മിഠായിപ്പൊതി

രചന :- Femina Mohamed –

” മോളൂ , ഇങ്ങോട്ട് വന്നേ … നിനക്ക് ഞാനിവിടെ മിഠായി എടുത്തു വച്ചിട്ടുണ്ട് .. ചെന്നെയിൽ നിന്ന് കൊണ്ടു വന്നതാ ..”

ഐശുവിന്റെ അയൽപക്കത്തെ വീട്ടിൽ വിരുന്നു വന്ന ചേട്ടനായിരുന്നു അത് . എന്നും നാലോ അഞ്ചോ പയ്യന്മാർ ആ വീടിന്റെ ഉമ്മറത്ത് ഉണ്ടാകും . അവിടെ ഒരു ഉമ്മൂമ്മയും അവരുടെ മകൻ നാസ്സറും ആണ് താമസം .

വാപ്പയും ഉമ്മയും ഐശുവും അടങ്ങുന്ന കൊച്ചു കുടുംബമാണ് അവളുടേത് . അയൽപക്കത്തെ എല്ലാ വീട്ടുകാരും എപ്പോഴും അവളുടെ കുസൃതികൾക്ക് കാതോർക്കാറുണ്ടായിരുന്നു .

‘നാസ്സറിന്റെ വീട്ടിൽ പോയാൽ കാൽ തല്ലി ഒടിക്കും ‘ എന്നാണ് അവളുടെ വാപ്പ പറഞ്ഞിട്ടുള്ളത്. അടുത്ത വീട്ടിലെ പാത്തുത്ത ഇടക്ക് അവളുടെ ദേഷ്യം കാണാൻ അവൾ ആ വീടിനടുത്തേക്ക് പോയെന്ന് വാപ്പയോട് പറയും . വാപ്പ നോക്കി ദഹിപ്പിക്കുമ്പോൾ അവൾ വിറക്കും .

അന്ന് വൈകുന്നേരം , ഐശു മൂളിപ്പാട്ടും പാടി അവളുടെ വീടിന്റെ വലിയ മുറ്റത്തിന്റെ സൗന്ദര്യം ആസ്വദിച്ച് ഊഞ്ഞാലാടുകയായിരുന്നു . അപ്പോഴാണ് നാസ്സറിന്റെ വീട്ടിൽ വിരുന്നു വന്ന ഒരു ചേട്ടന്റെ വിളി ..

‘ചെന്നെയിലെ മിഠായിക്ക് രുചി കൂടുതലായിരിക്കും ‘ എട്ടു വയസുകാരി ഐശുക്കുട്ടി അവനടുത്തേക്ക് ഓടി ചെന്നു .

” ചേട്ടൻ മോൾക്ക് ഡയറി മിൽക്ക് കൊണ്ടു വന്നിട്ടുണ്ട് . വാ …തരാം … ”

” ഇപ്പോൾ വരാം ഡാ ….” അവൻ കൂട്ടുകാരോട് പറഞ്ഞ് അവളെ വിളിച്ചു .

“വാ …..” അവൻ വീടിനു പുറകിലേക്ക് നടന്നു .

” ഞാൻ അങ്ങോട്ടില്ല .. ഇങ്ങോട്ട് കൊണ്ടു വന്നാൽ മതി ചേട്ടാ …”

“വാ .. മോളേ …. അടുക്കളയിലാ വച്ചേക്കുന്നേ .. എടുത്ത് തരാം .. ”

ഐശു അവനു പിന്നാലെ പോയി . വീടിനു പുറകു വശത്തുള്ള അടുക്കള തുറന്ന് അവൾ കയറിയ ഉടനെ അവൻ വാതിൽ ചാരി . ഗൂഢമായ നിശബ്ദതയിൽ അവിടെ വൃത്തിയായി ഒതുക്കി വച്ച പാത്രങ്ങളും ഭരണികളും കിന്നാരം പറയുന്നതായി അവൾക്ക് തോന്നി .

” മിഠായി താ ചേട്ടാ .. ഉമ്മച്ചി അന്വേഷിക്കും .. എനിക്ക് പോണം . ”

അവൻ അവളെ നോക്കി ചിരിച്ച് ആ കുഞ്ഞു മുഖത്ത് തൊട്ടു .

” ചേട്ടൻ കാണിക്കുന്നത് പോലെ മോളും ചെയ്യണം .. മിടുക്കിക്കുട്ടിക്ക് എന്നിട്ട് ചോക്ലേറ്റ് തരാലോ ….”

ആദ്യം അവൻ ധരിച്ചിരുന്ന ബനിയനും ട്രൗസേഴ്സും അഴിച്ചു മാറ്റി .

“എന്താ ചേട്ടാ ചെയ്യുന്നേ … ??”

അപ്പോഴേക്കും അവൻ അവളുടെ ഉടുപ്പിൽ പിടുത്തമിട്ടിരുന്നു .

‘ അന്യരെ കൊണ്ട് ശരീരത്തിൽ തൊടീക്കരുത് .. തൊട്ടാൽ ചവിട്ടണം ‘ അങ്ങനെയല്ലേ ഉമ്മ പറഞ്ഞിട്ടുള്ളത് . ഉമ്മയുടെ വാക്കുകൾ ഐശുവിൽ ധൈര്യം പകർന്നു…

അവൾ സർവ്വ ശക്തിയുമെടുത്ത് അവനെ തള്ളി വീഴ്ത്തി . അവന്റെ കാലിൽ ചവിട്ടിയിട്ട് വീട്ടിലേക്ക് ഓടി ..

‘പാത്തുത്ത കണ്ടാൽ താൻ അവിടെ പോയെന്ന് വാപ്പയോട് പറയും ‘ ഇത്ത പുറത്തുണ്ടോ എന്ന് ഓട്ടത്തിനിടയിൽ അവൾ എത്തി നോക്കി .

വീട്ടിൽ ഉമ്മ അത്താഴം പാകപ്പെടുത്തുന്ന തിരക്കിലായിരുന്നു .അവൾ ഉമ്മയെ കെട്ടിപ്പിടിച്ച് എല്ലാം പറഞ്ഞു .

” നിന്നോട് അവിടെ പോകരുതെന്ന് പറഞ്ഞിട്ടില്ലേ … നിനക്ക് മിഠായി വാപ്പ വാങ്ങി തരോലോ …”

“ചെന്നെയിലെ മിഠായിക്ക് ടേസ്റ്റ് കൂടുതൽ ഉണ്ടാകും എന്ന് വിചാരിച്ച് ഉമ്മച്ചീ … ”

” മിഠായി എല്ലായിടത്തേം ഒരു പോലാ ..മോളേ വാപ്പ അറിഞ്ഞാൽ നിനക്ക് കിട്ടും … മോൾ ഇതു ആരോടും പറയണ്ട ”

ഉമ്മ , ഐശുവിനെ സമാധാനിപ്പിച്ച് ഐ ശുവിന്റെ മുഖത്തു ഒരുപാട് മുത്തങ്ങൾ കൊടുത്തു .

‘ഇക്കാനോട് പറഞ്ഞാൽ അവിടെ ചെന്നു പ്രശ്നമുണ്ടാക്കിയാലോ …?? നാണക്കേടാവില്ലേ …!! മോളെ നോക്കീലാന്ന് പറയുലോ … പേടിയാകുന്നു ..!!’

പലവിധ ചിന്തകളാൽ ഐശുന്റെ ഉമ്മയുടെ മനമുരുകി .

രാത്രി ഭക്ഷണശേഷം വലിയ അലർച്ചയും ബഹളവും പ്രതീക്ഷിച്ച് ഉമ്മ വാപ്പയെ വിവരം ധരിപ്പിച്ചു .

“നമ്മുടെ മോൾ കുഞ്ഞാണ് … തിരിച്ചറിവായിട്ടില്ല … സൂക്ഷിക്കണം ഒരുപാട് …. അയൽ വീട്ടിലേക്കൊന്നും ഒറ്റക്ക് പറഞ്ഞയക്കണ്ട … അവൾക്ക് നീ തുണയുണ്ടാകണം എപ്പോഴും … അവളോട് ചേർന്ന് നല്ല കൂട്ടുകാരിയായി …. കാലം വളരെ മോശമാണ് പെൺകുട്ടികൾ ഉള്ള മാതാപിതാക്കൾ നമ്മളാണ് അവർക്ക് രക്ഷയായി നിൽക്കേണ്ടത് .. ”

ഐശുന്റെ വാപ്പ , ഐശുന്റെ ഉമ്മയെ ചേർത്ത് നിർത്തി ആശ്വസിപ്പിച്ചു . ഉമ്മയുടെ കണ്ണീരിനാൽ വാപ്പയുടെ ഷർട്ട് കുതിർന്നപ്പോഴും ഒന്നു കൂടെ അമർത്തി പുണർന്നു .

” ഇത്താ … ഇത്താ …..”

രാവിലെ പാത്തുവിന് എന്തെങ്കിലും ന്യൂസ് കിട്ടുമ്പോൾ വിളിക്ക് ഉച്ഛം കൂടും . പണിത്തിരക്കിലായിരുന്നെങ്കിലും ഐശുവിന്റെ ഉമ്മ പുറത്തേക്ക് വന്നു .

” എന്താ പാത്തോ ..?? ചായ കുടിച്ചോ നീയ് ..?? ”

“അറിഞ്ഞോ ഇത്താ , നാസ്സറിന്റെ വീട്ടിലെ വിരുന്നുകാരന്റെ രണ്ട് കാലുകളും ഇന്ന് വെളുപ്പിന് ആരാണ്ട് തല്ലിയൊടിച്ചു . ഒടിഞ്ഞ് തൂങ്ങിയിട്ടുണ്ട് . എഴുന്നേറ്റു നടക്കാൻ പറ്റാത്ത പരുവം ആണ് . ആള് മാറി കിട്ടിയതെന്നാ പറയുന്നേ .. ”

പറഞ്ഞ് തീർന്നതും ന്യൂസ് മറ്റു വീടുകളിലേക്ക് എത്തിക്കാൻ പാത്തു ധൃതിയിൽ ഓടി .

‘ അടുത്തുള്ള പള്ളിയിലേക്ക് എന്നും രാവിലെ അഞ്ചിന് സുബ്ഹി നിസ്ക്കാരത്തിന് പോകുന്ന ആൾ ഇന്ന് നാല് മണിക്ക് പോയതിന്റെ കാരണം ഇതായിരുന്നു ‘

ഐശുന്റെ ന്റെ ഉമ്മ പുഞ്ചിരിച്ച് കൊണ്ട് രാവിലെയുള്ള തന്റെ ജോലികളിലേക്ക് ശ്രദ്ധ തിരിച്ചു . സമൂഹത്തിനു ബാധിക്കുന്ന ചില രോഗാണുക്കളെ മുളയിലേ നുള്ളണം എന്ന ഒരു സിനിമാ ഡയലോഗ് ഓർത്ത്‌ ഐശുന്റെ ഉമ്മ ഉള്ളിൽ ഒരു കള്ള ചിരി ചിരിച്ചു….

രചന :- Femina Mohamed –

Leave a Reply

Your email address will not be published. Required fields are marked *