പുനർജനി…

രചന: ശ്യാം കല്ലുകുഴിയിൽ

“നാൻസി , വിരസതനിറഞ്ഞ മറ്റൊരു ദിവസം കൂടി കടന്ന് പോയിരിക്കുന്നു…”

ജോൺ ഡയറിയിൽ ഇങ്ങനെ എഴുതി, മൂന്ന് നാലു മാസമായി ജോൺ ഡയറിയിൽ ഈ ഒരു വാചകം മാത്രമേ എഴുതിയിട്ടുള്ളൂ..

ഡയറി മടക്കി മേശപ്പുറത്തേക്കിട്ടു, മേശയുടെ സൈഡിൽ ഗ്ലാസിൽ ഒഴിച്ചു വച്ചിരിക്കുന്ന മദ്യം എടുത്ത് ചുണ്ടിലേക്ക് അടുപ്പിക്കുമ്പോൾ അതിന്റ മണം മൂക്കിലേക്ക് അടിച്ചിട്ട് ജോണിന് ഓക്കാനം വന്നു, ജോൺ മദ്യം നിറച്ച ഗ്ലാസ്‌ തിരികെ വച്ചിട്ട് തല മുകളിലേക്ക് ഉയർത്തി കണ്ണുകൾ അടച്ച് കസേരയിൽ മലർന്നിരുന്നു…

അൽപ്പനേരം അങ്ങനെ ഇരുന്ന ശേഷം ജോൺ മേശപ്പുറത്ത് കിടന്ന ഡയറി എടുത്തു, അതിലെ പേജുകൾ അലസമായി മറിച്ച് നോക്കി, മൂന്ന് നാലു മാസം മുൻപുള്ള പേജുകളിലേക്ക് കണ്ണ് ഉടക്കുമ്പോൾ അവന്റെ കൈകൾ മെല്ലെ ആ അക്ഷരങ്ങളിൽ തഴുകി….

ഡയറി എഴുതൽ നാൻസിക്ക് പണ്ടേയുള്ള ശീലമാണ്, അതിന്റെ പേരിൽ ഇടയ്ക്ക് ജോൺ അവളെ കളിയാക്കുമ്പോൾ, ” ഒരുനാൾ ഞാൻ ഇല്ലാതാകുമ്പോൾ ഇച്ചായൻ ഇതെടുത്ത് വായിക്കണം അപ്പൊ ഇച്ചായന് എന്റെ വില മനസ്സിലാകും ..”

നാൻസി ചിറികൾ കോട്ടി ദേഷ്യം കാണിച്ചുകൊണ്ട് പറയുമ്പോൾ, ആ ദിവസങ്ങൾ ഇത്ര പെട്ടെന്ന് തന്നെ തേടി വരുമെന്ന് ജോൺ പ്രതീക്ഷിച്ചില്ല,, നാൻസിയുടെ മനോഹരമായ അക്ഷരങ്ങളിൽ കൂടി വിരലുകൾ ഓടിക്കുമ്പോൾ ജോണിന്റെ കണ്ണുനീർ തുള്ളികൾ അക്ഷരങ്ങളിൽ വീണ് ഡയറിയിൽ മഷി പടർന്ന് തുടങ്ങിയിരുന്നു…

നൻസിയും മരിയയും ആയിരുന്നു ജോണിന്റെ ലോകം.കളിയും ചിരിയും കുഞ്ഞു പിണക്കങ്ങളുമായി അതൊരു സ്വർഗ്ഗം ആയിരുന്നു. മൂന്ന് വയസ്സുള്ള മരിയ യുടെ കുഞ്ഞ് കുഞ്ഞു കുസൃതികൾ ആസ്വദിച്ചിരുന്ന ദിവസങ്ങൾ, അവളുടെ ചെറിയ വാശികൾക്ക് മുൻപിൽ തോറ്റ് കൊടുത്തിരുന്ന ദിവസങ്ങൾ, എല്ലാം എത്ര പെട്ടെന്ന് ആണ് അവസാനിച്ചത്.

ആ നശിച്ച ദിവസം ഓർമ്മയിൽ വന്നപ്പോൾ ജോൺ ഡയറി മടക്കി മേശമേൽ വച്ചു. ഗ്ലാസ്സിൽ നിറച്ചു വച്ച മദ്യം ഒറ്റ വലിക്ക് അകത്ത് ആക്കി, ബോധം പോകുന്നവരെ വീണ്ടും വീണ്ടും കുടിച്ചു, ബോധം പോയി തറയിലേക്ക് വീഴുമ്പോഴും അവ്യക്തതമായി ജോൺ നാൻസിയുടേയും മോളുടെയും പേരുകൾ വിളിക്കുന്നുണ്ടായിരുന്നു …

പിറ്റേന്ന് എപ്പോഴോ ആണ് ജോൺ ഉണർന്നത്, എഴുന്നേൽക്കുമ്പോൾ തലയ്ക്ക് എന്തോ വല്ലാത്ത കനം പോലെ, തലവേദന കൊണ്ട് തലപൊട്ടി പോകുന്നത് പോലെ ജോണിന് തോന്നി. എന്നും ഇത് പതിവ് ഉള്ളത് ആണ് അപ്പോഴൊക്കെ വീണ്ടും മദ്യകുപ്പി വായിലോട്ടു കമത്തുകയാണ് പതിവ്. പക്ഷെ ഇന്നെന്തോ മദ്യപിക്കാൻ തോന്നിയില്ല ജോണിന് ….

രണ്ട് കൈകൊണ്ടും തല പൊത്തിപിടിച്ചു കൊണ്ട് ജോൺ ബാത്റൂമിലേക്ക് നടന്നു. ബാത്റൂമിലെ ഷവറിൽ നിന്ന് തണുത്ത വെള്ളം തലയിൽ വീഴുമ്പോൾ അൽപ്പം ആശ്വാസം കിട്ടി.കുറേനേരം അങ്ങനെ നിന്ന ശേഷം ആണ് ജോൺ പുറത്ത് ഇറങ്ങിയത്. കുളികഴിഞ്ഞിറങ്ങി ജോൺ സിറ്റ് ഔട്ടിൽ പോയി ഇരുന്നു…

ജോൺ വിരസമായി പുറത്തേക്ക് നോക്കി ഇരിക്കുമ്പോൾ ആണ് പ്രായമായ ഒരു സ്ത്രീയും ഒരു കുട്ടിയും ഗേറ്റ് കടന്ന് വരുന്നത് ജോൺ കണ്ടത്. ആ കുട്ടി തന്റെ മരിയ മോളെ പോലെയുണ്ടെന്ന് ജോണിന് തോന്നി. ഓടിവരുന്ന കുട്ടിയുടെ കയ്യിൽ ഒരു പാത്രവും ഉണ്ട്, അവൾ ജോണിന്റെ അടുത്ത് വന്ന് ചിരിച്ചുകൊണ്ട് ആ പാത്രം നീട്ടി.. ജോൺ ചിരിച്ചുകൊണ്ട് ആ മോളുടെ മുഖത്ത് നോക്കി ഇരുന്നു…

” മ്‌ ഇത് പിടിക്ക് …”

ആ കുട്ടി വീണ്ടും ആ പാത്രം ജോണിന്റെ നേർക്ക് നീട്ടി പറഞ്ഞു..

” ഇതെന്താ ..”

ജോൻ അത് വാങ്ങികൊണ്ട് ചോദിച്ചു..

” ഇത്‌ പായസം. ഇന്ന് മാളൂട്ടിയുടെ ഹാപ്പി ബർത്ത് ഡേ ആണ് …”

മാളൂട്ടി വല്യ ഗൗരവത്തോടെ പറഞ്ഞപ്പോൾ ജോണിന് ചിരി വന്നു.. അപ്പോഴേക്കും അവളുടെ കൂടെ വന്ന സ്ത്രീ അടുത്ത് എത്തി, ആളിനെ മനസിലാകാത്തത് കൊണ്ട് ജോൺ ആ സ്ത്രീയെ ഒന്ന് നോക്കി …

” ഞങ്ങൾ ദേ ആ വീട്ടിൽ വാടകയ്ക്ക് താമസിക്കാൻ വന്നത് ആണ് ,വന്നിട്ട് കുറച്ച് ആയെങ്കിലും ഈ വീട്ടിൽ ആരെയും കണ്ടില്ല ,പിന്നെ കാര്യങ്ങൾ ഒക്കെ മറ്റുള്ളവർ പറഞ്ഞറിഞ്ഞു …”

ആ സ്ത്രീയുടെ ശബ്ദത്തിൽ സഹതാപം ഉണ്ടായിരുന്നു. ജോൺ അവരോട് കയറി ഇരിക്കാൻ പറഞ്ഞു എങ്കിലും അവർ സിറ്റ് ഔട്ടിലേക്ക് കയറുന്ന പടിയിൽ ഇരുന്നു .. മാളൂട്ടിയും അവരുടെ മടിയിൽ സ്ഥാനം ഉറപ്പിച്ചു…

” ഇത്‌ എന്റെ മോന്റെ മോളാണ് ,ഇവിടത്തെ പോലെ തന്നെ ഒരു അപകടത്തിൽ മോളെ തനിച്ചാക്കി അവരും അങ്ങു പോയി… ചികിത്സയ്ക്ക് ഒരുപാട് പൈസയായി ഉള്ളതൊക്കെ വിറ്റി പെറുക്കി നോക്കി എങ്കിലും ജീവൻ മാത്രം കിട്ടിയില്ല… ഇനി ഞാൻ എത്ര കാലം ഉണ്ടാകുമോ ആവോ …”

അവരുടെ വാക്കുകളിൽ നിരാശയും, വിഷമവും എല്ലാം ഉണ്ടായിരുന്നു. അവർ ജോണിന്റെ മുഖത്ത് നോക്കാതെ മടിയിൽ ഇരിക്കുന്ന മാളൂട്ടിയുടെ മുടിയിൽ തഴുകി ഇരുന്നു..

” മാളൂട്ടിക്ക് എത്ര വയസ്സ് ആയി..”

ജോൺ ചിരിച്ചുകൊണ്ട് മാളൂട്ടിയോട് ചോദിച്ചു… ” നാലു വയസ്സായി …”

” ആഹാ വല്യ കുട്ടി ആയിപോയല്ലോ… എന്ന അങ്കിൾ ഒരു സമ്മാനം തരാം …”

അത് പറഞ്ഞ് ജോൺ അകത്തേക്ക് പോയി ,മരിയയുടെ ഒരുപാട് കളിപ്പാട്ടങ്ങൾ അവിടെ ഇരിപ്പുണ്ട് അതിൽ നിന്ന് ഒരു പാവകുട്ടി എടുത്ത് കൊണ്ട് മാളൂട്ടിയുടെ അടുക്കലേക്ക് വന്നു…

പാവ കണ്ടപ്പോൾ തന്നെ മാളൂട്ടിയുടെ മുഖത്ത് സന്തോഷം വിരിഞ്ഞു. പാവയ്ക്കു വേണ്ടി അവൾ കൈ നീട്ടിയപ്പോൾ ജോൺ അവൾക്കരികിൽ ചെന്ന് ഇരുന്നിട്ട് കവിൾ കാണിച്ചു കൊടുത്തു.അവൾ ആ കവിളിൽ ഒരു ഉമ്മ കൊടുത്തിട്ട് ജോണിന്റെ കയ്യിൽ ഇരുന്ന പാവ ചാടി പിടിച്ചു.. അവർ തിരികെ പോകും മുൻപേ ജോണും മാളൂട്ടിയും നല്ല കൂട്ടായി കഴിഞ്ഞിരുന്നു…

” നാൻസി, ഇന്ന് നമ്മുടെ മരിയ മോളെ പോലെ ഒരു മോളെ കണ്ടു, പാവം അവൾക്ക് അച്ഛനും അമ്മയും ഇല്ല, ആ മോളെ കിട്ടിയിരുന്നു എങ്കിൽ ഞാൻ ഇന്ന് ആശിച്ചു പോയി …”

ജോൺ ഡയറിയിൽ അത്രയും എഴുതിയിട്ട് മടക്കി വച്ചു. മാസങ്ങൾക്ക് ശേഷം ജോൺ അന്ന് മദ്യപിക്കാതെ കിടന്ന് ഉറങ്ങി. പിന്നെയുള്ള ദിവസങ്ങളിൽ ഒന്നുകിൽ ജോൺ മാളൂട്ടിയുടെ അടുക്കലേക്ക് പോകും അല്ലെങ്കിൽ മാളൂട്ടി ജോണിന്റെ അടുക്കൽ വരും.കുറഞ്ഞ ദിവസങ്ങൾ കൊണ്ട് അവർ ഒരുപാട് അടുത്തിരുന്നു …

ഒരുദിവസം രാവിലെ ജോൺ എഴുന്നേറ്റ് വരുമ്പോൾ മാളൂട്ടിയുടെ വീട്ടിൽ ഒരു ആൾക്കൂട്ടം ആണ് കാണുന്നത്. വേഗം അവിടേക്ക് ചെല്ലുമ്പോൾ ഉമ്മറത്ത് വെള്ള പുതച്ച് കിടക്കുകയാണ് മാളൂട്ടിയുടെ അച്ഛമ്മ. ജോണിന്റെ കണ്ണുകൾ ആദ്യം തിരഞ്ഞത് മാളൂട്ടിയെ ആയിരുന്നു, അവിടെ ഇരിക്കുന്ന സ്ത്രീകളിൽ ഒരാളുടെ മടിയിൽ മാളൂട്ടി ഇരിക്കുന്നത് കണ്ടപ്പോൾ ജോണിന് ആശ്വാസമായി..

ജോണിനെ കണ്ടപ്പോൾ മാളൂട്ടി ഓടി വന്ന് ജോണിന്റെ കാലുകൾ കൂട്ടി കെട്ടിപിടിച്ചു നിന്നു, ജോൺ അവളെ ചേർത്ത് പിടിച്ചിരുന്നു. അവരെ അന്വേഷിച്ച് വരാൻ ബന്ധുക്കളോ വേണ്ടപ്പെട്ടവരോ ഇല്ലാത്തത് കൊണ്ട് അധികനേരം വച്ചുകൊണ്ട് ഇരിക്കാതെ ആ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ട് പോയി. മാളൂട്ടിയെ തിരക്കി ആരേലും വരുന്നത് വരെ അവളെ താൻ നോക്കിക്കോളം എന്ന് ജോൺ പറഞ്ഞപ്പോൾ എല്ലാവരും അത് സമ്മതിച്ചു..

ജോൺ മാളൂട്ടിയുടെ കയ്യും പിടിച്ച് വീട്ടിലേക്ക് നടന്നു. മാസങ്ങൾക്ക് ശേഷം അന്ന് ആദ്യമായി ജോൺ മാതാവിന്റെ മുന്നിൽ മുട്ടുകുത്തി പ്രാർത്ഥിച്ചു.. എന്റെ മാളൂട്ടിയെ തിരക്കി ആരും വരല്ലേ എന്നായിരുന്നു ആ പ്രാർത്ഥന…

“നാൻസി, എനിക്ക് മാളൂട്ടിയിലൂടെ മരിയ മോളെ തിരികെ കിട്ടി, ഇനി ഞാൻ ഈ ഡയറി എഴുതില്ല, കാരണം നാളെ മോൾ ഇത്‌ വായിച്ചാൽ ചിലപ്പോൾ എന്നെ വെറുത്താലോ, എന്നെ തനിച്ചാക്കി പോയാലോ.. അതുകൊണ്ട് ഈ ഡയറി നിന്റെ അടുക്കലേക്ക് അയക്കുകയാണ് ഞാൻ…”

അത് എഴുതി ജോൺ ഡയറിയുമായി പുറത്തേക്ക് നടന്നു, ആ ഡയറി തീ വിഴുങ്ങുമ്പോൾ ജോണിന്റെ കണ്ണുകൾ ഈറനണിഞ്ഞു. തിരികെ മുറിയിലേക്ക് വരുമ്പോൾ കട്ടിൽ നല്ല ഉറക്കത്തിൽ ആണ് മാളൂട്ടി, ജോൺ മാളൂട്ടിയുടെ നെറ്റിയിൽ ഒരു ചുംബനം നൽകി അവളെ മാറോട് ചേർത്ത് നാളെയുടെ നല്ല ദിവസങ്ങൾ സ്വപ്നം കണ്ട് കൊണ്ട് ഉറക്കത്തിലേക്ക് വഴുതി വീണു….

രചന: ശ്യാം കല്ലുകുഴിയിൽ

Leave a Reply

Your email address will not be published. Required fields are marked *