കല്യാണം കഴിഞ്ഞ് പാട്ടാളം ചേട്ടന്റെ കൂടെ ചേച്ചി പോയപ്പോൾ ഒറ്റപ്പെട്ടത് ഞാൻ ആയിരുന്നു…

രചന: ദീപാ ഷാജൻ

ചേച്ചിയുടെ കുഞ്ഞിന്റെ വരവിനായി കാത്തിരുന്നിട്ടുള്ള അനിയത്തിമാരുണ്ടോ ഈ കൂട്ടത്തിൽ… ഞാൻ അങ്ങനെ ഒരു അനിയത്തിയായിരുന്നു..

കല്യാണം കഴിഞ്ഞ് പാട്ടാളം ചേട്ടന്റെ കൂടെ ചേച്ചി പോയപ്പോൾ ഒറ്റപ്പെട്ടത് ഞാൻ ആയിരുന്നു.. മാസങ്ങൾക്ക് ശേഷം അവളുടെ വരവിന്റെ ആദ്യ അറിയിപ്പ് ചേച്ചി ഫോണിൽ വിളിച്ചു പറഞ്ഞപ്പോളും കൗതുകമായിരുന്നു… എന്നെപ്പോലെ ഉണ്ടാക്കൂർക്കാസ് ആയ ചേച്ചി വലിയ വയറും വച്ച് നടക്കുന്നതോർത്ത്..

മാസങ്ങൾക്കിപ്പുറം ഉണ്ണി വയറും വച്ചു ചേച്ചി വന്നപ്പോ കൊതിയാരുന്നു കുഞ്ഞുവാവയെ വേഗം കാണാൻ.. ചേച്ചീടെ വയർ വലുതാകുന്നതും അതിൽ കുഞ്ഞാവ ഇളകുന്നതും കാണ്കെ ആണായാലും പെണ്ണായാലും വേഗം വന്നാൽ മതി എന്നായി.. ഇടക്ക് വേദനയുണ്ടെന്ന് പറയുന്നോള് കൂർക്കം വലിച്ച് ഉറങ്ങുന്ന കാണുമ്പോ ദേഷ്യം വരും.. വേഗം വേദന വന്ന് പ്രസവിച്ചാൽ എന്താന്ന്.. ഒരു പത്താം ക്ലാസ്സുകാരിക്ക് ആ വേദന എന്താണെന്ന് അറിയില്ലായിരുന്നു. സിനിമേല് കാണുന്ന പോലെ ഒന്നു വേദനിച്ചു പ്രസവിച്ചു അത്രേയുള്ളൂ..

അങ്ങനെ പ്രസവത്തീയതി ആയപ്പോ അഡ്മിറ്റ്‌ ആയി.. വെളുപ്പിനെ ഡ്രിപ്പും കുത്തി.. ഉച്ച കഴിഞ്ഞു.. വൈകുന്നേരമായി.. അനക്കമില്ല.. ‘അമ്മചൂടിൽനിന്നും ഇറങ്ങാൻ താൽപര്യമില്ലാതെ അവൾ ചുരുണ്ടു കൂടിയെന്നു തോന്നുന്നു… അവസാനം നിർബന്ധിച്ചു കൊണ്ടുവരാൻ തന്നെ ഡോക്ടർമാർ തീരുമാനിച്ചു…

അമ്മയും അച്ഛനും അമ്മൂമ്മയും ആശുപത്രിയിൽ തന്നെ.. ഞങ്ങൾ പീക്കിരികൾ അപ്പൂപ്പന്റെ കൂടെ വീട്ടിൽ .. (അവധിയായതുകൊണ്ട് കസിൻസും ഉണ്ട്).. ഫോണ് വന്നപ്പോ എടുത്തത് പ്രായമായ അപ്പൂപ്പൻ… ഫോൺ എടുത്തിട്ട് ഒന്നും പറയാതെ നിന്നു.. ഫോൺ വച്ചു കഴിഞ്ഞു അപ്പൂപ്പൻ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു..

‘മോളെ.. ഇച്ചേച്ചിക്ക് ഓപ്പറേഷൻവേണമെന്ന്’..

അപ്പൂപ്പൻ കരയുന്നത് ആദ്യമായി കണ്ടു.. എന്നിട്ടും ഞാൻ ഓർത്തു അമ്മക്കും രണ്ടും ഓപ്പറേഷൻ അല്ലാരുന്നോ.. ഇത്ര കരയുന്നതെന്തിനാ.. ചോദിച്ചില്ല.. ചോദിച്ചാൽ അപ്പൂപ്പൻ ആദ്യമായി തല്ലിയ കൊച്ചുമകൾ എന്ന പേര് കിട്ടും..

അങ്ങനെ ഒരു അഞ്ചര ആയപ്പോൾ അവൾ വന്നു എന്ന അറിയിപ്പ് കിട്ടി.. ചേട്ടന്റെ അച്ഛനും അമ്മയും അതേ സമയത്തു എത്തി ചേർന്നു… ഞാൻ ഓടി ചെന്ന് അവരോട് പറഞ്ഞു.. കുറേനേരം കഴിഞ്ഞു വീട് പൂട്ടി എല്ലാരും കൂടി ഞങ്ങടെ പഴേ അംബാസഡർ കാറിൽ മൂന്നു തട്ടായി മടിയിൽ ഇരുന്നു ആശുപത്രിയിൽ പോയി.. ചേട്ടന്റെ പോലെ നീളൻ മുഖം പ്രതീക്ഷിച്ചു ചെന്ന ഞാൻ കണ്ടത് വട്ട മുഖമുള്ള എന്നെപ്പോലെ ഒരു ഗുണ്ടുമണിയെ..

ആദ്യമായി അവൾ എന്നെ വിളിച്ചത് ‘അമ്മ എന്നു തന്നെയായിരുന്നു.. അതേ അവൾ ഉണ്ടായതിന് ശേഷമാണ് ‘അമ്മ എന്ന വാക്കിലെ സ്നേഹം എനിക്ക് മനസ്സിലായത്..

എന്നോട് ഒട്ടിയിരിക്കുന്ന കാന്താരി.. ആരേലും വഴക്കിന്‌ വന്നാൽ ഓടിവന്ന് എന്റെ കാലിൽ കെട്ടിപ്പിടിച്ചു നിൽക്കും.. അവൾ മറ്റാരുടെയെങ്കിലും പോലെയാണ് കാണാൻ എന്നു പറയുമ്പോൾ ഞാൻ എന്റെ കുഞ്ഞമ്മയെപ്പോലെയാണെന്ന് വാശിക്ക് പറയുന്ന എന്റെ ചക്കര…. കുഞ്ഞമ്മ വിളിച്ചു വിളിച്ച് ഇപ്പൊ അത് കുഞ്ഞിയിൽ എത്തി നിൽക്കുന്നു.. ഇനി എന്താകുമോ എന്തോ..

എല്ലാ അനിയത്തിമാർക്കും ചേച്ചീടെ മക്കൾ ഇങ്ങനെയായിരിക്കും അല്ലെ.. സ്വന്തം മക്കൾ ഉണ്ടായാലും ഈ ഒരു ഫീലിംഗ് ഒന്നു വേറെയാ.. അല്ലെ.. ഇത് എന്റെ മാത്രം അനുഭവമാണോ… അനിയത്തിമാരുണ്ടേൽ ഒന്നു പറയണേ..

രചന: ദീപാ ഷാജൻ

Leave a Reply

Your email address will not be published. Required fields are marked *