പതിനഞ്ചാം വയസ്സിൽ ഗർഭഛിദ്രം

രചന : – Dr. അനിത വിജയൻ..

ഇരുപത്തിയൊന്‍പത്കാരിക്ക് പതിമൂന്നു വയസ്സുള്ള മകളൊ?

ഞാനും എന്റെ മോളും ഇത് കേൾക്കാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി.

കുട്ടിക്കാലത്ത് അവൾ ചോദിക്കാറുണ്ടായിരുന്നു എനിക്കുമാത്രം എന്തേ അച്ഛൻ ഇല്ലാതെ പോയത്..

ഇന്ന് അവൾക്ക് മനസ്സിലാക്കാനുള്ള പ്രായവും പക്വതയും എത്തിയിരിക്കുന്നു. എല്ലാം മകളോട് തുറന്നു പറയണം..

തമിഴ്നാട്ടിൽനിന്നും കേരളത്തിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിൽ.. ഞാൻ എന്റെ മകളോട് മനസ്സുതുറന്നു…

പത്താം ക്ലാസിൽ പഠിപ്പിക്കുന്ന സമയം ഹിന്ദി പഠിപ്പിക്കാൻ എത്തിയ പുതിയ അധ്യാപകനായിരുന്നു അരുൺരാജ്..

കാണാൻ ചന്തം ഒന്നുമില്ലാത്ത എന്റെ സൗന്ദര്യത്തെ.. അയാൾ എന്നും വർണ്ണിക്കാറുണ്ടായിരുന്നു..

എന്റെ നെറ്റിയിൽ ഒട്ടിനിൽക്കുന്ന വിയർപ്പിനെ പോലും, അയാൾ വാക്കുകളിലൂടെ വർണ്ണിക്കാൻ മറന്നില്ല..

എന്റെ സൗന്ദര്യത്തിന് ജീവിതത്തിലാദ്യമായി കിട്ടിയ അംഗീകാരത്തിൽ ഞാനും മുഴുകി വീണു…

ഒരു സ്പെഷൽ ക്ലാസ് ദിവസം,‌ എല്ലാ കുട്ടികളെയും പറഞ്ഞുവിട്ട്.. എന്നെ പിടിച്ചുനിർത്തി.

അയാളുടെ ലാളനകളിലും തലോടലുകളിലും എന്റെ വികാരത്തെ പിടിച്ചു നിർത്താൻ എനിക്കായില്ല.. ആ നിമിഷത്തിൽ ഞാൻ എന്നെത്തന്നെ മറന്നു…

എല്ലാം കഴിഞ്ഞു വീട്ടിൽ ചെന്നപ്പോൾ.. കുറ്റബോധം എന്നെ വല്ലാതെ അസ്വസ്ഥയാക്കി.. അച്ഛന്റെയും അമ്മയുടെയും സഹോദരിമാരുടെയും മുഖത്ത് നോക്കാൻപോലും കഴിയാത്ത മനോഭാവം ഉണ്ടായി…

പിന്നീടുള്ള ദിവസങ്ങളിൽ അരുൺ രാജ് എന്നെയൊന്ന് നോക്കുക പോലും ചെയ്തില്ല.. ദിവസങ്ങൾ കഴിയുംതോറും അയാളുടെ മനോഭാവം മാറിക്കൊണ്ടേയിരുന്നു..

ആദ്യമൊക്കെ അതെന്നെ വേദനിപ്പിച്ചെങ്കിലും മെല്ലെമെല്ലെ ഞാനത് മറക്കാൻ ശ്രമിക്കുകയായിരുന്നു.

ഒരു നാൾ എന്റെ ഹൃദയത്തെ പിടിച്ചുകുലുക്കി ആ സത്യം ഞാൻ മനസ്സിലാക്കി.. എന്റെ ഉള്ളിൽ ഒരു ജീവൻ വളരുന്നുണ്ട്..

കരഞ്ഞു കാലുപിടിച്ച് അരുൺ രാജിന്റെ മുന്നിൽ കാര്യം അവതരിപ്പിച്ചു.. എന്നെ വിവാഹം കഴിക്കണം അല്ലെങ്കിൽ ഞാൻ ചത്തുകളയും എന്ന് ഭീഷണിപ്പെടുത്തി…

കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് മനസ്സിലാക്കിയ അയാൾ, രണ്ട് ദിവസം സമയം തരണമെന്നും.‌ നമുക്ക് എവിടെ എങ്കിലും പോയി ഒരുമിച്ച് ജീവിക്കാമെന്നും എനിക്കുറപ്പു നൽകി..

ദിവസങ്ങളെണ്ണി കാത്തിരിപ്പ് തുടങ്ങി.. പക്ഷെ ഒരാഴ്ച കഴിഞ്ഞിട്ടും അയാൾ മടങ്ങി വന്നില്ല..

എന്റെയുള്ളിൽ ഒളിഞ്ഞിരിക്കുന്ന ജീവൻ വളർന്നുകൊണ്ടിരിക്കുകയാണ്.. അതിനാൽ എന്റെ സ്വഭാവത്തിലും പ്രവർത്തികളിലും ഒരു മാതൃത്വത്തിന്റെ പക്വത ഉണ്ടാക്കി കൊണ്ടിരുന്നു. ദിവസങ്ങൾ കഴിയുംതോറും അതെന്നെ അലട്ടിക്കൊണ്ടേ ഇരുന്നു.

എത്രകാലം ഈ രഹസ്യം എന്റെയുള്ളിൽ ഒളിപ്പിച്ചുവയ്ക്കാൻ സാധിക്കുമെന്ന് എനിക്ക് അറിയില്ല..

ഒരു ഗർഭിണിയുടെ എല്ലാ ലക്ഷണങ്ങളും എന്നിൽ കാണിച്ചുതുടങ്ങി.. ആരുമറിയാതെ അതൊക്കെ ഞാൻ അടക്കി പിടിച്ചു..

“മാസം രണ്ടു കഴിഞ്ഞു.”

അരുൺരാജ് വന്നില്ല.. എന്റെ മനസ്സിലെ ഭയം‌ ആഞ്ഞു കത്തി തുടങ്ങി.. വയർ ചെറുതായി വിർത്ത് തുടങ്ങിയിരിക്കുന്നു…

“മാസം മൂന്ന് കഴിഞ്ഞു.”

വയർ ചെറുതാണെങ്കിലും സ്കൂൾ ബാഗ് കൊണ്ടു മറച്ചു പിടിക്കേണ്ട അവസ്ഥ വന്നു..

ഇനിയും അരുൺ രാജിനെ കാത്തിരിക്കുന്നത് വിഡ്ഢിത്തമാണെന്ന് മനസ്സിലാക്കി ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു.

എന്റെയും കുടുംബത്തിന്റെയും മാനം നശിപ്പിച്ചു ജീവിക്കുന്നതിലും നല്ലത് മരിക്കുന്നതാണ് എന്ന് മനസ്സിലാക്കി.

പക്ഷേ എന്റെ ഉള്ളിൽ വളരുന്ന ജീവനെ ഓർത്ത് മരിക്കാൻ ഭയമായിരുന്നു..

ദിവസങ്ങൾ കഴിയുംതോറും സ്കൂൾ യൂണിഫോം മുറുകി ഇടാൻ പറ്റാത്ത അവസ്ഥയിലായി. പല കാരണങ്ങൾ പറഞ്ഞ് ചേച്ചിയുടെ യൂണിഫോമിൽ സ്കൂളിൽ ചെന്നു..

“മാസം നാല് കഴിഞ്ഞു.”

എന്റെ വയറും, എന്നിലെ മാതൃത്വവും മറച്ചുപിടിക്കാൻ കഴിയാത്ത അവസ്ഥയിൽ എത്തി.

ഒരു രാത്രിയിൽ, കൂടെ കിടന്ന ചേച്ചി.. എന്റെയുള്ളിൽ ഒളിഞ്ഞിരിക്കുന്ന ജീവന്റെ അനക്കം മനസ്സിലാക്കി.

ബഹളമായിരുന്നു അന്ന് .. അച്ഛനെന്നെ തല്ലിച്ചതച്ചു..

ഒന്നും മിണ്ടാതെ ശ്വാസമടക്കി കണ്ണീരൊഴുക്കുന്ന അമ്മയ്ക്കുമുന്നിൽ ഞാൻ എല്ലാം തുറന്നു പറഞ്ഞു…

ഇളയച്ചനും അച്ഛനും ചേർന്ന്.. ആരുമറിയാതെ കുഞ്ഞിനെ നശിപ്പിക്കണം എന്ന തീരുമാനത്തിലെത്തി..

നാലുമാസം ആയതിനാൽ ഗർഭഛിദ്രം സാധ്യമല്ലന്നും അത് അപകടമാണെന്ന് ഡോക്ടർ പറഞ്ഞു.

അതിനെ തല്ലിക്കൊന്നാൽ തീരില്ലെ? എന്നായിരുന്നു ഇളയച്ഛന്റെ മറുപടി.. ചെറുപ്പംതൊട്ടേ ഇളയച്ഛനെ എനിക്ക് വലിയ ഭയമായിരുന്നു…

“മാസം അഞ്ചിലേക്ക് കടന്നു.”

അടച്ചുപൂട്ടി വീട്ടിലിരിക്കുന്ന ഇളയ മകൾക്ക് വയറ്റിൽ ഉണ്ടെന്ന് നാട്ടിലെങ്ങും അറിഞ്ഞ് തുടങ്ങി..

അപമാനം സഹിക്കവയ്യാതെ ഒരുദിവസം ഇളയച്ഛൻ വീട്ടിൽ കയറിവന്നു.

കുടുംബത്തിന്റെ മാനം കളയാൻ ജനിച്ച നായെ.. എന്ന് പറഞ്ഞ് അയൾ എന്നെ തല്ലാൻ തുടങ്ങി… അതിനിടയിൽ എന്റെ വയറ്റിലും ഒന്നു ചവിട്ടി…

ആ ചവിട്ടിന്റെ വേദന താങ്ങാൻ പറ്റുന്നതിനും അപ്പുറമായിരുന്നു.. ഞാൻ പിടഞ്ഞു തറയിൽ വീണു.. വയറിൽ മുറുകെപ്പിടിച്ച് നിലവിളിച്ച് കരയാൻ തുടങ്ങി. ഒടുവിൽ ഇരുട്ടു മുറിക്കുള്ളിൽ പൂട്ടി ഇട്ടു..

കുഞ്ഞു ജീവന് അനക്കമില്ല.. അതു മരണപ്പെട്ടിരിക്കുന്നു.. ആ ചിന്തകൾ ഭ്രാന്തു‌ പിടിപ്പിക്കാൻ തുടങ്ങി.

മെല്ലെ മെല്ലെ എന്റെ മനസ്സിന്റെ താളം തെറ്റുകയാണെന്ന് മനസ്സിലാക്കി.

വെളിച്ചത്തെ ഭയന്ന് തുടങ്ങി.. ചെറു ശബ്ദങ്ങളെ പോലും പേടിയോടെ ശ്രവിച്ചു.

ഇരുട്ടു മുറിയുടെ മൂലയിൽ ഇരുന്ന‌ എപ്പോഴോ മയങ്ങി പോയി… കുഞ്ഞു കാലുകൊണ്ട് എന്റെ വയറിന്റെ ഉള്ളിൽ ഒരു തട്ടുകിട്ടി..

ഞാൻ ഞെട്ടിയുണർന്നു.

അത് വയറിന്റെ ഉള്ളിൽ നിന്ന് എന്നെ വീണ്ടും വീണ്ടും ചവിട്ടി.. ഉണരുകയായിരുന്നു.. ആ സന്തോഷം ആരോട് പങ്കുവെയ്ക്കും എന്നറിയാതെ. നാല് ചുവരുകൾക്കുള്ളിൽ കണ്ണീരോടെ ആഹ്ലാദിച്ചു..

എനിക്ക് മാനസിക രോഗം ആണെന്ന് കരുതിയിട്ടാവണം.. അച്ഛൻ തമിഴ്നാട്ടിലെ ഒരു മാനസിക ആരോഗ്യ കേന്ദ്രത്തിൽ കൊണ്ടുവിട്ടു…

എന്നെ നാട്ടിൽ നിന്നും കുടുംബത്തിൽ നിന്നും വേരോടെ പറിച്ചെറിയുകയായിരുന്നു എന്ന് മനസിലായി…

പുരുഷോത്തമൻ എന്ന മനോരോഗ വിദഗ്ധൻ ആയിരുന്നു എന്നോട് സംസാരിച്ചിത്..

അയാളോട് കരഞ്ഞു പറഞ്ഞു…. എനിക്ക് ഭ്രാന്തൊന്നുമില്ല ഡോക്ടറെ..

അതിനിവിടെ ഭ്രാന്തന്മാർ ഒന്നുമില്ലല്ലോ എന്നായിരുന്നു അയാളുടെ മറുപടി..

മോളുടെ പ്രശ്നമെന്താണ്? സ്നേഹപൂർണമായ ഡോക്ടറുടെ ആ ചോദ്യത്തിന് വിങ്ങിപ്പൊട്ടി മറുപടി പറഞ്ഞു..

എന്നെ ഒന്നു കൊന്ന് തരാമോ ഡോക്ടർ.. ഇത്രയും നാണക്കേടും അപമാനവും സഹിച്ചു ജീവിക്കാൻ പറ്റുന്നില്ല..

ഡോക്ടർ ഒന്നു ചിരിച്ചു.. വരു നമുക്ക് ഒരു ഇടം വരെ പോകാം.

അദ്ദേഹത്തിന്റെ കാറിൽ എന്നെയും കൂട്ടി സഞ്ചരിച്ചു..

ഒരുനേരത്തെ ഭക്ഷണം കഴിക്കാൻ ഇല്ലാതെ തെരുവോരത്ത് വിശന്നു കരയുന്ന കുഞ്ഞുങ്ങളെ കാണിച്ചുതന്നു.. വൃത്തിയില്ല എന്ന കാരണത്താൽ ആരും ജോലി നൽകാതെ ഭിക്ഷയാചിക്കേണ്ടി വന്ന ഒരുകൂട്ടം അമ്മമാരെ കാണിച്ചുതന്നു.. വെയിലിൽ വിശന്നു തളർന്നുറങ്ങുന്ന അംഗപരിമിതരെ കണിച്ചുതന്നു…

ഡോക്ടർ പിന്നെ കൂട്ടിക്കൊണ്ടു ചെന്നത് ഒരു ഹോട്ടലിലേക്ക് ആയിരുന്നു.. അവിടെ നിന്നും കുറച്ച് പൊതിച്ചോറ് പാർസൽ വാങ്ങി..

അത് തെരുവിൽ വിശന്നു കിടക്കുന്ന കുട്ടികൾക്ക് നൽകാൻ പറഞ്ഞു.. ഞാൻ അവർക്കു മുന്നിൽ ഭക്ഷണ പൊതി നീട്ടി..

അവരുടെ മുഖത്തുകണ്ട സന്തോഷം ഉണ്ടല്ലോ.. ആയുഷ്ക്കാലം മുഴുവനും എനിക്ക് ലഭിച്ച അംഗീകാരമായി തോന്നി.. വിശപ്പിനാൽ കുട്ടികൾ പരസ്പരം തല്ലു പിടിക്കുന്നത് കണ്ടപ്പോൾ കരഞ്ഞു പോയി..

സങ്കടം താങ്ങാൻ കഴിയാതെ ഓടിച്ചെന്ന് വണ്ടിയിൽ കയറി.. ഡോക്ടർ ചോദിച്ചു.. ഒരു നിമിഷത്തെ നിന്റെ ജീവിതം കൊണ്ട് എത്ര വയറുകളുടെ വിശപ്പടക്കി.. എത്ര പേരുടെ മുഖത്ത് സന്തോഷം ഉണ്ടാക്കി.. നിന്റെ ഒരായുസ്സു മുഴുവനും അതിനായ് മാറ്റിവച്ചാൽ എത്രയെത്ര ജന്മങ്ങക്ക് അത് തുണയാകും..

ശ്വാസമടക്കിപ്പിടിച്ചു ഞാൻ കരഞ്ഞു.. ഡോക്ടർ എനിക്ക് പഠിപ്പിച്ചുതന്നത് വലിയൊരു പാഠമാണ്.

നമ്മൾ നമുക്ക് വേണ്ടി ജീവിക്കുമ്പോഴാണ് സ്വാർത്ഥതാല്പര്യങ്ങൾ ഉണ്ടാകുന്നത്.. ആത്മഹത്യ ചിന്തകൾ ഉണ്ടാകുന്നത്.. സമൂഹത്തിനു വേണ്ടി ജീവിച്ചു നോക്കണം.. സ്വന്തം ജീവിതത്തിന്റെ വില സ്വയം മനസ്സിലാക്കാം..

മക്കളില്ലാത്ത പുരുഷോത്തമൻ ഭാഗ്യലക്ഷ്മി ദമ്പതികൾക്ക്… ഒരു ദത്തുപുത്രിയായി അച്ഛൻ എന്നെ നൽകിയതാണെന്ന സത്യം പിന്നീടാണ് ഞാനറിയുന്നത്.

ഡോക്ടർ, അച്ഛനെ ഫോണിൽ വിളിച്ച് എനിക്ക് തന്നു.. കരഞ്ഞുകൊണ്ട് അച്ഛൻ പറയുന്നുണ്ടായിരുന്നു.. നിന്നെ തല്ലിക്കൊല്ലുന്നത് കാണാൻ പറ്റുന്നില്ല മോളെ… അദ്ദേഹം നിന്നെ പൊന്നുപോലെ നോക്കും രക്തബന്ധം അല്ലെങ്കിലും പുരുഷോത്തമൻ എനിക്ക് ഒരു കൂടപ്പിറപ്പാണ്….

“ജീവിച്ചു ഞാൻ..”

“ഒരു മക്കൾക്ക് ജന്മം നൽകി…”

പുരുഷോത്തമൻ എന്ന ആ വലിയ മനുഷ്യൻ. എന്നെ പഠിപ്പിക്കുകയും. അദ്ദേഹത്തെപ്പോലെ ഒരു ഡോക്ടർ ആക്കുകയും ചെയ്തു…

ട്രെയിൻ കേരളത്തിലെത്തി…. എന്റെ കഥകൾ കേൾക്കുന്നതിനിടയിൽ എപ്പോഴോ മകൾ മയങ്ങിപ്പോയിരുന്നു.. എന്റെ നെഞ്ചോട് ഒട്ടിച്ചേർന്ന് അവൾ ഉറങ്ങുകയായിരുന്നു..

എല്ലാം അവളോട് തുറന്നു പറഞ്ഞപ്പോൾ.. മനസ്സിൽ കൊണ്ടുനടന്ന വലിയൊരു ഭാരം ഇറക്കി വച്ചതു പോലെ തോന്നി..

അവൾ അറിയണം അറിഞ്ഞിരിക്കേണ്ടതാണ്.. നാളെ എന്റെ ജീവിതം പോലെ കൈപ്പുള്ള അനുഭവം അവൾക്ക് ഉണ്ടാകാതിരിക്കാൻ ഞാൻ അത് പറഞ്ഞേ മതിയാവൂ…

ഗർഭഛിദ്രം നടത്തേണ്ടത് മക്കൾക്ക് ചതി പറ്റി കഴിഞ്ഞിട്ടല്ല.. സ്വപ്നങ്ങളുടെ ലോകത്ത് ജീവിക്കുന്ന പ്രായത്തിൽ.. പച്ചയായ ജീവിതങ്ങളെക്കുറിച്ച് അവരിൽ ബോധമുണ്ടാകണം…

സ്നേഹപൂർവ്വം:- Dr. Anitha vijayan

©TMT Creation

Leave a Reply

Your email address will not be published. Required fields are marked *