അവളുടെ തോളിൽ ആരുടെയോ കൈകൾ അമർന്നു, തിരിഞ്ഞു നോക്കാൻ ശ്രമിക്കുന്നതിന് മുന്നേ അവൻ അവളെ അവന്റെ നെഞ്ചോട് ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു…

രചന: ശിൽപ്പ ലിന്റോ

ഈ പ്രണയത്തിന് കണ്ണും മൂക്കുമൊന്നുമില്ലെന്ന് പറയുന്നത് സത്യമാണ്.. അതിന് ഏറ്റവും വലിയ ഉദാഹരണം ഈ ഞാൻ തന്നെ അല്ലേ..

ഓഹ് മറന്നു എന്നെ പരിചയപെടുത്തിയില്ലല്ലോ ഞാൻ ധൃഷ്ടി മാധവ് എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസമാണിന്ന്..

ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവരെ ആരെങ്കിലും പ്രേമിക്കുമോ…?? ആർക്ക് അറിയാം, എന്തായാലും ഞാൻ അങ്ങനെ ഒരു കടുങ്കൈ അങ്ങ് ചെയ്തു, ഇത് കൊണ്ടാണ് ഞാൻ തുടക്കത്തിൽ തന്നെ പറഞ്ഞത് പ്രേമത്തിന് കണ്ണും മൂക്കും ഒന്നുമില്ലന്ന്…

നീണ്ട ആറു മാസങ്ങൾക്ക് ശേഷം ഞങ്ങൾ ആദ്യമായി നേരിൽ കാണാൻ പോവുകയാണ്.. സന്തോഷവും ടെൻഷനും ഒരേ പോലെ എന്നെ കൊന്ന് കൊലവിളിക്കുന്ന ഒരു ഫീലിംഗ്… ഇത് വരെ കക്ഷിയുടെ ഒരു ഫോട്ടോ പോലും ഞാൻ കണ്ടിട്ടില്ല എന്നു കേൾക്കുമ്പോൾ നിങ്ങൾക്ക് തോന്നും എന്റെ തലയിൽ നെല്ലിക്ക തളം വെക്കേണ്ട സമയം ആയി കാണുമെന്ന്….. പക്ഷേ ആത്മാർത്ഥമായി ഒരാളെ സ്നേഹിക്കുക ആണെങ്കിൽ അവിടെ ഒരിക്കലും മുഖത്തിന് ഒരു പ്രസക്തിയില്ലല്ലോ…

അല്ലേലും ഈ സ്നേഹിക്കാനും, സ്നേഹിക്കപ്പെടാനും ആരാണ് ആഗ്രഹിക്കാത്തത്… ഒരിക്കൽ എങ്കിലും പ്രണയിക്കാത്ത ആരെങ്കിലും ഉണ്ടാകുമോ ഈ ലോകത്ത്… എല്ലാവരെയും പോലെ എനിക്കും ഉണ്ടായിരുന്നു ഒരു പ്രണയം ആദ്യമായി തോന്നിയൊരിഷ്ടം… കേട്ടിട്ടില്ലേ ഈ ലവ് അറ്റ് ഫസ്റ്റ് sight എന്നൊക്കെ അത് പോലെയൊരു ഇഷ്ടം.. പക്ഷെ എന്ത് ചെയ്യാനാ..

പരസ്പരം കൈ മാറിയിരുന്ന പുഞ്ചിരികൾക്കും, നോട്ടങ്ങൾക്കും അപ്പുറം ഒരു ലോകം സൃഷ്ടിക്കാനുള്ള ധൈര്യം അന്ന് ഞങ്ങൾക്ക് രണ്ടിനും ഉണ്ടായില്ല…

എന്തിന് ഏറെ പറയുന്നു അവന് എന്നോട് വല്ല ഇഷ്ടം ഉണ്ടായിരുന്നോ എന്ന് പോലും എനിക്ക് അറിയില്ല… ഉണ്ടാകുമായിരിക്കും അത് കൊണ്ട് അല്ലേ എന്നെ നോക്കാറുണ്ടായിരുന്നതും, എന്നെ നോക്കി പുഞ്ചിരിക്കാറുണ്ടായിരുന്നതും… അല്ലെങ്കിലും ഈ ഫസ്റ്റ് ലവ് ഒന്നും ആർക്കും അങ്ങനെ സക്‌സെസ്സ് ആവാറില്ലല്ലോ എന്ന് ഒക്കെയും കരുതി ഞാൻ സ്വയം അങ്ങ് സമാധാനിക്കാൻ ശ്രമിച്ചു… പിന്നെ എന്റെ കാര്യത്തിൽ ഫസ്റ്റ് ലവ് മാത്രമല്ല one സൈഡ് ലവ് കൂടി ആയിരുന്നു… അപ്പോൾ പിന്നെ പറയുകയും വേണ്ടല്ലോ, പക്ഷേ ഒരേ സമയം ഒരു സുഖമുള്ള നോവായും, ഓർമയായും മരിക്കുവോളം ആ ഇഷ്ടം ഇങ്ങനെ ഉള്ളിൽ നിറഞ്ഞു നിൽക്കും… അപ്പോഴാണ് എന്റെ കഥയിൽ ഞാൻ പോലുമറിയാതെ ഒരു ട്വിസ്റ്റ്‌ ഇട്ട് കൊണ്ട് ഈ കക്ഷിയുടെ കടന്ന് വരവ്, ഓൺലൈൻ ബന്ധങ്ങളിൽ നിന്നാണെല്ലോ ഇപ്പോൾ കൂടുതൽ സൗഹൃദങ്ങളും തുടങ്ങുന്നത്… അത് പോലെ ഒരു സൗഹൃദം ആണ് പ്രതീക്ഷിച്ചത്…

പക്ഷേ എപ്പോഴോ അവൻ അപരിചിതനിൽ നിന്ന് സുഹൃത്ത് ആയി പിന്നെ ഞാൻ പോലും അറിയാതെ എന്റെ മനസ്സിലേക്കും കക്ഷി അങ്ങ് ഇടിച്ചു കയറി… അപ്പോഴും എന്റെ പ്രണയം വ്യത്യസ്തമാണ് കാരണം, ഫിൽറ്റർ ഇട്ട ഫോട്ടോയെ സ്നേഹിക്കണ്ട എന്ന തീരുമാനം എടുത്തത് കൊണ്ട് തന്നെ ഞാൻ ഭ്രാന്തമായി പ്രണയിച്ചു തുടങ്ങിയത് ആദി എന്ന അവന്റെ പേരിനെയും അവന്റെ ശബ്ദത്തെയും മാത്രമായിരുന്നു… അവന് എന്നോട് ഉള്ള സ്നേഹം സത്യമാണെങ്കിൽ ഉറപ്പായും അവൻ എന്റെ മുന്നിൽ വരുമെന്ന വിശ്വാസം ഉണ്ടായിരുന്നു… നീണ്ട കാത്തിരിപ്പായിരുന്നു ആ ദിവസത്തിന് വേണ്ടി…

ഉള്ളിൽ ചെറിയ പേടി ഉണ്ടായിരുന്നു ഫസ്റ്റ് ലവ് ചീറ്റി പോയത് പോലെ ഈശ്വര ഇനി ഇതും വല്ല ട്രാജഡിയും ആകുമോ എന്നൊക്കെ…

എന്റെ ഈശ്വര അങ്ങനെ വല്ലതും ഉണ്ടായാലുണ്ടല്ലോ അന്നത്തോടെ നമ്മൾ തമ്മിൽ ഉള്ള സകല ബന്ധവും ഉപേക്ഷിച്ചു ഞാൻ നിരീശ്വരവാദി ആകും നോക്കിക്കോ എന്നൊക്കെ പറഞ്ഞു ദൈവത്തെ ബ്ലാക്ക് മെയിൽ ചെയ്തത് കൂടാതെ മറുവശത്ത് പുള്ളിക്കാരനോട് സംഭവം സക്‌സെസ്സ് ആക്കിയാൽ ഒരു വലിയ ലിസ്റ്റ് നേർച്ചകളും തന്നേക്കാമെന്ന പ്രലോഭനങ്ങളും, വാഗ്ദാനങ്ങളും നടത്തി ഞാൻ രണ്ടും കല്പിച്ച് നേരത്തെ ഫിക്സ് ചെയ്ത സ്പോട്ടിൽ എത്തി.. കൃത്യം അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ധൃഷ്ടി എന്ന വിളി കേട്ടു… തിരിഞ്ഞു നോക്കി ആളെ കണ്ടതും എന്റെ ബോധം പോയതും എല്ലാം ഒരുമിച്ചായിരുന്നു…

മുഖത്തേക്ക് വെള്ളം വീണപ്പോൾ പതിയെ കണ്ണുകൾ തുറക്കാൻ ശ്രമിച്ചു… പരിചയമില്ലാത്ത കുറച്ചു മുഖങ്ങൾ എന്റെ ബോധം തല്ലി ഉള്ള വീഴ്ച കണ്ട് ഓടി കൂടിയവർ ആണെന്ന കാര്യം മനസ്സിലാക്കിയപ്പോൾ മുഖത്ത് ഒരു വളിച്ച ചിരിയും ഫിറ്റ്‌ ചെയ്ത് പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു…

പെട്ടെന്ന് ആൾ കൂട്ടത്തിന് ഇടയിൽ നിന്ന് വീണ്ടും ആ ശബ്ദം എന്നെ തേടിയെത്തി.

“Are you ok Drishti…?”

ഇയാൾ കാരണം ആടോ എന്റെ ഉണ്ടായിരുന്ന ബോധം കൂടി പോയത് എന്ന് പറയണമെന്ന് ഒക്കെയും ഉണ്ടായിരുന്നെങ്കിലും, ഉള്ള വില ഞാൻ ആയിട്ട് കളയണ്ടാല്ലോ എന്ന് കരുതി ഒന്നും സംഭവിക്കാത്ത മട്ടിൽ ഒരു ചിരി അങ്ങ് പാസ്സ് ആക്കി…

എനിക്ക് കുഴപ്പം ഒന്നുമില്ല എന്ന് മനസിലാക്കി കൂടി നിന്നവർ എല്ലാം പിരിഞ്ഞു പോയി തുടങ്ങി അവസാനം ഞങ്ങൾ മാത്രമായി… ഈ ഞങ്ങൾ എന്ന് പറഞ്ഞപ്പോൾ കൂടെ ഉള്ളത് ആരാണെന്ന് ആയിരിക്കുമെല്ലോ നിങ്ങൾ ആലോചിക്കുന്നത്…

എന്റെ ലവ് അറ്റ് ഫസ്റ്റ് sight പ്രണയത്തിലെ നായകൻ തന്നെ.. ആര്യൻ, എന്റെ ആദ്യ പ്രണയം… ദൈവമേ ഞാൻ ഇവനോട് എങ്ങാനും ആണോ ഇത്രയും കാലം സംസാരിച്ചോണ്ട് ഇരുന്നത്, ഒരിക്കൽ ജീവന് തുല്യം സ്നേഹിച്ചവൻ പെട്ടെന്ന് മുന്നിൽ വന്നാൽ ആരുടെ ആണെങ്കിലും റിലേ പോവില്ലേ.. ഓരോന്ന് ആലോചിച്ചു ആകെ കിളി പോയ അവസ്ഥയിൽ ആയി പോയി…

ഒരു വല്ലാത്ത ട്വിസ്റ്റ്‌ ആയി പോയിട്ടോ ദൈവങ്ങളെ നിങ്ങൾ എന്നോട് ഈ ചെയ്തത്… എനിക്ക് ഒരു ഡൌട്ട് അന്ന് ഞാൻ നേർന്ന നേർച്ചകൾ ഒക്കെയും ലേറ്റ് ആയിട്ട് ആണോ ദൈവത്തിന്റെ അടുത്ത് എത്തിയത്…

“എടോ…. താൻ ഇത് ഏത് ലോകത്താണ്…”

എന്ന ആര്യന്റെ ചോദ്യം കേട്ടപ്പോഴാണ് മനസിലായത് ഇത്രെയും നേരം ആത്മഗതത്തിൽ ആയിരുനെന്ന്…

“അത് ഞാൻ പെട്ടെന്ന് കണ്ടപ്പോൾ ഉള്ള ഷോക്കിൽ..”

“ഇയാൾക്ക് എന്നെ കാണുമ്പോൾ സർപ്രൈസ് ആകുമെന്നാ ഞാൻ കരുതിയത്.. പക്ഷെ എന്നെ കാണുമ്പോൾ ബോധം പോകുമെന്ന് ഒന്നും സ്വപ്നത്തിൽ പോലും കരുതിയില്ല.. അല്ല അത്രക്ക് ബോർ ആയോടോ എന്നെ കാണാൻ…”

“ഏയ്യ്… അങ്ങനെ ഒന്നുമില്ല…”

“ഞാൻ ഫോൺ ചെയ്തോണ്ട് നിന്നപ്പോൾ ആണ് താൻ നടന്ന് വരുന്നത് കണ്ടത്.. കാൾ കഴിഞ്ഞിട്ട് തന്നോട് വന്ന് സംസാരിക്കാമെന്ന് കരുതി…”

“താൻ വാ നമുക്ക് ആ ബെഞ്ചിലേക്ക് ഇരിക്കാം… തന്നെ കണ്ടപ്പോൾ അറിയാതെ പഴയ ഓർമ്മകൾ ഒക്കെയും മനസിലേക്ക് കടന്ന് വന്നു… ഇന്ന് ഇപ്പോൾ തന്നോട് ഞാൻ സംസാരിക്കാൻ കാണിച്ച ധൈര്യം അന്ന് കാണിച്ചിരുന്നെങ്കിൽ നമ്മുടെ ജീവിതം തന്നെ മാറിയേനേം അല്ലേടോ…?”

ഒരു പുഞ്ചിരിയോടെ ആര്യൻന്റെ വാക്കുകൾക്ക് കാതോർക്കുമ്പോഴും മനസ്സിൽ ഒരു നൂറു ചോദ്യങ്ങളായിരുന്നു… “ഒരുപാട് തവണ ആഗ്രഹിച്ചിരുന്നു പഠിക്കുന്ന കാലത്ത് തന്നോട് വന്ന് ഒന്ന് സംസാരിക്കാൻ എന്തോ ധൈര്യം ഉണ്ടായില്ല… കണ്ണുകൾ കൊണ്ട് കഥ പറഞ്ഞവരായിരുന്നില്ലേ നമ്മൾ… ഞാൻ ജീവിതത്തിൽ ആദ്യമായി സ്നേഹിച്ച പെൺകുട്ടി താൻ ആയിരുന്നെടോ… പറയാൻ ഒരുപാട് വൈകിപോയ വാക്കുകളാണെന്ന് ഇതെന്ന് അറിയാം… പക്ഷേ ഇപ്പോഴെങ്കിലും തന്നോട് അത് പറയണമെന്ന് തോന്നി…”

ഒരിക്കൽ അവനിൽ നിന്ന് കേൾക്കാൻ ഒരുപാട് കൊതിച്ച വാക്കുകൾ.. ഇന്ന് കേട്ടപ്പോൾ സന്തോഷമോ, സങ്കടമോ ഒന്നുമല്ലാരുന്നു മനസ്സിൽ ഒരു നിർവികാരത മാത്രം…!

രണ്ടും കല്പിച്ചു കക്ഷിയോട് എന്തിനായിരുന്നു ഈ ഒളിച്ചു കളി എന്ന് ചോദിക്കാനായി പോവുകയും എന്റെ ഫോൺ റിങ് ചെയ്യുകയും ഒരുമിച്ചായിരുന്നു , സ്ക്രീനിലേക്ക് നോക്കിയതും ഷോക്ക് അടിച്ച ഫീലിംഗ് ആയിരുന്നു…. ഫോൺ കയ്യിൽ നിന്നും ഊർന്ന് താഴേക്ക് വീഴുമ്പോഴും സ്ക്രീനിൽ തെളിഞ്ഞു കാണാം… ആദി Calling…. എന്ന് ഫോൺ വീണ്ടും ശബ്‌ദിച്ചപ്പോഴാണ് എനിക്ക് സ്ഥലകാല ബോധം ഉണ്ടായത്… എനിക്ക് ചുറ്റും എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കാൻ കഴിയാതെ ആകെ കൺഫ്യൂസ്ഡ് ആയ ഒരു സിറ്റുവേഷനിൽ ആയി പോയി… മുഴുവൻ ധൈര്യവും സംഭരിച്ച് കാൾ അറ്റൻഡ് ചെയ്തു,

“ഹലോ…” “എടോ.. സോറി.. താൻ വെയിറ്റ് ചെയ്ത് മടുത്തോ ട്രാഫിക്കിൽ പെട്ട് പോയെടോ… ഒരു ഫൈവ് Minutes… തന്നെ പറ്റിച്ചിട്ട് കടന്ന് കളഞ്ഞു എന്ന് ഒന്നും കരുതിയെക്കല്ലേ പെണ്ണേ…”

“ദേഷ്യമാണോ.. അതാണോ എന്റെ കൊച്ച് മിണ്ടാതെ… ”

“അല്ല ആദി… ഞാൻ എല്ലാം കേൾക്കുക ആയിരുന്നു… ”

“സിഗ്നൽ വീണു… അപ്പോൾ എന്റെ കൊച്ച് പ്രകൃതി ഭംഗിയൊക്കെയും ആസ്വദിച്ച് ഇരിക്ക്… ”

“I will be there in 5 minutes… Love you… എന്ന് പറഞ്ഞു ആദി ഫോൺ കട്ട്‌ ആക്കിയപ്പോഴാണ് അത് വരെ എന്നെ അലട്ടിയ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം കിട്ടിയത്….

“എടോ… താൻ ഈ ലോകത്ത് ഒന്നും അല്ലേ… ആര്യന്റെ ചോദ്യം കേട്ടപ്പോൾ അറിയാതെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു തുളുമ്പി… ”

“ഇത്രക്ക് സന്തോഷം വരാൻ എന്താടോ തനിക്ക് വല്ല ലോട്ടറി അടിച്ചോ…”

“അതേ മാഷേ ഒരു അഡാർ ലോട്ടറി… ആ ലോട്ടറി on the way ആണ്…”

“താൻ എന്താടോ കടങ്കഥ പറയുകയാണോ…”

“ഒരു കടങ്കഥ പോലെ എന്റെ ജീവിതത്തിലേക്ക് വന്നൊരാൾ… ഞാൻ കണ്ടിട്ടില്ലാത്ത, ശബ്ദത്തിലൂടെ മാത്രം അറിഞ്ഞ എന്നാൽ ഈ ലോകത്ത് എന്റെ മൗനം പോലും തിരിച്ചറിയാൻ കഴിയുന്ന ഒരാൾ… കക്ഷിയെ കാണാൻ ആണ് ഞാൻ ഇവിടെ വന്നത് അപ്പോഴാണ് മാഷിന്റെ വരവ്.. എന്നോട് പറഞ്ഞില്ലേ എന്നെ സ്നേഹിച്ചിരുന്നു എന്ന്, ഒരിക്കൽ ഞാൻ ഏറ്റവും കൂടുതൽ കേൾക്കാൻ ആഗ്രഹിച്ച വാക്കുകളായിരുന്നു…”

“അന്ന് അത് പറയാൻ മാഷിനും കഴിഞ്ഞില്ല, കേൾക്കാൻ ഉള്ള വിധി എനിക്കും ഉണ്ടായിരുന്നില്ല… നമ്മൾ ഈ Success ആവാത്ത ഫസ്റ്റ് ലൗ പ്രണങ്ങൾക്കൊരു ഒരു പ്രത്യേകതയുണ്ട് സുഖമുള്ള ഓർമയായി എന്നും നമ്മളിൽ തന്നെ അത് ഇങ്ങനെ നിറഞ്ഞു നിൽക്കും.. അവസാന ശ്വാസം വരെ അവരെ ഇങ്ങനെ മറക്കാതെ ഓർക്കുന്നതും ഒരു സന്തോഷമല്ലേ… ഫസ്റ്റ് ലൗവിന് മാത്രം തരാൻ കഴിയുന്ന ഒരു സ്പെഷ്യൽ ഫീൽ…”

“Drishti ഒരുപാട് മാറിയിരിക്കുന്നു ഇത്രയും പക്വമായി തനിക്ക് സംസാരിക്കാൻ കഴിയുമോ വിശ്വസിക്കാൻ കഴിയുന്നില്ല…”

“നമ്മുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നു വരുന്ന ചിലരുണ്ട്, ആ വരവ് ഒരു ഒന്ന് ഒന്നര വരവ് ആയിരിക്കും നമ്മളെ മൊത്തത്തിൽ അങ്ങ് അഴിച്ചു പണിതെടുക്കും… നമ്മളെ നമ്മൾ ആക്കി മാറ്റുന്ന ചില മാജിക്‌ മൊമെന്റ്‌സ്‌…”

അവൾ അത് പറഞ്ഞു തീർന്നതും… അവളുടെ തോളിൽ ആരുടെയോ കൈകൾ അമർന്നു, തിരിഞ്ഞു നോക്കാൻ ശ്രമിക്കുന്നതിന് മുന്നേ അവൻ അവളെ അവന്റെ നെഞ്ചോട് ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു “അപ്പോൾ എങ്ങനെയാ, Will you marry me..?”

ഞെട്ടലോടെ അവന്റെ കാപ്പിപ്പൊടി കണ്ണുകളിലേക്ക് നോക്കിയ എനിക്ക് ശെരിക്കും ഇതൊരു മാജിക്‌ മൊമെന്റ് തന്നെ ആയിരുന്നു… ഇത്തവണ എന്റെ നേർച്ചകൾ ദൈവം രണ്ട് കൈയും നീട്ടി അങ്ങ് സ്വീകരിച്ചു… എന്നിട്ട് എന്റെ ആദി എന്ന ആദിത്യനെ എനിക്ക് മാത്രം സ്വന്തമായി ഇങ് തന്നു….

അവരുടെ ലോകം അവർക്ക് നൽകി ആര്യൻ യാത്ര പറഞ്ഞപ്പോൾ നിറഞ്ഞ പുഞ്ചിരി മാത്രമായിരുന്നു അയാളുടെ മുഖത്ത്…

“ഒരിക്കലും അറിയാതെ പോകുന്ന സ്നേഹത്തിനേക്കാളും നല്ലതല്ലേ ഒരിക്കലെങ്കിലും തിരിച്ചും സ്നേഹിച്ചിരുന്നു എന്ന് അറിയുന്നത്…”

രചന: ശിൽപ്പ ലിന്റോ

Leave a Reply

Your email address will not be published. Required fields are marked *