ഉസ്താദിന്റെ നെഞ്ചിലെ ചൂട്.

രചന : – സൈനു ഓമി.

മൂന്നു വർഷങ്ങൾക്കു ശേഷം കോളേജിന്റെ ഗേറ്റ് കടന്നപ്പോൾ ആമിനയുടെ ഉള്ളിലൊരു കുളിരു വീശി..

ബാല്യകാല സ്മരണകളുറങ്ങുന്ന മണ്ണ്… തമാശകൾ പറഞ്ഞ് ചിരിച്ച് കൂട്ടുകാരികൾ തമ്മിൽ സ്നേഹം പങ്കിട്ട നല്ല മണ്ണ്..

ബൈക്കിൽ നിന്നും ഇറങ്ങി കുഞ്ഞു വാവയെ മാനുക്കാന്റെ മുന്നിൽ വച്ചു . “ഉമ്മച്ചി വേഗം വരാട്ടോ…” എന്ന് പറഞ്ഞ് അവനൊരു ഉമ്മയും കൊടുത്ത് ഇക്കയോട് “പോയി വരിൻ ” എന്ന് പറഞ്ഞു.. കുഞ്ഞുവാവ പാൽ പല്ലുകാട്ടിച്ചിരിച്ച് വലം കൈ ഉയർത്തി റ്റാറ്റ പറഞ്ഞു.. ഉപ്പയേയും മകനേയും കൊണ്ട് ബൈക്ക് ഗേറ്റ് കടന്ന് പാഞ്ഞു പോയി.. ഉപ്പാന്റെ കൂടെ എത്ര സമയം വേണമെങ്കിലും കുഞ്ഞുവാവ ഇരുന്നോളും..

പണ്ടത്തെ ക്ലാസ്മുറി വർണ്ണക്കടലാസുകളും ബലൂണുകളും കൊണ്ട് മനോഹരമായി അലങ്കരിച്ചിട്ടുണ്ട്.. ഞായറാഴ്ച്ച ആയതിനാൽ കോളേജ് അവധിയാണ്.. എല്ലാവരേയും വിഷ് ചെയ്ത് ക്ലാസിൽ കയറി ഒരു ഭാഗത്തിരുന്നു.. കണ്ണുകൾ സുഹറയെ തിരയുകയാണ്.. മുന്നിൽ ഒരു അദ്ധ്യാപകൻ പ്രസംഗിക്കുന്നുണ്ട്.. ചുറ്റുമിരിക്കുന്നവർ ശബ്ദം താഴ്ത്തി പലതും ചോദിക്കുന്നുണ്ട്.. മറുപടി പയുന്നതിനിടയിലും ചുറ്റും തിരയുന്ന കണ്ണുകൾ അവളെ കണ്ടെത്തി..

ആമിനയുടെ നിഴലായി നടന്ന സുഹറയെ.. അവരൊന്നിച്ചായിരുന്നു രാവിലെ കോളേജിലെത്താറ്. വൈകും വരെ അടുത്ത ചങ്ങലക്കണ്ണികളെ പോലെ കൈകൾ കോർത്ത് നടക്കും.. വൈകിട്ട് പോവുന്നതും ഒന്നിച്ചു തന്നെ…

അതിനിടക്കുള്ള സമയം വെളുത്ത് സുന്ദരിയായ, രാജാത്തിയെ പോലുള്ള ആമിനയുടെ പിന്നാലെ വരുന്ന കോഴികളുടെ കമന്റുകൾക്കെല്ലാം ഉരുളക്കുപ്പേരി പോലെ മറുപടി കൊടുക്കുന്നത് കൂടെ നടക്കുന്ന സുഹറയാണ്.. മറ്റു കുട്ടികൾ അവരുടെ തോളോടു ചേർന്നുള്ള വരവ് കണ്ട് പറഞ്ഞു..

“ദേ… രാജകുമാരിയും തോഴിയും വരുന്നു.. ”

ഗെറ്റ് ടു ഗെതറിന്റെ ഫങ്ഷൻസെല്ലാം കഴിഞ്ഞ്, ബിരിയാണിയും ഐസ് ക്രീമും കഴിച്ച് പോവാനിറങ്ങിയപ്പോൾ മാത്രമേ.. ആമിനക്ക് സുഹറയെ തനിച്ച് കിട്ടിയുള്ളു.. ഗേറ്റിനടുത്ത് കൊന്നമരച്ചോട്ടിലിരുന്ന് അവർ ബാല്യകാലസ്മരണകൾ അയവിറക്കിക്കൊണ്ടിരുന്നു.. അതിനിടെ ആമിന ഫോണെടുത്ത് മാനുക്കാനെ വിളിച്ചു.

“ആമീ… നിന്റെ ഹസും മോനും സുഖമായിരിക്കുന്നോ.. ”

” എല്ലാവരും സുഖമായിരിക്കുന്നു സുഹറാ..

നിന്റെ വിശേഷമെന്തൊക്കെ… ”

“കഷ്ട്ടമാണ് മോളേ.. അതിരാവിലെ തുടങ്ങും ജോലി… ഒരിടത്ത് തനിച്ചിരിക്കാൻ സമയമില്ല.. ജോലിക്ക് പിറകെ ജോലി തന്നെ.. ഭക്ഷണം പോലും ശരിക്ക് കഴിക്കാൻ കഴില്ല ആമീ…. എത്ര ജോലി ചെയ്താലും പരാതിയേ ബാക്കി കാണൂ.. എല്ലാം സഹിക്കാമായിരുന്നു. സങ്കടങ്ങൾ കേൾക്കാൻ,രാത്രി ക്ഷീണിച്ചുറങ്ങുമ്പോൾ ചേർത്ത് പിടിച്ച് നെഞ്ചിലെ ഇളം ചൂടേൽക്കാൻ, ആശ്വാസം പകരാൻ ഇക്ക അടുത്തുണ്ടായിരുന്നെങ്കിൽ.. എന്ത് ചെയ്യാനാ.. പ്രാരാബ്ധങ്ങളുടെ ഭാണ്ഡവും പേറി മണൽ കാട്ടിൽ വിയർക്കുകയല്ലേ.. ഇക്ക… ”

സുഹറ ഉള്ളിൽ അണകെട്ടി നിറുത്തിയ സങ്കടങ്ങളൊക്കെ ഒറ്റ ശ്വാസത്തിൽ പറയുകയായിരുന്നു.. തന്നോട് പറയാൻ കാത്തിരുന്ന പോലെ.

” ആമിനാ.. നീ ഭാഗ്യവതിയാണ് മോളേ…

എന്റെ വിധി ഇങ്ങനെയായി.. ”

സംസാരിച്ചിരിക്കേ… മാനുക്കയും മോനും വന്നു.. സുഹറയോട് യാത്ര പറഞ്ഞ് ബൈക്കിൽ കയറി പോവാൻ തുടങ്ങുമ്പോൾ അവളുടെ മുഖത്ത് നിരാശയോ..ദുഖമോ. സങ്കടമോ.. എന്ന് തിരിച്ചറിയാൻ കഴിയാത്തൊരു തരം വികാരം നിറഞ്ഞ് നിന്നിരുന്നു. അവൾ തല താഴ്ത്തി വെച്ചിരുന്നു..

അവളുടെ വിശേഷങ്ങും സങ്കടങ്ങളും ആമിന ക്ഷമയോടെ കേട്ട് ആശ്വസിപ്പിക്കുമ്പോഴൊന്നും തിരിച്ച് അവളോട്‌ തന്റെ വിശേഷങ്ങൾ പറഞ്ഞില്ല.. ആപേക്ഷികമായി സ്വർഗ്ഗലോകത്ത് ജീവിക്കുന്ന അവളെങ്ങനെ സങ്കടങ്ങൾ പറയുന്ന സുഹറയോട് വിശേഷം പറയും ..!

കോളേജ് ഫൈനൽ ക്ലാസിൽ പഠിക്കുമ്പോഴാണ് രണ്ടാളുടെയും കല്ല്യാണം കഴിഞ്ഞത്.. ഒരു ദിവസം സുഹറയെ ഒരു ഉസ്താദ് കാണാൻ വന്നു.. നാരങ്ങ വെള്ളവും ലഡുവും കഴിച്ച് പെണ്ണിനെ കണ്ട് ഉസ്താദ് പടിയിറങ്ങിയപ്പോൾ തന്നെ സുഹറ ബാപ്പായെ വിളിച്ചു പറഞ്ഞു..

“കൊന്നാലും എനിക്കയാളെ വേണ്ട.. ”

അടുത്ത ദിവസം ക്ലാസിൽ വന്ന് സുഹറ കാണാൻ വന്ന ഉസ്താദിനെ പറ്റി പറഞ്ഞു. അയാളുടെ നിറവും,വസ്ത്രം ധരിക്കുന്ന രീതിയുമെല്ലാം പറഞ്ഞു. അങ്ങാടിയിൽ വച്ചു കണ്ടാൽ പോലും തിരിച്ചറിയും വിധം അവൾ ഉസ്താദിനെ വർണ്ണിച്ചു..

ദിവസങ്ങൾ കടന്നു പോയി.. ആമിനാക്കും ആലോചന വന്നു. ചെക്കനെ കണ്ട് ആമിന ഞെട്ടി.. സുഹറയെ കാണാൻ വന്ന ഉസ്താദ്…! അവൾ വിഷമിച്ചു.. കാണാൻ ഭംഗിയില്ലാഞ്ഞിട്ടല്ല, സ്വഭാവവും സംസാരവും മോശമായിട്ടുല്ല.. ഉസ്താദിനോടു കൂടെ ജീവിക്കാൻ വയ്യ.. അടിച്ചമർത്തപ്പെട്ടവളായി, സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവളായി ഒരു ജീവിതം മുഴുവൻ ജീവിക്കാൻ കഴിയില്ല… പക്ഷേ.. സുഹറയെ പോലെ ഉപ്പയോട് പറയാൻ ധൈര്യമില്ല..

അവൾ അന്ന് മുഴുവൻ തനിച്ചിരുന്നു.. രാത്രി ഉറക്കം വരാതെ കിടന്നു. സമയം പതിനൊന്നു മണി ആയി.. ധൈര്യം സംഭരിച്ച് ഉപ്പയുടെ മുറിയിലേക്ക് പോയി.. ഉപ്പ ഉറങ്ങിയിട്ടില്ല. മെലിഞ്ഞ് ശുഷ്കിച്ച ശരീരത്തിലേക്ക് നോക്കി,,നരച്ചു തുടങ്ങിയ താടിയുള്ള മുഖം നോക്കി അവൾക്ക് പറയാൻ മനസ്സു വന്നില്ല. ആമിന ശബ്ദമുണ്ടാക്കാതെ തിരിച്ചു നടന്നു..

സുഹറയെ അവളാഗ്രഹിച്ച പോലെ ഒരു ഗൾഫുകാരൻ സ്വന്തമാക്കി.. അഞ്ച് പവനുള്ള മഹർമാലയും കഴുത്തിലിട്ട് അവൾ ക്ലാസിൽ വന്നു.. അവർ അടുത്ത് ടൂർ പോവാൻ കരുതുന്ന സ്ഥലങ്ങളുടെ ലിസ്റ്റ് നിരത്തി.. ആമിന അത് കേട്ട് മിണ്ടാതിരുന്നു..

മാനുക്കാന്റെ പിന്നിൽ കയറിപ്പോരുമ്പോൾ സുഹറയുടെ മുഖം വിവർണ്ണമായതിന്റെ കാരണമെന്തായിരിക്കാം.. അവളുടെ സങ്കടങ്ങൾക്കൊക്കെ കഴിയുന്ന പോലെ ആശ്വാസവാക്കുകൾ പറഞ്ഞിട്ടുണ്ട്.. പല ഭാര്യമാരെയും പോലെ ചില്ലറ പ്രശ്നങ്ങളേ ഭർതൃഭവനത്തിൽ അവൾക്കുള്ളൂ.. ഭർത്താവിന്റെ അഭാവമാണ് അവളുടെ പ്രശ്നം..

വരാൻ പോകുന്ന നല്ല നാളേക്ക് വേണ്ടി ക്ഷമിക്കാൻ അവളോടു പറഞ്ഞു.. നിന്നെ പോലെ നിന്റെ ഇക്കയും അക്കരെ നിന്ന് വിഷമിക്കുന്നില്ലേ… എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു..

തന്റെ ജീവിതത്തിലെ സന്തോഷം നിറഞ്ഞ നിത്യവസന്തത്തെ പറ്റി ഞാൻ വിവരിച്ചിട്ടില്ല.. തന്റെ ഭർത്താവ് തരുന്ന സ്നേഹത്തെ പറ്റി വർണ്ണിച്ചിട്ടുമില്ല..

എന്നിട്ടുമെന്തേ അവളുടെ മുഖം വിവർണ്ണമായത്.. ജീവിതത്തിൽ വച്ചു പുലർത്തിയ വലിയൊരു തെറ്റിദ്ധാരണയുടെ യാഥാർത്ഥ പൊരുൾ മുന്നിൽ കണ്ടതിന്റെ അഗാതമായിരിക്കാം..

“എന്താ… ചിന്നൂ.. നീ… ഒന്നും മിണ്ടാതെ ചിന്തിക്കുന്നത്…”

കല്യാണം കഴിഞ്ഞ ആദ്യരാത്രി നാണിച്ചിരിക്കുന്ന സമയത്ത് അരികിലേക്ക് അദ്ദേഹം വന്നിരുന്നപ്പോൾ സങ്കടം തോന്നിയിരുന്നു.. സംഭവിക്കരുതേ.. എന്ന് ആശിച്ച കാര്യം മുന്നിലെത്തിയിരിക്കുന്നു. തല താഴ്ത്തി നിൽക്കുന്ന തന്നെ മെല്ലെ സ്പർശിച്ചു കൊണ്ട് അദ്ധേഹം വിളിച്ചു…

“ചിന്നൂ…. ”

സന്തോഷം അടക്കാനായില്ല.. തന്നെ കുഞ്ഞു നാൾ മുതലേ വീട്ടിൽ ഓമനിച്ചു വിളിക്കുന്ന പേര് തന്നെ ഭർത്താവ് സ്നേഹത്തോടെ വിളിച്ചിരിക്കുന്നു.. തന്നെ വിളിക്കാൻ വേണ്ടി അദ്ധേഹം ചോദിച്ചറിഞ്ഞു വച്ചതാവാം

അന്ന് മുതൽ പിന്നെ ഉസ്താദ് അവളെ ചിന്നു എന്നല്ലാതെ വിളിച്ചിട്ടില്ല.. ആദ്യരാത്രിയുടെ നാണമൊക്കെ മാറിയപ്പോൾ അവൾ ഉസ്താദിനെ വീട്ടുകാർ വിളിക്കുന്ന പോലെ വിളിച്ചു .

“മാനുക്കാ…”

എത്ര കോരിയാലും വറ്റാത്ത സ്നേഹസാഗരമായിരുന്നു ഉസ്താദ്. അവൾക്ക് വേണ്ട ഡ്രസ്സും ഇഷ്ടപ്പെട്ട ഭക്ഷണവുമെല്ലാം അദ്ധേഹം അറിഞ്ഞു വാങ്ങിക്കൊടുത്തു. ഏതു ഡ്രസ്സിടണമെന്ന് നിർബദ്ധിച്ചതേയില്ല..

ഒരു ദിവസം പുറത്ത് പോവാനിറങ്ങുമ്പോൾ അവളെ നോക്കി ഉസ്താദ് പറഞ്ഞു. നിനക്കു ചുരിദാറിനേക്കാൾ പർദ്ദയാണല്ലോ..ചേർച്ച.. ഉസ്താദ് തന്റെ ആഗ്രഹം പറയാതെ പറഞ്ഞതായിരുന്നു.. അന്ന് മുതൽ ആമിന സന്തോഷത്തോടെ പർദ്ദ ധരിച്ചു..

ആ കൊച്ചു വീട്ടിൽ പിണക്കമോ അമ്മായിപ്പോരോ.. ഇല്ല.. ഓരോരുത്തർക്കും വേണ്ടതിലധികം സ്നേഹം വാരിക്കോരിക്കൊടുക്കുന്ന ഉസ്താദിന്റെ വീട്ടിൽ അവരെ മാതൃകയാക്കി ഭാര്യയും, ഉമ്മയും ജീവിക്കുന്ന വീട്ടിൽ എങ്ങനെ തിന്മകൾ പ്രവേശിക്കും.!

ഇടക്ക് അവളെയും കൂട്ടി ഉസ്താദ് കറങ്ങാൻ പോവും.. ബീച്ചിൽ കടൽ കാറ്റിൽ ഭാര്യയെ തന്നിലേക്ക് ചേർത്തിരുന്ന് കഥകൾ പറയും.. കയ്യിലെ കടല കൊറിക്കുന്നതിനിടെ അവളുടെ വായിലേക്കും ഒന്നു രണ്ടെണ്ണം സ്നേഹത്തോടെ ഇട്ട് കൊടുക്കും..

രാത്രി മണിയറയിൽ ഇണയുടെ കണ്ണുകളിൽ നിന്ന് അവളുടെ ആഗ്രഹങ്ങൾ വായിച്ചെടുത്ത് അവളുടെ ഹൃദയത്തിന്റെ ദാഹമകറ്റാൻ ഉസ്താദ് ശ്രദ്ധിച്ചിരുന്നു..

ആർത്തവ സമയത്ത് പോലും തന്നെ പൂർണ്ണമായി വെടിയാതെ ഉസ്താദ് തന്റെ നെഞ്ചിലെ ഇളം ചൂടിലേക്ക് സ്നേഹത്തോടെ ചേർത്തു പിടിച്ചു കഥകൾ പറഞ്ഞുറങ്ങി…

നിറവയറായിരിക്കുമ്പോൾ കണ്ണിമാങ്ങയും, റുമ്മാൻ പഴവും… എന്ന് തുടങ്ങി ഒത്തിരി പഴങ്ങളും പലഹാരങ്ങളും കൊണ്ട് വന്ന് സ്നേഹത്തോടെ തീറ്റിച്ചു…

അവളേയും കുഞ്ഞുവാവയും അമ്മക്കോഴിയെ പോലെ തന്നിലേക്ക് ചേർത്ത് നിറുത്തി ഉസ്താദ് സദാ സമയവും സംരക്ഷണം നൽകിയിരുന്നു..

“തന്റെ തെറ്റിദ്ധാരണകളുടെ ഏഴയലത്തു പോലുമല്ലല്ലോ യാഥാർത്ഥ്യം ” എന്ന കുറ്റബോധം ഇടക്ക് വരുന്നതൊഴിച്ചാൽ അവളെന്ന ഭാര്യയുടെ ജീവിതം സ്വർഗ്ഗ തുല്യമായിരുന്നു…

“എന്തു പറ്റി ചിന്നു… ഒന്നും മിണ്ടാത്തെ.. ”

മാനുക്കാ വീണ്ടും ചോദിക്കുകയാണ് . ആദ്യ ചോദ്യത്തിന് ഒന്നും പറഞ്ഞില്ല എന്നത് അപ്പോഴാണ് അവൾ ഓർത്തത്… എന്ത് പറയണം.. നമ്മൾ ഇപ്പോ കണ്ട എന്റെ കൂട്ടുകാരിയെ നിങ്ങൾ ഒരു ദിവസം പെണ്ണുകാണാൻ പോയിരുന്നു.എന്നിട്ടിപ്പോൾ നിങ്ങളുടെ മുഖം കണ്ട അവളുടെ മുഖം ആകെ പ്ലിങ്ങിയിട്ടുണ്ട്.. എന്നോ….

“ഒന്നുമില്ല മാനുക്കാ. ഞാൻ കോളേജ് ജീവിതമൊക്കെ ഓർത്ത് പോയി.. ”

നെഞ്ച് വിരിച്ചിരുന്ന് ബൈക്കോടിക്കുന്ന മാനുക്കാന്റെ മാറിലൂടെ വലം കൈ കോർത്തു പിടിച്ച് ഇളം ചൂടുള്ള ശരീരത്തിലേക്ക് ചേർന്നിരുന്നു…

ഒരിക്കലും വറ്റാത്ത പ്രണയം തുളുമ്പി നിൽക്കുന്ന എന്റെ ഹൃദയത്തിലെ താളത്തിനൊത്ത് ഉസ്താദിന്റെ മെല്ലെ നീങ്ങുന്ന ബുള്ളറ്റിന്റെ ശബ്ദം ഇടവിട്ട് മുഴങ്ങി.

രോമാവൃതമായ നെഞ്ചിൽ വിശ്രമിക്കുന്ന പുറംകയ്യിൽ മാനുക്കാന്റെ ഉള്ളം കയ്യിലെ തണുപ്പ് പറ്റിയപ്പോൾ ആമിന ഒന്നു കൂടെ ചേർന്നിരുന്നു..

അവരേയും കൊണ്ട് ബൈക്ക് വളരെപ്പതുക്കെ റോഡിന്റെ ഓരം ചേർന്ന് ഓടിക്കൊണ്ടിരുന്നു..

* * *

രചന : – സൈനു ഓമി.

Leave a Reply

Your email address will not be published. Required fields are marked *