നീ ഇങ്ങോട്ട് അടുത്ത് നിക്ക് പെണ്ണെ, അനു അവളുടെ അടുത്തോട്ടു ചേർന്ന് നിന്നു.

രചന: Treesa George

ടി അനു നിന്റെ കൈയിൽ കിടന്ന ആ സ്വർണ വള എന്തിയെ? അതിപ്പോ കാണുന്നില്ലല്ലോ.

എന്റെ ചേച്ചിയേ ഒന്നും പറയേണ്ട. അതിയാൻ അത് എടുത്ത് വിറ്റു .

അത് എന്താടി. വല്ല ആശുപത്രി കേസും വന്നോ.

അത് ഒന്നും അല്ല ചേച്ചി. അതിയാന്റെ പെങ്ങള് രമണി പ്രസവത്തിനു വന്നില്ലേ. അവക്കടെ കൊച്ചിന്റെ മാമോദിസക്ക് ഇടാൻ സ്വർണം ഉണ്ടാക്കാനാ. വളയും മാലയും ഒക്കെ പെണ്ണിന്റെ വീട്ടുകാർ അല്ലയോ ഇടണ്ടത്.

ടി ഇന്നാള് ഡേവിഡിന്റെ മൂത്ത പെങ്ങളുടെ കൊച്ചിനെ കോളേജിൽ ചേർക്കാനും നിന്റെ വള തന്നെ അല്ലേ അന്നും വിറ്റത്. ഇങ്ങനെ ആണേൽ നിന്റെ പിള്ളേർക്ക് ഒരു ആവിശ്യം വരുമ്പോൾ സ്വർണം ഒന്നും ബാക്കി ഉണ്ടാവില്ലല്ലോ.

ഞാൻ എന്ത് ചെയ്യാനാ ചേച്ചി. അങ്ങേരു ഓരോ ആവിശ്യം പറഞ്ഞു സ്വർണം ചോദിക്കുമ്പോൾ ഞാൻ എങ്ങനെയാ ഇല്ലാന്ന് പറയുക. കൈയിൽ വെച്ചിട്ട് ഇല്ലാന്ന് പറയുമ്പോൾ മനസ്സിന് ഒരു വിഷമമാ.

കൈയിൽ ഉണ്ടായിട്ട് ഇല്ലാന്ന് പറയുമ്പോൾ അല്ലേ വിഷമം വരുക. കൈയിൽ ഇല്ല എങ്കിൽ പ്രശ്നം ഇല്ലാല്ലോ

സിൽവിയ ചേച്ചി എന്താ പറഞ്ഞത് എനിക്ക് ഒന്നും മനസിലായില്ല.

വീട്ടിൽ ഇരുന്ന് തയ്യൽ ജോലി ചെയുന്ന സിൽവിയായുടെ അടുത്ത് ചുരിദാർ തയ്യ്ക്കാൻ കൊടുക്കാൻ വന്നത് ആണ് അനു. അനുവിനെകാൾ പ്രായത്തിൽ ഒരുപാട് മൂത്തത് ആണ് സിൽവിയ.എങ്കിലും രണ്ടു പേരും കട്ട സുഹൃത്തുക്കൾ ആണ്.അനുവിനോട് സിൽവിയാക്കു ഒരു ചേച്ചിയുടെ വാത്സല്യം ആണ്.

നീ ഇങ്ങോട്ട് അടുത്ത് നിക്ക് പെണ്ണെ.

അനു അവളുടെ അടുത്തോട്ടു ചേർന്ന് നിന്നു.

സിൽവിയാ അവളോട്‌ ചോദിച്ചു. നിന്റെ വീട്ടുകാർ നിനക്ക് എന്തിനാ സ്രീധനം തന്ന് കെട്ടിച്ചു വിട്ടത്.

ഞാൻ സന്തോഷം ആയി ജീവിക്കാൻ.

എന്നിട്ട് ഇപ്പോ ആ സ്വർണം മുഴുവൻ നിന്റെ കൈയിൽ ഉണ്ടോ?

ഇല്ല ചേച്ചി. അനു അപ്പോൾ ഓർക്കുക ആയിരുന്നു തനിക്ക് സ്രീധനം തന്ന് വിടാനായി പണയത്തിൽ ആയ സ്വന്തം വീടിനെ പറ്റി.

അപ്പോൾ നിനക്കും നിന്റെ കുഞ്ഞുങ്ങൾക്കു വേണ്ടിയാണ് നിന്റെ മാതാപിതാക്കൾ ചോര നീരാക്കി ഈ പണവും സ്വർണവും തന്ന് വിട്ടത്. അത് അവര് നീ അനുഭവിക്കണം എന്നാണ് ആഗ്രഹിക്കുക. അത് സൂക്ഷിക്കേണ്ട ഉത്തരവാദിത്വം നിനക്ക് ഉണ്ട്.

ചേച്ചി എന്താ പറയണത് അതിയാൻ കാശ് ചോദിക്കുമ്പോൾ ഞാൻ ഇല്ലാന്ന് പറയണോ. ഞാൻ അത്ര ക്രൂര ഒന്നും അല്ല കൈയിൽ കാശ് വെച്ചിട്ട് ഇല്ലാന്ന് പറയാൻ. അവൾക്കു ചെറുതായി ദേഷ്യം വരുന്നുണ്ടായിരുന്നു.

നീ ചൂടാകാതെ പെണ്ണെ. നിന്നോട് ആരാ കാശ് കൈയിൽ വെച്ചിട്ട് ഇല്ലാന്ന് പറയാൻ പറഞ്ഞത്.

നീ കൈയിൽ ഉള്ള കാശും സ്വർണവും വെച്ച് കുറച്ച് ഭൂമി വാങ്ങി ഇടു.ചിലപ്പോൾ കൈയിൽ ഉള്ള കാശിനു 2 സെന്റ് ഭൂമിയെ കിട്ടു ഉണ്ടായിരിക്കു ഒള്ളു. എന്നാലും അത് ഒരു ബലമാ.കാരണം ഇപ്പോൾ ഉള്ള വില ആയിരിക്കില്ല ഭാവിയിൽ. ഇനി ഭൂമിക്കു വില കൂടി ഇല്ലയെങ്കിലും നിനക്ക് അതിൽ കൃഷി ചെയ്യാൻ കഴിയും. മരങ്ങൾ വെച്ച് പിടിപ്പിക്കാം. നിനക്ക് പൈസക്ക് ആവിശ്യം വരുവണേൽ ആ മരങ്ങൾ വെട്ടി വിൽക്കാം. സ്വന്തം പേരിൽ ഭൂമി ഉള്ളത്തിന്റെ അഭിമാനം വേറെയും.

ഇത് വല്ലോം നടക്കുമോ ചേച്ചി. കേൾക്കാൻ നല്ല രസം ഒക്കെ ഉണ്ട്.

എന്റെ പെണ്ണെ അത് നിന്റെ കഴിവ് പോലെ ഇരിക്കും.

അത്രെയും പറഞ്ഞു സിൽവിയ തന്റെ ജോലിയിലോട്ടു തിരിഞ്ഞു.

പിന്നീട് കുറച്ച് ദിവസം അനുവിനെ ആ ഏരിയയിലോട്ടു കാണാൻ ഇല്ലായിരുന്നു.

പിന്നീട് കാണുമ്പോൾ ഭൂമി മേടിച്ച സന്തോഷ വാർത്ത അനുവിന് അവളോട്‌ പറയാൻ ഉണ്ടായിരുന്നു.

അപ്പോൾ ആണ് സിൽവിയാക്ക്‌ അനുവിന്റെ അമ്മായിഅമ്മ തന്നെ പള്ളിയിൽ വെച്ച് കണ്ടപ്പോൾ മുഖം വെട്ടിച്ചു പോയതിന്റെ ഗുട്ടൻസ് പിടികിട്ടിയത്.

രചന: Treesa George

Leave a Reply

Your email address will not be published. Required fields are marked *