അച്ചു സ്കൂളിൽ നിന്നും വൈകിട്ട് എത്തിയത് വല്ലാത്ത ദേഷ്യത്തിലാണ്.

രചന : – Aparna Vijayan

“എന്താ മോനെ നിനക്ക് പറ്റിയെ വല്ല വല്ലായ്കയും ഉണ്ടോ എന്റെ മോന് ?”

“ഞാൻ നാളെ മുതൽ സ്കൂളിൽ പോകുന്നില്ല.”

“അതിനു മാത്രം എന്താ ഉണ്ടായേ അച്ചു. ആരേലും ആയി തല്ലു പിടിച്ചോ നീ ?”

“ആ അക്ഷയ് അവൻ എന്നെ വല്ലാതെ കളിയാക്കുവാ .”

“എന്തിനാ അമ്മയുടെ മോനെ അക്ഷയ് കളിയാകുന്നെ ?”

“അവന്റെയൊക്കെ ഇനിഷ്യൽ അച്ഛന്റെ പേരാണ്. എന്റേത് അമ്മയുടെ പേരും. സ്കൂളിലെ ഒരു ഫങ്ക്ഷനും അച്ഛൻ വന്നിട്ടില്ലല്ലോ, അച്ചുവും കണ്ടട്ടില്ലഅച്ഛനെ. അച്ഛന്റെ പേരു പോലും അറിയാത്തവനെന്ന് വിളിച്ചു അക്ഷയ് കളിയാക്കി . ഇതു കേട്ട് നിന്ന മറ്റുകുട്ടികളും എന്നെ കളിയാക്കി. അച്ഛനെ വിളിച്ചുകൊണ്ടല്ലാതെ ഞാൻ ഇനി സ്കൂളിലേക്ക് പോകില്ല അമ്മേ. അമ്മ എത്ര പറഞ്ഞാലും പോവൂല.”

“എന്താണ് അവനോട് പറയേണ്ടത്. അവന്റെ അമ്മാവന്, എന്റെ സഹോദരന്, അദ്ദേഹത്തിന്റെ മനസ് ചെകുത്താന്റെ രൂപം കെട്ടിയാടിയപ്പോൾ പറ്റിയ അബദ്ധമാണ് അവനെന്നോ? അവൻ വിശ്വസിക്കുമോ അത്, ഇതൊക്കെ മനസിലാക്കാനുള്ള പ്രായം ആയിട്ടുണ്ടോ അവന്. വിശ്വസിച്ചാൽ തന്നെ അവൻ അച്ഛനെ കാണാൻ നിർബന്ധം പിടിച്ചാൽ എനിക്ക് അതിനെ തടയാനാകുമോ? അത് ഏട്ടന്റെ ജീവിതത്തെ ബാധിക്കില്ലേ? മകൾ ആരുടെ കൂടെയോ ഒളിച്ചോടിപ്പോയി കരുതി അവളെ പടിയടിച്ചു പിണ്ഡം വെച്ച അച്ചനും അമ്മയ്ക്കും താങ്ങാനാവുമോ അത്. ഇതിനെയൊക്കെ നേരിടാനുള്ള ശക്തി എനിക്ക് തരണേ ദൈവമേ എന്ന് പ്രാത്ഥിച്ചു മകനൊപ്പം കിടന്നപ്പോഴും മനസ് വല്ലാതെ ഭയപ്പെട്ടു . അവനെ കൂടി, അവന്റെ സ്നേഹം കൂടി നഷ്ടമായാൽ …………………

രാവിലെ എണീറ്റ ഉടനെ തന്നെ അവൻ ചോദിച്ചു.

“ഇന്ന് വൈകിട്ട് അച്ഛൻ വര്വോ അമ്മേ ?”

ഞാൻ തലയാട്ടി .

“എങ്കിൽ അച്ചു സ്കൂളിൽ പോവാം. പക്ഷെ അച്ചു വരുമ്പോൾ അച്ഛൻ ഉണ്ടാകണം. കേട്ടോ .”

സ്കൂൾ ബസിൽ അവനെ കയറ്റി വിടുമ്പോഴും, അവൻ എന്റെ നേരെ കൈ വീശുമ്പോഴും വൈകിട്ട് എന്ത് എന്നുള്ളത് എന്നെ കൂടുതൽ ഭയപ്പെടുത്തി .

വൈകിട്ട് അവൻ വന്നപ്പോഴും സങ്കടം ഒന്നും മുഖത്തു കണ്ടില്ല . ഇനി അച്ഛൻ അകത്തുണ്ടാവുമെന്ന് കരുതിയിട്ടാണോ ഇവൻ .

“അച്ഛൻ വന്നില്ല അല്ലേ അമ്മേ ?”

എല്ലാം ഇവൻ അറിഞ്ഞോ. ദൈവമേ എന്ത് മറുപടി പറയും.നിന്ന നില്പിൽ തന്നെ ഭൂമി പിളർന്നു താഴേക്ക് പോയിരുന്നെങ്കിലെന്ന് ഞാൻ ആശിച്ചു .

” എനിക്ക് അച്ഛൻ ഇല്ല അല്ലേ അമ്മേ ?”

“എന്താ മോൻ അങ്ങനെ ചോദിയ്ക്കാൻ?” പേടി ഉള്ളിലൊതുക്കി ഞാൻ ചോദിച്ചു .

” എന്റെ ക്ലാസ്സിലെ അമ്മു പറഞ്ഞു. കല്യാണം കഴിക്കാൻ ഇഷ്ടമല്ലാത്തവർ ടെസ്റ്റ് ട്യൂബിൽ കുഞ്ഞുവാവനെ വളർത്തിയെടുക്കുമെന്ന് . അങ്ങനെ ടെസ്റ്റ് ട്യൂബിൽ ഉണ്ടായ വാവ ആണല്ലേ അമ്മേ ഞാൻ .”

“അതെ, അങ്ങനെയാ അച്ചു ഉണ്ടായേ. അമ്മു എങ്ങനെയാ ഇത് അറിഞ്ഞേ ?”

“അമ്മുന്റെ അച്ഛനും അമ്മയും ഡോക്ടറല്ലേ .അവര് പറയുന്ന കേട്ടതാണെന്നാ അവള് പറഞ്ഞെഇത് അമ്മയ്ക്ക് ഇന്നലെ പറഞ്ഞൂടായിരുന്നോ ? അതോ എനിക്ക് സങ്കടം ആവുന്നു കരുതിയിട്ടാണോ ?”

“ഹ്മ്മ് . അതോണ്ടാ അമ്മ പറയാതെയിരുന്നെ. അച്ചുനു അച്ഛൻ ഇല്ലെന്ന് അറിഞ്ഞാൽ സങ്കടം ആവില്ലേ അതോണ്ടാട്ടോ.”

“ഇല്ലല്ലോ. എനിക്ക് എന്റെ അമ്മയുണ്ടല്ലോ. എന്റെ അമ്മയാ ഈ വേൾഡിലെ ബെസ്റ്റ് അമ്മ .”

അവൻ എന്നെ കെട്ടിപിടിച്ചു ഉമ്മ വെക്കുമ്പോൾ എന്റെ കണ്ണിൽ നിന്നും ആനന്ദാശ്രൂ പൊഴിഞ്ഞു. ആ കുഞ്ഞു കുട്ടി കാരണം എന്റെ ജീവിതത്തിലെ വലിയൊരു സമസ്യക്കുള്ള ഉത്തരം ലഭിച്ചിരിക്കുന്നു.

രചന : – Aparna Vijayan

Leave a Reply

Your email address will not be published. Required fields are marked *