അവർക്കിടയിലുള്ള ആ മൗനത്തിന് ഒരു കിടക്കയിലേക്കുള്ള ദൂരമേ ഉണ്ടായിരുന്നു…

രചന: Vijay CK

കാൽച്ചിലങ്ക…

പ്പാ………, കഴുവേറീടെ മോളെ……, നീ ആരുടെ കൂടെ വേണേലും പോയി കിടന്നോ., പക്ഷെ ഈ എന്റെ താലി കഴുത്തേലിട്ടിട്ട് തോന്നിയ പോലെ അഴിഞ്ഞാടി നടക്കാമെന്ന് മാത്രം കരുതണ്ട… അതിനു ഞാൻ സമ്മതിക്കില്ല….. എനിക്കാദ്യം കാണേണ്ടത് നിന്റെ വീട്ടുകാരെയാ…, പെണ്മക്കളെ ഇങ്ങാനാണോ വളത്തുന്നത് എന്ന് എനിക്കൊന്നറിയണം., പിന്നെ ആ പോലയാടി മോൻ., ബ്രോക്കർ കുഞ്ഞച്ചനെയും കാണണം…….. നിനക്കെന്തായാലും ഞാൻ കാണിച്ചു തരാടി…..

വളരെ ഉറച്ച തീരുമാനവും കടുത്ത വാക്കുകളുമായിരുന്നു രാജീവിന്റേത്. അല്ല., രാജീവേട്ടനെയും കുറ്റം പറയാൻ പറ്റില്ല….., ആശിച്ചു മോഹിച്ചു കെട്ടിയ പെണ്ണ് ഇത്തരക്കാരി ആണെന്നറിഞ്ഞാൽ ആർക്കും സഹിക്കാൻ കഴിഞ്ഞെന്നു വരില്ല… ഇന്നേക്ക് രണ്ട് വർഷം കഴിഞ്ഞിരിക്കുന്നു.., അതേ ദിവസം തന്നെ……….

ഖ്ഹ്……ഖ്ഹ്……..

– റിപ്പോർട്ടർ ഗീതയുടെ ചുമയാണ് ആരതി മനോഹരനെ ചിന്തകളുടെ പടിക്കെട്ടിൽ നിന്നും വലിച്ചു നിലത്തേക്കിട്ടത്…., രാജീവിന്റെ വാക്കുകൾ എപ്പോഴും ആ വലിയ വീടിനുള്ളിൽ മുഴങ്ങുന്നുണ്ടെന്ന തോന്നലിൽ അതിലേക്കു തന്നെ കാതോർത്തിരിക്കുകയായിരുന്നു ആരതി.

ഓഹ്.., സോറി…, ഞാൻ അറിയാതെ എന്റെ പഴയ കാലം ഒന്ന് ഓർത്തുപോയി..

– ആരതി പറഞ്ഞു. പെണ്ണിന്റെ അഴകിനൊത്ത ഉയരവും., നിറവും., ശരീര ഘടനയും., മുടിയഴകും., മുഖ സൗന്ദര്യവും., എല്ലാം തികഞ്ഞ സ്ത്രീ സൗന്ദര്യസങ്കല്പത്തിന് എല്ലാം കൊണ്ടും ചേരുന്നയാളായിരുന്നു ആരതി. നിരാശയുടെ ഭാവത്തിൽ ചാരുകസേരയിൽ ചാരിയിരുന്നു കൊണ്ട് ആരതി അറിയാതെ., പഴയ കാല ചിന്തകളുടെ ഭാണ്ഡക്കെട്ടഴിച്ചു., ആരാതിയുടെ ഭൂതകാലം ചികയുന്നത് അത്ര നല്ലതല്ല എന്ന് മനസ്സിലാക്കിയെന്ന പോലെയാണ് ഗീത ഒന്ന് ചുമച്ചു കൊണ്ട് ആരതിയെ വിഷയത്തിലേക്ക് മടക്കി കൊണ്ടു വന്നത്.

തന്റെ പൊടിപിടിച്ച ഭൂതകാലം തന്നെയാണ് ഗീതയുടെ ചുമയുടെ കാരണം എന്ന് ആരതിയും തിരിച്ചറിഞ്ഞിരുന്നു., അവൾ നഷ്ടബോധത്തിന്റെ കണ്ണീരുപ്പിൽ ചാലിച്ചൊരു വശ്യമായ പുഞ്ചിരി നീട്ടിയേറിഞ്ഞു.,

തനിക്ക് എന്താണ് അറിയേണ്ടത്..? ചോദിച്ചോളൂ……..

മാഡം………, മാഡം ഈ വീട്ടിൽ ഒറ്റക്കാണോ….?

ഒരു നിശബ്ദതയുടെ മതിൽ എപ്പോഴും ആരതി സംഭാഷണത്തിന് മുൻപ് നില നിർത്തുന്നുണ്ടായിരുന്നു., പക്ഷെ അത് എന്തിനാണെന്ന് മാത്രം ഗീതക്ക് മനസ്സിലായില്ല.

ഇപ്പോൾ അങ്ങനെ ഈ വഴിയൊന്നും ആരും വരാറില്ല., ആരെങ്കിലും വരുമെങ്കിൽ അത് പരിപാടി ബുക്ക് ചെയ്യാൻ വരുന്നവരാണ്…. അവരല്ലാതെ വഴി തെറ്റിപ്പോലും കഴിഞ്ഞ ഒന്നര വർഷമായി ആരും ഈ വഴി വന്നിട്ടില്ല., ഒരു ഗസ്റ്റ് ആയി പരിഗണിക്കാവുന്ന ഒരാൾ., ഇതൊരുപാട് നാളുകൾക്ക് ശേഷമാണ്…..

അതു കേട്ടതും ഗീത ആ വീടൊന്ന് നിരീക്ഷിച്ചു., മിക്ക സ്ഥലങ്ങളിലും പൊടിപിടിച്ചിരിക്കുകയാണ്., മൊത്തത്തിൽ ഒരു പ്രേതാലയ ഭാവം നിലനിർത്തുന്ന ബംഗ്ലാവ്., ആകെ ഒരു മുഷിഞ്ഞ അന്തരീക്ഷം., അവിടം മൊത്തത്തിൽ കണ്ണോടിച്ചപ്പോൾ അവൾക്ക് ഉള്ളിൽ തെല്ലൊരു ഭയം അനുഭവപ്പെടാതിരുന്നില്ല.

താൻ വല്ലാത്ത ഒരിടത്താണ് വന്നു പെട്ടിരിക്കുന്നത്…..

ഉള്ളിൽ ഗീതക്ക് തന്നെ അങ്ങനെ ഒരു തോന്നൽ ഉണ്ടാവാതിരുന്നില്ല.

വരുന്നത് ഇവരുടെ അഭിമുഖത്തിനാണെന്ന് പറഞ്ഞപ്പോഴേ അജിത്ത് പറഞ്ഞതാ.., ഈ വഴി വരണ്ടാന്ന്.,

സഹപ്രവർത്തകനായ അജിത്തിന്റെ വാക്കുകൾക്കൊപ്പം ഗീതയുടെ മനസ്സും മന്ത്രിച്ചു.

ഈ പെണ്ണുംപിള്ളയുടെ അടുത്തേക്ക് വരണ്ടില്ലായിരുന്നു.,

അവിടത്തെ കാഴ്ചകൾ ഗീതയുടെ മനസ്സു മടുപ്പിച്ചിരുന്നു., എങ്കിലും തന്റെ അവസ്ഥ പുറത്തു കാണിക്കാതെ അവൾ ആരതിയോട് ചോദിക്കാൻ തുടങ്ങി.,

മേടത്തിന് ഒറ്റക്ക് എത്രയും വലിയ വീട്ടിൽ കഴിയുമ്പോൾ പേടി തോന്നാറില്ലേ..?

ആ ചോദ്യത്തിന് അവൾ ചെറുതായൊന്ന് മന്ദഹസിച്ചു., ശേഷം അവർക്കിടയിൽ സംഭാഷണത്തിന് മുൻപുള്ള നിശബ്ദതയുടെ ജീർണ്ണിച്ച മതിൽ തകർത്തുകൊണ്ട് ആരതി തുടർന്നു.

ഇത് എന്റെ ഇഷ്ടപ്രകാരം രാജീവേട്ടൻ പണിത വീടാണ്…, അദ്ദേഹം നല്ലൊരു ആർക്കിടെക് ആയിരുന്നു.,

അദ്ദേഹത്തിന് എന്തു പറ്റി മാഡം…?

– ആകാംക്ഷയോടെ ഗീത ചോദിച്ചു.

ഹഹഹ…… അദ്ദേഹത്തിനൊന്നും പറ്റിയില്ല മോളെ.., പറ്റിയത് എനിക്കാണ്.. ഒരു തെറ്റ്…, മനസ്സിന്റെ മോഹങ്ങൾ…. അത് നിയന്ത്രിക്കാൻ പഠിക്കണം ഇല്ലെങ്കിൽ……..

ഒന്ന് മന്ദഹസിച്ചു കൊണ്ട് ആരതി മറുപടി പറഞ്ഞു. ആ മറുപടി., ഗീതക്ക് കൂടിയുള്ള ഒരു ഉപദേശം പോലെ ആയിരുന്നു., എങ്കിലും ആ വാക്കുകൾ പാതിയിൽ മുറിഞ്ഞു പോയി.

മാഡം…., ഞാൻ പോയി പിന്നെ വരാം….. മേടത്തിന്റെ മൂഡ് ശരിയല്ലെന്ന് തോന്നുന്നു.,

അങ്ങനെ ഒന്നുമില്ല., ഇനി ചിലപ്പോൾ എനിക്ക് സമയം ഉണ്ടാവില്ല., ഒരുപാട് പ്രോഗ്രാംസ് ഉണ്ട്.., അടുത്താഴ്ച പോയാൽ പിന്നെ ഒരു 2 മാസത്തോളം സമയവും പിടിക്കും നാട്ടിലെത്താൻ…

ഇനിയൊരു ദിവസം കൂടി ഗീതയുടെ ചോദ്യ ശരങ്ങൾ ഏറ്റുവാങ്ങാൻ സാധിക്കില്ലെന്ന് ആരതിക്ക് ഉറപ്പായിരുന്നു., അവൾ ഒരു ചെറു നിർബന്ധ ബുദ്ധിയോടെ തന്നെയാണ് ഇന്ന് തന്നെ ഈ അഭിമുഖം തീർക്കണം എന്ന് ആവശ്യപ്പെട്ടത്. പക്ഷെ അപ്പോഴേക്കും ഗീതയുടെ ഉള്ളിലേക്ക് മടുപ്പ് നിറഞ്ഞിരുന്നു.

ഗീത അവളുടെ പണി എളുപ്പമാക്കുന്നതിന് വേണ്ടി., ഒരു ചോദ്യം കൊണ്ട് എല്ലാം അവസാനിപ്പിക്കാനായി ചോദിച്ചു.

മോഡം., ഈ ചോദ്യത്തിന് ഉത്തരം കുറച്ചു പ്രയാസമാവുമെങ്കിലും മാഡം ഇതിനുത്തരം തന്നാൽ എന്റെ ജോലി എളുപ്പം ആവുമായിരുന്നു..,

മടിക്കേണ്ട… ചോദിച്ചോളൂ…..

– തികഞ്ഞ പുഞ്ചിരിയോടെ തന്നെ ആരതി പറഞ്ഞു.,

അല്ല മേടം.., കഴിഞ്ഞ രണ്ടു കൊല്ലം മുൻപ് വരെ ഉള്ള മേടത്തിന്റെ ജീവിതം ഒരു തുറന്ന പുസ്തകം ആയിരുന്നല്ലോ…, അതിൽ നിന്നും ഈ ഒരു അവസ്ഥയിലേക്ക് ഒരു മാറ്റത്തിനുള്ള കാരണം…..? അതെന്താ….? ഈ രണ്ടു വർഷം മേടത്തിന് എന്തു പറ്റിയെന്ന് ആർക്കും തന്നെ അറിയില്ല, ശരിക്കും 2 വർഷം മേടത്തിന്റെ ജീവിതത്തിൽ സംഭവിച്ചതെന്താണ്..? ഇതിനെല്ലാം തുടക്കം എവിടെ നിന്നാണ്..?

ചോദ്യം ക്ഷമയോടെ കേട്ട ആരതിയുടെ മുഖത്തെ ചിരി മാഞ്ഞു. ആ സുന്ദര മുഖത്തിൽ കാർമേഘങ്ങൾ ഇരുണ്ടു കൂടി., അവ പെയ്യും എന്നു തന്നെയാണ് ഗീത കരുതിയത്. എന്നാൽ അങ്ങനെയല്ല സംഭവിച്ചത്.

ആരതി ഇരുന്നിരുന്ന കസേരയിൽ നിന്നും എഴുന്നേറ്റ് നൃത്ത പഠനത്തിന് അനുയോജ്യമായി സജ്ജീകരിച്ച ആ മുറിയുടെ ഒരറ്റത്തേക്ക് നടന്നു. അവിടെ ചുമരിൽ ഉറപ്പിച്ച നിലയിലുള്ള വലിയ കണ്ണാടിയിൽ ആരതി അവളെ തന്നെ ഒന്നു നോക്കി.,

അതേ.., അവൾ ഇന്നും സുന്ദരിയാണ്. പക്ഷെ അവളുടെ ശരീരത്തിന്റെ സൗന്ദര്യം മാത്രമേ ഇന്നവളുടെ കൂടെ ഉള്ളൂ….. എവിടെ വച്ചോ അവൾക്ക് അവളുടെ മനസ്സിന്റെ സൗന്ദര്യം കൈമോശം വന്നിരിക്കുന്നു. അവളുടെ അഴകാർന്ന കാർകൂന്തൽ ഓരോ ചുവടിലും നിതംബങ്ങളിൽ മാറി മാറി തട്ടിക്കളിക്കുന്നുണ്ട്., അവളുടെ മേനിയഴക് ഏത് പുരുഷനെയും വരുതിക്ക് നിർത്തുവാൻ പാകത്തിനുള്ളതായിരുന്നു. ഉരലാകൃതിയിൽ ഉള്ള അവളുടെ ശരീരത്തിൽ ആലില വയർ അത്യധികം ആകർഷണീയമാണ്. അവൾ അടുത്തിരിക്കുന്ന ചുവന്ന സാരി., കാറ്റിൽ പറക്കുമ്പോൾ ആ വെളുത്ത ആലില വയർ വെയിലിൽ തിളങ്ങുമെന്ന് തോന്നിപ്പോകും. ഒരു ശരാശരി പെണ്ണിന്റെ അഴകുള്ള ഉയരം അവളിൽ ഒരു പ്രത്യേക ഭംഗി ഉളവാക്കി… മുഖ കാന്തിയിൽ ആരെയും തോല്പിക്കാനുള്ള കാന്തി അവളുടെ മുഖ സൗന്ദര്യത്തിന് മാറ്റുകൂട്ടി. ആകെ മൊത്തത്തിൽ സ്ത്രീ സൗന്ദര്യത്തിന്റെ ഒരു ഉദാഹരണം തന്നെയാണ് ആരതി മനോഹരൻ.

അതേ….. അതു തന്നെയാണ് സംശയം…, ആരതി രാജീവ് എങ്ങനെ ആരതി മനോഹരനായി…?

ആരതിയുടെ ചിന്തകൾ പോയ കാലത്തിലേക്ക് ദർപ്പണം തിരിച്ചു.

കാലചക്രം രണ്ടരക്കൊല്ലം പിന്നിലേക്കോടി.,

അതൊരു വേദിയാണ്., ഒരു നൃത്ത പരിപാടിയുടെ വേദി.,, പതിവ് പോലെതന്നെ ആരതി നിറഞ്ഞാടിയിരിക്കുന്നു. വേദിയിൽ നിന്നും ഇറങ്ങിയാൽ ഓട്ടോഗ്രാഫിനും ഫോട്ടോഗ്രാഫിനും വേണ്ടി തിരക്ക്കൂട്ടി, വട്ടമിട്ടടുക്കുന്ന നൃത്ത ആസ്വാദക കൂട്ടം., ആരാധക വലയം.., അതിൽ ഒരാൾ…….,

ഒരാൾ എന്നാൽ ഒരു പെൺകുട്ടി അവളെ കണ്ടപ്പോഴാണ് ഞാൻ ആദ്യമായി എന്റെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ഒരു അവസ്ഥ കണ്ടെത്തിയത്., അന്ന് വരെ ഒരാളോടും തോന്നാത്ത ഒരു താൽപ്പര്യവും അടുപ്പവും എല്ലാം ആ പെൺണ്കുട്ടിയെ ഒറ്റത്തവണ കണ്ട മാത്രയിൽ തന്നെ എനിക്കവളോട് തോന്നി., അതെന്താണെന്ന് മനസ്സിലാവും മുന്നേ തന്നെ., വികാര ത്തിന്റെ വേലിയേറ്റം എന്റെ ഉള്ളിൽ നടന്നു കഴിഞ്ഞിരുന്നു., അന്ന് വരെ ഇല്ലാതിരുന്ന ആ അനുഭൂതി എന്താണെന്ന് എനിക്കാദ്യം മനസ്സിലായ്ക്കാൻ സാധിച്ചില്ല., അവളെ ഒന്ന് അടുത്ത് കാണണം എന്ന് കരുത്തിയപ്പോഴേക്കും അവൾ അതാ എന്റെ അടുത്തേക്ക് വരുന്നു., വേദിയുടെ പിൻഭാഗത്ത് ആരാധകരാൽ വല്ലാത്ത തിരക്ക് അനുഭവപെട്ടിരുന്നു. എന്നാൽ അതിനിടയിൽ ഒരു ഓട്ടോ ഗ്രാഫിനായി ആ പെൺകുട്ടി അവളുടെ കൈ എന്റെ അടുത്തേക്ക് നീട്ടിയപ്പോൾ ഓട്ടോഗ്രാഫിനും പകരം ആ കൈ പിടിക്കാനാണ് എനിക്ക് തോന്നിയത്.., പക്ഷെ പരിസരബോധം ഉള്ളതിനാൽ അതെല്ലാം ഞാൻ സ്വയം നിയന്ത്രിച്ചു. ആ ജനക്കൂട്ടത്തെ ഒഴിവാക്കി ഞാൻ തിരക്കിൽ നിന്നും ഡ്രസിങ് റൂമിലേക്ക് കയറി.., മാനേജരെ വിട്ട് ആ പെൺകുട്ടിയെ വിളിപ്പിച്ചു…. അവൾ എന്റെ അടുത്തേക്ക് വന്നു., ഞാൻ അവളെ വല്ലാത്തൊരു താല്പര്യത്തോടെ ആയിരുന്നു നോക്കി നിന്നത്. പക്ഷെ അവൾ അത് തിരിച്ചറിഞ്ഞിരുന്നില്ല, പക്ഷെ ഞങ്ങൾ ഇടക്ക് ഇടക്ക് കാണുകയും അടുക്കുകയും ചെയ്തു, ആ അടുപ്പം പതിയെ, രാത്രികളിൽ കിടക്കയുടെ പാതി അവൾക്കായി മാറ്റി വക്കുന്നത് വരെയും വളർന്നു.,

മേടം…….. മേടം പറഞ്ഞു വരുന്നത്………..???!?!!?

– ആകാംക്ഷ നിറഞ്ഞ., സംശയം നിഴലിച്ച., ഒരു മുഴുവിപ്പിക്കാൻ സാധിക്കാത്ത ചോദ്യം ഗീതു, ആരതി ക്ക് നേരെ അറിഞ്ഞെങ്കിലും., വിശ്വസിക്കാനായവാത്ത ഒരു സത്യം കേട്ടത്തിന്റെ എല്ലാ അമ്പരപ്പും അവളുടെ മുഖത്തു നിന്നും ആരതിക്ക് വായിച്ചെടുക്കാനായി……. പക്ഷെ അതൊന്നും വകവെക്കാതെ ആരതി വീണ്ടും മണ്ണടിഞ്ഞുപോയ ഓർമകളുടെ ജീർണ്ണിച്ച അവശിഷ്ടങ്ങൾ ചികഞ്ഞു കൊണ്ടിരുന്നു.

അവളും എന്നെ വല്ലാതെ സ്നേഹിച്ചിരുന്നു., ഒരുപക്ഷെ ഏതൊരു സ്ത്രീയും പുരുഷനും പരസ്പരം സ്നേഹിക്കുന്നതിലും അധികം ഞങ്ങൾ പരസ്പരം സ്നേഹിച്ചു. പക്ഷെ അതിനിടയിൽ എപ്പോഴോ എന്നെ പെണ്ണ് കാണാൻ രാജീവ് വീട്ടിൽ വന്നു., ഒരു നൃത്ത പരിപാടി കണ്ട് ഇഷ്ടപ്പെട്ട്., തിരഞ്ഞു പിടിച്ചു വന്നതാണത്രേ……

എന്തൊരു അവസ്ഥയാണല്ലെ.., എന്നിൽ നിന്നും പാതിയകന്നെങ്കിലും അവശേഷിക്കുന്ന സ്ത്രീത്വം ഒരു ചോദ്യത്തിനോ., ഉത്തരത്തിനോ കാത്തു നിൽക്കാതെ രാജീവേട്ടനുമായുള്ള കല്യാണത്തിന് സമ്മതം മൂളി., അതിനു കാരണം അദ്ദേഹത്തിന്റെ സ്വഭാവവും പെരുമാറ്റവും ആയിരുന്നു., ഏതൊരു സ്ത്രീയും കൊതിക്കുന്ന സ്വഭാവം ആയൊരുന്നു..,

എന്റെ രാജീവേട്ടന്……..

എന്നിലും ജീവിച്ചിരിക്കുന്ന ഒരു പെണ്ണുണ്ടെന്ന് അപ്പോൾ ഞാൻ തിരിച്ചറിഞ്ഞു. പക്ഷെ ഞാൻ എന്തു കൊണ്ടോ., എന്റെ ഉള്ളിൽ നടന്നു കൊണ്ടിരുന്ന ആ ഒരു ഭാവ പകർച്ചയുടെയും., വികരത്തിന്റെയും അനുഭൂതിയുടെയും ആ ഒരു സംഭവ വികാസത്തെ പറ്റി അദ്ദേഹത്തോട് പറഞ്ഞില്ല., കല്യാണത്തിന് മുന്നേയുള്ള ഞങ്ങളുടെ ഓരോ യാത്രകളും ഞങ്ങളെ പരസ്പരം അടുപ്പിച്ചു കൊണ്ടിരുന്നു. എന്തോ., അപ്പോഴൊക്കെ കല്യാണ ശേഷം പറയാം എന്ന ചിന്തയായിരുന്നു എനിക്ക്. എന്തായാലും അദ്ദേഹത്തിനെ നഷ്ടപ്പെടുത്തുന്ന കാര്യം എനിക്ക് ചിന്തിക്കാൻ കഴിയാത്ത അവസ്ഥ ആയി…..

ആദ്യരാത്രിയിലും ആ ഭയം എന്റെ നാവിനെ ചങ്ങലക്കിട്ടു., അദ്ദേഹത്തോടൊപ്പം കഴിഞ്ഞ ഓരോ നിമിഷവും എന്നിൽ വല്ലാത്ത അനുഭൂതിയാണ് നിറച്ചത്… ഞാൻ അന്ന് വരെ അനുഭവിച്ചറിയാത്ത ഏതൊക്കെയോ വികാര വേലിയേറ്റങ്ങൾ എന്നിൽ സംഭവിച്ചു കൊണ്ടിരുന്നു. ആദ്യമായി യഥാർത്ഥ കാമം എന്തെന്ന് ഞാൻ അറിഞ്ഞത്…., അതെന്റെ രാജീവേട്ടനിലൂടെ ആയിരുന്നു.,

പക്ഷെ എത്ര ശ്രമിച്ചിട്ടും എനിക്കെന്റെ ലൈംഗിക ബോധങ്ങളെ തടയാൻ കഴിഞ്ഞില്ല., പലവട്ടം അവ കെട്ടു പൊട്ടിച്ചു പെണ്ണുടലുകളിലേക്ക് ചേക്കേറി., ഡ്രൈവറുടെ ഭാര്യ., വേലക്കാരിയുടെ ചെറു പ്രായമുള്ള മകൾ ., അവസാനം അടക്കാനാവാത്ത വികാര തള്ളിച്ചയിൽ എപ്പോഴോ… വേലക്കാരിയും.., കല്യാണം കഴിഞ്ഞപ്പോൾ എന്നെ വിട്ടു പോയ എന്റെ പ്രിയ കാമിനി.., എന്നിലെ സ്ത്രീ ഭോഗ ചിന്തകളിലെ ചെന്തീക്കനലിൽ നിന്നും ആദ്യമായ് ഊതിയൂതി ഒരു ചെറു പുകയെ തീ ഗോളമാക്കി മാറ്റിയവൾ., അവൾ തിരികെയെത്തി..,

അന്ന് രാത്രി….. രാജീവേട്ടൻ വരില്ല എന്നു പറഞ്ഞ ആ രാത്രി………. ഞങ്ങൾ അകന്നുപോയ ഞങ്ങളുടെ രാത്രികളെ തിരിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നു., പക്ഷെ എന്ത്‌ കൊണ്ടോ., ആ രാത്രി വീട്ടിലേക്ക് തിരികെ വന്ന രാജീവേട്ടൻ കണ്ടത്., കട്ടിലിൽ കിടന്ന്……….

പതിമുറിഞ്ഞ ആരതിയുടെ വാക്കുകളിൽ വികാരവും., നോക്കുകളിൽ നഷ്ടബോധവും., നിറഞ്ഞു., ആകെ അവൾ കുറ്റബോധത്തിന്റെ ഒറ്റമരമായി മാറി….. അവൾ വീണ്ടും തുടർന്നു.

കട്ടിലിൽ കിടക്കുന്ന ഞങ്ങളെ കണ്ട രാജീവേട്ടൻ അമ്പരന്നു., ഈ വീടുമുഴുവൻ അലറി വിളിച്ചു നടന്നു. അദ്ദേഹത്തിന്റെ ശബ്ദത്തിൽ നിന്നും ആളിക്കത്തിയ തീ എന്നെയും ഒപ്പം ഈ വീടും കൂടി വിഴുങ്ങുമെന്ന് എനിക്ക് തോന്നി………

ദേഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞ് ഇറങ്ങിപ്പോയതാണ് അദ്ദേഹം…..

അദ്ദേഹത്തിനെ പിന്നെ നേരിട്ടൊന്ന് കാണാൻ പോലും നാളിതുവരെ കഴിഞ്ഞിട്ടില്ല., അവസാനം കണ്ടത് കോടതിയിലാണ്… ജീവനാംശമായി കിട്ടിയതാണീ വീട്….. അല്ല……ഞാൻ ചോദിച്ചു വാങ്ങിയതാണ്……. എന്റെ രാജീവേട്ടനുമായുള്ള നല്ല ഓർമകൾ ജീവിക്കുന്ന ഈ വീട് എനിക്ക് സ്വർഗ്ഗമാണ്. ഇവിടെ ഒറ്റക്കിരിക്കുമ്പോൾ ഈ വീടിന്റെ ആരും കാണാത്ത കോണിൽ നിന്നെല്ലാം പഴയ ഓർമകൾ എന്നെ ഊഞ്ഞാലാട്ടാൻ വരും………

ആരതിയുടെ വാക്കുകൾക്ക് തുടക്കത്തിൽ ഉണ്ടായിരുന്ന ആ ശക്തി ഇപ്പോൾ നഷ്ടമായിരിക്കുന്നു., വീടിന്റെ കോണ്ക്രീറ്റ് തൂണിൽ കൈ വച്ചു., അതിൽ തല ചാരി നിന്ന് വിതുമ്പുന്ന ആരതിയോട് എന്തു പറയണമെന്നറിയാതെ ഗീത അമ്പരന്ന് നിന്നു..

അവൾ ഉള്ളിൽ എന്തൊക്കെയോ ചികഞ്ഞെടുക്കുകയായിരുന്നു.

അപ്പോൾ മാഡം……

അതേ….. നീ എന്തു ചിന്തിക്കുന്നോ… അതാണ് ഞാൻ….. പക്ഷെ ആർക്കും ഇത് അംഗീകരിക്കാൻ ആവില്ല…. ഇത് കേട്ടുകേൾവി ഇല്ലാത്തതല്ലേ…

രാജീവേട്ടന് പകരമാവാൻ ആർക്കും കഴിഞ്ഞില്ല.., ഡ്രൈവർക്കും., മാനേജർക്കും ആർക്കും…. പ്രണയമില്ലാതെ കാമിക്കുന്ന ജന്തുക്കൾ…… പെണ്ണനുടലിലെ ആഴക്കടലിനെക്കാൾ അവർക്ക് പ്രിയം അവരുടെ താല്പര്യങ്ങളാണ്.

പലപ്പോഴും എനിക്ക് വികാരങ്ങളെ കാണിഞ്ഞാണിടാനായില്ല… അവ സ്വതന്ത്രമായി വിഹരിച്ചു കൊണ്ടിരുന്നു. ആ യാത്രകളിൽ എവിടെ വച്ചോ.., എനിക്ക് എന്നെ തന്നെ നഷ്ടമായിരിക്കുന്നു..

ഗീത വാക്കുകൾ മുഴുവിപ്പിക്കും മുന്നേ ആരതി ഉയർന്ന ശബ്ദത്തിൽ പറഞ്ഞു….

എന്തു പറയണമെന്ന് അറിയാതെ ഗീത, ആരതിയുടെ അടുത്തേക്ക് നടന്നു., ആരതിയുടെ തോളിൽ ഒന്ന് കൈ എടുത്ത് വച്ച് അശ്വസിപ്പിക്കണമെന്നവൾക്ക് തോന്നി….. എങ്കിലും ഇവിടെ നിന്നോ അവളുടെ ഉപബോധ മനസ്സ് അവളുടെ കൈകൾക്ക് വിലങ്ങണിഞ്ഞു. ചിലങ്കയുടെ ശബ്ദങ്ങൾ പ്രതിധ്വനിച്ചിരുന്ന ആ നൃത്ത മുറിയിൽ വാക്കുകൾക്ക് വേണ്ടി അവളുടെ കണ്ണുകൾ പരതി നടന്നു…

പക്ഷെ വീണു കിട്ടിയതോ…..

വിളിപ്പേരുകൾ പലതും കുത്തി നോവിച്ച, ഏകാന്തതയിൽ അലിഞ്ഞു പോയൊരു തേങ്ങൽ മാത്രം…..

മാഡത്തിന്റെ മനസ്സ് ഒരു കാൽചിലങ്ക പോലെയാണ്…, അത് എവിടെയും ചേരും…, ആൺപെൺ വ്യത്യാസമില്ലാതെ ആരുടെ കാലിലും….

– ആരതിയുടെ അവസ്ഥയെക്കുറിച്ച് മനസ്സ് മന്ത്രിക്കുന്നത് അറിഞ്ഞെങ്കിലും…, ആ സമയം ഗീതയുടെ മനസ്സാക്ഷി അവളോട്‌ തന്നെ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.

അവർക്കിടയിലുള്ള ആ മൗനത്തിന് ഒരു കിടക്കയിലേക്കുള്ള ദൂരമേ ഉണ്ടായിരുന്നു..,

……ശുഭം……..

രചന: Vijay CK

Leave a Reply

Your email address will not be published. Required fields are marked *