മോൾക്ക്‌ വേണ്ടി

രചന : – കർമ‎….

“പുറത്ത് മഞ്ഞു വീഴുന്നുണ്ടോ…… ??!!”

“ഇല്ല മോളേ നിനക്ക് തോന്നുന്നതാ….. ”

“അല്ലച്ഛാ…. നല്ല തണുപ്പ് …. എനിക്ക് കുളിരുന്നു…… ”

“മ്മ്മ്… അച്ഛൻ മാറ്റിത്തരാം…. മോള് കണ്ണടക്ക്…. ”

**

“പ്ഫാ എഴുന്നേൽക്കെടാ നായീന്റെമോനേ…. സ്വന്തം മകളെ കൊന്നേച് നീ ഉറങ്ങുന്നോ……”

ഷൂസിട്ട കാലുകൊണ്ട് മുതുകിൽ കിട്ടിയ പ്രഹരം താങ്ങവയ്യാതെ അയാൾ നിലത്തുകിടന്നുരുണ്ടു……. അയാളുടെ അലമുറ ആ ലോക്ക്അപ് ആകെയും മുഴുങ്ങിക്കൊണ്ടിരുന്നു…. നിശ്ചലമായ ഭിത്തിക്കും അഴികൾക്കും കണ്ണീരിന്റെ ഉപ്പ് കൊണ്ട് നാശം സംഭവിച്ചിരുന്നു……… പകുതിയറ്റ അയാളുടെ ഇടത്തെ കാലിൽ വീണ്ടും ആ പോലീസുകാരൻ ചവിട്ടി….

അഴികളിൽ നിന്ന് അയാളെ കോടതിയിലേക്ക് നയിച്ചത് മാധ്യമങ്ങളാണെന്ന് തന്നെ പറയാം… കാര്യങ്ങളുമായി ബന്ധമില്ലാത്ത പലരും ചർച്ചകൾ നടത്തി…… കോടതിയ്ക്ക് മുന്നേ മാധ്യമങ്ങൾ അയാൾക്ക്‌ വധശിക്ഷ നൽകി…… തടിച്ചു കൂടിയ ജനക്കൂട്ടം അയാളെ കൂകിയും തെറിവിളിച്ചും അഭിവാദ്യം ചെയ്തു…. അയാളുടെ ആരോഗ്യം നശിച്ചിരുന്നു… കണ്ണുകൾ ഈർപ്പം തട്ടി കുഴിഞ്ഞിരുന്നു….

***** ****** *******

“ഡോക്ടർ സാറേ… എന്റെ മോൾക്ക്‌ എന്താ പറ്റിയെ …….. ??!!!”

“ഇപ്പോൾ കൊണ്ടുവന്ന പേഷ്യന്റിന്റെ ബന്ധുവാണോ….. വരൂ അകത്തേക്ക് വരൂ….. ”

“നിങ്ങൾ ആരാണ് ആ കുട്ടിയുടെ…. ?!!”

“അച്ഛനാണ് ഡോക്ടറെ…. എന്താ എന്റെ മോൾക്ക്‌ പറ്റിയത്…. അമ്മയില്ലാത്ത കുട്ടിയാണ്…. കാലില്ലാത്ത ഞാൻ അവളെ നോക്കുന്നതെ ലോട്ടറി വിറ്റാണ്…. എന്താണ് സാറേ എന്റെ പൊന്നുമോൾക്ക് പറ്റിയത്….. ”

” അത്…. എന്തുതന്നെയായാലും അത് ഉൾക്കൊള്ളാനുള്ള മാനസികാവസ്ഥ താങ്കൾക്കുണ്ടാകണം…. കുട്ടിയുടെ അവസ്ഥ മോശമാണ്… കഴുത്തിനു താഴേക്ക് തളർന്നുപോയിരിക്കുന്നു…..നിങ്ങൾ ഇത് കേസാക്കണ്ട എന്നാണ് എന്റെ അഭിപ്രായം…… കാരണം ആ കുട്ടി ഒരുപാട് അനുഭവിച്ചു…. ഇനിയും അതിനെ വിചാരണ ചെയ്യണോ…… കുട്ടി മാനഭംഗത്തിന് ഇരയായിട്ടുണ്ട്… തലയ്ക്കു പിന്നലേറ്റ ക്ഷതമാണ് കാരണം…. ”

നെഞ്ചിൽ കയ്യമർത്തി പൊട്ടിക്കരയാനേ അയാൾക്ക്‌ സാധിച്ചുള്ളൂ…. അൽപസമയം കഴിഞ്ഞ് വിറയാർന്ന ചുണ്ടുകളോടെ അയാൾ പറഞ്ഞു

“വേണ്ട സാറേ….ആരും അറിയണ്ട…. ”

ആവർത്തിച്ച് ആവർത്തിച്ചു ഇതുതന്നെ പറഞ്ഞുകൊണ്ട് അയാൾ പുറത്തേക്കിറങ്ങി…….

“മോളേ ” കരഞ്ഞു കലങ്ങിയ മിഴികളിൽ നിന്ന് ഓരോ തുള്ളിയായി അവളുടെ മുഖത്തേക്ക് വീണു…..

” അച്ഛാ…. എനിക്ക് ജയിക്കണം….. അവർക്കെതിരെ….. എനിക്ക് ജയിക്കണം…. ” അവളുടെ മിഴികളിൽ കണ്ടത് തീയായിരുന്നു….അഗ്നിപർവതം കണക്കെ നിറഞ്ഞൊഴുകുന്ന തീ…..

” ഡോക്ടറെ… എനിക്കും എന്റെ മോൾക്കും ജയിക്കണം….. ഞങ്ങൾക്ക് കേസ് കൊടുക്കണം….. ”

” രാഘവാ ചുമ്മാ എന്തിനാണ് അവളെ വീണ്ടും കണ്ണീരുകുടിപ്പിക്കുന്നത്…. നമുക്കായിട്ട് ഇതങ്ങു ഒഴിവാക്കുന്നതല്ലേ നല്ലത്…… ”

” വേണ്ട ഡോക്ടർ… അതിലും നല്ലത് ഞങ്ങൾ മരിക്കുന്നതാ…… അവൾക്ക് ജയിക്കണം ഡോക്ടറെ….. ” അയാളുടെ ഉറവ വറ്റിയ കണ്ണുകൾ പ്രതീക്ഷയോടെ ഡോക്ടറെ നോക്കി….

” ഉം ശെരി…. ഞാൻ പോലീസിൽ അറിയിച്ചോളാം…. നിങ്ങൾ കുട്ടിയുടെ അടുത്തേക്ക് ചെല്ലൂ…… ”

മകളുടെ അടുത്തേക്ക് നടന്ന രാഘവനെ പിന്നിൽ നിന്നൊരാൾ വിളിച്ചു….. ” ചേട്ടാ നിങ്ങൾ എന്ത് പണിയാണ് കാണിച്ചത്..ഞാൻ ഈ ഡോക്ടറുടെ അസിസ്റ്റന്റ് ആണ്…. ഈ ഡോക്ടറും സംഘവുമാണ് ഇതിനെല്ലാം പിന്നിൽ….. അയാൾ ഫോൺ വിളിക്കുന്നത് ഞാൻ ഇപ്പോൾ കെട്ടു… ചേട്ടനാണ് പ്രതിയെന്നാ പുള്ളി പോലീസിനോട് പറഞ്ഞത്…. പോരാത്തതിന് ഡി ജി പി അയാളുടെ ബന്ധുവും…. തെളിവെല്ലാം അവർ ഉണ്ടാക്കും…. ചേട്ടന്റെയും മോളുടെയും മൊഴി ആർക്കും വേണ്ടി വരില്ല…. ഇന്നത്തെ മാധ്യമവും അറിയാല്ലോ… കാശുകൊടുത്താൽ അനങ്ങില്ല….. ചേട്ടൻ ആ കേസ് പിൻവലിക്കാൻ പറയ്…. ”

നടുക്കം അയാളിൽ നിന്ന് വിട്ടുമാറിയിരുന്നില്ല …. അന്നന്നേയ്ക്ക് കരുതിവെച്ചു അവളെ വളർത്തിയപ്പോൾ നെയ്തൊരുക്കിയ സ്വപ്‌നങ്ങൾ എല്ലാം കാറ്റിൽ ഒലിച്ചിരിക്കുന്നു……

മുന്നിലേക്ക് തന്നെ അയാൾ നടന്നു….. മകളുടെ മുന്നിൽ അയാൾ എത്തി…

“മോളേ… നമ്മൾ തോറ്റുപോയി മോളേ…… ചെറിയ ജയമെങ്കിലും എന്റെ മോൾക്ക്‌ വേണം…. മാധ്യമങ്ങൾക്ക് കൊണ്ടാടാൻ എന്റെ മോളെ ഞാൻ വിട്ടുകൊടുക്കില്ല…….. ”

അയാളുടെ മനസ്സ് വായിച്ചെന്നവണ്ണം അവൾ പറഞ്ഞു…..

“എനിക്കറിയാം അച്ഛാ…… എനിക്കടുത്ത ജന്മം അച്ഛന്റെ മോളായി തന്നെ ജനിക്കണം…… എന്റെ സ്വപ്‌നങ്ങൾ എല്ലാം തന്നെ അച്ഛന് വേണ്ടിയായിരുന്നു……. ”

വിദൂരതയിലേക്ക് നോക്കി അവൾ ചിന്തിച്ചു ഡിസംബർ മാസങ്ങളിൽ അവൾക്കുറങ്ങാൻ അവളുടെ അച്ഛന്റെ നെഞ്ചിലെ ചൂട് അവൾക്ക് വേണമായിരുന്നു… ഈ ക്രിസ്ത്മസിന് വരെ അവൾ അനുഭവിച്ച ചൂട്……

“പുറത്ത് മഞ്ഞു വീഴുന്നുണ്ടോ.. ??”

“ഇല്ല മോളേ നിനക്ക് തോന്നുന്നതാ.. ”

“അല്ലച്ഛാ നല്ല തണുപ്പ്… എനിക്ക് കുളിരുന്നു.. ”

“മ്മ്മ് അച്ഛൻ മാറ്റി തരാം മോള് കണ്ണടക്ക്…. ”

അടഞ്ഞ കണ്ണുകൾക്ക് കീഴെ അവളുടെ മൂക്കും വായും അടച്ചിരുന്നു ആ അച്ഛന്റെ വിറയാർന്ന കൈകൾ…. അവസാന നിമിഷം പ്രാണൻ കൈവിടുമ്പോഴും അവളുടെ മുഖത്ത് ചിരിയുണ്ടായിരുന്നു….. തനിക്കായി മരണം എന്ന അനുഗ്രഹം തന്റെ അച്ഛൻ നൽകി എന്നോർത്താവണം…. അറിയില്ല…… പോലീസിന്റെ വരവിനായി കാത്തു നിന്ന അയാളുടെ കണ്ണുകൾ ഒരുപാട് പറയുന്നുണ്ടായിരുന്നു…. നിസ്സഹായതയും ദേഷ്യവും സങ്കടവും തീർന്ന അയാളുടെ മുഖം അവളെ നോക്കി ഒന്ന് ചിരിച്ചു…… കണ്ണീരിനാൽ തീർത്ത പുഞ്ചിരി…..

******

കോടതി മുറിയിൽ തനിക്ക് വധശിക്ഷ ലഭിച്ചപ്പോഴും അയാൾ ഒരിക്കൽ കൂടി കേട്ടിരുന്നു അയാളുടെ മകളുടെ ശബ്ദം…. അയാൾ കണ്ടിരുന്നു തന്റെ ചൂടുള്ള നെഞ്ചിനായി മഞ്ഞിൽ അവളുടെ കാത്തിരുപ്പ്….

രചന : – കർമ‎….

Leave a Reply

Your email address will not be published. Required fields are marked *