ന് തോനുന്നു. വെള്ളം കുത്തിയൊലിക്കുന്ന ഭീകരതയുള്ള ആ രാത്രി വെളുക്കുമ്പോൾ മറുകരയിൽ വാലാട്ടിക്കൊണ്ട് ആ പട്ടി മാത്രം ആരെയോ പ്രതീക്ഷിക്കുമ്പോലെ ഒഴുകുന്ന വെള്ളത്തിലേക്ക് നോക്കി കുരക്കുന്നുണ്ടായിരുന്നു. ആ കുര വിശപ്പിന്റെ അല്ലായിരുന്നു. അവന്റെ വിശപ്പറിഞ്ഞു വിളമ്പിയ യജമാനന്റ് വരവും കാത്തായിരുന്നു !

വാലാട്ടി കുരക്കുന്ന അവന്റെ അരികിൽ ഒരു പുതപ്പ് മാത്രം അവശേഷിച്ചിരുന്നു. കുതിച്ചുപൊങ്ങിയ വെള്ളത്തിൽ പ്രിയപ്പെട്ടവനെ തേടുമ്പോൾ അവസാനമായി കിട്ടിയ പുതപ്പും കടിച്ചുപിടിച്ചായിരുന്നു കര പറ്റിയത്. അവനറിയാം.. ആ പുതപ്പ് തേടി യജമാനൻ വരുമെന്ന്. വാർദ്ധക്യം വന്ന ആ പുതപ്പ് അയാൾക്ക് അത്രമേൽ പ്രിയപെട്ടതാണെന്ന്.

കാലപ്പഴക്കത്തിന്റെ നര വീണ പുതപ്പിലേക്ക് നോക്കികൊണ്ട്‌ അവൻ ഒന്ന് അമർത്തി കുരക്കുമ്പോൾ ഒരു യുഗം അവസാനിച്ചപോലെ ആ പുതപ്പ് ഒന്ന് നൊരുമ്പിച്ചു കീറി. ഇനി ഒരു കാലം തനിക്കില്ലെന്ന തിരിച്ചറിവോടെ !

രചന: മഹാ ദേവൻ

Leave a Reply

Your email address will not be published. Required fields are marked *