രണ്ടാം കെട്ട്…

രചന: Sarath Lourd Mount

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഇന്നത്തെ രാത്രി മാത്രമെന്തേ എനിക്ക് ഉറങ്ങാൻ കഴിയാത്തത്?? സാധാരണ 10 മണി ആയികഴിഞ്ഞാൽ പിന്നെ എന്തൊക്കെസംഭവിച്ചാലും അറിയാതെ സുഖമായി ഉറങ്ങുന്ന തനിക്ക് ഇന്ന് മാത്രമെന്തേ ഇങ്ങനെ?? അസ്വസ്ഥമായ മനസ്സോടെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ അർജുൻ ചിന്തിച്ചു.

റൂമിനുള്ളിൽ തെളിഞ്ഞു നിന്ന ചുവന്ന ബൾബിന്റെ അരണ്ട വെളിച്ചത്തിൽ അവൻ ക്ലോക്കിലേക്ക് നോക്കി. സമയം രണ്ട് മണി ആയിരിക്കുന്നു… എന്നിട്ടും ഒരു തരി ഉറക്കം പോലും തന്നെ തിരിഞ്ഞു നോക്കുന്നില്ല.

പകൽ കേട്ട ആ വാക്കുകൾ വീണ്ടും വീണ്ടും മനസ്സിലേക്ക് തറഞ്ഞുകയറാൻ തുടങ്ങിയപ്പോൾ ആശ്വാസത്തിനെന്നോണം അവൻ തലയിണ മുറുകെ പിടിച്ചു.

എന്നാലും അവൾ !!… കൂടിപ്പിറന്നില്ല എങ്കിലും ഒരു സഹോദരി തന്നെ ആയിരുന്നില്ലേ അവൾ എനിക്ക്.?? കിരണുമായി ഇഷ്ടത്തിൽ ആണെന്ന് വന്ന് പറഞ്ഞപ്പോൾ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തതും, അവരുടെ കല്യാണം നടത്തിക്കൊടുത്തതും ഞാനല്ലേ?…

അവൻ ,കിരൺ.. അവൻ എന്റെ എല്ലാമായിരുന്നില്ലേ… എന്നെക്കാളേറെ ഞാൻ സ്നേഹിച്ച എന്റെ സുഹൃത്ത്. അവനെ ചതിക്കാൻ അവൾക്ക് എങ്ങനെ തോന്നി?? മനസ്സിനുള്ളിൽ ഉയർന്ന് വന്ന ചോദ്യങ്ങൾ ഹൃദയത്തെ കുത്തിനോവിക്കാൻ തുടങ്ങിയപ്പോൾ അർജുൻ കിടക്കയിൽ നിന്ന് എഴുനേറ്റ് ചാരി ഇരുന്നു.

ചിന്തകൾ വീണ്ടും രാവിലത്തെ സംഭവങ്ങളിലേക്ക് പാഞ്ഞു.

ഒരു സഹോദരിയെപ്പോലെ കാണുന്നത് കൊണ്ടും, കൂട്ടുകാരന്റെ ഭാര്യ ആയത് കൊണ്ടും അവൻ വിദേശത്ത് പോയപ്പോൾ അവൾക്ക് വേണ്ടതെല്ലാം ചെയ്ത് കൊടുത്തത് താനായിരുന്നു. എന്നാൽ അതിലെല്ലാം അവൾ ഇങ്ങനെയൊരു ഇഷ്ടം കണ്ടിരുന്നു എന്ന് എനിക്ക് മനസ്സിലായത് അവളുടെ ആ ചോദ്യം കേട്ടപ്പോൾ ആയിരുന്നു.

രാവിലെ തന്നെ പച്ചക്കറി എത്തിക്കാൻ ആയി പോയതായിരുന്നു അവിടെ . പുഞ്ചിരിയോടെ ഉള്ളിലേക്ക് ക്ഷണിച്ച അവൾ ഇരിക്കാൻ പറഞ്ഞപ്പോൾ എന്നത്തേയും പോലെ ഞാൻ ഉള്ളിലേക്ക് കയറി. എന്നാൽ പതിവിന് വിപരീതമായി ഇന്ന് ആദ്യമായി ആ വാതിൽ അടഞ്ഞപ്പോൾ ഞാൻ ഭയപ്പെട്ടിരുന്നോ??? ….

ഒരു ചിരിയോടെ അടുത്ത് വന്നിരുന്ന അവൾ തോളിലേക്ക് ചാഞ്ഞപോളും സഹോദരി എന്നതിൽ ഉപരി ഒരു വികാരവും തനിക്ക് തോന്നിയിരുന്നില്ല.

പക്ഷെ അവളുടെ ആ ചോദ്യം, ആ വാക്കുകൾ അത് എന്നെ വല്ലാതെ അസ്വസ്ഥമാക്കുന്നു.

അർജുൻ….. അവളുടെ മധുരമാർന്ന ശബ്ദത്തിൽ ആ കണ്ണുകളിലേക്ക് നോക്കിയ ഞാൻ കണ്ടത് പ്രണയമായിരുന്നു. അവൾക്ക് എന്നെ ഇഷ്ടമാണെന്ന് അവളുടെ നാവിൽ നിന്ന് കേട്ടപ്പോൾ തകർന്നത് എന്റെ ഹൃദയമായിരുന്നു. പെങ്ങളെപോലെ കണ്ടവൾ,ആത്മാർഥ സുഹൃത്തിന്റെ ഭാര്യ അവളാണ് തന്നോട് പ്രണയം പറഞ്ഞിരിക്കുന്നത്…..

അവൾ ആഗ്രഹിക്കുന്നത് സെക്സ് അല്ല. ഒറ്റപ്പെടലിൽ തലചായ്ക്കാൻ ഒരു തോളും, ചേർത്ത് നിർത്തുന്ന ഒരു മനസ്സുമാണ്. അത് മാത്രമാണ് അവൾ എന്നിൽ നിന്ന് ആവശ്യപ്പെട്ടതും.

എന്ത് ഉത്തരമാണ് ഞാൻ അവൾക്ക് കൊടുക്കേണ്ടത്????

ആരെയാണ് ഞാൻ ചതിക്കേണ്ടത്???

ആരുടെ ഭാഗത്താണ് ഞാൻ നിൽക്കേണ്ടത്???

നാട്ടിൽ നിന്നപ്പോൾ കടം ഒരുപാടായത് കൊണ്ട് എന്റെയും കൂടി നിർബന്ധത്തിന് വഴങ്ങി ആണ് ദാരിദ്ര്യം ആണെങ്കിലും നാട്ടിൽ തന്നെ നിന്നാൽ മതി എന്ന മീനയുടെ വാക്കിനെ ധിക്കരിച്ച് കിരൺ വിദേശത്തേക്ക് പറന്നത്.

8 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇന്ന് കടങ്ങൾ എല്ലാം തീർന്നിരിക്കുന്നു. ഇതിനിടയിൽ അവൻ നാട്ടിൽ വന്ന് പോയത് ഒരുതവണ മാത്രം.

എല്ലാം മതിയാക്കി നാട്ടിലേക്ക് തിരിച്ച് വരവിന് ഒരുങ്ങുമ്പോൾ അവൻ അറിയുന്നില്ലല്ലോ എല്ലാം കൈവിട്ട് പോകുകയാണെന്ന്…

ഇല്ല!!… എനിക്ക് അവനെ ചതിക്കാൻ കഴിയില്ല…..

പക്ഷെ ഞാൻ നോ പറഞ്ഞാൽ ….!!! ഇനിയും ഈ ഒറ്റപ്പെടൽ പേറി ജീവിച്ചിരിക്കില്ല എന്ന അവളുടെ വാക്ക്!!…

അവളെയും തെറ്റ് പറയാൻ തനിക്ക് കഴിയില്ല. ഒരിക്കലും അവൾ എന്നോട് ശാരീരികമായൊരു ബന്ധം ആവശ്യപ്പെട്ടിട്ടില്ല. അവൾക്ക് വേണ്ടത് സ്നേഹത്തോടെ ചേർത്ത് നിർത്തുന്ന ഒരു മനസ്സ് മാത്രമാണ്. ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്ന ഒന്ന്. അത് മാത്രമേ അവളും ആഗ്രഹിച്ചുള്ളൂ.

ആരുടെ വശത്താണ് ഞാൻ നിൽക്കേണ്ടത്?? ആ ഒരു ചോദ്യത്തിന് മാത്രം സംതൃപ്തമായൊരു ഉത്തരം കിട്ടുന്നില്ല.

3 ദിവസത്തിനുള്ളിൽ അവൾക്ക് ഉത്തരം കൊടുക്കണം…. എന്ത് ചെയ്യും എന്ന് ഒരു പിടിയും കിട്ടുന്നില്ല.

കിരണിനെ ചതിക്കാൻ തനിക്ക് കഴിയില്ല, അത് പോലെ തന്നെ അവളെ മരണത്തിന് വിട്ട് കൊടുക്കാനും തനിക്ക് കഴിയില്ല.!..

ഇതിനൊരു ഉത്തരം കണ്ടെത്താൻ കഴിഞ്ഞില്ല എങ്കിൽ അവൾക്ക് ഉത്തരം കൊടുക്കേണ്ട ദിവസം ഞാൻ ജീവനോടെ ഉണ്ടായിരിക്കില്ല…. അങ്ങനെയൊരു ഉറച്ച തീരുമാനം എടുത്ത ശേഷമാണ് ആ രാത്രി അവന്റെ മനസ്സ് ഒന്ന് ശാന്തമായത്.

3 ദിവസങ്ങൾക്ക് ശേഷം!….

ഇന്നാണ് അവൾക്ക് മറുപടി കൊടുക്കേണ്ടത്. മനസ്സ് തീരുമാനം എടുത്തുകഴിഞ്ഞു.!!

അവളെ മരണത്തിന് വിട്ട് കൊടുക്കാൻ എനിക്ക് കഴിയില്ല.!!!

രാവിലെ തന്നെ വെള്ളമുണ്ടും വെള്ള ഷർട്ടും എല്ലാം അണിഞ്ഞ് നവവരനെപോലെ ഞാൻ ഒരുങ്ങി . വിളിച്ച് പറഞ്ഞതനുസരിച്ച് ഞാൻ ചെന്നപ്പോൾ തന്നെ ആ അമ്പലനടയിൽ അവളും എത്തിയിരുന്നു.

സമൂഹം എന്ത് പറയും എന്ന് അവളോ ഞാനോ ആ സമയം ചിന്തിക്കുന്നുണ്ടായിരുന്നില്ല .

ആ അമ്പലനടയിലെ വിഗ്രഹത്തിന് മുന്നിൽ വച്ച് ആ താലി അവൾ എനിക്ക് നേരെ നീട്ടുമ്പോൾ കൈകൾ ചെറുതായി ഒന്ന് വിറച്ചു.

അവളുടെ കയ്യിൽ നിന്ന് താലി ഞാൻ കൈകളിലേക്ക് വാങ്ങി.

പെട്ടെന്നാണ് ഞങ്ങളുടെ പുറകിലായി ഒരു കാർ വന്ന് നിന്നത്. അതിൽ നിന്ന് പുറത്തിറങ്ങിയ ആളെക്കണ്ട അവൾ ഞെട്ടിയിട്ടുണ്ടായിരുന്നു.

കിരൺ!… അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.

എന്നാൽ എന്റെ മുഖത്ത് ഞെട്ടൽ ഇല്ലായിരുന്നു. ഒരു പുഞ്ചിരി മാത്രം.

കാറിൽ നിന്നിറങ്ങി ഞങ്ങൾക്ക് നേരെ നടന്ന് വന്ന അവനെ ഞാൻ എന്നിലേക്ക് ചേർത്ത് നിർത്തി.

മീനയുടെ തല അവന് മുന്നിൽ ഒരു നിമിഷം കുനിഞ്ഞു.

മീന… എന്റെ വിളികേട്ട് അവൾ തലയുയർത്തി നോക്കി.

ഞാൻ പറഞ്ഞിട്ടാണ് കിരൺ ഇവിടെ ഇപ്പോൾ എത്തിയത്. സത്യമാണ് അവനൊരു തെറ്റ് പറ്റി നിന്നെ മനസ്സിലാക്കിയില്ല. കടങ്ങൾക്കും ബാധ്യതകൾക്കും മുന്നിൽ അവൻ നിന്റെ മനസ്സ് തിരിച്ചറിഞ്ഞില്ല. എന്നാൽ നിനക്ക് അറിയാത്ത ഒരു കാര്യമുണ്ട്. ഓരോ ദിവസവും നിന്നോട് വിശേഷങ്ങൾ തിരക്കുന്നതും ,നിനക്ക് വേണ്ടതെല്ലാം ചെയ്ത് തരുന്നതും അവനായിരുന്നു. എന്നെ വിളിക്കുമ്പോൾ എല്ലാം അവൻ പറയുന്നത് നിന്നെ നോക്കിക്കോണം എന്ന് മാത്രമായിരുന്നു. നിന്നെ ഞാൻ കണ്ടത് ഒരു സഹോദരി ആയിട്ടാണ്. മറ്റൊരു തരത്തിൽ നിന്നെ കാണാൻ എനിക്ക് കഴിയില്ല.

ഇവിടെ തെറ്റ് ചെയ്തത് ഒരാൾ അല്ല, നിങ്ങളുടെ വശങ്ങളിൽ നിന്ന് ആലോചിക്കുമ്പോൾ ചെയ്തത് തെറ്റാണെന്ന് പറയാനും കഴിയില്ല.

അത് കൊണ്ട് ഇന്ന് ഇവിടെ വച്ച് നീ ആഗ്രഹിച്ചത് പോലെ ഒരു ജീവിതം നിനക്ക് ലഭിക്കാൻ പോകുകയാണ്.

പുതിയൊരു കിരൺ ആയി , നിന്റെ മനസ്സിനൊത്ത ഭർത്താവായി അവൻ ഇനി നിന്നോടൊപ്പം ഉണ്ടാകും.

ഇന്ന് ഈ അമ്പലനടയിൽ വച്ച് കിരൺ നിന്നെ വീണ്ടും താലിച്ചാർത്താൻ പോകുകയാണ് പുതിയൊരു ജീവിതത്തിനായ് കഴിഞ്ഞുപോയതെല്ലാം രണ്ടുപേരും മറക്കണം.

അതും പറഞ്ഞ് അർജുൻ ആ താലി കിരണിന് നേർക്ക് നീട്ടി.

വീണ്ടും ഒരിക്കൽ കൂടി താലി കഴുത്തിലേറുമ്പോൾ പുതിയൊരു തുടക്കം തന്നെ അവർക്ക് ലഭിക്കുകയായിരുന്നു. അനുഗ്രഹത്തിനായി അർജുന്റെ മുന്നിൽ നിൽക്കുമ്പോൾ തകർന്ന് പോകേണ്ടുന്ന ഒരു ജീവിതം വീണ്ടും ചേർത്ത് വച്ചതിന്റെ സ്നേഹത്തിനെന്നോണം രണ്ട് പേരുടെയും കണ്ണുകൾ ഒരുപോലെ നിറഞ്ഞിരുന്നു…………

രചന: Sarath Lourd Mount

Leave a Reply

Your email address will not be published. Required fields are marked *