അവളെ തന്റെ നെഞ്ചോട്‌ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു എന്റെ എല്ലാ ആഗ്രഹവും നീ സാധിച്ചു തന്നു, എന്റെ ജീവിതത്തിൽ വന്ന വിളക്കാണ്…

രചന: സിന്ധു ആർ നായർ

നിലവിളക്ക്

അനിയേട്ടാ ഞാൻ പോവാണേ ഇന്നും ലേറ്റായി ശരണ്യ കിട്ടിയാൽ ഭാഗ്യം അല്ലേൽ ഇന്നും സാറിന്റെ വായിലിരിക്കുന്നെ കേൾക്കേണ്ടിവരും.

തന്നെത്താനെ പറഞ്ഞുകൊണ്ട് ഹേമ ഇറങ്ങി ഓടി ബസ് സ്റ്റോപ്പിലേക്ക്.

അവളുടെ വീട്ടിൽ നിന്നും പതിനഞ്ചു മിനുട്ട് നടക്കണം ബസ് സ്റ്റോപ്പിൽ എത്താൻ. എന്നും ഇങ്ങനാ ഈ ഓട്ടം.

ഒരുദിവസം നേരത്തെ ഇറങ്ങാൻ അവളേം കൊണ്ട് പറ്റില്ല. നേരത്തെ റെഡി അയാൽ ഇറങ്ങാൻ നേരം ആകുമ്പോൾ എന്തെങ്കിലും കാരണത്താൽ വൈകും.

അവൾ ഓടി ചെന്നപ്പഴേക്കു ബസ് ആളെ കയറ്റി കഴിഞ്ഞു കണ്ടക്ടർ ബെല്ലും അടിച്ചു. ഡ്രൈവർ കണ്ടിരുന്നു ഹേമ ഓടി വരുന്നത്. സ്ഥിരം പരുപാടി ആയോണ്ട് ഡ്രൈവർ നോക്കിയതാ അതുകൊണ്ട് അവൾക്ക് ഓടിവന്നു കയറാൻ പറ്റി.

നിറയെ ആളുകൾ ഉണ്ട് ബസിൽ സ്ഥിരം യാത്രക്കാർ ആണ് അധികവും. ബാഗ് അവൾ അവളുടെ കൂട്ടുകാരിയെ ഏൽപ്പിച്ചു ബസിൽ കണ്ട പരിചയമാ.

ബാഗ് തോളിലിട്ട് നിന്നാൽ കൈ കഴച്ചു ഒടിയും. കാപ്പിയും ചോറും വെള്ളവും കുടയുമെല്ലാം കൂടെ നല്ല ഭാരമാണ്.

എന്താ ഹേമേ നിനക്ക് ഇങ്ങനെ ഓടേണ്ട കാര്യമുണ്ടോ ഒരു അഞ്ചു മിനുട്ട് നേരത്തെ റെഡി അയാൽ. എന്നും ഇങ്ങനെ.

ഹോ നിന്റെയൊരു കാര്യം ബാഗ് വാങ്ങിയ കൂട്ടുകാരിയുടെ ഡയലോഗ് കേട്ടു ഹേമ അവളെ കണ്ണിറുക്കി കാട്ടി ചിരിച്ചു മറുപടി കൊടുക്കാതെ നിന്നു.

അത് കേട്ട അപ്പുറത്തിരുന്ന ചേച്ചി പറഞ്ഞു അതുകൊണ്ട് അവൾക്ക് തടിയില്ലാലോ നമ്മളെ പോലെ ഈ ഓട്ടമാ അവളുടെ ബോഡി ഷേപ്പിന്റെ രഹസ്യം അല്ലേ ഹേമേ അവർ രണ്ടാളും ചിരിച്ചു ഒപ്പം ഹേമയും.

ചിരിക്കുമ്പഴും ഉള്ളിൽ അവൾ വീട്ടിലെ ചിന്തയിലാരുന്നു. അനിയേട്ടനുള്ള ഭക്ഷണവും മരുന്നും വെള്ളവുമൊക്കെ എടുത്തുവെച്ചല്ലോ. ഒന്നും മറന്നീട്ടില്ലാലോ. ഈശ്വരാ ഒന്നും മറന്നു കാണല്ലേ. എന്തെങ്കിലും മറന്നാൽ ഏട്ടൻ എന്തു ചെയ്യും. താൻ ചെല്ലും വരെ.

ഹേയ് രണ്ടു വർഷം കൊണ്ട് താനിതൊക്കെ ചെയ്യുന്നതല്ലേ ഒന്നും മറക്കാതെ എടുത്തു വെച്ചിട്ട പോരുന്നത് പക്ഷേ കടയിൽ വന്നിട്ട് അനിയേട്ടനെ ഫോണിൽ വിളിച്ചു എല്ലാം എടുത്തു വെച്ചീട്ടുണ്ടെന്നു ഉറപ്പു വരുത്തിയാലേ തനിക്ക് സമാധാനം ആകു.

ഏട്ടൻ എന്നും വഴക്ക് പറയും താൻ ഇങ്ങനെ ടെൻഷൻ ആകുന്നെന്. എല്ലാം കൃത്യമായി ചെയ്തിട്ട് താൻ എന്താ ഇങ്ങനെന്നും ചോദിച്ചു.

ടൗണിൽ എത്തിയപ്പഴാണ് ഹേമ ചിന്തയിൽ നിന്നുണർന്നത്. ബാഗ് വാങ്ങി തോളിലിട്ട് അവൾ ഇറങ്ങിയ പാടെ മൊബൈൽ എടുത്തു അനിയെ വിളിക്കാൻ.

കടയിൽ ചെന്നാൽ വിളിക്കാൻ സാർ സമ്മതിക്കില്ല. അതുകൊണ്ടെന്നും ബസ് ഇറങ്ങിയാൽ ഉടൻ വിളിച്ചിട്ടേ കടയിലോട്ടു കയറു.

ഹാർഡ് വെയർ ഷോപ്പിൽ അക്കൗണ്ടന്റ് ആണ് ഹേമ. എട്ടു മണിക്ക് ഷോപ്പ് തുറന്നാലുടൻ ഹേമയെ കണ്ടില്ലെങ്കിൽ ഉടമ ദേഷ്യപ്പെടും ആരെങ്കിലും കസ്റ്റമർ ഉണ്ടെങ്കിൽ അവരുടെ മുന്നിലും. ബസ് വൈകിയാൽ പോലും അയാൾ മനസ്സിലാക്കില്ല.

അവൾക്ക് ജോലി ഇല്ലാതെ പറ്റില്ല അതുകൊണ്ടാണ് അയാളുടെ ചീത്ത വിളി സഹിച്ചു ജോലിക്ക് പോകുന്നത്. പക്ഷേ ചെയ്യുന്ന ജോലിയുടെ ശമ്പളം കൃത്യമായി കൊടുക്കുന്നുണ്ട്. ആ ശമ്പളം കൊണ്ടാണ് കഴിഞ്ഞ രണ്ടു വർഷമായി അവളും ഭർത്താവും കഴിഞ്ഞു പോകുന്നത്.

ഹേമയുടെയും അനിലിന്റേയും കല്യാണം കഴിഞ്ഞിട്ട് മൂന്നുവർഷം കഴിഞ്ഞു. ഹേമ ഒരു അനാഥ കുട്ടിയാരുന്നു. അവന് അങ്ങിനുള്ള ഒരാളെ മതിയെന്ന് ആഗ്രഹം പറഞ്ഞപ്പോൾ അവന്റെ അച്ഛൻ കണ്ടെത്തിയതാണ് ഹേമയെ.

ഒരു പ്രൈവറ്റ് കമ്പനിയിൽ ആരുന്നു അനിലിന് ജോലി. സന്തോഷമായി കഴിഞ്ഞു വന്ന സമയത്താണ് അനിലിന് ഒരു ആക്‌സിഡന്റ് ഉണ്ടായത്. അതോടെ അരക്കു താഴെ തളർന്നു കിടപ്പായതാണ് അനിൽ.

അനിലിന് അച്ഛനും ഒരു അനിയനുമാണ് ഉണ്ടായിരുന്നത്. അമ്മ അവന്റെ കുഞ്ഞിലേ മരിച്ചു പോയതാണ്.

അച്ഛൻ കഷ്ടപ്പെട്ട് രണ്ടു മക്കളേ പഠിപ്പിച്ചു ആകുന്ന പോലെ. മൂത്തവനായ അനിൽ തന്റെ പഠനത്തിനൊപ്പം കിട്ടുന്ന ജോലിയെല്ലാം ചെയ്തു അനിയനെ വീണ്ടും പഠിപ്പിച്ചു ഇന്നു അവൻ നല്ല നിലയിലാണ്.

അനിലിന്റെ കല്യാണം കഴിഞ്ഞു രണ്ടു മാസം ആയപ്പഴേക്കും അനിയന്റെ കല്യാണവും അനിൽ നടത്തി കൊടുത്തു. അനിയൻ ആഗ്രഹിച്ച പെണ്ണിനെ തന്നെ.

ആ പെണ്ണിന്റെ വീട്ടുകാർ വെച്ച ഡിമാൻഡ് കല്യാണം നടക്കണേൽ അനിലും ഭാര്യയും തറവാട്ടിൽ നിന്നും മാറണം എന്നായിരുന്നു. തന്റെ അനിയന്റെ സന്തോഷത്തിനു വേണ്ടി അനിൽ അതും അംഗീകരിച്ചു കൊണ്ടാണ് കല്യാണം നടത്തി കൊടുത്തത്.

പക്ഷേ ചേട്ടന് ഒരു ഉപകാരവുമില്ല അവനേം കൊണ്ട്. ആക്‌സിഡന്റ് ആയപ്പോൾ ചെന്നൊന്നു കണ്ടതാണ് ചേട്ടനെ ഹോസ്പിറ്റലിൽ അനിയനും ഭാര്യയും. കുറച്ചു പൈസ അവൻ ഹേമയുടെ കയ്യിൽ കൊടുത്തു. പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല.

അച്ഛൻ വിളിക്കാറുണ്ട് രണ്ടാളെയും ചെന്നു കാണാൻ വയ്യാ ആ പാവത്തിന് മൂത്തമകൻ പടിയിറങ്ങിയപ്പഴേ മാനസികമായി തളർന്നതാ ആ മനുഷ്യൻ.

അപ്പഴാണ് മകന്റെ ആക്‌സിഡന്റും അതോടെ കിടപ്പിലായി അയാളും. ആക്‌സിഡന്റ് ആയി ആറുമാസം ഹേമ അനിലിന്റെ കൂടെ വീട്ടിൽ ഇരുന്നു. അതുവരെ അനിൽ ഉണ്ടാക്കിയ പൈസ എല്ലാം ചിലവായി ഹോസ്പിറ്റലിൽ.

കല്യാണത്തിന് ശേഷം അവൻ വാങ്ങി കൊടുത്ത സ്വർണ്ണം വിറ്റിട്ടാണ് അവൾ അതുവരെയുള്ള ചിലവിനും അനിലിനുള്ള മരുന്നിനും വക കണ്ടെത്തിയത്.

അങ്ങിനാണ് അവൾ ജോലിക്ക് ഇറങ്ങിയത് ഈ ഷോപ്പിൽ. ഇപ്പോൾ രണ്ടു വർഷമായി ആരെയും ബുദ്ധിമുട്ടിക്കാതെ അവളും ഭർത്താവും ജീവിക്കുന്നത് ഈ ജോലി ഉള്ളതിനാലാണ്.

അതുകൊണ്ട് ഷോപ്പുടമ എന്തു പറഞ്ഞാലും അവൾ കേട്ടോണ്ട് നിക്കും ശമ്പളം കൃത്യമായതിനാൽ. ഒരു പൈസ അവൾ ചിലവാക്കില്ല ആവശ്യമില്ലാതെ. അത് അനിലിനു വയ്യാതാകും മുന്നേയും അങ്ങിനെ ആയിരുന്നു.

അനിൽ ആകെ കളയുന്നത് സാലറി കിട്ടുന്ന അന്നു ഒരു ലോട്ടറി എടുക്കും എല്ലാ മാസവും. അതിനു ഹേമ അവനെ വഴക്ക് പറയുമാരുന്നു.

അപ്പോൾ അവൻ പറഞ്ഞത് നമുക്ക് ലോട്ടറി അടിക്കാനല്ല ഞാനിത് എടുക്കുന്നത്. ഇത് വിൽക്കുന്നത് ഒരു വയ്യാത്ത വൃദ്ധനാണ് ഹേമേ. നമ്മുടെ അച്ഛനെ പോലെ. അതുകൊണ്ടാ ഞാൻ എല്ലാ മാസവും മുടങ്ങാതെ എടുക്കുന്നത്.

ഞാൻ ഇരുനൂറ്റി അൻപതു രൂപ അദ്ദേഹത്തിന് കൊടുത്തിട്ട ഈയൊരു ലോട്ടറി വാങ്ങുന്നത്. എന്നേ കൊണ്ട് അതേ ചെയ്യാൻ പറ്റു.

അത് കൊണ്ട് ജോലി കിട്ടിയപ്പോൾ മുതൽ ഹേമയും അയാളോട് ലോട്ടറി വാങ്ങി അനിലിന് കൊണ്ടു കൊടുക്കും.അത് വാങ്ങി വെക്കൽ അല്ലാതെ ഇന്നു വരെ അവർ അതിന്റെ റിസൾട്ട്‌ പോലും നോക്കിട്ടില്ല.

അങ്ങിനെ അവന്റെ കുഞ്ഞ് കുഞ്ഞ് സന്തോഷങ്ങൾക്കു പോലും ഹേമ ഇതുവരെയും മുടക്കം വരുത്തിയിട്ടില്ല. അച്ഛനെ കാണണം എന്ന ആഗ്രഹം മാത്രമാണ് സാധിച്ചു കൊടുക്കാൻ കഴിയാതെ പോയത്.

വീൽ ചെയറിൽ ഇരുത്തി കൊണ്ടുപോയി കാണിക്കാൻ കഴിയാഞ്ഞിട്ടല്ല അനിയന്റെ ഭാര്യ സമ്മതിക്കുന്നില്ല ആ വീട്ടിലോട്ട് ചെല്ലാൻ. അവൾക്ക് നാണക്കേടാത്രേ അനാഥ ആയ ഹേമ അവളുടെ ഭർത്താവിന്റെ ചേട്ടത്തിയാണെന്നു പറയാൻ. അതുമാത്രമല്ല തങ്ങൾക്കു എന്തെങ്കിലും സഹായം ചോദിക്കാൻ ആണെന്ന് കരുതിയിട്ടാകുമെന്നു അനിലിനും ഹേമക്കും അറിയാം അതുകൊണ്ട് അവർ അക്കാര്യം സംസാരിക്കാറുമില്ല ഇപ്പോൾ.

കടയിൽ എത്തും മുന്നേ ഹേമ അനിലിനോട് സംസാരിച്ചു കഴിഞ്ഞു ഫോൺ കട്ടാക്കി. ഭാഗ്യത്തിന് കടയിൽ കസ്റ്റമർ ആരും വന്നിട്ടില്ല.വൈകുന്നേരം ആയപ്പഴേക്കും ഹേമ സമയം നോക്കി സാർ പുറത്തു പോയിട്ടു ഇതുവരെയും വന്നില്ല.

കയ്യിൽ പൈസയൊന്നുമില്ല. സാലറി തരേണ്ട ദിവസമാണിന്ന്. നാളെ സൺ‌ഡേ ആണ്. ഇന്നു ക്യാഷ് കിട്ടി അനിയേട്ടനുള്ള മരുന്നും വാങ്ങീട്ടു വേണം തനിക്ക് വീട്ടിൽ പോകാൻ. പക്ഷേ സാർ വരാതെ എന്തു ചെയ്യും. തനിക്ക് പോകാൻ സമയവും ആയി വരുന്നു.ഹേമ എന്തു ചെയ്യണം അറിയാതെ കുഴങ്ങി.

അനിയേട്ടനെ വിളിച്ചു പറയാം വൈകിയാൽ പേടിക്കരുതെന്നു. സാർ വന്നിട്ട് സാലറി വാങ്ങി മരുന്നൊക്കെ വാങ്ങിട്ടു വരാമെന്നു പറയാം ഹേമ ഓർത്തു.

അവൾ മൊബൈൽ എടുത്തപ്പഴേക്കും സാർ വരുന്നത് കണ്ടു വേഗം മൊബൈൽ ബാഗിൽ തന്നെ വെച്ചു. തന്റെ സിസ്റ്റം ഷഡ് ഡൗൺ ചെയ്തു. എണീറ്റു സാറിന്റെ ടേബിളിനു അടുക്കൽ ചെന്നു. സർ ഞാൻ ഇറങ്ങുവാണ്.

മ്മ് തനിക്ക് സാലറി തരാൻ വേണ്ടിയാ ഞാൻ സ്പീഡിൽ വരുവാരുന്നു. താൻ ടെൻഷൻ ആയി കാണുമല്ലോ ഞാനിനി വരില്ല ഓർത്ത് അല്ലേ. അത് പറഞ്ഞപ്പോ സാറിന്റെ മുഖത്ത് ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു ചിരി അവൾ ശ്രദ്ധിച്ചു.

എനിക്ക് അറിയാടോ തന്റെ കഷ്ടപ്പാടൊക്കെ എല്ലാം ശരിയാകും ഞാൻ പിന്നെ വഴക്ക് പറയുന്നത് എനിക്ക് എല്ലാ കാര്യത്തിലും കൃത്യനിഷ്ഠ ഉണ്ട് അത് എല്ലാവരിലും ഉണ്ടായിരിക്കണമെന്ന് എനിക്ക് നിർബന്ധമാ. മുൻപ് പട്ടാളത്തിൽ ആയിരുന്നെ അതാകും. ഓക്കേ ഇതാ തന്റെ സാലറി താൻ പൊക്കൊളു.

അയാൾ തന്ന സാലറിയും വാങ്ങി ഹേമ വേഗം ഷോപ്പിനു വെളിയിലിറങ്ങി അയാളുടെ വാക്കുകൾ അവൾക്ക് തെല്ലൊരു ആശ്വാസം നൽകിയിരുന്നു.

വേഗം മെഡിക്കൽ ഷോപ്പിന്നു മരുന്നും വാങ്ങി അത്യാവശ്യമുള്ള കുറച്ചു സാധനങ്ങളും വാങ്ങി നോക്കിയപ്പോൾ തനിക്ക് പോകാനുള്ള ബസ് വന്നു കിടപ്പുണ്ട്.

അവൾ വേഗം ആ വൃദ്ധനെ തിരഞ്ഞു ലോട്ടറിക്കാരനെ അവിടെങ്ങും കണ്ടില്ല. ഇനി അടുത്ത ദിവസം വാങ്ങാം എന്നോർത്ത് അവൾ ബസിൽ കയറാൻ നേരം അയാൾ ഓടിവന്നു ലോട്ടറി കൊണ്ട്. അവൾ വേഗം ബാഗിന്ന് കാശെടുത്തു കൊടുത്തു. എന്നിട്ട് ബസിൽ കയറി. ലോട്ടറി പഴ്സിൽ വെച്ചു.

വീട്ടിൽ ചെന്നതും കവറും ബാഗും താത്തു വെച്ചിട്ട് അവൾ ഓടി അനിലിന്റെ റൂമിലേക്ക്‌. അവൾ വരുന്നതും നോക്കി കിടപ്പുണ്ടാരുന്നു അവൻ.

മ്മ് ഫുഡൊക്കെ സമയത്തു കഴിച്ചല്ലോ അല്ലേ. നോക്കട്ടെ വെള്ളം മുഴുവൻ കുടിച്ചോ നോക്കട്ടെ. മരുന്ന് കഴിച്ചല്ലോ അല്ലേ. ന്റെ ഹേമേ ഇതെന്നും ഇങ്ങനെ ചോദിക്കേണ്ട കാര്യമെന്താ. കഴിഞ്ഞ രണ്ടുവർഷം കൊണ്ട് ഇതെല്ലാം ചെയ്തോണ്ടിരിക്കുവല്ലേ ഞാനും നീയും. അനിൽ പറഞ്ഞു.

മ്മ് എന്നാലും ചിലപ്പോൾ ഏട്ടന് മരുന്ന് കഴിക്കണ്ട തോന്നിയോ വിശപ്പില്ലായ്മ തോന്നിയോ എന്ന് അറിയണ്ടയോന്നെ. അതിനല്ലേ ചോദിക്കുന്നത്.

അപ്പഴേ ഞാൻ മേലുകഴുകീട്ടു ചായ ഇട്ടോണ്ടു വരാം പറഞ്ഞു ഹേമ പോയി.

അവൾ ചായ ഇട്ടോണ്ട് വന്നിട്ട് അനിലിനെ തന്റെ തോളിലേക്ക് ചായ്ച്ചിരുത്തി ചായ എടുത്തു കൊടുത്തു. പിന്നെ ഇന്നു ഉണ്ടായ കാര്യങ്ങളൊക്കെ പറഞ്ഞു അവനോട്.

അനിയേട്ടാ ഇന്നു സാർ ചിരിച്ചോണ്ടാ എന്നോട് സംസാരിച്ചത് അയാൾ പറഞ്ഞ കാര്യങ്ങളൊക്കെയും അവൾ ചായ കുടിചോണ്ടിരുന്ന അവനോടു പറഞ്ഞു. ചായ കുടിച്ചു കഴിഞ്ഞു അവനെ ചാരി ഇരുത്തിയിട്ടു അവളും ചായകുടിച്ചു.

അവൾ ബാഗെടുത്തോണ്ടുവന്നു മെഡിസിൻ എല്ലാം എടുത്തുവെച്ചു. ലോട്ടറി എടുത്ത് അവന്റെ കയ്യിൽ കൊടുത്തു.

അച്ഛനെ കാണാൻ ആഗ്രഹം ഉള്ളപോലെ എനിക്ക് അദ്ദേഹത്തെയും ഒന്നു കാണണം എന്നുണ്ട് ഹേമ. അച്ഛനെയോ എനിക്ക് കാണാൻ പറ്റില്ല പക്ഷേ അദ്ദേഹത്തെ കാണാൻ പറ്റുമല്ലോ നീ പറയണം അദ്ദേഹത്തോട് ഒരു ദിവസം ഇങ്ങട് വരാൻ. ആരുടെ കാര്യമാ ഏട്ടൻ പറയുന്നത് ഹേമ ചോദിച്ചു. എടി ആ ലോട്ടറി ചേട്ടനെ.

മ്മ് പറയാം ഏട്ടാ, ഏട്ടൻ വിഷമിക്കാതെ. അച്ഛനെയും കാണാം എങ്ങിനെങ്കിലും ഏട്ടൻ സങ്കടപ്പെടാതെ. ഞാനിപ്പോ വരാം പറഞ്ഞു ഹേമ മുറിവിട്ടിറങ്ങി.

പുറത്തിറങ്ങിയതും അവൾ പൊട്ടിക്കരഞ്ഞു അവൻ കേൾക്കാതെ. താൻ എങ്ങിനെ അനിയേട്ടന്റെ ആഗ്രഹം സാധിച്ചു കൊടുക്കും. ഒരു സർജ്ജറി ചെയ്താൽ അനിയേട്ടന് എണീറ്റു നടക്കാൻ പറ്റുമെന്നു ഡോക്ടർ പറഞ്ഞതാണ്. പക്ഷേ ലക്ഷങ്ങൾ വേണ്ടി വരും. അത് അറിഞ്ഞപ്പോൾ താൻ അനിയേട്ടന്റെ അനിയനെ വിളിച്ചു പറഞ്ഞതാണ് ക്യാഷ് തന്നു സഹായിക്കാൻ. ഏട്ടൻ എണീറ്റു നടക്കാറായാൽ എങ്ങിനെങ്കിലും തിരികെ തരാമെന്നും പറഞ്ഞതാണ് പക്ഷേ അവൻ നിസ്സഹായനാരുന്നു. അവന്റെ കാര്യങ്ങൾ എല്ലാം നിയന്ത്രിക്കുന്നത് അവന്റെ ഭാര്യയാണ്.

അനിയേട്ടൻ ഈ നിമിഷം വരെ അറിഞ്ഞില്ല താൻ അവനോടു ക്യാഷ് ചോദിച്ചെന്ന്. അതും കൂടെ പറഞ്ഞു ആ പാവത്തിനെ എന്തിനു ഒന്നുടെ സങ്കടപ്പെടുത്തണം ഓർത്തു. ഈശ്വരാ കാത്തോളണേ എന്റേട്ടനെ.

അവൻ അറിയാതെ അവൾ മുഖം കഴുകി ഭക്ഷണമൊക്കെ ചൂടാക്കി എടുത്തു വെച്ചിട്ട് അവനെ വിളിക്കാൻ ചെന്നു.

“ഏട്ടാ കഴിക്കാം നമുക്ക്. ”

നീ ഇപ്പോൾ വരാം പറഞ്ഞു പോയിട്ടു എന്തെടുക്കുവാരുന്നു ഇത്രേം നേരം അവൻ ചോദിച്ചു..

“അതു ഞാൻ ഭക്ഷണം ചൂടാക്കുവാരുന്നു.”

പിന്നേ ഇത്രയും നേരമോ. ഇങ്ങട് വന്നേ നീ അവൻ ഹേമയെ അടുത്തേക്ക് വിളിച്ചു. ഇവിടിരിക്ക്. എന്താ മോളേ നിനക്ക് വിഷമം. എന്തു പറ്റി. അച്ഛന്റെ കാര്യം പറഞ്ഞതിനാണേൽ പോട്ടെ ഞാൻ വെറുതെ പറഞ്ഞതാന്നേ. എനിക്ക് നീയില്ലേ അതുമതി അവൻ അവളെ നെഞ്ചോട്‌ ചേർത്തു.

അടക്കി വെച്ച സങ്കടങ്ങളെല്ലാം അവൾ അവന്റെ നെഞ്ചിൽ കരഞ്ഞു തീർത്തു. അവൻ തന്നെ അവളെ അടർത്തി മാറ്റി വാ നമുക്ക് കഴിക്കാം. നമുക്കിടയിൽ കണ്ണുനീർ വീഴരുതെന്ന് പറഞ്ഞതായിരുന്നു. പക്ഷേ ഞാനായിട്ട അതിനു കാരണം ഉണ്ടാക്കിയത്. സോറി മോളേ വാ മുഖം കഴുകി വാ നമ്മുക്ക് കഴിക്കാം.

മ്മ് അവൾ അവനെ പിടിച്ചു വീൽചെയറിൽ ഇരുത്തി കൈ കഴുകിപ്പിച്ചു രണ്ടുപേരും ഭക്ഷണം കഴിച്ചു കിടന്നു.

തിങ്കളാഴ്ച കാലത്തെ എണീറ്റപ്പോൾ ഹേമ ഓർത്തു നേരത്തെ ഇറങ്ങിയാൽ തറവാട്ടിൽ ചെന്നു അനിയന്റെ ഭാര്യയോട് നേരിട്ട് അനുവാദം ചോദിച്ചാലോ അനിയേട്ടനെ കൊണ്ടുവന്നു അച്ഛനെ ഒന്നു കാണിച്ചോട്ടേന്ന്. അതിനു അനുവാദം കിട്ടിയാൽ ക്യാഷിന്റെ കാര്യം കൂടെ ചോദിക്കാം. തന്റെ ആണല്ലോ ആവശ്യം.

എന്തായാലും അനിയേട്ടൻ അറിയണ്ട അവൾ ഓർത്തു. നേരത്തെ പോകാൻ റെഡി ആയപ്പോൾ അനിൽ ചോദിച്ചു എന്താണിന്നു ഇത്രയും നേരത്തെ.

അതേട്ടാ ആ ബസിൽ കാണാറുള്ള ചേച്ചി ഒരു ചിട്ടിയുടെ കാര്യം പറഞ്ഞായിരുന്നു. അതൊന്നു തിരക്കണം അവരുടെ വീട്ടിലൊന്നു കയറണം അതിനാ.

ഇപ്പോൾ കിട്ടുന്നത് എന്റെ മരുന്നിനു തികയുന്നില്ല പിന്നെങ്ങിനെ നീ ചിട്ടി ചേരുന്നേ.

നമുക്ക് നോക്കാം ഏട്ടാ. അനിലിന്റെ ചോദ്യം കേട്ട അവൾ പുഞ്ചിരിയോടെ മറുപടി പറഞ്ഞു.

വേഗം തന്നെ അവനോടു യാത്ര പറഞ്ഞിറങ്ങി. അവിടെ നിന്നാൽ അനിൽ പിന്നേം എന്തെങ്കിലുമൊക്കെ ചോദിക്കും തനിക്ക് ആ മുഖത്ത് നോക്കി കള്ളം പറയാൻ പറ്റാതാകും.

തറവാട്ടിൽ അനിയന്റെ ഭാര്യയുടെ കാലുപിടിക്കാൻ താൻ പോവുകയാണെന്ന് അറിഞ്ഞാൽ ആ പാവത്തിന് സഹിക്കാൻ പറ്റില്ല. അതുകൊണ്ടാണ് പറയാത്തത്. അവൾ സമ്മതിച്ചാൽ പിന്നെ കുഴപ്പമില്ല.

ബസ് സ്റ്റോപ്പിൽ ചെന്നു കുറച്ചു നേരം നിന്നപ്പഴാണ് ഹേമക്കു ബസ് കിട്ടിയത്.

ബസിറങ്ങുന്നിടത്തു തന്നെയാണ് അവരുടെ തറവാട്. ഗേറ്റ് തുറന്നു അകത്തേക്ക് കാലെടുത്തു വെച്ചപ്പോൾ അവളാകെ പരിഭ്രാന്തയായി. എങ്ങിനാകും അവളുടെ പ്രതികരണം അറിയില്ല. കാളിങ് ബെൽ അടിച്ചതും വാതിൽ തുറന്നത് അനിയൻ ആയിരുന്നു. ഏട്ടത്തി, ഏട്ടത്തി ഇവിടെ.

അവന്റെ ഉള്ളിലെ ഭയം ആ കണ്ണുകളിൽ ഹേമക്കു കാണാൻ കഴിയുന്നുണ്ടാരുന്നു.

ഞാൻ നിന്റെ ഭാര്യയെ ഒന്നു കാണാൻ വന്നതാ പറഞ്ഞപ്പഴേക്കും അവൾ വന്നു. ഓഹോ വന്നു വന്നു ഇവിടെ കയറി വരാനും നിങ്ങൾക്ക് ധൈര്യമായോ. ഞാൻ അറിയാതെ എന്റെ ഭർത്താവിനോട് ശൃംഗരിക്കാൻ ചെന്നതൊക്കെ ഞാൻ അറിഞ്ഞാരുന്നു.

അവളുടെ സംസാരം കേട്ട ഹേമ ഞെട്ടലോടെ അനിയനെ നോക്കി. താൻ പൈസ ചോദിച്ച കാര്യം ഇവൻ ഇവളോട് പറഞ്ഞതാകും ഹേമ ഓർത്തു.

ഞാൻ ശൃംഗരിച്ചതല്ല മോളേ അനിയേട്ടന് ഒരു സർജ്ജറി കൂടെ ചെയ്താൽ എണീറ്റ് നടക്കാൻ പറ്റും. അതിനു കുറേ ക്യാഷ് വേണം. അനിയേട്ടനും കൂടെ അവകാശപ്പെട്ട തറവാടല്ലേ ഇത് അതിന്റെ ഷെയർ ആയി കൂട്ടിയാലും ഞങ്ങൾ ചോദിച്ച തുകയുടെ ഒരംശം പോലുമാകില്ലലോ.

പക്ഷേ ഞങ്ങൾ ചോദിച്ചത് ഷെയർ അല്ല കടമായിട്ട. ഏട്ടൻ എണീറ്റു നടക്കാറായാൽ ഞങ്ങൾ ആ തുക മടക്കി തരാമെന്നുറപ്പുള്ളതിനാലാണ് ചോദിച്ചത്. ഹേമ പറഞ്ഞു.

ഓഹോ ഷെയർ ചോദിക്കാൻ ഇത് നിന്റെ കെട്ടിയോൻ പണയം വെച്ചേക്കുവാരുന്നില്ലേ. ആ കടം വീട്ടി തിരിച്ചെടുത്തത് എന്റെ ഭർത്താവാണ്.

അനിയേട്ടൻ പണയപ്പെടുത്തിയത് ഞങ്ങളുടെ ആവശ്യത്തിനല്ല നിന്റെ ഭർത്താവിനെ പഠിപ്പിക്കുന്നതിനാണ്. എന്നിട്ടും ആകുന്ന പോലെ ആ കടം ഏട്ടൻ അടക്കുന്നുണ്ടാരുന്നു. ഇല്ലായെങ്കിൽ ഇവൻ പറയട്ടെ ഹേമ അനിയനെ നോക്കി.

അവൻ മുഖം കുനിച്ചു നിന്നതല്ലാതെ ഒരക്ഷരം മിണ്ടിയില്ല. അവൻ മിണ്ടില്ലെന്നു ഹേമക്കും അറിയാം.

നോക്ക് ഞാനിപ്പോ വന്നത് പൈസ ചോദിക്കാനുമല്ല അനിയേട്ടന് അച്ഛനെ ഒന്നു കാണണം അതിനു അനുവാദം ചോദിക്കാൻ വന്നതാ ഞാൻ ഹേമ പറഞ്ഞു.

പറ്റില്ല അച്ഛനെ കാണാനെന്നും പറഞ്ഞു ഇവിടെ കയറി താമസം ഉറപ്പിക്കാനല്ലേ നടക്കില്ല. അച്ഛനെ കാണാൻ അത്രയ്ക്ക് ആഗ്രഹം ആണെങ്കിൽ അങ്ങട് കൊണ്ടുപോയി കാണിച്ചോ പക്ഷേ തിരിച്ചു ഇവിടെ കൊണ്ടുവരാൻ പാടില്ല.

അവൾ പറഞ്ഞത് കേട്ട ഹേമ നിറഞ്ഞ കണ്ണുകളോടെ അവിടെ നിന്നും പോന്നു.അപ്പഴും അവൾ എന്തൊക്കെയോ പറയുന്നത് ഹേമ കേൾക്കുന്നുണ്ടാരുന്നു.

റോഡിൽ ഇറങ്ങിയപ്പഴേ ദൂരേന്നു ബസ് വരുന്നേ കണ്ടു കണ്ണുതുടച്ചു അവൾ ബസിൽ കയറി. ബസ് ഇറങ്ങിയപ്പോൾ അവൾ അനിലിനെ വിളിച്ചു സംസാരിച്ചു.

ചിട്ടി കാര്യം അനിൽ ചോദിച്ചപ്പോൾ അതൊക്കെ വൈകിട്ട് പറയാം പറഞ്ഞു അവൾ ഫോൺ കട്ടാക്കി.

ഷോപ്പ് തുറന്നിട്ടില്ല. താൻ ഇന്നു നേരത്തെ ആണല്ലോ ഹേമ ഓർത്തു. കട തുറക്കാൻ ഇനിയും പതിനഞ്ചു മിനിറ്റു കുടുണ്ട്.

അപ്പഴാണ് ഹേമ ലോട്ടറിക്കാരനെ അനിയേട്ടൻ കാണണം പറഞ്ഞത് ഓർത്തത്. അദ്ദേഹം സ്റ്റാൻഡിൽ എവിടേലും കാണും കണ്ടു വിവരം പറയാം ഓർത്തു ഹേമ സ്റ്റാൻഡിലേക്ക് നടന്നു.

അയാളെ നോക്കി നടന്ന ഹേമ കണ്ടു അയാൾ ഒരു ബസിൽ വന്നിറങ്ങുന്നത്.ഹേമ അടുത്തു ചെന്നു അയാളെ വിളിച്ചു ചേട്ടാ. അയാൾ നോക്കിയപ്പോൾ ഹേമ.

ങ്ങാ മോളോ എന്താ മോളേ. കഴിഞ്ഞ ദിവസം ഞാൻ തന്നില്ലേ ടിക്കറ്റ്. ഇന്നും വേണോ. പതിവില്ലാലോ അങ്ങിനെ അത്കൊണ്ട് ചോദിച്ചതാ.

ഞാൻ ലോട്ടറി എടുക്കാൻ അല്ല വന്നത്. ചേട്ടനെ അനിയേട്ടന് ഒന്നു കാണണം പറഞ്ഞു അതു പറയാൻ വന്നതാ ഹേമ പറഞ്ഞു.

ആണോ എന്താ മോളേ കുഞ്ഞിനിപ്പോ എന്നേ കണ്ടിട്ട്. എനിക്ക് വിഷമം ആണ് ന്റെ കുഞ്ഞിനെ അങ്ങിനെ കാണാൻ. എന്നേ ഒരുപാട് സഹായിച്ച ആളാ. അയാൾ പറഞ്ഞു.

ചേട്ടാ നിങ്ങൾക്ക് അറിയാമല്ലോ ഞങ്ങളുടെ അവസ്ഥ അച്ഛനെ ഒന്നു കാണാൻ പറ്റുന്നില്ല അനിയേട്ടന്. അതുപോലെ തന്നെ ഒരു ആഗ്രഹം പറഞ്ഞതാ ഏട്ടൻ ചേട്ടനെ കാണാൻ ആഗ്രഹം ഉണ്ടെന്നു.

മ്മ് ശെരി മോളേ ഞാൻ ഇന്നു തന്നെ പോയി കണ്ടോളാം. അയാൾ പറഞ്ഞു.

ഇന്നു വേണ്ടാ ചേട്ടാ ഞാൻ ഉള്ളപ്പോൾ മതി. ഒരുഗ്ലാസ് വെള്ളം തരണേൽ പോലും അനിയേട്ടന് പറ്റില്ല അതുകൊണ്ടാ.

എന്റെ മോളേ എനിക്ക് ഒന്നും വേണ്ടാ ഞാൻ പോയി കണ്ടോളാം ഹേമ പറഞ്ഞതുകേട്ട അയാൾ പറഞ്ഞു.

മ്മ് എങ്കിൽ ശെരി വീട് അറിയാലോ അല്ലേ ഹേമ ചോദിച്ചു.

പിന്നേ എനിക്ക് അറിയാം അയാൾ പറഞ്ഞു.

അയാളോട് പറഞ്ഞിട്ട് അവൾ ഷോപ്പിലേക്ക് പോയി. പിന്നെയും അഞ്ചു മിനിറ്റ് കഴിഞ്ഞാണ് കട തുറന്നത്.

കടയിൽ നല്ല തിരക്കായിരുന്നു രാവിലെ തിങ്കളാഴ്ച ദിവസം മിക്കവാറും തിരക്കാകും. അനിയേട്ടനെ ഒന്നു വിളിച്ചു പറയണം എന്നോർത്തത ലോട്ടറി ചേട്ടൻ വരുമെന്ന് പറയാൻ. പക്ഷേ തിരക്കായതിനാൽ പറ്റിയില്ല.

പന്ത്രണ്ടു മണി ആയപ്പോൾ സാർ പുറത്തോട്ടിറങ്ങിയപ്പോൾ ഹേമ മൊബൈലെടുത്തു. നോക്കിയപ്പോൾ അതിൽ അനിലിന്റെ കുറേ മിസ്ഡ് കാൾ.

ഈശ്വരാ ഏട്ടൻ അങ്ങിനെ വിളിക്കാറില്ലലോ. ഇതിപ്പോ എന്തിനാണാവോ. എന്തു പറ്റിയോ. അവൾ ആകെ പരിഭ്രാന്തയായിട്ടാണ് അനിലിനെ തിരിച്ചു വിളിച്ചത്.

ഹലോ അനിയേട്ടാ എന്തുപറ്റി ഞാൻ കണ്ടില്ല വിളിച്ചത്. തിരക്കായിരുന്നു ഇന്ന്. അനിയേട്ടന് എന്താ വയ്യായോ ഞാൻ വരണോ എന്താണേട്ടാ പറയ്.

അവളുടെ പരിഭ്രാന്തി നിറഞ്ഞ ചോദ്യങ്ങൾ കേട്ടപ്പോൾ അനിലിന് ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ആരുന്നു.ഇങ്ങനെന്തിനാ ഇവൾ തന്നെ സ്നേഹിക്കുന്നെ അവൻ ഓർത്തു. എത്രനാളായി തന്നെ ഇങ്ങനെ പരിചരിച്ചു അവൾ ഓടിനടക്കുന്നു.

അനിയേട്ടാ ഹേമയുടെ ശബ്ദമാണ് അവനെ ചിന്തയിൽ നിന്നുണർത്തിയത്. നീ ഇങ്ങനെ പേടിക്കാതെ മോളേ ഞാൻ വിളിച്ചത് നിന്നോട് വേറൊരു കാര്യം പറയാനാ. അനിൽ പറഞ്ഞു.

ഹോ ഈ അനിയേട്ടന്റെ കാര്യം ഞാൻ പേടിച്ചു പോയി. അങ്ങിനെന്നെ ജോലി സമയത്ത് വിളിക്കാറില്ലാലോ. ഇതിപ്പോ കുറേ മിസ്ഡ് കാൾ. പേടിക്കില്ലേ ഏട്ടാ ഞാൻ ഹേമ പറഞ്ഞു.

മ്മ് പിന്നേ ഞാൻ വിളിച്ചത് എന്തിനാന്നു പറഞ്ഞില്ലാലോ. ഇന്നിവിടെ അദ്ദേഹം വന്നിരുന്നു എന്നേ കാണാൻ ആ ലോട്ടറി ചേട്ടൻ.

ആഹാ ഇതുപറയാനാണോ ഇത്രേം വിളി വിളിച്ചത്. എന്റേട്ടാ കാലത്തെ ഞാൻ പറഞ്ഞിട്ട ആ ചേട്ടൻ വന്നത് അനിൽ പറഞ്ഞത് കേട്ട ഹേമ പറഞ്ഞു.

എടി മോളേ അതല്ല. നമുക്ക് മിനിഞ്ഞാന്ന് നമ്മളെടുത്ത ലോട്ടറി അടിച്ചു അതും ഒരു കോടി. പുള്ളിക്കാരൻ ഇവിടെ വന്നപ്പോ അക്കാര്യം പറഞ്ഞപ്പോൾ വെറുതെ നോക്കിതാ നമ്മുടെ ടിക്കറ്റ്.

അയാൾക്ക്‌ പോലും അറിയില്ലാരുന്നു അയാൾ വിറ്റ ലോട്ടറിക്കാണ് ഫസ്റ്റ് പ്രൈസ് അടിച്ചതെന്ന്.

നമ്മൾ രക്ഷപെട്ടു മോളേ അതു നിന്നോട് പറയാൻ വിളിച്ചതാ ഞാൻ. നീ എടുക്കാഞ്ഞപ്പോൾ നിന്നോട് ഞാൻ പറഞ്ഞോളാം പറഞ്ഞു അദ്ദേഹം അങ്ങോട്ട്‌ പോന്നിട്ടുണ്ട്.

ഹേമക്കു കരയണോ ചിരിക്കണോ അറിയില്ലാരുന്നു. ഈശ്വരാ താൻ ആഗ്രഹിച്ചത് അനിയേട്ടന് സർജ്ജറിക്കുള്ള ക്യാഷ് മാത്രമാണ് പക്ഷേ ഈശ്വരൻ തന്നത് എങ്ങിനെ നന്ദി പറഞ്ഞാൽ മതിയാകും ഭഗവാനെ അവൾ കണ്ണീരോടെ ദൈവത്തിനു നന്ദി പറഞ്ഞു.

കാലത്തെ അനിയന്റെ ഭാര്യയുടെ കാലുപിടിക്കാൻ പോയപ്പോൾ അനുഭവിച്ച വേദന. കഴിഞ്ഞ രണ്ടു രണ്ടര വർഷം കൊണ്ട് തങ്ങൾ അനുഭവിച്ച ദുരിതം എല്ലാം ഓർമ്മയിൽ വന്നു. അവളുടെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകിക്കൊണ്ടിരുന്നു.

ഹലോ ഹേമേ എന്താ മിണ്ടാത്തെ അനിലിന്റെ ശബ്ദം ആണ് അവളെ ഉണർത്തിയത്.

ഏട്ടാ…. ഒന്നുമില്ല എനിക്ക് സന്തോഷം കൊണ്ട് മിണ്ടാൻ പറ്റുന്നില്ല. ഹേമ പറഞ്ഞു. മ്മ് നിന്റെ കഷ്ടപ്പാട് കണ്ടു ദൈവം അനുഗ്രഹിച്ചതാ മോളേ നമ്മളെ. അനിൽ പറഞ്ഞു.

മ്മ് ശരിയേട്ടാ വെക്കുവാ കസ്റ്റമർ വരുന്നുണ്ട്. അവൾ വേഗം മുഖം തുടച്ചു. വന്ന കസ്റ്റമർ പോയതും ഹേമ കണ്ടു ആ ലോട്ടറി ചേട്ടൻ തന്നെ തിരക്കി വരുന്നത്. അവൾ വേഗം പുറത്തേക്കു ചെന്നു.

അനിയേട്ടൻ വിളിച്ചാരുന്നു ചേട്ടാ ഞാൻ അറിഞ്ഞു. ചേട്ടൻ എന്തായാലും ഇപ്പോൾ ഇത് ആരോടും പറയണ്ട കേട്ടോ. ഹേമ അയാളോട് പറഞ്ഞു.

മ്മ് ഇല്ല മോളേ. മോളേ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് മോൻ പറഞ്ഞു അതുകൊണ്ട് ഞാൻ ഓടി വന്നതാ. എന്നാൽ ഞാൻ പോവാണേ കാര്യങ്ങളൊക്കെ നിങ്ങൾ വീട്ടിൽ ചെന്ന് തീരുമാനിക്ക് മോളേ എന്നും പറഞ്ഞ് അയാൾ പോയി.

ഷോപ്പുടമ വന്നപ്പോൾ അവൾ അയാളോട് സംസാരിച്ചു അനിലിന്റെ സർജ്ജറിയുടെ കാര്യം. ക്യാഷിനായി അനിയനോട് ചോദിച്ചത് എല്ലാം.

അല്ല ഹേമേ താൻ ഇതുവരെയും നിങ്ങളുടെ പേർസണൽ കാര്യങ്ങൾ എന്നോട് പറഞ്ഞിട്ടില്ല. അനിലിന് വയ്യാ എന്നല്ലാതെ സർജ്ജറി ചെയ്താൽ എണീറ്റ് നടക്കും എന്നൊന്നും എനിക്ക് അറിയില്ലാരുന്നു.

പിന്നേ അത്രേം തുകയൊന്നും എനിക്ക് തന്നു സഹായിക്കാൻ കഴിയില്ല. പിന്നേ ഞാൻ ആരോടെങ്കിലുമൊക്കെ പറയാം തന്റെ ഭർത്താവിന്റെ കാര്യം ഒരുപാടു കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകളെ എനിക്ക് അറിയാം.

ഞാൻ സംസാരിക്കാം അവരോടൊക്കെ.

ഹേയ് ഇനി അതിന്റെ ആവശ്യം ഇല്ല സാർ. ഞാൻ പറഞ്ഞത് അതിനല്ല. ഹേമ പറഞ്ഞു. ലോട്ടറി അടിച്ച കാര്യവും.

അതുകൊണ്ട് സാർ ഒരുപകാരം ചെയ്യണം ലോട്ടറി ക്യാഷ് നമ്മുടെ കയ്യിൽ വരാൻ കുറേ താമസം ഉണ്ടത്രേ. അതുകൊണ്ട് സാർ ഏതെങ്കിലും ബാങ്കിൽ ഈ ടിക്കറ്റ് കൊടുത്തു ഏട്ടന്റെ സർജ്ജറിക്കുള്ള തുക ലോൺ ആയി വാങ്ങി തരണം.ഹേമ പറഞ്ഞു.

ആഹാ ലോട്ടറി അടിച്ചോ. ദൈവം എല്ലാവർക്കും എന്തെങ്കിലുമൊക്കെ ഒരുക്കി വെച്ചിട്ടുണ്ടാകും ഹേമേ. ഓക്കേ താൻ നാളെ ടിക്കറ്റ് കൊണ്ട് വാ നമുക്ക് ബാങ്കിൽ പോയി നാളെ തന്നെ ലോൺ റെഡി ആക്കാം.

ഷോപ്പുടമ പറഞ്ഞത് കേട്ട ഹേമ സന്തോഷത്തോടെ അദ്ദേഹത്തിന് നന്ദിയും പറഞ്ഞു വീട്ടിൽ പോയത്.

ചെന്നപാടെ അനിലിനോട് ഇക്കാര്യം പറഞ്ഞു. അനിലിനും സന്തോഷമായി തനിക്ക് എണീറ്റു നടക്കാൻ പറ്റിയാൽ തന്റെ കാര്യങ്ങളൊക്കെ തനിക്ക് ഒറ്റയ്ക്ക് ചെയ്യാൻ പറ്റും ഇവളെ ബുദ്ധിമുട്ടിക്കാതെ. അതോർത്തപ്പോൾ തന്നെ അനിലിന് ദേഹമാകെ കുളിരുന്ന പോലെ തോന്നി. ************* ഓപ്പറേഷൻ തിയേറ്ററിന്റെ വാതിൽക്കൽ ഹേമ നിൽപ്പുണ്ട് പ്രാർത്ഥനയോടെ അകത്തു അനിലിന്റെ സർജ്ജറി നടക്കുവാണ്. ഹേമയുടെ കൂടെ അവളുടെ ഷോപ്പ് ഉടമയും ഭാര്യയും ആ ലോട്ടറിക്കാരനുമുണ്ട്. മണിക്കൂറുകൾ ആയി അവർ നിൽക്കുന്നു. ഡോക്ടറോ നഴ്‌സോ ആ വാതിൽ തുറക്കുന്നതും നോക്കി.

ഹേമയാണേൽ ഒരേ നിൽപ്പാണ്. ആ നിൽപ്പിൽ അവൾ കണ്ടു ഡോക്ടർ പുറത്തേക്കു വന്നത്. ഡോക്ടർ അനിയേട്ടൻ അവൾ കരഞ്ഞോണ്ട് ഓടിച്ചെന്നു.

ഹേയ് പേടിക്കാനൊന്നുമില്ല ഓപ്പറേഷൻ സക്‌സെസ്സ്. ബോധം വീണിട്ടില്ല. ബോധം വീഴുമ്പോ ഐ സി യു വിലേക്കു മാറ്റും. അന്നപ്പൊ കയറി കാണാം പറഞ്ഞു ഡോക്ടർ പോയി. ************** ഇന്ന് ഡിസ്ചാർജ് ആയി വീട്ടിലേക്കു പോകുവാണ് അനിൽ. ഹോസ്പിറ്റലിൽ വന്നിട്ട് മാസം ഒന്നു കഴിഞ്ഞിരിക്കുന്നു.

സർജ്ജറി കഴിഞ്ഞു ഫിസിയോതെറാപ്പി ഉണ്ടായിരുന്നു. പോയി വരാൻ ബുദ്ധിമുട്ട് ആയതിനാൽ അവർ ഹോസ്പിറ്റലിൽ തന്നെ നിന്നു. ഇങ്ങോട്ട് വീൽ ചെയറിൽ വന്ന അനിൽ നടന്നാണ് റൂമിൽ നിന്നിറങ്ങി കാറിൽ കയറിയത്. ഹേമയുടെയും അനിലിന്റേയും സഹായത്തിനു ആ ലോട്ടറി കാരനും ഉണ്ടായിരുന്നു.

ഇടയ്ക്കു ഹേമയുടെ ഷോപ്പ് ഓണറും വന്നിരുന്നു. ആരും ഇല്ലാത്തവർക്ക് ആരെങ്കിലുമായി ആരെങ്കിലുമൊക്കെ ഉണ്ടാകും എന്നതിന് തെളിവായിരുന്നു അവരൊക്കെ.

കാറിൽ കയറിയതും ഹേമ പറഞ്ഞു അനിയേട്ടന് അച്ഛനെ കാണണ്ടായോ അതുകൊണ്ട് അവിടെ ചെന്നിട്ട് നമ്മുക്ക് വീട്ടിൽ പോകാം. അനിലിന്റെ കണ്ണു നിറഞ്ഞു. താൻ ഓർത്തതേയുള്ളു ഇവൾ മനസ്സിലാക്കി.

കാർ പടിക്കൽ കൊണ്ട് നിർത്തി.ഹേമ ഇറങ്ങിയിട്ട് അനിലിനെ പിടിച്ചിറക്കി അവൾ ഗേറ്റ് തുറന്നു. അനിലിന്റെ കൈ പിടിച്ചവൾ നടന്നു. സിറ്റ് ഔട്ടിൽ അവൾ ഇരിക്കുന്നത് രണ്ടാളും കണ്ടു തങ്ങളുടെ അനുജത്തി.

അനിൽ ചെന്നു അവളെ നോക്കാതെ അകത്തേക്ക് കയറി കൂടെ ഹേമയും.

ആ അനിയേട്ടനോ കയറി വാ അവളുടെ സ്നേഹ പ്രകടനം എന്തിനാന്നു അനിലിന് മനസ്സിലായി ലോട്ടറി അടിച്ച കഥ ഇവളും അറിഞ്ഞിട്ടുണ്ട് അതിന്റെയാണ്.

അവൻ അതു കേട്ടതായി പോലും ഭാവിക്കാതെ അച്ഛന്റെ റൂമിലേക്ക്‌ പോയി പുറകെ ഹേമയും.

വർഷങ്ങൾക്കു ശേഷം തന്റെ അച്ഛനെ കണ്ട അനിൽ പൊട്ടിക്കരഞ്ഞു. അതു കണ്ട ഹേമയും. തറവാട്ടുവകയെല്ലാം അച്ഛന്റെ പേരിൽ ആയോണ്ട് അവൾ കൊല്ലാതെ അച്ഛനെ ഇട്ടേക്കുന്നെന്നു തോന്നുന്നു. അതുപോലായി അച്ഛൻ.

അച്ഛാ ഞാൻ ഹോസ്പിറ്റലിൽ നിന്നും വരുന്ന വഴിയാണ്. മാസങ്ങൾ ആയി വീട്ടിൽ നിന്നും ഇറങ്ങിയിട്ട്. വീടെല്ലാം വൃത്തിയാക്കിയിട്ടു ഞാൻ വരും ഒന്നുടെ അച്ഛനെ ഞങ്ങളുടെ കൂടെ കൊണ്ടുപോകാൻ. ഇപ്പോൾ ഞങ്ങൾ ഇറങ്ങുവാ പറഞ്ഞു അവർ ഇറങ്ങി. അപ്പഴും അവൾ അതേ നിൽപ്പ് അവിടെ തന്നെ നിൽക്കുന്നത് ഹേമയും അനിലും കണ്ടു.

അന്നു കരഞ്ഞു തലകുനിച്ചിറങ്ങിപോയ ഹേമ അനിലിന്റെ കൈ പിടിച്ചു തല ഉയർത്തി പിടിച്ചു നടന്നു കാറിൽ ചെന്നു കയറിയത്.

കാറിൽ കയറിയതും അനിൽ അവളെ തന്റെ നെഞ്ചോട്‌ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു എന്റെ എല്ലാ ആഗ്രഹവും നീ സാധിച്ചു തന്നു. ന്റെ ജീവിതത്തിൽ വന്ന വിളക്കാണ് നീ, നിലവിളക്ക്. ഇനി നമ്മൾ നമ്മളുടെ പുതിയ ജീവിതം തുടങ്ങുവാ ഈശ്വരൻ കനിഞ്ഞനുഗ്രഹിച്ചു നൽകിയ നമ്മുടെ ജീവിതം.

രചന: സിന്ധു ആർ നായർ

Leave a Reply

Your email address will not be published. Required fields are marked *