അവനെ ഇറുകെ പുണർന്നുകൊണ്ട് അവൾ പറഞ്ഞതും കൈകളുടെ മുറുക്കം കൂടുന്നത് അവൾ അറിയുന്നുണ്ടായിരുന്നു…

രചന: Jibitha Martin

മൗനമായ്…

നമുക്ക് പിരിയാം ഗായത്രി…

ഇടുത്തി പോലെ ആണ് ആ സ്വരം അവളുടെ കാതുകളിൽ പതിച്ചത്…

കേട്ടത് സത്യമാണോ എന്നറിയാൻ അവൾ അവന്റെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി…

ആർത്തിരമ്പുന്ന കടലിലേക്ക് ഉറ്റു നോക്കി ഇരിക്കുകയായിരുന്നു അവൻ…

അവൾ നോക്കുന്നത് ഇടം കണ്ണാലെ കണ്ടിരുന്നെങ്കിലും മുഖത്തേക്ക് നോക്കിയില്ല…

താനും അതല്ലേ ആഗ്രഹിക്കുന്നത്… എത്ര നാൾ എന്ന് കരുതിയ ഇങ്ങനെ… എനിക്കും മടുത്തെടോ… എന്നെങ്കിലും ഒരിക്കൽ താൻ എന്നെ സ്നേഹിക്കും എന്ന വിശ്വാസമായിരുന്നു ഇത് വരെ… പക്ഷെ ഇപ്പോ എനിക്കറിയാം ഒരു ഭർത്താവായി തനിക്ക് എന്നെ ഒരിക്കലും കാണാൻ സാധിക്കില്ല എന്ന്… തന്റെ സമ്മതം ഇല്ലാതെ ആണ് ഈ വിവാഹം ഉറപ്പിച്ചത് എന്ന് നേരത്തെ ഞാൻ അറിഞ്ഞിരുന്നേൽ ചിലപ്പോ ഇങ്ങനെ ഒന്നും ആവുമായിരുന്നില്ല നമ്മുടെ ജീവിതം അല്ലേ… പക്ഷെ തന്നെ എനിക്ക് ഒരുപാട് ഇഷ്ട്ടമായിരുന്നു… അല്ല ഇഷ്ട്ടമാണ്… ഇപ്പോഴും പിരിയാൻ ആഗ്രഹം ഉണ്ടായിട്ടല്ല… പക്ഷെ വേണ്ടാ… ഇനിയും തന്നെ ഇങ്ങനെ എന്റെ താലി എന്ന ബന്ധനത്തിൽ മാത്രം ഒതുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല… ഒരുപാട് ആലോചിച്ചു എടുത്ത തിരുമാനം ആണ്… അമ്മയോട് പറഞ്ഞിട്ടില്ല… പേടിക്കണ്ട ഞാൻ പറഞ്ഞോളാം… പെട്ടെന്ന് കേട്ടാൽ ചിലപ്പോ അതിന് സഹിക്കാൻ പറ്റി എന്ന് വരില്ല… ഇഷ്ട്ടമാണ് ആ പാവത്തിന് നിന്നെ ഒരുപാട്… താൻ എന്നും സന്തോഷമായി ഇരിക്കണം… ദൂരെ നിന്നാണെകിലും എനിക്ക് അത് മാത്രം കേട്ടാൽ മതി …

അവൻ പറഞ്ഞ് നിർത്തിയതും തറഞ്ഞു പോയിരുന്നു ഗായത്രി… ഇങ്ങനെ ഒരു നീക്കം ഉണ്ടാവും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല… കണ്ണുകൾ അനുസരണക്കേട് കാണിക്കാൻ തുടങ്ങിയിരുന്നു… നിറഞ്ഞ മിഴികൾ അവൻ കാണാതിരിക്കാനായി അവൾ തിരിഞ്ഞിരുന്നു തുടച്ചു…

നാളെ തന്നെ തന്റെ വീട്ടിൽ ആക്കാം… ഇനിയും ഇങ്ങനെ ഇഷ്ടമില്ലാതെ ഇവിടെ കടിച്ചുതൂങ്ങേണ്ടടോ… തന്റെ അച്ഛനോട് ഞാൻ സംസാരിച്ചോളാം…

അവൻ പറയുന്നതെല്ലാം കേട്ട് അവൾ ഇരുന്നു… നെഞ്ച് പൊട്ടുന്നുണ്ടായിരുന്നു… ഉള്ളിൽ നിശബ്ദമായി തേങ്ങി കരഞ്ഞു…

പിന്നീട് നീണ്ട നിശ്ശബ്ദതയായിരുന്നു… നേരം സന്ധ്യ ആയി തുടങ്ങിയിരുന്നു… പലതരത്തിലുള്ള കിളികൾ വലിയ ശബ്ദമുണ്ടാക്കി കടന്നു പോയി… കടലിൽ നിന്നുമുള്ള തണുത്ത കാറ്റ് അവരെ വന്നു പൊതിയുന്നുണ്ടായിരുന്നു…

ഗായത്രി ഉടുത്തിരുന്ന സാരിയുടെ മുന്താണി എടുത്ത് മേലാകെ പൊതിഞ്ഞു …

പോകാം… നല്ല കാറ്റ്… മഴയും വരുന്നുണ്ട് എന്ന് തോന്നുന്നു…

ഗായത്രി തല ഉയർത്തി ആകാശത്തേക്ക് നോക്കി… രക്തവർണ്ണമായിരുന്ന ആകാശത്തെ കാർമേഘങ്ങൾ വന്ന് മൂടുന്നത് അവൾ കണ്ടു….

അവളുടെ ചുണ്ടിൽ തെളിച്ചമല്ലാത്തൊരു ചിരി വിരിഞ്ഞു… തന്റെ മനസ്സും ഇപ്പോ കാര്മേഘങ്ങളാൽ മൂടപ്പെട്ടു കിടുക്കവാണല്ലോ എന്നവളോർത്തു… എപ്പോൾ വേണമെങ്കിലും അത് പെയ്തൊഴിയാം..

എന്താടോ ആലോചിക്കണെ… അമ്മ ഒറ്റക്കല്ലേ വാ പോകാം… സന്ധ്യ ആവാറായി…

ഇരുന്നിടത്തു നിന്ന് എഴുനേറ്റ് പറഞ്ഞ് കൊണ്ട് അവൻ മുണ്ട് ഒന്ന് കുടഞ്ഞു… സാരീ ഉടുത്തിരുന്നത് കൊണ്ട് ഗായത്രിക്ക് എഴുനേൽക്കാൻ കുറച്ചു ബുദ്ധിമുട്ടേണ്ടി വന്നു … അത് മനസ്സിലാക്കി അവൻ അവൾക്ക് നേരെ കൈകൾ നീട്ടി പിടിച്ചു…

തനിക്ക് നേരെ നീണ്ടു വന്ന കൈകളിലേക്കും അവന്റെ മുഖത്തേക്കും അവൾ മാറി മാറി നോക്കി… എന്തൊക്കെയോ സന്തോഷം അവളിൽ വന്നു നിറഞ്ഞു… എന്നാൽ ഉടനെ തന്നെ അത് മങ്ങുകയും ചെയ്തു… ഇനി ഈ കൈകൾ ഒരു താങ്ങായി തനിക്കൊപ്പം ഉണ്ടാകുമോ…

കൈകളിൽ പിടിക്കാതെ തന്റെ മുഖത്ത് തന്നെ നോക്കി ഇരിക്കുന്ന ഗായത്രിയെ കണ്ടതും താൻ ചെയ്ത പ്രവർത്തി അവൾക്ക് ഇഷ്ടമായില്ല എന്ന് കരുതി അവൻ കൈകൾ പിൻവലിക്കാൻ ഒരുങ്ങി…

അതെ സമയം തന്നെ ഗായത്രി അവന്റെ കൈകളിൽ മുറുകെ പിടിച്ചു എഴുനേറ്റു… അവൾക്കായി ഒരു ചിരി സമ്മാനിച്ചു അവൻ തിരിഞ്ഞു നടന്നു… സാരീ നേരെയാക്കി അവന് പിന്നാലെ ആയി അവളും…

കാറിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ഇരുവരും നിശബ്ദരായിരുന്നു… പുറത്ത് മഴ ചാറി തുടങ്ങിയിരുന്നു… ഗായത്രി മെല്ലേ കണ്ണുകളടച്ചു സീറ്റിലേക്ക് ചാഞ്ഞിരുന്നു…

✴️✴️✴️✴️

അച്ഛന്റെ നിർബന്ധത്തിന് വഴങ്ങി ഈ കല്യാണത്തിന് സമ്മതം മൂളുമ്പോൾ ഒരിക്കലും അയാളായി പൊരുത്തപ്പെടാൻ സാധിക്കില്ല എന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു…

എന്തായിരുന്നു കാരണം… വാശി… അതെ തന്റെ വാശി… തന്റെ പൂർണ്ണ സമ്മതം ഇല്ലാതെ വിവാഹം ഉറപ്പിച്ചതിനു അച്ഛനോടുള്ള വാശി … പഠനം കഴിഞ്ഞ് ഒരു ജോലിക്കായി ശ്രമിക്കുമ്പോൾ ആണ് ഈ കല്യാണാലോചന വരുന്നത്… ഇപ്പോ വേണ്ട എന്ന പറ്റാവുന്നിടത്തോളം പറഞ്ഞ് നോക്കി… ഒടുവിൽ ‘അവരൊന്നു വന്നു കണ്ട് പോട്ടെടാ നിനക്ക് ഇഷ്ട്ടമില്ലേൽ നടത്തില്ല എന്ന അമ്മയുടെ വാക്കിന് എതിര് പറയാൻ തോന്നിയില്ല… സമ്മതം അറിയിച്ചപ്പോൾ തലമുടിയിൽ ഒന്ന് തലോടി നെറ്റിയിൽ അമർത്തി മുത്തിയിരുന്നു അമ്മ… ഒന്നും മിണ്ടാതെ അമ്മയുടെ മാറിലേക്ക് ചാഞ്ഞു…

✳️✳️✳️✳️

പെണ്ണ് കാണാൻ വന്ന അന്ന് മുഖം പോലും താൻ ഓർക്കുന്നില്ല… മുഖത്ത് നോക്കിയില്ല എന്ന് തന്നെ പറയാം…

എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം എന്ന് അമ്മാവൻ പറഞ്ഞപ്പോൾ അറിയാവുന്ന ദൈവങ്ങളെ എല്ലാം വിളിച്ചു.. ഒന്ന് സംസാരിക്കാൻ പോലും താല്പര്യം ഉണ്ടായിരുന്നില്ല….

എന്റെ പ്രാർത്ഥന കേട്ടിട്ടോ എന്തോ അയാൾ തന്നെ പറയുന്നത് കേട്ടു…

പ്രേതെകിച്ചു സംസാരിക്കാൻ മാത്രം ഒന്നുല്ല… ഗായത്രിയെ കുറിച്ച് ഏകദേശം കാര്യങ്ങളെല്ലാം അറിയാം… രാഘവേട്ടൻ പറഞ്ഞു എന്ന് …

ആശ്വാസമാണ് തോന്നിയത്… പിന്നീട് അവിടെ നിൽക്കാൻ തോന്നിയില്ല മുറിയിലേക്ക് പോന്നു… പോരുന്നതിനിടക്ക് കേട്ടിരുന്നു അച്ഛൻ എന്തൊക്കെയോ ചോദിക്കുന്നത്…

പേര് അഭിറാം… അമ്മ മാത്രമേ ഉള്ളൂ… ചെറുപ്രായത്തിൽ അച്ഛൻ മരിച്ചതാണത്രേ … ഒരുപാട് കഷ്ടപ്പെട്ടാണ് അമ്മ അവനെ വളർത്തിയത് എന്ന്… ഇപ്പോ ഇവിടത്തെ സ്കൂളിലെ മാഷാണ് ആള്… നല്ല ബന്ധമാണ് ഗായു… നിനക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും നല്ലത്… നിന്നെ പൊന്നു പോലെ അവൻ നോക്കും…

അമ്മ വന്ന് മുടിയിഴകൾ തഴുകികൊണ്ട് പറഞ്ഞു…

പക്ഷെ എന്തോ ഇപ്പൊ കല്യാണം വേണ്ട എന്ന് തന്നെ മനസ്സ് പറഞ്ഞു… എല്ലാവർക്കും ഈ ബന്ധത്തിന് താല്പര്യം ഉണ്ടെന്ന് സംസാരത്തിൽ നിന്നും മനസ്സിലായി… എന്നാൽ താൻ തന്റെ നിലപാടിൽ തന്നെ ഉറച്ചു നിന്നു…

അച്ഛനായിരുന്നു ഏറ്റവും വാശി ഈ കല്യാണം നടത്തണം എന്ന്… എതിർക്കാൻ ഒരുപാട് ശ്രമിച്ചു… അവസാനം അവിടെയും തോറ്റു…

വലത് കാല് വെച്ച് ആ വീടിന്റെ പടികൾ ചവിട്ടി കയറുമ്പോൾ തന്റെ ജീവിതം ഇനി എങ്ങനെ ആയിരിക്കും എന്ന് ഒരു പിടിയും ഇല്ലായിരുന്നു…

അവിടെ എല്ലാം തനിക്ക് അത്ഭുതം ആയിരുന്നു.. സ്നേഹിക്കാൻ മാത്രമറിയുന്ന ഒരമ്മ… പാവപെട്ട നാട്ടുകാര്… അങ്ങനെ… അങ്ങനെ… പക്ഷെ എന്തോ അഭിയേട്ടനോട് ഒരു അകൽച്ച… എന്നാൽ തന്നെ നോക്കുന്ന ആ കണ്ണുകളിൽ ഒരു തിളക്കം താൻ കാണുന്നുണ്ടായിരുന്നു… പക്ഷെ എന്തോ മനസ്സ് അങ്ങോട്ട് എത്തുന്നുണ്ടായില്ല… ഇപ്പഴും എന്തോ ഒന്ന് തന്നെ അതിൽ നിന്നും പിന്നിലേക്ക് വലിക്കുന്ന പോലെ…

അന്ന് രാത്രി ക്ഷീണം ആണ് ഒന്ന് കിടക്കണം എന്ന് പറഞ്ഞപ്പോൾ ആധിയോടെ നെറ്റിയിലും കഴുത്തിലുമെല്ലാം തൊട്ടു നോക്കുന്നുണ്ടായിരുന്നു…

മെല്ലേ കൈകൾ എടുത്ത് മാറ്റി കുഴപ്പമൊന്നുമില്ല ഒന്ന് ഉറങ്ങിയാൽ ശെരിയാവും എന്ന് പറഞ്ഞു കയറി കിടന്നു… കണ്ണികളടച്ചു ഭിത്തിയോട് ചേർന്ന് കിടന്നു… പുതപ്പെടുത്തു തന്നെ പുതപ്പിച്ചു ലൈറ്റ് അണച്ചു അരികിൽ വന്ന് കിടന്നതറിഞ്ഞു…

എന്തൊക്കെയോ ആലോചിച്ചു കിടന്നു എപ്പഴോ ഉറങ്ങി പോയി….

പിറ്റേന്ന് നേരം പുലർന്നപ്പോൾ അരികിൽ ആളുണ്ടായിരുന്നില്ല…. സമയം എട്ടിനോട് അടുത്തിരുന്നു… ചാടി പിടച്ചു എഴുനേറ്റ് ഒരു കുളിയും പാസാക്കി താഴേക്ക് ചെന്നു…

നേരെ അടുക്കളയിലേക്ക് ആണ് പോയത്… അമ്മ പുറം തിരിഞ്ഞു എന്തോ ചെയ്യുകയാണ്… ഞാൻ വന്നെന്ന് മനസ്സിലായതും ആധിയോടെ അരികിലേക്ക് വന്ന് നെറ്റിയിലും കഴുത്തിലെല്ലാം തൊട്ടു നോക്കുന്നുണ്ടായിരുന്നു…

ഹോ ഇപ്പോഴാ സമാധാനമായേ.. മോൾക്ക് വയ്യാ എന്ന് അഭി വന്ന് പറഞ്ഞു…

കുഴപ്പുല്ല ഇപ്പോ…

ആധിയോടെ അമ്മ പറഞ്ഞത് കേട്ട് ഞാൻ ചെറു ചിരിയോടെ പറഞ്ഞു…

ചായകുടിക്കാൻ എല്ലാവരും ഒന്നിച്ചാണ് ഇരുന്നത് … അതെല്ലാം ആദ്യത്തെ അനുഭവം ആയിരുന്നു… ഇതൊന്നും വീട്ടിൽ ശീലമില്ല… എല്ലാവർക്കും തോന്നുന്ന സമയം…

ചായകുടിച്ചു കഴിഞ്ഞതും അടുത്ത വീട്ടിലെ ആണെന്ന് തോന്നുന്നു രണ്ട് പെൺകുട്ടികൾ വന്ന് സംസാരിച്ചു… അവരോട് സംസാരിച്ചു സമയം കുറെ തള്ളി നീക്കി… അടുത്തുള്ള ഏകദേശം സ്ഥലങ്ങളൊക്കെ കാണിച്ചു തന്നു.. കുറെ പേരെ പരിചയപ്പെടുത്തി തന്നു…. വായാടികൾ ആണ് രണ്ടാളും… അച്ചുവും അമ്മുവും…

അന്നത്തെ ദിവസം അങ്ങനെ കടന്നു പോയി… എല്ലാവരുമായി പൊരുത്തപ്പെട്ടു തുടങ്ങിയെങ്കിലും അഭിയേട്ടനോട് മാത്രം വിട്ട് നിന്നു… അധികം ഒന്നും സംസാരിച്ചിരുന്നില്ല… എന്തങ്കിലും ചോദിച്ചാൽ മാത്രം മറുപടി പറഞ്ഞു അങ്ങനെ ദിവസങ്ങൾ തള്ളി നീക്കി… ആദ്യമെല്ലാം പെട്ടെന്ന് വീട് മാറിയതിന്റെ വിഷമം ആണ് തനിക്കെന്നാണ് വിചാരിച്ചിരുന്നത് എന്ന് തോന്നുന്നു… തുടർന്ന് വന്ന ദിവസങ്ങളിലും ഇതേ പോലെ തുടർന്നപ്പോഴും കിടപ്പ് മുറിയിൽ അകലം പാലിച്ചതുകൊണ്ടോ മറ്റോ ഒരു ദിവസം ഞാൻ മുറിയിലേക്ക് ചെന്നപ്പോൾ എന്നെ കാത്തെന്ന പോലെ ആള് കട്ടിലിൽ ചാരി വാതിൽക്കലേക്ക് നോക്കി ഇരിക്കുവായിരുന്നു…

ഗായു…

കിടക്കാനായി ഒരുങ്ങിയ എന്നെ നോക്കി വിളിച്ചു…

തനിക്ക് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ… മറ്റൊന്നുമല്ല എന്നോട് എന്തോ ഒരു അകൽച്ച പോലെ… എന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞോളൂ കേട്ടോ…

എന്ത് പറയും… ഗായത്രി ആലോചിച്ചു… ഒടുവിൽ എല്ലാ കാര്യവും പറയാം എന്ന് ഉറപ്പിച്ചു…

അങ്ങനെ അച്ഛന്റെ നിർബന്ധം കാരണം പെണ്ണുകാണൽ ചടങ്ങിന് സമ്മതം അറിയിച്ചത് മുതൽ ഇത് വരെ ഉള്ള കാര്യങ്ങളെല്ലാം തുറന്ന് പറഞ്ഞു…

എല്ലാം കേട്ടിട്ടും അഭി ഒന്നും മിണ്ടിയില്ല…

അപ്പോ ഇപ്പോഴും തനിക്ക് ഈ വിവാഹം നടന്നതിൽ താല്പര്യക്കുറവുണ്ടോ…

അല്പസമയത്തെ നിശ്ശബ്ദതക്ക് ശേഷം അഭിറാം ചോദിച്ചു…

എനിക്ക് അല്പം സമയം തരണം…

അത്രമാത്രമാണ് പറഞ്ഞത്…മറ്റൊന്നും നാവിൽ വന്നില്ല … എന്ത്‌കൊണ്ടാണ് താൻ അങ്ങനെ പറഞ്ഞത് അതും അറിയില്ല… ആ മുഖത്ത് ആശ്വാസത്തിന്റെ നിഴൽ വീഴുന്നത് കണ്ടു…

മതി… കാത്തിരുന്നോളാം ഞാൻ…

അത്രയും മാത്രം പറഞ്ഞു ബെഡിലേക്ക് ചാഞ്ഞു… ഭിത്തിയോട് ചേർന്ന് താനും….

❤️❤️❤️❤️

ദിവസങ്ങൾ കടന്നുപോയി… താൻ പൂർണ്ണമായും ആ വീടുമായി ഇണങ്ങി…അഭിയേട്ടനോടുള്ള തന്റെ പെരുമാറ്റത്തിൽ അല്പം മാറ്റങ്ങൾ വന്നു… ഒന്നിലും നിർബന്ധം പറയാറില്ലെങ്കിലും ആള് എന്റെ കാര്യങ്ങളെല്ലാം കണ്ടറിഞ്ഞു ചെയ്തിരുന്നു… എനിക്ക് ആ വീട്ടിൽ ഒരു വിഷമവും ഇല്ലായിരുന്നു എന്ന് സാരം… സന്തോഷമായിരുന്നു… സ്നേഹം കൊണ്ട് തന്നെ വീർപ്പുമുട്ടിക്കുന്നുണ്ടായിരുന്നു അവർ …

കുറച്ചു നാളായി അഭിയേട്ടന് തന്നോടുള്ള പെരുമാറ്റത്തിൽ എന്തോ ഒരു അകൽച്ച പോലെ.. ആദ്യത്തെ പോലെ ഒന്നും സംസാരിക്കാറില്ല… തന്റെ തോന്നൽ ആവും എന്ന് കരുതി… എന്ത് പറ്റി എന്ന് ചോദിക്കാൻ മാത്രം ബന്ധം ഉടലെടുത്തോ എന്ന് മനസ്സിനോട് ചോദിച്ചു…

പക്ഷെ ആ നിശബ്ദത തന്നെ അസ്വസ്ഥയാക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു… ഭക്ഷണം കഴിക്കുമ്പോഴും ഒന്നിച്ചിരുന്നു സംസാരിക്കുമ്പോഴും ഒന്നും ആ കണ്ണുകൾ അറിയാതെ പോലും തന്നെ തേടി വരാഞ്ഞതിൽ ആദ്യമായി എന്തോ ഒരു വിഷമം തോന്നി… കിടക്കാനായി മുറിയിലേക്ക് ചെല്ലുമ്പോഴേക്കും ആള് ഉറക്കമായി കാണും…

ദിവസങ്ങൾ കടന്നു പോയി… ആളുടെ പെരുമാറ്റത്തിൽ യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല… ആവശ്യങ്ങളെല്ലാം അമ്മയോട് ആണ് പറഞ്ഞിരുന്നത്…

ഒരു ദിവസം എന്തോ ചോദിച്ചപ്പോൾ നിന്നെ പിടിച്ചു കെട്ടിച്ചത് നിന്റെ ആവശ്യങ്ങൾ എന്നെകൊണ്ട് ചെയ്യിക്കാനല്ല നിന്റെ ഭാര്യയെ കൊണ്ട് ചെയ്യിക്കാൻ ആണ് എന്ന് അമ്മ കളിയായി പറഞ്ഞപ്പോൾ ഇത്ര നാൾ അവളല്ലല്ലോ എന്റെ കാര്യങ്ങൾ ചെയ്ത് തന്നത് അമ്മയല്ലേ… പറ്റുമെങ്കിൽ ചെയ്ത് താ അല്ലെങ്കിൽ ഞാൻ പോവാണെന്ന് പറഞ്ഞു ഇറങ്ങി പോയ അഭിയേട്ടനെ കണ്ടപ്പോ ഉള്ളൊന്ന് പിടഞ്ഞു… ആ അമ്മയും ആദ്യമായി കാണുകയായിരുന്നു മകനെ ഇത്ര ദേഷ്യത്തിൽ എന്ന് മുഖഭാവത്തിലൂടെ മനസ്സിലാക്കാമായിരുന്നു… അറിയാതെ കണ്ണുകൾ നിറഞ്ഞു… അമ്മയെ നോക്കി തെളിച്ചമില്ലാത്ത ഒരു ചിരി നൽകി മുറിയിലേക്ക് നടന്നു… കിടക്കയിലേക്ക് വീഴുമ്പോഴും കണ്ണുകൾ പെയ്ത് തുടങ്ങിയിരുന്നു… എന്താണ് തനിക്ക് പറ്റിയത്… ആ വാക്കുകൾ ഇത്രമാത്രം ഹൃദയത്തിൽ ആഴ്ന്നിറങ്ങണമെങ്കിൽ എനിക്കയാൾ ആരെല്ലാമോ ആയി തീർന്നിരിക്കുന്നു… പേരറിയാത്തൊരു വികാരം തന്നിൽ മുളപൊട്ടിയിരിക്കുന്നു… എന്താണത്… അവൾ സ്വയം ചോദിച്ചു…

രണ്ട് ദിവസത്തിനു ശേഷം ജോലി കഴിഞ്ഞു വന്നപ്പോൾ താൻ മുറിയിൽ തുണികൾ അടക്കുകയായിരുന്നു…

നമുക്കൊന്ന് പുറത്ത് പോവാം… താൻ വേഗം റെഡി ആവൂ…

കേട്ടപ്പോൾ ഉള്ളിൽ അതിയായ സന്തോഷം നുരഞ്ഞു പൊന്തി… വിവാഹത്തിന് ശേഷം ആദ്യമായാണ് ഒരു യാത്ര… ആദ്യമെല്ലാം എന്തെങ്കിലും തടസ്സം താൻ തന്നെ പറയുമായിരുന്നു… ഇനിയും ചോദിച്ചാൽ വരില്ല എന്ന് ഒര്തായിരിക്കണം പിന്നീട് ചോദിച്ചിട്ടില്ല…

ഉടനെ തന്നെ റെഡി ആയി അമ്മയോട് പോയി കാര്യം പറഞ്ഞു…

വൈകാതെ ഇങ്ങ് എത്തിയേക്കണം എന്ന് മാത്രം കവിളിൽ തലോടി പറഞ്ഞു…

വൈകാതെ തന്നെ ഇറങ്ങി… കാറിൽ ആയിരുന്നു പോയിരുന്നത്… പോകുമ്പോഴെല്ലാം മനസ്സ് തുള്ളിച്ചാടുന്നുണ്ടായിരുന്നു… ഇന്ന് ഉള്ള് തുറന്ന് സംസാരിക്കണം എന്ന് മനസ്സിൽ ഉറപ്പിച്ചു… എന്തൊക്കെയോ ഓർത്ത് ഇരുന്നു… കാർ നിർത്തിയതൊന്നും അറിഞ്ഞില്ല… ഏട്ടൻ തട്ടി വിളിച്ചപ്പോൾ ആണ് കടൽ തീരത്ത് എത്തിയത് അറിഞ്ഞത്…

അലയടിച്ചുയരുന്ന തിരമാലകൾ കണ്ടപ്പോൾ മനസ്സ് ഒരു കൊച്ചു കുഞ്ഞിനെ പോലെ തുള്ളി ചാടി… കണ്ണുകൾ കൊണ്ട് ചുറ്റും ഒന്ന് പരതി… അവിടെ ഇവിടെ ആയി ആളുകൾ ഉണ്ട്… ആളൊഴിഞ്ഞ ഒരു മൂലയിൽ ഞങ്ങൾ ഇരുന്നു… അപ്പോഴും കണ്ണുകൾ ചുറ്റും പരതുകയായിരുന്നു… ഒരു കൊച്ചു കുഞ്ഞിന്റെ കൗതുകത്തോടെ…

നമുക്ക് പിരിയാം ഗായത്രി…

ആ ശബ്ദം വീണ്ടും കാതിൽ മുഴങ്ങിയതും ഞെട്ടി കണ്ണുകൾ തുറന്നു… ചുറ്റും ഒന്ന് പരതി ഇരുട്ടായി തുടങ്ങിയിരുന്നു… വീട്ടിലേക്കുള്ള വഴിയിലേക്ക് വണ്ടി തിരിഞ്ഞിരുന്നു… സാരിയുടെ തുമ്പുകൊണ്ട് മുഖം അമർത്തി തുടച്ചു…

ചെന്ന് കയറിയതും കണ്ടു വാതിൽക്കൽ തന്നെ തങ്ങളെയും കാത്തെന്ന പോലെ നിൽക്കുന്നുണ്ട് അമ്മ… കാറിന്റെ ലൈറ്റ് ഉമ്മറത്തെ ഭിത്തിയിലേക്ക് അടിച്ചപ്പോൾ ആ അമ്മയുടെ മുഖം പ്രസന്നമാകുന്നത് കണ്ടു… എന്തോ വല്ലാത്തൊരു സ്നേഹം തോന്നി അമ്മയോട്… ഈ അമ്മയെ വിട്ട് താൻ എങ്ങോട്ട് പോവാനാ… ഉള്ളിലിരുന്ന് ആരോ ചോദിക്കുന്നുണ്ടായിരുന്നു….

ചെന്ന് കയറിയതും പരാതി പെട്ടി തുറന്നിരുന്നു…

എവിടെ ആയിരുന്നു… ഇരുട്ടായിലോ… എത്ര നേരായി കാത്തിരിക്കുന്നു… എന്താ വിളിക്കാഞ്ഞേ എന്നൊക്കെ….

കവിളിൽ കൊടുത്ത ഒരു നേർത്ത ചുംബനത്തിലൂടെ പരിഭവങ്ങളെല്ലാം അലിയിച്ചു കളഞ്ഞു…

പിന്നെ ഒന്നും മിണ്ടാതെ മുറിയിലേക്ക് നടന്നു…

ഭക്ഷണം കഴിക്കാനായി വിളിച്ചെങ്കിലും എന്തോ കഴിക്കാൻ തോന്നിയില്ല… അമ്മയും ഏട്ടനും മാറി മാറി വിളിച്ചു പക്ഷെ പോയില്ല… എന്തോ മനസ്സ് തളർന്നിരുന്നു… കണ്ണുകൾ നിറഞ്ഞൊഴുകി… അഭിയേട്ടനിൽ നിന്ന് ഒരു മടങ്ങി പോക്ക് ഒരിക്കലും സാധിക്കില്ല എന്ന് മനസ്സ് അലറി വിളിച്ചു പറയുന്നുണ്ടായിരുന്നു.. അഭിയേട്ടനും അമ്മയും ഈ വീടും വിട്ട് മറ്റൊന്നും തനിക്കിനി വേണ്ട എന്ന് ഉറക്കെ ഉറക്കെ പറയാൻ തുടങ്ങി… ഇടക്കെപ്പോഴോ കരച്ചിലിന്റെ ശബ്ദം കൂടിയതും പണി പെട്ട് അടക്കി നിർത്തി…

കുറച്ചു കഴിഞ്ഞ് അടുത്ത് ആള് വന്ന് കിടന്നത് അറിഞ്ഞു… അനങ്ങാതെ ശബ്ദം ഇല്ലാതെ പുറത്തേക്ക് വന്ന തേങ്ങലുകളെല്ലാം അടക്കി നിർത്തി…

ഉറങ്ങി എന്ന് മനസ്സിലായതും മെല്ലേ തിരിഞ്ഞു അരികിലേക്ക് ചേർന്ന് കിടന്നു…

കൈകൾക്കുള്ളിലൂടെ നൂഴ്ന്ന് കയറി നെഞ്ചിൽ തല വെച്ചു കിടന്നു…

ഇടക്കെപ്പോഴോ ആ നെഞ്ചിൽ തല ചേർത്ത് വെച്ച് തന്നെ കിടന്നുറങ്ങിപോയി…

💞💞💞💞

പിറ്റേന്ന് കണ്ണ് തുറന്നപ്പോൾ അരികിൽ ആളുണ്ടായിരുന്നില്ല… കണ്ണൊക്കെ നല്ല വേദന…. ഇന്നലെ കരഞ്ഞതിന്റെ അവശേഷിപ്പ് എന്നവണ്ണം കണ്ണൊക്കെ വേർതിരിക്കുന്നുണ്ടായിരുന്നു…

കുളി കഴിഞ്ഞ് പുറത്തിറങ്ങിയ അതെ സമയത്ത് തന്നെ ആണ് അഭിയേട്ടനും അകത്തേക്ക് വന്നത്…

ആഹാ തന്റെ കുളി കഴിഞ്ഞോ… നന്നായി എന്നാൽ പെട്ടെന്ന് തന്നെ പോകാൻ റെഡി ആയിക്കോളൂ… തന്നെ അവിടെ ആക്കിയിട്ട് എനിക്ക് ഒന്ന് രണ്ട് സ്ഥലത്ത് പോവാൻ ഉണ്ട്…

പറഞ്ഞുകൊണ്ട് തന്നെ മറികടന്നു കുളിക്കാനായി കയറി…

എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു… കണ്ണുകൾ നിറയാൻ തുടങ്ങി… അവസാനം എന്തോ മനസ്സിൽ ഉറപ്പിച്ചുകൊണ്ട് ഒഴുകി ഇറങ്ങിയ കണ്ണുനീർ വാശിയിൽ തുടച്ചു മാറ്റി..

കുളി കഴിഞ്ഞു ഇറങ്ങിയതും കാണുന്നത് കട്ടിലിൽ എന്തോ ആലോചനയുടെ ഇരിക്കുന്ന ഗായത്രിയെ ആയിരുന്നു….

ആഹാ താൻ റെഡി ആയില്ലേ… ഞാൻ പറഞ്ഞില്ലേ ഉടനെ ഇറങ്ങണം എന്ന്…

ഗായത്രിയെ നോക്കി അഭി ചോദിച്ചു…

ഗായത്രി മിഴികൾ ഉയർത്തി അഭിയെ നോക്കി… പിന്നെ അവന്റെ അടുത്തേക്ക് പാഞ്ഞു ചെന്ന് അവന്റെ കോളറിൽ പിടിച്ചുലച്ചുകൊണ്ട് ചോദിച്ചു…

എങ്ങിട്ടാ എന്നെ കൊണ്ടാക്കാൻ പോവുന്നെ… ഞാൻ പറഞ്ഞോ എനിക്ക് വീട്ടിൽ പോണം എന്ന്… പറഞ്ഞോ ഞാൻ…

മിഴികൾ നിറയുന്നുണ്ടായിരുന്നു അവളുടെ… എന്നാൽ വാശിയോടെ തന്നെ അവളത് തുടച്ചു മാറ്റി…

പറ… ഞാൻ പറഞ്ഞോ… എന്നെ വേണ്ടേ… മ്മ്.. ഞാൻ പറഞ്ഞതല്ലേ എനിക്ക് അല്പം സമയം തരണം എന്ന്…

ഗായത്രിയുടെ മിഴികളിൽ തന്നെ നോക്കി നിൽക്കുകയായിരുന്നു അഭി….

അപ്പോ എന്നെ വേണ്ടാഞ്ഞിട്ടാ… ശെരി ഇനി ഞാൻ ശല്യം ആവില്ല… പോയേക്കാം… ഇപ്പോ തന്നെ പോയേക്കാം…

ദേഷ്യത്തോടെ അഭിയെ തള്ളി മാറ്റി ഗായത്രി പറഞ്ഞു…

കഴിഞ്ഞോ…

കൈകൾ രണ്ടും മാറിൽ പിണച്ചു വെച്ച് അഭി ചോദിച്ചു…

എന്താണെന്ന ഭാവത്തിൽ ഗായത്രി അവന്റെ കണ്ണിലേക്കു ഉറ്റു നോക്കി…

അല്ല നീ എന്താ നിന്റെ മനസ്സിൽ വിചാരിച്ചു വെച്ചേക്കുന്നേ…. നീ എന്തോ വലിയ സംഭവം ആണെന്നോ… ആണെങ്കിൽ തെറ്റി…നിനക്ക് രണ്ട് അടി കിട്ടാത്തതിന്റെ നല്ല കുറവുണ്ട്…

കലിപ്പോടെ ആണ് അഭി അത് പറഞ്ഞത്… ഗായത്രി അവന്റെ കണ്ണിലേക്കു തന്നെ ഉറ്റു നോക്കി…

ഇത്ര ദിവസം നിന്റെ വായേല് എന്തായിരുന്നു… ഇതിനൊക്കെ നല്ല നാക്കുണ്ടല്ലോ… ഇന്നലെ ഞാൻ അത് പറഞ്ഞപ്പോ നിനക്ക് പറയര്ന്നില്ലേ പോവില്ലന്ന്… രാത്രി ചോറുണ്ണാതെ ഇവിടെ കിടന്ന് മോങ്ങിയപ്പോ പറയര്ന്നില്ലേ പോണില്ലെന്ന്… ഒന്നും വേണ്ട നെഞ്ചിലോട്ടു വന്ന് കിടക്കുമ്പോൾ ഉറങ്ങിയോ ഇല്ലയോ എന്ന് മനസ്സിലാക്കാനുള്ള സാമാന്യം ബുദ്ധി പോലും എന്റെ കെട്ടിയോൾക്ക് ഇല്ലേ…

അവസാനവാചകം പറഞ്ഞപ്പോ അവന്റെ കണ്ണുകളിൽ കുസൃതി ചിരി വിരിഞ്ഞു…

ഗായത്രി ഒന്നും മനസ്സിലാകാതെ വായും പൊളിച്ചു നിന്നു…

അവളുടെ നിൽപ്പ് കണ്ട് അഭി ചിരിയോടെ അവളുടെ ഇടുപ്പിലൂടെ കയ്യിട്ടു അവളെ തന്നിലേക്ക് ചേർത്ത് നിർത്തി…

അങ്ങനെ അങ്ങ് ഉപേക്ഷിക്കാൻ എനിക്ക് പറ്റുവൊടി… എന്റെ പ്രാണാനല്ലേ നീ… എന്റെ പാതി… നിന്നെ മറന്ന് ഒരു നിമിഷം പോലും എനിക്ക് പറ്റില്ലാടി…

ഗായത്രിയുടെ മുഖം കൈകുമ്പിളിൽ എടുത്ത് അഭി പറഞ്ഞു…

കുറച്ചു ദിവസം മിണ്ടാതെ നടന്നത് നിനക്ക് എന്നോട് വെല്ല ഫീലിംഗ്സ് ഉണ്ടോ എന്നറിയാനാ… എവിടെ നിന്റെ ഭാഗത്തു നിന്ന് യാതൊരു റിയാക്ഷനും ഉണ്ടായില്ല… അവസാനം ഇന്നലെ ഒരു അറ്റകൈ പ്രയോഗം നടത്തിയതല്ലേ… അവിടെ നീ വീണു… അല്ല ഞാൻ വീഴ്ത്തി…

മീശ പിരിച്ചു കൊണ്ട് അഭി പറഞ്ഞത് കേട്ട് അഭി കരഞ്ഞുകൊണ്ട് അഭിയെ ഇറുകെ പുണർന്നു…

കരയാണോ നീ… സോറി മോളെ… നിന്നെ വിട്ട് കളയാൻ പറ്റില്ലടി…. അത്രക്ക് ഇഷ്ട്ടാ എനിക്ക്… എന്നെ കാണുമ്പോൾ ഉള്ള നിന്റെ മാറ്റങ്ങൾ എല്ലാം ഞാൻ അറിയുന്നുണ്ടായിരുന്നു… എന്നിട്ടും നീ അത് മനസ്സിൽ വെച്ചുകൊണ്ട് നടന്നത് കൊണ്ടാണ് ഇങ്ങനെ ഒക്കെ ചെയ്തേ… വിഷമായോ സോറി…

ഗായത്രിയുടെ മുഖം ബലമായി നെഞ്ചിൽ നിന്ന് ഉയർത്തി കണ്ണുകൾ തുടച്ചുകൊണ്ട് അഭി പറഞ്ഞു…

ഒന്നും മിണ്ടാതെ അവൾ അവന്റെ മാറിലേക്ക് ചാഞ്ഞു…

അഭിയേട്ടാ…

നേർത്ത സ്വരത്തിൽ അവൾ വിളിച്ചു…

ഓ…

എന്നെ ഒന്ന് ഇറുകെ കെട്ടിപിടിക്കോ…

കൊച്ചുകുഞ്ഞിന്റെ നിഷ്കളങ്കതയോടെ ഗായത്രി ചോദിച്ചത് കേട്ട് അഭി അവളുടെ നെറ്റിയിൽ അമർത്തി മുത്തി…

ഗായത്രി ഇരുകണ്ണുകളും അടച്ച് അത് സ്വീകരിച്ചു…

ആ നെഞ്ചിലേക്ക് ചേർന്ന് നിൽക്കുമ്പോൾ അവൾ അറിയുന്നുണ്ടായിരുന്നു ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ കൈകളിൽ ആണ് അച്ഛൻ അവളെ ഏൽപ്പിച്ചത് എന്ന്… മനസ്സ്‌കൊണ്ട് ആയിരം വട്ടം അവൾ അച്ഛനോട് മാപ്പ് പറഞ്ഞു… ഐ ലവ് യൂ അഭിയേട്ട ❣️ അവനെ ഇറുകെ പുണർന്നുകൊണ്ട് അവൾ പറഞ്ഞതും കൈകളുടെ മുറുക്കം കൂടുന്നത് അവൾ അറിയുന്നുണ്ടായിരുന്നു… ഒന്നുകൂടെ ആ മാറിലേക്ക് പറ്റി ചേർന്ന് അവൾ നിന്നു ഒരിക്കലും ആർക്കും ഇനി തങ്ങളെ അടർത്തി മാറ്റാൻ കഴിയില്ല എന്ന വിശ്വാസത്തോടെ….

💗💗💗💗

രചന: Jibitha Martin

Leave a Reply

Your email address will not be published. Required fields are marked *