ആദ്യ പ്രണയം തകർന്നവരിൽ പലരും ഇപ്പോഴും ജീവിക്കുന്നില്ലേ…

രചന: ആദിത്യ പണിക്കർ

💚രുദ്രയാമി 💚 തുളസിത്തറയിൽ വിളക്ക് തെളിയിച്ച് കൈ കൂപ്പി കണ്ണടച്ചു പ്രാർത്ഥിക്കുകയാണവൾ…

അരികിലൊരാൾപെരുമാറ്റമറിഞ്ഞപ്പോൾ തലയുയർത്തി നോക്കി…. ഒരുവേള മുഖം തിരിച്ച് വീണ്ടും പ്രാർത്ഥനയിൽ മുഴുകിയപ്പോൾ കാതോരം ചേർന്നുകൊണ്ട് പതിഞ്ഞ ശബ്ദത്തിലുള്ളയവന്റെ വാക്കുകൾ കേട്ട് അവളിൽ നേർത്തൊരു വിങ്ങലുയർന്നു…

“യാമി… പെണ്ണ് കാണാൻ പോയത് ഉറച്ചു… അല്ല.. ഉറപ്പിച്ചു.. ”

പ്രാർത്ഥന മതിയാക്കിയവൾ അവന് മുഖം നൽകാതെ തിരിഞ്ഞു നടന്നു.. ഉമ്മറത്തേക്ക് കയറാതെ വലതുഭാഗത്തെ മാവിൻ ചുവട്ടിലെ സിമെന്റ് ബെഞ്ചിൽ ഒന്നും ഉരിയാടാതെയവളിരുന്നു…

പതിയെ ഉടുത്തിരുന്ന മുണ്ട് കൈ കൊണ്ട് ഒന്ന് നേരെയാക്കിയവനും അവൾക്കരികിലായിരുന്നു..

അവൾ പതിയെ തലയുയർത്തി മാവിനോട് ചേർന്നു പടർന്നു പന്തലിച്ചു നിൽക്കുന്ന മുല്ലവള്ളിയിലേക്ക് നോക്കി.. നിറയെ മൊട്ടുകളുണ്ട്… പച്ചിലകൾക്കിടയിലൂടെ അവ വിരിയാൻ സമയമായോന്ന് അറിയാൻ ഇടക്ക് തലയിട്ടു നോക്കുന്ന പോലെയവൾക്ക് തോന്നി..

ഇന്ന് രാത്രിയവ വിടരും.. തറവാടിനകത്തളം വരെ മണം പരത്തിക്കൊണ്ടവയങ്ങനെ ചെറുകാറ്റിൽ ഉല്ലസിച്ചിരിക്കും…

“യാമീ.. ”

ഒട്ടും കൂസാതെയുള്ളയവളുടെയിരിപ്പ് അവനിൽ ചെറുതായി നീരസമുണ്ടാക്കി..

“മ്മ്.. ”

ഒരു മൂളലിൽ അവൾ കാര്യമെന്തെന്ന ചോദ്യമുന്നയിച്ചു…

“ഞാൻ പറഞ്ഞത് നീ ശ്രദ്ധിച്ചുവോ?? ”

“മ്മ്.. ”

“ഇന്ന് പെണ്ണ് കാണാൻ പോയത് ഉറപ്പിച്ചു.. കാണാൻ സുന്ദരി… എന്റെ ആഗ്രഹം പോലെ ഒരു എയർ ഹോസ്റ്റസ്….മോഡേൺ ആണവൾ… തോളൊപ്പം മുടിയാണവൾക്ക്.. അല്ലാതെ നിന്റെ പോലെ മുട്ടറ്റം മുടിയല്ല.. എവിടേലും പോകണേൽ നിനക്കൊരുങ്ങാൻ ഒരു രണ്ട് മണിക്കൂർ മിനിമം വേണം..

കണ്ണ് വാരി വലിച്ചെഴുതി മുടിയങ്ങനെ അഴിച്ചിട്ട് ഒരുമാതിരി യക്ഷികളെ പോലെ…

ഇവൾക്കങ്ങനെയല്ല… പെട്ടന്ന് ഒരുങ്ങിയിറങ്ങാം…. മേക്കപ്പ് ചെയ്യേണ്ട ആവശ്യമേയില്ല.. വെളുത്തിട്ടാ.. നമ്മുടെ സിനിമ നടി തമന്നയെ പോലെയാ കാണാൻ.. ”

അവളെ കുറിച്ചുള്ള അവന്റെ വർണ്ണന യാമിയിൽ വിഷമമുണ്ടാക്കിയെങ്കിലും അത് പുറത്തു കാണിക്കാതെ നേർത്ത പുഞ്ചിരിയാലെയവൾ അവനിലേക്ക് നോട്ടമെറിഞ്ഞു…

അവൻ അവളുടെ പ്രതികരണമറിയാനായി നോക്കിയിരിക്കുകയാണ്…

യാമിയുടെ മുഖത്തു യാതൊരു ഭാവഭേദവുമില്ലെന്നത് അവനിൽ ആശ്ചര്യമുളവാക്കി…

“യാമി.. നീയെന്താ ഒന്നും മിണ്ടാത്തത്?? ”

മൗനം ഭേദിച്ചുകൊണ്ടവൾ അവനോട് ചോദിച്ചു :

“എന്താണവളുടെ പേര്?? ”

“ദിവ്യ.. ”

പതിയെ അവളുടെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കിക്കൊണ്ടവൻ പറഞ്ഞു.

ഒരു നിശ്വാസത്തോടെയവൾ ചെറുപുഞ്ചിരിയോടെ അവിടെ നിന്നും എഴുന്നേറ്റു…

“എന്താ യാമി ഇത്?? ഒരു ഫോർമാലിറ്റിക്ക് വേണ്ടി ചോദിച്ച പോലെ?? ”

അവന്റെ ചോദ്യം കേട്ട് സംശയ രൂപേണയവൾ ആ മുഖത്തേക്ക് നോക്കി…

“നിനക്ക് വേറൊന്നും ചോദിക്കാനില്ലേ?? ”

“വേറെ?? ”

“ദിവ്യയെ കുറിച്ച്.. എനിക്ക് അവളെ ഇഷ്ടപ്പെടാനുള്ള കാരണത്തെ കുറിച്ച്.. ”

കൈ കൊണ്ട് എന്തൊക്കെയോ ആംഗ്യം കാണിച്ച് വേറെയെവിടേക്കോ ദൃഷ്ടിയൂന്നിക്കൊണ്ടവൻ പറഞ്ഞു തീർത്തപ്പോൾ മുഖത്തെ മായാത്ത പുഞ്ചിരിയുമായി അപ്പോഴും അവൾ മുല്ലവള്ളിയിലേക്ക് നോട്ടമെറിഞ്ഞു..

മറുപടിയൊന്നും ലഭിക്കാതായപ്പോൾ അവൻ അവളെ നോക്കി…

മുല്ലവള്ളിയിലേക്ക് തന്നെ നോട്ടമെറിഞ്ഞു നിൽക്കുന്നയവളുടെ മുൻപിലായ് കാഴ്ച മറക്കാനെന്ന വണ്ണം അവൻ നിന്നു..

പെട്ടന്നവൾ അവനെ നോക്കിയപ്പോൾ ഇരുകയ്യും മാറോട് ചേർത്ത് പിണച്ചു കെട്ടി നിൽക്കുകയായിരുന്നവൻ..

“എന്താ?? ”

“നീയെന്താ യാമീ എന്നോടൊന്നും ചോദിക്കാത്തത്?? ഒന്നൂല്ലെങ്കിലും ഞാൻ വിവാഹിതനാവാൻ പോവുകയല്ലേ?? ”

“ഞാനെന്താ ചോദിക്കേണ്ടത്?? എന്ത് ചോദിച്ചാലും നിങ്ങളുടെ ഉത്തരം ചെന്നു നിൽക്കുക ദിവ്യയിൽ ആയിരിക്കും… നിങ്ങളുടെ മോഡേൺ കാഴ്ചപ്പാടിൽ ആയിരിക്കും…

ഞാൻ ചോദിക്കുന്ന ഓരോ ചോദ്യത്തിനും നിങ്ങളെന്ത്‌ മറുപടി നൽകുമെന്ന് ഒരുപക്ഷെ മറ്റാരേക്കാളും എനിക്ക് മനസിലാകും.. ”

അവളുടെ ചോദ്യത്തിലെ പുച്ഛം മനസിലാക്കിയവൻ ഒരു പരിഹാസത്തോടെയവളോട് ചോദിച്ചു..

“നീയുമായുള്ള കല്യാണത്തിന് ഞാൻ സമ്മതിക്കാത്തതിന്റെ വിഷമമാണോ പരിഹാസരൂപത്തിൽ നിന്നിൽ നിന്നും വരുന്ന വാക്കുകൾ.. ”

അവന്റെ ചോദ്യത്തിന് ഒട്ടും ആലോചിക്കാതെ തന്നെ അവൾ മറുപടി നൽകി..

“ഹ്മ്മ്… നിങ്ങളെന്നെ വിവാഹം കഴിച്ചില്ലെന്നു വെച്ച് ജീവിക്കാതിരിക്കാൻ എനിക്കാകുമോ?? ”

ഒന്ന് നിർത്തി അവൾ തുടർന്നു…

“ശരിയാണ്.. നിങ്ങളെ ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നു… കൂടെ ജീവിക്കാൻ ആഗ്രഹിച്ചിരുന്നു.. എന്നുവെച്ചാൽ നിങ്ങളില്ലെങ്കിൽ എനിക്കൊരു ജീവിതമേയില്ലെന്ന അർത്ഥമില്ല…

ജീവിക്കും ഞാൻ.. എന്റെ അച്ഛനും അമ്മയ്ക്കും ചേട്ടനും വേണ്ടി…പിന്നെ എന്നെ സ്നേഹിക്കുന്ന ആരെങ്കിലും എന്റെ കഴുത്തിൽ താലി കെട്ടിയാൽ അയാൾക്ക് വേണ്ടിയും..

ആദ്യ പ്രണയം തകർന്നവരിൽ പലരും ഇപ്പോഴും ജീവിക്കുന്നില്ലേ?? അവരാരും അതിന്റെ പേരിൽ ജീവിതം അവസാനിപ്പിച്ചില്ലല്ലോ?? ”

അവന് നേരെ ചോദ്യശരങ്ങളെയ്തു കൊണ്ടവൾ അവനെ നോക്കി..

“അല്ല.. ഒരു കാര്യം ചോദിച്ചോട്ടെ?? നീയില്ലാതെ ഞാനില്ല… ജീവിക്കുന്നെങ്കിൽ ഒരുമിച്ച് എന്ന് പറഞ്ഞ നിങ്ങൾക്കെങ്ങനെ മാറി ചിന്തിക്കാൻ കഴിഞ്ഞു…

പുതിയ ജോലി കിട്ടി നഗരജീവിതം നയിച്ചപ്പോഴോ?? ”

“യാമി… നിന്നോട് തർക്കിക്കാൻ ഞാനില്ല.. ഒരാണിനും പെണ്ണിനും ഒരുമിച്ചു ജീവിക്കണമെങ്കിൽ നല്ലൊരു ജോലി രണ്ടാൾക്കും വേണം..

ഈ നാട്ടിൻ പുറത്ത് തന്നെ ഒതുങ്ങി കൂടിയാൽ എവിടെയും എത്തില്ല.. ലോകമെന്തെന്നറിയണമെങ്കിൽ നഗരത്തിലേക്കും ഇറങ്ങണം.. പഠിക്കണം..

നിന്നെക്കൊണ്ടതിനു പറ്റില്ല… നീയീ നാട്ടിൻ പുറവുമായി കഴിഞ്ഞോ… എനിക്ക് പക്ഷേ പ്രാക്ടിക്കലായി ചിന്തിച്ചേ പറ്റു.. ”

“ഹ്മ്മ്.. ചിന്തിച്ചോളൂ.. വേണ്ടെന്ന് ഞാൻ പറയില്ല.. എന്തായാലും നിങ്ങളുടെ ഉള്ളിലിരിപ്പ് മനസിലാക്കാൻ കഴിഞ്ഞല്ലോ.. ഭാഗ്യം.. ”

അതിനു മറുപടിയായവൻ അവളെ നോക്കിയൊന്ന് പുച്ഛിച്ചു ചിരിച്ചു..

“പിന്നെ… എന്തായാലും നിങ്ങളുടെ കല്യാണം ഉറപ്പിച്ചു.. ഇനിയിപ്പോ ഇത് മറച്ചു വെക്കേണ്ട കാര്യമില്ലല്ലോ.. ”

“എന്ത്?? ”

ദീർഘനിശ്വാസത്തോടെയവൾ ചോദ്യരൂപത്തിലവനെ നോക്കിയപ്പോൾ ഇനിയെന്തെന്ന ഭാവത്തിൽ അവൻ അവളെ ഉറ്റു നോക്കി…

“ഒരു നിമിഷം.. ഞാനിപ്പോൾ വരാം… ”

അവനോടവിടെ കാത്തു നിൽക്കാൻ പറഞ്ഞിട്ട് ദാവണി തുമ്പ് പൊക്കിക്കൊണ്ടവൾ അകത്തേക്ക് നടന്നു..

കുറച്ച് കഴിഞ്ഞവൾ കയ്യിലൊരു പോസ്റ്റൽ കവറുമായി അവന്റെയടുത്തേക്ക് വന്നു..

ആ കവർ അവന് നേരെ നീട്ടി..

“ഇതാ.. ”

“ഇതെന്താണ്?? ”

“തുറന്നു നോക്കു… ”

അവൻ ആ കവർ തുറന്നു… അതിലെഴുതിയ ഓരോ വാക്കുകൾ വായിക്കുമ്പോഴും അവന്റെ കണ്ണിൽ അത്ഭുതം നിറഞ്ഞു നിന്നു..

സംശയത്തോടെയവൻ അവളോട് ചോദിച്ചു :

“യാമീ.. ഇത്.. ”

“എന്തേ?? വിശ്വസിക്കാൻ പറ്റുന്നില്ലല്ലേ..കഴിഞ്ഞ കുറച്ച് കൊല്ലങ്ങൾ നിങ്ങൾ നഗരജീവിതവുമായി മുഴുകി കഴിഞ്ഞപ്പോൾ ഞാനിവിടെ എന്ത് ചെയ്യുകയാണെന്ന് തിരക്കാൻ നിങ്ങൾ മറന്നു പോയി..

ഇവിടുന്നു എൻജിനീയറിങ് കഴിഞ്ഞ് ജോലിക്കായി നിങ്ങൾ പോയപ്പോൾ സന്തോഷമായിരുന്നു എനിക്കും…. ഒരുമിച്ചൊരു ജീവിതം തുടങ്ങുമ്പോൾ രണ്ടാൾക്കും നല്ലൊരു ജോലിയുള്ളത് ഗുണമല്ലേ ചെയ്യൂ എന്ന് ചിന്തിച്ചു ഞാൻ..

എന്നാൽ നിങ്ങളിവിടുന്നു പോയി ഒരു വർഷമായപ്പോഴേക്കും എന്നിൽ നിന്നും അകലാൻ തുടങ്ങി.. പതിയെ എന്നെ ഒഴിവാക്കാൻ തുടങ്ങി..

എന്തുകൊണ്ടങ്ങനെയെന്നെനിക്കറിയില്ലായിരുന്നു… പക്ഷേ പതുക്കെ ഞാൻ മനസ്സിലാക്കി തൊട്ടടുത്ത ഫ്ളാറ്റിലെ ദിവ്യ എന്ന എയർ ഹോസ്റ്റസുമായി നിങ്ങൾ പ്രണയത്തിലാണെന്ന്… ”

“നീ… നീയെങ്ങനെ…? ”

“ഞാനെങ്ങനെ അറിഞ്ഞുവെന്നായിരിക്കും അല്ലെ?? പറയാം… നിങ്ങളുടെ കൂടെ ജോലി ചെയ്യുന്ന കൃതികയെ നിങ്ങൾക്കറിയാമോ?? ”

“കൃതിക… അവൾ.. അവളുമായെങ്ങനെയാ നിനക്ക്??”

“അവളീ നാട്ടുകാരിയാ.. എന്റെ കൂടെ ഒരുമിച്ചു പഠിച്ചവൾ.. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞവൾ കുടുംബത്തോടൊപ്പം ഇവിടുന്ന് പോയെങ്കിലും ഞങ്ങള് തമ്മിലുള്ള ബന്ധം അറ്റു പോയില്ല… വിളിക്കും.. മെസ്സേജ് അയക്കും..

ഒരു ദിവസം ചാറ്റ് ചെയ്യുന്നതിനിടക്ക് ഞാനവളോട് നിങ്ങളെ കുറിച്ച് പറഞ്ഞു… നമ്മളോരുമിച്ചുള്ള ഫോട്ടോയും അയച്ചു കൊടുത്തു.. അതുകണ്ട ശേഷമുള്ള അവളുടെ മറുപടിയെന്നെ ഞെട്ടിച്ചു..

ഓഫീസിൽ മുഴുവൻ നിങ്ങൾ കല്യാണം കഴിക്കാൻ പോകുന്ന പെണ്ണെന്ന പേരിൽ ദിവ്യയെ പരിചയെപ്പെടുത്തിയ കാര്യം അവളെന്നോട് പറഞ്ഞപ്പോൾ സങ്കടം കൊണ്ട് ഞാൻ പൊട്ടിക്കരഞ്ഞു.. ആദ്യം വിശ്വസിച്ചില്ലെങ്കിലും നിങ്ങളുടെ രണ്ട് പേരുടെയും ഫോട്ടോ എനിക്കവളയച്ചു തന്നു… അപ്പോഴാണെനിക്ക് നിങ്ങളെന്നോട് കാണിക്കുന്ന അകൽച്ചയുടെ അർത്ഥം മനസിലായത്…

തളർന്നില്ല.. ആരോടും ഒന്നും പറഞ്ഞുമില്ല… വാശിയോടെ പഠിച്ചു.. നിങ്ങളവിടെ സന്തോഷത്തോടെ കഴിയുമ്പോൾ ഞാനിവിടെ നിങ്ങളോടുള്ള വാശിയിൽ കുത്തിയിരുന്ന് പഠിച്ചു..

അതിന്റെ റിസൾട്ട്‌ ആണ് നിങ്ങളുടെ കയ്യിലുള്ള അപ്പോയ്മെന്റ് ലെറ്റർ.. ”

അവൾ പറഞ്ഞു നിർത്തിയപ്പോൾ അവനൊരു കുറ്റവാളിയെ പോലെ തല കുനിച്ചു..

“ഇപ്പോൾ മനസ്സിലായോ Mr. വിവേക് രാമചന്ദ്രൻ.. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന്…. ഇനി നിങ്ങൾക്കെന്നെ കാണണമെങ്കിൽ മുൻകൂട്ടി അപ്പോയ്മെന്റ് എടുക്കേണ്ടി വരുമല്ലോ.. ”

പുച്ഛത്തോടെ പൊട്ടിചിരിച്ചുകൊണ്ടവൾ പറഞ്ഞു നിർത്തിയപ്പോൾ ആ അപ്പോയ്മെന്റ് ലെറ്ററ്ററിലെ വാക്കുകൾ അവനെ നോക്കി കളിയാക്കി ചിരിക്കുന്നത് പോലെയവന് തോന്നി..

“ഇനി മുതൽ എന്റെ പേരിനു പിന്നിൽ എന്റെ അച്ഛന്റെ പേര് മാത്രമല്ല ഉണ്ടാവുക.. മൂന്ന് ഇംഗ്ലീഷ് അക്ഷരങ്ങൾ കൂടെയുണ്ടാകും… രുദ്രയാമി ശിവദേവൻ IAS”

അത്രയും പറഞ്ഞവൾ അവന്റെ കയ്യിൽ നിന്നും ലെറ്റർ വാങ്ങി തിരിഞ്ഞു നടന്നു.. നഷ്ടപ്പെടുത്തി കളഞ്ഞ മാണിക്യത്തെയോർത്തു അവന് സ്വയം പുച്ഛം തോന്നി…

അവൾ പോകുന്ന വഴിയേ നിശ്ചലനായി നോക്കി നിൽക്കാനേ അവന് കഴിഞ്ഞുള്ളു…

ശുഭം

രചന: ആദിത്യ പണിക്കർ

Leave a Reply

Your email address will not be published. Required fields are marked *