രാവിലെ നല്ല ചൂടുള്ള ചായക്കൊപ്പം പുട്ടും കടലയും കൂടി പ്ലെയിറ്റിലിംഗ്‌ എത്തിയപ്പോ തന്നെ റാഹത്തായി..

രചന :- ഷാഹിർ കളത്തിങ്ങൽ‎-

രാവിലെ നല്ല ചൂടുള്ള ചായക്കൊപ്പം പുട്ടും കടലയും കൂടി പ്ലെയിറ്റിലിംഗ്‌ എത്തിയപ്പോ തന്നെ റാഹത്തായി.. ഉമ്മ അന്നേരം പതുക്കെ ചോദിച്ചു:

“അനക്കിന്ന് വേറെ പണിയൊന്നും ഇല്ലല്ലൊ ” “ന്തേനൂ ” “ഇല്ലെങ്കി ഞമ്മക്കൊന്ന് പന്നിയങ്കര വരെ പോയാലോ ” “അവിടെ ആരെ കാണാനാ ഉമ്മാ..” “നമ്മള തറവാടിന്റെ മുൻപിലൂടെയുള്ള ആ എരുമാട്ടെ എടവഴിയിലൂടെ പോയാ ബാനൂന്റെ വീടില്ലെ ഓള ഉമ്മാക്ക്‌ സുഖല്യ ഒന്നു പോയി കാണാന,കൊറേ ആയി പോണമെന്ന് വിചാരിക്ക്ണൂ കയ്യാറില്ല..” “അയിനെന്താ ഉമ്മാ പോവാലൊ ഇങ്ങൾ വേം മാറ്റി വരി..”

കുളിച്ച്‌ മാറ്റി പുറപ്പെട്ടു… സുഖല്യാത്ത ആളുകളുടെ കട്ടിലിനരികിൽ നമ്മുടെയൊക്കെ ഉമമാർ ഇരിക്കുന്ന രംഗം തന്നെ വേറൊരു തരത്തിലാ.. മുഖമൊക്കെ വാടി എല്ലാം കേട്ടിരിക്കും, ചിലപ്പോ കൺനൊക്കെ നിറയും “ഒക്കെ പടച്ചോൻ ശെരിയാക്കിക്കോളും ട്ടൊ ” എന്നൊരു ആശ്വാസ വാക്കും കൊടുക്കും …

അതു കഴിഞ്ഞ്‌ ഇറങ്ങിയപ്പോഴാ മനസ്സിലായെ ശെരിക്കും അവരെ കാണാൻ മാത്രമല്ല അതിനേക്കാൾ വിലപ്പെട്ടൊരു കാര്യത്തിനാ ജന്മ നാട്ടിലേക്ക്‌ പുറപ്പെട്ടതെന്ന് മനസ്സിലായത്‌.. വർഷങ്ങൾക്ക്‌ മുൻപെ തറവാട്‌ വീതം വെച്ച്‌ വീടു പുറത്തൊരാൾക്ക്‌ നൽകി എല്ലാവരും വേറെ വേറെയായി കഴിഞ്ഞു.. വല്ലിപ്പയും വല്ലിമ്മയും അതായത്‌ ഉമ്മാന്റെ ഉപ്പയും ഉമ്മയും മാത്തോട്ടം ഖബർ സ്ഥാനിയിലും.. എങ്കിലും എല്ലാവരും എല്ലാ മക്കളും പരസ്പരം സ്നേഹം ലവലേശം കുറഞ്ഞിട്ടുമില്ലതാനും..

“മോനെ മ്മള പൊരന്റെ അവിടെ ഒന്ന് നിർത്ത്യ ഇയ്യ്‌ ” ഉമ്മ പറഞ്ഞ പോലെ എന്റെ പഴയ തറവാടിന്റെ മുൻപിൽ വണ്ടി നിർത്തി.. ഉമ്മ ബൈക്കിൽ നിന്നും ഇറങ്ങി..മുറ്റത്ത്‌ നിന്നു വീടിങ്ങനെ നോക്കി നിൽക്കുന്നു ഉമ്മ.. “പെയിന്റൊക്കെ അടിച്ചൂടെ ഇവർക്ക്‌,ആകപ്പാടെ കാട്‌ പിടിച്ച്ക്ക്ണൂല്ലെ ടാ”

ഉമ്മ പലതും പറഞ്ഞ്‌ കൊണ്ടിരിക്കുന്നു.. ഞാനുമ്മാന്റെ നിഷ്കളങ്കമായ ആ ചലനങ്ങൾ നോക്കി കയ്യും കെട്ടി നോക്കി നിന്നു… ചെറുതായൊന്ന് പുഞ്ചിരിച്ചു കൊണ്ട്‌ ഞാൻ പറഞ്ഞു: “അപ്പോ ഇതിനാണല്ലെ ഉമ്മ വന്നത്‌..” ഉമ്മയൊന്നും മറുപടി പറഞ്ഞില്ല ഒരു മൊഞ്ചുള്ള ചിരി എനിക്ക്‌ തന്നു.. വീടിന്റെ ബെല്ലടിച്ചു..താമസക്കാരായ ബാവാക്കയും പെണ്ണുങ്ങളും വാതിൽ തുറന്നു..

“അല്ലാഹ്‌ ആരാത്‌ വരി വരു കേറി ഇരിക്കി..” “ഞാനിവ്ടെ മോന്റെ അപ്പർത്തെ വീട്ടിലേക്ക്‌ വന്നപ്പോ ഒന്ന് കേറിയേച്ച്‌ പോവാന്ന് കരുതി..” ഞാനുമ്മാന്റെ വാക്കുകൾ ഓരോന്ന് സസൂക്ഷ്മം ശ്രെദ്ധിച്ചു കൊണ്ടേ ഇരുന്നു..

ശെരിക്കും ഉമ്മ ആ സമയത്ത്‌ കുട്ടിയായി മാറിയ പോലെയാ തോന്നിയത്‌.. കളിച്ചു വളർന്ന വീട്‌.. ഓടി ചാടി ഒരു ചിത്ര ശലഭത്തെ പോലെ പാറി നടന്ന നടുമുറികൾ, അനിയത്തിമാരോടൊത്ത്‌ കൺനു പൊത്തി കളിച്ച മുറ്റം.. സ്വന്തം ഉപ്പാന്റേം ഉമ്മാന്റേം സ്നേഹത്തിന്റെ മണം.. എല്ലാം ആ മനസ്സിലേക്ക്‌ ഓടിയെത്തി കാണണം.. അന്നേരമാ അസർ ബാങ്ക്‌ വിളിക്കുന്നതും..

വർത്തമാനങ്ങൾ പറയുന്നതിന്റെ ഇടക്ക്‌ ഉമ്മ പറഞ്ഞു: “അല്ലവളെ ബാങ്ക്‌ വിളിച്ച്‌ ഇനിക്കൊന്ന് നിസ്കരിക്കണം എന്താ ചെയ്യാ..” “അയിനിപ്പോ എന്താ ഇവിടുന്ന് നിസ്കരിച്ചോളി ദാ അവിടുന്ന് വുളു എടുത്തോലി..”

ആ സമയത്ത്‌ നിസ്കാര പായയിൽ ഇരുന്നുമ്മ കരഞ്ഞിട്ടുണ്ടാകണം… ഉമ്മാന്റെ ഉപ്പയും ഉമ്മയും ഒരുപാട്‌ സ്വപ്നങ്ങൾ കണ്ടു ജീവിച്ച വീട്‌.. ഉമ്മാനെ പ്രസവിച്ച വീട്‌, ആദ്യായിട്ട്‌ കൈകാലുകൾ വെച്ചു പിച്ച വെച്ച വീട്‌, സ്കൂൾ ബാഗുമായ്‌ ഉമ്മ എന്നുറക്കെ വിളിച്ചു കയറി ചെന്ന വീട്‌, എന്റെ ഉപ്പ ഉമ്മാനെ പെണ്ണു കാണാൻ വന്ന വീട്‌, എന്നെ പ്രസവിച്ചു കിടന്ന വീട്‌… വല്ലിപ്പാന്റെ മയ്യത്ത്‌ കിടത്തിയ വീട്‌…

അങ്ങനെ പറഞ്ഞാൽ തീരാതത്രയും സ്നേഹം നിറഞ്ഞൊഴുകുന്നൊരു വീട്‌… പിന്നെ ഞാനാ നിർബദ്ധിച്ചില്ല പോകാം സമയമായെന്നു പറഞ്ഞു കൊണ്ട്‌.. സാധാരണ എവിടെങ്കിലുമൊക്കെ പോയാൽ ഉമ്മ സംസാരത്തിൽ മുഴുകിമ്പോ “വാ ഉമ്മാ പോവാ കൊറേ നേരായല്ലോ ” എന്നു പറഞ്ഞ്‌ വെറുപ്പിക്കുമായിരുന്നു പക്ഷെ ഇന്നതിനു ഞാൻ നിന്നില്ല.. ഉമ്മ സംസാരിക്കട്ടെ, അവിടുന്നൽപം ശ്വാസം നാസികകളിൽ പതിഞ്ഞോട്ടെ…

“എന്നാ പോവാ മോനെ” എന്നു പറഞ്ഞ്‌ വന്നപ്പോൾ ഞാനൊന്നു മൂളി.. “ഓൻ കൊറേ നേരായി കാത്ത്‌ നിക്കണൂ അതാടീ ഞാൻ ഇടക്കൊക്കെ വരണ്ട്‌ ട്ടൊ..” “ഹ്മ്മ് ആയിക്കോട്ടെ..”

സ്നേഹം പറച്ചിലുകൾ നൽകി ഞങ്ങൾ പുറപ്പെട്ടു.. ഇങ്ങോട്ട്‌ പോരുമ്പോ ബൈക്കിന്റെ പുറകിലിരുന്ന് വാ തോരാതെ സംസാരിച്ച ഉമ്മയാ ഒരക്ഷരം മിണ്ടാതെ മൗനത്തിൽ ഇരിക്കുന്നത്‌… ആ നിശബ്ദതയിൽ ഞാനറിഞ്ഞു ഉമ്മാ നിങ്ങള മനസ്സിലെ സങ്കടങ്ങളെ.. കരയുന്ന ഉമ്മാനെ കാണാനും ആ ഇടറിയ ശബ്ദം കേൾക്കാനും ആഗ്രഹമില്ലാത്തത്‌ കൊണ്ട്‌ ഞാനൊന്നും ചോദിച്ചില്ല.. മുഖത്ത്‌ തട്ടുന്ന കാറ്റിൽ കണ്ണീരങ്ങ്‌ ഒലിച്ചു പൊയ്ക്കോട്ടെ…

ഉമ്മ ഒരു കുഞ്ഞായി മാറിയ ആ ദിവസം ആ വല്ലാത്ത ദിവസം ഞാനൊന്നു നെഞ്ചോട്‌ ചേർത്തു പിടിക്കട്ടെ..

ഒന്നുമല്ലേലും നമ്മുടെയൊക്കെ ഉമ്മമാർക്കുമില്ലെ കാലത്തിന്റെ പെയ്ത്തിൽ ഒലിച്ചു പോയ കണ്ണുകളിൽ നനവ്‌ പടർത്തുന്ന ചില ഓർമ്മകൾ…

***********************

സ്നേഹത്തോടെ

രചന :- ഷാഹിർ കളത്തിങ്ങൽ‎-

Leave a Reply

Your email address will not be published. Required fields are marked *