അയാളുടെ നിറഞ്ഞ കണ്ണുകളിൽ അപ്പോൾ ഒരു കുടുംബത്തിന്റെ ജീവിതവും സ്നേഹവും സ്വപ്നങ്ങളും തൂങ്ങിയാടുന്നുണ്ടായിരുന്നു.

രചന: സവിത രേണു

ജീവന്റെ വില ☘️🍁

“ഡോക്ടർ,പെട്ടെന്ന് വരണം.ഒരു ആക്സിഡന്റ് കേസു വന്നിട്ടുണ്ട്.എമർജൻസി ആണ് .”

“ഓ,ഞാനിതാ വരുന്നു..ആരാ ഇന്ന് ഡ്യൂട്ടി.” “ഡോ.വിനോദ് ആണ് സർ.”

“ഓക്കെ എല്ലാം റെഡിയാക്കിക്കോളൂ.ഐ വിൽ ബി ദേർ വിത്തിൻ ടെൻ മിനുട്ടസ്സ്.”

“ശരി ഡോക്ടർ.”

ഡോക്ടർ ഐസക്കിന്റെ കാർ ഹോസ്പിറ്റൽ കെട്ടിടത്തിനു മുന്നിൽ വന്നു നിന്നു.കാഷ്വാലിറ്റിയിലെക്ക് ഓടി കയറുന്നതിനിടയിൽ കണ്ടു,അക്ഷമനായ് ടെൻഷനോടെ നിൽക്കുന്ന ചെറുപ്പക്കാരനേ.

“സിസ്റ്റർ,എന്താ പേഷ്യന്റിന്റെ കണ്ടീഷൻ.”

“ബ്രീതിംഗ് ഓക്കെയാണ് സർ.പ്രഷർ വേരിയേഷൻ നന്നായുണ്ട്,ബ്ലഡ് ലോസും മറ്റുമായി.” “ഹേഡ് ഇൻജുറിയുണ്ട് ഡോക്ടർ.കാലിനും കൈയിലും പൊട്ടലും -ഡോ.വിനോദ് ആണ്.”

“ബ്ലഡ് ഗ്രൂപ്പ് ഏതാ?” “A+ve” “മകനാണെന്ന് തോന്നുന്നു,പുറത്തു ഒരാളുണ്ട് -ബ്ലഡ് അറേൻജ് ചെയ്യാൻ പറയൂ. ഷിഫ്റ്റ് ഹിം,പെട്ടെന്ന്.”

വരാന്തയിൽ ഒരറ്റത്ത് ചാരി നിൽക്കുന്നുണ്ടാൾ. മുഖത്തെ ഭാവങ്ങളിൽ പലതും മാറിമറയുന്നുണ്ട്.

“എക്സ്ക്യൂസ് മീ “- നഴ്സാണ്. തിരിഞ്ഞു നോക്കി.

“പേഷ്യൻറിന് ബ്ലഡ് അറേജ് ചെയ്യണം.ഇപ്പോ ഇവിടുന്ന് എടുക്കും.ബട്ട് റീപ്ലേസ് ചെയ്യണം.”

“മ്മ്മ..” “പേഷ്യൻറിന്റെ പേരും വയസ്സും?” അറിയില്ല – ഉറച്ച ശബ്ദം

“മകൻ… മകനല്ലേ” “അല്ല,വഴിയിൽ ആക്സിഡന്റ് ആയി കണ്ടതാ.അയാളുടെ സാധനങ്ങൾ തന്ന കൂട്ടത്തിൽ പേഴ്സ് ഉണ്ട്.അതിൽ എന്തേലും ഉണ്ടോ നോക്കാം” “മ്മ്മ ശരി.”

പേഴ്സ് തുറന്നു. ഒരു ഭാഗത്ത് ചിരിച്ചു നിൽക്കുന്ന ഒരു സ്ത്രീയും ചെറുപ്പക്കാരനും അയാളും – “കുടുംബം”. പുച്ഛമോ, പരിഹാസമോ, വേദനയോ ഇടകലർന്നവൻ പറഞ്ഞു.

മറുഭാഗത്ത് നിന്നും കിട്ടിയ കാർഡിൽ പേര് കണ്ടു – വിനയൻ.54 വയസ്സ്. ഡോറിൽ തട്ടി,നഴ്സിന്റെ കൈയിൽ കാർഡ് ഏല്പിച്ചു.

“എന്തു പറ്റി സിസ്റ്റർ”

“അയാൾ പേഷ്യന്റിന്റെ ആരുമല്ല ഡോക്ടർ.വഴിയിൽ ഇങ്ങനെ കണ്ടിട്ട് കൊണ്ടുവന്നതാണത്രേ.”

“ഓഹ്..എന്തായാലും ലെറ്റസ് ഡൂ അവർ ഡ്യൂട്ടി.ബാക്കി പിന്നെ നോക്കാം.”

മണിക്കൂറുകൾ പിന്നിട്ടു. ഡോക്ടർ ഐസക്ക് പുറത്തേക്കു വന്നു. ഡോക്ടറേ കണ്ട് ആ ചെറുപ്പക്കാരൻ അടുത്തേക്ക് വന്നു.

“പേടിക്കാനില്ല.ഹെഡ് ഇൻജൂറി ഡീപ് അല്ല.കൈയും കാലും ഫ്രാക്റ്റചർ ഉണ്ട്.ബാക്കി ചെറിയ മുറിവുകളും. ബാക്കി ചില ടെസ്റ്റ് റിപ്പോർട്ട്സ് കിട്ടാനുണ്ട്. അതു കൂടെ നോക്കിയിട്ട് ബാക്കി തീരുമാനിക്കാം.”

“ഓക്കെ ഡോക്ടർ”

“അയാളുടെ ഫാമിലി എങ്ങനെ അറിയിക്കും. ഫോൺ വല്ലതും?”

“ഇല്ല ഡോക്ടർ.അപകട സ്ഥലത്ത് വീണു കാണും. അതോന്നും ഞാൻ നോക്കിയില്ല.”

“യെസ് യെസ് പോലീസിൽ ഇൻഫോർമ് ചെയ്തു കാണും ആൾറെഡി.നോക്കാം നമുക്ക്.” അയാൾ ശരിയെന്നോണം തലയാട്ടി

“തന്റെ പേര് ?” “സാം ഫിലിപ്പ്.”

“സാം,താൻ ചെയ്തത് വലിയൊരു കാര്യമാണ്.സ്പോട്ടിൽ നിന്നും മാറി നടക്കാനേ എല്ലാവരും ശ്രമിക്കൂ.താൻ കാരണം ഒരു ജീവൻ രക്ഷപ്പെട്ടു.ഗോഡ് ബ്ലസ്സ് യൂ.”

സാമിന്റെ തോളത്തു തട്ടി ഡോക്ടർ ഐസക്ക് പറഞ്ഞു.മങ്ങിയ ചിരിയോടെയവൻ കേട്ടു നിന്നു. ഡോക്ടർ പോയ വഴിയിലേക്ക് നോക്കി നിന്ന അവനിൽ വേദനയും ദേഷ്യവും ഒരുപോലെ നിറഞ്ഞു നിന്നു.

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

ആശുപത്രിയിലെ പതിന്നാലാം നമ്പർ മുറിയിലേക്ക് അയാളേ മാറ്റി.ചെറിയ ശബ്ദങ്ങൾ,എങ്ങലുകൾ അയാളിൽ നിന്നുയരുന്നുണ്ടായിരുന്നു.വേദനയുടെ കാഠിന്യത്തിൽ മുഖത്തും ചുളിവുകൾ പ്രത്യക്ഷപെട്ടു.മയക്കത്തിൽ നിന്നും പതിയേ കണ്ണുകൾ തുറന്നു.തലയ്ക്കു മീതേ ഭാരമെന്നോണം കണ്ണുകൾ പിന്നേയും അടച്ചു.ആയാസപെട്ട് ഒരിക്കൽ കൂടി തുറന്ന് ചുറ്റും നോക്കി.മൂടൽ നിറഞ്ഞ കണ്ണുകളിൽ കാഴ്ചകൾ മറഞ്ഞിരിക്കുന്നു.

കുറച്ചപ്പുറത്ത് ആരുടെയോ നിഴലനക്കം.ഒരു ചെറുപ്പക്കാരന്റെ രൂപം മാത്രം തെളിഞ്ഞു. “അച്ചൂ…” മുറിഞ്ഞ ശബ്ദത്തോടെ അയാൾ വിളിച്ചു. ആ ചെറുപ്പക്കാരൻ തിരിഞ്ഞു നോക്കി.

“ഓ,സർ ഉണർന്നോ?” അച്ചുവല്ല… പിന്നെ… അയാളോർത്തൂ . “ആരാ?” മറുപടി പറയാതെ അവനിരുന്നു. “എനിക്ക് ഇയാളേ അറിയില്ല” അവൻ ചിരിച്ചു.

“സാറിനെ ഇവിടെയെത്തിച്ചത് ഞാനാ.ഞാൻ പണി കഴിഞ്ഞ് വരും വഴിയാ അപകടം കണ്ടത്.നേരം വൈകിയതോണ്ട് ആ വഴി അധികാരും വരില്ല.” “മ്മ്മ.. “വീണ്ടും തളർച്ച പോലേ.

“സാറിന് സ്പീഡ് ഭയങ്കര ഇഷ്ടാലേ?” ചോദ്യം മനസിലാവാത്ത പോലേ അയാളവനേ നോക്കി. “പണ്ടും സാറിന് നല്ല സ്പീഡുണ്ടായിരുന്നു”

“തന്നെയെനിക്ക് മനസിലായില്ല.” “സാറിന് എന്നെ അറിയില്ല,പക്ഷേ ഏതു ഇരുട്ടത്തും സാറിനെ എനിക്ക് തിരിച്ചറിയാനാകും.പേരും ജോലിം ഒന്നുമറിഞ്ഞില്ലെങ്കിലും ഈ മുഖം മറക്കാനാവില്ല എനിക്ക്.”

അവൻ പറഞ്ഞതിന്റെ അർത്ഥം മനസിലായിലെങ്കിലും അവന്റെ കണ്ണീലെ കനൽ അയാളെ ഭയപെടുത്തി. അവനെ തന്നെ ഉറ്റുനോക്കിയിരുന്ന അയാളോടായി അവൻ പറഞ്ഞു തുടങ്ങി.

“വർഷങ്ങൾക്കു മുൻപ്,പ്ലസ് വൺ പരീക്ഷ കഴിഞ്ഞ അന്നു തന്നെ ഞങ്ങൾ അമ്മ വീട്ടിലേക്ക് പോവാൻ ഇറങ്ങി.ഞങ്ങൾ എന്നു പറഞ്ഞാൽ അപ്പയും അമ്മയും ഞാനും .+2 ക്ലാസ് നേരത്തേ തുടങ്ങും, അതിനു മുൻപ് വല്യമ്മച്ചിയെ കാണാൻ ഉള്ള പോക്ക്.അപ്പ പണികഴിഞ്ഞേത്താൻ വൈകിയാരുന്നു അന്ന്. അവസാന ബസ് പിടിക്കാനുള്ള ഓട്ടം.രാത്രിയാ, റോഡില് ആളോന്നുമില്ല.

ഞങ്ങള് നടന്നു.റോഡ് ക്രോസ് ചെയ്ത് അപ്പുറത്തേ ബസ് സ്റ്റോപിലേക്ക് പോവണം.റോഡ് മുറിച്ചു കടക്കുമ്പോൾ ഞാനോരോട്ടത്തിന് അപ്പുറത്തേത്തി. അപ്പനും അമ്മയും പകുതി ആയതേയുള്ളൂ.ഒന്നു കണ്ണടച്ചു തുറന്ന നേരം കൊണ്ട് വലിയൊരു ശബ്ദവും അലർച്ചകളും കേട്ടു.ഓടിയെത്തുമ്പോ അപ്പനേം അമ്മേം വണ്ടിയിടിച്ചിട്ടേക്കുന്നു.അലറി കരഞ്ഞ് ഞാൻ ചുറ്റും നോക്കീപ്പോ ഒരു കാർ നിർത്തി,അതിൽ നിന്നും 3 – 4 ആളുകള് ഇറങ്ങിനിപ്പുണ്ട്.ആ കാറാണ് ഇടിച്ചേന്ന് മനസിലായി. രക്ഷിക്കണം പറഞ്ഞ് അങ്ങോട്ടോടി.അവരുടെ കാലു പിടിച്ച് കരഞ്ഞു.അപ്പനും അമ്മയും അവിടെ വേദനിച്ചു കിടക്കാ,ഒന്നു ആശുപത്രിലാക്കി തരു പറഞ്ഞ് .

ആ കൂട്ടത്തിലേ ഒരാളപ്പോ മറ്റവരോട് പറഞ്ഞു – ഇവിടെ നിക്കണത് അപകടാ.കേസും കൂട്ടവുമൊക്കെയാവും.ഈ പൊല്ലാപ്പോന്നും വേണ്ട.നമുക്ക് പോവാം എന്ന്.”

“ചുറ്റും വേറേയാരുമില്ല.കെഞ്ചികേണുനോക്കി.ആരോ അഞ്ഞൂറു രൂപ കൈയിൽ തന്ന് തള്ളി മാറ്റി.ആ കാറ് മുന്നോട്ട് പോയി.”

മൗനം….

“ആ പറഞ്ഞ ആള് സാറായിരുന്നു.നിങ്ങടെ കാറായിരുന്നു ഇടിച്ചത്.”

ഒരു കിതപ്പോടെയവൻ പറഞ്ഞു നിർത്തി.ഉള്ളിലെ സങ്കടക്കടൽ മിഴികളിൽ നിന്നും മഴയായ് പെയ്തുക്കൊണ്ടിരുന്നു. എന്ത് മറുപടി പറയണമെന്നറിയാതെ അയാൾ കുഴങ്ങി.ഓർമ്മകളിൽ ആ ദിനം തെളിഞ്ഞു നിന്നു.മനപൂർവ്വം മറന്നു വച്ച ദിനം.കണ്ണുകൾ ഇറുക്കിയടച്ച് അയാൾ കിടന്നു.

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

“എങ്ങനെയുണ്ട് മിസ്റ്റർ വിനയൻ?”

ഡോക്ടർ ഐസക്ക് കടന്നുവന്നു. വന്നു അയാളെ പരിശോധിച്ച ശേഷം ഡോക്ടർ പറഞ്ഞു തുടങ്ങി.

“അമിത വേഗം കൊണ്ടു പറ്റിയതാണല്ലേ. തക്കസമയത്ത് സാം കണ്ടതുകൊണ്ടു മാത്രം ഇന്നിപ്പോ താങ്കൾ ജീവനോടെയിരിക്കുന്നു.ഈ വേഗത മറ്റൊരാളുടെ ജീവനെടുത്തിരുന്നെങ്കിൽ ഒന്നോർത്തു നോക്കൂ.ഇനിയെങ്കിലും താങ്കളിതൊക്കെ ശ്രദ്ധിക്കണം കേട്ടോ.

താങ്കളുടെയും കുടുംബത്തിന്റെയും മുന്നിൽ ദേവദൂതനായി എത്തിയതാ ഇയാൾ.ബ്ലഡും കൊടുത്തു ഇത്രയും നേരം കൂട്ടിരിക്കുകയും ചെയ്തു.”

ഒരു ചെറു ചിരിയോടെ ഡോക്ടറേ നോക്കി നിൽക്കുന്ന സാമിന്റെ മുന്നിൽ വാക്കുകൾ കിട്ടാതെ വിനയൻ പതറി.

“തന്റെ ഫാമിലി ഓൺ ദ വേ ആണ്.ഡോൺട് വറി ഓക്കെ.”

“ഓക്കെ സാം.ഇനിയും ഒരുപാട് നന്മകൾ ചെയ്യാനാവട്ടെ.”

ചിരി മായാതെ സാം നിന്നു. ഡോക്ടർ പുറത്തിറങ്ങിയ നിമിഷം ആ ചിരി മാഞ്ഞ് വിനയനെ തറപ്പിച്ചു നോക്കി. നിമിഷങ്ങൾ മൗനമായ് നീങ്ങി..

“അപ്പനും അമ്മയും?”വിനയൻ മെല്ലെ ചോദിച്ചു.

ഉത്തരമില്ലാതെ സാം നിന്നു.”അപ്പൻ അവിടെ വച്ചു തന്നെ തീർന്നു.അമ്മ നാലാം നാളും.”

ശ്വാസമിടിപ്പു പോലും ഉയർന്നു കേൾക്കുന്ന നിമിഷങ്ങൾ. തല കുമ്പിട്ടിരുന്ന് അവൻ പറഞ്ഞു

“അന്നുമുതൽ സാം അനാഥനാണ്.പഠിപ്പ് മുടങ്ങി.പിന്നെ വർക്ക് ഷോപ്പില് പണി പഠിച്ചു.ഒറ്റയാനായി ജീവിക്കാൻ പഠിച്ചു.”

“സാറിന് അന്ന് വേഗത കുറച്ച് വരായിരുന്നില്ലേ.അപ്പനെം അമ്മേം ഒന്നാശുപത്രി വരെ എത്തിക്കാമായിരുന്നിലേ.. ഇന്നും എന്റെ കൈകൾക്ക് അവിടെ പിടഞ്ഞുമരിച്ച അപ്പന്റെ ചോരേടേ മണാ..”

മറുപടികൾ ഇല്ല.വർഷങ്ങൾക്കു മുൻപ് ചെയ്ത തെറ്റിന്റെ ശിക്ഷ തേടി വന്നിരിക്കുന്നു.തേങ്ങി കരയുന്ന അവന്റെ മുന്നിൽ ഉരുകി തീരുന്ന പോലെ.തന്റെ മകനേക്കാൾ ചെറുപ്പം.ഞാൻ കാരണം അവനിന്ന്.. പൊടിയുന്ന വിയർപ്പുകണങ്ങളും പിടയ്ക്കുന്ന നെഞ്ചും.തൊണ്ടക്കുഴിയിൽ ശബ്ദം കുരുങ്ങി കിടക്കുന്നു.

“മോനേ എന്നോട് പൊറുക്കണം.” വേദനയോടെ അതിനപ്പുറം ജാള്യതയോടെ അയാൾ തപ്പിതടഞ്ഞു.

“പൊറുക്കാനും മറക്കാനും ഞാൻ മാലാഖയല്ല.വികാരവും വിശ്വാസവുമുളള വെറും മനുഷ്യനാണ്.പകയും പ്രതികാരവും എന്നിലുമുണ്ട്.”

“പിന്നെ എന്തിനാ എന്നെ രക്ഷിച്ചത്?വിട്ടിട്ട് പോവായിരുന്നില്ലേ?”

ദയനീയമായിരുന്നു അയാളുടെ വാക്കുകൾ. പുച്ഛത്തോടെ സാം അയാളെ നോക്കി ചിരിച്ചു.

“അപ്പോ എനിക്കിത് ഒക്കെ നിങ്ങളോട് പറയാൻ പറ്റുമോ..?”

അവന്റെ കണ്ണുകളെ നേരിടാനാവാതെ അയാൾ നോട്ടം മാറ്റി. ജീവിതം അവനു നൽകിയ പരീക്ഷണങ്ങളുടെ കരുത്ത് അവന്റെ വാക്കുകളിൽ നിറഞ്ഞു നിന്നു.

“നിങ്ങളിവിടെ വേദനിച്ചു കിടന്നപ്പോ,എല്ലു നുറങ്ങി തലപൊട്ടി നിങ്ങളെ കൊണ്ടു വന്നപ്പോ അശേഷം വേദന തോന്നിയില്ല എനിക്ക്.നിങ്ങളായ് വരുത്തി വച്ച അപകടം-തനിക്കും തന്റെ കുടുംബത്തിനും ഒന്നും പറ്റില്ല എന്ന അഹങ്കാരം.ഇപ്പോ ഇങ്ങനെ മുന്നിലിരുന്നു കാണുന്നതാ എന്റെ പകയുടെ ഉത്തരം”

“പിന്നെ പ്രതികാരം – ഇനി നിങ്ങൾ മരണം വരെ എന്നെ ഓർക്കും. നിങ്ങളുടെ രക്ഷകനായി മാത്രമല്ല നിങ്ങൾ തകർത്തെറിഞ്ഞവനായി കൂടി.ഇനി നന്നായൊരു നാൾ നിങ്ങൾക്ക് ഉറങ്ങാനാവില്ല.കുറ്റബോധത്തിന്റെ ഇത്തിൾക്കണ്ണികൾ നിങ്ങളിൽ പടർന്നു തുടങ്ങി.എനിക്കതു കാണാം.അതു തന്നെയാണ് എന്റെ പ്രതികാരവും.”

അവൻ പറഞ്ഞത് അക്ഷരംപ്രതി സത്യമാണെന്ന തിരിച്ചറിവിൽ വിനയൻ കിടന്നു. മരവിച്ച മനസ്സും ശരീരവുമായി.

☘️🍂☘️🍂☘️🍂☘️🍂☘️🍂☘️🍂☘️🍂☘️

മുറിയുടെ വാതിൽ തള്ളി തുറന്ന് ഒരു യുവാവും സ്ത്രീയും കടന്നുവന്നു.കുറച്ചുനേരം കൊണ്ടവർ അനുഭവിച്ച മാനസിക പ്രയാസം സാമിന് പെട്ടെന്ന് മനസിലാവുമായിരുന്നു.വിനയന്റെ പേഴ്സിൽ കണ്ട മുഖങ്ങൾ.ഭാര്യയും മകനും.

“പപ്പ…” “അച്ചു…എന്റെ തെറ്റായിരുന്നു.” ചോദ്യങ്ങൾക്കു മുൻപേ മറുപടി കേട്ട് അച്ചു പകച്ചു. പിന്നെ തൊട്ടടുത്തു നിൽക്കുന്ന സാമിലേക്ക് നോട്ടമെത്തി. “അയാളാ എന്നെ ഇവിടെ കൊണ്ടുവന്നതും കൂട്ടിരുന്നതും.” കരഞ്ഞിരുന്നിരുന്ന ആ അമ്മ തലയുയർത്തി നോക്കി.നന്ദിയെന്നോണം പുഞ്ചിരിച്ചു.സാം തിരിച്ചും.

“അശ്വിൻ “- അച്ചു സാമിനു നേരേ കൈകൾ നീട്ടി “സാം “-തിരിച്ചും.

“എങ്ങനാ നന്ദി പറയണ്ടതു എന്നറിയില്ല സാം…” മുഴുമിക്കും മുൻപേ സാം തടഞ്ഞു.

“അപകടത്തിൽ പെട്ടൊരാളെ രക്ഷിക്കാ എന്നതു മാത്രേ ഞാൻ ചെയ്തുള്ളൂ.ഒരാളുടെ ജീവന്റെ വില തിരിച്ചറിഞ്ഞില്ലെങ്കിൽ പിന്നെ മനുഷ്യനായി ജീവിക്കുന്നതിൽ എന്താ അർത്ഥം.” വിനയനെ നോക്കി അവൻ പറഞ്ഞു നിർത്തി.

“സാറിന്റെ പേഴ്സ് അവിടെ വച്ചിട്ടുണ്ട്.ഞാൻ എന്നാ ഇറങ്ങട്ടെ..” അശ്വിനെ പുണർന്നു സാം പുറത്തേക്കിറങ്ങി.

അവൻ പറഞ്ഞിട്ടു പോയ കാര്യങ്ങളിൽ കുരുങ്ങി വിനയൻ തളർന്നു.അയാളുടെ നിറഞ്ഞ കണ്ണുകളിൽ അപ്പോൾ ഒരു കുടുംബത്തിന്റെ ജീവിതവും സ്നേഹവും സ്വപ്നങ്ങളും തൂങ്ങിയാടുന്നുണ്ടായിരുന്നു.

രചന: സവിത രേണു

Leave a Reply

Your email address will not be published. Required fields are marked *