രണ്ടാമൻ

രചന : – ആദർശ് മോഹനൻ

“അമ്മേ ഏട്ടനാകെ മാറിപ്പോയല്ലോ വന്നിട്ടിത്ര നാളായി, എന്നിട്ടും സുഖാണോന്ന് ഒരു വാക്ക് പോലും എന്നോട് ചോദിച്ചില്ല. എന്താ പറ്റിയേ അമ്മേ?

ലച്ചുവിന്റെ ആ ചോദ്യം കേട്ടിട്ട് അമ്മ മുഖം തിരിച്ചൊന്നും മിണ്ടാതെ നടന്നു പോയപ്പോഴും എന്റെ മുഖത്തുണർന്നു വന്നത് പുച്ഛഭാവമായിരുന്നു ഞാനും ആ ചോദ്യം കേട്ടില്ലെന്നു തന്നെ നടിച്ചു

വിഷുദിനത്തെ വരവേൽക്കാനുള്ള ആഘോഷത്തിരക്കിലായിരുന്നു എല്ലാവരും. വീട്ടിലേക്കുള്ള സാധന സാമഗ്രഹികൾ വാങ്ങിക്കുവാനായ് കവലിയിലേക്ക് ഞാനിറങ്ങുമ്പോഴും പൊട്ടൻ പാടത്തിലെ പുഞ്ചവയലിന്റെ ഇളം വെയിലിൽ കണ്ടം ഉഴുതുമറിക്കുന്ന തിരക്കിലായിരുന്നു ഏട്ടൻ, പണ്ടും പുഞ്ചവയലിലെ ചീക്കച്ചേറിന്റെ ഗന്ധം ഒരു ഹരമായിരുന്നു ഏട്ടന്. വയൽ വരമ്പു താണ്ടി നടന്നു നീങ്ങുമ്പോൾ ഏട്ടനെ ഞാൻ വിദൂരതയിൽ നിന്നൊന്നു നോക്കി നാൽപ്പത്തഞ്ചാം വയസ്സിലും പതിനഞ്ചുകാരന്റെ ആവേശത്തിൽ കണ്ടം പൂട്ടുന്ന തിരക്കിൽ ഏട്ടനന്നെ തിരിഞ്ഞു നോക്കിയപോലുമില്ല

മറു കാതിലൂടെ കേട്ടു കളഞ്ഞ ലച്ചുവിന്റെ ആ ചോദ്യം എന്നെ അസ്വസ്ഥനാക്കിയിരുന്നു. ഏട്ടന്റെ മൗനം . അതിന് അമ്മ ഉത്തരം നൽകാതിരുന്നത് എന്നോടുള്ള സ്നേഹം കൊണ്ടാണോ? പശ്ചാത്തപിക്കുവാനായി ആത്മാഭിമാനം അനുവദിച്ചിരുന്നില്ല ഒരിക്കൽപ്പോലും

വല്യേട്ടന്റെ പദവി അലങ്കരിക്കുമ്പോഴും ഏട്ടൻ എപ്പോഴും രണ്ടാം സ്ഥാനത്തേക്ക് ഒഴിഞ്ഞു നിന്നിരുന്നു. എന്നെ പ്രസവിക്കും മുൻപേ അച്ഛൻ മരിച്ചു പോയതാണ് . പതിമൂന്നാം വയസ്സിൽ പഠനമുപേക്ഷിച്ച് കുടുംബഭാരമേറിക്കൊണ്ടുള്ള ഓട്ടമായിരുന്നു ഏട്ടൻ പിന്നീടങ്ങോട്ട്. ഒട്ടിയ അരവയറുമായ് ഒരു കുടുoബത്തിന്റെ മൊത്തം മുഴുവയറു നിറക്കാൻ ഏട്ടൻ ഒരുപാട് പങ്കപ്പാട് കഴിച്ചിട്ടുണ്ട്

പലഹാരപ്പൊതിയുമായ് വീട്ടിലേക്ക് കടന്നു വരുമ്പോഴും ആള് വീതം തുല്യ എണ്ണത്തിൽ വാങ്ങിക്കാറുള്ള അപ്പത്തിൽ ഏട്ടന്റെ പാതി എന്റെ കൊതിക്കു വേണ്ടി വഴങ്ങിത്തന്നിരുന്നു, അന്തിക്ക് അത്താഴം വിളമ്പുമ്പോഴും അവസാന കുമ്പിളിലെ വറ്റില്ലാത്ത കഞ്ഞി വെള്ളം പാതിയേ കുടിക്കാറുള്ളൂ ഏട്ടൻ

വർഷത്തിലൊരിക്കൽ ഓണത്തിന് കോടിയെടുക്കുമ്പോൾ എനിക്കും ലച്ചുവിനും തിളങ്ങുന്ന വില കൂടിയ വസ്ത്രങ്ങൾ വാങ്ങിക്കുമ്പോൾ ഏട്ടൻ വില കുറഞ്ഞ ഒരു ഒറ്റമുണ്ടു മാത്രമേ വാങ്ങിക്കാറുള്ളൂ അന്നും മുകളിൽ ഏട്ടൻ ധരിച്ചിരുന്നത് വാഴക്കറപ്പതിഞ്ഞ കീറിയ കയ്യില്ലാത്ത ബനിയനായിരുന്നു

അടച്ചുറപ്പില്ലാത്ത ആ പഴയ മൺവീടിനു മുൻപിൽ കാവലിരുന്ന് ഉറക്കമില്ലാത്ത ഒരുപാട് രാവുകൾ തള്ളി നീക്കിയിരുന്നു ഏട്ടൻ, കോടമഞ്ഞിന്റെ കുളിരിലും കോരിത്തരിച്ച് കുത്തിപ്പെയ്തിരുന്ന മഴയിലും ഏട്ടൻ വിറക്കാറില്ല കാരണം നെഞ്ചിൽ എരിയുന്ന കനലിന്റെ ചൂടു കാഞ്ഞാണ് കിടക്കാറ്

ഒരു നോക്കു കൊണ്ടോ വാക്കു കൊണ്ടോ ഒരിക്കൽപ്പോലും വേദനിപ്പിച്ചിട്ടില്ല ഞങ്ങളെയദ്ദേഹം, ഒരു കുറവും അറിയിക്കാതെ ഞങ്ങളെ വളർത്തി വലുതാക്കി, ഒന്നുമല്ലാത്ത എന്നെ പഠിപ്പിച്ച് എൻജിനിയറാക്കി, എന്നേക്കാൾ രണ്ടു വയസ്സിന് മൂത്ത ലച്ചുവിനെ കെട്ടിച്ചയക്കുമ്പോഴും സ്വന്തമായൊരു ജീവിതം എന്ന ചിന്തയെ പാടെ മറന്നുകളഞ്ഞതാണ് ഏട്ടൻ

തന്റെ അദ്ധ്വാനത്തിൽ നിന്നുതിർന്ന വിയർപ്പിന്റെ ഫലത്തിന്റെ മുക്കാൽ ഭാഗവും ഞങ്ങൾ മൂന്നുപേർക്കും വേണ്ടി മാത്രമാണ് ഏട്ടൻ മാറ്റിവെച്ചത് . ലച്ചുവിന്റെ വിവാഹം കടങ്ങളില്ലാതെത്തന്നെ ഏട്ടൻ നടത്തി, അപ്പോഴും വിവാഹപ്പന്തലിൽ അളിയൻ ചെയ്യേണ്ട കർമ്മങ്ങൾ എനിക്കു വിട്ടു തന്നു കൊണ്ട് ഏട്ടൻ ഒഴിഞ്ഞു നിന്നിരുന്നു, ചോദിച്ചപ്പോൾ അത് ചെയ്യാൻ ഏട്ടനേക്കാൾ യോഗ്യൻ ഞാൻ ആണെന്നു പറഞ്ഞ് ഏട്ടൻ ഒഴിഞ്ഞുമാറി

കുടുംബഭാരത്തിന്റെ കനം പാടെ കുറഞ്ഞപ്പോഴാണ് ഏട്ടൻ എനിക്കു വേണ്ടി വഴി മാറിയത്, എങ്കിലും ഏട്ടന്റെ സംരക്ഷണം നൽകിയ സുരക്ഷിതത്വം മാത്രമാണ് ജീവിതത്തിലുടനീളം എനിക്ക് പ്രചോദനമായത്, പിന്നീട് തീരുമാനങ്ങളെല്ലാം എനിക്ക് വിട്ടു നൽകുകയായിരുന്നു എട്ടൻ. പതിയെപ്പതിയെ ഏട്ടന്റെ വാക്കുകളെ ധിക്കക്കരിക്കുവാനും തന്നിഷ്ടത്തിന് പെരുമാറുവാനും തുടങ്ങി. പിന്നീടങ്ങോട്ട് ഏട്ടൻ ഉമ്മറത്തെ ചാരിക്കസേരയിലെ ഉരിയാടാനാകാത്ത അനങ്ങാ പ്രതിമയായി മാറുകയായിരുന്നു

എന്റെ വിവാഹദിനത്തിൽ അമ്മയുടെ അനുഗ്രഹം വാങ്ങിയതിനു ശേഷം അനുഗ്രഹം വാങ്ങിക്കുവാനായി ഏട്ടനെ ഞാൻ തിരഞ്ഞു. അപ്പോഴും കല്യാണപ്പന്തലിലെ കലവറയ്ക്കുള്ളിലിരുന്നു പപ്പടം വറുത്തു കൊണ്ടിരിക്കുകയായിരുന്നു ഏട്ടൻ. ഒരു വാക്കു കൊണ്ട് പോലും നോവിക്കാത്ത ഏട്ടനെ എന്റെ പ്രിയതമയുടെ മുൻപിൽ വച്ച് തന്നെ ഒരുപാട് ശകാരിച്ചിട്ടുണ്ട്

അന്നും ഒന്നും ഉരിയാടാതെ ഏട്ടൻ തല കുനിച്ച് നിൽക്കും വേദന അടക്കിപ്പിടിച്ചു കൊണ്ട് എന്റെ മുഖത്ത് നോക്കി പുഞ്ചിരിക്കും അന്നൊക്കെ എന്റെ നാവിൽ പൊഴിഞ്ഞത് അറം പറ്റിയ ആ വാചകങ്ങളായിരുന്നു ഏട്ടന്റെ മുഖത്ത് നോക്കി പലപ്പോഴും പറഞ്ഞിട്ടുണ്ട് ഞാനത്

‘എന്റെ വിധി’ അപ്പോഴും ഏട്ടൻ ഇല്ലാതിരുന്നെങ്കിൽ എന്തായിരിക്കും എന്റെ വിധി എന്നു ഞാനോർത്തില്ല.

ഏട്ടന്റെ ഈ അവസ്ഥയ്ക്ക് കാരണക്കാരൻ ഞാൻ മാത്രമാണ് അമ്മയോട് പോലും ഏട്ടൻ വല്ലപ്പോഴുമേ സംസാരിക്കാറുള്ളൂ.

എന്റെ അച്ചിവീട്ടിലെ അളിയന്റെ മോന്റെ നൂലുകെട്ടിന് മുറുക്കിച്ചുവപ്പിച്ച ചുണ്ടുമായ് ഏട്ടൻ വന്നത് എനിക്കൊരു കുറച്ചിലായ് തോന്നി . ആ മുഖത്തു നോക്കി ഒരുപാട് ശകാരിക്കേണ്ടി വന്നുയെനിക്ക്

ഒരു നിമിഷത്തെ ആത്മാഭിമാനത്തിനേറ്റ വിള്ളലിൽ എന്റെ ദൂതകാലസ്മരണയെ മനപ്പൂർവ്വം മറക്കുകയായിരുന്നു ഞാൻ. അതിനു ശേഷം ഇന്നേവരെ ഏട്ടൻ എന്റെ മുഖത്ത് പോലും നോക്കിയിട്ടില്ല എന്റെ പ്രതികരണവും അങ്ങനെത്തന്നെയായിരുന്നു.

ഉറക്കമില്ലാത്ത രാത്രികളിൽ ഒരുപാട് തവണ ഞാനേട്ടന്റെ മുറിയുടെ പടിക്കൽ വന്നു നിന്നിട്ടുണ്ട്. തെറ്റുകൾ പറഞ്ഞു ആ കാലു തൊട്ടൊന്നു വന്ദിക്കാനായ്, എങ്കിലും എന്റെ ആത്മാഭിമാനം തീർത്ത കവചം ആ പടിയിൽ നിന്നുമെന്നെ തിരിച്ചു വലിക്കുകയായിരുന്നു

അമ്മയ്ക്കും ഭാര്യയ്ക്കുമുള്ള വിഷുക്കോടിയുമായി ഞാൻ വീട്ടിലേക്ക് തിരിച്ചു, കണിയൊരുക്കുവാനുള്ള കൊന്ന പൊട്ടിക്കുന്ന തിരക്കിലായിരുന്നു ഏട്ടൻ. ഞാനൊന്നും മിണ്ടാതെ ഉള്ളിലേക്ക് പോയി . ഭാര്യക്കുള്ള സാരി അവളെയുമേൽപ്പിച്ച് അമ്മയുടെ അരികിലേക്ക് നടന്നു

അമ്മയുടെ മുഖത്തെ വീർമ്മത എന്നെ മുൻപത്തേക്കാൾ അസ്വസ്ഥനാക്കിയിരുന്നു അമ്മ എന്നോട് ചോദിച്ചു ഏട്ടനൊന്നും വാങ്ങിയില്ലേയെടായെന്നു . മുഖം തിരിച്ചു നടക്കുന്നതിനിടയിൽ കണ്ണുനീർ പതിച്ച കവിളിണകളെ തലോടിക്കൊണ്ട് വിഷമത്തോടെ അമ്മയെന്നെ ഒന്നു ശകാരിച്ചു

” ഉണ്ണീ, നിന്നെ പ്രസവിച്ചു കിടക്കുമ്പേഴും ഏട്ടനന്ന് പൊട്ടൻ പാടത്ത് കടക്കണ്ണൻ ചുമന്നിട്ടാ ആശുപത്രിയിലെ പൈസക്കുള്ള വകയുണ്ടാക്കിയത് ആ തഴമ്പ് ഇപ്പോഴും അവന്റെ ചുമലിൽ കരിവാളിച്ചു കിടപ്പുണ്ട് ആ കൈകളാണ് നിന്നെ ആദ്യമായി ഏറ്റുവാങ്ങിയത് , അവന്റെ വിയർപ്പുതുള്ളിയുടെ ഫലമാണ് ഇന്നു നിന്റെ നട്ടെല്ലിനുള്ള ഇപ്പോഴത്തെ ഉറപ്പ്, ആ മനസ്സിനെ നോവിച്ചാൽ അതിന്റെ ശാപം തല്ലിക്കളഞ്ഞാൽ പോവില്ല”

ഒന്നും ഉരിയാടാതെ ഞാൻ ഉമ്മറത്തേക്ക് പോയി അമ്മയുടെ ആ വാക്കുകൾ എന്റെ മസ്തിഷ്കത്തിനു ചുറ്റും വലയം വെച്ചു കൊണ്ടിരുന്നു, അളവില്ലാത്ത കുറ്റബോധം എന്റെ മനസ്സിനെ ആഴത്തിൽ മുറിവേൽപ്പിച്ചിരുന്നു

വൈകുന്നേരം ഊണുമേശയിൽ ഭക്ഷണം കഴിക്കുവാനായി അമ്മാവനും അളിയനും ഒപ്പം ഞാനും നിരന്നിരുന്നു ആദ്യത്തെ ഉരുള തന്നെ എന്റെ തൊണ്ടയിൽ കുടുങ്ങി. അപ്പോഴും ഏട്ടൻ അടുക്കളത്തിണ്ണയിലിരുന്നു അമ്മയ്ക്ക്ചോറുവാരിക്കൊടുക്കുന്നുണ്ടായിരുന്നു. ഓരോ ഉരുളയും കഴിച്ചിറക്കുമ്പോൾ അമ്മയുടെ കണ്ണുനീർ താടിയോട് ചേർത്തു പിടിച്ച ആ ഭക്ഷണപ്പാത്രത്തിലേക്ക് ഒലിച്ചിറങ്ങുന്ന പോലെയെനിക്ക് തോന്നി

ആ രാത്രിയിൽ എനിക്കുറങ്ങാൻ കഴിഞ്ഞില്ല അമ്മയുടെ ശകാരവാക്കുകൾ എന്റെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു മനസ്സിൽ നിറഞ്ഞ കുറ്റബോധത്താൽ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുവാൻ തുടങ്ങി

ഞാൻ പതിയേ ഏട്ടന്റെ മുറിയിലേക്ക് കടന്നു ചെന്നു ആ കാലു തൊട്ട് മാപ്പു പറയാൻ പോലും അർഹതയില്ലാത്ത ഞാൻ ആ പാദങ്ങളെ നെഞ്ചോട് ചേർത്ത് പൊട്ടിക്കരഞ്ഞു എന്റെ കണ്ണീരിനാൽ ഏട്ടന്റെ കാലുകളെ അഭിഷേകം ചെയ്തു. കിടക്കപ്പായയിൽ നിന്നും നിവർന്നെണീറ്റ ഏട്ടൻ എന്നെ മെല്ലെ എഴുന്നേൽപ്പിച്ചു എന്റെ മൂർദ്ധാവിൽ മെല്ലെയൊന്നു തലോടി എന്നിട്ടെന്നോടായ് പറഞ്ഞു

” എന്താ ഉണ്ണ്യേ ഇത് വീട്ടിലെ ഗ്രഹന്നാഥൻ കരയേ? മോശാണ് ട്ടോ ”

എനിക്ക് സങ്കടം അടക്കിപ്പിടിക്കാൻ കഴിഞ്ഞില്ല പൊട്ടിക്കരഞ്ഞുകൊണ്ട് ഏട്ടന്റെ നരവീണ നെഞ്ചിലെ രോമക്കൂട്ടിലേക്ക് മുഖം പൊത്തിവെച്ച് ഞാൻ പറഞ്ഞു

” ഈ പാപി ഒരിക്കലും ഗുണം പിടിക്കില്ല ഏട്ടാ, എനിക്ക് നരകമേകിട്ടൂ, ഏട്ടനെ അത്രമാത്രം വിഷമിപ്പിച്ചിട്ടുണ്ട് ഞാൻ, എന്നെ മനസ്സറിഞ്ഞൊന്ന് ശപിക്കാമോ ഏട്ടാ എങ്കിലെ എന്റെ മനസ്സിനൊരു ശാന്തി കിട്ടൂ ”

നേർത്ത ചുളുവു വീണ കരങ്ങൾ കൊണ്ട് ഏട്ടൻ എന്റെ മുഖം മെല്ലെ ഉയർത്തി കുപ്പിനിന്ന എന്റെ കൈകളെ ഏട്ടന്റെയാ പരുക്കൻ കൈകൾ കൊണ്ട് കൂട്ടിപ്പിടിച്ചെന്നോടായ് പറഞ്ഞു

“എന്താ ഉണ്ണീ ഈ പറേണേ, ശപിക്ക്യേ, നല്ല കഥയായി ന്റെ കള്ള കൃഷ്ണനേക്കാൾ ഇഷ്ടാ എനിക്കെന്റെ ഉണ്ണിനെ .. ഏട്ടന്റെ വിഷുക്കണി ഇന്ന് നീയാണ്, ഈ ഏട്ടന് ഇതിൽപ്പരം സന്തോഷം വേറെന്താ ഉള്ളേ? ഇങ്ങനെ വിഷമിക്കാൻ മാത്രം എന്താ ഇവിടെ ഇണ്ടായേ?

വല്യ കെട്ടിടങ്ങളൊക്കെ പണിയുന്ന ഇഞ്ചിനീയറിന്റെ മനസ്സിന് ഇത്ര ഉറപ്പേ ഉള്ളൂ അല്ലേ? ന്റെ വിവരക്കേടിനെ ഗുണദോഷിക്കാൻ വേറെ ആരാ ഉള്ളേ ഈ ഏട്ടന്, ഏട്ടൻ കൂടുതലൊന്നും സംസാരിക്കാത്തത് വേറൊന്നും കൊണ്ടല്ലാട്ടോ, ന്റെ പൊട്ടത്തരത്തിനെന്തേലും പറഞ്ഞ് ന്റെ ഉണ്ണീടെ മനസ്സ് വേദനിപ്പിക്കണ്ടാന്ന് വച്ചിട്ടാ, ആല്ലാണ്ട് ഈ ഏട്ടന് നിന്നെ വെറുക്കാൻ കഴിയോ? എന്നും ന്റെ ഉണ്ണിക്ക് നല്ലത് വരുത്തണേന്നാ പ്രാർത്ഥന, മരിക്കണവരെ അത് അങ്ങനെയേ ഉണ്ടാകൂ”

പാതി ആത്മസംപ്തൃപ്തിയിൽ ഞാനാ മുറി വിട്ട് പുറത്തേക്കിറങ്ങി ഏട്ടനുറങ്ങിക്കഴിഞ്ഞെന്ന് ഉറപ്പു വരുത്തിയതിനു ശേഷം വീണ്ടും ഞാനാ മുറിയിലേക്ക് കടന്നു ചെന്നു ചുവരിലെ തുരുമ്പിച്ച ആണിയിൽ തൂക്കിയിട്ട ഏട്ടന്റെ മുഷിഞ്ഞ കള്ളി ഷർട്ടിന്റെ പോക്കറ്റിലേക്ക് പഴയ ആ പത്തുവയസ്സുകാരന്റെ ലാഘവത്തിൽ കൈയ്യിട്ട് നോക്കി അതിനുള്ളിൽ വിയർപ്പിൽ കുതിർന്ന ഒരു പത്തിന്റെ നോട്ടുണ്ടായിരുന്നു

കാൽക്കാശിന് ഗതിയില്ലാതെ നടക്കുമ്പോഴും ഏട്ടൻ എന്നോട് പത്തിന്റെ പൈസ പോലും ചോദിച്ചിട്ടില്ല ആ കുതിർന്ന പത്തിന്റെ നോട്ടിനൊപ്പം ഞാൻ അഞ്ഞൂറിന്റെ നാല് പച്ചനോട്ടുകൾ കുത്തിത്തിരുകി വെച്ചു

പിറ്റേന്ന് നേരം പുലർന്നപ്പോൾ തന്നെ ഞാനെണീറ്റു . കുളി കഴിഞ്ഞു വിഷുക്കോടിയുo ഉടുത്ത് ഓരോരുത്തർക്കായി കൈനീട്ടം കൊടുത്തു അവസാനം അമ്മയ്ക്കുള്ള കൈനീട്ടവുമായി ഞാൻ അടുക്കളയിലേക്ക് പോയി അപ്പോഴും ചുവരിൽ തൂക്കിയിട്ട തട്ടിനുള്ളിലെ അമ്മയുടെ ജീരക ഭരണിയ്ക്കുള്ളിൽ ഞാനിന്നലെ എട്ടന്റെ പോക്കറ്റിൽ തിരുകിയ പച്ചനോട്ടിലെ കണ്ണടവെച്ച ഗാന്ധിജി എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു

അമ്മയ്ക്ക് കൈനീട്ടം കൊടുത്തിട്ട് ഞാൻ ഉമ്മറത്തിണ്ണയിൽ പത്രം വായിക്കുവാനായി വന്നിരുന്നു. ആ മുഷിഞ്ഞ കള്ളി ഷർട്ടിന്റെ കയ്യും മടക്കിക്കൊണ്ട് ഏട്ടൻ മുറിയിൽ നിന്നും എന്റെ അരികിലേക്ക് നടന്നു വന്നു . ഏട്ടന്റെ പോക്കറ്റിൽ ആകെയുണ്ടായിരുന്ന ആ കറപുരണ്ട പത്തിന്റെ നോട്ട് എനിക്കു നേരേ നീട്ടി കൈ നീട്ടമായി, എന്നിട്ടെന്റെ മുഖത്തേക്ക് നോക്കിയൊന്നു പുഞ്ചിരിച്ചു, അപ്പോഴും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു

മുണ്ടും മടക്കിയുടുത്ത് നാലും കൂട്ടിമുറുക്കി ഉമ്മറത്തു കിടന്ന പാതി തേഞ്ഞ ലൂണാറിന്റെ ചെരുപ്പുമിട്ട് ഏട്ടൻ ആ മൺ വഴിയിലേക്ക് നടന്നു നീങ്ങി ആത്മാഭിമാനം ദൈവത്തിനു മുൻപിൽ പോലും അടിയറ വെക്കാത്ത ആ മനുഷ്യനെ കണ്ണിമവെട്ടാതെ അഭിമാനത്തോടെ തന്നെ നോക്കി നിന്നു കാരണം, ആ പോകുന്നത് എന്റെ ഏട്ടനാണ് എന്റെ വീടിന്റെ പുണ്യവിളക്ക്

രചന : – ആദർശ് മോഹനൻ

Leave a Reply

Your email address will not be published. Required fields are marked *