സായാഹ്നവസന്തം

രചന : – ദീപ്തി………….

”’സുജാതേ….. കഴിക്കാന്‍ എടുത്തില്ലേ ഇതുവരെ….എത്ര നേരമായി നോക്കി ഇരിക്കുന്നു….” ദേഷ്യത്തോടു കൂടി വിജയന്‍ അലറി വിളിച്ചൂ…..

” ദേ…..വരണൂ” അടുക്കളയില്‍ നിന്നും ശബ്ദത്തോടൊപ്പം വേഗത്തില്‍ വിയര്‍പ്പ് കുതിര്‍ന്ന വേഷത്തില്‍ ദോശയും ചമ്മന്തിയുമായി സുജാത ഓടി എത്തി…….

രൂക്ഷമായി അവരെ ഒന്നു നോക്കി കൊണ്ട് വിജയന്‍ ആഹാരം കഴിക്കാന്‍ ആരംഭിച്ചു…….. ചായയും കൊണ്ടു അടുത്തു വെച്ചു സുജാത അടുക്കളയിലേക്ക് മടങ്ങി….. …

ഇത് അവിടുത്തെ സ്ഥിരം കാഴ്ചയാണ്……. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ വിജയന് ഭാര്യയും രണ്ടുമക്കളുമാണ് ഉള്ളത്…… മോന്‍ എഞ്ചിനീയറിംഗിന് പഠിക്കുന്നു …മോള് ഡിഗ്രിക്കും…….

രാവിലെ എല്ലാവരും പോകുന്നത് വരെ അവിടെ ഈ തിരക്ക് തന്നെ…..

ഭര്‍ത്താവും കുട്ടികളും ആഹാരം കഴിച്ചു എഴുന്നേറ്റപ്പോഴേക്കും ഉച്ചയ്ക്കത്തേക്കുള്ള ഭക്ഷണം പൊതിഞ്ഞു സുജാത ടേബിളില്‍ എത്തിച്ചൂ……

മോന്‍ വിവേക് പതിവ് പോലെ പൊതി കൊണ്ടു പോകാതെ കൂട്ടുകാരോടൊന്നിച്ചൂ പുറത്തുനിന്നും കഴിക്കാന്‍ കാശും വാങ്ങി പോയി…… മോള് വന്ദന പൊതി എടുത്തു വേഗത്തില്‍ കോളേജില്‍ പോയി……

രാവിലത്തെ തിരക്കു കഴിഞ്ഞൂ വീട് വൃത്തിയാക്കലും തുണി കഴുകിയും രാത്രിയിലേക്കുള്ള ഭക്ഷണം ഉണ്ടാക്കിയും സുജാതയുടെ പകല്‍ എരിഞ്ഞമര്‍ന്നൂ……

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആയിരുന്നെങ്കിലും ഒരു അനാവശ്യ ചിലവൂം നടത്താതെ ഉളള കാശ് സൂക്ഷിച്ചു വെച്ചു അത്യാവശ്യം ജീവിക്കാനുള്ള ചുറ്റുപാട് അയാള്‍ ഉണ്ടാക്കിയിട്ടുണ്ടായിരുന്നൂ……….

അവധി ദിവസങ്ങള്‍ എല്ലാവരും യാത്രകള്‍ പോകുമ്പോള്‍ വീട്ടില്‍ കുത്തിയിരുന്നൂ അയാള്‍ സമയം കളഞ്ഞിരുന്നൂ……

വൈകുന്നേരം വന്ന ഭര്‍ത്താവിനും മക്കള്‍ക്കും ചായയും പലഹാരങ്ങളും നല്‍കീ അവര്‍ അവരുടെ ലോകമായ അടുക്കളയിലേക്ക് പിന്‍വാങ്ങി…. അച്ഛന്‍ ടിവിക്കു മുന്നിലും മക്കള്‍ അവരുടെ മുറികളിലും ലോകം തീര്‍ത്തിരുന്നു…….

അത്താഴസമയത്ത് എല്ലാവരും ടേബിളിനു മുന്നിലെത്തി എടുത്തു വെച്ചിരുന്നത് കഴിച്ചൂ ഉറങ്ങുവാനും പോയി…….

”അമ്മ കഴിച്ചോ കഴിക്കുന്നില്ലേ….. ” എന്നൂ ചോദിക്കാന്‍ അവരോ…. അത് കേള്‍ക്കാന്‍ സുജാതയ്ക്കോ താല്‍പര്യം തോന്നിയില്ല…….. അടുക്കളയില്‍ പാത്രങ്ങള്‍ കഴുകി ഒതുക്കി ഉറങ്ങാനെത്തുമ്പോഴേക്കും വിജയന്‍ നല്ല ഉറക്കം പിടിച്ചിരുന്നൂ…..

അയാളോട് പറയുവാന്‍ മനസ്സില്‍ കരുതിയിരുന്ന കാര്യങ്ങള്‍ പതിവ് പോലെ മനസ്സിലെ മറവിയിലേക്ക് വലിച്ചെറിഞ്ഞു ദീര്‍ഘനിശ്വാസത്തോടെ സുജാത കിടക്കയിലേക്ക് ചാഞ്ഞൂ…..

വര്‍ഷങ്ങള്‍ വളരെ വേഗം കടന്നൂ പോയി……. ഡിഗ്രി പാസായി ബാങ്കില്‍ ജോലി വാങ്ങിയ മകളെ നല്ല രീതിയില്‍ കെട്ടിച്ചു വിട്ടു……

എഞ്ചീനീയറായ മകന്‍ ഒരു എഞ്ചീനീയറെ വിദേശത്ത് സെറ്റിലുമായി……

സര്‍വ്വീസില്‍ നിന്നും വിരമിച്ച വിജയനും സുജാതയും മാത്രമായി വീട്ടില്‍…. സുജാത അപ്പോഴും തന്റെ ജോലികളില്‍ എപ്പോഴും ,വ്യാപൃതയായിരിക്കും…….ആദ്യമൊക്കെ എപ്പോഴും ടിവീയുടെ മുന്നില്‍ കുത്തിയിരുന്ന വിജയന് പതിയെ അതൊക്കെ മടുപ്പായി…..

അപ്പോഴും മടുപ്പില്ലാതെ ഒരേ ജോലികള്‍ തന്നെ ദിവസവും ചെയ്തു കൊണ്ടിരുന്ന സുജാതയെ അയാള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി……

അവരെ ആദ്യമായി കണ്ട നിമിഷം അയാള്‍ ഓര്‍ത്തു……..

ബ്രോക്കറോടൊപ്പം ഒരു പെണ്ണിനെ കണ്ടു വരുന്ന വഴിക്കാണ് നെഞ്ചില്‍ പുസ്തകം ചേര്‍ത്തു റോഡരുകിലൂടെ മെല്ലെ നടന്നു വരുന്ന ഒരു പെണ്‍കുട്ടിയെ കണ്ടത്…… …

രൂപം കൊണ്ട് അളന്നു ഒരു പത്തൊന്‍പത് വയസ്സിട്ടു…..

പോയ വഴിക്ക് കണ്ട പെണ്ണിനെ ഇഷ്ടപെടാത്ത നിരാശയില്‍ വന്ന ബ്രോക്കറോട് .. ” ആ പോകുന്ന കുട്ടിയെ കെട്ടിച്ചു തരുമോന്ന് തിരക്കാന്‍ ” പറയുമ്പോള്‍ ഒരു പ്രതീക്ഷയും ഇല്ലായിരൂന്നൂ……..

രണ്ടു ദിവസം കഴിഞ്ഞു ,ബ്രോക്കര്‍ വിളിച്ചു ആ കുട്ടിയെ കാണാന്‍ പോകാം എന്നു പറഞ്ഞപ്പോള്‍ ആശിച്ചത് കൈ വെള്ളയില്‍ എത്തിയ സന്തോഷമായിരുന്നൂ…….

പെണ്ണു കാണലും നിശ്ചയവും വേഗത്തില്‍ നടന്നു…. പ്രീ ഡിഗ്രി പഠിച്ചുകൊണ്ടിരുന്ന അവള്‍ക്ക് പതിനെട്ട് വയസ്സായിരുന്നു പ്രായം….. കൂലിപണിക്കാരായ അച്ഛന്‍റെയും അമ്മയുടെയും ഒറ്റമോള്‍…. ഒരു ആങ്ങള പഠിക്കുന്നൂ……

തുടര്‍ന്നു പഠിപ്പിക്കാം എന്നൊക്കെ വാഗ്ദാനം ചെയ്തു കല്യാണം നടത്തി എടുത്തെങ്കിലും പിന്നീട് ആ കാര്യം അവളോ ഞാനോ മിണ്ടിയിട്ടില്ല….

എന്നും അവളുടെ ഇഷടം ചോദിക്കുകയോ അറിയാന്‍ ശ്രമിക്കുകയോ ചെയ്തില്ല……. രണ്ടു കുട്ടികള്‍ കൂടി ആയതോടെ അവള്‍ കൂടുതലും അവളിലേക്ക് ഒതുങ്ങി…..

പലപ്പോഴായി തനിക്കു മുന്നില്‍ നിരത്തിയ ആവശ്യങ്ങള്‍ അങ്ങനെ തന്നെ അവശേഷിച്ചത് കൊണ്ടോ എന്തോ പിന്നീട് ആവശ്യങ്ങള്‍ ഒന്നും വന്നിട്ടില്ല……

കൊടുക്കുന്നത് കൊണ്ട് തൃപ്തിപെടുന്ന ജീവീയെപോലെയായി….. അതോ താന്‍ അങ്ങനെയാക്കി മാറ്റിയോ……….. ഒരു പെണ്‍കുട്ടിയെ തന്റെ സ്വാര്‍ത്ഥതയ്ക്ക് വേണ്ടീ തനിക്ക് അനുയോജ്യമായ രീതിയിലേക്ക് മാറ്റിയെടുത്തതല്ലേ…….

അടുക്കളയില്‍ ധൃതി പിടിച്ചു പണി ചെയ്തു കൊണ്ടിരുന്ന സുജാതയുടെ അടുത്തേക്ക് അയാള്‍ ചെന്നൂ…. ”സുജാതേ…”

” അയ്യോ….. കറി കുറച്ചു കൂടി പറ്റാനുണ്ട്…. ഇപ്പോള്‍ ചോറ് തരാം…..”

അത് പറയുമ്പോള്‍ അവരുടെ മിഴികളില്‍ ചെറിയ ഭയം തളം കെട്ടി കിടക്കുന്നത് അയാള്‍ കണ്ടു……

ഭക്ഷണം വൈകിയാല്‍ കിട്ടുന്ന ശകാരമാണ് ആ ഭയത്തിന് പിന്നിലെന്ന് കുറ്റബോധത്തോടെ അയാള്‍ ഓര്‍ത്തൂ……

” സുജാതേ……നിനക്ക് എന്നോട് ദേഷ്യമുണ്ടോ…..”

വിറയ്ക്കുന്ന ശബ്ദത്തോടെ അയാള്‍ അത് ചോദിക്കുമ്പോള്‍ അമ്പരപ്പോടെ അവര്‍ മുഖമുയര്‍ത്തി നോക്കി….

” എന്തിന്……. എനിക്കു എന്തിനാ ദേഷ്യം….”

അവരോട് ഒന്നും മറുപടി പറയാതെ അയാള്‍ അടുക്കളയില്‍ നിന്നും ഇറങ്ങി പോയി.

ഉച്ചഭക്ഷണത്തിന് ശേഷം വിശ്രമിക്കവെ അയാള്‍ അവരെ വിളിച്ചു അടുത്ത് ഇരുത്തി…..

പതിവില്ലാതെയുള്ള അയാളുടെ പ്രവൃത്തിയില്‍ അത്ഭുതപെട്ട് അവര്‍ ഇരുന്നൂ…..

” നിനക്ക് എന്നോട് ഒന്നും പറയാനില്ലേ സുജേ…..”

കല്യാണത്തിന്‍റെ ആദ്യനാളുകളില്‍ എപ്പോഴോ കേട്ടു മറന്ന വിളിപേര് വീണ്ടും കേട്ടപ്പോള്‍ അവരുടെ കണ്ണു നിറഞ്ഞൂ……..

” എനിക്കു നിങ്ങളോട് പറയാന്‍ ഇല്ലേന്നോ………. എനിക്കു നിങ്ങളോട് പറയാനേ ഉണ്ടായിരുന്നുള്ളൂ്…… ബാല്യത്തില്‍ നിന്നും കൗമാരത്തിലേക്ക് കയറിയ മക്കള്‍ അവരുടെ ലോകത്ത് ജീവിച്ചപ്പോള്‍ ജോലിയും തിരക്കുമായി നിങ്ങള്‍ നിങ്ങളിലേക്ക് ഒതുങ്ങിയപ്പോള്‍ ഈ വീടിന്‍റെ അടുക്കളയില്‍ ഒറ്റപെട്ടത് ഞാനാണ്….

സ്വന്തം വീട്ടിലേക്ക് പോകാന്‍ അനുവാദമില്ലാതെ കൂട്ടുകാരില്ലാതെ ഈ വീടിന്‍റെ അകത്തളത്തില്‍ എന്‍റെ യൗവ്വനം ഹോമിച്ചു….. പലപ്പോഴും ചെറിയ ചെറിയ ആവശ്യങ്ങള്‍ക്ക് പോലും നിങ്ങള്‍ വലിയ കണക്കുകള്‍ പറഞ്ഞു പേടിപ്പിച്ചപ്പോള്‍ എന്നില്‍ പിന്നെ ആവശ്യങ്ങള്‍ ജനിച്ചില്ല…. എല്ലാവരെയും പോലെ ഭര്‍ത്താവിന്‍റെ നെഞ്ചില്‍ കിടന്നു പരിഭവവും പരാതിയും പറയാന്‍ ജോലി തീര്‍ത്തു ഞാന്‍ ഓടി എത്തുമ്പോള്‍ നിങ്ങളുടെ കൂര്‍ക്കം വലി എന്നെ നിരാശയിലാഴ്ത്തി…….

നിങ്ങളോട് പറയുവാന്‍ കരുതിയിരുന്ന നൂറായിരം കാര്യങ്ങള്‍ എന്‍റെ മറവിയുടെ താഴ്വരകളില്‍ വലിച്ചെറിഞ്ഞിട്ടുണ്ട്…..

ഞാന്‍ സ്വയം രൂപപ്പെട്ടതാണ്….നിങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ……”

കിതപ്പോടെ പറഞ്ഞു നിര്‍ത്തുമ്പോള്‍ അവര്‍ ഇത്രയും നാള്‍ അനുഭവിച്ച മാനസികസംഘര്‍ഷം നിമിഷനേരത്താല്‍ അയാള്‍ അറിയുകയായിരുന്നൂ്‌…….

കുറ്റബോധത്താല്‍ രണ്ടുതുള്ളി കണ്ണുനീരായിരുന്നു അയാളുടെ മറുപടി……….

ജീവിതപ്രാരാബ്ധത്തിനിടയില്‍ നഷ്ടപെടുത്തിയ ജീവിതത്തിന്‍റെ സുവര്‍ണ്ണകാലം ഒരു നഷ്ടബോധമായ് അയാളില്‍ നിറഞ്ഞൂ…..

ഉച്ചമയക്കം കഴിഞ്ഞൂ ചായയുമായി വന്ന സുജാതയോട് ” സുജേ…..വേഗം കുളിച്ചു റെഡിയായി വാ….നമുക്ക് അമ്പലത്തില്‍ പോകാം …” എന്നൂ പറയുമ്പോള്‍ ആയിരം പൂര്‍ണ്ണചന്ദ്രന്‍ ഉദിച്ചത് പോലെയായി സുജാതയുടെ മുഖം…..

ഒരുമിച്ചുള്ള അമ്പലദര്‍ശനം കഴിഞ്ഞു സന്ധ്യയോടെ വീട്ടിലെത്തി രണ്ടുപേരും ചേര്‍ന്നു രാത്രിയിലേക്കു കഞ്ഞിയും പയറും ഉണ്ടാക്കി…..

രാത്രിയില്‍ ടേബിളില്‍ അടുത്തിരുത്തി അയാള്‍ അവര്‍ക്കു കഞ്ഞി കോരി നാണത്താല്‍ അവര്‍ മിഴികള്‍ താഴ്ത്തി……

പാത്രം കഴുകി വെച്ചു മുറിയിലെത്തി അവരെ നെഞ്ചോടു ചേര്‍ത്തി കിടത്തുമ്പോള്‍ പ്രാരാബ്ദ്ധങ്ങള്‍ പിടിച്ചെടുത്ത സുവര്‍ണ്ണകാലം തിരിച്ചു പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു…..

ഭര്‍ത്താവിനോട് പറയുവാനുള്ള ഒരായിരം കാര്യങ്ങള്‍ സുജാത മറവിയുടെ പൊടിതട്ടി എടുക്കുകയായിരുന്നു……

രചന : – ദീപ്തി………….

Leave a Reply

Your email address will not be published. Required fields are marked *