കറുത്ത ജീൻസും ടീ ഷർട്ടും സൂര്യ പ്രകാശം തട്ടി ചിന്നി തിളങ്ങുന്ന ഇളം കാപ്പി കണ്ണുകളും…. പുഞ്ചിരി നിറഞ്ഞ മുഖവുമായി ഒരു യുവതി…

രചന: അക്ഷര എസ്

“എവിടെ നോക്കിയാടോ വണ്ടിയോടിയ്ക്കുന്നത്…. മനുഷ്യനെ മെനക്കെടുത്താൻ!!!…”

കാറിനെ ഉരസിപ്പോയ ബൈക്കിനു കുറുകെ കാർ നിർത്തി കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും ചാടിയിറങ്ങി അയാൾ ചോദിച്ചപ്പോൾ ബൈക്കിൽ ഇരുന്നയാൾ ഇറങ്ങി ഹെൽമെറ്റ്‌ ഊരി മാറ്റി….

പ്രതീക്ഷകളെ അപ്പാടെ തെറ്റിച്ചു കൊണ്ട് ഹെൽമെറ്റ്‌ ഊരിയപ്പോൾ കണ്ടത് ഒരു യുവതിയെയായിരുന്നു…കറുത്ത ജീൻസും ടീ ഷർട്ടും സൂര്യ പ്രകാശം തട്ടി ചിന്നി തിളങ്ങുന്ന ഇളം കാപ്പി കണ്ണുകളും…. പുഞ്ചിരി നിറഞ്ഞ മുഖവുമായി ഒരു യുവതി…

ഇറങ്ങി വന്നു കാറിന്റെ സൈഡിൽ ഒന്ന് നോക്കി അയാളെയും… കാറിന്റെ സൈഡിൽ ഉരഞ്ഞു കുറച്ചു പെയിന്റ് പോയിട്ടുണ്ട്…

“സോറി ചേട്ടാ…. പെട്ടെന്ന് പിടിച്ചിട്ട് കിട്ടിയില്ല….അതാണ്… ” ബൈക്കിൽ നിന്നും ഇറങ്ങി വന്ന ജാഡ സംസാരത്തിൽ ഉണ്ടായിരുന്നില്ല…

“നിങ്ങൾ ന്യൂ ജനറേഷൻ പെൺപിള്ളേർക്ക് പിന്നെ ഇതൊരു ഹരമാണല്ലോ.. എടുത്താൽ പൊന്താത്ത ബൈക്കും എടുത്തു… ആവുന്ന പണിയ്ക്ക് പോയാൽ പോരേ… ”

“ഹലോ ചേട്ടാ…എടുത്താൽ പൊന്താതിരിയ്ക്കാൻ ഇത് എടുത്തോണ്ട് നടക്കൊന്നും വേണ്ടല്ലോ… അത് കൊണ്ട് കൂടുതൽ കാട് കയറാൻ നിൽക്കേണ്ട… ഇതിന് എത്രയാണെന്ന് വച്ചാൽ പറയ്‌.. ഞാൻ സെറ്റിൽ ചെയ്തോളാം… “അത് വരെയുള്ള പുഞ്ചിരി മാഞ്ഞു ആള് പെട്ടെന്ന് സീരിയസ് ആയി…

“വീട്ടിൽ ആവശ്യത്തിൽ കൂടുതൽ പണം ഉള്ളതിന്റെ പ്രശ്നമാണ് ഇതൊക്കെ… ” അയാൾ മനസ്സിൽ ഒന്ന് മുറുമുറുത്തു…

“എത്രയാണെന്ന് പറഞ്ഞാൽ പോവാമായിരുന്നു… ഒരു പെണ്ണ് കാണൽ ഉണ്ടേ…”അവൾ അത് പറഞ്ഞപ്പോൾ അയാൾ അവളെ അടിമുടി ഒന്ന് നോക്കി…

“3500…”

“അതിത്തിരി കൂടുതൽ അല്ലേ… ”

“ആണെങ്കിൽ നമുക്ക് കേസ് ആക്കാം… ദാ അടുത്ത് തന്നെ സ്റ്റേഷൻ ഉണ്ട്… ”

“അയ്യോ വേണ്ടായേ.. കേസും കൂട്ടവും ആയി നടക്കാൻ പറ്റുന്ന അവസ്ഥയിൽ അല്ല ഇപ്പോൾ… “പറഞ്ഞു കൊണ്ട് പേഴ്സിൽ നിന്നും പൈസ എടുത്തു കൊടുത്തു….

“ഒരു ആവേശത്തിന്റെ പുറത്ത് അനിയന്റെ ബൈക്ക് ഒന്ന് ഓടിച്ചു നോക്കിയതാണെ… അല്ലാതെ ചേട്ടൻ പറഞ്ഞ ന്യൂ ജൻ ഒന്നും അല്ലാട്ടോ… എന്നാലും ചേച്ചി എന്തോരു വെട്ടാണ്‌ ചേച്ചിയുടെ കെട്ട്യോൻ വെട്ടിയത്… 3500 രൂപ..”കാറിലേക്ക് ഒന്നു തലയിട്ട് പറഞ്ഞു ചിരിച്ചു കൊണ്ട് അവൾ ബൈക്ക് എടുത്തു പോയി…

“നല്ല സ്മാർട്ട്‌ കുട്ടി അല്ലെടാ ആര്യാ…”കാറിന്റെ മുൻസീറ്റിൽ ഇരുന്ന യുവതി അയാളോട് പറഞ്ഞു

“ഉവ്വ്.. കൊമ്പില്ലാത്ത ഒരു കുതിര…. എന്നാലും കിളവിയായ നിന്നെ പിടിച്ചു എന്റെ കെട്ട്യോളാക്കാൻ എങ്ങനെ തോന്നി ആ കുട്ടിയ്ക്ക്… ”

“നിന്നെക്കാൾ രണ്ടു വയസ്സിനു മൂപ്പ് ഉണ്ടായാൽ ഞാൻ കിളവി ആവോടാ ചെക്കാ.. നോക്കി നിൽക്കാതെ വണ്ടി എടുക്ക്.. നേരം തെറ്റണ്ട… “അവൾ പറയുന്നത് കേട്ടപ്പോൾ മറ്റൊന്നും പറയാതെ കാറെടുത്തു…

ഒരു ഒറ്റ വീടിന്റെ മുൻപിൽ ആയിരുന്നു കാർ വന്നു നിന്നത്… വൃത്തിയുള്ള മുറ്റവും പരിസരവും… നിറയെ പൂച്ചെടികളും കാണാം…

“ദേവികാമ്മേ അവരെത്തീട്ടോ… “ഉമ്മറത്തു നിന്നും ബ്രോക്കറിന്റെ വിളി കേട്ടപ്പോൾ രണ്ടു തലകൾ ജനലിലൂടെ കണ്ണും നട്ടു പുറത്തേക്ക് നോക്കി…

പലഹാരം പ്ലേറ്റിൽ കൊണ്ട് വന്നു ടീ ടേബിളിൽ വച്ച കൈകളുടെ ഉടമയെ നോക്കിയപ്പോൾ കണ്ണൊന്നു തള്ളിപോയി ആര്യന്റെ… ജീൻസിനു മുകളിൽ നീളത്തിലുള്ള ഒരു കുർത്ത വലിച്ചു കേറ്റിയിട്ടിട്ടുണ്ട്…

“ഇത് കുറച്ചു മുൻപേ കണ്ട കുതിരയല്ലേ… ” പതിയെ ശബ്ദം താഴ്ത്തി അടുത്തിരുന്ന ചേച്ചിയോട് പറഞ്ഞു ആര്യൻ…

” ഞാനല്ല.. എന്റെ അനിയത്തിയാണ് പെണ്ണ്…പേടിയ്‌ക്കേണ്ട… ” ചിരിച്ചു കൊണ്ട് പതിയെ അവൾ പറഞ്ഞപ്പോൾ അത്ഭുതം കൂറി അവളെ നോക്കി… തൊട്ടപ്പുറത്തു അനിയൻ നിരൂപും ഉണ്ട്…

അവളെ പോലെ തന്നെയൊരു സുന്ദരിക്കുട്ടി…ചോദിയ്ക്കുന്നതിന് മാത്രം മറുപടി പറഞ്ഞു ഒതുങ്ങി നിൽപ്പുണ്ട്… കുറച്ചു മുൻപ് കണ്ട കക്ഷിയ്ക്ക് കൂസലൊന്നും ഇല്ല…

അച്ഛൻ നേരത്തെ മരിച്ചു പോയതാണെന്ന് ബ്രോക്കർ പറഞ്ഞിരുന്നു … മൂത്തത് പെണ്ണ്… അതിനു ഇളയ കുട്ടിയെ ആണ് കാണാൻ വന്നിരിക്കുന്നത്… അതിന് താഴെ ഒരു അനിയൻ പഠിയ്ക്കുന്നു…

മൂത്ത പെൺക്കുട്ടിയുടെയും വിവാഹം കഴിഞ്ഞിട്ടില്ല.. ഗൾഫിൽ നേഴ്സ് ആണെന്ന് പറഞ്ഞ ഓർമ്മയുണ്ട്.. ഇളയവൾ പ്രൈവറ്റ് സ്കൂളിൽ ടീച്ചറാണ്….

“ചെറുതിലേ എന്റെ മക്കളെ എന്നെ ഏൽപ്പിച്ചു ഒറ്റയ്ക്കാക്കി പോയതാണ് എന്റെ ആള്… അറ്റാക്ക് ആയിരുന്നു….മൂത്തവൾ നഴ്സിംഗിന് പഠിയ്ക്കുമ്പോൾ… പിന്നെ ജോലി കിട്ടി ഇളയതുങ്ങളെ രണ്ടിനെയും പഠിപ്പിച്ചതും വീട് നോക്കുന്നതും ഒക്കെ ഇവളാണ്…. ഇവളുടെ ലീവ് തീരുന്നേനു മുൻപേ കല്യാണം ഉറപ്പിച്ചു വയ്ക്കണം എന്നാണ് ഞങ്ങൾക്ക്…. അനിയത്തിയെ കെട്ടിച്ചു വിട്ടിട്ടേ അവൾ കെട്ടുന്നുള്ളു എന്ന്… ” അടുത്ത് നിന്നവളെ ഒന്ന് തഴുകി കൊണ്ട് ആ അമ്മ പറഞ്ഞു…

“ഇയാളുടെ പേരെന്താ ..അനിയത്തിയുടെ അറിയാം… ” മൂത്തവളോടായിരുന്നു പെങ്ങളുടെ ചോദ്യം..

“നിലീന… “ചിരിച്ചു കൊണ്ട് അവൾ പറയുന്നത് നോക്കി ഇരിപ്പായിരുന്നു ആര്യൻ….

“ഇവർക്കെന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആയിക്കോട്ടെ അല്ലേ ദേവികാമ്മേ… “ബ്രോക്കർ പറയുന്നത് കേട്ടപ്പോൾ ചിരിച്ചു കൊണ്ട് അമ്മ തലയാട്ടി കൊടുത്തു…

സംസാരവും കഴിഞ്ഞു അവർ യാത്ര പറഞ്ഞു പോകുന്നത് അമ്മയുടെ തോളിൽ തല വച്ചു ഒരു പുഞ്ചിരിയോടെ നോക്കി നിന്നു നിലീന…

അവർ ഇറങ്ങുമ്പോഴാണ് വീട്ടിലേയ്ക്ക് കയറി വരുന്നയാളെ ആര്യന്റെ ചേച്ചി ശ്രദ്ധിച്ചത്….

“ശരത് എന്താ ഇവിടെ…. “അയാളെ കണ്ടതും ആര്യന്റെ ചേച്ചി പുഞ്ചിരിയോടെ ചോദിച്ചു…

“എന്റെ സുഹൃത്തിന്റെ വീടാണ് ചേച്ചി.. ” ശരത് പുഞ്ചിരിയോടെ പറഞ്ഞു ഉമ്മറത്തേക്ക് കയറി…

“രാജീവേട്ടന്റെ ഇളയച്ഛന്റെ മോനല്ലേ അത്… ” കാറിൽ കയറുന്നതിനിടെ ആര്യൻ ചേച്ചിയോട് ചോദിച്ചു…

“ആഹ്.. അത് തന്നെ… ഒരു വക തിരിവില്ലാത്ത ചെക്കനാണ്… മര്യാദക്ക് ജോലിയ്ക്കും പണിയ്ക്കും പോവില്ല… നീ വണ്ടിയെടുക്ക്… “ചേച്ചി പറഞ്ഞു കാർ മുൻപോട്ടു എടുക്കുമ്പോഴും ആ അമ്മ പറഞ്ഞ വാക്കുകളിൽ കുരുങ്ങി കിടപ്പായിരുന്നു ആര്യന്റെ മനസ്സ്…

ജോലിയെടുത്തു അനിയനെയും അനിയത്തിയെയും കുടുംബവും നോക്കുന്ന ഒരു പെൺക്കുട്ടിയെയാണ് കുറച്ചു മുൻപേ ഏറെ തെറ്റിദ്ധരിച്ചത്…

വീട്ടിൽ എത്തിയിട്ടും നിലീനയായിരുന്നു ആര്യന്റെ മനസ്സിൽ… രണ്ടും കല്പ്പിച്ചു അമ്മയോടും ചേച്ചിയോടും കാര്യം പറഞ്ഞു..അനിയത്തിയെ അല്ല ചേച്ചിക്കുട്ടിയെ ആണ് ഇഷ്ടപ്പെട്ടത് എന്ന്….

“നീയല്ലേ ആ കുട്ടി കുതിരയാണ് ആനയാണ് ചേനയാണ് എന്നൊക്കെ പറഞ്ഞത്… “ചേച്ചി ചിരിച്ചു കൊണ്ട് പറഞ്ഞു…

“എപ്പോൾ.. എനിക്ക് ഓർമ്മയില്ല… ”

“ഹ്മ്മ്….ഇങ്ങനെ മിനിറ്റിന് വാക്ക് മാറുന്ന പോലീസൊക്കെയാണല്ലോ ഭഗവതി ഈ നാടിന്റെ നീതി കാക്കുന്നത്… “ചേച്ചി നെറ്റിയിൽ കൈപ്പത്തി ചേർത്തൊന്ന് പറഞ്ഞു..

“എന്റെ മോന് ആ കുട്ടിയെ ആണ് ഇഷ്ടമായതെന്ന് വച്ചാ ഞാൻ വിളിച്ചു ചോദിച്ചോളാം… നീ അതിന് ഇടങ്കോലിടാൻ നിൽക്കണ്ട… “ചേച്ചിയെ നോക്കി ശാസനയോടെ അവരുടെ അമ്മ പറഞ്ഞപ്പോൾ ആര്യൻ സന്തോഷത്തോടെ അവരുടെ മടിയിൽ തല ചായ്ച്ചു… നേഴ്സ് ആണ്… ഒരു മാലാഖ…

അന്ന് രാത്രി തന്നെ വിവരം പറയാൻ വിളിച്ചു… വാടിയ മുഖം കണ്ടപ്പോഴേ നടക്കാൻ സാധ്യത ഇല്ലെന്ന് തോന്നി ആര്യന്…

“ആ കുട്ടീടെ കല്യാണം പറഞ്ഞു വച്ചതാത്രേ.. ” അമ്മ പറഞ്ഞത് അത്രേ കേട്ടുള്ളൂ ആര്യൻ … എന്തോ സങ്കടം തോന്നി ഉള്ളിൽ… എങ്കിലും കാണിച്ചില്ല…. കണ്ടപ്പോഴും അറിഞ്ഞപ്പോഴും തോന്നിയൊരു മോഹം… അത് മുളയിലേ നുള്ളി പോയി…

ദിവസങ്ങളും മാസങ്ങളും കടന്നു പോയി… ബ്രോക്കർ എപ്പോഴോ പറയുന്നുണ്ടായിരുന്നു ആ അനിയത്തി കുട്ടീടെ കല്യാണം ശരിയായെന്ന്…

ഒരു ദിവസം സ്റ്റേഷന്റെ പുറത്ത് ശബ്ദം കേട്ടപ്പോഴാണ് ആര്യൻ ഒരു കോൺസ്റ്റബിളിനോട് പുറത്തു പോയി നോക്കാൻ പറഞ്ഞത്…

“വണ്ടി ഒന്ന് ആക്‌സിഡന്റ് ആയതാണ് സർ… ഈ പെങ്കൊച്ചിന്റെയും ഈ സാറിന്റെയും… ” കോൺസ്റ്റബിൾ പറഞ്ഞപ്പോഴാണ് ആര്യൻ തലയുയർത്തി നോക്കിയത്….

നിലീനയും മറ്റൊരാളും…

“എന്താ പ്രശ്നം… “ഇരുവരെയും നോക്കി കൊണ്ടാണ് ആര്യൻ ചോദിച്ചത്..

“ഈ കുട്ടി റോങ്ങ്‌ സൈഡ് കേറി വന്നതാണ് സർ…കാറിന്റെ സൈഡിൽ സ്ക്രാച്ചായിട്ട് കുറച്ചു പെയിന്റ് പോയിട്ടുണ്ട്… ഈ കുട്ടിയും വീണു.. “അയാൾ പറഞ്ഞപ്പോൾ ആര്യൻ നിലീനയെ നോക്കി…

“നിലീനയ്ക്ക് ഇത് തന്നെയാണോ പരിപാടി… “ആര്യൻ ഒരു പുഞ്ചിരിയോടെ പറഞ്ഞെങ്കിലും നിലീനയുടെ ശ്രദ്ധ അവിടെയൊന്നുമല്ലെന്ന് തോന്നി ആര്യന്…

“എന്താ വേണ്ടത് കേസ് ആക്കണോ… “രണ്ടാളെയും നോക്കിയാണ് ആര്യൻ ചോദിച്ചത്..

“വേണ്ട സർ.. ഇവിടെ വച്ചു സെറ്റിൽ ചെയ്താൽ അതാണ് നല്ലത്… “നിലീനയുടെ കൂടെ ഉള്ളയാൾ പറഞ്ഞു..

ഒരു എമൗണ്ട് കൊടുത്തു സെറ്റിൽ ആക്കിയപ്പോൾ അയാൾ പോയി… നിലീന ഒരു പരിചയം പോലും കാണിയ്ക്കാതെ ആയപ്പോൾ ആര്യന് തെല്ലൊരു സങ്കടം തോന്നി… പരിചയം കാണിയ്ക്കുന്നില്ലെന്ന് മാത്രമല്ല ചുറ്റും ഉള്ളതൊന്നും നടക്കുന്നത് അറിയാതെ എന്തോ യാന്ത്രികമായി പറയുകയും നിൽക്കുകയും ചെയ്യുന്നത് പോലെ..

“ഇയാൾക്ക് വേറെ കുഴപ്പമൊന്നുമില്ലല്ലോ… മുറിവോ മറ്റോ… “ആശങ്കയോടെയാണ് ആര്യൻ ചോദിച്ചത്…

“മുറിവ്… മുറിവാണ്… ആർക്കും കാണാൻ പറ്റാത്ത മുറിവ്… “അത്രയും പറഞ്ഞു മഴയത്തേയ്ക്ക് ഇറങ്ങി പോകുന്ന നിലീനയെ നോക്കി നിന്നു…

കോൺസ്റ്റബിളിനെ പിന്നാലെ അയച്ചു അവൾ വീട്ടിൽ എത്തിയെന്ന് ഉറപ്പിച്ചു… വീണ്ടും എന്തിനാണ് ഇങ്ങനെ ഒരു സാഹചര്യത്തിൽ അവളെ കണ്മുന്നിൽ കാണിച്ചു തന്നത് എന്ന് ഈശ്വരനോട് പഴി പറഞ്ഞു… കണ്ടാൽ അവളെ വീണ്ടും സ്നേഹിച്ചു പോകാൻ തോന്നും…. മനസ്സിൽ നിന്നും മായ്ക്കാൻ ശ്രമിയ്ക്കുന്തോറും വീണ്ടും വീണ്ടും ചിറകുകൾ വിടർത്തി തന്റെ ഹൃദയത്തിലേക്കാണവൾ പറന്നു വരുന്നത്…

നാലു ദിവസം കഴിഞ്ഞു ശരത്തിന്റെ കല്യാണത്തലേന്ന് വിരുന്നിൽ പങ്കെടുക്കാൻ അവരുടെ വീട്ടിൽ എത്തിയതായിരുന്നു ആര്യൻ…ഭക്ഷണം കഴിഞ്ഞു വരുമ്പോൾ പന്തലിന് പുറത്തു ഒരു ബഹളം കേട്ടപ്പോഴാണ് അങ്ങോട്ട് ശ്രദ്ധിക്കുന്നത്…

ഒരു ചെറുപ്പം ചെക്കൻ… ഒറ്റ നോട്ടത്തിൽ തന്നെ നിലീനയുടെ അനിയനാണെന്ന് മനസ്സിലായി…

പോലീസ് ആയത് കൊണ്ട് തന്നെ ഇടപ്പെടാൻ അധികം താമസിച്ചില്ല ആര്യൻ… പിടിച്ചു മാറ്റി ജീപ്പിൽ ഇരുത്തി കൊണ്ട് പോകുമ്പോഴും അവൻ കരച്ചിലായിരുന്നു…

ജീപ്പ് ഒരു പുഴയോരത്തു ചേർത്ത് നിർത്തി അവനോടു കാര്യമെന്താണെന്ന് ചോദിച്ചു….

ചേച്ചി നിലീനയ്ക്ക് പറഞ്ഞു വച്ചു എന്ന് പറഞ്ഞ ബന്ധം… അത് ശരത്തായിരുന്നു… ഒന്നും രണ്ടുമല്ല നീണ്ട 10 വർഷത്തെ പ്രണയം…23 ആം വയസ്സിൽ വിദേശത്തു പോയതാണ്… അന്ന് മുതൽ നിലീന ജീവിച്ചത് മുഴുവനും മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടിയായിരുന്നു… അവന് ഒരു ഷോപ്പ് ഇടാൻ ലോൺ എടുത്തു കൊടുത്തു സഹായിച്ചതും മറ്റു സാമ്പത്തിക സഹായം ചെയ്തതും എല്ലാം നിലീനയാണ്… ഒരു വർഷം മുൻപ് പെങ്ങളുടെ കല്യാണത്തിന് 3 പവന്റെ വളയാണ് സമ്മാനമായി കൊടുത്തത്….ഇരു വീട്ടിലും അംഗീകരിച്ച ബന്ധമായത് കൊണ്ട് തന്നെ ഓരോന്ന് ചെയ്യുമ്പോഴും എല്ലാം തങ്ങളുടെ നല്ല ഭാവിയ്ക്ക് വേണ്ടിയാണെന്നേ ഓർത്തുള്ളൂ… ആവശ്യങ്ങൾ എല്ലാം നിറവേറി കഴിഞ്ഞപ്പോൾ നിലീന നേഴ്സ് ആണ്… അവൾക്ക് പ്രായക്കൂടുതലാണ്.. സമപ്രായക്കാരാണ് എന്നൊക്കെയുള്ള മുട്ടാപ്പോക്ക് ന്യായങ്ങൾ…

“അവന്റെ ചേട്ടന്റെ ഭാര്യയ്ക്ക് 23 വയസ്സേ ഉള്ളൂന്ന്… ഇത്രയും പ്രായമുള്ള എന്റെ ചേച്ചി അവിടെ ചെന്ന് കേറിയാൽ ബന്ധുക്കൾ എല്ലാം കളിയാക്കും എന്ന്… ഇത്രയും കാലം കൈ നീട്ടി വാങ്ങുമ്പോൾ അവന് ഈ പറഞ്ഞ നാണക്കേട് ഒന്നും ആ നായിന്റെ മോന് ഇല്ലായിരുന്നു…. “കണ്ണ് തുടച്ചു അവൻ പറഞ്ഞപ്പോൾ ആര്യനും വല്ലാതായി…

“കാലും കയ്യും ഒടിച്ചു മുൻപിൽ കൊണ്ട് ഇട്ട് കൊടുക്കാം എന്ന് പറഞ്ഞതാ ചേച്ചിയോട്… വേണ്ടെന്നു പറഞ്ഞു… അവൻ സന്തോഷത്തോടെ ജീവിയ്ക്കട്ടെ എന്ന്… ചങ്ക് തകർന്നാണ് ഇന്ന് കേറി പോയത്… “നിരൂപ് അത് പറഞ്ഞപ്പോൾ ആര്യൻ ഒന്ന് ചിരിച്ചു..

“നിന്റെ ചേച്ചിയെ എനിയ്ക്ക് തരോ… ഞാൻ നോക്കിക്കോളാം… ഒരിക്കൽ തോറ്റു പിൻവാങ്ങിയെങ്കിലും വിധി ഒരു അവസരം കൂടി ഒരുക്കി തന്നതല്ലേ… “ആര്യൻ ചോദിച്ചപ്പോൾ നിരൂപിന്റെ മുഖത്തൊരു വെളിച്ചം പടർന്നു…

പിന്നെ അവൾ തിരിച്ചു വരുന്നതിനുള്ള കാത്തിരിപ്പായിരുന്നു…

മാസങ്ങൾക്കപ്പുറം പ്രവാസം അവസാനിപ്പിച്ചു തിരികെ വരുമ്പോൾ നെടുമ്പാശ്ശേരി എയർപോർട്ടിന്റെ അറൈവൽ ടെർമിനലിന് പുറത്ത് നിരൂപിന് പകരം ആര്യനെ കണ്ടപ്പോൾ നിലീനയുടെ മുഖം ചുളിഞ്ഞു പോയിരുന്നു…

ഇടയ്ക്ക് വിളിയ്ക്കുമ്പോഴോക്കെയും അമ്മയ്ക്കും അനിയനും അനിയത്തിയ്ക്കും ആര്യന്റെ വിശേഷങ്ങൾ പറയാനായിരുന്നു തിടുക്കം… അവരുടെ വാക്കുകളിലൂടെ അറിഞ്ഞൊരു ആര്യൻ… അത് കൊണ്ട് ആര്യന്റെ ഈ കാത്തു നിൽപ്പ് വെറുതെ ആവില്ലെന്ന് ഉറപ്പിച്ചിരുന്നു നിലീന…

“പോവാം… ” പുറത്തേക്ക് കടന്നു നിരൂപിനെ പ്രതീക്ഷിച്ചു നിന്ന നിലീനയോട് ആര്യൻ ചോദിച്ചപ്പോൾ നിലീന മുഖം ഒന്ന് വെട്ടിച്ചു..

“നിന്നോടാണ്… ”

“നിരൂപ് എവിടെ… അവനാണല്ലോ കൊണ്ട് വരാൻ വരും എന്ന് പറഞ്ഞത്… ”

“അവന് പകരം എന്നെ അയച്ചത് അവനാണ് … ഇനി വരാല്ലോ… “ആര്യൻ അവളുടെ കയ്യിൽ നിന്നും ഒരു ബാഗ് പിടിച്ചു വാങ്ങി പറഞ്ഞു..

“ഞാൻ വരില്ല… വല്ല ടാക്സി വിളിച്ചു വന്നോളാം… ”

“മാലാഖയെന്ന് വിളിച്ച നാവ് കൊണ്ട് മൂരാച്ചിയെന്ന് വിളിയ്പ്പിയ്ക്കാതെ വന്നു കാറിൽ കേറ് എന്റെ പെണ്ണേ… “ഒരു ചിരിയോടെ ആര്യൻ പറയുമ്പോൾ നിലീനയുടെ മുഖം ചുവന്നു തുടുത്തിരുന്നു…

“തന്റെ പെണ്ണോ… ”

“നിന്നോടെ പറഞ്ഞിട്ട് കാര്യമില്ല… ”

അത് പറഞ്ഞതും ആര്യൻ നിലീനയെ പൊക്കിയെടുത്തു കൊണ്ട് പോയി കാറിന്റെ മുൻ ഡോർ തുറന്നു അകത്തേക്ക് ഇട്ടതും ഒന്നിച്ചായിരുന്നു…

“നിങ്ങളെ എനിയ്ക്ക് സ്നേഹിയ്ക്കാൻ പറ്റില്ല… നിങ്ങളെ എന്നല്ല..മറ്റാരെയും… മനസ്സ് കൊണ്ട് കളങ്കപ്പെട്ടു പോയതാണ്… ”

“സാരമില്ല… ”

“ആ എനിയ്ക്ക് വേണ്ടി നിങ്ങളുടെ സമയം പാഴാക്കരുത്… നിങ്ങൾക്ക് എന്നേക്കാൾ ചെറുപ്പമായ സുന്ദരികളെ കിട്ടും… ”

“പക്ഷേ നിന്നെ കിട്ടില്ലല്ലോ… “ഡ്രൈവ് ചെയ്യുന്നതിനിടയിൽ ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു… അവൾക്ക് മറുപടി ഉണ്ടായിരുന്നില്ല..

“അച്ഛൻ പോയപ്പോൾ ഒറ്റയ്ക്ക് പടപൊരുതി ഞങ്ങളെ വളർത്തിയ ഒരമ്മയുണ്ട്…എന്റെ പെങ്ങളെ കെട്ടിച്ചു വിട്ടപ്പോൾ ഉറങ്ങി പ്പോയ ആ വീടൊന്ന് ഉണർത്താൻ എനിയ്ക്കൊരു മോളെ പകരം തരുമോന്ന് മാത്രമാണ് എന്റെ അമ്മ ഇക്കണ്ട കാലയളവിൽ ആകെ ആവശ്യപ്പെട്ട ഒരു കാര്യം.. ആ അമ്മയ്ക്ക് നിന്നെക്കാൾ നല്ലൊരു മോളെ എനിയ്ക്ക് കണ്ടു പിടിച്ചു കൊടുക്കാൻ കഴിയില്ല… ”

“ഒന്ന് കൂടി അന്വേഷിച്ചു നോക്കിയാൽ കിട്ടും..”പുറത്തേയ്ക്ക് മിഴി പായിച്ചു അവൾ പറയുമ്പോൾ മുഖത്തു നിസ്സംഗഭാവമായിരുന്നു…

“എനിയ്ക്കും 30 കഴിഞ്ഞു.. ഇനി അന്വേഷിച്ചു കണ്ടെത്താൻ സമയവും ഇല്ല… ഉദ്ദേശവും…. ”

“പഴകും തോറും വീര്യം കൂടുന്ന വീഞ്ഞു പോലെയാണ് പ്രണയവും… അതിന്റെ ലഹരി വിട്ടൊഴിയാൻ സമയമെടുക്കും… “സീറ്റിൽ തലചായ്ച്ചു പറയുമ്പോൾ കണ്ണുകൾ ഈറനണിഞ്ഞിരുന്നു…

“ആ പഴയ വീഞ്ഞു പുതിയ തോൽക്കുടത്തിലേയ്ക്ക് മാറ്റിയാൽ തീരാവുന്ന ദുഃഖമേ തനിയ്ക്ക് ഇപ്പോഴുള്ളൂ…”

“പറയാൻ എളുപ്പമാണ്…. കഴിഞ്ഞതെല്ലാം മറക്കാനും ജീവിച്ചു കാണിയ്ക്കാനുമാണ് ബുദ്ധിമുട്ട്… ”

“വർഷങ്ങളോളം ഭൂമിയ്ക്കടിയിൽ കിടന്നു ഒരുപാട് സമ്മർദ്ദം അനുഭവിച്ചാണെടോ ഓരോ വജ്രവും രൂപപ്പെടുന്നത്… അങ്ങനെ ഒന്നായി കൂട്ടിയാൽ മതി അതും … തന്നെ തിളക്കമുള്ളൊരു വജ്രമാക്കി തീർക്കാൻ വേണ്ടി ഈശ്വരൻ കരുതി വച്ച കുറച്ചു സങ്കടങ്ങൾ മാത്രം…”

“വജ്രത്തിന് കാഠിന്യം കൂടുതലാണ്… “മുഖത്തു പൊട്ടി വിരിഞ്ഞ കുഞ്ഞു പുഞ്ചിരിയോടെ അവൾ പറഞ്ഞു…

“അത് കൊണ്ടല്ലേ വിടാതെ പിടിച്ചത്… പുറത്ത് കാഠിന്യം ഉണ്ടെങ്കിലും അകത്തു മഞ്ഞു പോലൊരു മാലാഖയാണെന്ന് അറിയാലോ… ” ആര്യൻ പറയുമ്പോൾ ആദ്യമായി ഇരുമുഖത്തും ഒന്നിച്ചു പുഞ്ചിരി വിടർന്നു…

മൂന്നു വർഷങ്ങൾക്കപ്പുറം ഉന്തിയ വയറുമായി ആര്യന്റെ തോളോട് ചേർന്നു നടക്കുമ്പോൾ കണ്ടു ഭാര്യയോടൊപ്പം വരുന്ന ശരത്തിനെ…

ശരത്തിന് അഭിമുഖീകരിയ്ക്കാൻ വിഷമം ഉണ്ടെന്ന് തോന്നിയപ്പോൾ അങ്ങോട്ട് ചെന്ന് സംസാരിച്ചു….

ആര്യന്റെ കയ്യിലിരിയ്ക്കുന്ന ഒന്നര വയസുള്ള കുഞ്ഞിലായിരുന്നു ശരത്തിന്റെ ശ്രദ്ധ മുഴുവനും….

പുഞ്ചിരി തൂകി നിൽക്കുന്ന നിലീനയെ കണ്ടു ശരത്തിന്റെ ഭാര്യ ആരാണെന്ന് ചോദിച്ചപ്പോൾ പരിചയക്കാരാണെന്ന് പറയുന്ന ശരത്തിനെ നോക്കി നിലീന ഒന്നു പുഞ്ചിരിച്ചു…

കുഞ്ഞുങ്ങൾ ഇല്ലാതെ ട്രീറ്റ്മെന്റിന് വേണ്ടി വന്നതാണെന്ന് പറയുമ്പോൾ ശരത്തിന്റെ തല ഒരു പരാജിതനെ പോലെ കുനിയുന്നതും നിലീനയോട് കണ്ണുകൾ കൊണ്ട് മാപ്പിരക്കുന്നതും കാണാമായിരുന്നു….

“മാപ്പ്… എന്നെങ്കിലും നേരിൽ കാണുമ്പോൾ പറയാൻ കരുതി കാത്തു വച്ചതാണ്…. ”

വെള്ളം കുടിയ്ക്കാൻ ശരത്തിന്റെ ഭാര്യ മാറിയ ഒരു നിമിഷത്തിൽ ശരത് നിലീനയുടെ കണ്ണിലേക്കു തന്നെ നോക്കി പറഞ്ഞു…

“നിന്നോട് ഒരു വിഷമമോ പരാതിയോ ഇല്ല ശരത്… ഞാൻ മൂലം ഒരാൾ ജീവിതത്തിൽ രക്ഷപ്പെട്ടല്ലോ എന്നൊരു സന്തോഷം മാത്രമേ എനിയ്ക്ക് ഉള്ളൂ… “നിറഞ്ഞ പുഞ്ചിരിയോടെ നിലീന പറയുമ്പോൾ പ്രതികാരം പോലും ചെയ്യാതെ പുഞ്ചിരി കൊണ്ട് മുറിവേറ്റിരുന്നു ശരത്…

“ആരെ പറ്റിച്ചാലും മുകളിൽ ഇരിയ്ക്കുന്ന പ്രപഞ്ച ശക്തിയെ വഞ്ചിയ്ക്കാൻ പറ്റില്ല ശരത്…. എങ്കിലും കുഞ്ഞില്ലാത്ത അമ്മയുടെ വേദന എനിയ്ക്ക് മനസ്സിലാക്കാൻ പറ്റും… നീ ചെയ്ത തെറ്റിന് ആ പാവം എന്തിന് വെറുതെ ശിക്ഷ അനുഭവിയ്ക്കണം… എത്രയും പെട്ടെന്ന് ഒരു കുഞ്ഞിനെ നൽകി ദൈവം അനുഗ്രഹിക്കട്ടെ രണ്ടാളെയും… “നിലീന പറഞ്ഞു തീർന്നപ്പോൾ ആര്യൻ അവളെ തോളോട് ചേർത്തു പിടിച്ചിരുന്നു…

“ഇങ്ങനെ ചിന്തിയ്ക്കാനൊക്കെ ഇവൾക്കേ പറ്റൂ… അതല്ലേ ഈ മാലാഖയെ ഞാൻ വിടാതെ പിടിച്ചത്… താങ്ക്സ് ശരത്… ഇവളെ എനിയ്ക്ക് തന്നതിന്… ” ആര്യന്റെ തോളോട് ചേർന്നു പോകുന്ന ആ മാലാഖയെ നോക്കി നിന്നപ്പോഴാണ് നഷ്ടപ്പെടുത്തി കളഞ്ഞൊരു വജ്രത്തിന്റെ വില അവൻ അറിഞ്ഞത്….

രചന: അക്ഷര എസ്

Leave a Reply

Your email address will not be published. Required fields are marked *