കള്ളന്റെ പെണ്ണ്

രചന : – തങ്കം അനിൽ ദാസ്…

വൈകീട്ട് ചായ സമയമായതു കൊണ്ടാവും നല്ല തിരക്കായിരുന്നു കുമാരന്റെ ചായ പീടികയിൽ

പലഹാര കണ്ണാടിയിൽ നിന്ന് വട എടുത്തു വെക്കുന്നതിന്റ ഇടയിലാണ് അയാള്‍ തൻറെ അടുത്ത് നിൽക്കുന്ന ചെക്കനെ ശ്രദ്ധിച്ചത്. .

“എന്ത് വേണോഡാ ?”

അവൻ ഒന്ന് മിണ്ടാതെ പലഹാരക്കണ്ണാടിയിൽ തന്ന നോക്കി നിന്നു .

” കുമാരേട്ടാ രണ്ടു ചായ പറഞ്ഞിട്ട് എത്ര നേരായി” ഏതോ അത്യാവശ്യക്കാരാണ്, കുമാരൻ എടുത്ത വട അവിട തന്ന വെച്ച് ചായ പകർത്താൻ പോയി.

തിരിച്ചു വന്നപോഴാണ് അയാള്‍ അത് ശ്രദ്ധിച്ചത് ..

“ഞാൻ നാല് വട എണ്ണി വെച്ചതാണല്ലോ .. ഒരെണ്ണം എവിടെ പ്പോയി ? ”

“എങ്ങോട്ടു പോയിട്ടില്ല ..ആ നിക്കണ ചെക്കന്റെ പോക്കറ്റില്‍ ഉണ്ടോന്നു നോക്ക്. ഞാന്‍ കണ്ടോണ് ഇരിക്കുവാ അവന്‍ എടുത്ത് പോക്കറ്റിൽ ഇടുന്നത് ” എവിടുന്നോ ഒരുത്തൻ വിളിച്ചു പറഞ്ഞു.

കടയുടെ പടി ഇറങ്ങാന്‍ തുടങ്ങുകയായിരുന്ന ആ ചെറുക്കനെ അവര്‍ തിരിച്ചു വിളിച്ചു

ശെരിയാണ് അവന്റെ പോക്കറ്റിൽ ഒരു വട

“നീ ഏതാടാ ??” അവനെന്റെ കയ്യില്‍ മുറുകെ പിടിച്ചു കൊണ്ടാണ് കുമാരന്‍ അത് ചോദിച്ചത്..

അവൻ ഒന്നും മിണ്ടിയില്ല.

“ഡാ.. നീ ആ പുഷ്പന്റെ മോനാ അല്ലെ? നീ എന്നാ കക്കാന്‍ തുടങ്ങിയെ? ” കൂട്ടത്തിൽ ഒരാൾ ചോദിച്ചു..

” പുഷ്പ്പന്‍ ആ കവലയിലെ ഷാപ്പിൽ കാണും .. ആരേലും വിളിച്ചോണ്ട് വാ..കൊച്ചു ചെറുക്കനെ ഇനി നമ്മൾ തല്ലി എന്ന് പറഞ്ഞു പ്രശ്നം ആവണ്ട. ”

അച്ഛന്റ്റെ പേര് കേട്ടപ്പോ മാത്രം ആ കുഞ്ഞു ചെക്കന്‍ പേടിച്ചു . ..വന്നാൽ എന്താ ഉണ്ടാവുക എന്നറിയാം അവനു ..

“ഡാ കുട്ടാപ്പി …” നാല് കാലിലാണ് വരവ് പുഷ്പ്പന്‍ .

“ഡാ. .നീ ഇവിടുന്ന് വട മോഷ്ടിച്ചോ? ”

“ഞാൻ ഒരെണ്ണം ….” അവനെ മുഴുമിപ്പിക്കാന്‍ വിട്ടില്ല..

“ടെ ” പുഷ്പ്പന്റെ കൈ അവന്റ കവിളില്‍ പതിഞ്ഞു…

“അതെങ്ങിനെ ??ഇവന്റ് തള്ളേടെ സ്വഭാവം തന്നെ അല്ലെ ഇവനും. .ആ അസുരവിത്ത്‌ ഓരോന്ന് പഠിപ്പിച്ച വിടുന്നതല്ലേ. ..” പുഷ്പ്പന്‍ അവിടെ നിന്ന് വീണ്ടും കഥ പറയാന്‍ തുടങ്ങി.

“കാശു എത്രയായി കുമാരാ? ”

“നാല് രൂപ “.

പുഷ്പ്പന്‍ കാശു കൊടുത്തു. . കുട്ടാപ്പിയുടെ കൈ പിടിച്ചു വലിച്ചു നടന്നു. പോകുന്ന വഴി ആ വട വഴിയിൽ എറിഞ്ഞു കളഞ്ഞു …കുട്ടാപ്പി വീട്ടിൽ ചെന്നാൽ തനിക്കു അമ്മയ്ക്ക് കിട്ടാൻ പോകുന്ന അടിയും ഓർത്തു നടന്നു. .

—————————————————————————————————-

“കുട്ടാപ്പി. ..ഡാ ”

അച്ഛനാണ് ..രാവിൽ തന്ന എന്തിനാണാവോ വിളിക്കുന്നെ .. കുട്ടാപ്പി ഒന്നുടി പുതച്ചു കിടന്നു. ..

” ഡാ. .കള്ളൻ കുട്ടാപ്പി …”

കുട്ടാപ്പി ചാടി എഴുന്നേറ്റു ..പാഞ്ഞാണ് ചെന്നത് അച്ഛന്റ്റെ അടുത്ത് ..

” ഞാൻ കള്ളനല്ല . എന്ന കള്ളനെന്ന് വിളിക്കരുത്. ”

“ഓ. ..പിന്നെ ഒരു ഹരിശ്ചന്ദ്രന്‍ …ഇന്നലെ പിന്നെ എന്റെ പോക്കറ്റില്‍ നിന്ന് ഞാൻ കാശു കൊടുത്തത് എന്തിനാടാ? നീ കട്ടതിന്റെ കാശ് അല്ലാരുന്നോ? ” അയാള്‍ നിര്‍ത്താനുള്ള ഭാവം ഇല്ലായിരുന്നു .

“ഒന്ന് പോടാ കള്ളൻ കുട്ടാപ്പി ”

അതെ. . അവനെ ആദ്യമായി കള്ളാ എന്ന് അവന്റെ പിതാവ് തന്നെ വിളിച്ചു .. പിന്നീട് ആ നാട് മുഴുവൻ അവനെ ആ പേര് വിളിച്ചു. ..അവന്റെ അമ്മ ഒഴിച്ച്. .മരണ വരെ അവർ മാത്രം അങ്ങിനെ വിളിച്ചില്ല. കാരണം ആ ഒരു വട ആറ് വയസ്സുകാരന്റെ വിശപ്പിനെ എങ്ങിനെ പ്രലോഭിപ്പിച്ചിരിക്കാം എന്ന് ആ സ്ത്രീ ക്കു മാത്രമേ അറിയാമായിരുന്നുള്ളു.

കുട്ടാപ്പി വളർന്നു കള്ളന്‍ കുട്ടാപ്പിയായി ..അന്ന് ഒരു വട എടുത്തു എന്നതല്ലാതെ മറ്റൊരാളുടെ എന്തെങ്കിലും ഒന്ന് അവന്‍ തൊട്ടിട്ടും കൂടി ഇല്ല. എന്നാലും പിടിക്കപ്പെടാത്ത വലിയ വലിയ കള്ളന്മാരുള്ള ഇ നാട്ടിൽ അവൻ മാത്രം കള്ളൻ എന്ന് വിളിക്കപ്പെട്ടു.

ആ നാട്ടിൽ പുതിയതായി വരുന്നവർ വഴി പറഞ്ഞു കൊടുക്കാന്‍ അടയാളമായി കള്ളന്‍ കുട്ടാപ്പിയുടെ വീട് പറഞ്ഞു .അവന്റെ വിദ്യാഭ്യാസം മുടങ്ങി, കല്യാണങ്ങൾ മുടങ്ങി. ..

അവൻ പതിയെ എല്ലാത്തിനോടും പൊരുത്തപ്പെട്ടു ..കള്ളൻ എന്ന വാക്കു അവന്റ പേരിനോട് അടരുവാന്‍ വയ്യാത്ത വണ്ണം ഒട്ടിക്കിടന്നു.. അവനു ആ പേര് സമ്മാനിച്ച അച്ഛനും അതിൽ കരഞ്ഞ അമ്മയും മണ്ണടിഞ്ഞു. അമ്മയുടെ മരണത്തോടെ വല്ലാത്ത ഒറ്റപ്പെടൽ കുട്ടാപ്പിയെ വലച്ചു ..ജീവിതത്തിൽ ആകെ ശൂന്യത..അങ്ങിനെ ആണ് അവന്‍ നാട് വിട്ടു പോകാന്‍ തീരുമാനിക്കുന്നത്. ആ നാട് ഓര്‍ക്കുവാന്‍ നല്ലതൊന്നും നല്‍കാതെ അവനെ അത്രയ്ക്കും വിഷമിപ്പിച്ചിരുന്നു .ജീവിക്കുവാനോ പ്രതീക്ഷിക്കുവാനോ ഒന്നും ഇല്ല..ആരും ഇല്ല …ആളുകളുടെ മുഖത്ത് പോലും നോക്കിയിട്ട് കാലങ്ങളായി ..

വെളുപ്പിനുള്ള മെയിലിൽ പോകാം. .എങ്ങോട്ടെങ്കിലും. .അത് ഓര്‍ത്താണ് അവന്‍ ഉറങ്ങാന്‍ കിടന്നത് .

ഓരോന്ന് ആലോചിച്ചു കിടന്നു ഉറങ്ങാന്‍ താമസിച്ചു .

നല്ല ഉറക്കം പിടിച്ചു വരുന്ന സമയത്താണ് വാതിലിൽ ശക്തിയായ മുട്ട് കേട്ടത് .

അർദ്ധ രാത്രിക്കു ആരാ അവിടെ?

കുട്ടാപ്പി കണ്ണ് തിരുമ്മി വാതിൽ തുറന്നു .. ഒരു പെണ്ണ് ,ഒരു പ്ലാസ്റ്റിക് കവറില്‍ തുണി ആണെന്ന് തോന്നുന്നു. നെഞ്ചിനോട് ചേർത്ത് പിടിച്ചിട്ടുണ്ട്. കണ്ണിൽ മുഴുവന്‍ ഭയം .

“എന്താ ??എന്ത് വേണം ?”

“ഞാൻ അപ്പുറത്തെ രാഘവന്റെ മോളാണ് ,അച്ഛൻ ഇന്നും വെള്ളമടിച്ചു വന്നു ഭയങ്കര വഴക്കു,അമ്മേനേം എന്നെ തല്ലി ..ഒത്തിരി ”

“അതിനു ഞാന്‍ എന്ത് വേണം? ”

കുട്ടാപ്പിയുടെ മനസ്സ് പിടഞ്ഞു. എന്നാലും ചോദിച്ചത് അങ്ങിനെ ആണ് .

“അമ്മ പറഞ്ഞു എങ്ങോട്ടെങ്കിലും പോയ്ക്കോളാന്‍ . .അല്ലെങ്കിൽ അച്ഛൻ എന്നെയും …” അവള്‍ മുഴുമിപ്പിക്കാതെ മുഖം കുനിച്ചു..കണ്ണുനീർ കവിളിലൂടെ ഒഴുകുന്നത് കണ്ടു..അവൻ,,

വയ്യ …ഇപ്പോള്‍ വീണ്ടും ഒരു ബാധ്യത കൂടി തലയില്‍ എടുത്ത് വെക്കാന്‍ വയ്യ.

“എന്താണെങ്കിലും ഇവിടെ നിക്കാന്‍ പറ്റില്ല ..എനിക്ക് ഒരു സ്ഥലം വരെ പോണം വെളുപ്പിനുള്ള മെയിലില്‍ ”

” വീട്ടിലേക്ക് ഇനി പോകാന്‍ പറ്റില്ല ..അച്ഛന്‍ എന്നെ കൊല്ലും ”

“ഇതൊന്നും ഓര്‍ക്കാതെ ആണോ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയത് ”

വാക്കുകളില്‍ പരമാവധി അതൃപ്തി നിറച്ചാണ് അവന്‍ പറഞ്ഞത്..അവളെ ഒഴിവാക്കണം എന്നെ ഉള്ളു ..

“എന്നെ പറഞ്ഞു വിടരുത് ..എനിക്ക് പോകാൻ ഒരിടം ഇല്ല. .” അവള്‍ കരഞ്ഞു തുടങ്ങി .

” നോക്ക് പെണ്ണെ ,എനിക്ക് നിന്നെ നോക്കാനൊന്നും പറ്റില്ല ..അതുമല്ല… നിനക്ക് അറിയില്ല എന്നെ പറ്റി …” അവന്‍ മുന്‍വശത്തെ അരമതിലില്‍ കൈ കുത്തി ഇരുന്നു പറഞ്ഞു

അവൾ ആ പൊതിയും കെട്ടിപ്പിടിച്ചു മൂലക്ക് നിന്ന് പറഞ്ഞു തുടങ്ങി .

“എനിക്കറിയാം. .എല്ലാം. .ഞാന്‍ കാണാറുണ്ടാരുന്നു നിങ്ങളെ. . ..രാധാമ്മ എന്നും എന്‍റെ അമ്മയോട് നിങ്ങളെ പറ്റി പറഞ്ഞു കരയുമായിരുന്നു ”

രാധ. .തൻറെ അമ്മ..ഓ..അപ്പൊ ഇവൾ എല്ലാം അറിഞ്ഞിട്ടാണ് ..

” ദയവായി എന്നെ പറഞ്ഞു വിടരുത്.. ”

“എന്നാലും…എന്നാലും ശെരിയാവില്ല …”

” നിങ്ങളെ എത്ര കാലങ്ങളായി ഞാന്‍ ശ്രദ്ധിക്കുന്നു…എന്തിനാ ഇങ്ങനെ സ്വയം നശിക്കുന്നത്?? ഞാന്‍ വിചാരിച്ചു നിങ്ങള്‍ എന്നെ പറഞ്ഞു വിടില്ല എന്ന് ..അതാ അമ്മ പറഞ്ഞപ്പോള്‍ ഇങ്ങോട്ട് പോരാന്‍ തോന്നിയത് “.

“പെണ്ണെ ..എന്നാലും നിന്നെ ഇവിടെ ഇങ്ങനെ താമസിപ്പിക്കാന്‍ എനിക്ക് പറ്റില്ല. ” അവൻ പറഞ്ഞു

അപ്പോൾ അവൾ തലകുനിച്ചു പതിഞ്ഞ സ്വരത്തിൽ പറഞ്ഞു

“എന്നാൽ നാളെ ഒരു മഞ്ഞ ചരടും ഒരു ചെറിയ താലിയും വാങ്ങിച്ചേക്കു ”

പെട്ടെന്നാണ് അവള്‍ അത് പറഞ്ഞത്…അതും വളരെ നിസ്സാരമായി

അതിനുശേഷം തന്നെ അതിശയത്തോട് നോക്കുന്ന അവന്റെ മറുപടിക്ക് കാക്കാതെ കാലങ്ങളായി താൻ താമസിക്കുന്ന വീട് എന്ന പോലെ അവിടെ അലക്ഷ്യമായി കിടന്നിരുന്ന തുണികൾ മടക്കി വെക്കാൻ തുടങ്ങി ..

രചന : – തങ്കം അനിൽ ദാസ്…

Leave a Reply

Your email address will not be published. Required fields are marked *