കട്ടിലിൽ അവളെത്തന്നെ നോക്കിക്കിടക്കുന്ന യുവാവിന്റെ മുഖം കണ്ടതും അവളിലൊരു ഞെട്ടലുണ്ടായി…

രചന: കൃഷ്ണ മദ്രസുംപടി

”ഭൂലോക രംഭയാണെന്നായിരുന്നല്ലോ അവളുടെ ഭാവം.അവളുടെ അഹങ്കാരത്തിന് കിട്ടിയതല്ലേ, അനുഭവിക്കട്ടെ.”

”മോനേ, അവള് നിന്റെ അനിയത്തിയല്ലേ, നീയെന്താ ഇങ്ങനെയൊക്കെ പറയുന്നത്.”

”അച്ഛാ… എനിക്കും എന്റേതായ ഒരു ജീവിതം വേണം. കഴുതയെപ്പോലെ ഭാരം വലിക്കാന്‍ എനിക്കിനി മനസ്സില്ല.”

പുറത്തെ സംസാരം മുറിയുടെ വാതിലടച്ചിട്ടും നിളയുടെ കാതുകളില്‍ തുളച്ചു കയറുന്നുണ്ടായിരുന്നു.

ഏട്ടന്‍ അച്ഛനുമായി രാവിലെ തുടങ്ങിയ വഴക്കാണ്. ആദ്യമൊക്കെ താന്‍ കേള്‍ക്കാതെയുള്ള മുറുമുറുപ്പേ ഉണ്ടായിരുന്നൊള്ളു. ഇപ്പോള്‍ ഇറങ്ങിപ്പോകാന്‍ പറയുന്ന രീതിയിലേക്കെത്തിയിരിക്കുന്നു.

ഇങ്ങനെയൊരു ശാപം പിടിച്ച ജീവിതം അവസാനിപ്പിക്കാനുള്ള ധൈര്യവും കിട്ടുന്നില്ലല്ലോ ഈശ്വരാ. എന്തിനാ എന്നെയിങ്ങനെ ബാക്കി വച്ചേക്കുന്നത്. ചുമരിലെ കൃഷ്ണഭഗവാന്റെ ഫോട്ടോയ്ക്കു മുന്നില്‍ കൈകൂപ്പി നില്‍ക്കുമ്പോള്‍ അവളുടെ മിഴികള്‍ നിറഞ്ഞു തുളുമ്പിയിരുന്നു.

കണ്ണടച്ച് എത്രനേരം അങ്ങനെ നിന്നുവെന്നറിയില്ല. ചുമലിലൊരു തണുത്ത കരസ്പര്‍ശനമേറ്റപ്പോഴാണ് അവള്‍ കണ്ണു തുറന്നത്.

തിരിഞ്ഞു നോക്കിയ അവള്‍ വിമല ടീച്ചറെ കണ്ടതും ഒരു തേങ്ങലോടെ ആ മാറിലേയ്ക്ക് വീണു.

”മോളേ, എത്രകാലം നീയിങ്ങനെ ഈ മുറിക്ക് പുറത്തിറങ്ങാതെ ജീവിക്കും. ” എത്രയൊക്കെ അടക്കിപ്പിടിച്ചിട്ടും വിമലടീച്ചറുടെ ശബ്ദം ഒന്നിടറിപ്പോയി.

നിളയുടെ മുടിയിഴകളിൽ വിരലോടിച്ച് അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുമ്പോൾ തന്റെ പ്രിയപ്പെട്ട ശിഷ്യയുടെ അവസ്ഥയോർത്ത് വിമലടീച്ചറുടെ ഹൃദയം വിങ്ങിപ്പൊട്ടി.

ചെറുപ്പം മുതലേ നൃത്തത്തിനോട് താൽപര്യം പ്രകടിപ്പിച്ചിരുന്ന നിളയെ അവളുടെ അച്ഛൻ ഗ്രാമത്തിൽ നിന്നും നാലഞ്ച് കിലോമീറ്റർ ദൂരെയുള്ള നൃത്താധ്യാപികയായ വിമല ടീച്ചർ വീട്ടിൽത്തന്നെ നടത്തുന്ന ഡാൻസ് ക്ലാസിൽ ചേർത്തു.

വർഷങ്ങൾ കഴിയുന്തോറും നിളയുടെ അസാമാന്യമായ മെയ് വഴക്കവും, വിസ്മയിപ്പിക്കുന്ന പദചലനങ്ങളും അത്ഭുതത്തോടെ വീക്ഷിച്ചിരുന്ന വിമലടീച്ചർ തന്റെ അരുമശിഷ്യയുടെ കഴിവിൽ അഭിമാനിച്ചിരുന്നു.

ആരേയും മോഹിപ്പിക്കുന്ന നീണ്ടു വിടർന്ന മാൻമിഴികളായിരുന്നു അവളുടെ മോഹനരൂപത്തിന് മാറ്റുകൂട്ടിയിരുന്നത്.

പ്ലസ് ടു നല്ല മാർക്കോടെ പാസായ നിളയെ നല്ലൊരു ക്ലാസിക്കൽ ഡാൻസ് അക്കാദമിയിൽ ഉപരിപഠനത്തിനയക്കാൻ വിമലടീച്ചർ പറഞ്ഞെങ്കിലും നിളയുടെ വീട്ടുകാരതിനോട് താല്‍പര്യം കാണിച്ചില്ല.

” ഡാന്‍സൊക്കെ പഠിച്ചത് മതി. വല്ല ഡിഗ്രിയ്ക്കും പോയി നാലക്ഷരം പഠിച്ച് എന്തെങ്കിലും ജോലി നേടട്ടെ. ” – എന്നാണ് അവളുടെ അച്ഛന്‍ പറഞ്ഞത്.

സ്വന്തം കാലില്‍ നിന്നതിന് ശേഷം നൃത്തം തുടരണമെന്ന തന്റെ ആഗ്രഹം അവള്‍ വിമലടീച്ചറോട് പങ്കുവെക്കുകയും ചെയ്തിരുന്നു.

കോഴ്സ് തീരാൻ ഏതാനും മാസങ്ങളേ ബാക്കിയുണ്ടായിരുന്നൊള്ളൂ. ക്ലാസ് കഴിഞ്ഞിറങ്ങുമ്പോൾ ബസ് ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷം പെട്ടെന്നുള്ള ബസ് സമരത്തിലേയ്ക്ക് വഴിമാറിയിരുന്നു.

എന്ത് ചെയ്യുമെന്നാലോചിച്ച് നില്‍ക്കുമ്പോള്‍ കൂട്ടുകാരിയായ പ്രിയ, അവളുടെ സ്കൂട്ടിയില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞു.

അങ്ങനെ പ്രിയയുടെ സ്കൂട്ടിയില്‍ വീട്ടിലേയ്ക്ക് വരുന്ന വഴിയില്‍ റോഡരികിലുള്ള തട്ടുകടയിൽ ചൂടുള്ള കട്‌ലറ്റ് പൊരിച്ചെടുക്കുന്നത് കണ്ടതും പ്രിയ വണ്ടി നിര്‍ത്തി. പ്രിയക്ക് കട്ട്ലറ്റും ചായയും വേണമെന്നു പറഞ്ഞു.

അങ്ങനെ അവര്‍ തട്ടുകടയ്ക്ക് മുൻപിൽ നിരത്തിയിട്ട കാലിയായി കിടക്കുന്ന സ്റ്റൂളുകളിൽ ഇടംപിടിച്ചു.

”നിള ടീ…., അവനേതാ നിന്നെത്തന്നെ നോക്കി നിൽക്കുന്നു. നിനക്കറിയോ അവനെ..? ”

ചൂടുചായ ഊതിയൂതി കുടിക്കുന്നതിനിടയിൽ സ്വകാര്യം പോലെ വിരൽ ചൂണ്ടിക്കൊണ്ടുള്ള പ്രിയയുടെ ചോദ്യം കേട്ട് നിള തലയുയർത്തി നോക്കി.

തട്ടുകടയുടെ അങ്ങേയറ്റത്തായ് കട്ട്ലറ്റും സമൂസയുമൊക്കെ പൊരിച്ചെടുക്കുന്നതിനരികിലായി നിൽക്കുന്ന ചെറുപ്പക്കാരനെ കണ്ടതും അവളുടെ മുഖം ദേഷ്യം കൊണ്ടു ചുവന്നു.

” അവനെന്താ സ്ത്രീകളെ കാണാത്തത് പോലെ. അവന്റെ അസുഖം ഇപ്പത്തന്നെ തീർത്ത് കൊടുത്തേക്കാം. ”

പറയുന്നതിനോടൊപ്പം തന്നെ നിള കൈയിലുളള ചായ ഗ്ലാസ് പിറകിലുണ്ടായിരുന്ന മരബെഞ്ചില്‍ വച്ച് എണീറ്റിരുന്നു.

” ഹേയ് നിള താൻ വെറുതെ സീനുണ്ടാക്കണ്ട. അവൻ കുറച്ച് നേരം നോക്കി വെള്ളമിറക്കീട്ട് അങ്ങ് പൊയ്ക്കോളും. ” പ്രിയ അവളെ തണുപ്പിക്കാന്‍ ശ്രമിച്ചു കൊണ്ട് പറഞ്ഞു.

” ഇതങ്ങനെയല്ല പ്രിയാ, കുറച്ചു ദിവസങ്ങളായി അവനെന്റെ പിന്നാലെത്തന്നെയുണ്ട്. എന്താ അവന്റെ ഉദ്ദേശമെന്ന് ചോദിച്ചിട്ടു തന്നെ കാര്യം.”

നിള എഴുന്നേറ്റ് ആ ചെറുപ്പക്കാരനരികിലേയ്ക്ക് നടന്നു.

അവളെത്തന്നെ ശ്രദ്ധിച്ചു നിൽക്കുകയായിരുന്ന ആ ചെറുപ്പക്കാരൻ അവളെഴുന്നേറ്റ് വരുന്നത് തന്റെ നേരെയാണെന്നറിഞ്ഞതും പതിയെ തിരിഞ്ഞു നടക്കാനാഞ്ഞു.

നിളയത് മനസിലാക്കിയതും അവള്‍ വേഗത്തില്‍ അവന്റെ മുൻപിലേയ്ക്ക് ഒരു തടസ്സമായി നടന്നെത്തി.

” ടോ, താൻ കുറച്ചു ദിവസായല്ലോ എന്റെ പിന്നാലെ നടക്കാൻ തുടങ്ങീട്ട്. എന്താ തന്റെ ഉദ്ദേശം? ”

അവന്റെ മുഖത്തിന് നേരെ കൈ ചൂണ്ടി നിളയുടെ ശബ്ദമുയർന്നതും ചെറുപ്പക്കാരൻ പരിഭ്രമത്തോടെ ചുറ്റിനും നോക്കി.

അവരേക്കൂടാതെ നാലഞ്ച് പേർ തട്ടുകടയിൽ ചായ കുടിച്ചു കൊണ്ടിരിക്കുന്നുണ്ട്. അവരുടെയെല്ലാം നോട്ടം തന്റെ നേരെയാണെന്നും അവരുടെ കണ്ണുകളിൽ പരിഹാസം നിറയുന്നതും അവൻ കണ്ടു.

” ഞാൻ…. ഞാൻ …. എനിക്ക്..” – വിറയ്ക്കുന്ന ശബ്ദത്തോടെ എന്തോ പറയാനാഞ്ഞ അവൻ മുഴുമിപ്പിക്കാനാവാതെ തല താഴ്ത്തി നിന്നു.

” എന്താ നിനക്കെന്നോട് പ്രണയമാണോ? പറയെടോ…?”

അവന്‍ മറുപടിയൊന്നും പറയാതെ അവളില്‍ നിന്നും മെല്ലെ മുഖം തിരിച്ചു. തന്റെ ചോദ്യം അവഗണിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച അവനെ അവൾ തടഞ്ഞു നിർത്തി. ശേഷം തട്ടുകടയിൽ ചായ കുടിച്ചു കൊണ്ടിരുന്നവർക്ക് നേരെ തിരിഞ്ഞു.

” ചേട്ടൻമാരെ നിങ്ങളൊന്നു നോക്കിയേ. ഈ പുള്ളിക്ക് എന്റെ പിന്നാലെ നടക്കാൻ എന്തെങ്കിലും യോഗ്യതയുണ്ടോ? ഇവന്റെ മുഖത്തൊന്ന് നോക്കീട്ട് നിങ്ങൾ തന്നെ പറ, ഞാനിവനെ പ്രേമിക്കണോ..? ”

പുച്ഛത്തോടെയുള്ള അവളുടെ വാക്കുകൾ തീമഴയായ് അവന്റെ കാതുകളില്‍ വീണു.

പരിഹാസത്തോടെ തന്നെ നോക്കിച്ചിരിക്കുന്ന ആൾക്കാരിലൂടെ ഈറനണിഞ്ഞ അവന്റെ കണ്ണുകൾ പരതി പിടഞ്ഞു.

” ടോ, താൻ കണ്ണാടിയിലൊന്നും നോക്കാറില്ലേ..? ഒരു പെൺകുട്ടിയുടെ പുറകേ നടക്കാൻ തുടങ്ങുന്നതിന് മുൻപ് ആ കുട്ടിക്ക് ഇഷ്ടം തോന്നാൻ പറ്റിയ ഒരു മുഖമെങ്കിലും സ്വന്തമായിട്ട് വേണ്ടേ. തന്റെ ഈ മുഖത്ത് നോക്കി ഏതേലും പെൺകുട്ടി ഇഷ്ടമാണെന്ന് പറയുമോ…….? ഒരോരുത്തൻമാര് ഉടുത്തൊരുങ്ങി ഇറങ്ങിക്കോളും പ്രേമിക്കാനാണെന്നും പറഞ്ഞ്. ഇനി താനെന്റെ പിന്നാലെ നടന്നാൽ എന്റെ കാലിലെ ചെരുപ്പാണ് മറുപടി പറയുക; ഓർത്തോ. ”

അപമാനഭാരത്താൽ ഒടിഞ്ഞു തൂങ്ങിയ ശിരസ്സുമായ് നിൽക്കുന്ന ആ ചെറുപ്പക്കാരന്റെ നേര്‍ക്ക് പുച്ഛത്തോടെ ഒന്നു നോക്കിയ ശേഷം തിരിഞ്ഞു നടക്കാൻ തുടങ്ങിയ നിളയുടെ നേരെ പൊടുന്നനെ അവന്റെ വലതു കൈയുയർന്നു.

അവളുടെ ഇടത് ചെവിയിലാണ് അവന് പിടുത്തം കിട്ടിയത്. അവന്റെ മുഖത്തേയ്ക്ക് നോക്കിയതും നിള ഭയന്നു പോയി.

ദേഷ്യംകൊണ്ട് ചുവന്ന് തുടുത്ത കണ്ണുകള്‍ അവന്റെ മുഖത്തിനെ കൂടുതല്‍ വികൃതമാക്കിയിരുന്നു. കണ്ണടച്ച് തുറക്കുന്ന നിമിഷത്തിനുളളിൽ തട്ടുകടയിലെ സ്റ്റൗവിലിരുന്ന് തിളയ്ക്കുന്ന എണ്ണച്ചട്ടിയിലേയ്ക്ക് അവനവളുടെ മുഖം താഴ്ത്തി.

പ്രാണൻ പറിഞ്ഞു പോകുന്നത് പോലെയുള്ള നിളയുടെ നിലവിളിയുയർന്നു.

എന്താണ് സംഭവിച്ചതെന്ന് അവിടെ ഇരുന്നവര്‍ക്ക് മനസിലാവുമ്പോഴേക്കും അവിടെമാകെ പച്ചമാംസം വെന്തുരുകിയതിന്റെ ഗന്ധം പടർന്നിരുന്നു.

തട്ടുകടയിലുണ്ടായിരുന്നവര്‍ എഴുന്നേറ്റ് അവരുടെ അടുത്തേക്കെത്തുന്നതിന് മുന്‍പ് ആ ചെറുപ്പക്കാരന്‍ അവളുടെ മേലുള്ള പിടിവിട്ട് ഓടിയിരുന്നു.

മുഖത്തിന്റെ വലതുഭാഗം പൊള്ളിയടര്‍ന്ന നിലയില്‍ വീണു കിടക്കുന്ന നിളയെ കണ്ടതും പ്രിയ കുഴഞ്ഞു വീണു.

ആരൊക്കെയോ ചേര്‍ന്ന് രണ്ടുപേരേയും ഹോസ്പിറ്റലില്‍ എത്തിച്ചു.

ആ സംഭവത്തിന് ശേഷം മാനസികമായി തകര്‍ന്നു പോയ അവള്‍, അവളുടെ മുറിയില്‍ നിന്നും പുറത്തിറങ്ങാറേ ഉണ്ടായിരുന്നില്ല. കൂട്ടുകാരെപ്പോലും കാണാനോ സംസാരിക്കാനോ അവള്‍ തയ്യാറായിരുന്നില്ല.

വല്ലപ്പോഴും വരുന്ന വിമല ടീച്ചറോട് മാത്രമാണ് അവള്‍ അല്‍പമെങ്കിലും സംസാരിക്കാന്‍ താല്‍പര്യം കാണിച്ചിരുന്നത്..

അവളാ ഇരുണ്ട മുറിയിലെ നിശബ്ദതയില്‍ തനിച്ചിരിക്കാന്‍ തുടങ്ങിയിട്ടിപ്പോള്‍ രണ്ട് വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു.

ഈശ്വരാ ന്റെ കുട്ടിയോടെന്തിനാ ഈ ക്രൂരത കാട്ടിയത്. ഒരു നെടുവീര്‍പ്പോടെ വിമലടീച്ചര്‍ നിളയെ ഒന്നുകൂടി ചേര്‍ത്തു പിടിച്ചു.

” നിളാ, ഞാന്‍ കഴിഞ്ഞ തവണ വന്നപ്പോള്‍ ഒരു ജോലിയുടെ കാര്യം പറഞ്ഞില്ലേ, അത് ശരിയായിട്ടുണ്ട്. നമുക്കവിടം വരെ ഒന്നു പോകണം. പോയി മുഖമൊക്കെ കഴുകി എന്റെ കൂടെ വാ. ”

” എനിക്ക് പുറത്തിറങ്ങാന്‍ പേടിയാ ടീച്ചറേ. ” മുഖം പൊത്തിക്കരയുന്ന അവളെ വിമലടീച്ചര്‍ വേദനയോടെ നോക്കി.

” നഷ്ടപ്പെട്ടു പോയ ഇന്നലെകളെയോർത്ത് കരഞ്ഞു തീർക്കാനുള്ളതല്ല കുട്ടീ നിന്റെ ജീവിതം. നാളെയെന്ന സ്വപ്നങ്ങളിലേയ്ക്ക് ഉറച്ച കാൽവെപ്പുകളോടെ നടന്നു കയറേണ്ടവളാണ് നീ. ഈ അവസരം നഷ്ടപ്പെടുത്തിയാൽ പിന്നെ ഈ അവസ്ഥയിൽ നിന്നും രക്ഷപ്പെടണമെന്ന് നീയാഗ്രഹിച്ചാൽ പോലും ഒരിക്കലും നിനക്കതിന് സാധിച്ചുവെന്ന് വരില്ല. ”

തന്റെ നെഞ്ചില്‍ അമര്‍ത്തി വെച്ച നിളയുടെ മുഖം തന്റെ കൈകളില്‍ കോരിയെടുത്ത് ടീച്ചര്‍ അവളുടെ നെറ്റിലൊരുമ്മ വച്ചു.

” എല്ലാവരും കൂടി നിന്നെയിങ്ങനെ വാക്കുകള്‍ കൊണ്ട് കൊല്ലുന്നത് എനിക്ക് സഹിക്കാനാവുന്നില്ല. നാളെ നിന്നെയവര്‍ ആട്ടിയിറക്കുന്നത് കൂടി കാണാനുള്ള ശേഷി എനിക്കില്ലാത്തത് കൊണ്ടാണ് മോളേ ഞാന്‍ പറയുന്നത്. നീയെന്റെ കൂടെ വരണം വന്നേ പറ്റൂ. ”

നിഷേധാർത്ഥത്തിൽ തലയാട്ടിക്കൊണ്ടിരുന്ന നിളയെ വിമല ടീച്ചർ ഒരു വിധത്തിൽ ഉന്തിത്തള്ളി ബാത്ത്റൂമിലേയ്ക്ക് കയറ്റി വിട്ടു.

കുളിമുറിയുടെ ചുമരിലെ കണ്ണാടിയിൽ നോക്കി നിൽക്കുമ്പോൾ വികൃതമായ തന്റെ വലതു കവിളിലൂടെ അവൾ വിരലോടിച്ചു.

മുഖത്തിന്റെ പാതിയും പൊള്ളിയടർന്ന് വികൃതമായിരിക്കുന്നു. ഇനിയൊരിക്കലും തന്റെ മുഖം പഴയതു പോലെ ആവില്ലെന്നോര്‍ത്തപ്പോള്‍ അവളുടെ മിഴികള്‍ രണ്ടു പുഴകളായ് കവിളുകളിലൂടെ ഒഴുകിപ്പടര്‍ന്നു.

കുളിമുറിയുടെ വാതിലില്‍ തട്ടിയുള്ള വിമല ടീച്ചറുടെ വിളി കേട്ടപ്പോള്‍ അവള്‍ ഒരു വിധത്തില്‍ മുഖം കഴുകി പുറത്തിറങ്ങി.

അപ്പോഴേക്കും അമ്മയും വിമലടീച്ചറും കൂടി അവള്‍ക്ക് കൊണ്ടുപോകാനുള്ള ഡ്രസ്സെല്ലാം പായ്ക്ക് ചെയ്തുവച്ചിരുന്നു.

ടാക്സിയിലേയ്ക്ക് കയറുമ്പോള്‍ നിസ്സഹായതയോടെ അതിലേറെ വേദനയോടെ തന്നെ നോക്കി നില്‍ക്കുന്ന അച്ഛനേയും അമ്മയേയും നോക്കി പുഞ്ചിരിക്കാന്‍ അവളൊരു വിഫലശ്രമം നടത്തി.

പഴമയുടെ ഗാംഭീര്യം നിലനിർത്തിയ ഒരു വലിയ ഇരുനിലക്കെട്ടിടത്തിനകത്താണ് ആ യാത്ര അവസാനിച്ചത്.

വിമലടീച്ചറുടെ പിറകിലൊതുങ്ങി അകത്തേയ്ക്ക് കയറുമ്പോഴും ധരിച്ചിരുന്ന ഷാളിന്റെ തുമ്പിനാൽ തന്റെ മുഖത്തിന്റെ വലത് ഭാഗം മറച്ചു പിടിക്കാൻ അവൾ കിണഞ്ഞു ശ്രമിക്കുന്നുണ്ടായിരുന്നു.

സ്വീകരണമുറിയിലെ പതുപതുത്ത സോഫയിൽ വാടിയ പൂവു പോലെ കൂനിക്കൂടിയിരുന്ന അവൾക്കഭിമുഖമായി എതിർവശത്തെ സോഫയിലമർന്ന വ്യക്തിയുടെ മുഖത്തേയ്ക്ക് പതിയെ നോക്കിയതും അവളുടെ കണ്ണുകൾ അത്ഭുതം കൊണ്ടു വിടർന്നു.

തണുത്തുറഞ്ഞ രക്തധമനികളിലേയ്ക്ക് ഒരു വിദ്യുത്പ്രവാഹം. അമ്പരപ്പോടെ നിള വിമലടീച്ചറിനെ നോക്കി.

വിമലടീച്ചറിന്റെ മുഖത്തൊരു പുഞ്ചിരി. ടീച്ചറവളോട് അതേയെന്ന അർത്ഥത്തിൽ കണ്ണുകൾ ചിമ്മിക്കാണിച്ചു.

സംശയം തീർക്കാനെന്നവണ്ണം അവളുടെ മിഴികൾ ഒരിക്കൽ കൂടി എതിർവശത്തിരുന്ന വ്യക്തിയിലേക്കു നീണ്ടു.

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നര്‍ത്തകിമാരിലൊരാളായ, താനൊരുപാട് ആരാധിക്കുന്ന, ഒരിക്കലെങ്കിലും നേരിട്ടു കാണണമെന്ന് ആഗ്രഹിച്ചിട്ടുള്ള ദേവനന്ദിനി വർമ്മയുടെ മുൻപിലാണ് താനിരിക്കുന്നതെന്ന സത്യം തിരിച്ചറിഞ്ഞതും അവളുടെ മുഖത്ത് അമ്പരപ്പും അത്ഭുതവും ആരാധനയും ഇടകലർന്നൊരു ഭാവമായിരുന്നു.

മുഖവുരയൊന്നുമില്ലാതെ ദേവനന്ദിനി വര്‍മ്മ സംസാരിച്ചു തുടങ്ങി..

” നിളയെന്നാണ് പേര് അല്ലേ. കാര്യങ്ങളെല്ലാം വിമല പറഞ്ഞു. ഇവിടെ ഒരു ജോലിക്കാരിയെ ആവശ്യമുണ്ടായിട്ടല്ല. പിന്നെ, വിമല ഒരാവശ്യം പറയുമ്പോള്‍ എനിക്കത് നിരസിക്കാനാവില്ല. ”

” ഇവിടുത്തെ എല്ലാ ജോലികളും ചെയ്യണം. ജോലിയിലുള്ള നിളയുടെ ആത്മാര്‍ത്ഥതയ്ക്കനുസരിച്ച് ഇവിടെ തുടരുന്ന കാര്യവും ശമ്പളവുമൊക്കെ തീരുമാനിക്കാനാകൂ. ഭക്ഷണവും താമസസൗകര്യവും ഇവിടെയുണ്ടാകും അത് മാത്രമേ ഞാനുറപ്പ് തരൂ. ”

സമ്മതമെന്ന അര്‍ത്ഥത്തില്‍ അവളൊന്നു തലയാട്ടുക മാത്രമേ ചെയ്തുള്ളൂ.

തന്റെ ആരാധനാപാത്രത്തിനൊപ്പം ഒരു സ്വപ്നാടകയെപ്പോലെ അവള്‍ അകത്തേയ്ക്ക് ചുവടുകൾ വച്ചു.

ഋഷിദത്ത് എന്നൊരാള്‍ അയാളുടെ അമ്മയുടെ ഓര്‍മ്മയ്ക്കായ് തുടങ്ങിയ വരലക്ഷ്മീ നാട്യശാലയിലാണ് താന്‍ നില്‍ക്കുന്നതെന്നും ദേവനന്ദിനി വര്‍മ്മയാണ് അവിടുത്തെ പ്രധാന അധ്യാപികയെന്നും അവള്‍ മനസിലാക്കി.

ദേവനന്ദിനി വര്‍മ്മയെക്കൂടാതെ അവിടെ നൃത്താധ്യാപകര്‍ വേറെയുമുണ്ടായിരുന്നു.

ദേവനന്ദിനി വര്‍മ്മ പറഞ്ഞതു പോലെ അവള്‍ക്കവിടെ അത്ര കഠിനമായ ജോലികളൊന്നും ഉണ്ടായിരുന്നില്ല.

അധ്യാപകര്‍ക്കും കുട്ടികള്‍ക്കും വേണ്ട സഹായങ്ങള്‍ ചെയ്തും അവര്‍ പഠിപ്പിക്കുന്നതും പഠിക്കുന്നതും നോക്കിയിരുന്നും ദിവസങ്ങള്‍ കടന്നു പോയി.

മാസത്തിലെ ഒന്നിടവിട്ട ആഴ്ചകളില്‍ മാത്രമേ ദേവനന്ദിനി വര്‍മ്മ നാട്യശാലയെത്താറുള്ളൂ.

അവരുള്ളപ്പോള്‍ ചിലപ്പോഴൊക്കെ ചെറിയ കുട്ടികള്‍ക്ക് മുദ്രകള്‍ ചുവടുവെച്ചു കാണിച്ചു കൊടുക്കാന്‍ ആവശ്യപ്പെടുമെന്നല്ലാതെ ഒരു തരത്തിലും അവളെ ബുദ്ധിമുട്ടിച്ചിരുന്നില്ല.

കുട്ടികള്‍ക്കൊപ്പം കൂട്ടുകൂടുമ്പോള്‍ തന്റെ മുഖത്തെ വൈരൂപ്യം അവളെ ഒരിക്കലും അസ്വസ്ഥയാക്കിയിരുന്നില്ല.

ഒരു ദിവസം തന്നോടൊപ്പം നൃത്തം ചെയ്യാന്‍ ദേവനന്ദിനീ വര്‍മ്മ അവളോടാവശ്യപ്പെടുമ്പോള്‍ കാലം ചില തലവരകള്‍ക്കുമേല്‍ മാറ്റം വരുത്താന്‍ തയ്യാറാകാറുണ്ടെന്ന് അവളപ്പോള്‍ അറിഞ്ഞിരുന്നില്ല.

അവള്‍ പോലുമറിയാതെ നാട്യശാസ്ത്രത്തിലെ പുതിയ പാഠങ്ങൾ പറഞ്ഞും പഠിപ്പിച്ചും അവളുടെ നഷ്ടപ്പെട്ടു പോയ ഇച്ഛാശക്തിയും ആത്മവിശ്വാസവും ദേവനന്ദിനീവർമ്മയിലൂടെ വീണ്ടെടുക്കപ്പെടുകയായിരുന്നു.

വല്ലപ്പോഴും മാത്രം നാട്യശാലയിലെത്തുന്ന ഋഷിദത്തിന്റെ സ്നേഹം നിറഞ്ഞ വാക്കുകളും അവളെ മുന്നോട്ട് നയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നു.

ഒരു സായന്തനത്തിൽ ഓഡിറ്റോയത്തിലെ തിങ്ങിനിറഞ്ഞ കാണികൾക്ക് മുൻപിൽ ദേവനന്ദിനീ വർമ്മയെന്ന അതുല്യ പ്രതിഭയ്ക്കൊപ്പം ചുവടുകൾ വയ്ക്കുമ്പോൾ സ്വപ്നമോ മിഥ്യയോ എന്നറിയാതെ അവളൊരു മായാലോകത്തിലായിരുന്നു.

പാതിവെന്ത തന്റെ മുഖത്തിന്റെ വിരൂപതയിലേക്കല്ല, തന്റെ വേഗതയാർന്ന അംഗചലനങ്ങൾക്കൊപ്പമാണ് കാഴ്ചക്കാരുടെ കണ്ണുകൾ ചലിക്കുന്നതെന്ന് അന്നാണവള്‍ക്ക് ബോധ്യമായത്.

നൃത്തം കഴിഞ്ഞ് വേദിയ്ക്ക് പുറകിലെത്തുമ്പോള്‍ വിമലടീച്ചര്‍ക്കൊപ്പം തന്റെ അച്ഛനുമമ്മയും താനൊരിക്കലും പ്രതീക്ഷിക്കാത്ത തന്റെ ഏട്ടനെയും കണ്ടപ്പോള്‍ അവളമ്പരന്നു.

” മോളേ… നിന്നോടെനിക്ക് വെറുപ്പാണെന്നാണോ നീ കരുതിയത്. ഓരോ തവണ നീ കേള്‍ക്കാന്‍ വേണ്ടി ചീത്ത പറയുമ്പോഴും ചങ്ക് പറിച്ചെടുക്കുന്ന വേദനയായിരുന്നെനിക്ക്. ”

” ഇന്ന് ലോകത്തിലെ ഏറ്റവും ആഹ്ലാദിക്കുന്ന മനുഷ്യന്‍ ഞാനാണ്. കാരണം എന്റെ വായാടിയെ എനിക്ക് തിരിച്ചു കിട്ടിയ ദിവസമാണിന്ന്. ”

അവളെ ചേര്‍ത്തുപിടിച്ച് വാത്സല്യത്തോടെ നെറുകയിലുമ്മ വച്ച് ഏട്ടനത് പറയുമ്പോള്‍ തന്നെ ആ മുറിക്കുള്ളില്‍ നിന്നും പുറംലോകത്തെത്തിക്കാന്‍ എല്ലാവരും ചേര്‍ന്ന് നടത്തിയ നാടകമായിരുന്നു കഴിഞ്ഞതൊക്കെയും എന്ന് മനസിലാക്കിയ അവള്‍ക്ക് കരയണോ ചിരിക്കണോ എന്നറിയില്ലായിരുന്നു.

എപ്പോഴും യാത്രയിലാകുന്ന ദേവനന്ദിനി വർമ്മയുടെ അഭാവത്തിൽ വരലക്ഷ്മീനാട്യശാലയുടെ മുഴുവൻ ചുമതലകളും അവളിലേയ്ക്ക് വന്നു ചേർന്നപ്പോൾ ഇതിനുള്ള അർഹത തനിക്കുണ്ടോയെന്ന് ഒരുവേള അവൾ ചിന്തിക്കാതിരുന്നില്ല.

ഋഷിദത്തിന്റെ ആവശ്യപ്രകാരം ദേവനന്ദിനി വർമ്മയ്ക്കൊപ്പം അദ്ദേഹത്തിന്റെ വീട്ടിലെത്തിയതായിരുന്നു നിള.

ഭക്ഷണം കഴിച്ച ശേഷം സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടയിൽ ഋഷിദത്ത് അവളെ അടഞ്ഞുകിടന്ന വാതിലിനു മുന്നിലേയ്ക്ക് ക്ഷണിച്ചു.

വാതിൽ തുറന്ന് അകത്തേക്ക് കയറിയ ഋഷിദത്ത് അവളോട് അകത്തേയ്ക്ക് വരാന്‍ ആവശ്യപ്പെട്ടു. സങ്കോചത്തോടെ അവള്‍ മടിച്ചു നിന്നു.

അകാരണമായ ഒരു ഭയം അവളുടെ ഉള്ളില്‍ നിറഞ്ഞു. ഒരാശ്രയത്തിനായി ദേവനന്ദിനീ വർമ്മയെ അവളുടെ കണ്ണുകൾ തിരഞ്ഞെങ്കിലും അവരെ അവിടെയെങ്ങും കാണാനുണ്ടായിരുന്നില്ല.

ഋഷിദത്തിന്റെ സ്നേഹം നിറഞ്ഞ ക്ഷണം സ്വീകരിക്കാതിരിക്കാന്‍ അവള്‍ക്കായില്ല.

വിറയ്ക്കുന്ന പാദങ്ങളോടെ മുറിയുടെ അകത്തേയ്ക്ക് കയറിയ അവള്‍ ആ വലിയ മുറിയിലാകെ ഒന്നു കണ്ണോടിച്ചു.

മുറിയില്‍ ചുമരിനോട് ചാരിയിട്ട ഒരു വലിയ കട്ടിലിലാണ് നിളയുടെ കണ്ണുകളുടക്കിയത്.

കട്ടിലിൽ അവളെത്തന്നെ നോക്കിക്കിടക്കുന്ന യുവാവിന്റെ മുഖം കണ്ടതും അവളിലൊരു ഞെട്ടലുണ്ടായി. നിള പിന്നെയും സൂക്ഷിച്ച് നോക്കി.

അവൾക്കാ ഏച്ചുകെട്ടിയത് പോലെ മേൽച്ചുണ്ടുള്ള മുഖം ജീവിതത്തിലൊരിക്കലും മറക്കാൻ പറ്റാത്തതായിരുന്നു. നടുങ്ങിത്തരിച്ച് നിൽക്കുന്ന അവളെ ഉണർത്തിയത് ഋഷിദത്തിന്റെ ശബ്ദമാണ്.

” നിളാ… നിന്നോടന്ന് അങ്ങനെ ചെയ്തത് എന്റെ ഈ അനിയന്‍കുട്ടനാണ്….”

ഋഷിദത്തിന്റെ വാക്കുകള്‍ കേട്ട അവളുടെയുള്ളിലെ അണയാത്ത പകയുടെ കനലുകള്‍ ആളിക്കത്തി. ഒരു കൊടുങ്കാറ്റ് പോലെ അവളവന്റെ ഷര്‍ട്ടില്‍ പിടിച്ച് ആഞ്ഞുലച്ചു.

” നിങ്ങളെല്ലാരും കൂടി എന്നെ ചതിക്കുകയായിരുന്നല്ലേ.നിങ്ങളുടെ അനിയൻ എന്നോട് ചെയ്ത ക്രൂരതയ്ക്കുള്ള പ്രായശ്ചിത്തമായിരുന്നല്ലേ നിങ്ങളെന്നോട് ചെയ്തത്. ”

ആക്രോശത്തോടെ ഷർട്ടിൽ പിടിച്ചുലച്ച ശേഷം പൊട്ടിക്കരഞ്ഞു കൊണ്ട് പുറത്തേക്കിറങ്ങിയോടിയ നിളയുടെ പിന്നാലെ ചെന്നവന്‍ പിടിച്ചു നിർത്തി.

” ശരിയാണ്, എന്റെ അനിയന്‍കുട്ടന്‍ നിന്നോട് ചെയ്ത ക്രൂരതയ്ക്ക് എന്ത് ചെയ്താലും പകരമാവില്ലെന്നറിഞ്ഞിട്ടും എനിക്കാവുന്നത് പോലെ ഞാൻ പ്രായശ്ചിത്തം ചെയ്യുകയായിരുന്നു. പക്ഷേ എനിക്ക് പറയാനുള്ളത് നീ കേൾക്കണം. അതിനു ശേഷം നീ വിധിക്കുന്ന എന്ത് ശിക്ഷയും ഞാനേറ്റു വാങ്ങിക്കൊള്ളാം. നിന്നോട് ചെയ്ത ക്രൂരതയിൽ മനംനൊന്ത് അന്ന് തന്നെ ജീവനവസാനിപ്പിക്കാൻ ശ്രമിച്ചതാണ് എന്റെ അനിയന്‍കുട്ടന്‍. ആ സംഭവം നടന്ന അന്ന് അവനെന്നെ വിളിച്ചു. ഏട്ടാ ഞാനൊരു തെറ്റ് ചെയ്തു എനിക്കിനി ജീവിക്കാൻ അർഹതയില്ലെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. പിന്നെ ഞാന്‍ കേള്‍ക്കുന്നത് അവന് ആക്സിഡന്റ് പറ്റിയെന്ന വാര്‍ത്തയാണ്. എന്നോട് സംസാരിച്ചതിനു ശേഷം അവൻ ഒരു ലോറിയുടെ മുന്നിലേയ്ക്ക് ബൈക്ക് ഓടിച്ചു കയറ്റുകയായിരുന്നെത്രേ. ആക്സിഡന്റിന് ശേഷം ജീവച്ഛവം പോലെയാണ് എനിക്കവനെ തിരിച്ചു കിട്ടിയത്. അവനെന്തിനിത് ചെയ്തു…? ഇങ്ങനെ ചെയ്യാൻ മാത്രം എന്ത് തെറ്റാണവൻ ചെയ്തതെന്നറിയാതെ ഒന്നര വർഷം ഞാനുരുകുകയായിരുന്നു. ഒന്നരവര്‍ഷത്തിന് ശേഷം കണ്ണുകള്‍ തുറന്ന് സംസാരിച്ചു തുടങ്ങിയ അവന്റെ ഓർമകൾ തിരിച്ചു കിട്ടിയപ്പോഴാണ് ഞാനെല്ലാം അറിയുന്നത്. അവനിനിയൊരിക്കലും ആ കട്ടിലില്‍ നിന്നെഴുന്നേല്‍ക്കില്ല. അവന്റെ തെറ്റിന് അവന്‍ സ്വയം ശിക്ഷിച്ചില്ലേ. അവന് മാപ്പു കൊടുത്തൂടേ. അവന്റെ കുറവുകള്‍ക്കേല്‍ക്കുന്ന പരിഹാസം അവന്റെ സമനില തെറ്റിക്കും. പിന്നെ എന്താ ചെയ്യുന്നതെന്ന് അവനറിയില്ല. അവനറിഞ്ഞ് കൊണ്ട് ചെയ്തതല്ല നിളാ, അവനോട് ക്ഷമിച്ചൂടേ…..”

യാന്ത്രികമായി ആ കട്ടിലിനരികിലെത്തിയ നിള അവനെയൊന്ന് നോക്കി ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നതും ചുണ്ടുകൾ വിറക്കുന്നതും അവൾ കണ്ടു.

” എനിക്കൊരു കാര്യം പറയാനുണ്ട്. ഒന്നടുത്ത് വരാമോ..?” – നേർത്ത ശബ്ദത്തിൽ അവനതാവശ്യപ്പെട്ടപ്പോൾ അവൾക്ക് അവനരികിലേയ്ക്ക് പോകാതിരിക്കാനായില്ല.

” അന്ന്…. ഞാൻ നിങ്ങളുടെ പിന്നാലെ വന്നത് എനിക്ക് നിങ്ങളോടുള്ള പ്രണയം പറയാനായിരുന്നില്ല…. എന്നെ ഒരുപാട് സ്നേഹിക്കുന്ന എന്റേട്ടന് വേണ്ടിയായിരുന്നു…. ഞാനാഗ്രഹിച്ചതെല്ലാം എന്റേട്ടൻ എനിക്ക് വാങ്ങിത്തന്നിട്ടുണ്ട്. എന്റേട്ടന് ഒന്നും കൊടുക്കാന്‍ എനിക്കായിട്ടില്ല. നിങ്ങളെ കണ്ടപ്പോൾ എന്റെ ഏട്ടന്റെ ഭാര്യയായി എന്റെ ഏട്ടത്തിയായി വരുമോന്ന് ചോദിക്കാനാണ് ഞാൻ പിന്നാലെ വന്നത്. ”

പിന്നെയും അവനെന്തൊക്കെയോ പറയുന്നുണ്ട് അവളതൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. കാതുകള്‍ കൊട്ടിയടച്ചത് പോലെ. അഗാധമായ കൊക്കയിലേയ്ക്ക് കൂപ്പുകുത്തുന്നത് പോലെ. ഉറക്കെ ഒന്നു കരയണമെന്നുണ്ട് ആ കാലുകളിലൊന്ന് തൊടണമെന്നുണ്ട്. ആവുന്നില്ല.

വിളറിവെളുത്ത മുഖവുമായി അവളാ മുറിയില്‍ നിന്നും ഇറങ്ങിയോടി.

പിന്നെയും സ്വയം തീര്‍ത്ത തടവറയിലെ കുറേ ദിവസങ്ങൾക്ക് ശേഷം എന്തോ തീരുമാനിച്ചത് പോലെ ഒരു ദിവസം നിള ഋഷിദത്തിന്റെ വീട്ടിലെത്തി.

” എന്നോട് നിങ്ങളുടെ അനിയന്‍ ചെയ്ത ക്രൂരതയ്ക്ക് നിങ്ങള്‍ പ്രായശ്ചിത്തം ചെയ്തു. ആ തെറ്റിന് ഞാന്‍ തന്നെയായിരുന്നു കാരണക്കാരി. എനിക്ക് സംഭവിച്ചത് എന്റെ ഉള്ളിലെ അഹങ്കാരത്തിന്റെ ഫലമായിരുന്നു. ഞാന്‍ കാരണമാണ് അനിയന്‍കുട്ടന് ഈ ഗതി വന്നത്. ഞാന്‍ ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി എന്റെ ജീവന്‍ നല്‍കിയാലും മതിയാവില്ലെന്നറിയാം. എന്റെ തെറ്റിന് എനിക്കും പ്രായശ്ചിത്തം ചെയ്യണം. ഞാനിനി ഇവിടെയാണ് ജീവിക്കാന്‍ പോകുന്നത്. അനിയന്‍കുട്ടന്റെ ഏട്ടത്തിയമ്മയായിട്ടല്ല; അമ്മയായിട്ട്…”

മറുപടിക്ക് കാത്തു നില്‍ക്കാതെ അനിയന്‍കുട്ടന്റെ മുറിയുടെ നേര്‍ക്ക് നീങ്ങുന്ന നിളയെ നോക്കിനിന്ന ഋഷിദത്തിന്റെ ഹൃദയത്തിലപ്പോള്‍ തെളിഞ്ഞു നിന്നത് സ്നേഹിക്കാന്‍ മാത്രമറിയാവുന്ന തന്റെ അമ്മയുടെ മുഖമായിരുന്നു !….

****

രചന: കൃഷ്ണ മദ്രസുംപടി

Leave a Reply

Your email address will not be published. Required fields are marked *