പറയാതെ പോയൊരെൻ പ്രണയം…

രചന: ആര്യ പാർവതി

“വിശാഖ് ഏട്ടന്റെ കല്യാണം കഴിഞ്ഞു എന്നറിഞ്ഞതിൽ നിനക്ക് ഒരു വിഷമവും ഇല്ലേ. നിനക്ക് വിശാഖ് ഏട്ടനെ അത്രയ്ക്കും ഇഷ്ട്ടം ആയിരുന്നില്ലേ….”

“വിഷമം ഇല്ല എന്ന് പറഞ്ഞാൽ അത് കള്ളം ആയിരിക്കും. ചങ്ക് പറിഞ്ഞു പോകുന്ന പോലെ വേദന ഉണ്ട് എനിക്ക്. അത് പക്ഷെ, വിശാഖ് ഏട്ടന്റെ കല്യാണം കഴിഞ്ഞു എന്നറിഞ്ഞതിനേക്കാൾ കൂടുതൽ വിഷമം എന്റെ ഉള്ളിൽ ഉള്ള ഇഷ്ട്ടം വിശാഖ് ഏട്ടനോട് പറയാത്തതിൽ ആണ്.”

“നിന്നോട് ഞാൻ പറഞ്ഞത് അല്ലെ, നിന്റെ ഉള്ളിൽ ഉള്ള ഇഷ്ട്ടം വിശാഖ് ഏട്ടനോട് തുറന്നുപറയാൻ. അപ്പോൾ നിനക്ക് അല്ലായിരുന്നോ വാശി, ഒരു ജോലി കിട്ടിയിട്ടെ പറയുള്ളു എന്ന്. എന്നിട്ട് ഇപ്പോൾ എന്തായി, നിനക്ക് ജോലി എല്ലാം കിട്ടി വന്നപ്പോൾ ആളുടെ കല്യാണവും കഴിഞ്ഞു. ”

“പക്ഷെ നിനക്ക് അറിയാവുന്നത് അല്ലെ, വിശാഖ് ഏട്ടൻ ബസിലെ കണ്ടക്ടർ ആണെന്ന കാര്യം. ഒരു കണ്ടക്ടറെ ആണ് ഞാൻ സ്നേഹിക്കുന്നത് എന്നറിഞ്ഞാൽ വീട്ടിൽ ആരും സമ്മതിക്കില്ല എന്നറിയാം. പോരാത്തതിന് അച്ഛനു ഒരു ഗവണ്മെന്റ് ജോലിയും. അതുകൊണ്ട് എനിക്ക് ഉറപ്പായിരുന്നു ഞാൻ എന്തൊക്കെ പറഞ്ഞാലും ഒരു കണ്ടക്ടറെ കല്യാണം കഴിക്കാൻ വീട്ടിൽ സമ്മതിക്കില്ല എന്ന്.

അതുകൊണ്ട് ആണ് ഒരു ജോലി വാങ്ങിച്ചു കഴിഞ്ഞു എന്റെ ഉള്ളിൽ ഉള്ള ഇഷ്ട്ടം വിശാഖ് ഏട്ടനോട് പറയാം എന്ന് വിചാരിച്ചത്. അതാവുമ്പോൾ വീട്ടിൽ എല്ലാവരും എതിര് പറഞ്ഞാലും പിടിച്ചു നില്ക്കാൻ പറ്റുമല്ലോ.

ഇങ്ങിനെ ഒക്കെ ആവും എന്ന് ഞാൻ വിചാരിച്ചില്ല. വിശാഖ് ഏട്ടൻ എന്റെ സ്വന്തം ആവും എന്ന ഒരു വിശ്വാസം എനിക്ക് ഉണ്ടായിരുന്നു. ”

” വിശ്വാസവും കെട്ടിപിടിച്ചു ഒന്നും പറയാതെ ഇരുന്നിട്ട് അല്ലെ ഇപ്പോൾ ഇങ്ങിനെ ഇരുന്നു കരയേണ്ടി വന്നത്. ഇനി ഇരുന്ന് കരഞ്ഞിട്ട് എന്താ കാര്യം. എല്ലാം കഴിഞ്ഞു. അപ്പോഴേ ഞാൻ പറഞ്ഞത് അല്ലെ ആളോട് എല്ലാം തുറന്നു പറയാൻ. ഇനിയും വിശാഖ് ഏട്ടനെ ഓർത്തു കരഞ്ഞിട്ട് എന്താ കാര്യം. ഇപ്പോൾ വിശാഖ് ഏട്ടൻ മറ്റൊരു പെണ്ണിന്റെ ഭർത്താവ് ആണ്. ഇനിയും ആളെ ഓർത്ത് ഇരുന്ന് കരയരുത്.എല്ലാം മറന്നു കളയണം.”

” അങ്ങിനെ മറന്നു കളയാൻ പറ്റുമോ എനിക്ക്…. എന്റെ ജീവനേക്കാൾ ഏറെ ഞാൻ സ്നേഹിച്ചതല്ലേ….

എന്റെ ഉള്ളിൽ വിശാഖ് ഏട്ടനോട് ഉള്ള പ്രണയം നിറഞ്ഞു നിന്നത് കൊണ്ട് ആണോ എന്നറിയില്ല ചിലപ്പോഴൊക്കെ ആ കണ്ണുകളിൽ ഞാൻ എന്നോടുള്ള പ്രണയം കണ്ടിട്ട് ഉണ്ട്. ചിലപ്പോൾ എന്റെ തോന്നൽ ആയിരിക്കാം, അറിയില്ല. മരണം വരെ എന്റെ കൂടെ വിശാഖ് ഏട്ടൻ ഉണ്ടായിരിക്കണം എന്ന് ഞാൻ ആഗ്രഹിച്ചു പോയി.

നല്ല ജോലിയോ, സൗന്ദര്യമോ ഒന്നും വിശാഖ് ഏട്ടനു ഇല്ല എന്നറിയാം. എല്ലാം അറിഞ്ഞു കൊണ്ട് തന്നെ ആണ് ഞാൻ സ്നേഹിച്ചത്. വിശാഖ് ഏട്ടനോട് ഇഷ്ട്ടം തോന്നാൻ ഉള്ള കാരണം എന്താണെന്ന് ചോദിച്ചാൽ എനിക്ക് ഇപ്പോഴും അറിയില്ല. ഇഷ്ട്ടമായിരുന്നു എനിക്ക് എന്നേക്കാൾ കൂടുതൽ… കാരണം ഒന്നും ഇല്ലാതെ തന്നെ എന്റെ മനസ്സിൽ കേറി കൂടിയ മുഖം ആണ് എന്റെ വിശാഖ് ഏട്ടന്റെ. രണ്ടു വർഷം ഞാൻ ഇവിടെ നിന്ന് മാറി നിന്നപ്പോൾ പോലും എന്റെ മനസിൽ നിന്നും ആ മുഖം മാഞ്ഞുപോയിരുന്നില്ല. കണ്ണടച്ചു പിടിച്ചാൽ ആ മുഖം തെളിമയോടെ തന്നെ എന്റെ കണ്മുന്നിൽ ഉണ്ടായിരുന്നു.

കോളേജിൽ നിന്ന് ക്ലാസ്സ്‌ കഴിഞ്ഞു, വിശാഖ് ഏട്ടന്റെ ബസിൽ കേറാൻ വേണ്ടി ഓടി വരുമായിരുന്നു. മിക്ക ദിവസങ്ങളിലും ചിലപ്പോൾ കാണാൻ പറ്റുമായിരുന്നില്ല. അപ്പോഴൊക്കെ എന്റെ അനുവാദം പോലും ചോദിക്കാതെ എന്റെ കണ്ണു നിറയും. ആ സമയത്തെല്ലാം ദേഷ്യവും സങ്കടവും കൊണ്ട് മനസ് കലങ്ങി മറിഞ്ഞിട്ടുണ്ടാവും. ഫ്രണ്ട്സ് അടുത്ത് ഉണ്ടെങ്കിൽ പോലും അവരോട് ഒന്നും സംസാരിക്കാതെ ബസിൽ നിന്ന് പുറത്തേക്ക് നോക്കി നിൽക്കും, മനസിൽ എന്റെ വിശാഖ് ഏട്ടന്റെ മുഖവും ഓർത്ത് കൊണ്ട്. ആ മുഖം മനസിൽ നിറഞ്ഞു നിന്നാൽ അതുവരെ ഉണ്ടായിരുന്ന സങ്കടവും ദേഷ്യവും പതിയെ ഒരു നേർത്ത ചിരിയായി എന്റെ ചുണ്ടിൽ നിറഞ്ഞുനിൽക്കും.

ക്ലാസ്സ്‌ കഴിഞ്ഞു നേരത്തെ വന്നാൽ വിശാഖ് ഏട്ടന്റെ ബസ് പോകുന്നത് വരെ സ്റ്റാൻഡിൽ ചുറ്റി പറ്റി നിൽക്കും. അതിനു മുൻപ് ഉള്ള ബസിൽ ഒന്നും പോവില്ല. വിശാഖ് ഏട്ടന്റെ ബസിൽ കയറികഴിഞ്ഞാൽ മനസ് സന്തോഷം കൊണ്ട് തുള്ളിചാടുകയായിരിക്കും. ആകെപാടെ ഒരു വെപ്രാളം ആയിരിക്കും. ടിക്കറ്റ് കൊടുക്കാൻ മുന്നിലേക്ക് പോവുമ്പോൾ ഞാൻ സൈഡിൽ ഉള്ള കമ്പിയിൽ പിടിച്ചു കുറെ നേരം ആ മുഖത്തെക്ക് നോക്കി നിൽക്കും. ടിക്കറ്റ്‌ കൊടുക്കാൻ ബാക്കിലേക്ക് പോവുമ്പോൾ വേഗം തന്നെ തിരിച്ചു വരാൻ പ്രാർഥിക്കും.

ഫ്രണ്ട് ഡോറിൽ നിന്ന് പുറത്തേക്ക് നോക്കിനിൽക്കുമ്പോൾ, വീശിയടിക്കുന്ന കാറ്റിൽ ആ മുഖത്തേക്ക് പാറി വീഴുന്ന മുടിയിഴകൾക്കൊപ്പം എന്റെ മനസും പാറികളിക്കും. ചിലപ്പോഴൊക്കെ വിശാഖ് ഏട്ടനോട് ചേർന്ന് നിന്ന് പുറത്തെ കാഴ്ചകൾ ആസ്വദിച്ചു നിൽക്കാൻ മനസ് തുടി കൊള്ളും.

ചുവപ്പും വെള്ളയും ചന്ദനം തൊട്ട്, പിരിച്ചു വെച്ച മീശയും ആയി, എല്ലാവരോടും ചിരിച്ചു കൊണ്ട് സംസാരിക്കുന്ന ആ മുഖം ഇപ്പോഴും എന്റെ മനസിൽ ഉണ്ട്. ആ മുഖത്തു വിരിയുന്ന ചിരി ആള് പോലും അറിയാതെ എന്റെ ചുണ്ടിലും വിരിയും. അല്ലെങ്കിലും നമ്മുടെ ഉള്ളിൽ എത്ര സങ്കടം ഉണ്ടെങ്കിലും, നമ്മൾ സ്നേഹിക്കുന്നവരുടെ മുഖത്തു വിരിയുന്ന ചിരിയിൽ നമ്മുടെ എല്ലാ സങ്കടവും അലിഞ്ഞുപോവും.

പക്ഷെ, ഒരിക്കൽ ഞാൻ കണ്ടിട്ട് ഉണ്ട്, ആ മുഖത്തെ ചിരി മാഞ്ഞുപോയത്. ഒരു ദിവസം ക്ലാസ്സ്‌ കഴിഞ്ഞു വരുമ്പോൾ വിശാഖ് ഏട്ടനെ ആ സ്റ്റാൻഡ് മുഴുവൻ നോക്കിയിട്ടും കണ്ടില്ല. കുറച്ചു കഴിഞ്ഞപ്പോൾ ബസിന്റെ അടിയിൽ നിന്നും ഒരു വെള്ള ബനിയനും കാക്കി പാന്റും ഇട്ടുകൊണ്ട് നിരങ്ങി നിരങ്ങി പതിയെ എഴുന്നേറ്റു വരുന്നത് കണ്ടു. നിലത്തു ഉള്ള പൊടി മുഴുവനും മേലൊക്കെ പറ്റി ചേർന്നിട്ടുണ്ടായിരുന്നു. ആ സമയത്ത് നല്ല വെയിൽ ആയതുകൊണ്ട് ഒരു ആശ്വാസത്തിനായി അടുത്തുള്ള ചെറിയൊരു മാവിന്റെ താഴെ പോയി ഇരുന്നു. നല്ല വെയിൽ ഉള്ളത് കൊണ്ട് ആണെന്ന് തോന്നുന്നു കണ്ണ് പതിയെ ചിമ്മിപിടിച്ചു കൊണ്ട് മാവിന്റെ തണലിലേക്ക് ചേർന്ന് ഇരിക്കുന്നുണ്ടായിരുന്നു. പൊള്ളുന്ന വെയിൽ കൊണ്ടിട്ടു ആണോ, ബസിനടിയിൽ കിടന്നു പണി എടുത്തിട്ട് ആണോ എന്നറിയില്ല, എപ്പോഴും കാണാറുള്ള ആ ചിരി മുഖത്ത്‌ ഉണ്ടായിരുന്നില്ല.

അന്ന് എന്തുകൊണ്ടേ ആ കാഴ്ച്ച കണ്ടപ്പോൾ എന്റെ മനസ് വിങ്ങുകയായിരുന്നു. പൊള്ളുന്ന ചൂടിൽ നിന്ന് ഒരു ആശ്വാസത്തിനായി കണ്ണുചിമ്മി പിടിച്ചു കൊണ്ട്, കാലിൻമേൽ രണ്ട് കൈയും ചേർത്ത്‌ പിടിച്ചു കൊണ്ട് ഇരിക്കുന്ന ആ മുഖം ഇപ്പോഴും മനസ്സിൽ ഉണ്ട്. വിശാഖ് ഏട്ടന്റെ അടുത്തേക്ക് ഓടി ചെന്നുകൊണ്ട് ആ ദേഹത്തു പറ്റിപിടിച്ചിരിക്കുന്ന പൊടി എല്ലാം തട്ടികളഞ്ഞു കൊണ്ട് വിശാഖ് ഏട്ടനോട് ചേർന്ന് ഇരിക്കാൻ ഞാൻ മനസുകൊണ്ട് ഒരുപാട് ആഗ്രഹിച്ചിരുന്നു. അന്ന് എനിക്ക് അതിനു സാധിച്ചില്ല.അന്ന് ഞാൻ മനസിൽ ഉറപ്പിച്ചിരുന്നു, പൂർണ അവകാശത്തോടെ തന്നെ വിശാഖ് ഏട്ടനോട് ചേർന്ന് ഇരിക്കും എന്ന്.

പക്ഷേ….. ഇന്ന് …. വിശാഖ് ഏട്ടനിൽ മറ്റൊരു പെണ്ണിനാണ് പൂർണ അവകാശം എന്ന് ഓർക്കുമ്പോൾ… എന്റെ നെഞ്ച് പൊടിയുന്ന പോലെ…. എനിക്ക് ഇപ്പോഴും വിശ്വാസിക്കാൻ പറ്റുന്നില്ല… ഏട്ടന്റെ കല്യാണം കഴിഞ്ഞു എന്ന്. ഒന്നും വേണ്ടായിരുന്നു എന്ന് തോന്നുവാ ഇപ്പോൾ….. ”

” നീ ഈ കരച്ചിൽ ഒക്കെ ഒന്ന് നിർത്ത്. ഉള്ളിൽ ഉള്ള സങ്കടം എല്ലാം കരഞ്ഞു തീർക്കണം എന്നറിയാം. അതുവിചാരിച്ചു എപ്പോഴും ഇങ്ങിനെ കരഞ്ഞു നടന്നാൽ വല്ല അസുഖവും വരും.ഇനി നിനക്ക് ഒരിക്കലും വിശാഖ് ഏട്ടനെ കിട്ടില്ല എന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കണം. ആള് പോലും അറിയാതെ അല്ലെ നീ സ്നേഹിച്ചത്, അതുപോലെ തന്നെ ആരും അറിയാതെ മനസിൽ നിന്നും ആ മുഖം മായ്ച്ചു കളയണം. മനസിൽ ആഴത്തിൽ പതിഞ്ഞു പോയ മുഖം അത്ര പെട്ടന്ന് ഒന്നും മനസിൽ നിന്നും മാഞ്ഞുപോകില്ല എന്നറിയാം, പക്ഷെ മനസിൽ നിന്നും മായ്ച്ചു കളഞ്ഞേ പറ്റൂ…

ചില പ്രണയം അങ്ങിനെ ആണ്. നമ്മൾ എത്ര ആത്മാർത്ഥമായി സ്നേഹിച്ചാലും വിധി നമ്മളിൽ നിന്നും തട്ടിപറിക്കും. നമ്മൾ പൊട്ടൻമാരെ പോലെ കുറെ സ്വപ്നം കണ്ടുനടക്കും. പക്ഷെ വിധി നമുക്കായി കാത്തു വെച്ചത് മറ്റൊന്ന് ആയിരിക്കും. നമ്മൾ മാത്രം അല്ല, എല്ലാവരും അവരുടെ വിധിയോട് പൊരുത്ത പെട്ടുകൊണ്ട് ആണ് ജീവിക്കുന്നത്. അതുവരെ മനസ്സിൽ നെയ്തുകൂട്ടിയ സ്വപ്നങ്ങളെല്ലാം മറന്നുകൊണ്ട്. ”

” മറക്കണം എനിക്ക് എല്ലാം. എന്റെ അല്ല എന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കണം. പെട്ടന്ന് ഒന്നും മറക്കാൻ പറ്റില്ല എന്നറിയാം. പക്ഷെ മറന്നേ പറ്റൂ. മറ്റൊരു പെണ്ണിന്റെ ഭർത്താവിനെ ഒരിക്കലും മോഹിക്കാൻ പാടില്ല… മറന്നു….. എല്ലാം…. മറന്നു….. ആ ഓർമ്മകൾ പോലും ഇപ്പോൾ എന്നിലില്ല….. ”

കൂട്ടുകാരിയുടെ മടിയിൽ തല വെച്ച് കണ്ണുകൾ ഇറുകെ അടച്ചു കിടക്കുമ്പോഴും മനസിൽ നിന്നും എന്നന്നേക്കുമായി വിശാഖ് ഏട്ടന്റെ മുഖം മാച്ചുകളയാൻ ശ്രമിക്കുകയായിരുന്നു.

ഇനി എന്ത് എന്ന ഒരു ചോദ്യം മനസിൽ ഉയർന്നു വന്നു എങ്കിലും, മുന്നോട്ടുള്ള ജീവിതം ഓർക്കുമ്പോൾ മനസ് ശൂന്യം ആയിരുന്നു. എനിക്കായി വിധി കാത്തുവെച്ചിരിക്കുന്ന ജീവിതത്തിൽ എല്ലാം മറന്നുകൊണ്ട് ജീവിക്കാൻ കഴിയണേ എന്ന് ഉള്ളുരുകി പ്രാർഥിക്കുകയായിരുന്നു.

വർഷങ്ങൾക്കു ശേഷം മറ്റൊരാളുടെ താലി കഴുത്തിൽ അണിഞ്ഞു നടക്കുമ്പോഴും , മനസിന്റെ ഏതോ ഒരു കോണിൽ ഞാൻ പോലും അറിയാതെ എന്റെ ആദ്യപ്രണയം ഒരു നോവായി എന്റെ മനസിൽ ആഴ്ന്നിറങ്ങിയിരുന്നു…

( അവസാനിച്ചു )

ലൈക്ക് കമന്റ് ചെയ്യാൻ മടിക്കല്ലേ…

രചന: ആര്യ പാർവതി

Leave a Reply

Your email address will not be published. Required fields are marked *