ശ്യാമ 🖤

രചന: ഹരിപ്രിയ മാളു

എന്നുമുതലാണ് കറുമ്പി എന്നുളള പേര് എന്നെ വേട്ടയാടി തുടങ്ങിയതെന്നിപ്പോളും മനസ്സിലാകുന്നില്ല. കുഞ്ഞിലേ അച്ഛന്റെ നെഞ്ചിലൊട്ടി കിടക്കുമ്പോൾ അച്ഛൻ വാത്സല്യത്തോടെ വിളിച്ചുതുടങ്ങിയതാണ് അച്ഛന്റെ കറുമ്പിപെണ്ണെന്നു പിന്നീട് ആ വിളിയൊരു ശാപമായ് തീരുമെന്ന് സ്വപ്നത്തിൽ പോലുമാ പാവം ചിന്തിച്ചിട്ടുണ്ടാവില്ല. അന്ന് ആ വിളി എന്നെ ഏറെ സന്തോഷിപ്പിച്ചിരുന്നു എന്നുള്ളതാണ് സത്യം. അച്ഛന്റെ കറുമ്പിയെവിടെ എന്നു ചോദിക്കുമ്പോൾ ഓടിപ്പോയി കെട്ടിപ്പിടിച്ചു ഇവിടെയുണ്ടെന്ന് പറഞ്ഞിരുന്ന എന്നെ എന്നുമുതലാണ് എനിക്ക് നഷ്ട്ടമായത്.അതെ ഇതെന്റെ കഥയാണ് ശ്യാമയുടെ കഥ…

വീട്ടിലേക്കുള്ള ബസ്സിൽ അവൾ ഒന്നുകൂടെ ചാഞ്ഞിരുന്നു. ചിന്തകളുടെ ഭാണ്ഡക്കെട്ടുകൾ ശ്യാമയുടെ മനസ്സിലക്കൊന്നന്നായി തുറക്കപ്പെട്ടുകൊണ്ടിരുന്നു. തടഞ്ഞുനിർത്തുവാൻ പണിപ്പെട്ട കണ്ണുനീർ തുള്ളികൾ അനുവാദമില്ലാതെ ഇഴഞ്ഞിറങ്ങി തുടങ്ങിയിരുന്നു.

സ്കൂൾ കാലഘട്ടത്തിലായിരുന്നു ഏറ്റവും കൂടുതൽ കളിയാക്കലുകൾ നേരിടേണ്ടി വന്നിരുന്നത്. നോക്കടി കറുമ്പി വരുന്നെന്നും, . കളിക്കാൻ ആ കറുമ്പിയുണ്ടേൽ ഞാനില്ലെന്നും, നെറ്റിയിലൊരു കുറി കൂടുതൽ കണ്ടാൽ കറുത്തഐശ്വര്യ റായി വരുന്നെന്നും പറഞ്ഞു കൂടെ പഠിക്കുന്നവർ കളിയാക്കി വിളിക്കുമ്പോൾ തലകുനിച്ചു നടക്കാൻ മാത്രമേ സാദിച്ചിരുന്നുള്ളു.

ഞാനിനി സ്കൂളിൽ പോകില്ലെന്ന് പറഞ്ഞു കരഞ്ഞുറങ്ങിയ നാളുകളിൽ ഒരുപക്ഷെ തനിക്ക് പറ്റിപ്പോയ അബദ്ധമോർത്ത് അച്ഛൻ സങ്കടപ്പെട്ടിട്ടുണ്ടായിരിക്കാം. ഒരാറുവയസ്സുകാരിയുടെ ചെറിയൊരു സങ്കടം തീർക്കാൻ പോലും കെല്പില്ലാതിരുന്ന ഒരു പാവമായിരുന്നോ എന്റെ അച്ഛൻ? . അതോ തന്റെ നിറവും രൂപവും അതേപോലെ പകർന്നു കിട്ടിയ മകളുടെ സങ്കടം കാണെ സ്വന്തം ബാല്യത്തിലേക്കാ പാവം മടങ്ങിപോയിരുന്നോ?

തലകുനിച്ചു മാത്രം നടന്നുശീലിച്ച സ്കൂൾ കാലഘട്ടത്തിനു ശേഷം യുദ്ധം ജയിച്ച പോരാളിയെപ്പോലെ പുറത്തേക്ക് വന്ന ഞാൻ പ്രതീക്ഷിച്ചത് കളിയാക്കലുകൾ ഇല്ലാത്ത കോളേജ് ജീവിതമായിരുന്നില്ലേ? എന്നാൽ അവിടെയും തന്റെ അവസ്ഥ മറിച്ചൊന്നായിരുന്നില്ല എന്നത് ദുഖത്തോടെ മാത്രമേ ഓർക്കാൻ സാധിക്കു. ഇടക്കെപ്പോഴോ മറന്നു തുടങ്ങിയ കറുമ്പിയെന്ന വിളി പൂർവാധികം ശക്തിയോടെ തന്നിലേക്ക് തിരിച്ചു വന്ന ദിവസങ്ങൾ ആയിരുന്നവ. കണ്ണാടിക്കു മുന്നിൽപോലും നിവർന്നു നിൽക്കാൻ ഭയപ്പെട്ട ദിവസങ്ങൾ ഞാനൊരു കറുമ്പിയാണെന്നും, ഭംഗിയില്ലാത്തവളാണെന്നും, മറ്റുള്ളവർക്കൊരു പരിഹാസകഥാപാത്രമാണെന്നും അതെന്നോടു വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.

മറ്റുകുട്ടികൾ ആത്മവിശ്വാസത്തോടെ സെമിനാർ അവതരിപ്പിക്കുമ്പോൾ ക്ലാസ് മുറിയിൽ നിവർന്നു നിന്നൊരു വാക്കുപോലും സംസാരിക്കാൻ കഴിയാത്ത എന്റെ കഴിവുകേട് അറിവില്ലായ്മ കൊണ്ടല്ല മറിച്ചപമാനഭാരം കൊണ്ടാണെന്ന് മനസ്സിലാക്കാൻ പോലുമൊരു സുഹൃത്ത് എനിക്കില്ലായിരുന്നു എന്നതാണ് സത്യം. കൂടാൻ ആളില്ലാഞ്ഞിട്ടല്ല കൂട്ടാൻ ഭയമായിട്ടായിരുന്നു ഒരുപക്ഷെ നാളെ അവരുമെന്നെ കറുമ്പിയെന്നു വിളിച്ചാലോ.

നാടുറങ്ങുന്ന നിമിഷങ്ങളിൽ ഞാനുണർന്നിരുന്നു. കറുത്ത ആകാശത്തിൽ പൂർണശോഭയോടെ തിളങ്ങുന്ന ചന്ദ്രനോട് എനിക്കസ്സൂയയായിരുന്നു. എന്നിൽനിന്നെന്തോ തട്ടിപ്പറിച്ചെടുത്ത ശത്രുവിനെപ്പോലെ ഞാനതിനെ വെറുത്തു. Tv കാണാൻ ഞാൻ ഭയന്നു വെളുത്ത സുന്ദരികൾ tv യിൽ പ്രത്യക്ഷപ്പെടുമ്പോൾ അതെന്റെ കുറവാണെന്നു ഞാൻ വിശ്വസിച്ചു. എണ്ണക്കറുപ്പുള്ള ദ്രൗപതിയും കാർമേഘവർണനായ കൃഷ്ണനുമെല്ലാം പൂവമ്പഴംപോൽ വെളുത്തു പ്രത്യക്ഷപ്പെട്ടപ്പോൾ മനസ്സിൽ അതു പുച്ഛമായ് രൂപാന്തരപ്പെട്ടു. എന്നുമുതലാണ് വെളുപ്പ് സൗന്ദര്യത്തിന്റെ മാനദണ്ഡമായി മാറിയതെന്ന് ഞാനെന്നോട് തന്നെ ചോദിക്കാൻ ആഗ്രഹിച്ചു.

വെളുത്തതിൽ എന്തിലും ഞാൻ വിമർശനം നടത്തിശീലിച്ചു. പട്ടിണി കിടന്നു നോക്കി എനിക് വിശക്കാതിരുന്നില്ല, കൈമുറിച്ചു നോക്കി എന്റെ ചോരക്കും ചുവപ്പ് തന്നെ, യാത്ര ചെയ്തു നോക്കി അവർ കാണുന്നതിൽ നിന്ന് വ്യത്യസ്തമായി ഞാനൊന്നും കണ്ടിരുന്നില്ലെന്നുറപ്പ് വരുത്തി , സൂര്യനെയും ചന്ദ്രനെയും പൂക്കളെയും നോക്കി എനിക്കുവേണ്ടിക്കൂടിയാണവ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നുറപ്പ് വരുത്തി, ചിന്തിക്കാനും പ്രവർത്തിക്കാനും ചിരിക്കാനും കരയാനും ഉള്ള കഴിവുകൾ എനിക്കുമുണ്ടെന്ന തിരിച്ചറിവ് എന്നെ അത്ഭുതപ്പെടുത്തി. പിന്നെന്തിന്റെ പേരിലാണവരെന്നെ തഴഞ്ഞു നിർത്തിയത്?

ഇന്നലെയായിരുന്നു ആ സംഭവം. പെണ്ണുകാണാൻ ഒരു കൂട്ടർ വരുന്നുണ്ടത്രേ. ഒരുങ്ങിയിരിക്കാൻ അച്ഛൻ പറഞ്ഞതനുസരിച്ചു സാരിയും ഉടുത്തു ചായയും കൊണ്ടുകൊടുത്ത് അകത്തു വന്നപ്പോളാ പുറത്തെ സംസാരം കേട്ടത്.50 പവനും 25സെന്റ് സ്ഥലവും കല്യാണച്ചെലവിനു വേറെയും. അച്ഛന്റെ ശമ്പളത്തിൽ അല്ലലില്ലാതെ കഴിഞ്ഞു പോകുന്നെന്നതൊഴിച്ചാൽ ഇവരീ ചോതിക്കുന്നതൊന്നും കൊടുക്കാൻ ന്റെ അച്ഛന്റെ കയ്യിൽ ഇല്ലന്നെനിക്കല്ലാതെ ആർക്കാ അറിയുന്നത്.

അയ്യോ അത്രയും ന്നെ കൊണ്ട് കൂടില്ല എന്നുള്ള അച്ഛന്റെ ദയനീയത കേട്ടപ്പോൾ ദേഷ്യം തോന്നി അച്ഛനെന്തിനാ യാചിക്കുന്നത് എന്റെ മോൾക്കീ ബന്ധം വേണ്ടന്ന് പറഞ്ഞാൽ പോരെ?.

ഉടനെ വന്നു അതിനുള്ള മറുപടി പെണ്ണ് കറുത്തതല്ലേ ഇതുകൂടി കൊടുക്കാതെ എങ്ങനെയാ ഗോപിയേട്ടാ.. മൂന്നാൻ ആണ്. അച്ഛന്റെ മറുപടി ആയിരുന്നു എനിക്കറിയേണ്ടത് എന്നെ സങ്കടത്തിലാഴ്ത്തി അച്ഛൻ മൗനിയായി. ഏറെ നേരത്തെ മൗനത്തിനു ശേഷം അച്ഛൻ പറഞ്ഞു എനിക്ക് കുറച്ചു സമയം വേണം.

അതെങ്ങനെ നടക്കും ചെക്കനിപ്പോൾ കല്യാണത്തിന് സമയം ആണ് നീട്ടി വക്കാൻ പറ്റില്ലത്രേ പറഞ്ഞു പറഞ്ഞങ്ങനെ ഉറപ്പിക്കാൻ തീരുമാനിച്ചവര് പോയി.

വൈകിട്ടത്താഴത്തിനു മുന്നിൽ ആലോചനയോടിരുന്ന അച്ഛനെ കണ്ടപ്പോൾ സങ്കടം തോന്നി രാത്രി ഏറെ വൈകിയും ഉമ്മറത്തുന്നു അച്ഛന്റെ സംസാരം കേട്ടു വീടിന്റെ ആധാരം പണയം വെക്കാം ന്നാണ് തീരുമാനം.

ആകെയുള്ളത് ഈ വീടാണ് ഇതുംകൂടി പണയത്തിലായാൽ പിന്നെ നമ്മൾ എന്താ ചെയ്യാ ഏട്ടാ….

അതൊന്നും സാരമില്ലടി നമ്മുടെ കുട്ടിക്ക് വേണ്ടിയല്ലേ…. ഈ വയസ്സാം കാലത്തിതൊക്കെ കെട്ടിപ്പിടിച്ചിരുന്നിട്ടെന്തിനാ… നമ്മള് രണ്ടാളല്ലേ നമുക്ക് കിടക്കാൻ ഈ ഭൂമിയിൽ ഒരുപാട് സ്ഥലമുണ്ട്….

അവരുടെ സംസാരം കേട്ടാണ് പുറത്തേക്കിറങ്ങി വന്നത്. ആദ്യമായി അച്ഛന്റെ മുഖത്തു നോക്കി തറപ്പിച്ചു പറഞ്ഞു എനിക്കീ ചെറുക്കനെ വേണ്ട.ഉറച്ച ഭാഷയിലുള്ള എന്റെ സംസാരം കെട്ടിട്ടായിരിക്കാം ഒന്നും മനസ്സിലാകാതെ അച്ഛൻ എന്നെ നോക്കിയിരുന്നു… ഒരുപക്ഷെ എന്റെ മനസ്സിൽ മറ്റാരെങ്കിലും ഉണ്ടെന്ന് പോലും ആ പാവം ചിന്തിച്ചിരിക്കാം.

രാവിലെ തന്നെ അച്ഛന്റെ ഡയറി തുറന്നു മൂന്നാന്റെ നമ്പർ എടുത്തു. ചെക്കന്റെ നമ്പർ വാങ്ങി വിളിച്ചു എനിക്കൊന്നു കാണണം ന്നു പറഞ്ഞു. ബുദ്ധിമുട്ട് വേണ്ടാന്ന് കരുതി അയാൾ ജോലി ചെയ്യുന്നിടത്തേക്ക് ഞാൻ തന്നെ പോയി. ചിരിച്ചമുഖവുമായി ആള് മുന്നിൽ തന്നെ ഉണ്ട്.

നിങ്ങളത്ര വലിയ സുന്ദരൻ ഒന്നുമല്ല. മുഖത്ത് നോക്കി തന്നെ പറഞ്ഞു. ഒട്ടും പ്രതീക്ഷിക്കാതെ എന്നിൽ നിന്നുണ്ടായ പ്രതികരണം കെട്ടിട്ടായിരിക്കാം അയാൾ കണ്ണും തള്ളി നിന്നു….

അന്ധംവിട്ടു നിക്കുന്ന അയാളെ കണ്ടപ്പോൾ സങ്കടം തോന്നി എന്നാലും പറഞ്ഞു. ഞാൻ കറുത്തിട്ടാണ് അത്ര സൗന്ദര്യവും ഇല്ല എന്നും പറഞ്ഞു എന്റെ കറുപ്പുരച്ചുനോക്കി സ്ത്രീധനം വാങ്ങുന്നൊരാളെ കെട്ടാൻ ഞാൻ ഒരുക്കമല്ല.

എന്റെ തൊലി കറുത്തുപോയത് വീട്ടുകാരുടെ കുറ്റമല്ല അതുകൊണ്ട് എനിക്കുവേണ്ടി അവരുടെ കിടപ്പെടം പണയപ്പെടുത്തി കെട്ടിച്ചുതരാൻമാത്രം കാമദേവനൊന്നുമല്ല നിങ്ങൾ കുറച്ചു തൊലിവെളുപ്പുണ്ടന്ന് മാത്രം.

ഒരുപെൺകുട്ടി കറുത്ത് പോയാൽ അത് മുതലാക്കാൻ കാത്തു നിൽക്കുന്നവരാണ് ചുറ്റും… വിവേചനം തുടങ്ങുന്നതോ സ്കൂൾ കാലഘട്ടം മുതലും.. കളിയാക്കലുകളും പതം പറച്ചിലുകളും കേട്ടു മടുത്ത് മനസ്സ് തളർന്നവരാണ് കൂടുതലും…. മനസ്സിന് ഇഷ്ട്ടപ്പെട്ട ഒരു തുണിയെടുത്താൽ പോലും അപ്പോൾ വരും അടുത്ത കമന്റ്… ഓഹ് ഈ ഇരുണ്ട കളറൊന്നും നിനക്ക് ചേരില്ല ഇതിട്ടാൽ നീയൊന്നൂടെ ഇരുണ്ടിരിക്കും എന്ന്…

ഏറ്റവും വല്യ തൊല്ലവരുന്നത് വിവാഹപ്രായം എത്തുമ്പോളാണ്.. വിവാഹമാർക്കറ്റിൽ കറുത്ത പെണ്ണിന്‌ ആവശ്യക്കാർ കുറവാണല്ലോ… അവളുടെ പഠിപ്പിനും അറിവിനും സ്വാഭാവമഹിമക്കും ഒന്നുമല്ല തൊലിയുടെ വെളുപ്പിനാണവിടെ ഡിമാന്റ്…

തൊലികറുത്തുപോയ പെണ്ണിനെ പണവും പൊന്നും അങ്ങോട്ട്‌ കൊടുത്ത് വിൽക്കാൻ ഇത് കന്നുകാലി ചന്തയൊന്നുമല്ലല്ലോ… രക്തവും മജ്ജയും ചിന്തിക്കാനുള്ള കഴിവും മനസ്സുമൊക്കെയുള്ള ഒരു പെണ്ണ് ആണവിടെ വിൽപ്പന ചരക്കാവുന്നതെന്ന് ആരും ഓർക്കാറില്ല…

ഇതൊക്കെ എന്തിനാണ് ഞാൻ ഇയാളോട് പറയുന്നതെന്ന് ആവും ആലോചിക്കുന്നത്… ഇന്നലെ നിങ്ങൾ വീട്ടിൽ വന്ന് വിലപേശി ഇറങ്ങിപ്പോയപ്പോൾ അവിടെ അപമാനിക്കപ്പെട്ടത് എന്റെ അഭിമാനമാണ്… എന്റെ വ്യക്തിത്വത്തിനാണ് നിങ്ങൾ വിലയിട്ടത്……

ഇന്നലെ നിങ്ങൾ വീട്ടിൽ നിന്നിറങ്ങിയപ്പോൾ മുതൽ ആതികേറിയിരിക്കുന്ന ഒരച്ഛനെ കണ്ടിട്ടാണ് ഞാനിങ്ങോട്ട് വന്നിരിക്കുന്നത്… മകളെ കൊടുക്കാൻ വീട് പണയം വെക്കാൻ തയ്യാറായ അച്ഛനെ കണ്ടിട്ട്…. വീട് പണയപ്പെടുത്തി എന്നെ കെട്ടിച്ചുതന്നാൽ നിങ്ങള് നോക്കുമോ എന്റെ കുടുംബം.? …. അതോ എന്റെ ശമ്പളം വീട്ടിൽ കൊടുക്കാൻ സമ്മതിക്കോ?… ഇല്ല അതുകൊണ്ട് നമ്മുകീ ആലോചന ഇവിടെ കൊണ്ട് നിർത്താം..

എനിക്ക് പറ്റിയ ഒരു ചെറുക്കൻ വരുമ്പോൾ ഞാൻ കെട്ടിക്കോളാം. എന്നെ മനസ്സിലാക്കുന്ന എന്റെ വീട്ടുകാരുടെ അവസ്ഥ മനസ്സിലാക്കുന്ന ഒരാളെ. ഇത്രയും വന്നു പറയണം ന്ന് തോന്നി.. അപ്പൊ ബൈ……

അപ്പോളും അയാളെന്തോ ഗഹനമായ ചിന്തയിൽ ആയിരുന്നു…

മാസ് ഡയലോഗും പറഞ്ഞിറങ്ങുമ്പോൾ മനസ്സിൽ വല്ലാത്തൊരു ആശ്വാസം തോന്നി. ആദ്യമായി പ്രതികരണശേഷി നേടിയപോലെ. ആത്മവിശ്വാസത്തിന്റെ നിമിഷങ്ങൾ.

ബസ്സിറങ്ങി തിരിയുമ്പോൾ അച്ഛനുണ്ട് സ്റ്റോപ്പിൽ ചിരിച്ചു നിക്കുന്നു ഈശ്വരാ ഇതിയാനിതെന്നാ പറ്റി മോൾടെ കല്യാണം മുടങ്ങിയതിനു ഇത്ര സന്തോഷവോ???

ചെക്കൻ വിളിച്ചായിരുന്നു ഇന്നലെ കാണാൻ വന്ന പെണ്ണിനെ അവനു വേണ്ടത്രേ.

അതിനെന്തിനാ അച്ഛൻ ചിരിക്കൂന്നേ മോളെ വേണ്ടാന്നു ചെക്കൻ പറഞ്ഞതിന് ഇത്ര സന്തോഷിക്കാൻ എന്താ? . ആ ചെറുക്കനെ വേണ്ടാന്ന് ഞാനാ അവനോട് പറഞ്ഞത് അവൻ ഇല തിരിച്ചിട്ടോ? ആഹാ

അവന് ഇന്നലെ കണ്ട പെണ്ണിനെ വേണ്ട ഇന്ന് കണ്ട ചെറുക്കനെ കെട്ടിച്ചു കൊടുക്കാവോ ന്നാ ചോദിക്കണേ??

എഹ്…… എന്തോന്നാ?? ഒന്നും മനസ്സിലാകാതെ തലയും ചൊറിഞ്ഞു നിക്കണ എന്നെയും പിടിച്ചു നടക്കുമ്പോൾ അച്ഛൻ ചിരിക്കുന്നുണ്ടായിരുന്നു.

വരമ്പിലൂടെ നടന്നു നീങ്ങുമ്പോൾ പുറകിൽ ന്ന് കേട്ടു “നൊക്കുമോനെ നല്ല ഭംഗിയുള്ള വെളുത്ത നായക്കുട്ടി ”

വെളുപ്പ് ഭംഗിയാണെന്നും കറുപ്പ് മോശമാണെന്നും നമ്മൾ അറിയാതെ തന്നെ ആരൊക്കെയോ നമ്മുടെ മനസ്സിൽ കുത്തി വെക്കുന്നുണ്ട്. അതു കേട്ട് ശീലിച്ച സമൂഹം കറുപ്പൊരു കുറവായി കാണുകയും ചെയ്യുന്നു .

രചന: ഹരിപ്രിയ മാളു

Leave a Reply

Your email address will not be published. Required fields are marked *