അയാളാ മുണ്ട് ഒന്ന് കുടഞ്ഞ്, ശ്രദ്ധയോടെ മൈലാഞ്ചിയിടുന്ന തൻ്റെ മകളെ നോക്കി…

രചന: രുദ്രാക്ഷ

അതെന്താണ് അച്ഛാ എനിക്ക് മാത്രം പ്രണയം തോന്നാത്തേ???

അതു കേട്ടയാളുടെ കൈയ്യിലെ ഗ്ലാസിലെ ചൂട് ചായ തുളുമ്പി വീണു, അയാളാ മുണ്ട് ഒന്ന് കുടഞ്ഞ്, ശ്രദ്ധയോടെ മൈലാഞ്ചിയിടുന്ന തൻ്റെ മകളെ നോക്കി

ന്തേ അനുമോളേ…!

എനിക്ക് മാത്രമെന്താ അച്ഛാ മഴയോട് പ്രണയം തോന്നാത്തത്?

ഭീതി കലർന്നിരുന്ന അയാളുടെ മുഖം ഒന്ന് ചുവന്നു പിന്നെ പൊട്ടിച്ചിരിച്ചു

ചോരുന്ന മഴ വെള്ളം ശേഖരിച്ച വക്ക് ചളങ്ങിയ കലം കൊണ്ട് വന്ന അയാളുടെ ഭാര്യ അതു കണ്ട് അന്തിച്ചു, അവരാ വെള്ളം തൊടിയിലേക്ക് കമഴ്ത്തി അയാൾക്കരികിലായി വന്ന് ഇരുന്നു

കേട്ടോ ഭാനൂ, അനുകുട്ടി ചോദിക്കാ അവൾക്കെന്താ മഴയോട് പ്രണയം തോന്നാത്തത് എന്ന്???

അവളുടെ പൊട്ടിച്ചിരിയിൽ അയാളും ചേർന്നു..!

പരിഭവിച്ചു അകത്തേക്കോടിയ അനുകുട്ടിയെ നോക്കി അയാൾ വേദനയോടെ പറഞ്ഞു, ഇത്തവണ നമുക്ക് മേച്ചില് നേരേയാക്കാം, പനയോല മാറ്റി ഓട് പാകാം

തൊടിയിൽ പാറി പറക്കുന്ന തുമ്പി കൂട്ടത്തെ നോക്കി അവളപ്പോൾ അലസമായി പറഞ്ഞു, തുമ്പി പാറുന്നു…. !!!

ഇന്നും മഴ കാണും.

“മ്മ്”

തവളകളുടെ മേളത്തിൽ അയാളുടെ മൂളൽ അവൾ കേട്ടില്ല, പടിഞ്ഞാറ് ചായുന്ന സൂര്യനെ വെറുതെ നോക്കി നിന്നു വിശപ്പില്ലെന്ന് പറഞ്ഞ് അത്താഴം പാതിയിൽ നിർത്തി എഴുന്നേറ്റ പോയ അയാളെ അവൾ പ്രണയം കലർന്ന പരിഭവത്തോടു നോക്കി

ചാരം കൊണ്ട് എച്ചിൽ പാത്രങ്ങളൊക്കെ മോറി തിണ്ണയിൽ അടക്കി വച്ച്, അവൾ ചെല്ലുമ്പോൾ അനുകുട്ടി അയാളെ എണ്ണാൻ പഠിപ്പിക്കുകയായിരുന്നു

കണ്ടോ അച്ഛാ ഇതാണ് റിനോസറ് ഒന്ന്, രണ്ട്, മൂന്ന്…….. പതിനാല് റിനോസറ്….!

അനുക്കുട്ടിയുടെ കയ്യിലെ “പതിനാല്” ഇരുപത്തഞ്ചിൻ്റെ പൈസകൾ വാങ്ങി ഭിത്തിയിലെ സഞ്ചിയിൽ നിക്ഷേപിക്കുമ്പോൾ അവൾ ഓർത്തു

“മൂന്നര റുപ്പിക” കൂടെ ബാക്കിയുണ്ട്!

അമ്മ പായ് വിരിക്കുന്നത് കണ്ട അനുകുട്ടി ഓടി ചെന്ന് മണ്ണെണ്ണ വിളക്ക് ഊതി കിടത്തി,

ബാ അച്ഛാ, അമ്മ പായ വിരിച്ചു വേഗം കിടക്കാം, ഇല്ലെങ്കിൽ “അഞ്ചുകണ്ണൻ” ഭൂതം പിടിക്കും

ഇരുട്ടിലും നിശ്വാസങ്ങൾ അടക്കി ആ അച്ഛനും അമ്മയും പൊട്ടിച്ചിരിച്ചു

അമ്മയെ കെട്ടിപ്പിടിച്ച് ചുരുണ്ടുകൂടി കിടന്ന അനുകുട്ടി മുഖത്ത് വെള്ളത്തുള്ളികൾ പതിച്ചപ്പോൾ ഞെട്ടി ഉണർന്ന് പകച്ചിരുന്നു

മുണ്ട് മടക്കിയുടുത്ത് ആയാളാ പായ ചുരുട്ടി അനുകുട്ടിയേയും ഒക്കത്തിരുത്തി ഹാളിലേക്ക് നടന്നു

ഭാനു ഓടിച്ചെന്നൊരു ചെരുവമെടുത്താ വെള്ളം വീഴുന്നിടത്ത് വച്ചു

അനുകുട്ടി ഒരു പൂച്ചക്കുട്ടിയേപ്പോലെ അവർക്കിടയിൽ കിടന്നു

മിഴകൾ അടച്ച് ചുരുണ്ടുകൂടി….!!!

ആ ഷട്ടറിട് കൊച്ചേ….. പുറകിലെ സീറ്റിലെ സ്വരമാണവളെ ഉണർത്തിയത്….!

മുഖത്തെ വെള്ളത്തുള്ളികൾ തുടയ്ക്കാതെ അവളാ ഷട്ടറിട്ടു,

പിന്നെ മെല്ലെയാ ഷട്ടറ് തുറന്ന് തൻ്റെ കുടയവിടെ തിരുകി, മഴയുടെ ഗന്ധമാസ്വദിച്ചു…. ജനൽ കമ്പിയിലെ മഴത്തുള്ളികൾ വിരലുകളിലൂടെ കൈമുട്ടിലേക്ക് ഒഴുകുന്നത് നോക്കി കൗതുകപ്പെട്ടു…..!

രൂക്ഷമായി നോക്കുന്ന കണ്ടക്ടറ കണ്ട് അവളാ കുടമാറ്റി സീറ്റിൽ ചാരിയിരുന്നു

എത്രയും വേഗം വീട്ടിലെത്തണം,

ആ കുഴഞ്ഞ മണ്ണിൽ ചവിട്ടി, ലൂണാർ ചെരുപ്പ് പാവാടയിൽ പുള്ളികുത്തുകൾ നെയ്യുമ്പോൾ, ചേമ്പിലയിൽ നിന്നും തുളുമ്പി പോകുന്ന വെള്ളത്തുള്ളികളെ നോക്കി കണ്ണിറുക്കണം.

തണുത്ത് വിറങ്ങലിച്ച് കയറി ചെല്ലുമ്പോൾ, ഇടിമിന്നലിൽ കലങ്ങിയ അമ്മയുടെ സ്വരത്തിന് രാസ്നാദിയുടെ ഗന്ധമായിരിക്കും

ഓടിൻ പുറത്തേക്ക് അലച്ചു തല്ലി വീഴുന്ന മഴയെ കൗതുകത്തോടെ നോക്കി ഉമ്മറത്തിരുന്നു ചൂടു കട്ടൻ കുടിക്കണം…..,

അതെ അനുകുട്ടിയും മഴയെ പ്രണയിച്ച് തുടങ്ങിയിരിക്കുന്നു……!!!

രുദ്രാക്ഷ.

ലൈക്ക് കമന്റ് ചെയ്യാൻ മടിക്കല്ലേ…

രചന: രുദ്രാക്ഷ

Leave a Reply

Your email address will not be published. Required fields are marked *