രാത്രിയിൽ പാലൊക്കെ ആയിട്ട് ഞാൻ റൂമിൽ ചെല്ലുമ്പോൾ പുള്ളി ഒരു ഫോട്ടോ ചുവരിൽ തൂക്കുന്ന തത്രപ്പാടിലാണ്…

രചന: സിയ ടോം

“നിനക്കൊന്നും ഒരു കാര്യം പോലും നേരെ ചൊവ്വേ ചെയ്യാനറിയത്തില്ലെങ്കിൽ വീട്ടിൽ ഇരിക്കണം. മനുഷ്യനെ മിനക്കെടുത്താനായിട്ട് കുറേയെണ്ണങ്ങൾ കുറ്റിയും പറിച്ച് ഇറങ്ങിയേക്കുവാണ്… വാങ്ങിക്കുന്ന സാലറിയോടെങ്കിലും ആത്മാർത്ഥത പുലർത്തണം… ”

ഈ കിടന്നു തെറി വിളിക്കുന്നയാളാണ് ഡോക്ടർ അലോഷി ജേക്കബ്. മദർ മിഷൻ ഹോസ്പിറ്റലിലെ ഫേമസായ ന്യൂറോ സർജൻ ആണ് പുള്ളി. ഈ തെറി കേൾക്കുന്നത് ഞങ്ങളും ഞാൻ റേച്ചൽ ജാസ്മിൻജോസഫ്. എന്റെ ഇൻ ചാർജ് സിസ്റ്റർസൂസൻ. സൂസൻ സിസ്റ്റർ എന്തോ പറയാൻ ശ്രമിച്ചതും “ഗെറ്റ് ലോസ്റ്റ്‌”എന്നലറിക്കൊണ്ട് അയാൾ പേഷ്യന്റിന്റെ ഫയൽ എടുത്തെറിഞ്ഞതും ഒരുമിച്ചായിരുന്നു

പറന്നു പോയ പേപ്പർ എല്ലാം പെറുക്കിയെടുത്തു ഞങ്ങൾ മെല്ലെ റൂം വിട്ടു ഇറങ്ങി. “സിസ്റ്റർ ഒരു മിനിറ്റ് ഇപ്പൊ വരാം” എന്നും പറഞ്ഞു ഞാൻ അവിടുന്ന് മുങ്ങി. “എക്സ്ക്യുസ് മി ഡോക്ടർ അലോഷി” മുന്നിൽ എന്നെ കണ്ടു വീണ്ടും അയാൾക്ക് കലിയിളകി. “വാട്ട്? ” അയാളുടെ ചുവന്ന കണ്ണുകളിൽ നോക്കിയതും സ്വരുക്കൂട്ടി വച്ച ധൈര്യം എല്ലാം ഏതിലൂടെ പോയെന്നറിയില്ല. കണ്ണടച്ചു ഒരു ദീർഘശ്വാസം എടുത്തു… “താങ്കൾക്കു ഹോസ്പിറ്റൽ പ്രോട്ടോകോൾസ് അറിയാം എന്ന് തന്നെയാണ് എന്റെ വിശ്വാസം ” “സൊ? ” അയാൾ പല്ല് കടിച്ചു എന്നെ നോക്കി. “സർജറിക്കുള്ള കൺസെന്റ് എടുക്കുന്നത് സർജൻ അല്ലെങ്കിൽ അസിസ്റ്റന്റ് സർജൻ ആണ്. അല്ലാതെ നേഴ്സ് അല്ല.ആദ്യം സാറിന്റെ ജൂനിയറിനെ വിളിച്ചു പറ ഈ തെറിയെല്ലാം. അല്ലാതെ ഞങ്ങൾ നേഴ്സ്മാരുടെ മെക്കിട്ടു കേറുവല്ല ചെയ്യേണ്ടത് കേട്ടല്ലോ. ” അങ്ങേരു അന്തം വിട്ടു നിൽക്കുവാണ്. അതു കണ്ടപ്പോൾ എനിക്ക് സ്പിരിറ്റ്‌ കൂടി. “ആത്മാർത്ഥത കുറച്ചു നിങ്ങൾക്കുമാകാം. പിന്നെ ഇവിടെ കിടന്നെടുത്ത ഈ ഷോ ഓഫ്‌ ഉണ്ടല്ലോ നിങ്ങളുടെ വീട്ടിൽ പോയി എടുത്താൽ മതി.” “യൂ” അയാൾ എന്റെ നേരെ വിരൽ ചൂണ്ടി.. ഞാൻ അയാളുടെ അടുത്തേക്ക് നടന്നു ചെന്നു. മുഖം ചുവന്നു തുടുത്തിരിക്കുന്നു. “അല്ലേലും ദേഷ്യപ്പെടുമ്പോൾ നിങ്ങളെ കാണാൻ എന്നാ ലുക്ക്‌ ആന്നേ. ” അയാൾ പല്ലിറുമ്മി “അയ്യോ ആ പല്ലെല്ലാം കടിച്ച് പൊട്ടിക്കല്ലേ ഇനിയും വേണ്ടതല്ലേ? ” “ഇറങ്ങി പോടീ ” അയാൾ പുറത്തേക്ക് വിരൽ ചൂണ്ടി. വാതിൽക്കൽ വരെ വന്നിട്ട് തിരിച്ചു ഓടിചെന്നു എത്തിക്കുത്തി നിന്ന് അയാളുടെ ഇടതു കവിളിലെ കറുത്ത മറുകിൽ അമർത്തി ചുംബിച്ചു… കരണം പുകച്ചു ഒരടി… “താങ്ക്സ് ” ഞാൻ കണ്ണു ചിമ്മി പുഞ്ചിരിച്ചു കൊണ്ട് അടുത്ത നിമിഷം പുറത്ത് ചാടി. “കാലമാടൻ കവിളെല്ല് തകർത്തുന്നാ തോന്നുന്നേ… ഇയാളെന്നാ വല്ല ഇരുമ്പുലക്കയും ആണോ തിന്നുന്നത്? ” മാസ്ക് എടുത്തു കെട്ടി അടിയുടെ പാട് മറച്ചു. വേദന മറയ്ക്കാൻ പറ്റില്ലല്ലോ.

ഡ്യൂട്ടി കഴിഞ്ഞു റൂമിലെത്തിയതും ഫോൺ എടുത്തു ഡയല് ചെയ്തു. “ഹലോ റേച്ചൽ മാഡം ഇന്നും അടി കിട്ടിയോ? ” “നിന്റെ ആ കാലൻ ഇച്ചായൻ എന്തുവാടി വലിച്ചു കേറ്റുന്നത്? ” “നീ ചോദിച്ചു വാങ്ങിക്കുന്നതല്ലേ ചെല്ല് ചെന്നു ഐസ് വയ്ക്ക്” അവൾ ഫോൺകട്ട്‌ ചെയ്തു. ഇതാണ് ആനി ജേക്കബ്. ഡോക്ടർ അലോഷിയുടെ പെങ്ങൾ. എന്റെ ചങ്ക്..

ഇനി അടി വന്ന വഴി …. എന്റെ പപ്പാ ജോസഫ് പുന്നൂസ് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് മാനേജർ . മമ്മി ആലീസ് ജോസഫ് സ്കൂൾ ടീച്ചർ. അനിയത്തി എൽസ റോസ് ജോസഫ്. ഇതാണ് എന്റെ കുടുംബം. ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് പപ്പാക്ക് ട്രാൻസ്ഫർ വിത്ത്‌ പ്രൊമോഷൻ എറണാകുളത്തേക്ക്.. ആരുടെ ഒക്കെയോ കയ്യും കാലും പിടിച്ചു മമ്മിയും വാങ്ങിച്ചെടുത്തു ഒരു ട്രാൻസ്ഫർ.

മമ്മിയുടെ സ്കൂളിൽ തന്നെ എനിക്കും റോസിനും അഡ്മിഷൻ എടുത്തു . അടുത്ത് തന്നെ ഒരു വീടും റെന്റിനു റെഡിയാക്കി. ഓഫീസിൽ പോകുന്ന വഴി പപ്പാ ഞങ്ങളെ ഡ്രോപ്പ് ചെയ്യും.. അങ്ങനെ സ്കൂളിൽ വച്ചു കിട്ടിയ ഫ്രണ്ട്‌ ആണ് ആനി. ഞങ്ങൾ ഏകദേശം ഒരേ ടൈപ് സ്വഭാവം ഉള്ളവർ ആയതു കൊണ്ട് പെട്ടന്നങ്ങു കൂട്ടായി. ആനിയുടെ ഒരേ ഒരു ബ്രദർ ആണ് നമ്മടെ അലോഷി.. അങ്ങേരെ പറ്റി പറയാനേ അവൾക്കു നേരമുള്ളൂ. പുള്ളി കോഴിക്കോട് എംബിബിസ് പഠിക്കുകയാണെന്നും…. പുള്ളിക്ക് ഡോക്ടർ ആകാനിഷ്ടമില്ലാരുന്നു എന്നും.. ഫോട്ടോഗ്രാഫർ ആകണം എന്നായിരുന്നു ആഗ്രഹം എന്നും….. അവർക്ക് പാർട്ണർഷിപ് ഉള്ള എറണാകുളത്തെ ഫേമസ് ആശുപത്രിയിൽ ജോലി നോക്കാൻ ഡോക്ടർ ആകണം എന്ന് വല്യപ്പച്ചൻ പറഞ്ഞതു കൊണ്ടാണ് ഡോക്ടർ ആകുന്നത് എന്നും ഒക്കെ പറഞ്ഞു..

ഇടയ്ക്കു ഫോട്ടോയൊക്കെ കൊണ്ടു വന്നു കാണിച്ചു. ഒരു ചുള്ളൻ ചെക്കൻ പിന്നെ അവർ തമ്മിൽ പത്തു വയസ് വ്യത്യാസം ഉണ്ടെന്നും കൂട്ടി ചേർത്തു. ഇതിന്റെ ഇടയ്ക്കു പപ്പായ്ക്ക് അവിടെ ജോബ് സ്ഥിരം ആക്കുകയും ഞങ്ങൾ പുതിയ വീടു വാങ്ങിക്കുകയും ചെയ്തു. അതും ആനിയുടെ വീടിന്റെ എതിരിൽ. പൊന്നും വില കൊടുത്താണ് പപ്പാ അതു വാങ്ങിയത്.

ഒരു ദിവസം അവരുടെ ഫാമിലിയെ പരിചപ്പെടാൻ പോയപ്പോഴാണ് അറിയുന്നത് എന്റെ പപ്പാടെ അപ്പച്ചനും ആനിയുടെ അപ്പച്ചനും ഉറ്റ സുഹൃത്തുക്കളായിരുന്നു എന്ന്. ആനിടെ പപ്പാ ജേക്കബ് ചെറിയാൻ ബിസിനസ് ആണ്. അമ്മ ലില്ലി ഹൌസ് വൈഫ്. പിന്നെ അപ്പച്ചൻ ചെറിയാൻ അമ്മച്ചി അന്നമ്മ. അങ്ങനെ ഞങ്ങളുടെ കുടുംബങ്ങളും കൂടുതൽ അടുത്തു.

അവിടെ ചെന്നു വർഷം രണ്ടു കഴിഞ്ഞിട്ടും ഞാൻ ഈ അലോഷിച്ചായനെ നേരിട്ട് കണ്ടിട്ടില്ല. അങ്ങേരു ലീവിന് വരുമ്പോൾ ഒന്നുകിൽ ഞങ്ങൾ മമ്മീടെ അല്ലേൽ പപ്പടെ വീട്ടിൽ പോകും. ചുമ്മാ വീട്ടിൽ ഇരിക്കുമ്പോൾ ആനിയുടെ വീട്ടിൽ പോകും. അപ്പച്ചനെയും അമ്മച്ചിയേയും കത്തി വച്ചു കൊല്ലും. കുറച്ചു സമയം കൊണ്ടു തന്നെ എല്ലാവരുടെയും കണ്ണിലുണ്ണിയായി ഞാൻ. അങ്ങേരു എടുത്ത ഫോട്ടോകളാണ് അവരുടെ വീട് നിറയെ.

അങ്ങനെ പുള്ളി എംബിബിസ് തീർത്തു നാട്ടിൽ വന്നു. അന്ന് അവിടെയൊരു പാർട്ടി അറേഞ്ച് ചെയ്തിരുന്നു ജേക്കബ് അങ്കിൾ.. “എടി വാ ഞാൻ എന്റെ ഇച്ചായനെ കാണിച്ചു തരാം” പാർട്ടിക്ക് ചെന്ന എന്നെയും വിളിച്ചു കൊണ്ട് അവൾ മുകളിലേക്കോടി. രണ്ടു വർഷമായി കാത്തിരുന്നയാൾ കൺമുന്നിൽ. “ഇച്ചായാ ദാ നോക്കിക്കേ ” അവൾ ഉറക്കെ വിളിച്ചു. എന്നെ കണ്ടു പുള്ളിയുടെ കണ്ണിലും പുള്ളിയേ കണ്ട് എന്റെ കണ്ണില് അത്ഭുതം വിരിഞ്ഞു. “അലോഷിച്ചായ കൺഗ്രാജുലേഷൻസ്” അങ്ങേരെ കണ്ട സന്തോഷത്തിലും എക്സൈറ്റ്മെന്റിലും ഞാൻ കേറി കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്തു. ഒരു നിമിഷം അവര് രണ്ടു പേരും അന്ധാളിച്ചു. അടുത്ത നിമിഷം അങ്ങേര് എന്നെ തള്ളി മാറ്റി. വേച്ചു പോയ എനിക്ക് ബാലൻസ് കിട്ടിയില്ല. മുഖം അടിച്ചാണ് വീണത്. ബോധം വന്നപ്പോൾ ആശുപത്രിയിൽ. ഇടതു കവിളിന്റെയും കണ്ണിന്റെയും ഇടയിൽ ഒരു മൂന്നു സ്റ്റിച് ഉള്ള മുറിവ്. അതാണ്‌ എന്റെ ഐഡന്റിഫിക്കേഷൻ മാർക്ക്‌. അങ്ങേരുടെ ഓർമ്മക്കായി ഇരിക്കട്ടെ എന്നു വിചാരിച്ചു.

അടുത്ത ദിവസം അയാളെന്റെ വീട്ടിൽ വന്നു ആനിയുടെ കൂടെ. “ആം സോറി ” ആ മുഖത്തു ആകെ സങ്കടം “അയ്യോ സോറിയൊന്നും പറയണ്ടാ. കണ്ടതിന്റെ ഒരു എക്സൈറ്റ്മെന്റിൽ പറ്റിപ്പോയതാണ്. അമ്മാതിരി തള്ളല്ലേ ഇവൾ ഇച്ചായനെ പറ്റി തള്ളി മറിച്ചത്. ഇതിപ്പോ.. എന്റെ പാർട്ടി മുടങ്ങി കിട്ടി ” ഞാൻ ചിരിച്ചു.

അങ്ങേര് ഒരു വർഷം നാട്ടിൽ ഉണ്ടാരുന്നു. എന്നെ കാണുമ്പോഴോക്കെ ഒരു നേർത്ത പുഞ്ചിരി തരും… പുഞ്ചിരിച്ച് പുഞ്ചിരിച്ച്… അങ്ങേരെന്റെ ഉള്ളിൽ കയറിയങ്ങു കൂട് കൂട്ടി.. എപ്പോഴാണ് എനിക്കിഷ്ടമായതു എന്നറിയില്ല….. എന്നും കണ്ടു കണ്ട് ഒരിഷ്ടം… ഞാൻ അറിയാതെ എന്റെ ഉള്ളിൽ എവിടെയോ..

ടെന്തിൽ ഞാനായിരുന്നു സ്കൂൾ ടോപ്പർ.. പ്ലസ് ടുവിനു എന്ത് സബ്ജെക്ട് എടുക്കണമെന്ന് തല പുകഞ്ഞു ചിന്തിക്കുമ്പോഴാണ് അങ്ങേര് കാറിൽ വന്നു ഇറങ്ങിയത്. “എന്റമ്മേ എന്നാ ലുക്ക്‌ ആടി നിന്റെ ഇച്ചായൻ? ” ഞാൻ ആനിയെ നോക്കി. “പോടീ എന്റെ ഇച്ചായന്‌ കണ്ണു വയ്ക്കാതെ ” അവൾ എന്നെ നുള്ളി “ഇങ്ങേര് എന്നെ വഴി തെറ്റിക്കുമെന്നാ തോന്നുന്നത് “. ഞാൻ ദീർഘ ശ്വാസം വിട്ടു. “എനിക്ക് നിന്റെ ഇച്ചായനോട്‌ എന്തോ ഉണ്ട് കേട്ടോടി” ഞാൻ കള്ളച്ചിരി ചിരിച്ചു. “ഇങ്ങേരെ ഞാൻ വീഴിക്കട്ടേ ആനിക്കൊച്ചേ? ” “ഇച്ചായൻ കാണുന്ന പോലെയല്ല കട്ട കലിപ്പനാണ് ” “അതാണല്ലോ നമുക്ക് വേണ്ടതും ” ഞാൻ വീണ്ടും ചിരിച്ചു. “നീ കൂടെ നിൽക്കണo” പോടീ എന്റിച്ചായാന് നിന്നേക്കാൾ നല്ല പെണ്ണ് കിട്ടും ” “അതു സത്യം. പക്ഷേ എന്നെ പോലെ കിട്ടില്ലല്ലോ” “ഇതൊക്കെ പ്രായത്തിന്റെയാണ്” അവൾ എന്നെ നിരുത്സാപ്പെടുത്തി “ആയിക്കോട്ടേ . ഈ പ്രായം മാറുന്നോടം വരെ നോക്കാലോ..അല്ലേ ” ഞാൻ അവളെ നോക്കി കണ്ണിറുക്കി.

അങ്ങേര് എനിക്ക് സ്കൂൾ ടോപ് ആയതു കൊണ്ട് ഒരു ഗിഫ്റ്റ് ആയിട്ട് വന്നതായി രുന്നു വീട്ടിലേക്ക് “ഹായ്.. കൺഗ്രാജുലേഷൻസ് ജാസ്മിൻ ” “താങ്ക് യൂ… ഇച്ചായ ” എനിക്ക് നേരെ ഒരു ഗിഫ്റ്റ് എടുത്തു നീട്ടി. തുറന്നു നോക്കിയ ഞാൻ ഞെട്ടി.. എന്റെ മനോഹരമായ ഒരു ഫോട്ടോ. ഒന്നും നോക്കിയില്ല.. കയറി അങ്ങേരെ ഉമ്മിച്ചു. അതേ സ്പീഡിൽ.. അകന്ന് മാറി… അങ്ങേരു വീണ്ടും ഞെട്ടി..

“എനിക്ക് ഇച്ചായനെ വല്യ ഇഷ്ടമാണ് മെ ബി പ്രായത്തിന്റെ ആയിരിക്കും. ഇത്രയും പ്രായക്കൂടുതൽ ഉള്ള ഒരാളോട് പ്രേമം.. ഉൾക്കൊള്ളാൻ ബുദ്ധിമുട്ട് ആണെന്നറിയാം… പ്രണയത്തിനു കണ്ണും മൂക്കും ഒന്നും ഇല്ല ഇച്ചായ… പിന്നെയാ പ്രായം.. ” ഞാൻ ഇച്ചായനെ നോക്കി..

ഒന്നും മിണ്ടാതെ വന്ന സ്പീഡിൽ അങ്ങേരു തിരിച്ചു പോയി. പിന്നീട് ഒരിക്കലും അയാൾ എന്നെ നോക്കി പുഞ്ചിച്ചിട്ടില്ല. എൻകറേജ് ചെയ്യണ്ട എന്ന് വിചാരിച്ചു കാണണം. പക്ഷേ ഞാൻ ചിരിക്കും . അങ്ങോട്ട് കയറി മിണ്ടും.. തിരിച്ചു ഒന്നും പ്രതീക്ഷിക്കാറില്ല..

ആ വർഷം അങ്ങേര് പിജിക്കു അഡ്മിഷൻ കിട്ടി ബാംഗ്ലൂർ പോയി. ഞാനും അവളും സയൻസ് എടുത്തു പ്ലസ് ടുവിനു… പ്ലസ് ടു പാസായ ഉടനെ ഞാൻ നഴ്സിംഗ് പഠിക്കാൻ ബാംഗ്ലൂരിലേക്ക് വണ്ടി കയറി . ആനി എറണാകുളത്തു തന്നെ ഒരു എഞ്ചിനീയർ കോളേജിൽ ചേർന്നു. ബാംഗ്ലൂർ വന്നാലെങ്കിലും അങ്ങേരെ കാണാൻ പറ്റിയാലോ എന്ന് വിചാരിച്ചു. എവിടെ….

നഴ്സിംഗ് ആദ്യ വർഷത്തിന്റെ അവസാനമാണ് ആനി വിളിച്ചു പറഞ്ഞത് അലോഷിച്ചായന്റെ കല്യാണം ഉറപ്പിച്ചെന്നു.. രണ്ടു മാസത്തിനുള്ളിൽ കെട്ടുണ്ടാകും… ഇച്ചായന്റെ ജൂനിയർ ആയിട്ട് പഠിച്ച കൊച്ചാണ്. ചങ്കിൽ ഒരു കല്ല് എടുത്തു വച്ച പ്രതീതിയായിരുന്നു …. ഇച്ചായൻ വേറെ ഒരാളുടെ സ്വന്തമാകാൻ പോകുന്ന കാര്യം ഉൾക്കൊള്ളാൻ പറ്റാത്ത പോലെ…

എന്തായാലും കല്യാണം കൂടാൻ പോകണം എന്നുറപ്പിച്ചു. കല്യാണത്തിന്റെ തലേ ദിവസം…. റിസപ്ഷൻ ഉണ്ടാരുന്നു.. ഞാനും പോയി.. സുന്ദരി ഒരു ചേച്ചി….. ഹെലൻ…… എന്നെ കണ്ടപ്പോൾ ഇച്ചായൻ പുള്ളിക്കാരിയെ ഒന്നു കൂടി ചേർത്ത് പിടിച്ചു….. എന്നെ പരിചയപ്പെടുത്തി. ഇത് റേച്ചൽ.. അടുത്ത വീട്ടിലെക്കുട്ടിയാണ്… ഏതോ അപരിചിതരെ പോലെ എന്നെ മാറ്റി നിർത്തിയപ്പോൾ ഒരു സങ്കടം ഉള്ളിൽ വന്നു നിറഞ്ഞു

പാർട്ടി ഒക്കെ അവസാനിച്ച് എല്ലാരു പിരിഞ്ഞു പോയി. റിലേറ്റീവ്സ് മാത്രം…. എല്ലാരും ഉറങ്ങാൻ ഉള്ള തത്രപ്പാടിലാണ് ഞാൻ മേലെ ഇച്ചായന്റെ മുറിയിലേക്ക് ചെന്നു എന്നെ അപ്രതീക്ഷിതമായി അവിടെ കണ്ടതും ഇച്ചായൻ ഒന്നു പകച്ചു. “പേടിക്കണ്ട ഒന്നിനും വന്നതല്ല… ഈ ഗിഫ്റ്റ് തരാൻ…. നാളെ പറ്റിയില്ലെങ്കിലോ? നാളെ തന്നെ തിരിച്ചു പോണം പിന്നെ ജോഡി സൂപ്പർ ആണ് കേട്ടോ.. എനിക്ക് ഇഷ്ടം ആയി…. പിന്നെ നേടിയെടുക്കുന്നത് മാത്രം അല്ലല്ലോ വിട്ടു കൊടുക്കുന്നതും പ്രണയം ആണ് ഇച്ചായ…. ചിലപ്പോൾ ഞാൻ നിങ്ങളെ മറക്കുവായിരിക്കും പുതിയ ഒരാൾ വന്നാൽ അറിയില്ല…. ഇതു പ്രായത്തിന്റെ ആണോ എന്ന് ചോദിച്ചാൽ എനിക്കുമറിയില്ല… ബട്ട്‌ മരണം വരെ ഞാൻ നിങ്ങളെ ഓർക്കും.. കാരണം നിങ്ങൾ എന്റെ ആദ്യ പ്രണയം ആയതു കൊണ്ട്. ”

ഗിഫ്റ്റ് എടുത്തു കൈയിൽ കൊടുത്തു. പതിയെ കൈ പിടിച്ചു ഉള്ളം കൈയിൽ അമർത്തി ചുംബിച്ചു. എന്റെ രണ്ടു തുള്ളി കണ്ണുനീർ ഇച്ചായന്റെ ഉള്ളം കൈയിലേക്ക് ഇറ്റു വീണു. ഒന്ന് മനസ് തുറന്നു കരയണമെന്നുണ്ടായിരുന്നു ഒന്ന് കരഞ്ഞിരുന്നേൽ മനസ്സിനു കുറെ ആശ്വാസം കിട്ടുമായിരുന്നു പക്ഷേ പറ്റിയില്ല. എല്ലാം മരവിച്ച അവസ്ഥ.

പിന്നെ പഠനവും അതിന്റെ തിരക്കുമായി വർഷങ്ങൾ കൊഴിഞ്ഞു വീണു.. അലോഷിച്ചായൻ മാത്രം ഒരു വേദനയായി അപ്പോഴും ഉള്ളിൽ… ആനി എപ്പോഴും വിളിച്ചു വിശേഷങ്ങൾ എല്ലാം പറയും.. അവസാന വർഷം ഫൈനൽ എക്സാം നടക്കുന്ന സമയത്താണ് അവൾ വിളിച്ചു പറഞ്ഞത്… അലോഷിച്ചായൻ ഡിവോഴ്സ് ആയെന്നും ഇച്ചായൻ അബ്രോഡ്‌ ഹയർ സ്റ്റഡിക്കു പോയെന്നും ഒക്കെ… വല്ലാത്ത വിഷമം തോന്നി… ഇച്ചായൻ എവിടായിരുന്നലും സന്തോഷത്തോടെ ആയിരിക്കമെന്ന് മാത്രമേ ആഗ്രഹിച്ചുള്ളൂ…. പ്രാർഥിച്ചുള്ളൂ..

രണ്ടു വർഷം ബാഗ്ലൂർ തന്നെ ജോലി നോക്കി. പിന്നെ നാട്ടിൽ വന്നു ആനിയുടെയൊക്കെ ഹോസ്പിറ്റലിൽ ജോലിക്കു കയറി. കൂടെ ഐ ഇ എൽ ടി എസ് കോച്ചിംഗ് പോകുന്നുണ്ട്.. അങ്ങനെ ജീവിതം ഒരു വഴിക്ക് പോകുമ്പോഴാണ് നമ്മുടെ ഹീറോ തിരിച്ചു വന്നു ഇവിടെ ജോയിൻ ചെയ്യുന്നത്.

ഇച്ചായൻ ആളാകെ മാറി ഒരു പുതിയ മേക്ക്ഓവർ കട്ട താടി.. കലിപ്പ് ലുക്ക്‌… ജിം ബോഡി…. പ്രായം കൂടുന്തോറും സൗന്ദര്യവും കൂടി.. കണ്ടാൽ ഒന്ന് കെട്ടിയതാന്ന് പറയില്ല.. പിന്നെ ഇപ്പൊ കണ്ടില്ലേ ഒരുമാതിരി സ്വഭാവം.. പിന്നെ അങ്ങേരെ കണ്ടപ്പോൾ പഴയ കുഴിച്ചു മൂടിയ ഓർമ്മകൾ ഉണർന്നു.. ഞാൻ വീണ്ടും ആ പഴയ ജാസ്മിൻ ആയി.. അയാൾ എന്ത് പറഞ്ഞാലും ഞാനും അതേ പോലെ തന്നെ മറുപടി പറയും… പിന്നെ ഒരിക്കൽ ഇതേ പോലെ അങ്ങേരു എന്നെ ചീത്ത വിളിച്ചു… അപ്പോഴത്തെ അങ്ങേരുടെ ആ പെർഫോമൻസ് കണ്ടു കണ്ട്രോൾ പോയി ഞാൻ കേറി അങ്ങ് ചുംബിച്ചു.. അങ്ങേര് അടിച്ചു കരണം പുകച്ചു…. പിന്നെ ഇതു പതിവായി ഒരു ചുംബനം… ഒരു അടി എനിക്ക് എപ്പോഴാ ചുംബിക്കാൻ തോന്നുക എന്ന് ദൈവം തമ്പുരാനു പോലും അറിയില്ല.. അടി കിട്ടി എന്റെ ഇടതു ചെവി തീരുമാനമായിന്ന് തോന്നുന്നു…

പപ്പാ പതിവില്ലാതെ വിളിച്ചപ്പോൾ എനിക്ക് എന്തോ ഒരു ഡൌട്ട് അടിച്ചു.. കോച്ചിങ് പോകാനുള്ള എളുപ്പത്തിന് ഹോസ്റ്റലിൽ ആണ് നിൽക്കുന്നത് … “മോളെ ഒരു ആലോചന വന്നിട്ടുണ്ട് ചെക്കൻ എഞ്ചിനീയർ ആണ്. പുറത്താണ്… കേട്ടിടത്തോളം നല്ല ആലോചനയാണ്. നിന്റെ മനസിൽ ആരേലും ഉണ്ടോ? ആലോചിച്ചു പറയ്‌ ” എന്നും പറഞ്ഞു പപ്പാ ഫോൺ വച്ചു.

പിറ്റേന്ന് അങ്ങേരെ കാണാൻ പോകുമ്പോ മുൻപെങ്ങും ഇല്ലാത്ത ഒരു വെപ്രാളം.. ഒപിയിൽ പോയാണ് കണ്ടത്.. പെർമിഷൻ ചോദിച്ചു ഉള്ളിൽ ചെല്ലുമ്പോൾ കണ്ടു ഫോണിൽ എന്തോ നോക്കി ഇരിക്കുന്നു.. “എന്താ ” ഒരു മയവും ഇല്ലാതെ അയാൾ ചോദിച്ചു “എനിക്ക് വീട്ടിൽ കല്യാണം നോക്കുന്നുണ്ട്” “അതിന്? ” “ഡോക്ടർന് താല്പര്യം ഉണ്ടേൽ ഞാൻ വീട്ടിൽ പറയാം. ” “എനിക്ക് താല്പര്യം ഇല്ല.” “അങ്ങനെ പറയരുത്…’ ഞാൻ ചാടി കയറി കസേരയിൽ ഇരുന്നു. “ഒന്ന് കെട്ടിയതാണ്.. അല്പം പ്രായക്കൂടുതൽ ഉണ്ട്.. എനിക്ക് അതൊന്നും കുഴപ്പമില്ല.. ” ഞാൻ ആവേശത്തിൽ പറഞ്ഞു. “എണീക്ക്.. ഛീ എണീക്കടി.. നിനക്ക് എന്ത് യോഗ്യത ഉണ്ടായിട്ടാണ് പാലയ്ക്കൽ അലോഷി ജേക്കബിനെ കല്യാണം ആലോചിച്ചു വന്നത്.. ഒന്നു കെട്ടിയതാണെങ്കിലും അലോഷി ഒന്ന് വിരൽ ഞൊടിച്ചാൽ ക്യു നിൽക്കും നല്ല തറവാട്ടിൽ പിറന്ന പെൺപിള്ളേർ.. ഡോക്ടർമാരും എഞ്ചിനീയർമാരും .. നിന്നെ കെട്ടാൻ മാത്രം ദാരിദ്ര്യം പിടിച്ചു കിടക്കുവല്ല ഞാൻ. നിന്റെ ധൈര്യം ഞാൻ സമ്മതിച്ചു തന്നിരിക്കുന്നു…. ഇറങ്ങിപ്പോടി… നിന്നെ കാണുന്നതേ എനിക്ക് അറപ്പും വെറുപ്പും ആണ്.. ”

അന്ന് ആദ്യമായിട്ട് ഞാൻ ഒന്നും മിണ്ടാതെ തല കുനിഞ്ഞു അയാളുടെ മുന്നിൽ നിന്ന് ഇറങ്ങി വന്നു.. മനസത്രക്കും ഉടഞ്ഞു പോയിരുന്നു.. എന്റെ നിലയും വിലയും ഞാൻ മറന്നു പോയി. അർഹതയില്ലാത്തത് ആഗ്രഹിച്ച പൊട്ടി.. ഞാൻ എന്നെ തന്നെ പഴിച്ചു… പന്നീട് ഒരിക്കലും ഞാൻ അയാളുടെ മുന്നിലെപോയിട്ടില്ല…

പപ്പാ പറഞ്ഞ കല്യാണം ഉറപ്പിച്ചു എബി….. പൂച്ചക്കണ്ണുകൾ ഉള്ള ഒരു ചെക്കൻ.. സുന്ദരൻ… പക്ഷേ ഞാൻ ഒരു ഡിമാൻഡ് വച്ചു രണ്ടു വർഷം കഴിഞ്ഞു മതി കല്യാണം എന്ന്.. എല്ലാവരും സമ്മതിച്ചു… ഞാനും എബിയും പെട്ടന്ന് കൂട്ടായി. എബിക്ക് ഒരു ലവ് ഉണ്ടായിരുന്നതും അതു ബ്രേക്ക്‌ അപ്പ്‌ ആയതും എല്ലാം അവൻ എന്നോട് പറഞ്ഞു…. വീട്ടിലെ സാഹചര്യങ്ങൾ മൂലം അവനെ ഉപേക്ഷിച്ചു പോകേണ്ടി വന്നു അവൾക്കു. വല്യ ഒരു വീട്ടിലെ കൊച്ചാണത്രെ. വിളിച്ചു ഇറക്കി കൊണ്ട് വരാൻ എബിക്ക് അന്ന് നല്ല ഒരു ജോലിയോ, വീട്ടിൽ കാര്യമായ സാമ്പത്തിക ശേഷിയോ ഉണ്ടായിരുന്നില്ല…. എന്തും ഓപ്പൺ ആയിട്ട് പറയാൻ പറ്റുന്ന ഒരു ഫ്രണ്ട് ആയി എബി.. അലോഷിച്ചായന്റെ കാര്യം എപ്പോഴോ ഞാൻ അവനോട് പറഞ്ഞു…

ഒരിക്കൽ അവൻ എന്നോട് ചോദിച്ചു “നീ ഇപ്പോഴും അലോഷിച്ചായനെ സ്നേഹിക്കുന്നുണ്ടോ ജാസ്മിൻ? ” “ഇപ്പോഴും എന്നല്ല എപ്പോഴും ഞാൻ അങ്ങേരെ സ്നേഹിക്കും. എന്റെ മരണം വരെ. മറക്കാൻ ഒന്നും പറയരുത്. പക്ഷേ നിന്നെ ഒരിക്കലും ബാധിക്കാതെ നോക്കികൊള്ളാം ”

രണ്ടു വർഷം ഒരുപാട് പെട്ടന്നാണ് കടന്ന് പോയത്… എക്സാം ഒക്കെ എഴുതി ഞാൻ അയർലണ്ടിന് പോയി. പപ്പക്ക് കുറച്ചു കടം ഉണ്ടായിരുന്നത് ഒക്കെ വീട്ടി.. വീടൊക്കെ ഒന്ന് മോടി പിടിപ്പിച്ചു.. അങ്ങനെ കുറച്ച്..

എൻഗേജ്മെന്റും കല്യാണവും ഒരുമാസത്തിനുള്ളിൽ നടത്താൻ പ്ലാൻ ചെയ്താണ് ലീവ് എടുത്തു വന്നത്. ആനിയെ പ്രത്യേകം ക്ഷണിച്ചു.. അലോഷിച്ചായന്റെ കാര്യം ഞാൻ മനപ്പൂർവം വിട്ടു… ഇച്ചായൻ എന്നും എനിക്ക് ഒരു വേദനയാണ്…

എൻഗേജ്മെന്റ് തലേ ദിവസം ആനി എത്തി.. പ്രതീക്ഷിക്കാതെ വന്ന ആളെ കണ്ടു ഞാൻ ഞെട്ടി.. ഇച്ചായൻ… പപ്പാ വിളിച്ചിട്ടുണ്ടാകും… താഴെ ബഹളം കൊഴുത്തപ്പോൾ ഞാൻ മുകളിലേക്ക് കയറി പോന്നു എന്തോ രണ്ടു വർഷം സമയം എടുത്തിട്ട് പോലും… എബി നല്ല ഒരു ഫ്രണ്ട് ആയിട്ടു കൂടി.. എനിക്ക് പറ്റുന്നില്ല ഒന്നും അങ്ങ് ഉൾക്കൊള്ളാൻ…. ഇച്ചായൻ എന്റെ ഉള്ളിൽ എത്രയധികം ഉണ്ടെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു കണ്ണുകൾ ഇറുക്കി അടച്ചു….

“ജാസ്മിൻ.. ഇച്ചായന്റെ വിളി കേട്ടു കണ്ണു തുറന്നു.. “എന്തോ വലിയ ആലോചനയാണല്ലോ ” ഞാൻ ഒന്നും മിണ്ടിയില്ല.. “എന്തുണ്ടെങ്കിലും പരസ്പരം പറഞ്ഞു തീർക്കുക. അഡ്ജസ്റ്റ് ചെയ്തു ജീവിക്കാതെ അണ്ടർസ്റ്റാൻഡ് ചെയ്തു ജീവിക്കുക… ജീവിതം ഒന്നേയുള്ളൂ കൊച്ചേ ” ഇച്ചായന്റെ ഒച്ച ഇടറിയൊ…. “ഹാപ്പി മാരീഡ് ലൈഫ് ” ഇച്ചായൻ എന്റെ വലതു കൈ പിടിച്ചു കുലുക്കി. “മാര്യേജിനു ഞാൻ ഉണ്ടാവില്ല… നാളെ വെളുപ്പിന് ഫ്ലൈറ്റ്… ഓസ്ട്രേലിയക്ക് പോകുവാ. ഒരു ഫെല്ലോഷിപ് ചെയ്യാൻ.. വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ സോറി….” ഒരു ഗിഫ്റ്റ് എന്റെ നേരെ നീട്ടി…. ആ നിമിഷം എബി എന്നെ വിളിച്ചു… “വീണ്ടും ഒരു ഒളിച്ചോട്ടം ആണോ ഇച്ചായാ” വേദനയോടെ ചിരിച്ചുകൊണ്ട് ഇച്ചായൻ ഇറങ്ങി പ്പോയി എബിയോട് സംസാരിച്ചു കൊണ്ട് ഇച്ചായൻ തന്ന ഗിഫ്റ്റ് ഞാൻ തുറന്നു…

ഭ്രാന്ത് പിടിച്ച പോലെ പാലയ്ക്കലോട്ട് ഓടുന്ന എന്നെ കണ്ടു എല്ലാരും അന്തം വിട്ടു നിന്നു.. എന്റെ ശബ്ദം കേട്ടാണ് ഉറങ്ങാൻ കിടന്ന എല്ലാരും എഴുന്നേറ്റ് വന്നത്….. “എന്താ മോളെ എന്തു പറ്റി? ” ലില്ലിയാന്റി അടുത്തു വന്നു. “വിളിക്ക്.. അലോഷിച്ചായനെ വിളിക്ക് ” ഞാൻ കിതച്ചു… ആന്റി എന്നെയൊന്നു നോക്കിട്ട് ഇച്ചായനെ വിളിച്ചു..

പടി ഇറങ്ങി വന്ന ഇച്ചായൻ എല്ലാരേയും കണ്ടു അന്ധാളിച്ചു.. ഞാൻ ഇച്ചായന്റെ മുന്നിലേക്ക് നീങ്ങി നിന്നു “ഡോക്ടർ അലോഷി….. ഒരിക്കൽ എബി എന്നോട് ചോദിച്ചു.. അവന്റെ നഷ്ട പ്രണയം ഞങ്ങളുടെ കല്യാണത്തിനു മുന്നേ തിരിച്ചു വന്നാൽ ഞാൻ എന്ത് ചെയ്യുമെന്ന്.. ഞാൻ പറഞ്ഞു വിട്ടു കൊടുക്കുമെന്ന്.. പറഞ്ഞു വാക്കു ഞാൻ പാലിച്ചു.. ” “പക്ഷേ ഇതു” ഇച്ചായൻ തന്ന ഗിഫ്റ്റ് ഞാൻ ഉയർത്തി പിടിച്ചു… “ഇതിനു ഞാൻ എന്ത് മറുപടി തരണം? ” എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. വാക്കുകൾ ഇടറി..

ഞാൻ ഓടിച്ചെന്നു ഇച്ചായന്റെ കവിളിൽ ചുണ്ടുകൾ ചേർത്തു. “സ്നേഹിച്ചിട്ടേ ഉള്ളൂ കണ്ട നാൾ മുതൽ ” “ജാസ്മിൻ.” പിന്നിൽ നിന്നും പപ്പയുടെ ശബ്ദം ഉയർന്നു . അടുത്ത നിമിഷം ഇച്ചായൻ എന്നെ എടുത്തുയർത്തി നെഞ്ചിൽ ചേർത്ത് കവിളിൽ അമർത്തി ചുംബിച്ചു. “ഞാനും ” ഒരു മന്ത്രണം പോലെ ഇച്ചായന്റെ ശബ്ദം എന്റെ ചെവിയിൽ പതിഞ്ഞു. ആർക്കും ഒന്നും മനസിലായില്ല.. “വല്യപ്പച്ചാ എല്ലാരേം കാര്യങ്ങൾ ഒന്ന് പറഞ്ഞു മനസിലാക്കണേ ” എന്നെ കൈകളിൽ കോരിയെടുത്തു മുകളിലേക്ക് നടക്കുമ്പോൾ ഇച്ചായൻ അപ്പച്ചനോട് വിളിച്ചു പറഞ്ഞു. അപ്പച്ചൻ ഞാനേറ്റു മക്കളെ എന്നരീതിയിൽ തല കുലുക്കി.

ബാൽക്കണിയിൽ ഇച്ചായന്റെ നെഞ്ചിൽ മുഖം അമർത്തിയിരിക്കുമ്പോൾ നടന്നതൊന്നും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ. എബി വിളിച്ചു അവന്റെ പഴയ കാമുകി ഒരാഴ്ച മുൻപ് വിളിച്ചെന്നും. അവൾ ഇപ്പോഴും അവന് വേണ്ടി കാത്തിരിക്കുകയാണെന്നും.. എന്താ ചെയ്യേണ്ടത് എന്നവനറിയില്ല എന്നും പറഞ്ഞു സങ്കടപ്പെട്ടപ്പോൾ “പോയി വിളിച്ചിട്ട് വാ എബി.ആദ്യ പ്രണയം നഷ്ടപ്പെടുന്നതിന്റെ വേദന എനിക്കറിയാം” അവനോട് സംസാരിച്ചു കൊണ്ടാണ് ഇച്ചായൻ തന്ന ഗിഫ്റ്റ് തുറന്നത്. അവൻ എന്തൊക്കെയൊ ഫോണിൽ കൂടി പറയുന്നുണ്ടാരുന്നു. ഞാൻ അതൊന്നും കേട്ടില്ല. എന്റെ പ്രണയം തിരികെ കിട്ടിയ സന്തോഷത്തിൽ ആയിരുന്നു ഞാൻ. ഒരു വലിയ ഫോട്ടോ ഫ്രെയിo. ഞാൻ പോലും കണ്ടിട്ടില്ലാത്തഎന്റെ കുറെ ഫോട്ടോകൾ.. വീട്ടിൽ ഉള്ളതും… നഴ്സിംഗ് പഠിക്കാൻ പോയപ്പോൾ ഉള്ളതും.. ഹോസ്പിറ്റലിൽ ഡ്യൂട്ടിയിൽ ഉള്ളതും അബ്രോഡ്‌ പോയപ്പോൾ ഉള്ളതും.. അങ്ങനെ കുറേ…

“കൊച്ചേ, എന്താ ഇത്ര ആലോചിക്കുന്നേ ” “വിശ്വസിക്കാമോ? ” ഇച്ചായൻ എന്നെ ഒന്നുകൂടി വരിഞ്ഞു മുറുക്കി. എന്റെ ഇടതു കവിളിലുള്ള ആ മുറിപ്പാടിൽ അമർത്തി ചുംബിച്ചു… പിന്നെ കണ്ണിൽ.. മൂക്കിന്റെ തുമ്പിൽ.. കവിളിൽ…… താടി ചുഴിയിൽ….. മതി വരുവോളം എന്നെ ഉമ്മകൾ കൊണ്ട് മൂടി… “എപ്പോഴാ എന്നെ ഇഷ്ടമായത്” നെഞ്ചിലേക്ക് മുഖം ഒളിപ്പിച്ചു കൊണ്ട് ഞാൻ ചോദിച്ചു… “ആനിക്കൊച്ച് അയച്ചു തന്ന ഫോട്ടോയിലെ ആ പാവാടക്കാരിയോട് എന്തോ ഒരിഷ്ടം തോന്നി… പിന്നെ നിന്റെ ആദ്യ ചുംബനം.. അതൊരു വല്ലാത്ത ഫീൽ ആയിരുന്നു മോളെ….” ഇച്ചായൻ എന്നെ ഒന്നുകൂടി ചേർത്തമർത്തി.. “പ്രായം അതൊരു വല്യ തടസം തന്നെ ആയിരുന്നു…. അങ്ങനെ ഇരിക്കുമ്പോഴാണ് പ്രണയം തുറന്നു പറഞ്ഞു വീണ്ടും നീയെന്നെ ഞെട്ടിച്ചത്.. പക്ഷെ പിന്നീട് ഒരിക്കലും നീയെന്നോട് ആ രീതിയിൽ പെരുമാറുകയോ സംസാരിക്കുകയോ ചെയ്തില്ല.. നിന്റെ പ്രായം അതല്ലേ… നീ എല്ലാം മറന്നു കാണും എന്ന് വിചാരിച്ചാണ് വേറെ കല്യാണം കഴിച്ചത്.. പക്ഷേ നീ എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ടാരുന്നു എന്ന് ആ രാത്രി അറിഞ്ഞപ്പോൾ തകർന്നു പോയി ഞാൻ. കാരണം എന്റെ ആദ്യ പ്രണയം നീ ആയിരുന്നു… ആദ്യ നാളുകളിൽ തന്നെ…. ഞങളുടെ ജീവിതത്തിൽ കല്ലുകടിച്ചു.. അവൾക്കു കരിയർ ആയിരുന്നു വലുത് പിന്നെ ഈഗോ.. എല്ലാം കൂടി ആയപ്പോൾ ക്ലിയർ ആയി.. ” ഞാൻ ഇച്ചായന്റെ നെഞ്ചിൽ മുഖം അമർത്തി…

“നീ പോകുന്ന ഇടത്തെല്ലാം ഞാൻ പിറകെ ഉണ്ടായിരുന്നു… കല്യാണം കഴിഞ്ഞ ശേഷം എല്ലാം മറക്കാൻ ശ്രമിച്ചു…. പക്ഷേ പ്രശ്നങ്ങൾ തുടങ്ങിയപ്പോൾ.. ഒരു ആശ്വാസത്തിനായി ഞാൻ നിന്നെ കാണാൻ വന്നിട്ടുണ്ട്… ദൂരെ നിന്ന് നോക്കിക്കാണും…. പിന്നെ തിരിച്ചു പോരും… എന്റെ സന്തോഷം നീ മാത്രമാണെന്ന് അന്ന് ഞാൻ തിരിച്ചറിഞ്ഞു.. ഡിവോഴ്സ് ആയി കഴിഞ്ഞു മൈൻഡ് ഓക്കേ ആകാൻ വേണ്ടിയാണ് അബ്രോഡ്‌ പോയത്… എങ്കിലും നിന്നെ കാണാൻ ആഗ്രഹം കൂടുമ്പോൾ ഇങ്ങു വരും കാണും.” അമ്പരന്ന് ഇരിക്കുവായിരുന്നു ഞാൻ.. ഇച്ചായൻ എന്നെ ഇത്രയും അധികം സ്നേഹിച്ചിരുന്നോ? മിഴിച്ചു നോക്കുന്ന എന്നെ കണ്ടു ഇച്ചായൻ കണ്ണിറുക്കി.

“വേദനിച്ചോ ഞാൻ അടിച്ചപ്പോൾ എല്ലാം…” ഇച്ചായൻ എന്റെ ഇടതു കവിളിൽ തലോടി “ലാസ്റ്റ് അടി ഇച്ചിരി കടുപ്പം ആയിരുന്നു. കുഴപ്പമില്ല…. ഞാൻ വീട്ടിക്കോളാം ” ഞാൻ ചിരിച്ചു.. “പിന്നെ നിനക്ക് ഞാൻ ചേരില്ല എന്നൊരു തോന്നൽ. അതാണ്‌ നീ അന്ന് കല്യാണം ആലോചിച്ചു വന്നപ്പോൾ അങ്ങനെ പറഞ്ഞത്. പക്ഷേ നിന്റെ കല്യാണം ഉറപ്പിച്ചു എന്ന് കേട്ടതും മനസ് എന്റെ കൈയിൽ നിന്നു പോയി ” “ഈ കല്യാണം നടന്നിരുന്നെങ്കിലോ” “നടക്കില്ലല്ലോ ” “അതെന്നാ? ” “ഞാൻ എബിയെ പോയി കണ്ടിരുന്നു. കാര്യങ്ങൾ എല്ലാം ഉള്ളത് പോലെ പറഞ്ഞു.അന്നാണ് എബി നിന്നെ വിളിച്ചത്. അപ്പൊ ഞാനും അവന്റെ കൂടെ ഉണ്ടായിരുന്നു.ശരിക്കും കൊച്ചെന്നെ അന്ന് ഞെട്ടിച്ചു.. വന്നു തൂക്കിയെടുത്തോണ്ട് വന്നാലോ എന്നോർത്തതാ. പിന്നെ വേണ്ടന്നു വച്ചു.” “എടൊ ദുഷ്ടൻ ഡോക്ടറെ ” ഞാൻ ഇച്ചായന്റെ കവിളിൽ അമർത്തി കടിച്ചു. “പക്ഷേ അവൻ ഒരു ഡിമാൻഡ് വച്ചു അവന്റെ ആദ്യപ്രണയം വീണ്ടെടുക്കാൻ ഹെല്പ് ചെയ്യാൻ. കുറെ കഷ്ടപ്പെട്ടു ഞാൻ ” ഇച്ചായൻ ദീർഘ ശ്വാസം എടുത്തു.. “ജാസ്മിൻ അലോഷിടെ പെണ്ണാ.. എന്റെ….. എന്റെ മാത്രം….. ” ഞാൻ ഒരു ചെറു പുഞ്ചിരിയോടെ ഇച്ചായന്റെ തോളിലേക്ക് മുഖം ചേർത്തു.

ഇന്ന് എന്റേം ഇച്ചായന്റേം മിന്നു കെട്ടാണ്.. എന്റെ വീട്ടിൽ കുറച്ചു എതിർപ്പൊക്കെ ഉണ്ടായിരുന്നു.. വല്യപ്പച്ചൻ അതൊക്ക പറഞ്ഞു സെറ്റ് ആക്കി.. കാരണം അലോഷിച്ചായന് എന്നോടുള്ള ഇഷ്ടം ആദ്യം പൊക്കിയത് അപ്പച്ചൻ ആണ്. അന്ന് തൊട്ട് പുള്ളി ഇച്ചായന്റെ കൂടെ കട്ടക്ക് ഉണ്ട്.. അങ്ങനെ ഞാൻ എല്ലാവരുടെയും സമ്മതത്തോടും അനുഗ്രഹത്തോടും റേച്ചൽ ജാസ്മിൻ അലോഷി ആയി..

രാത്രിയിൽ പാലൊക്കെ ആയിട്ട് ഞാൻ റൂമിൽ ചെല്ലുമ്പോൾ പുള്ളി ഒരു ഫോട്ടോ ചുവരിൽ തൂക്കുന്ന തത്രപ്പാടിലാണ് ഇങ്ങേർക്ക് ഇതെന്തു പറ്റി എന്നാലോചിച്ചു നിൽക്കുമ്പോഴാണ് ചുവരിൽ തൂക്കിയ ആ ഫോട്ടോ ഞാൻ കാണുന്നത്.. ആദ്യമായി ഞാൻ അലോഷിച്ചായനെ ഉമ്മ വയ്ക്കുന്ന ഫോട്ടോ. “ഇതെങ്ങനെ ” “അതൊക്കയുണ്ട് “ഇച്ചായൻ എന്നെ നോക്കി കുസൃതിയോടെ കണ്ണിറുക്കി. “എന്നാലും” “ഒരെന്നാലും ഇല്ല. ഇതുപോലെ കുറേ ഫോട്ടോകൾ കൊണ്ട് നമുക്ക് നമ്മുടെ റൂം നിറയ്ക്കണം.” ഇച്ചായൻ എന്റെ മുഖം കൈകളിൽ എടുത്തുകൊണ്ട് പറഞ്ഞു.. ഞാൻ പതിയെ വിരൽ കുത്തി ഉയർന്നു ഇച്ചായന്റെ കവിളിലെ കറുത്ത മറുകിൽ അമർത്തി ചുംബിച്ചു. ഇച്ചായൻ സ്നേഹം കൊണ്ടെന്നെ പൊതിയുമ്പോൾ മുറ്റത്തെ മരത്തിന്റെ കൊമ്പിലിരുന്നു ഏതോ രാക്കുയിൽ പാടുന്നുണ്ടായിരുന്നു.

രചന: സിയ ടോം

Leave a Reply

Your email address will not be published. Required fields are marked *