നെഞ്ചോരം…

രചന: Tijo Thomas

അവൾ ഒന്നുകൂടി പ്രശാന്തിന്റെ നെഞ്ചിലേക്ക് മുഖം അമർത്തി കിടന്നു. “ഈ ഏട്ടന്റെ നെഞ്ചിൽ എന്തോരം രോമം ആണ്, അവൾ രോമങ്ങൾക്കിടയിലൂടെ വിരലുകൾ ഓടിച്ചു കൊണ്ടു പറഞ്ഞു. എന്റെ പ്രിയേ നീ അദ്യം ആയിട്ടാണോ എന്റെ നെഞ്ച് കാണുന്നത്…”

പ്രശാന്ത് അവളുടെ മുടിയിഴകളിലൂടെ വിരൽ ഓടിച്ചു കൊണ്ടു ചോദിച്ചു.

“അതല്ല പ്രശാന്തേട്ട, നിങ്ങടെ നെഞ്ചിൽ ഇങ്ങനെ കിടക്കുമ്പോൾ എനിക്കു ഇങ്ങനെ ഒക്കെ പിന്നെയും പിന്നെയും പറയാൻ തോന്നും. അതല്ലേ ഞാൻ പറയുന്നേ…”

അവൾ പ്രശാന്തിന്റെ താടിയിൽ മെല്ലെ പിടിച്ചു വലിച്ചു കൊണ്ടു പറഞ്ഞു.

“യ്യോ ദേ കൊച്ചേ വേദനിക്കുണ്ട് കേട്ടോ.. പ്രശാന്ത് അവളുടെ കവിളിൽ മെല്ലെ കടിച്ചിട്ടു പറഞ്ഞു.. പുറത്തു നല്ലത് നിലാവുണ്ട് പ്രിയേ, നീ നോക്കിയേ.” ജനാലയിൽ കൂടി ആ നീല വെളിച്ചം മുറിക്കുള്ളിലേക്ക് പരന്നൊഴുകി.

പ്രശാന്ത് അവളെ ചേർത്ത് കിടത്തി ആ അധരങ്ങൾ മെല്ലെ മെല്ലെ നുകർന്നെടുത്തു. അവളുടെ കൈ വിരലുകൾ അയാളുടെ മുടിയിഴകളിൽ പുതിയ വഴികൾ തെളിച്ചു കൊണ്ടിരുന്നു ആ സമയം. അവളുടെ മുടിയിഴകളിലെ വാസന അയാളിൽ മത്തു പിടിപ്പിച്ചു. അവളുടെ വയറിൽ അയാളുടെ നേർത്ത വിരലുകൾ ചലങ്ങൾ തീർത്തു, ഒരു പൂമ്പാറ്റയെ പോൽ അവൾ ചിറകുകൾ അടിച്ചു പറന്നുയരുന്നതായി തോന്നി പോയ നിമിഷങ്ങൾ..

“പ്രശാന്തേട്ട… അവൾ ഉറക്കത്തിൽ നിന്നു ഞെട്ടി എഴുന്നേറ്റു. സ്വപ്നം അല്ല.. കഴിഞ്ഞ രണ്ടു കൊല്ലം മുൻപ് വരെയുള്ള കാര്യങ്ങൾ ആണ് താൻ ഇപ്പോൾ കണ്ടത്. അവൾ ആകെ വിയർത്തിരുന്നു. വിവാഹത്തിന് ശേഷം പ്രണയിച്ചു തുടങ്ങിയവർ ആയിരുന്നു തങ്ങൾ. എത്ര സ്നേഹത്തോടെ ആയിരുന്നു തങ്ങൾ കഴിഞ്ഞത്. പക്ഷെ ഏട്ടന് എന്നെക്കാൾ വിദ്യാഭ്യാസം കുറവാണ്, അത് കൊണ്ടു അവളെ ഇനി മുതൽ ജോലിക്കു വിടണ്ട എന്നൊക്കെ ഏട്ടന്റെ അമ്മ ഏട്ടനോട് പറഞ്ഞു കൊടുത്തത് മുതൽ ആണ് ഞങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാവാൻ തുടങ്ങിയത്.

ഞാൻ ഒരുപാട് കഷ്ടപ്പെട്ട് പഠിച്ചിട്ടാണ് ഇൻഫോപാർക്കിൽ നല്ലൊരു ജോലി എനിക്കു കിട്ടിയത്. ഏട്ടനും അവിടെ തന്നെ ആണ് ജോലി പക്ഷെ എന്നെക്കാൾ താഴെ ആണ് പോസ്റ്റ്‌.

പക്ഷെ ഈ കാര്യത്തിൽ ഒന്നും പ്രശാന്തേട്ടന് ഒരു പ്രോബ്ളവും ഇല്ലായിരുന്നു. ഏട്ടന്റെ അമ്മ തന്നെ ആണ് അങ്ങനെ ഓരോന്നും പറഞ്ഞു ഞങ്ങളെ അകറ്റിയത്. നല്ലൊരു ജോലി കളയാൻ എളുപ്പം ആണ്, കിട്ടാൻ ആണ് പ്രയാസം. പെട്ടന്നു ജോലി വിടാൻ എനിക്കു അന്ന് എന്തോ മനസ്സ് വന്നില്ല. അച്ഛന്റെ വലിയ ആഗ്രഹം ആയിരുന്നു ഒറ്റ മോളായ ഞാൻ സ്വന്തം കാലിൽ നിന്നു കാണണം എന്നു. കണ്ണടക്കും നേരവും അച്ഛൻ ഒന്നേ പറഞ്ഞുള്ളു…”

“മോളെ അത് നല്ലത് ജോലിയാ കളഞ്ഞു കുളിക്കരുത് എന്നു.”

“പക്ഷെ ഇന്ന് ഞാൻ ആ ജോലി റിസൈൻ ചെയ്തു. അമ്മയ്ക്കും പ്രായം ഒക്കെ ആയി. ഒരുപാടു തവണ പ്രശാന്തേട്ടനെ ഞാൻ വിളിച്ചു. പക്ഷെ എന്തോ ഏട്ടന് എന്നെ ഒട്ടും മനസിലാക്കാൻ പറ്റുന്നില്ല.”

“ഇന്ന് ഒന്നുകൂടി വിളിക്കണം. എനിക്കു ഏട്ടനെ വേണം. അവൾ ഫോൺ എടുത്തു വിളിച്ചു.”

“എന്താ പ്രിയ…” അയാൾ അവളോട്‌ ചോദിച്ചു.

“ഏട്ടാ എനിക്കു ജോലിക്ക് ഒന്നും പോകണ്ട, ഏട്ടൻ എന്റെ കൂടെ ഉണ്ടായാൽ മതി. പ്രിയ നിനക്കു എന്നെക്കാൾ ക്വാളിഫിക്കേഷൻ ഉള്ളതിന്റെ അഹങ്കാരം അല്ലെ ഈ പറയുന്നത്.”

അയാളുടെ സംസാരം അവളെ കരയിച്ചു. ഇത്രയും നാൾ കരയാതെ പിടിച്ചു നിന്നവൾ അന്ന് വിങ്ങി പൊട്ടി കരഞ്ഞു പോയി. അയാളെ സംബന്ധിച്ച് അത് വല്ലാത്തൊരു മുറിവ് ആയിരുന്നു.

“പ്രിയാ..” അയാൾ വിളിച്ചു.. പക്ഷെ അപ്പുറത്ത് നിന്നു അവളുടെ ഏങ്ങലുകൾ കേൾക്കുന്നില്ല. നേരിയ നിശബ്ദത അയാളെ ഭയപ്പെടുത്തി. പൊടുന്നനെ അവളുടെ കൈകളിൽ ആ ഫോൺ നിലത്തേക്ക് വീണു അവൾ ബെഡിലേക്കു വീണു.

പ്രിയാ.. അയാൾ പിന്നെയും പിന്നെയും വിളിച്ചു. അയാൾ വേഗം കാർ എടുത്തു അവളുടെ അടുത്തേക്ക് പാഞ്ഞു.

പ്രിയ കണ്ണു തുറന്നത് പ്രശാന്തിന്റെ കണ്ണുകളിലേക്കു നോക്കി ആയിരുന്നു. “ഏട്ടാ…” അവൾ വിളിച്ചു.

“എനിക്ക് എന്താ പറ്റിയത്..നമ്മൾ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ എനിക്കു പെട്ടന്ന് ബോധം മറയുന്നതായി തോന്നി പ്രശാന്തേട്ട, പിന്നെ എനിക്കു ഒന്നും ഓർമ്മ ഇല്ല” അവൾ പറഞ്ഞു.

“പ്രിയാ നീ എന്നോട് ക്ഷമിക്ക്.. നിന്റെ ബീപ്പീ വല്ലാതെ കുറഞ്ഞു പോയിട്ടാണ് നീ ബോധരഹിത ആയതു. അടുത്ത വീട്ടിൽ ആൾ ഉണ്ടായിരുന്നത് കൊണ്ടു വേഗം തന്നെ ഇവിടെ എത്തിക്കാൻ കഴിഞ്ഞു. അല്പം കൂടി കഴിഞ്ഞരുന്നെങ്കിൽ കൊണ്ടു വരേണ്ടിയിരുന്നില്ല എന്നാണ് ഡോക്ടർസ് പറഞ്ഞത്…”

അയാൾ അവളുടെ കൈകൾ ചേർത്ത് പിടിച്ചു കൊണ്ടു പറഞ്ഞു. അവളുടെ മിഴികൾ നിറഞ്ഞൊഴുകി. ഒപ്പം പ്രശാന്തിന്റെയും.

“ഇനി എന്നെ വിട്ടു പോവല്ലേ പ്രശാന്തേട്ട.എനിക്കു ജോലിക്ക് ഒന്നും പോകണ്ട. അവൾ കലങ്ങിയ കണ്ണുകളോടെ പറഞ്ഞു.”

“ഇനി ഞാൻ എങ്ങും പോവില്ല എന്റെ മോളെ വിട്ടിട്ടു. നമ്മൾ രണ്ടു ആളും ജോലിക്ക് പോവും പഴയത് പോലെ, ഈ സ്നേഹവും അതിന്റെ ആഴവും അറിയാൻ ഞാൻ വൈകി. ഇനി അതുണ്ടാവില്ല. മരണം പിരിക്കും വരെ പ്രശാന്തിന്റേതു ആണ് പ്രിയ.”

അത്രയും പറഞ്ഞു അയാൾ അവളുടെ നെറുകയിൽ ചുംബിച്ചു. പ്രണയതീരം വീണ്ടും ഓളങ്ങളാൽ അല തല്ലി.

ഈ പ്രശാന്തേട്ടന്റെ നെഞ്ചിൽ എന്ത് മാത്രം രോമങ്ങൾ ആണ്.. കൈ വിരലുകൾ വച്ചു അവൾ ആ നെഞ്ചിൽ വെറുതെ എന്തിക്കെയോ ചിത്രങ്ങൾ വരച്ചു കൊണ്ടു ചോദിച്ചു.

നിന്റെ മുടിയിഴകളിൽ എന്ത് നല്ല വാസന ആണ് പെണ്ണെ ഇപ്പോഴും,

പ്രശാന്ത് അവളുടെ മുടിക്കുള്ളിലേക്കു മുഖം അമർത്തി ചോദിച്ചു..

പുറത്തു അപ്പോൾ നിലാവിന് പകരം ഉണങ്ങിയ മണ്ണിൽ പെയ്യുന്ന മഴത്തുള്ളികളുടെ പ്രണയ സല്ലാപങ്ങളുടെ ശബ്ദം കേൾക്കാമായിരുന്നു…

രചന: Tijo Thomas

Leave a Reply

Your email address will not be published. Required fields are marked *