പറയാതെ പോയ പ്രണയം

രചന : – റനീഷ്.Pnr

നാട്ടിലെ ഒരു ഉത്സവത്തിന്റെ അന്നാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്. അമ്പലത്തിലെ ദീപസ്തംഭത്തിന്റെ അടുത്തായി പ്രകാശം പരത്തുന്ന തിരിനാളം പോലെ ഒരു മുഖം..! തെളിഞ്ഞുനിൽക്കുന്ന തിരികൾക്കാണോ, അവളുടെ മുഖത്താണോ കൂടുതൽ ശോഭ എന്നറിയാതെ ഞാനങ്ങനെ കണ്ണുമിഴിച്ചു നിന്നു…

മറ്റൊരുപാട് പെൺപിള്ളേർ അവിടുണ്ടായിരുന്നെങ്കിലും അവളിൽ മാത്രം എന്റെ കണ്ണുകൾ ഉടക്കി നിന്നു… ആ ചിരിയിൽ തെളിയുന്ന നുണക്കുഴി കാണാൻ വല്ലാത്തൊരു അഴകായിരുന്നു…

ആ നാട്ടിൽ ഒരുപാട് പെൺപിള്ളേരുണ്ടെങ്കിലും എന്റെ കണ്ണിൽ അവളുടെ അത്രയും ഭംഗിയുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല…! ഞാനാണെങ്കിൽ ആരെ കണ്ടാലും ഒരു ചിരി പാസ്സാക്കാറുണ്ട്. അതെന്റെ ഒരു ശീലമാണ്.. പക്ഷെ ഞാൻ എത്ര അവളെനോക്കി ചിരിച്ചിട്ടും അവൾ ശ്രദ്ധിക്കുന്നില്ല….

ഉത്സവത്തിന്റെ വെടികെട്ടു തുടങ്ങാറായിരുന്നു. കൂട്ടുകാർ വന്നു വിളിച്ചുവെങ്കിലും ഞാൻ അവിടെനിന്നും മാറാതെ ആ മുഖത്തുതന്നെ ഒളികണ്ണിട്ടു നോക്കികൊണ്ടിരുന്നു… അതുകണ്ട കൂട്ടുകാരാൻ പറഞ്ഞു..

ഹോ..! നീ ഇവിടെ അവളുടെ വായിൽ നോക്കി നിൽക്കുവാണോ..!. നിനക്ക് വേറെ ആരെയും കിട്ടീലെ…

അവളൊന്നും ഒരുകാലത്തും ലൈനാകില്ല മുടിഞ്ഞ ജാടയാ അവൾക്ക്… ആട്സ് കോളേജിൽ എന്റെ അനിയത്തിയുടെ ക്ലാസിലാ അവൾ പഠിക്കുന്നെ…!

ഞാൻ ഓർത്തു ഇടക്കൊക്കെ ഞാൻ ചിത്രം വരച്ചു കൊടുക്കാറുണ്ടായിരുന്നു അവന്റെ അനിയത്തിക്ക് അവളുടെ ക്ലാസ്സിലെ കുട്ടിയാ…..,

വരുന്നുണ്ടെങ്കിൽ വാ…. എന്ന് പറഞ്ഞു അവൻ പോയി.. ഞാൻ വീണ്ടും അവളെ നോക്കികൊണ്ട് നിന്നു. ഒരുപാട് നേരം നോക്കി നിന്നപ്പോൾ അവൾ ശ്രെദ്ധിച്ചു കാണും പെട്ടെന്ന് ആ മിഴിമുന എന്നിലേക്ക്‌ തിരിഞ്ഞു… ഞാൻ മെല്ലെ കാണാത്ത ഭാവം നടിച്ചു നിന്നു. അവൾ മുഖം തിരിച്ചപ്പോൾ വീണ്ടും നോക്കി… കണ്ണുകൾ കൊണ്ടുള്ള ഒരു കഥകളിതന്നെ അവിടെ നടന്നു..!.

വെടിക്കെട്ടിൽ മാനത്തു വിരിഞ്ഞു പൊട്ടുന്ന വർണ്ണം വിതറുന്ന അമിട്ടുകൾ തെളിഞ്ഞു. അതിലെല്ലാം അവളുടെ മുഖമാണ് വിരിഞ്ഞത്…… വെടികെട്ടു തീർന്നു ഉത്സവം അവസാനിക്കാറായി അവൾ വീട്ടുകരോടൊപ്പം പോകാൻ തുടങ്ങവേ എന്നെ ഒന്നു നോക്കി എന്നിട്ട് ഒരു ചെറിയ പുഞ്ചിരി സമ്മാനിച്ച്‌ നടന്നകന്നു… കണ്ണിൽ നിന്നും മറയുന്നവരെ ഞാനും നോക്കി നിന്നു..!

അന്ന് രാത്രിയിൽ എനിക്കുറങ്ങാൻ കഴിഞ്ഞില്ല.എത്ര കണ്ണടച്ച് കിടന്നാലും അവളുടെ മുഖം മാത്രം മനസ്സിൽ.. അന്ന് നേരം പുലർന്നത് എങ്ങനെയെന്നു എനിക്കോർമയില്ല…

അടുത്ത ദിവസം അവളെ വീണ്ടും കാണണം എന്ന് തോന്നി… .ആട്സ് കോളേജ് വിട്ട സമയത്ത് കോളജിനടുത്തു അവൾ ബസ്സ്‌ കാത്തു നിൽക്കുമ്പോൾ അവിടെ ചുറ്റിപറ്റി നിന്നു.. എന്റെ കൂട്ടുകാരന്റെ അനിയത്തി എന്നെ കണ്ടപ്പോൾ ഒരു ഹായ് പറഞ്ഞു… അവൾ കണ്ടഭാവം നടിക്കുന്നതെ ഇല്ല. എനിക്കെന്തോ ഒരു നിരാശതോന്നി….!

പിന്നീട് പലപ്പോഴും ക്ലാസ്സ്‌ വിടുന്ന സമയമായാൽ എങ്ങനെയെങ്കിലും ഞാനാ ബസ്സ്‌ സ്റ്റോപ്പിനടുത്ത് പോയി നിൽക്കു. വെറുതെ ഒന്നു കാണാൻ.. ഇടക്കൊക്കെ അവളൊന്നും ചിരിക്കാറുണ്ട്.. അത് മനസ്സിന് വലിയൊരു ആശ്വാസം ആയിരുന്നു…

ഇഷ്ട്ടമാണെന്ന് പറയാനുള്ള ധൈര്യം എനിക്കില്ലായിരുന്നു… കാരണം അവളുടെ ഭംഗി വച്ചു നോക്കുമ്പോൾ ഞാനെവിടെകിടക്കുന്നു…. ഇനി വെറുതെ ഇഷ്ട്ടം പറഞ്ഞാൽ ആ ഉള്ള ചിരിപോലും മാഞ്ഞുപോയാലോ…!

പിന്നീട് ഒരു ഞായറാഴ്ച രാവിലെ അമ്പലത്തിൽ പോയപ്പോൾ അവിടെ അവളെ കാണാനിടയായി

പച്ച പാട്ടുപാവാട ഉടുത്തു അവൾ വരുന്നതുകാണുമ്പോൾ വല്ലാത്തൊരു ഭംഗിയായിരുന്നു….

ആരും കൊതിക്കും അതുപോലൊരാളെ സ്നേഹിക്കാൻ…. പക്ഷെ എന്ത് ചെയ്യാം നമുക്ക് അതൊന്നും വിധിച്ചിട്ടുണ്ടാകില്ല….

കൂട്ടുകാരും, സ്വന്തം മനസ്സും അതൊന്നും നടക്കില്ല എന്ന് പറഞ്ഞു പിന്തിരിപ്പിച്ചു… പിന്നെ പിന്നെ എനിക്കും തോന്നി ഇഷ്ട്ടമാണെന്ന് അവളോട്‌ ചോതിച്ചിട്ടു, അവൾ അല്ല എന്നുപറഞ്ഞാൽ പിന്നെ അതാലോചിച്ചു ഒരുപാട് വിഷമിക്കേണ്ടി വന്നാലോ…. എല്ലാം ഇഷ്ടങ്ങളും പാതിവഴിയിൽ മനസ്സിൽ പകുതി മണ്ണിട്ട്‌ മൂടി…!.

പിന്നീട് ജീവിതം ഒന്നു പച്ചപിടിക്കാൻ ഒരു ജോലി ശരിയായപ്പോൾ ഞാൻ എറണാംകുളത്തേക്കു പോയി… കുറച്ചുനാൾ പിന്നെ അവിടായിരുന്നു..

നാട്ടിലെ കാര്യങ്ങളെല്ലാം വല്ലപ്പോഴുമേ ഓർക്കാറുള്ളു…. നാലുമാസത്തിനു ശേഷം നാട്ടിൽ വന്നു….

വീട്ടുകാർ പറഞ്ഞു ജോലിയൊക്കെ ആയില്ലേ.. ഇനി കല്യാണം നോക്കിക്കൂടെ…. ഞാൻ പറഞ്ഞു സമയമായില്ല കുറച്ചു കഴിയട്ടെ….

ആ അമ്പലത്തിന്റെ അടുത്തൂടെ പോകുമ്പോഴും ബസ്റ്റോപ്പിനടുത്ത് നിൽക്കുമ്പോഴും അവളെ ഓർമ്മവരും. പക്ഷെ എങ്കിലും ഞാൻ എല്ലാം സാവധാനം മറക്കാൻ ശ്രെമിച്ചിരുന്നു…

ഒരുദിവസം അമ്പലത്തിൽ വച്ചു കൂട്ടുകാരന്റെ അനിയത്തിയെ കണ്ടു…. ഞാൻ അവളും കൂടെ കാണും എന്ന് കരുതി ആകാംഷയോടെ നിന്നു ..

പഷേ അവളെ മാത്രം കണ്ടില്ല കൂട്ടുകാരന്റെ അനിയത്തി ചോതിച്ചു. എവിടായിരുന്നു ഇത്രയും കാലം… കാണാറേ ഇല്ലായിരുന്നല്ലോ… ഞാൻ പറഞ്ഞു എറണാംകുളത്തായിരുന്നു… അവൾ പോകാൻ ഭാവിക്കവേ ഞാൻ അവളെ കുറിച്ച് ചോതിച്ചു.,

കൂട്ടുകാരി എവിടെ കണ്ടില്ല..?””.

അവൾ പറഞ്ഞു അവളുടെ കല്യാണനിശ്ചയം ആയിരുന്നു ഇന്നലെ…

ചെറിയൊരു വിഷമം ഉള്ളിൽ തോന്നിയെങ്കിലും ഞാൻ എന്റെ ആശംസകൾ നേരാൻ പറഞ്ഞു….!

അപ്പോൾ അവളുടെ മറ്റൊരു ചോദ്യം.

ചേട്ടൻ എന്താ അവളെ അന്വേഷിക്കാൻ കാരണം. ചേട്ടന് അവളെ ഇഷ്ട്ടായിരുന്നോ….?

അവളുടെ ആ ചോദ്യത്തിനു മുന്നിൽ ഞാൻ ഒന്നു പതറിപ്പോയി….. ഇനിയെന്തിനു അവളോട്‌ ഒളിച്ചുവക്കണം ഞാൻ എല്ലാം അവളോട്‌ തുറന്ന് പറഞ്ഞു…

ഇതുകേട്ട അവൾ എന്നോട് ചോദിച്ചു..

എന്നിട്ടെന്തേ ചേട്ടൻ ഈ കാര്യമൊന്നും അവളോട്‌ പറയാഞ്ഞേ….,?

ഞാൻ പറഞ്ഞു അവൾ കാണാൻ നല്ല ഭംഗിയുള്ളവളല്ലേ…! എന്നെയൊന്നും ഇഷ്ടമാകില്ല. ആ ഒരു പേടികൊണ്ടൊക്കെയാ പറയാതിരുന്നെ…,

അവൾ കുറച്ചുനേരം മിണ്ടാതിരുന്നു…. എന്നിട്ട് പറഞ്ഞു.

ചേട്ടന് ഇഷ്ടാണെന്നു അവളോട്‌ ഒരു വാക്ക് പറയാർന്നു…, അവൾക്ക് ചേട്ടനെ ഇഷ്ടോക്കെ ആയിരുന്നു.

ചേട്ടൻ എനിക്ക് വരച്ചു തന്നിരുന്ന ചിത്രങ്ങളൊക്കെ ഞാൻ അവളെ കാണിക്കാറുണ്ടായിരുന്നു. അതൊക്കെ അവൾക്ക് നല്ല ഇഷ്ട്ടായിരുന്നു… എന്നോട് പറയാറുണ്ടായിരുന്നു… കുറെ നാൾ കാണാതായപ്പോഴും എന്നോട് തിരക്കാറുണ്ടായിരുന്നു. എന്തെ ഒന്നു പറയാതെ പോയെ എന്ന്.. ഇടക്ക് പറയും ചേട്ടന്റെ ചിരി കാണാൻ ഒരു പ്രത്യേക ഭംഗിയാന്നു…. പക്ഷെ.. ഇപ്പോൾ എല്ലാം ഒരുപാട് വൈകി പോയില്ലേ ഇനി എന്ത് ചെയ്യാനാ….

ഇത്രയും പറഞ്ഞു അവൾ നടന്നകന്നുപോയി….

ഞാനാകെ ഹൃദയം തരിച്ചു നിന്നു….! ഒരു നഷ്ടബോധം ഉള്ളിൽ നിഴലിച്ചു….,

അതെ ചില ഇഷ്ടങ്ങൾ അങ്ങനെയാണ്…. നമ്മളറിയില്ല…..! പറയേണ്ട സമയത്ത് ഇഷ്ടം പറയാതിരുന്നാൽ ഇതുപോലിരിക്കും….! പോയാൽ ഒരു വാക്ക്, കിട്ടിയാൽ ഒരു ജീവിതം…..! നമ്മൾ തന്നെ നമ്മുടെ ജീവിതത്തിൽ വരുത്തി വക്കുന്ന നഷ്ടങ്ങളെ ആണ് നമ്മൾ വിധി എന്ന് പറയുന്നത്… നഷ്ടങ്ങളെ എല്ലാം നഷ്ട്ടങ്ങൾക്ക് വിട്ടുകൊടുക്കുക നമ്മളെ കാത്തിരിക്കുന്ന ഏതങ്കിലും ഒരാൾ ജീവിതത്തിലേക്ക് വരാതിരിക്കില്ല….

(ഓർമ്മകുറിപ്പുകൾ)

രചന : – റനീഷ്.Pnr

Leave a Reply

Your email address will not be published. Required fields are marked *