കിച്ചുവിനെയും പൊക്കിപ്പിടിച്ച് ഏട്ടൻ വിളിച്ചപ്പോഴേ എനിക്ക് കാര്യം പിടികിട്ടിയതാണ്…

Written By :- Anandhu Raghavan

” എന്താ ഏട്ടാ… ” ഒന്നുമറിയാത്തപോലെ ഞാൻ ഏട്ടന്റെ അരികിലെത്തി ചോദിച്ചു…

” നീ ഇതു കണ്ടില്ലേ ദേവൂ.. കിച്ചു അപ്പിയിട്ടന്നെ..! ”

” ഇത് കഷ്ട്ടാട്ടോ ഏട്ടാ.. എല്ലാത്തിനും ദേവു തന്നെ വേണംന്നുണ്ടോ.. ?”

കിച്ചുവിനെയും എടുത്ത് ദേവു പോയപ്പോൾ ‘ശ്യാം’ പിന്നാലെ എത്തി പറഞ്ഞു…

“ഇന്ന് കിച്ചുവിനെ ഞാൻ കുളിപ്പിച്ചോളാം..”

“ആര് ഏട്ടനോ..? കിച്ചുവിനെ കുളിപ്പിക്കാനോ…”

അതിശയത്തോടെ ദേവു എന്നെ നോക്കിയപ്പോൾ എനിക്കും വാശിയായി…

“അപ്പി കഴുകിച്ച് കിച്ചുവിനെ എന്റെ കയ്യിൽ തന്നപ്പോൾ ഞാൻ പറഞ്ഞു…

“ദേവൂ.. മുറ്റത്തു നിന്നും പനിക്കൂർക്കയിലയും തുളസിയിലയും പറിച്ചിട്ട് ആ വെള്ളം ചെറുതായൊന്നു ചൂടാക്ക്…”

“ഹും.. ഏട്ടന്റെ പറച്ചിൽ കേട്ടാൽ തോന്നും ദേവു ഇതൊക്കെ ആദ്യമായിട്ടാ ചെയ്യണേന്ന്… ഞായറാഴ്ച ഒരു ദിവസത്തെ ആവേശം മാത്രമല്ലേ ഏട്ടാ ഇതൊക്കെ…”

അവളുടെ അധരങ്ങളിൽ ചെറുതായൊരു ചിരി വിടർന്നു… ഈ ഏട്ടൻ ഒരു പാവം തന്നെ..

കിച്ചുവിനെയും എടുത്ത് ഞാൻ കുളിപ്പിക്കാൻ ഇരുന്നപ്പോൾ ദേവൂം എനിക്കൊപ്പം വന്നിരുന്നു…

“ഞാൻ കുളിപ്പിച്ചോളാം ഏട്ടൻ അവിടെ മാറിയിരുന്നോ.. ”

“വേണ്ടാ… ഞാൻ കുളിപ്പിച്ചോളാം , കുട്ടികളെ കുളിപ്പിക്കാൻ ഒക്കെ എനിക്കും അറിയാം…”

ഇതും പറഞ്ഞ് ഞാൻ കുളിപ്പിക്കൽ ജോലി തുടർന്നു… എന്റെ കുളിപ്പീര് കണ്ട് ദേവൂന് ചിരി വരുന്നുണ്ടായിരുന്നു…

“ഇതെങ്ങാനും അമ്മ കണ്ടാൽ എന്നെ വഴക്കു പറയും ശ്യാമേട്ടാ.. ഞാൻ കുളിപ്പിച്ചോളാം..”

” ടി പൊട്ടി പെണ്ണേ.. അമ്മക്ക് മകനേക്കാളും ഇഷ്ടം മരുമകളെയാ.. നി എന്ത് കൈവിഷം കൊടുത്ത് മയക്കിയേക്കുവാ.. നിന്നെക്കുറിച്ച് പറയാൻ അമ്മക്ക് നൂറ് നാവാണ്..”

അവൾ മെല്ലെ ചിരിച്ചുകൊണ്ടിരുന്നു…

കിച്ചുവിന് കണ്ണൊക്കെ എഴുതി പൊട്ടും തൊട്ട് പൗടറും ഇട്ടു കഴിഞ്ഞപ്പോൾ ആള് സുന്ദരക്കുട്ടപ്പനായി…

കിച്ചുവിനെ എടുത്ത് നെഞ്ചിൽ നിർത്തിക്കൊണ്ട് ഞാൻ മെല്ലെ ബെഡിലേക്ക് ചാരി കിടന്നു.. അരുകിൽ ദേവൂം ഉണ്ടായിരുന്നു…

“ദേവൂ… ”

“എന്താ ഏട്ടാ…”

“ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയണം…”

“എന്താ ഏട്ടാ ഇങ്ങനെ പറയുന്നെ… എപ്പോഴെങ്കിലും ഏട്ടനോട് ഞാൻ കള്ളം പറഞ്ഞിട്ടുണ്ടോ..?”

പെട്ടെന്ന് ദേവൂന്റെ രണ്ട് മിഴികളും നിറഞ്ഞൊഴുകി…

“അയ്യേ… എന്താ പെണ്ണേ ഇത്, ഏട്ടൻ ഒന്നും പറഞ്ഞില്ലല്ലോ ഇങ്ങനെ കണ്ണു നിറയാൻ മാത്രം…”

“ഏട്ടൻ പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോ എനിക്ക് സങ്കടം വന്നു അതാ ഞാൻ….. ഏട്ടൻ ചോദിക്ക് ഞാൻ പറയാം…”

“ദേവു മെല്ലെ ശ്യാമിന്റെ അടുത്തേക്ക് ചേർന്നു വന്നു.. ” കിച്ചു അപ്പോൾ ശ്യാമിന്റെ നെഞ്ചിൽ കിടന്ന് തുള്ളിച്ചാടുകയായിരുന്നു…

“ഞാൻ നിന്നെ പെണ്ണുകാണാൻ വന്നപ്പോൾ നീയെന്താ ആദ്യം ഇഷ്ടമല്ല എന്നു പറഞ്ഞത്… ചോദിക്കണം എന്നു വിചാരിച്ചതാ നേരത്തെ തൊട്ട്.. ഇപ്പോഴാ പറ്റിയത്.. ”

“അത്.. അതൊന്നുമില്ല ഏട്ടാ…”

ദേവു എന്തോ തന്നിൽ നിന്നും ഒളിപ്പിക്കുന്ന പോലെ തോന്നി ശ്യാമിന്..

“പറ ദേവൂ… ”

“ഏട്ടന് നല്ല പഠിപ്പും ജോലിയും ഒക്കെ ഉണ്ട്.. ഞാനാണേൽ പത്താം ക്ലാസ് ഒരുവിധം പാസ്സ് ആയതിൽപ്പിന്നെ സ്കൂളിന്റെ പടി കണ്ടിട്ടില്ല… പറയത്തക്ക സൗന്ദര്യവും ഇല്ല… എന്നെപ്പോലൊരാളെ ഏട്ടന് ചേരില്ലാന്ന് തോന്നിയിട്ടാണ് ഇഷ്ടമല്ല എന്നു പറഞ്ഞത്…”

ഞാൻ ദേവൂനെ ഒന്ന് മിഴിച്ചു നോക്കി… എന്റെ നോട്ടം കണ്ട് എന്താ എന്ന അർത്ഥത്തിൽ അവളും എന്നെ നോക്കി…

“അതുകഴിഞ്ഞ് പിന്നെ ഇഷ്ടമാണ് എന്നു പറഞ്ഞത് എന്താ..”

“അതു ഞാൻ പറയില്ല ഏട്ടാ…”

“പറഞ്ഞില്ലെങ്കിൽ ഇനി ഞാൻ മിണ്ടില്ല.. ” കിച്ചുവിനെയും എടുത്ത് ഞാൻ മെല്ലെ തിരിഞ്ഞു കിടന്നപ്പോൾ ദേവു എന്റെ കയ്യിൽ തൊണ്ടിയിട്ടു പറഞ്ഞു…

“ഞാൻ പറയുന്നത് ഏട്ടൻ അമ്മയോട് ചോദിക്കരുതെട്ടോ…”

‘അമ്മയോടൊ..’ ഇതെന്താ സംഭവം എന്ന ആലോചനയോടെ ഞാൻ തലയാട്ടി…

ഞാൻ അങ്ങനെ പറഞ്ഞത് ഏട്ടന് ഒത്തിരി വിഷമം ആയെന്നും.. ആദ്യ കാഴ്ചയിൽ തന്നെ എന്നെ ഒരുപാട് ഇഷ്ടമായിരുന്നെന്നും ഒക്കെ പറഞ്ഞ് അമ്മ ഫോണിൽ വിളിച്ചിരുന്നു…

“വിദ്യാഭ്യാസത്തിനും സൗന്ദര്യത്തിനും ഒക്കെ മുകളിൽ സ്നേഹിക്കാൻ ഒരു മനസ്സാണ് വേണ്ടത്… അങ്ങനെ ഒരു മനസ്സുണ്ടെങ്കിൽ മറ്റൊന്നും ആലോചിക്കേണ്ട … അതവനെ വിളിച്ചറിയിക്കണം…” എന്ന് അമ്മ പറഞ്ഞപ്പോൾ പിന്നീട് എനിക്ക് ഒന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല…

“ന്നാലും അമ്മ എന്നോട് ഒരു വാക്ക് പറഞ്ഞില്ല.. ഭയങ്കരി.., ഇപ്പോൾ അല്ലെ നിങ്ങടെ സ്നേഹത്തിന്റെ രഹസ്യം എനിക്ക് മനസ്സിലായത്..”

ശ്യാമിന് അമ്മയോട് ഒരു കുശുമ്പ് തോന്നി… സ്നേഹത്തിൽ ചാലിച്ച കുഞ്ഞു കുശുമ്പ്…

ശ്യാമിന്റെ കയ്യിൽ നിന്നും ദേവു കിച്ചുവിനെ വാങ്ങി എഴുന്നേറ്റപ്പോൾ ശ്യാം ദേവൂന്റെ പിന്നിലൂടെ ചെന്ന് അവളെ ചുറ്റിപ്പിടിച്ച് പിൻ കഴുത്തിൽ മെല്ലെ ചുംബിച്ചു…!!

അങ്ങനെ നിക്കുമ്പോൾ ഈ സ്നേഹവും പ്രണയവും ഒരിക്കലും അവസാനിക്കരുതെ എന്ന പ്രാർത്ഥന മാത്രമായിരുന്നു ഇരുവരുടെയും മനസ്സിൽ…!!

Written By :- Anandhu Raghavan

Leave a Reply

Your email address will not be published. Required fields are marked *