രാത്രി വൈകി വീട്ടിലേക്കു പോകും വഴിയാണ് അപകടത്തിൽപ്പെട്ട ഒരു കാറും സ്കൂട്ടറും ശ്രദ്ധയിൽ പെട്ടത്…

രചന : – അമ്മു..

വേണ്ട…. ലക്ഷണം കണ്ടിട്ട് ആളുകൾ തീർന്നിട്ടുണ്ടാവും… അല്ലേ…. തന്നെ സമയം ശരിയല്ല… ഒടുക്കം കുരുക്കാവും.

ഞാൻ വീണ്ടും മുന്നോട്ടു നീങ്ങി… എന്തോ മനസിലൊരു വിങ്ങൽ… ഒരു തരം കുറ്റബോധം തിരിച്ചു പോയി നോക്കിയാലോ…

വേണ്ട… അടുത്തെങ്ങും ആരുമില്ല… സ്വാർത്ഥത എന്നെ പിന്നോട്ട് വലിച്ചു… വീണ്ടും ഞാൻ മുന്നോട്ടു നീങ്ങി. റോഡിൽ ആരോ തന്റെ വണ്ടിക്കു കൈ നീട്ടുന്നു വണ്ടി സ്ലോ ചെയ്തു നോക്കിയപ്പോൾ…

അല്ല ഇത് അമ്മുവാണല്ലോ… ? ഞാൻ വണ്ടി നിർത്തി പുറത്തിറങ്ങി.

എന്താ അമ്മു നീ ഈ നേരത്ത് ഇവിടെ… ? ഞാൻ ഒരു പ്രോഗ്രം കഴിഞ്ഞു വരുന്ന വഴിയാ രഞ്ജൻ… ഇറങ്ങിയപ്പോ ലേറ്റ് ആയി… ഇവിടെത്തിയപ്പോ സ്കൂട്ടറും പണി മുടക്കി.

ആരെയെങ്കിലും വിളിക്കാമെന്ന് വച്ചപ്പോൾ ഫോണും ഓഫ്‌. പേടിച്ചു നിൽക്കുമ്പോഴാ നിന്റെ വരവ്. ഇപ്പോഴാ ശ്വാസം നേരെ വീണത്.

നീ കയറു ഞാൻ വീട്ടിൽ ആക്കാം…

അമ്മു തനിക്കൊപ്പം വണ്ടിയിൽ കയറിയപ്പോൾ ഓർമ്മകൾ പിന്നോട്ട് പാഞ്ഞു. കോളേജിൽ തന്റെ ജൂനിയർ ആയിരുന്നു അമ്മു. ഒരുപാട് സംസാരിക്കുന്ന ഒരു വായാടി പെണ്ണ്. ഇടക്കെപ്പോഴോ അവളോടുള്ള സൗഹൃദം പ്രണയത്തിനു വഴി മാറി. പരസ്പരം പറഞ്ഞില്ലെങ്കിലും അവൾക്കും ഒരിഷ്ടം ഉണ്ടായിരുന്നിരുന്നില്ലേ… ?

കലാലയ ജീവിതം കഴിഞ്ഞു പല വഴിക്കു പിരിഞ്ഞെങ്കിലും ആ ഇഷ്ടം വളർന്നു കൊണ്ടേ ഇരുന്നു. പലപ്പോഴും അവൾക്കു പിന്നാലെ ഉണ്ടായിരുന്നു അവളറിയാതെ…

രഞ്ജൻ എന്താ ആലോചിക്കുന്നത്… ? നമുക്ക് പോവണ്ടേ… ? അവളുടെ ചോദ്യമാണ് എന്നെ ചിന്തയിൽ നിന്നുണർത്തിയത്…. ഞാനെന്തോ ഓർത്തു പോയി…

അല്ല ഈ നേരത്ത് തനിച്ചു… നിനക്കെന്താരുന്നു പ്രോഗ്രാം… ?

ഒരു ഫ്രണ്ടിന്റെ കല്യാണാരുന്നു… അവിടുന്ന് ഇറങ്ങിയപ്പോ ലേറ്റ് ആയി…

ഈ നേരത്ത് തനിച്ചുള്ള യാത്ര ഒഴിവാക്കണംട്ടോ.

ഉം…തനിച്ചയാലെന്താ…? നിന്നെ പോലെ നല്ല മനസ്സുള്ളോർ ഏതാപത്തിലും സഹായിക്കാൻ ഉണ്ടാവുമെന്നേ… പിന്നെന്തിനു പേടിക്കണം….

അവളതു പറഞ്ഞപ്പോൾ ഉള്ളൊന്നു പിടഞ്ഞു… വഴിയരികിലെ ആ അപകടം താൻ കണ്ടില്ലെന്നു നടിച്ചു. ഞാനൊന്നു സഹായിച്ചിരുന്നെങ്കിൽ ചിലപ്പോൾ…

എന്താ രഞ്ജൻ… കുറെ നേരായല്ലോ ആലോചന…. നീയീ ലോകത്തൊന്നുമല്ലേ…. ?

ഹേയ് ഒന്നൂല്ല ഞാൻ വെറുതേ…

അമ്മു…. ഞാനൊരു കാര്യം പറയട്ടെ… ?എന്താ രഞ്ജൻ… ?

അത്…. വർഷങ്ങളായി തുറന്നു പറയാതെ ഉള്ളിൽ കൊണ്ട് നടക്കുന്ന ഒരിഷ്ടമുണ്ട് നിന്നോടെനിക്ക്….

രഞ്ജൻ…..

നീയിപ്പോൾ മറുപടി തരണമെന്നില്ല. ആലോചിച്ചു പറഞ്ഞാൽ മതി.

രഞ്ജൻ….

ഞാൻ അവളുടെ കണ്ണുകളിലേക്കു നോക്കി…

രഞ്ജൻ നീയിതു പറയാൻ കാത്തിരിക്കുകയായിരുന്നു ഞാൻ. ഇതിപ്പോ ഒരുപാട് വൈകി. രഞ്ജൻ ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. ഒരുപക്ഷെ നീയെന്നെ സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ.

അവളെന്റെ ഇടം കയ്യിൽ മുറുക്കി പിടിച്ചു നെഞ്ചോടു ചേർത്തു…. പ്രണയത്തിന്റെ തണുപ്പ്…. സത്യം രഞ്ജൻ ഞാൻ നിന്നെ ഒരുപാട്….

അമ്മു….. ഞാനവളുടെ മുഖം പതിയെ ഉയർത്തി നെറ്റിയിൽ ചുംബിച്ചു…. സന്തോഷം കൊണ്ടാവാം ആ കണ്ണുകൾ നനഞ്ഞിരുന്നു.

ഞാൻ വരാം വീട്ടിൽ വന്നു നിന്റെ അച്ഛനോട് സംസാരിക്കാം. ഇനിയും കാത്തിരിക്കാൻ വയ്യ…. എന്നും നീ ഒപ്പമുണ്ടാവണം…. പാതിരാക്കു പഞ്ചാരയടിക്കാതെ വണ്ടിയെടുക്കു ചെക്കാ…. വീട്ടിലുള്ളോർ പേടിക്കും. ഒരുപാട് ലേറ്റ് ആയി. ഇതും പറഞ്ഞു അവൾ കവിളിൽ നുള്ളിയപ്പോഴാണ് എനിക്ക് സ്ഥലകാല ബോധം വന്നത്.

ഈശ്വരാ പാതിരാക്കു നടു റോഡിൽ പ്രണയിക്കുന്നു… പൈങ്കിളി ആയി പോയോടി ഞാൻ…. ?

പ്രണയം എന്നും പൈങ്കിളിയാണ് രഞ്ജൻ…. പ്രണയം മാത്രമല്ല യഥാർത്ഥ ജീവിതം എന്നും ഒരു പൈങ്കിളി കഥയാണ്….

അവളെ വീടിനു മുന്നിൽ ഇറക്കി തിരിച്ചു പോരാൻ ഒരുങ്ങുമ്പോൾ അവളുടെ ഇരു കൈകളും ഞാൻ ചേർത്തു പിടിച്ചു. ഞാൻ നാളെ തന്നെ വരാമെടി.. ഒരുപാട് സ്വപ്‌നങ്ങൾ നമുക്കൊരുമിച്ചു മെനയനം….

യാത്ര പറഞ്ഞു പോന്നിട്ടും മനസു നിറയെ അവളായിരുന്നു… വീട്ടിൽ വന്നു കിടന്നിട്ടും ഉറക്കം വരുന്നില്ല… മനസ്സിൽ പ്രണയം നിറഞ്ഞു തുളുമ്പുന്നു… ഒപ്പം അവളുടെ ചിരിക്കുന്ന മുഖവും…. ഇത്ര കാലം മനസ്സിലൊളിപ്പിച്ച പ്രണയം ഇന്നു പൂവിട്ടിരിക്കുന്നു…. സ്വപ്‌നങ്ങൾ കണ്ട് എപ്പോഴോ ഉറങ്ങി….

രാവിലെ എണീറ്റത് തന്നെ അമ്മുവിന്റെ അച്ഛനെ കണ്ട് വിവാഹക്കാര്യം സംസാരിക്കുക എന്ന ലക്ഷ്യത്തോടെയാണ്.

ചെന്നു കയറുമ്പോൾ അവിടാകെ ആൾക്കൂട്ടം… ഒന്നും മനസിലാകാതെ ഞാൻ അകത്തേക്ക് പതിയെ നടന്നു….

ഇന്നലെ രാത്രി ഏതോ വണ്ടി വന്നു അമ്മുന്റെ സ്കൂട്ടറിൽ ഇടിച്ചതാണത്രേ… വഴിയരികിൽ ആരും തിരിഞ്ഞു നോക്കാതെ ഒരുപാട് നേരം കിടന്നുന്ന് …. ആരോ പോലീസിൽ അറിയിച്ചു അവരെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു…..

കൂടി നിന്നവരിൽ ആരോ പറയുന്നത് അവ്യക്തമായി കേട്ടു….. ബോധം മറയുംപോലെ…. അപ്പൊ ഇന്നലെ രാത്രി ഞാൻ കണ്ട അപകടം….

അതെന്റെ അമ്മു…..

അവളെ കണ്ടതും സംസാരിച്ചതും എന്റെ തോന്നലോ…. അതോ…..

ഒന്നു സഹായിക്കാൻ മനസു വച്ചിരുന്നെങ്കിൽ എനിക്കവളെ….. അവളെ മാത്രമല്ല മറ്റു രണ്ടും ജീവനും കൂടി…..

ഞാനാണ് കുറ്റക്കാരൻ….. ഞാൻ…

“” രഞ്ജൻ നിന്നെ പോലെ ഏതു സമയത്തും സഹായിക്കാൻ മനസ്സുള്ളോർ ഉണ്ടാവുമല്ലോ……. “”

ഉള്ളിലിരുന്നു അവൾ പറയും പോലെ……

😍😍😍

രചന : – അമ്മു..

😍😍😍

Leave a Reply

Your email address will not be published. Required fields are marked *