ജീവിതവസാനം വരെ പരസ്പരം താങ്ങും തണലും ആകുന്ന നല്ല പങ്കാളികൾ ആകുമ്പോൾ ആണ് ജീവിതം മനോഹരമാകുന്നത്…

രചന: ശ്യാം കല്ലുകുഴിയിൽ

” അതേ, മാഷിന് എന്നോട് പ്രണയമാണോ … ”

മീരയുടെ ആ മെസ്സേജ് കണ്ടപ്പോൾ ഹരിയുടെ കണ്ണുകൾ വിടർന്നു, ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു…

” പിന്നേ ഈ വയസാം കാലത്ത് പ്രേമിക്കാൻ നടക്കുകയല്ലേ… ”

ഹരിയുടെ മറുപടി കണ്ടപ്പോൾ മീരയ്ക്കും ചിരി വന്നു… ” അതേ നാളെ രാവിലെ തന്നെ വരുമല്ലോ അതൊ എന്നെ പോസ്റ്റ്‌ ആക്കുമോ.. ”

” ഇല്ല മാഷേ ഞാൻ എത്തും….”

മീരയുടെ മറുപടി വന്നപ്പോൾ ഹരിയുടെ മനസ്സ് മീരയെ കാണാൻ കൊതിച്ചു… പിന്നെ പതിവ് സംസാരങ്ങൾക്ക് ശേഷം രണ്ടാളും ചാറ്റ് അവസാനിപ്പിച്ച് കിടന്നു…

ഏതാണ്ട് രണ്ട് വർഷങ്ങൾക് മുൻപാണ് ഹരിയും മീരയും മുഖപുസ്തകത്തിലൂടെ പരിചയപ്പെടുന്നത്. രണ്ടാളും ജീവിതത്തിൽ ഒരുപാട് ഒറ്റപ്പെടൽ അനുഭവിക്കുന്നവരായത് കൊണ്ട് തന്നെ അവർ പെട്ടെന്ന് അടുക്കുകയും ചെയ്തു…

പലപ്പോഴും ഉള്ളിലെ ഇഷ്ട്ടം രണ്ടാളും പറയാതെ പറഞ്ഞിണ്ടെങ്കിലും ഉള്ളിൽ ഒന്നുമില്ലാത്തത് പോലെയായിരുന്നു പെരുമാറ്റം, ഒരുപാട് നാളായി പരസ്പരം കാണാം എന്ന് പറയുന്നുണ്ടെങ്കിലും പലപ്പോഴും അത് മാറ്റി വയ്‌ക്കേണ്ടി വന്നു, എന്തായാലും നാളെ രണ്ടാളും പരസപരം കാണാൻ തന്നെ തീരുമാനിച്ചു. അതിന്റെ ഒരു ടെൻഷൻ രണ്ടാൾക്കും ഉണ്ട്…. പിറ്റേന്ന് രാവിലെ പറഞ്ഞതിലും നേരത്തെ തന്നെ ഹരി ബീച്ചിൽ എത്തി, ഒഴിവ് ദിവസം അല്ലാത്തത് കൊണ്ട് ബീച്ചിൽ വല്യ തിരക്ക് ഇല്ലായിരുന്നു. അങ്ങിങ്ങായി കുറച്ച് പേരുണ്ട്. ഒഴിഞ്ഞ് കിടന്ന ഒരു കോൺക്രീറ്റ് ബഞ്ചിലായി ഹരി ഇരുന്നു. മീരയെ ആദ്യമായി നേരിൽ കാണാൻ പോകുന്നതിന്റെ ഒരു ചെറിയ ജാള്യത ഹരിയ്ക്കുണ്ട്..

ഇടയ്ക്ക് ഇടയ്ക്ക് ഹരി സമയം നോക്കികൊണ്ട് ഇരുന്നു. ഓരോ നിമിഷങ്ങൾ കഴിയും തോറും ഹരിയുടെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു, കടൽ തീരത്തെ തണുത്ത കാറ്റ് ഹരിയെ തഴുകി കൊണ്ടിരുന്നിട്ടും ഹരിയുടെ നെറ്റിയിൽ വിയർപ്പ് തുള്ളികൾ പൊടിഞ്ഞിരുന്നു…

അൽപ്പം കഴിഞ്ഞ് ഒരു ഓട്ടോയിൽ നിന്ന് ഇറങ്ങി വരുന്ന ഇളം റോസ് നിറമുള്ള കൊട്ടൻ സാരി ഉടുത്ത സ്ത്രീയെ കണ്ടപ്പോൾ ഹരി തിരിച്ചറിഞ്ഞു അത് മീര ആണെന്ന്. അവർ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല എങ്കിലും വാക്കുകൾ കൊണ്ട് അവർ അത്രമേൽ പരസപരം തിരിച്ചറിഞ്ഞിരുന്നു… മീര നടന്ന് വരുമ്പോൾ ഹരി പുഞ്ചിരിയോടെ എഴുന്നേറ്റ് നിന്നു…

അകലെ നിന്ന് തന്നെ വെള്ളമുണ്ടും ഇളം നീലനിറത്തിൽ ഉള്ള ഷർട്ടും ഇട്ട ഹരിയെ മീരയും കണ്ടു, ഹരിയെ പോലെ തന്നെ ആദ്യമായി കാണുന്നതിന്റെ ജാള്യത മീരയുടെ മുഖത്തും ഉണ്ടായിരുന്നു…

” അതികനേരം ആയോ വന്നിട്ട്….”

മീര പുഞ്ചിരിയുടെ ഹരിയോട് ചോദിച്ചു…

” ആ അൽപ്പ സമയം ആയി… ഇരിക്ക്.. ”

ഹരി അത് പറയുമ്പോൾ വാക്കുകൾക്ക് അൽപ്പം വിറയൽ ഉണ്ടായിരുന്നു… ഹരിക്ക് ഒപ്പം മീരയും ആ കോൺക്രീറ്റ് ബഞ്ചിൽ ഇരുന്നു… അൽപ്പസമയം രണ്ടാളും ഒന്നും മിണ്ടാതെ തിരമാലകളും നോക്കി ഇരുന്നു, മുഖപുസ്തകത്തിൽ വായ് തോരാതെ സംസാരിക്കുന്ന രണ്ടാളും നേരിട്ട് കണ്ടപ്പോൾ ഒന്നും മിണ്ടാതെ ഇരിക്കുന്നത് അവരെ തന്നെ അതിശയിപ്പിച്ചു….

” എന്താ മാഷേ വായ് തോരാതെ സംസാരിക്കുന്ന മാഷിന് ഒന്നും മിണ്ടാൻ ഇല്ലേ… ”

” എന്തോ ഓരോ സ്റ്റാർട്ടിങ് ട്രബിൾ, ആദ്യം ആയത് കൊണ്ടാകും…”

ഹരി മീരയുടെ മുഖത്ത് നോക്കാതെ ആണ് ആ മറുപടി കൊടുത്തത്…

” എന്നും നേരിൽ കാണണം എന്ന് പറയുന്നയാൾ എന്റെ മുഖത്ത് പോലും നോക്കുന്നില്ലല്ലോ… ”

മീര ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ ഹരി ഒരു ചമ്മലോടെ മീരയുടെ മുഖത്ത് നോക്കി, മുഖത്ത് മേക്കപ്പ് ഒന്നുമില്ലാതെ ഒരു ചെറിയ ചന്ദനകുറി മാത്രം അതിൽ തന്നെ മീര സുന്ദരിയായിരിക്കുന്നു…

” ഹലോ മാഷേ,,, ഇങ്ങനെ നോക്കി രക്തം കുടിച്ച് വറ്റിക്കുമോ… ”

മീരയുടെ പൊട്ടിചിരിച്ചു കൊണ്ടുള്ള ചോദ്യം കേട്ടപ്പോൾ ആണ് ഹരി അവളിൽ നിന്ന് മുഖം തിരിച്ചത് ….

” സോറി…. ”

ഹരി ചമ്മലോടെ പറഞ്ഞിട്ട് വീണ്ടും തിരമാലകളെ നോക്കി ഇരുന്നു..

” മാഷ് എന്താ വിയർക്കുന്നത്.. ആ വിയർപ്പ് തുടയ്ക്ക്… ”

അത് പറഞ്ഞ് മീര കയ്യിൽ ഇരുന്ന കർചീഫ് ഹരിക്ക് നേരെ നീട്ടി… ഹരി പെട്ടെന്ന് തന്നെ മുണ്ടിന്റെ തുമ്പ് കൊണ്ട് വിയർപ്പ് തുടച്ചു.. ആദ്യമായി കണ്ടിട്ടും ഒരുപാട് നാളത്തെ മുൻ പരിചയം ഉള്ളപോലെയുള്ള മീരയുടെ പെരുമാറ്റം ഹരിയെ അതിശയിപ്പിച്ചു…

” അതേ മാഷേ, മാഷിന് എന്നോട് പ്രണയം ആണോ… ”

മീര കഴിഞ്ഞ ദിവസം ചോദിച്ച ചോദ്യം വീണ്ടും നേരിട്ട് ചോദിച്ചപ്പോൾ ഹരി ഒന്ന് പരുങ്ങി…

” എന്ത ഇപ്പോൾ അങ്ങനെ ചോദിക്കാൻ… ”

” മാഷിന്റെ സ്നേഹവും കെയറും, പിന്നെ ദേ ഇപ്പോൾ ഉള്ള പരുങ്ങലും വിറയലുമൊക്കെ കണ്ടപ്പോൾ ചോദിച്ചന്നെ ഉള്ളു… ”

മീര അത് പറഞ്ഞ് തിരമാലകളെ നോക്കി ഇരുന്നു…

” ഈ ചോദ്യം ഞാൻ തിരികെ ചോദിച്ചാൽ എന്ത് പറയും.. ”

ഹരിയുടെ ചോദ്യം കേട്ടെങ്കിലും മീര ഒന്നും മിണ്ടിയില്ല….

” എനിക്കും അത് ഫീൽ ചെയ്തിട്ടുണ്ട്,, പ്രണയിച്ചു നടക്കാൻ പറ്റിയ പ്രായം അല്ലല്ലോ നമുക്ക് രണ്ടാൾക്കും, എനിക്ക് നാൽപ്പതും ഇയ്യാൾക്ക് നാൽപ്പതിനോടും അടുത്തിരിക്കുന്നു പ്രായം…. ഒരു പ്രണയം നഷ്ടമയതിന്റെ വാശിയിൽ ഇയ്യാൾ ഇത്രയും കാലം ജീവിച്ചു തീർത്തു, പല പല കാര്യങ്ങൾ കൊണ്ട് വിവാഹം മാറ്റി വച്ച് ഞാനും ഇതുവരെ എത്തി… സത്യത്തിൽ മടുത്തു തുടങ്ങി ഈ തനിച്ചുള്ള ജീവിതം, ജീവിതത്തിൽ ആരെയെങ്കിലും സ്നേഹിക്കാനും, ആരുടെയെങ്കിലും സ്നേഹം കിട്ടാനുമൊക്കെ കൊതിച്ചു പോകുന്നുണ്ട് ഇപ്പോൾ… ”

വിദൂരതയിലേക്ക് നോക്കി ഹരി പറഞ്ഞപ്പോൾ മീര മൗനമായി കേട്ട് ഇരുന്നതെയുള്ളൂ…

” ഇനിയും ആർക്ക് വേണ്ടിയടോ ഈ തനിച്ചുള്ള ജീവിതം, താനും ആഗ്രഹിക്കുന്നില്ലേ ഒരു കൂട്ട്… ”

മീര അപ്പോഴും മൗനം തുടർന്നു, ” നമുക്ക് ഒന്ന് നടക്കാം മാഷേ..”

അത് പറഞ്ഞ് മീര എഴുന്നേറ്റ് കടൽ തീരത്തേക്ക് നടന്നു, ഒപ്പം ഹരിയും…

” എന്റെ ഏകാന്തമായ ദിവസങ്ങളെ കളിയും ചിരിയും തമാശയും കൊണ്ട് സന്തോഷമുള്ള ദിവസങ്ങളാക്കി മാറ്റിയത് മാഷാണ്. മാഷിനെ പരിചയപെട്ട ദിവസം മുതൽ അതുവരെ ഇല്ലാത്ത സന്തോഷവും ഉത്സാഹവുമൊക്കെ എന്നിൽ ഉണ്ടായിട്ടുണ്ട്, നമ്മുടെ ഉള്ളിലെ ഇഷ്ട്ടങ്ങൾ നമ്മൾ പറയാതെ ഒരുപാട് തവണ പറഞ്ഞിട്ടുമുണ്ട്… പക്ഷേ…. ”

മീരയുടെ വാക്കുകൾ മുറിഞ്ഞപ്പോൾ ഹരി അവളുടെ മുഖത്തേക്ക് നോക്കി…

” ജീവിതത്തിൽ നമ്മളെ മനസ്സിലാക്കുന്ന, ഏതു കഷ്ടതയിലും പരസ്പരം ഒരുമിച്ചു നിൽക്കുന്ന, ജീവിതവസാനം വരെ പരസ്പരം താങ്ങും തണലും ആകുന്ന നല്ല പങ്കാളികൾ ആകുമ്പോൾ ആണ് ജീവിതം മനോഹരമാകുന്നത്, അത് നമുക്ക് കഴിയും എന്നൊരു വിശ്വാസം ഉണ്ട് അതാണ് ഞാൻ…… ”

ഹരിയുടേയും വാക്കുകൾ ഇടയ്ക്ക് മുറിഞ്ഞു.. അനുസരണയില്ലാതെ പാറി നടക്കുന്ന മുടിയിഴകളെ ഒതുക്കി മീരനടക്കുമ്പോൾ ഇടയ്ക്ക് ഹരിയുടെ കണ്ണുകൾ മീരയുടെ മുഖത്ത് പതിഞ്ഞിരുന്നു…

“നാളെ ഞാൻ അമ്മയെ വന്ന് കണ്ട് സംസാരിക്കട്ടെ….. ”

ഹരി മെല്ലെ പറയുമ്പോൾ മീരയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.. മുന്നോട്ട് നടക്കുമ്പോൾ പരസ്പരം അകന്ന് നടന്ന അവരുടെ അകലം കുറഞ്ഞുവന്നു, ഹരിയുടെ കൈ മീരയുടെ കയ്യിൽ മെല്ലെ തട്ടി, ഹരി മീരയുടെ കയ്യിൽ കൈകോർത്ത് പിടിച്ചു,, പയ്യെ രണ്ടാളും കൈകൾ മുറുക്കെ പിടിച്ച് മുന്നോട്ട് നടക്കുമ്പോൾ, അവരുടെ ഒറ്റപ്പെട്ട ജീവിതത്തിൽ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത സ്നേഹസ്പർശനം അവർ പരസ്പരം ആസ്വദിക്കുകയായിരുന്നു….. ലൈക്ക് കമന്റ് ചെയ്യണേ…

രചന: ശ്യാം കല്ലുകുഴിയിൽ

Leave a Reply

Your email address will not be published. Required fields are marked *