ഒരു പാട് മാറിയിരിക്കുന്നു അല്ല കാലം മാറ്റി ഇരിക്കുന്നു എന്ന് പറയുന്നതാവും ശെരി…

രചന: Vandhana Sreelesh Nandhu

“നിനക്ക് ഭ്രാന്തുണ്ടോ ഇങ്ങനെ ചിരിക്കാൻ ”

അവന്റെ ആ വാക്കുകൾ കേട്ടപ്പോൾ അവൾ ഒന്ന് തിരിഞ്ഞു നോക്കി..

“അതെന്തേ നന്ദ… ചിരിക്കുന്നവരൊക്കെ ഭ്രാന്ത് ഉള്ളവരാന്നോ ”

“ഓ… തുടങ്ങി.. ഞാൻ ഒന്നും പറഞ്ഞില്ല… ”

അതിനും അവൾ അവനെ നോക്കി പുഞ്ചിരിച്ചു…

കിടക്കാൻ നേരം അവൾ അവനോട് ചോദിച്ചു

“നന്ദ… ”

“മ്മ്.. എന്തെ ” അവൻ ഫോണിൽ നിന്നും മുഖം ഉയർത്താതെ ചോദിച്ചു

“ഇപ്പോൾ മിണ്ടാനും സമയം ഇല്ലാതായി ല്ലേ ”

“ഓഹ്… നാശം… നിനക്ക് വേറെ പണി ഒന്നൂല്ലേ.. ”

അതും കൂടി കേട്ടപ്പോ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു

“ആ…. തുടങ്ങി കരച്ചിലും പിഴിച്ചലും… നിനക്ക് ശരിക്കും ഭ്രാന്ത് തന്നെ അല്ലാതെ എന്ത്. ഹും ”

അവൾ കണ്ണുകൾ തുടച്ചു….

“കരയുന്നവരും ഭ്രാന്തൻ മാരാന്നോ നന്ദ… കൊള്ളാം ”

അവളുടെ വാക്കുകളിലെ ഇത് വരെ ഇല്ലാത്തൊരു മാറ്റം കണ്ട് അവൻ അമ്പരന്നു

“എന്തെ.. നന്ദ… ഉത്തരം കിട്ടുന്നില്ലേ… നിങ്ങൾക്ക് ഏതു സമയവും ചിരിക്കാം കരയാം… പക്ഷെ അതൊരു പെണ്ണ് ചെയ്‌താൽ ഭ്രാന്ത് ”

“ദീപാ…. ‘

“എന്റെ ചിരികൾ ആസ്വദിച്ച എന്റെ നന്ദന് എപ്പോൾ മുതലാ എന്റെ ചിരി ഭ്രാന്തായി മാറിയത്… എന്റെ കണ്ണൊന്നു നനഞ്ഞാൽ നെഞ്ച് പിടയും എന്ന് പറയാറുള്ള നന്ദൻ ഇപ്പോൾ ചെയ്യുന്നതെന്താ ”

“ഓഹ്… തുടങ്ങി.. ”

“ഇല്ല… പേടിക്കേണ്ട.. ഇന്ന് കൂടി സഹിച്ചാ മതി ഈ ഭ്രാന്ത് ”

“മനസ്സിലായില്ല”

“അല്ലേലും നന്ദന് ഇപ്പോൾ ഒന്നും മനസിലാവാറില്ലല്ലോ ”

“നീ മനുഷ്യനു മനസ്സിലാവുന്ന രീതിയിൽ പറ.. അല്ലേ കിടന്നുറങ്ങ് ”

അവൾ അതിനുത്തരം പറയാതെ അവൾ കണ്ണടച്ചു കിടന്നു… അവളുടെ മനസ്സ് പഴയ പ്രണയ കാല ഓർമ്മകളിലേക്ക് ചേക്കേറി ………………….

“ഡി പെണ്ണെ… നിന്റെ ചിരി കാണാൻ നല്ല ഭംഗി ഉണ്ട് കേട്ടോ ”

“ദേ… നന്ദ… കളിക്കാതെ പോയെ..കുട്ടികളൊക്കെ ശ്രെദ്ധിക്കുന്നു ”

“അതെ… അതിനിപ്പോ എന്താ… എല്ലാവരും അറിയട്ടെ…. എന്റെ ദീപു എന്റെ മാത്രം ആണെന്ന് ”

“ആദ്യo മോൻ ഈ ഡിഗ്രിപൂർത്തി ആക്കി ജോലികണ്ടു പിടിക്കാൻ നോക്ക്… അല്ലേൽ ഞാൻ എന്റെ അച്ഛൻ കണ്ടെത്തുന്ന ചെത്തു പയ്യനെയും കെട്ടി സുഗമായി ജീവിക്കും കേട്ടല്ലോ ”

“ഓഹ്… പൊയ്ക്കോ…. ദ. ഇപ്പോൾ തന്നെ ഈ നന്ദൻ ഒഴിഞ്ഞു തരാം… പോരെ ”

അവിടുന്ന് പിണങ്ങി പോയവനെ പിന്നാലെ നടന്ന് മെരുക്കി എടുക്കാൻ അവൾ കുറെ പാട് പെട്ടു…കണ്ണീർ എന്ന അവസാനത്തെ അടവ് ഫലിച്ചു…

“ദേ… ന്റെ ദീപു.. കരയല്ലേ… അത്‌ മാത്രം എനിക്ക് സഹിക്കില്ല”

അവളുടെ മനസ്സ് വിങ്ങി പൊട്ടുന്നത്‌ പോലെ തോന്നി… ഒരു പാട് കരഞ്ഞു എപ്പോഴോ അവളെ നിദ്ര ദേവി കടാക്ഷിച്ചു…

…………………….

“ദീപേ… ദീപേ… ഓഹ് ഈ നാശം ഇതെവിടെ പോയി.. ഡീ ദീപേ…. ” ചാടി തുള്ളി കിടക്കയിൽ നിന്നും എഴുന്നേൽക്കുമ്പോഴാണ് അവനത് കണ്ടത്.. അലമാരയുടെ കണ്ണാടിക്ക് മുകളിൽ ചുവന്ന മഷികൊണ്ട് ഇങ്ങനെ എഴുതിയിരിക്കുന്നു

“എന്റെ ഇഷ്ടങ്ങൾ നിനക്ക് ഭ്രാന്ത് ആയി തോന്നുന്നു എങ്കിൽ അതെ ഞാൻ ഭ്രാന്തിയാണ്.. ഞാൻ പോവുന്നു…എന്നെ തിരക്കിവരരുത് ”

അവൻ അത് വായിച്ചതും മനസ്സ് വേദനിചെങ്കിലും അവനിൽ ഒരു ചെറിയ സന്തോഷം ഉടലെടുത്തു

…………………………………..

വർഷങ്ങൾക്ക് ശേഷം

“മാഡം… അവിടെ പ്രോഗ്രാം സ്റ്റാർട്ട്‌ ചെയ്തു ”

“ആ… ദ… വരുന്നു…താൻ ചെല്ല് ”

അവൾ കണ്ണട എടുത്ത് മുഖത്തുവീണ്ടും വച്ചു… കണ്ണാടിക്ക് മുന്നിൽ നിന്നു.ഒരു പാട് മാറിയിരിക്കുന്നു അല്ല കാലം മാറ്റി ഇരിക്കുന്നു എന്ന് പറയുന്നതാവും ശെരി… അവൾ മനസ്സിൽ ചിന്തിച്ചു… സ്റ്റേജിലേക്ക് പോവുമ്പോഴും നല്ല എഴുത്തുകാരിക്കുള്ള അവാർഡ് വാങ്ങുമ്പോഴും വേദിയിൽ സംസാരിക്കുമ്പോഴും സന്തോഷം കൊണ്ട് അവളുടെ കണ്ണ് നിറഞൊഴുകി…

തിരക്കുകൾ ഒഴിഞ്ഞു പോവാൻ ഒരുങ്ങുമ്പോൾ ആരുന്നു ആ വിളി കേട്ടത്

“ദീപിക…. ”

ആ ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി

അവളുടെ മുഖത്ത്‌ പല ഭാവങ്ങളും നിമിഷനേരം കൊണ്ട് മിന്നി മറഞ്ഞു…ആരെ ഇനി ജീവിതത്തിൽ കാണരുത് എന്ന് ആഗ്രഹിച്ചുവോ ആ ആള് തന്നെ മുന്നിൽ വന്നു നിന്നിരിക്കുന്നു… പക്ഷെ ഒട്ടും ദേഷ്യമോ വെറുപ്പോ മുഖത്ത്‌ പ്രകടമാക്കാതെ പതറാതെ അവന്റെ മുഖത്തു നോക്കി അവൾ ഒന്ന് പുഞ്ചിരിച്ചു

“നന്ദൻ…. ”

“ഓ.. അപ്പൊ മറന്നിട്ടില്ല ”

“ഹും…. മറവി.. അത് ചിലപ്പോൾ അനിവാര്യമാണ് നന്ദ…

“മ്മ്… ”

“മായ… എന്ത് പറയുന്നു… ” അവൾ പുഞ്ചിരിയോടെ തന്നെ അവന്റെ മുഖത്തെക്കു നോക്കി

അവന്റെ ഞെട്ടൽ കണ്ട് അവൾക്ക് ചിരി വന്നു

“ഞെട്ടണ്ട…. എനിക്ക് എല്ലാം അറിയാം നന്ദ… നിങ്ങൾക്കിടയിൽ ഞാൻ അധികപെറ്റാണെന്ന് തോന്നിയതുകൊണ്ടാണ് ഞാൻ ഒഴിഞ്ഞു പോയത് ”

“…നിന്റെ സ്നേഹം തിരിച്ചറിയാൻ ഞാൻ വൈകി പോയി ദീപ… ”

“അതൊക്കെ മറന്നേക്ക് നന്ദ… ഞാനിപ്പോൾ എന്റെ ലോകത്ത്‌ ജീവിക്കുകയാണ്… ആ നിന്റെ ഭാക്ഷയിൽ പറഞ്ഞാൽ ഭ്രാന്തിന്റെ ലോകത്ത്… അതിലേക്ക് ഇനി ആരേം കടത്തിവിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല ”

“ദീപാ…. ക്ഷെമിചൂടെ ഡോ ”

“എനിക്ക് ആരോടും ദേഷ്യവും ഇല്ല പരിഭവവുമില്ല.. നന്ദ.. ഞാൻ പോവുന്നു ” അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവൾ അവിടെ നിന്നും തിരിച്ചു നടന്നു …. അപ്പോഴും അവളുടെ മനസ്സിൽ ഇനി ഒരു തിരിഞ്ഞു നോട്ടം ഇല്ല എന്ന് അവൾ മനസ്സിനെ പറഞ്ഞ് പഠിപ്പിക്കുകയായിരുന്നു

നന്ദൻ അപ്പോഴും അവൾ പോവുന്നതും നോക്കി അവിടെ തന്നെ നിന്നു… അവൻ അറിയുക ആയിരുന്നു അവളെ.. താൻ ഭ്രാന്ത് എന്ന് പറഞ്ഞു തള്ളിയ പഴയ ദീപുവിൽ നിന്നും ഇന്ന് അവൾ ഒരുപാട് വളർന്നു കഴിഞ്ഞിരിക്കുന്നു…. അവളുടെ ഇഷ്ടങ്ങളും സ്വപ്‌നങ്ങലൊന്നും വെറും ഭ്രാന്ത് അല്ലായിരുന്നു എന്ന് അവൻ മനസ്സിലാക്കികഴിഞ്ഞിരുന്നു……അവൾ കൂടെ വേണം എന്ന ആഗ്രഹം വീണ്ടും അവനിൽ ഉടലെടുത്തപ്പോഴേക്കും അവൾ അവനിൽ നിന്നും ഒരുപാട് അകന്നുപോയിരുന്നു…….

അപ്പോഴും പുറത്തു മഴ തിമിർത്തുപെയ്യുക ആയിരുന്നു ആ മഴയിലേക്ക് അവൻ ഇറങ്ങി നടന്നു എങ്ങോട്ടെന്നില്ലാതെ……

(ബന്ധങ്ങൾ പൊട്ടിച്ചെറിയാൻ എളുപ്പമാണ് കൂട്ടി ചേർക്കാനാണ് പാട്…. ചിലപ്പോ വിചാരിച്ചാൽ പോലും കൂട്ടി ചേർക്കാനുo പറ്റിയെന്നു വരില്ല 😊)..ലൈക്ക് ചെയ്യണേ…

രചന: Vandhana Sreelesh Nandhu

Leave a Reply

Your email address will not be published. Required fields are marked *