കണ്ണിലെ കറുത്ത മഷിയും ഒരു ചന്ദനക്കുറിയും മാത്രം. കണ്ണിനെ തൊട്ട് കിടക്കുന്ന ചുരുണ്ട മുടിയിഴകൾ…

രചന: നിജില അഭിന

“കൂടുതൽ ഒട്ടാൻ നിക്കണ്ട നീയ്”.

നിന്റപ്പൻ ഗോവിന്ദൻ ഏതോ ഊള പോലീസുമായി നിന്നെ പണ്ടാരടങ്ങാനുള്ള കരാറുറപ്പിച്ചു എന്ന് ഞാനറിഞ്ഞല്ലോ.

ഇനി പോലീസുകാരന്റെ പെണ്ണിനെ തൊട്ടു തോണ്ടി എന്ന് പറഞ്ഞ് അഴി എണ്ണാൻകൂടെ വയ്യായെ.

പറയുന്നതിനോടൊപ്പം ഇടം കണ്ണിട്ട് നോക്കി. എന്നും കുസൃതിയും കുറുമ്പും മാത്രം നിറയാറുള്ള കണ്ണുകൾ ഒരു കടലാകാൻ വെമ്പി നിൽക്കുന്നു.

കണ്ണിനെ വട്ടം വരച്ച കണ്മഷി പടർന്നു താഴേക്ക് ഒലിച്ചിറങ്ങി തുടങ്ങിയിരുന്നു.

കണ്ണിലെ കറുത്ത മഷിയും ഒരു ചന്ദനക്കുറിയും മാത്രം. കണ്ണിനെ തൊട്ട് കിടക്കുന്ന ചുരുണ്ട മുടിയിഴകൾ. കുഞ്ഞു കുട്ടികളുടെയെന്ന പോലെ വിതുമ്പുന്ന ചുണ്ടുകൾ. ഒരുക്കങ്ങളൊ ചമയങ്ങളോ ഇല്ലാത്ത മുഖം. എന്നിട്ടും എന്തൊരു ഭംഗിയാണ് ഇവൾക്ക്. നോക്കി നിൽക്കുന്തോറും അവളിലേക്ക് വലിച്ചടുപ്പിക്കുന്ന കാന്താരി പെണ്ണ്.

“വീട്ടിലേക്കുള്ള സാധനം വാങ്ങണം നീ മാറിക്കോ ഞാൻ പോകട്ടെ ”

“കിരണേട്ടാ ഒന്ന് നിക്ക്. എനിക്ക് പറയാനുള്ളത് കേക്ക്.

“എന്താന്ന് വെച്ചാ വേഗം പറയാൻ നോക്ക് നേരല്ല്യ നിക്ക് ”

“അച്ഛനോട് പറയട്ടെ എനിക്ക് വേറാരും വേണ്ടാന്ന്. എനിക്ക് കിരണേട്ടനെ മതീന്ന് ”

“അതിന് എനിക്ക് നിന്നെ വേണ്ടെങ്കിലോ… നൂറായിരം വട്ടം പറഞ്ഞിട്ടുണ്ട് ഇതും പറഞ്ഞോണ്ട് എന്റടുത്തു വരരുതെന്ന്. നിന്നോടെനിക്ക് സ്നേഹം ണ്ട് ബഹുമാനം ണ്ട് വാത്സല്യം ണ്ട്. അതിനൊന്നും നീ കണ്ടു വെച്ചൊരു അർഥം ഇല്ലാ രേവു …

“വേണ്ടാ ആ പഴയ കടപ്പാടിന്റ കഥ പറയാനാണെങ്കിൽ എനിക്ക് കേക്കാൻ താല്പര്യല്ല ഏട്ടാ. ഇപ്പൊ ഈ പറഞ്ഞത് ഈ രേവൂന്റെ മുഖത്ത് നോക്കി പറയാൻ പറ്റോ ഏട്ടന്?

അവളുടെയാ ചോദ്യത്തിൽ തല താഴാതെയിരിക്കാൻ നന്നായി പാട് പെട്ടു ഞാൻ.

നീ മാറ് എനിക്ക് പോകണം. കടയടക്കും. വൈന്നേരം വെട്ടി വിഴുങ്ങണ്ടേ എല്ലാർക്കും.

പടി കടന്നിറങ്ങുമ്പോൾ തിരിഞ്ഞു നോക്കാൻ തോന്നി. അല്ലെങ്കിൽ വേണ്ട കരയാവും. കരയട്ടെ കരഞ്ഞു തീർക്കട്ടെ.

ഓർമയിൽ നിറയെ അന്ന് അമ്മേടെ കയ്യും പിടിച്ചു തറവാട്ടിലേക്ക് കേറിചെല്ലുന്ന അഞ്ച് വയസുകാരന്റെ മുഖമാണ്… ഒരുപാട് സ്വപ്‌നങ്ങൾ നിറഞ്ഞ അമ്മയെ ഉപേക്ഷിച്ച് അച്ഛൻ പോയതും ഏട്ടന്മാർക്കും വീട്ടിലും കുഞ്ഞു പെണ്ണായ അമ്മ പകച്ചു നിന്നതും . വീണു പോകേണ്ടിയിരുന്ന അമ്മയെ താങ്ങിയ ഗോവിന്ദമാമനും അമ്മായീo.അങ്ങനെ അങ്ങനെ ഓർമ്മകൾക്ക് നല്ല തിളക്കമാണ്..

ഇടയ്ക്കൊക്കെ അമ്മ പറയും.

നന്ദികേട് കാണിക്കല്ലേ കുട്ടാ ഒരിക്കലും എന്ന്.

രണ്ടര വയസുള്ള രേവതി അന്ന് കയ്യില് തൂങ്ങി തുടങ്ങിയതാണ്… കിന്നാരം പറഞ്ഞോണ്ട് ഏട്ടാന്ന് വിളിച്ച് അവളിങ്ങനെ പിന്നാലെ നടക്കും. സ്കൂളിലും കോളേജിലും ഒക്കേം പിന്നാലെ കാണും ആ കണ്ണുകൾ. എന്നെ നോക്കുന്ന കണ്ണുകൾക്ക് നിറം മാറി തുടങ്ങിയത് കണ്ടിട്ടും കാണാത്തത് പോലെ നടിച്ചിട്ടുണ്ട്. അവളറിയാതെ നോക്കി നിന്നിട്ടുണ്ട് ഒരുപാട് തവണ.

കോളേജിൽ തനിക്ക് നേരെ വീഴുന്ന കണ്ണുകളെ നോക്കി പേടിപ്പിക്കുന്ന കുറുമ്പിനെ കണ്ടാസ്വദിച്ചിട്ടുണ്ട്. എങ്കിലും ഗൗരവത്തിന്റെ മുഖംമൂടി അവൾക്ക് മുന്നില് മാത്രം അണിഞ്ഞു.

വേദനിക്കുന്നു എന്നറിയാം മോളെ അതിലേറെ നോവുന്നുണ്ടെനിക്ക്. എങ്കിലും ഒന്നും വേണ്ട നീ നന്നായിട്ട് ജീവിച്ചാൽ മാത്രം മതി.

“ന്താ കണ്ണാ കണ്ണൊക്കെ കലങ്ങി. ”

വീട്ടിലെത്തിയതോ കണ്ണ് കലങ്ങിയതൊ അറിഞ്ഞിരുന്നില്ല.

“ഒന്നൂല്ലമ്മാവാ പൊടി പോയിണ്ടാവും. ”

“രേവൂന്റെ കണ്ണിലും പൊടി വീണു ന്ന് പറയണു ഇതിനും മാത്രം പൊടിയെവിടാ ഈ വീട്ടില് ”

ഒന്നും മിണ്ടിയില്ല.

ന്റെ കുട്ടിയെ കരയിച്ചതിന്റെ ബാക്കിയായിട്ട ഈ പൊടി വീഴല് ല്ലേ.

ന്റെ കുട്ട്യോൾക്ക് അങ്ങനൊരു ഇഷ്ടം ണ്ടെങ്കിൽ എനിക്കതല്ലേ കണ്ണാ ഇഷ്ടം. നിന്നെപ്പോലെ ചുറ്റും ഉള്ളോർക്ക് വേണ്ടി ഇഷ്ടോള്ളതൊക്കെ വേണ്ടാന്ന് വെക്കുന്നോരെ അന്വേഷിച്ചാ ചെലപ്പോ ഇനി കിട്ടീല ന്ന് വന്നാലോ.

കൈകൂപ്പിയാ കാൽക്കലേക്ക് ഇരിക്കുമ്പോൾ എന്നെയിത്ര നാൾ താങ്ങിയയാ കൈകളെന്നെ ഒന്നുകൂടി ചേർത്ത് പിടിച്ചിരുന്നു…

മുകളിലെ മുറിയിൽ നിന്ന് ഇതൊക്കെ കണ്ടു കൊണ്ട് മറ്റൊരാൾ കൂടി കണ്ണുകൾ തുടച്ചിരുന്നു. ന്റെ രേവു.

🌺🌺🌺🌺🌺🌺🌺

“ഒരുപാട് ഒട്ടണ്ട ഏട്ടാ പോലീസുകാരന് ചെലപ്പോ ഇഷ്ടായില്ലെങ്കിലോ”

മുഖം ഒരു വശത്തേക്ക് കോട്ടിയുള്ള നിൽപ്പും കുറുമ്പ് നിറഞ്ഞ സംസാരവും എന്നെ ചിരിപ്പിച്ചിരുന്നു.

പോലീസുകാരനല്ല ഇനി നിന്റപ്പൻ ഗോവിന്ദൻ പിള്ള പറഞ്ഞാലും ഒട്ടലും തട്ടലും ഒക്കെ ണ്ടാവും കേട്ടോടി ഈർക്കിലി കൊള്ളി.

“ന്നാലും പോലീസ്…

“മിണ്ടല്ലെടി ‘

അവളെ ചേർത്ത് പിടിച്ചാ കൈകളെ കൈക്കുള്ളിലേക്ക് പിടിക്കുമ്പോൾ ഒരു ചെറിയ കാറ്റ് ഞങ്ങളെ തലോടി കടന്നു പോയി. മുല്ലപ്പൂ മണമുള്ള കുളിരുള്ളോരു കാറ്റ്.

രചന: നിജില അഭിന

Leave a Reply

Your email address will not be published. Required fields are marked *