എന്റെ ചേട്ടൻ

രചന : – Savarna shaji

പ്രവാസജീവിതത്തിനു താൽക്കാലിക വിരാമമിട്ടുകൊണ്ടു നാളെ എന്റെ ചേട്ടൻ നാട്ടിലെത്തും…. ഞങ്ങളുടെയെല്ലാം പ്രത്യേകിച്ച് ചേട്ടന്റെ സ്വപ്നം പൂർത്തിയാക്കുക എന്നതാണ് വരവിന്റെ ലക്ഷ്യം….

ഒരു ചേട്ടന്റെ ലാളന മാത്രമല്ല അച്ഛന്റെ അഭാവത്തിൽ ഒരു പക്ഷേ അച്ഛനുണ്ടായിരുന്നെങ്കിൽ കിട്ടിയേക്കാവുന്നതിലധികം സ്നേഹവും കരുതലും തന്നുതന്നെയാണ് എന്റെ ചേട്ടനെന്നെ വളർത്തിയത്…..

എന്നേക്കാൾ നന്നായി പഠിച്ചിരുന്ന ചേട്ടന്റെ ആഗ്രഹം എന്താണെന്നു പോലും ഞങ്ങൾക്കറിയില്ല…ഞങ്ങൾ ചോദിച്ചിട്ടുമില്ല…വീടിന്റെ ഭാരം മുഴുവൻ ചെറുപ്പത്തിലേ തോളിലേറ്റെണ്ടി വന്ന ചേട്ടൻ ഞങ്ങൾക്കുവേണ്ടി എല്ലാ ആഗ്രഹവും എന്നെന്നേക്കുമായി ഉപേക്ഷിച്ചതായിരിക്കും….

ആ ദിവസം ഇന്നുമെന്റെ മനസ്സിൽ മായാതെ നിൽക്കുന്നു…സന്തോഷം മാത്രമുള്ള ചെറിയൊരു കുടുംബമായിരുന്നു…. പെട്ടന്നൊരു ദിവസം കൊണ്ടാണ് എല്ലാം മാറിമറഞ്ഞത്… ഞാൻ പത്തിൽ പഠിക്കുമ്പോൾ…ചേട്ടനന്ന് പ്ലസ് ടുവിലും…. സ്കൂൾ കഴിഞ്ഞു വൈകിട്ടു വീട്ടിലെത്തിയപ്പോൾ പതിവിൽ കവിഞ്ഞ നിശബ്ദത മുറിയിലെങ്ങും തളംകെട്ടിനിന്നു… കാര്യമറിയാൻ അമ്മയെ സമീപിച്ചെങ്കിലും നിശബ്ദത മാത്രമായിരുന്നു അവിടെയും…. പെട്ടെന്ന് ചേട്ടനെയും കൂട്ടി അമ്മ അടുക്കളയിലേക്കു നീങ്ങിയപ്പോൾ ഞാനും പുറകേ തന്നെ ഉണ്ടായിരുന്നു…എന്തോ പറഞ്ഞശേഷം ചേട്ടനെ ചേർത്തുപിടിച്ചു കരയുന്ന അമ്മയെയാ ഞാൻ കണ്ടത്..ചേട്ടനോടും കാര്യം തിരക്കി അമ്മയോടൊന്നും ചോദിക്കേണ്ടാന്നു പറയുമ്പോൾ ആ കണ്ണുകളും നിറഞ്ഞൊഴുകുകയായിരുന്നു… ക്യാൻസർ എന്ന രോഗം ക്ഷണിക്കാതെ ഞങ്ങളുടെ വീടിന്റെ അതിഥിയായെത്തി… പാഠപുസ്തകങ്ങളിലൂടെ മാത്രം പരിചിതമായിരുന്ന ക്യാൻസർ അച്ഛനെ ബാധിച്ചപ്പോഴാണ് ആ അസുഖത്തിന്റെ വ്യാപ്തി ഞങ്ങൾ അറിഞ്ഞു തുടങ്ങിയത്…..അതോടെ എല്ലാ സന്തോഷങ്ങളും അസ്തമിച്ചു…

അച്ഛന്റെ ആയുസ്സ് തിരിച്ചുപിടിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു അമ്മയും ചേട്ടനും..എല്ലാം കണ്ട് ഒരു കാഴ്ചക്കാരിയെപ്പോലെ എന്തു ചെയ്യണമെന്നറിയാതെ ഞാനും…

ഓരോ ദിവസങ്ങൾ കഴിയുംതോറും അച്ഛന്റെ അവസ്ഥ മോശമായി തുടങ്ങി…അച്ഛനെ ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നു…പെട്ടെന്ന് തന്നെ ഓപ്പറേഷനും നടത്തി…പതിയെ അച്ഛന്റെ ആരോഗ്യം മെച്ചപ്പെടാൻ തുടങ്ങി… അച്ഛന്റെ തിരിച്ചുവരവ് ഞങ്ങൾക്കു വലിയ ആശ്വാസം പകർന്നിരുന്നു… എല്ലാ തിരക്കിനിടയിലും പഠിക്കാനും ചേട്ടൻ സമയം കണ്ടെത്തിയിരുന്നു…നല്ല മാർക്കോടെ ജയിക്കുകയും ചെയ്തു…പക്ഷേ അപ്പോഴേക്കും ആ സന്തോഷം പങ്കിടാൻ അച്ഛൻ കൂടെയുണ്ടായിരുന്നില്ല…

ആരെക്കാളും അച്ഛന്റെ വേർപാട് പിടിച്ചുലച്ചത് ചേട്ടനെയായിരുന്നു…പതിനെട്ടുവയസ്സ് തികയുന്നതിനു മുൻപുതന്നെ വലിയൊരു ഭാരമാണ് ചേട്ടന്റെ കരങ്ങളിലെത്തിയത്…വീട്ടിലെ ചെലവ്,തുടർന്നുള്ള പഠനം, എന്റെ പഠനം അങ്ങനെ പലതും ചേട്ടന്റെ മുന്നിൽ ചോദ്യചിഹ്നങ്ങളായി അവശേഷിച്ചു…

ഒടുവിൽ സ്വന്തം പഠനം ഉപേക്ഷിക്കേണ്ടിവന്നു…ഞങ്ങളുടെ കാര്യങ്ങൾ നോക്കാനായിട്ട് പല ജോലികളും ചെയ്യേണ്ടതായി വന്നു…. അങ്ങനെ ഒരു ഓട്ടോയും സ്വന്തമാക്കി.. ഞങ്ങൾ കഴിഞ്ഞാൽ ചേട്ടനേറ്റവും പ്രിയപ്പെട്ടതു ചേട്ടന്റെ ഓട്ടോയാണ്… പിന്നീടുള്ള ഏകവരുമാനം… ചേട്ടന്റെ അടുത്ത സുഹൃത്തെന്നോ പ്രണയിനിയെന്നോ ഒക്കെ പറയാം… അങ്ങനെ എന്റെ ജീവിതം സുരക്ഷിതമായ കൈകളിൽ തന്നെ ഭദ്രമാക്കുകയും ചെയ്തു..

ജീവിതത്തിന്റെ കുത്തൊഴുക്കിൽ പ്രണയിക്കാൻ പോലും ചേട്ടൻ മറന്നു പോയിരുന്നു…അങ്ങനെയിരിക്കുമ്പോഴാണ് ചേട്ടന്റെ ജീവിതത്തിലേക്കു അവളെത്തിയത്….. ശിവദ…. അമ്മയുടെ വീട്ടിൽ നിന്ന് പഠിക്കാൻ വന്നതായിരുന്നു അവൾ .. പലപ്പോഴും അവളെ കണ്ടിട്ടുണ്ടെങ്കിലും അതൊരു പ്രണയത്തിലേക്ക് വഴിമാറുമെന്നു ആരും വിചാരിച്ചില്ല…അങ്ങനെ പതിയെ അവൾ എന്റെ ചേട്ടന്റെ മനസിനെ കീഴടക്കി… രണ്ടു വീട്ടുകാരുടെയും സമ്മതത്തോടെയുള്ള ഒത്തുചേരലിനായി കാത്തിരിക്കുകയാണ് ഇരുവരും…. ചേട്ടൻ പ്രവാസിയായിട്ട് ഏകദേശം രണ്ടുവർഷം പിന്നിട്ടിരിക്കുന്നു…. ഇന്നിപ്പോൾ സ്വന്തമായൊരു വീട് എന്ന സ്വപ്നം യാഥാർഥ്യമാകാൻ പോവുകയാണ്…ചേട്ടൻ പോകുന്നതിനു മുൻപ് ശിവദയുമായി വിവാഹനിശ്ചയം കൂടി നടത്താനാണു ഞങ്ങളുടെ തീരുമാനം…ചേട്ടനത് അറിയില്ലാട്ടോ……

ഞങ്ങൾക്കുവേണ്ടി എല്ലാ കഷ്ടപ്പാടുകളും ചേട്ടൻ സഹിച്ചു… എന്നിട്ടും ആ ചുണ്ടിലെ പുഞ്ചിരി മാത്രം ഒരിക്കലും മായ്ഞ്ഞിട്ടില്ല.. ഒരു വാക്കുകൊണ്ടു പോലും ഞങ്ങളെ വേദനിപ്പിച്ചിട്ടില്ല…

ആദ്യമൊന്നു പതറിയെങ്കിലും എല്ലാ പ്രതിസന്ധികളെയും ചിരിച്ചുകൊണ്ടു തന്നെയാണ് ചേട്ടൻ തോൽപ്പിച്ചത്…

എനിക്കു വേണ്ടി ഇത്രയും ചെയ്ത ചേട്ടനുവേണ്ടി ഞാനിതെങ്കിലും ചെയ്യണ്ടേ… ഇല്ലെങ്കിൽ പിന്നെ പെങ്ങളാണെന്നു പറഞ്ഞിട്ടെന്താ കാര്യം….

രചന : – Savarna shaji

(മിക്ക പ്രവാസികളുടെയും ജീവിതം ഇങ്ങനെയാണ്… മറ്റുള്ളവർക്കു വേണ്ടിയുള്ള ജീവിതം……കൂടെപ്പിറപ്പല്ലെങ്കിലും ഒരു അനിയത്തിയെപോലെ എന്നെ സ്നേഹിക്കുന്ന എന്റെ ചേട്ടന്റെ ജീവിതത്തിനാണ് അക്ഷരങ്ങളാൽ നിറം പകർന്നത്…..തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക… )

Leave a Reply

Your email address will not be published. Required fields are marked *