എന്റെ ചൂടറിഞ്ഞതും നിഹ ഒന്നു കൂടി ചുരുണ്ടു കിടന്ന് എന്റെ മാറിലേക്ക് മുഖം താഴ്ത്തി കിടന്നു…

രചന: Nidhana S Dileep

വിത്ത് മൈ ലവ്, എന്റെ പ്രണയത്തോടൊപ്പം….

ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോയുടെ തലകെട്ട് പല കുറി ഉരുവിട്ടു.

ഈ ചിരി ഞാൻ കണ്ടിട്ട് നാളുകളായി നരേൻ….

ലാപ്ടോപ്പിന്റെ ചില്ലിനു മീതെ നരേന്റെ ചുണ്ടിൽ വിരൽ വെച്ചു.

നിനക്ക് ഈ വിവാഹ വസ്ത്രം ഇന്നും നന്നായി ഇണങ്ങുന്നു…

കൺമഷി തേച്ച് കറുപ്പിച്ചു തരാറുള്ള തലയിലെ രണ്ടു മൂന്നു വെള്ളിയിഴകൾ ചെമ്പിപ്പിച്ചിരിക്കുന്നു.അടുത്തായി ചുവന്ന സാരിയിൽ ഒരു പെണ്ണ്.നീരജ ആണെന്നു തോന്നുന്നു പേര്.

നിനക്ക് പിങ്ക് കളറായിരുന്നല്ലോ ഇഷ്ടം.പിന്നെന്തേ …ചുവപ്പ് നിറം നീയേ മാറിയല്ലോ…പിന്നെന്താ അല്ലേ…..

നിന്നെ മറ്റൊരു പെണ്ണുമായി കാണുമ്പോൾ നെഞ്ച് പിടയുന്നു. ഈ ഫോട്ടോ കാണും വരെ നീ തിരിച്ച് വരുമെന്ന് പ്രതീക്ഷിച്ചു… ഇനി ഒരു മടക്കം..അതുണ്ടാവില്ല അല്ലേ…നരേൻ….

ലോഗൗട്ട് ചെയ്ത് ലാപ്ടോപ്പ് അടച്ചു വെച്ചു.മുഖം അമർത്തി തുടച്ചു.

മേരിയമ്മേ…മോളുറങ്ങിയോ….

ഇല്ല കുഞ്ഞേ…മാണ്ടൂന്റെം രാജകുമാരീടേയും കഥ കേൾക്കണംന്നു പറഞ്ഞ് ബഹളമാ.ഏത് കഥ പറഞ്ഞു കൊടുത്താലും അതല്ല മാണ്ടൂന്റെ കഥാന്നു പറയും.മേരിമ്മക്ക് ഒന്നും അറിയില്ലാന്നു പറഞ്ഞ് കൈയും കെട്ടി മുഖം വീർപ്പിച്ചിരിപ്പുണ്ട്.

മേരിയമ്മ കിടന്നോ…ഞാൻ ഉറക്കിക്കോളാം അവളെ…

കട്ടിലിൽ ഒരു വശത്തേക്ക് മുഖം തിരിച്ച് കൈ കെട്ടി ഇരിക്കുന്നുണ്ട് നിഹ.

അമ്മേടെ ചുന്ദരി എന്തിനാ ഇങ്ങനെ മുഖം വീർപ്പിച്ചിരിക്കുന്നേ..

കവിൾ വീർപ്പിച്ച് കാണിച്ച് ചോദിച്ചു.

ഇടം കണ്ണിട്ട് എന്നെ നോക്കുന്നുണ്ട്.

അയ്യേ..വല്യ കുട്ടോള് ഇങ്ങനെയാന്നോ ഇരിക്കുവാ…

ഉടുപ്പ് ശരിയാക്കി പിന്നെയും കൈ കെട്ടി ഇരുന്നു

എന്നോട് കൂട്ടു കൂടിയാ ഞാനൊരെണ്ണം തരമല്ലോ….

അവളെ പോലെ തന്നെ കൈ കെട്ടിയിട്ട് കള്ള നോട്ടം നോക്കി കൊണ്ട് പറഞ്ഞു

എന്താ അത്…

കെട്ടിയ കൈ ഒക്കെ അയച്ച് മടിയിൽ വേഗം കേറിയിരുന്നു

മറുപടി പറയാതെ മുകളിലേക്കും സൈഡിലേക്കും കണ്ണുകൾ പായിച്ചു കളിച്ചു.

അമ്മോട് കൂട്ട് ഇണ്ട്….മേരിമ്മോടാ കൂട്ടില്ലാതെ…എന്നെ മാണ്ടൂന്റെ കഥ പറഞ്ഞു തരാന്ന് പറഞ്ഞ് പറ്റിച്ചിട്ടാ…

പിന്നേയും മിണ്ടാതെ അതേ പോലേ തന്നെ ഇരുന്നു.

മേരിമ്മോടും കൂട്ടുണ്ട്….

അവളെ നോക്കാത്തതു കൊണ്ട് താടിയിൽ പിടിച്ച് തിരിച്ചു കൊണ്ട് പറഞ്ഞു.

അമ്മേടെ ചുന്ദരി പെണ്ണ്….

കുഞ്ഞി കവിളിൽ അമർത്തി ഉമ്മ വെച്ചു

ഇനി താ….

കൈ നീട്ടി കൊണ്ടു പറഞ്ഞു.

അതിനു മുമ്പ് അമ്മക്ക് ഒരുമ്മ താ…

ദേ ഇവ്ടേയും…

രണ്ടു കവിളും കാണിച്ചു കൊടുത്തപ്പോൾ നനുത്തൊരു ഉമ്മ തന്നു ആ കുഞ്ഞി ചുണ്ടുകൾ കൊണ്ട്.

ഒന്നു കൂടി കുഞ്ഞി കവിളിൽ ഉമ്മ വെച്ച് അവളെ മടിയിൽ നിന്നും കട്ടിലിലേക്ക് ഇരുത്തി.

ടെൻടെഡേയ്…..കൈയിൽ ഒളിപ്പിച്ച വാട്ടർ കളറിന്റെ കുഞ്ഞു ബോക്സ് കൈയിൽ കൊടുത്തു…

ആയ്….വാട്ട്ർ കളെർ…

കുഞ്ഞിക്കണ്ണ് വിടർത്തി

കടലാസിലേ വരക്കാവുവേ….

വാട്ടർ കളർ ബോക്സ് പിടിച്ച് വെച്ച് കൊണ്ട് പറഞ്ഞു

ആ..മ്മേ…

ബോക്സ് പിടിച്ചു വാങ്ങി കൊണ്ട് പറഞ്ഞു.

ഞാൻ പപ്പേനോട് പറഞ്ഞിട്ട് വരാവേ…

ഫോൺ എട്ക്കാനായിട്ട് കട്ടിലിൽ നിന്ന് ഇറങ്ങി ഓടി

വേണ്ടാ…..മോളേ…പപ്പ തിരക്കിലാ…പിന്നെ വിളിക്കാം…നമുക്ക്…

അവളെ പിടിച്ചു വെച്ചു കൊണ്ട് പറഞ്ഞു.

വേണ്ടാ…ഇപ്പോ…വിളിക്കണം….അമ്മ കള്ളം പറയുവാ…..

കൈയിൽ നിന്നും കുതറാൻ കൊണ്ട് കരയാൻ തുടങ്ങി

വാശി പിടിക്കല്ലേ….നിഹാ…ഇപ്പോ വിളിക്കണ്ടാ…

ശകാരിച്ചതും കുഞ്ഞിക്കണ്ണ് നിറച്ചു

അമ്മോടും കൂട്ടില്ലാ…പപ്പേനോടും കൂട്ടില്ല…മേരിമ്മോടും കൂട്ടില്ല…

അതും പറഞ്ഞ് പോയി കിടക്കയിൽ കമഴ്ന്നു കിടന്നു.

അവളെ എന്ത് പറയണമെന്നറിയാതെ കുറച്ച് സമയം നോക്കി നിന്നു

അമ്മേടെ നല്ല കുഞ്ഞല്ലേ…അമ്മ രണ്ടീസം കഴിഞ്ഞ് പപ്പേ വിളിച്ച് തരാമേ….

തല എതിർ ദിശയിലേക്ക് തിരിച്ച് വെച്ചു.

ഇനി ഇപ്പോ അമ്മ ആർക്കാ കഥ പറഞ്ഞു തരാവുവാ….

അവളെ നോക്കി താടിക്ക് വിരൽ വെച്ച് ആലോചിക്കുന്ന പോലെ പറഞ്ഞു

മാണ്ടൂന്റെ കഥെയാന്നോ….

കഥാന്നു കേട്ടതും ചാടി എഴുന്നേറ്റു.

അല്ലാല്ലോ…ഇത് മാണ്ടൂനേക്കാൾ നല്ല കഥെയാ…

പണ്ട്…പണ്ട് …ഒരിടത്ത് ഒരു പെൺകിളി ഉണ്ടായിരുന്നു…

എന്നിറ്റോ……

താടിക്ക് കൈ കൊടുത്തു കൊണ്ട് കാൽ ചുരുക്കി ഇരുന്ന് കൊണ്ട് ചോദിച്ചു.ഞാനും അങ്ങനെ തന്നെ ഇരുന്നു.

നല്ല ഭംഗിയ്ള്ള തൂവലൊക്കെ ആയി പെൺകിളിയെ കാണാൻ നല്ല രസായിരുന്നു.പാട്ടാണേലോ….അതിലും സൂപ്പർ…

പെൺകിളീടെ ഭംഗീം പാട്ടൊക്കെ കേട്ടിട്ടും ഒരാൺ കിളിക്ക് പെൺകിളിയെ ഭയങ്കരായിട്ട് ഇഷ്ടായി.അവളെവ്ടെ പോയാലും ആ ആൺകിളി പിറകേ പറന്നു വരും.അവൾക്കു ചുറ്റും ചിറകിട്ടടിച്ച് പറന്ന് ശ്രദ്ധ ആകർഷിക്കും.

എന്നിറ്റ് പെൺകിളി ശെതിച്ചോ…

ആദ്യമൊന്നും ശ്രദ്നിച്ചില്ല…പിന്നെ പിന്നെ ശ്രദ്ധിക്കാൻ തുടങ്ങി.

എന്നിറ്റ് അവര് കല്യാണം കയിച്ചോ…

ആകാംക്ഷയോടെ ചോദിച്ചു

മ്ഹം…കഴിച്ചു.ആവർ സന്തോഷത്തോടെ ജീവിക്കാൻ തുടങ്ങി.ആൺകിളിക്കു വേണ്ടി മാത്രം അവൾ പാട്ടുകൾ പാടി.പിന്നെ കുറച്ച് കഴിഞ്ഞപ്പോ ഒരു കുഞ്ഞിക്കിളി കൂടി വന്നു.കുഞ്ഞിക്കിളി വയറ്റില് വാവ ആയിരിക്കുമ്പം പെൺകിളീടെ തൂവലൊക്കെ കൊഴിയാൻ തുടങ്ങി.

തടിച്ച്…വയറൊക്കെ ചീർത്ത് അമ്മേടെ വയറെ പോലെ ആയി.

വയറിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു.

വാവ വയറ്റിലുള്ള സമയത്ത് വാവേടെ മുടി ചുരുൾ കൊണ്ട് ചൊറിഞ്ഞ് വയറ്റിലാകെ പാടുകൾ വന്നു.പിന്നെ മാതൃത്വത്തിന്റെ മുറിവും വയറ്റിലുണ്ടായി.കുഞ്ഞിക്കിളി പാല് ചപ്പിക്കുടിച്ചതോണ്ട് പെൺകിളീടെ മാറിടം ഞാന്ന് തൂങ്ങി.ആ പെൺകിളിയെ കണ്ടാ ആ ആൺകിളിടെ അമ്മേ പോലെ ഉണ്ടെന്ന് ആൺകിളീടെ ഫ്രണ്സും കുടുംബക്കാരുമെല്ലാം പറയാൻ തുടങ്ങി.

പാവം പെൺകിളി….

സങ്കടത്തോടെ നിഹ പറഞ്ഞു..

എന്നിട്ടോമ്മേ….

എന്നിട്ട് കുഞ്ഞിക്കിളി വന്നതോടെ പെൺകിളിക്ക് ആൺകിളിക്ക് വേണ്ടി മാത്രാമായി വേണ്ടി പാടാൻ ഇടക്ക് പറ്റാതായി.കുഞ്ഞിക്കിളീടെ കാര്യങ്ങളൊക്കെ നോക്കണ്ടേ….അപ്പോഴാണ് ആ ആൺകിളി ഭംഗിയുള്ള വേറെ പെൺകിളിയെ കണ്ടു.അവളെ ആൺകിളിക്ക് ഇഷ്ടായി.

അയ്യേ…ചീത്ത ആൺകിളി…

ഒരീസം അമ്മക്കിളിയോടെ ആൺകിളി പറഞ്ഞു ഈ മുറീല് അന്യരെ പോലെ…

മുറീലോ…കിളികൾ കൂട്ടിലല്ലേ….

താടിക്ക് കൊടുത്ത കൈ മാറ്റി കൊണ്ട് ചോദിച്ചപ്പോഴാണ് ചിന്തയിൽ നിന്നും ഉണർന്നത്.

ആ…കൂട്ടിൽ ഇങ്ങനെ പരസ്പരം ഇഷ്ടമില്ലാണ്ട് കഴിയുന്നത് എന്തിനാ…നമുക്ക് പിരിയാം….എനിക്ക് വേറൊരു പെൺകിളിയെ ഇഷ്ടാ..ന്നൊക്കെ…

അമ്മക്കിളി പറഞ്ഞു ..പോവര്ത്…നിങ്ങളില്ലാതെ ജീവിക്കാൻ പറ്റില്ല…നമ്മുടെ കുഞ്ഞിനെ ഓർത്തെങ്കിലും പോവര്ത് ന്നു

എന്നിറ്റ് പോയോ….

മ്ം..പോയി…ആ പെൺകിളീടെ കൂടെ ജീവിക്കാൻ തുടങ്ങി.

അപ്പോ അമ്മക്കിളീം കുഞ്ഞിക്കിളിയോ…

അമ്മക്കിളീ കുഞ്ഞിക്കിളിയെ ഇങ്ങനെ ചേർത്ത് പിടിച്ച് ജീവിക്കാൻ തുടങ്ങി.നമ്മക്ക് രണ്ടാൾക്കും അമ്മക്കിളിയേയും കുഞ്ഞിക്കിളിയേയും പോലെ ഉറങ്ങാം…

ഒറക്കം വര്ന്നില്ലാ….

തല വെട്ടിച്ച് കൊണ്ട് പറഞ്ഞു

കണ്ണടച്ച് കിടന്നാ ഒറക്കം വരൂം..

ഇല്ലാ …വരൂലാ….

പിന്നെയും ഇരു വശത്തേക്കും തലയാട്ടി കൊണ്ട് പറഞ്ഞു.

എന്നാ വരുത്തി തരട്ടേ….

ആ….

ദേ…ഈ കയ്യിലേക്ക് നോക്കീയേ…

ഇടത് കൈ ചുരുട്ടി പിടിച് ഉയർത്തി .

ജീ…ബൂംബാ….

മെജീഷൻമാർ ചെയ്യുന്ന പോലെ വേഗത്തിൽ കൈ കുടഞ്ഞു കൊണ്ട് തുറന്നു.

നിച്ചുമോൾക്ക് ഒറക്കം വന്നേ…

ഇല്ലല്ലോ….

തലയാട്ടി രണ്ടു കൈയും വീശിക്കൊണ്ട് പറഞ്ഞു.

ഇനി ഇപ്പോ എന്തു ചെയ്യും…

ഇടുപ്പിൽ കൈ വെച്ച് ആലോചിക്കുന്നത് പോലെ ആക്കി ചോദിച്ചു.

മ്ം……

അവളും കുഞ്ഞി വിരൽ താടിയിൽ കുത്തി തല മേലോട്ടാക്കി ആലോചിക്കാൻ തുടങ്ങി

അമ്മ എന്നെ എട്ത്ത് അതിലേ..ഇതിലേ വാവോന്നാക്കി നടക്ക്…

കൈ രണ്ടും നീട്ടി കൊണ്ട് പറഞ്ഞു.

അമ്മക്ക് പൊന്തണില്ലല്ലോ….

അവളെ എടുക്കാൻ പറ്റാത്ത പോലെ അഭിനയിച്ചു.

ആവും…അവും…

കൈകൾ നീട്ടി കൊണ്ട് ബെഡിൽ നിന്നും ചാടാൻ തുടങ്ങി.

എൽ കെജീ പഠിക്കണ വെല്യ കുട്ടിയായി…എന്നാലും അമ്മ എടുത്ത് നടന്ന് വാവോന്നാക്കിയാലേ ഒറങ്ങൂ…കൂട്ടുകാര് ആരേലും അറിഞ്ഞാ നാണക്കേടാവുമേ…

അവളെ കൈയിൽ എടുത്തു കൊണ്ട് പറഞ്ഞു.

സാരല്ല…അമ്മ ആരോടും പറയണ്ടേ…ഞാശും പറയൂല…

മ്ം…നോക്കട്ടെ…

തോളിൽ കിടന്ന നിഹയുടെ പുറത്ത് പതിയെ അടിച്ചു കൊണ്ട് മുറിയിലൂടെ നടന്നു.നിഹ എന്റെ പുറത്തും പതിയെ അടിക്കുന്നുണ്ടായിരൂന്നു.അതു മെല്ലെ മെല്ലെ ഇല്ലാതായതും നിഹയെ ബെഡിൽ കിടത്തി.

മ്മേ…പപ്പേ..രണ്ടീസം കഴിഞ്ഞ വിളിച്ചു തര്വോ…

പാതി ഉറക്കത്തിലായിരുന്നു ചോദ്യം.

മ്ം…അമ്മ വിളിച്ച് തരാട്ടോ…

അവളുടെ നെറ്റിയീൽ ഉമ്മ വെച്ച് കുറച്ച് സളയം ഉറങ്ങുന്നത് നോക്കിയിരുന്നു.മോൾ ഇനി എഴുന്നേൽക്കില്ലാന്നു ഉറപ്പായപ്പോൾ ടേബിളിലെ ലാപ്ടോപ്പ് തുറന്ന് അതിന് മുന്നിലിരുന്നു.നരേന്റെ കല്യാണ ഫോട്ടോ ഒന്നു കൂടി എടുത്തു.

നമ്മുടെ മോളോട് എന്താണ് നരേൻ ഞാൻ പറയേണ്ടത് അവളുടെ പപ്പേടെ ആദ്യ രാത്രിയാ ഇന്ന്ന്നോ..

നിന്നെ പോലെ ഞാനും ഇന്ന് ഉറങ്ങില്ല നരേൻ..എനിക്കായ് നീ പകർന്നു തന്നതൊക്കെ നീ ഇന്ന് മറ്റൊരുവൾക്ക് കൊടുക്കുന്നു.നിന്റെ സ്നേഹം..സ്പർശനം…എല്ലാം അവളുടേത് മാത്രമായി.

നീ ഇല്ലാതെ ജീവിക്കാൻ പറ്റില്ലാന്നു പറഞ്ഞത് പാഴ് വാക്കായിരുന്നോ. …നരേൻ. ..എന്നെ നോക്കുമ്പോൾ നിന്റെ കണ്ണിൽ നിറഞ്ഞ് നിന്നത് പ്രണയമല്ലായിരുന്നോ… നിനിക്ക് എങ്ങനെ കഴിഞ്ഞു നരേൻ എന്നേയും മോളേയും ഒറ്റയ്ക്ക് ആക്കാൻ….

എന്റെ തെറ്റാണോ നരേൻ..എന്റെ ശരീരം ഇങ്ങനെ ആയത്… എന്തായിരുന്നു എന്റെ തെറ്റ് അതെങ്കിലും പറയാമായിരുന്നില്ലേ…

മോളോട് ഞാൻ എന്താ പറയുവാ….അവൾടെ പപ്പേ എങ്ങനെ ഞാൻ വിളിച്ച് കൊടുക്കും….അവൾടെ പപ്പ ഇനി അവൾടേം അമ്മേടേതുമല്ല എന്ന് ഞാൻ എങ്ങനെ പറയും. എത്ര നാൾ ഞാൻ ഇങ്ങനെ അവളോട് കള്ളം പറയും… എന്നെ മറന്നേക്ക്. ..നിനിക്ക് മോളോടെങ്കിലും സംസാരിച്ച് കൂടെ….

ആ ചിരിയോട് വല്ലാത്ത ദേഷ്യം തോന്നി.

മോള് വലുതാവുമ്പോ ഞാൻ പറഞ്ഞോളാം അവൾടെ പപ്പ നമ്മളെ രണ്ടാളെയും വേണ്ടാത്തോണ്ടാ പോയേന്നു.

ദേഷ്യത്തെക്കാൾ പരിഭവമാണ് തോന്നുന്നത്. ആ ചിരി ഉള്ളിൽ നോവുണ്ടാക്കി കൊണ്ടിരുന്നു.

ഹൃദയത്തിലെ മുറിവിൽ നിന്നും ചോര കിനിയാൻ തുടങ്ങി. നരേനെ ബ്ലോക്ക് ചെയ്തു ലാപ് ടോപ്പ് അടച്ചു വെച്ച് അതിനു മോളിൽ തല വെച്ചു കിടന്നു.ഒരു പാട് കരഞ്ഞപ്പോൾ ഇത്തിരി സമാധാനം.

മോളുടെ അടുത്തു പോയി അവളെ കെട്ടിപ്പിടിച്ച് കിടന്നു.എന്റെ ചൂടറിഞ്ഞതും നിഹ ഒന്നു കൂടി ചുരുണ്ടു കിടന്ന് എന്റെ മാറിലേക്ക് മുഖം താഴ്ത്തി കിടന്നു.

ഇഷ്ടമായെങ്കിൽ ലൈക്ക് കമന്റ് ചെയ്യൂ, സ്വന്തം രചനകൾ പേജിൽ ചേർക്കാൻ ഇൻബോക്സിലേക്ക് മെസേജ് ചെയ്യൂ…

രചന: Nidhana S Dileep

Leave a Reply

Your email address will not be published. Required fields are marked *